കിച്ചന്റെ പെണ്ണ്: ഭാഗം 16

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ലച്ചൂ... നിന്നോട് മിണ്ടാതിരിക്കാനാ ഞാൻ പറഞ്ഞേ... സത്യായും എനിക്ക് ദേഷ്യം വരുമേ...?""" """ഞാൻ മിണ്ടും... നിനക്ക് നാണമില്ലേ ഇങ്ങനെ പൊടിപ്പിള്ളേരെ പോലെ കൊച്ചു ടിവിയും കണ്ടിരിക്കാൻ...?""" """ഇല്ലാത്തോണ്ടല്ലേ ഞാൻ കാണുന്നേ... നീ പോയി നിൻറെ പണി നോക്ക് ...""" കിച്ചുവിനോട് യാത്ര പറഞ്ഞ് തിരികെ വീട്ടിൽ വന്നതായിരുന്നു ചന്ദ്രു... വന്ന് കയറിയതേ ആദി ലച്ചുവിനോട് ചൂടാവുന്നതാണ് കണ്ടത്... ഇങ്ങനെയൊരു കാഴ്ച ഇവിടെ പതിവില്ല... ആദി ലച്ചുവിനോട് ദേഷ്യപ്പെടുന്നത് ഇന്നു വരെയും അവൻ കണ്ടിട്ടില്ല... 'ആദിക്ക് എന്ത് പറ്റി...? അവൾ ഇപ്പോഴും ഓക്കെയായില്ലേ...?' മനസ്സിൽ ഉടലെടുത്ത ആശങ്കയോടെ അവൻ അവരുടെ അടുത്തേക്ക് നടന്നു... """എൻ്റെ ദേവീ... ഒരു മഴ... ഒരു കുഞ്ഞു കൊടുങ്കാറ്റ്... തെങ്ങ് നേരെ ലൈൻ കമ്പിയുടെ മുകളിൽ... പ്ലീസ്... 101 വട്ടം ഞാൻ ശയനപ്രദക്ഷിണം ചെയ്തേക്കാമേ ....""" """ഞഞ്ഞായി... എൻ്റെ ദേവീ... നീ ഇവളുടെ ആഗ്രഹം ഒന്ന് സാധിച്ചു കൊടുത്തേക്ക്... അങ്ങനെയെങ്കിലും ആ ദേഹത്ത് ഒരിത്തിരി വെള്ളം തൊടട്ടേ...""" 'ഇവളുമാര് കളിക്കുവാണോ അതോ ശരിക്കും ദേഷ്യപ്പെടുവാണോ...?'

ഉരുളയ്ക്ക് ഉപ്പേരി പോലെ രണ്ടും കത്തി കയറുന്നുണ്ട്... ചന്ദ്രു അടുത്ത് ചെന്ന് മുരടനക്കി... """ലച്ചൂന്റെ ചേട്ടൻ എവിടെപ്പോയതാ...?""" """ലച്ചൂന്റെ ചേട്ടനാ...?""" """എന്താ നിൻറെ ചേട്ടൻ അല്ലേ...?""" """അയിന്...?""" """അയിന് കുന്തം...""" """കുന്തം ലുട്ടാപ്പീടെ കയ്യിൽ...""" """ആ... ലുട്ടാപ്പിയോടാ ഞാൻ പറഞ്ഞേ...""" """ശരി ഡാകിനി അമ്മൂമ്മേ...""" """ദേ ലച്ചൂ ഡാകിനി നിൻറെ...""" ആദി ചാടി എഴുന്നേറ്റു... """ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... കഷ്ടം തന്നെ...""" ചന്ദ്രു ഇടയ്ക്ക് കയറി... അവനെ കണ്ടതും രണ്ടും ഏതാണ്ട് മ്മടെ കാലകേയൻ കേറി അനുഗ്രഹിച്ചത് പോലെ പരസ്പരം നോക്കി എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്... ചന്ദ്രുവിന് അത് കണ്ടിട്ട് ശരിക്കും ചിരി വന്നു... പിന്നെ ഒരുവിധം കടിച്ചു പിടിച്ചു ഗൗരവത്തിൽ അവരെ നോക്കി... അവൻ ടെറർ ആയെന്നു തോന്നി രണ്ടും തല താഴ്ത്തി... """എവിടെ പോയതാ നീ ...""" കിച്ചണിൽ നിന്നും വന്ന രേവതി ചോദിച്ചു... """ഒരു ഫ്രണ്ട് നെ കാണാൻ...""" അമ്മയോട് പറയുമ്പോഴും അവന്റെ നോട്ടം ആദിയിലും ലച്ചുവിലും ആയിരുന്നു...

"""രണ്ട് ദിവസം കൂടെ ഇങ്ങനെ തുള്ളിയാൽ മതിയല്ലോ... കോളേജിൽ പോയി തുടങ്ങുമ്പോ നീയൊക്കെ എന്ത് ചെയ്യും...?""" അവൻ ഒച്ച എടുത്തു... രണ്ട് പേരും ഒന്നും മിണ്ടിയില്ല... അവൻ ഇനിയും ദേഷ്യപ്പെടുമെന്ന് കരുതി തലതാഴ്ത്തി നിന്നു... അല്പം കഴിഞ്ഞും അവന്റെ ഭാഗത്ത് നിന്നും അനക്കമൊന്നുമില്ലാതെ മുഖം ഉയർത്തി നോക്കുമ്പോൾ ചന്ദ്രു നിന്നിടം ശൂന്യം ആയിരുന്നു... അതേ സമയം ചന്ദ്രുവിന്റെ മനസ്സിൽ നേരിയ തോതിൽ സമാധാനം തോന്നി... താൻ പോകുന്നത് വരെയും ആദിയുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു... പക്ഷേ ഇപ്പോൾ... അവളുടെ കണ്ണുകളിൽ കുറുമ്പുണ്ട്... ചുണ്ടിന്റെ കോണിൽ ഒളിഞ്ഞു തെളിയുന്ന പുഞ്ചിരിയുണ്ട്... അവൾ ഓക്കെയായോ... അതോ വെറും അഭിനയമോ...? പുറമേ ചിരിച്ച് അകമേ കരഞ്ഞ്...? 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കിച്ചു ശ്രീമംഗലത്ത് എത്തുമ്പോൾ അർദ്ധ രാത്രി കഴിഞ്ഞു ... അമ്മയും അച്ഛനും ഉറങ്ങിക്കാണുമെന്ന് കരുതി അവൻ സ്പെയർ കീ എടുത്തതും സിറ്റൗട്ടിൽ ലൈറ്റ് തെളിഞ്ഞു... ഡോർ തുറന്നിറങ്ങി വന്ന അമ്മയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അകത്ത് കയറി... """നീ കഴിച്ചോ...?"""

"""മ്മ്ഹ്...""" ഒന്ന് മൂളി അവൻ... """എവിടെ ആയിരുന്നു..?""" അമ്മ ചോദിച്ചതിന് മറുപടിയായി കിച്ചു തിരിഞ്ഞു നോക്കിയതേയുള്ളൂ... ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്ന് ചോദിക്കാതെ ചോദിക്കുന്നത് പോലെ അവർക്ക് തോന്നി... """അമ്മയോട് ദേഷ്യമുണ്ടോ നിനക്ക്...""" """ദേഷ്യം... ദേഷ്യം എനിക്ക് എന്നോട് മാത്രമേയുള്ളൂ...""" അവൻ പടികൾ കയറി... റൂമിൽ എത്തി കിച്ചു ഡോർ ലോക്ക് ചെയ്തു... വാലറ്റും ഫോണും മേശമേൽ അലക്ഷ്യമായി വലിച്ചെറിഞ്ഞു ബെഡിൽ മറിഞ്ഞു... കുറെ നേരം മേലേക്ക് നോക്കി കിടന്നു... വല്ലാത്തൊരു തരം വീർപ്പ് മുട്ടൽ... മൂകത... മനസ്സിന്റെ താളം തെറ്റുന്നെന്ന് തോന്നി എഴുന്നേറ്റു... ചുണ്ടോട് ചേർക്കാൻ ഒരുങ്ങിയ സിഗററ്റ് ഭിത്തിയിൽ ഇട്ട് ഞെരിച്ചു... ആദി പോയതിൽ പിന്നെ സിഗററ്റ് കൈകൊണ്ട് തൊട്ടിട്ടില്ല... പണ്ടും വലിക്കുന്നതിനോട് ഭ്രമം ഒന്നുമുണ്ടായിട്ടില്ല... ആദിയെ കാണിക്കാൻ വേണ്ടി മാത്രം... ആദിക്ക് സിഗററ്റും മദ്യവും ഒന്നും ഇഷ്ടല്ല... അവൾക്കിഷ്ടല്ലാത്തത് ചെയ്യുമ്പോൾ മുഖമൊന്നാകെ ചുവന്ന് കയറും... മൂക്കിൻ തുമ്പ് വിറയ്ക്കും... കണ്ണുകളിൽ പരിഭവം നിറയും...

അവളുടെ പരിഭവത്തിനും ദേഷ്യത്തിനും പ്രണയത്തിനും അവകാശി താൻ മാത്രമല്ലേ... അതിനു വേണ്ടി മാത്രം... ആദിയുടെ ഓർമ്മകളിൽ അവന് ഹൃദയം പൊട്ടിപ്പോകുമെന്ന് തോന്നി... എവിടെയും അവളുടെ മുഖം... അവളുടെ ഗന്ധം... കാതിൽ വന്നലയ്ക്കുന്നത് അവളുടെ ശബ്ദം... ആദിയെ കാണാതെ പറ്റില്ലെന്ന് തോന്നിയ നിമിഷം കാബോർഡിൽ നിന്നും തൻ്റെ ഷർട്ട് എടുത്തു... ആദി അവസാനമായി തൻ്റെ മുറിയിൽ വന്ന ദിവസം... അന്ന് ഈ ഷർട്ടും നെഞ്ചൊട് ചേർത്താണ് അവൾ കിടന്നത്... അന്ന് താൻ മനസ്സ് നിറഞ്ഞൊരു മുത്തം നല്കി... പക്ഷേ അറിഞ്ഞില്ല ഇനിയൊരിക്കലും... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കിഷോറുമായുള്ള ആദിയുടെ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ച ശേഷം കിച്ചു പോയത് ഓഫീസിലേക്ക് ആയിരുന്നു... വൈകിട്ട് ബാംഗ്ലൂർ പോകും... മടക്കം എന്നെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ഓഫീസിലെ കാര്യങ്ങൾ മറ്റ് സ്റ്റാഫിനെ പറഞ്ഞ് ഏൽപ്പിച്ചു... തിരികെ ശ്രീമംഗലത്ത് എത്തുമ്പോൾ പേരിന് പോലും അച്ഛനും അമ്മയും അവനോട് മിണ്ടിയില്ല...

അവരുടെ ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം ആണെന്ന് അറിയാവുന്നത് കൊണ്ട് അവനും കാര്യമാക്കാൻ പോയില്ല... നേരെ തന്റെ റൂമിലേക്ക് പോയി... ഡോർ തുറക്കുമ്പോൾ കണ്ടു, തൻറെ ബെഡിൽ ആധിപത്യം സ്ഥാപിച്ചു കിടക്കുന്നവളെ... ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടക്കുന്നവളെ... തൻ്റെ ഷർട്ടും നെഞ്ചോട് ചേർത്ത് കിടക്കുന്നവളെ... തൻ്റെ പ്രാണന്റെ പാതി ആയവളെ...ആ നിമിഷം അവളെ മാറോടണയ്ക്കാനാണ് തോന്നിയത്... പിന്നെ സ്വയം നിയന്ത്രിച്ച് അവളെ തന്നെ നോക്കി കുറേ നേരം... """കിച്ചേട്ടാ...""" ഇടയിലെപ്പോഴോ പാതിമയക്കത്തിൽ ആദി വിളിച്ചു...അത്രമേൽ ആർദ്രമായി... അത്രമേൽ പ്രണയത്തോടെ... ഇനിയും പിടിച്ച് നില്ക്കാൻ പറ്റില്ലെന്ന് തോന്നിയ നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു... ഉള്ളിലെ പ്രണയം മുഴുവനായും ആ നെറ്റിയിൽ മുദ്രണം തീർത്തു... പാതി മയക്കത്തിലും ആദി പുഞ്ചിരിച്ചു... അവിടുന്നിറങ്ങി കിച്ചു നേരെ പോയത് ആദിയുടെ വീട്ടിലേക്കാണ്... സിറ്റൗട്ടിൽ ഇരിക്കുന്ന ആദിയുടെ അച്ഛനെ നോക്കി ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവൻ നിന്നു... മുൻപ് തന്നെ കാണുമ്പൊൾ ആ മിഴികളിൽ കളങ്കമില്ലാത്ത വാത്സല്യം നിറഞ്ഞിരുന്നു ... ഇപ്പോൾ വേർതിരിച്ചറിയാൻ കഴിയുന്നില്ല...

ഒന്നും മിണ്ടാതെ മുഖം കുനിച്ചിരിക്കുന്ന മനുഷ്യനെ കാൺകെ ഉള്ളിൽ നോവ് തോന്നി അവന്... """അച്ഛേ...""" """കിച്ചൂനോട് ദേഷ്യമാണോ...?""" ഉണ്ടെന്നോ ഇല്ലെന്നോ ചന്ദ്രൻ പറഞ്ഞില്ല... എന്തിനേറെ അവനെ ഒന്ന് നോക്കിയത് പോലുമില്ല... """അച്ഛേടെ മോളെ എനിക്ക് തന്നൂടേ... എൻ്റെ സ്വന്തമായി...""" ചന്ദ്രന്റെ മൗനം കിച്ചുവിൽ നിരാശ പടർത്തി... """എന്താ അച്ഛേ ഒന്നും മിണ്ടാത്തത്...? അച്ഛയ്ക്ക് ഇഷ്ടമല്ലേ...?""" ചന്ദ്രൻ എഴുന്നേറ്റ് അവനടുത്ത് വന്നതും അവൻ മുഖം കുനിച്ചു... """മോനേ... ഇന്ന് വരെ ആദിയെയും നിന്നെയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല... എൻ്റെ മോൻ തന്നെയല്ലേ നീയും...""" """അച്ഛേ...""" """ദേവൻ നിന്നോട് പറഞ്ഞു കാണുമല്ലോ, ആദിയുടെ ജാതകത്തിൽ ചില പ്രശ്നങ്ങളുണ്ട്... ഈ വർഷം കഴിഞ്ഞാൽ പിന്നെ മുപ്പതാം വയസ്സിലേയുള്ളൂ അവൾക്കൊരു മംഗല്യയോഗം... അതും ചേരാത്ത ജാതകങ്ങൾ തമ്മിൽ ചേർക്കാൻ നോക്കിയാൽ മരണപ്പൊരുത്തവും... ഇതാകുമ്പോൾ പത്തിൽ ഒൻപത് പൊരുത്തമുണ്ട്... """ """അവൾ കൊച്ചു കുട്ടിയല്ലേ അച്ഛേ... പതിനെട്ട് വയസ്സ് തികഞ്ഞതേയുള്ളൂ... പഠിക്കേണ്ട പ്രായം...

ഇപ്പോൾ ഒരു വിവാഹമെന്നൊക്കെ പറയുമ്പോൾ... ഞാൻ പറയാതെ അച്ഛയ്ക്ക് അറിയില്ലേ... ആദിക്ക് പഠിക്കാൻ പണ്ടേ മടിയാണ്... അതിന്റെ കൂടെ വിവാഹം... കുടുംബം... എന്തിനാ അവളെ തളച്ചിടാൻ ശ്രമിക്കുന്നേ... പഠിച്ച് സ്വന്തം കാലിൽ നിൽക്കട്ടേ... """ """പക്ഷേ മോനേ... എൻ്റെ കണ്ണടയുന്നതിന് മുന്നേ എനിക്ക് അവളെ ഒരുത്തന്റെ കയ്യിൽ പിടിച്ചേല്പിക്കണം...""" """അച്ഛേ... ഈ വന്നകാലത്ത് ജാതകത്തിൽ ഒക്കെ ആരാ വിശ്വസിക്കുന്നേ...?""" """"ഞാൻ വിശ്വസിക്കും ... നിനക്കറിയോ അവൾ ജനിച്ച സമയത്ത് കണിയാൻ പറഞ്ഞതാ... അച്ഛനോ അമ്മയ്ക്കോ മരണം സംഭവിക്കുമെന്ന്... അതുപോലെ നടന്നില്ലേ... ഒരൊറ്റ ആക്‌സിഡന്റിൽ എത്ര ജീവനാ പൊലിഞ്ഞേ...? ഇനി എൻ്റെ കുഞ്ഞിനെ കൂടെ കൊലയ്ക്ക് കൊടുക്കാൻ ഞാനില്ല...""" """ശരി സമ്മതിച്ചു... ആദിക്ക് എന്നെ ഇഷ്ടമാണ്... എനിക്ക് അവളെയും...

എനിക്കീ ജാതകത്തിലും മണ്ണാങ്കട്ടയിലും ഒന്നും വിശ്വാസമില്ല... എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറുമാണ്... അതല്ല അച്ഛയ്ക്ക് ഇപ്പോൾ തന്നെ അവളെ പിടിച്ച് കെട്ടിക്കണമെങ്കിൽ എന്റെയും അവളുടെയും ജാതകം പോയി നോക്കൂ... പക്ഷേ എൻ്റെ പെണ്ണിനെ എനിക്ക് വേണം...""" ഉറച്ചതായിരുന്നു അവന്റെ സ്വരം... ചന്ദ്രൻ കുറെ നേരം അവനെ നോക്കി നിന്നു... പിന്നെ പുഞ്ചിരിച്ചു... വരണ്ടുണങ്ങിയ മണ്ണിൽ പെയ്ത ചാറ്റൽ മഴയിൽ അവന്റെ ഉള്ളം ഒന്ന് തണുത്തു... """അച്ഛേ... ഞാൻ ഒരിടം വരെ പോവാ... തിരികെ എത്താൻ കുറച്ചു ദിവസം എടുക്കും... എന്താന്ന് വച്ചാൽ അച്ഛ തീരുമാനിക്ക്... പിന്നെ ഞാനിവിടെ വന്ന കാര്യം ആരും അറിയേണ്ട, കേട്ടോ... തിരിച്ചു വരുമ്പോൾ ഒരു സർപ്രൈസ് ആകട്ടേ...""" അവൻ ചിരിച്ചു... തിരികെ ശ്രീമംഗലത്ത് എത്തിയിട്ട് വീട്ടിൽ കയറാൻ നിന്നില്ല... കാറുമെടുത്ത് അവൻ എയർ പോർട്ടിലേക്ക് തിരിച്ചു......(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story