കിച്ചന്റെ പെണ്ണ്: ഭാഗം 17

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

'മാതാ കെയർ & ചാരിറ്റബിൾ ട്രസ്റ്റ്' നഗരത്തിൽ നിന്ന് കുറച്ചുള്ളു മാറി രണ്ടേക്കറിൽ പരന്ന് കിടക്കുന്ന വിശാലമായ കെട്ടിടം... ചുറ്റും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം... ഒരു ചാരിറ്റി സംഘടന എന്നതിലുപരി മാനസികമായി വെല്ലുവിളി നേരിടുന്ന ആളുകൾക്കും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന് വേണമെങ്കിൽ പറയാം... എന്നാൽ ഹോസ്പിറ്റലിന്റെതായ ഒരു കെട്ടും മട്ടും ഇല്ല താനും... ഒരു വീട് പോലെ എല്ലാവരും ഒരു കുടക്കീഴിൽ... ഓഫീസ് കഴിഞ്ഞ് മെയിൻ എൻട്രൻസ് കഴിഞ്ഞാൽ പുറമേ നിന്നുള്ള ആർക്കും അകമേ പ്രവേശനമില്ല... അവിടുള്ളവരും അവിടെ ചികിത്സ തേടുന്നവരും മാത്രം... കിച്ചു വർഷത്തിൽ ഒന്നോ രണ്ടോ തവണ അവിടെ വരാറുണ്ട്... കുറച്ചു ദിവസങ്ങൾ അവരോടൊപ്പം അവിടെ ചിലവഴിക്കും... അവരിൽ ഒരാളാകും... അവിടവുമായി അവന് വല്ലാത്തൊരു ആത്മബന്ധമുണ്ട്... പതിവ് പോലെ കിച്ചു വന്നു... കുട്ടികളോടൊപ്പം അവരുടെ ലോകത്ത് കുറച്ചു ദിവസങ്ങൾ... അത് കഴിഞ്ഞ് ബാംഗ്ലൂർ ഉള്ള സുഹൃത്തുക്കളുടെ അടുത്തേക്ക്...

സ്ഥിരം റൈഡിങ്ങും നാട് ചുറ്റലുമായി പിന്നെയും കുറേ ദിനങ്ങൾ... മൂന്നാഴ്ചക്കാലം... മുൻപൊക്കെ ആരുമറിയാതെ മുങ്ങി ഇവിടെ വരുമ്പോൾ ഒരുപാട് എൻജോയ് ചെയ്തിരുന്നു... ഈ തവണ മേമ്പൊടിക്ക് വിരഹത്തിന്റെ കയ്പ്പും കൂടി... എങ്കിലും താൻ തിരികെ വന്നതറിഞ്ഞ് ഓടിയെത്തുന്ന ആദിയുടെ മുഖമായിരുന്നു മനസ്സ് നിറയെ.. തന്നെ കാണാതെ കാണുമ്പോൾ ആ രണ്ട് മിഴികളിൽ തെളിയുന്നൊരു കുഞ്ഞു തിളക്കമുണ്ട്... പിന്നെ പറയാതെ പോയതിലുള്ള പരിഭവം... പിണങ്ങി നടക്കൽ... ഒടുവിൽ ഒന്നും ഏശുന്നില്ലെന്ന് കണ്ട് 'കിച്ചേട്ടാ...' ന്നും വിളിച്ച് അരികിൽ ഓടി വരും... മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാൽ പൊടിപ്പിള്ളേരെ പോലെ പിച്ചിയും തോണ്ടിയും പിന്നെ സ്വൈര്യം തരില്ല... ആ ഓർമ്മകളിൽ മുഴുകിയാണ് കിച്ചു തിരികെ ശ്രീമംഗലത്ത് എത്തിയത്... അമ്മയുടെ വായിൽ നിന്ന് ഭരണിപ്പാട്ട് കേൾക്കുമെന്നുറപ്പുള്ളത് കൊണ്ട് പൂച്ചയെപ്പോലെ പാത്തും പതുങ്ങിയും അകത്ത് കയറി... ഹാളിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് ഒരു നിമിഷം അവൻ ഞെട്ടി... പക്ഷേ താൻ വന്നത് അവർ അറിഞ്ഞിട്ടില്ല...

മറ്റേതോ ലോകത്താണ് രണ്ട് പേരും... ആദ്യം അവരറിയാതെ തന്റെ റൂമിൽ പോകാൻ തുനിഞ്ഞെങ്കിലും അവരുടെ മുഖം കണ്ടപ്പോൾ പോകാതെ അവിടെ നിന്നു.... സാധാരണഗതിയിൽ അച്ഛനും അമ്മയും ഇങ്ങനെയല്ല... ഏത് നേരവും ഇണക്കുരുവികളെപ്പോലെ രണ്ടും കൊക്കിയുരുമ്മിയിരിക്കും... അല്ലെങ്കിൽ പരസ്പരം ചൊറിഞ്ഞ് വഴക്കുണ്ടാക്കിയിരിക്കും... ഇന്നെന്ത് പറ്റിയോ എന്തോ...? അവൻ ഒന്ന് ചുമച്ചു... ശബ്ദം കേട്ട് രണ്ട് പേരും നോക്കിയെങ്കിലും നേരത്തെ പോലെ തന്നെ... തന്നെ കണ്ടതിൽ സന്തോഷമില്ല... സങ്കടമില്ല... ദേഷ്യവുമില്ല... ശ്ശെടാ ഇവർക്കിതെന്ത് പറ്റി...? """അമ്മേ...""" അവൻ വിളിച്ചിട്ടും ശ്രീദേവി മുഖമുയർത്തിയില്ല... """ഓഹ്... പറയാതെ പോയതിലുള്ള പിണക്കമാണോ...? ഞാൻ ആദ്യായിട്ടൊന്നുമല്ലല്ലോ ഇങ്ങനെ പോകുന്നത്...?""" കിച്ചു ശ്രീദേവിയുടെ അരികിൽ ചെന്നിരുന്നു അവന്റെ കയ്യെടുത്ത് അവരുടെ തോളിലിട്ടു... അപ്പോഴും അമ്മ മൗനം... അച്ഛനും അതേ... """ശ്ശെടാ... ആദിയുടെ ശ്രീയമ്മയ്ക്ക് ഇതെന്ത് പറ്റി..?"""

അവൻ കളിയായി ചോദിച്ചു... ശരിക്കും അമ്മയെ ഒന്ന് കയ്യിലെടുക്കാനാണ് അവൻ ആദിയുടെ പേര് പറഞ്ഞത്... അവളുടെ പേര് കേട്ടതും ക്ഷണനേരം കൊണ്ട് അവരുടെ മിഴികൾ നിറഞ്ഞു... അവനെ രൂക്ഷമായി ഒന്ന് നോക്കി... """അമ്മാ എന്തെങ്കിലുമൊന്ന് പറയുന്നുണ്ടോ...? എനിക്ക് ദേഷ്യം വരുന്നു...""" """അതെന്താ നിനക്ക് മാത്രമേ ദേഷ്യവും സങ്കടവുമൊക്കെയുള്ളോ...?""" അവർ ഒച്ചയെടുത്തു... """അമ്മേ...""" """എൻ്റെ മുന്നീന്ന് പോ കിച്ചൂ... എനിക്ക് എന്നെ തന്നെ പിടിക്കാണ്ടിരിക്കുവാ...""" """ഓഹോ... എന്ത് ചെയ്താൽ ഈ പിണക്കമൊന്ന് മാറും...?""" """എനിക്ക് എന്റെ മോളെ തിരികെ കൊണ്ട് താ... അപ്പോൾ മിണ്ടാം.... അല്ലാതെ എന്റടുത്ത് വന്ന് പോകരുത് നീ ...""" """ആഹ്... ഇത്രേയുള്ളോ അയിന് ഞാൻ ആദിയെ ഇപ്പൊ വിളിച്ചോണ്ട് വരാല്ലോ...""" """ചന്ദ്രേട്ടന്റെ അടുത്തൂന്നല്ല... കിഷോറിന്റെ വീട്ടിൽ നിന്ന്...""" """കിഷോറിന്റെയോ...?""" അവൻ നെറ്റി ചുളിച്ചു... """ദേവീ...""" അതേ സമയം ശ്രീദേവിക്ക് നേരെ ദേവൻ ശബ്ദമുയർത്തി... ദേവേട്ടൻ വിളിച്ചപ്പോൾ മാത്രമാണ് പറഞ്ഞ വാക്കുകളെപ്പറ്റി അവർക്ക് ബോധം വന്നത്...

ഇന്നായിരുന്നു ആദിയുടെ വിവാഹം... മകളെ പോലെ കണ്ടവളെ... തന്റെ വീടിന്റെ ലക്ഷ്മിയെ... മറ്റൊരാൾ സ്വന്തമാക്കുന്നത് കാണാനുള്ള ത്രാണി അവർക്കില്ലായിരുന്നു... പക്ഷേ വിധി... വിവാഹപ്പന്തലിൽ കുഴഞ്ഞു വീണവളെ മാറോടടക്കി പിടിച്ചപ്പോഴും ഈ നേരം വരെ ഹോസ്പിറ്റലിൽ കാവലിരുന്നപ്പോഴും എല്ലാവരോടും ദേഷ്യമാണ് തോന്നിയത്... ആദിയുടെ ഇഷ്ടം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച അവളുടെ അച്ഛനോട്... തന്റെ മകനോട്.... തന്നോട് തന്നെയും ദേഷ്യം... അവളെ കിഷോറിന്റെ വീട്ടുകാർക്ക് വിട്ട് കൊടുക്കാൻ മനസ്സില്ലായിരുന്നു... എന്നിട്ടും... എന്തധികാരത്തിൽ എന്തവകാശത്തിന്റെ പേരിൽ താനവളെ ചേർത്ത് നിർത്തും... ? ""അമ്മ എന്താ പറഞ്ഞേ... ആദി കിഷോറിന്റെ വീട്ടിൽ ആണെന്നോ...?""" കേട്ട വാക്കുകൾ ഉൾക്കൊള്ളാനാവാതെ അവൻ ചോദിച്ചു... ഒരു നിമിഷം അവർക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു...

"""ചോദിച്ചത് കേട്ടില്ലേ മ്മാ... കിഷോറിന്റെ വീട്ടിലോ... ആരോട് ചോദിച്ചിട്ട്...?""" """ആരോട് ചോദിക്കണം...? മ്മ്ഹ്...? അവളുടെ ഭർത്താവിന്റെ വീട്ടിൽ പോകുന്നതിന് ആരോട് ചോദിക്കണമെന്ന്...?""" ഇടി മുഴക്കം പോലെയാണ് അമ്മയുടെ വാക്കുകൾ കാതിൽ വന്ന് പതിച്ചത്... """ഭർത്താവോ...?""" """ഇന്ന് ആദിയുടെ വിവാഹം ആയിരുന്നു... കിഷോറുമായി...""" """അമ്മേ...""" കിച്ചു നിന്നു വിറച്ചു... """കള്ളം പറയരുത്... വിശ്വസിക്കില്ല ഞാൻ... എന്നോട് ഒരു വാക്ക് പറയാതെ ആദി...""" """നിന്നോടെന്തിന് പറയണം...? അതിന് നിന്റെയാരാ അവൾ...""" കൂരമ്പ് കണക്കെ അവർ വാക്കുകൾ വർഷിച്ചു... """ഹും, അവനോട് പറഞ്ഞില്ല പോലും... നീ എവിടേലുമൊക്കെ ഊര് തെണ്ടാൻ പോകുമ്പോൾ ഞങ്ങൾ എങ്ങനെ പറയണമെന്ന് കൂടി പറഞ്ഞിട്ട് പോകണമായിരുന്നു... തന്നിഷ്ടത്തിന് വളർന്ന് തന്നിഷ്ടത്തിന് ജീവിച്ചു പഠിച്ചു പോയി... തോന്നിയ ഇടത്ത് പോവുക... തോന്നുമ്പോൾ വരുക.... ഇഷ്ടമുള്ളപ്പോഴൊക്കെ കയറിയിറങ്ങാൻ ഇത് സത്രമാണല്ലോ...""" """അമ്മേ... ഞാൻ... എൻ്റെ ആദി...""" അവന്റെ സ്വരം ഇടറി...

"""നിന്റെയോ... അവൾ നിന്റെയല്ല... മറ്റൊരുത്തന്റെ ഭാര്യ...""" """അമ്മേ...""" """കരഞ്ഞു കാല് പിടിച്ചതല്ലേടാ ഞങ്ങൾ... അവളെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാൻ... അപ്പോൾ നിനക്ക് അവളെ ഇഷ്ടമല്ല പോലും... ഇപ്പോ ആരെ കാണിക്കാനാ ഈ ആട്ടം... എന്റെ മോള്... നീ വരുമെന്ന് ഒരുപാട് പ്രതീക്ഷിച്ചു... നിനക്ക് വേണ്ടി കാത്തിരുന്നു... നിന്റെ താലിക്ക് പകരം മറ്റൊരുത്തന്റെ താലി കഴുത്തിൽ വീണപ്പോൾ താങ്ങാനാവാതെ കുഴഞ്ഞു വീണു... ഈ നേരം വരെ ഹോസ്പിറ്റലിൽ ആയിരുന്നു... പോയി നോക്ക് ചത്തിട്ടുണ്ടോ ജീവനോടെയുണ്ടോ എന്നറിയാം...""" """അമ്മേ...""" """വിളിച്ചു പോകരുത് അങ്ങനെ... എൻ്റെ മുന്നീന്ന് പോടാ... എനിക്ക് നിന്നെ കാണണ്ട""" അവർ അലറി... """ടോ...""" ദേവന്റെ വിളി കേട്ടതും മറ്റൊന്നും ആലോചിക്കാതെ അയാളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി അവർ പൊട്ടിക്കരഞ്ഞു... ഈ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവിച്ച ... ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന... പോരാൻ നേരം കണ്ട ആദിയുടെ രൂപം അവരെ അത്രത്തോളം തളർത്തിയിരുന്നു... അതെ സമയം നിൽക്കുന്നിടത്ത് നിന്നും ഒരടി പോലും നീങ്ങാനാകാതെ കിച്ചു നിന്നു...

ആദിയുടെ കല്യാണം കഴിഞ്ഞെന്ന്... അവൾ മറ്റൊരുത്തന്റെ ഭാര്യ ആണെന്ന്... കേട്ട വാക്കുകൾ തന്നെ പിന്നെയും പിന്നെയും കാതിൽ വന്നലച്ചു... സത്യമേതാ മിഥ്യയേതാ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ... തന്റെ അമ്മ തന്നോട് കള്ളം പറയുമോ... ഒരിക്കലുമില്ല... അപ്പോൾ ആദിയുടെ അച്ഛൻ... വാക്ക് തന്നതല്ലേ എനിക്ക്... എന്നിട്ട് ചതിക്കുമോ...? അവൻ വേച്ച് വേച്ച് പടികൾ കയറി... ഒരു വിധം റൂമിൽ എത്തിയതും ഡോർ കൊട്ടിയടച്ചു... ഒരു ഭ്രാന്തനെപ്പോലെ അലറി... ദേഷ്യവും സങ്കടവും കാരണം കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു... കൂട്ടത്തിൽ ആദിക്ക് വേണ്ടി ബാംഗ്ലൂർ നിന്ന് വാങ്ങിയ ഗിഫ്റ്റും ഉണ്ടായിരുന്നു... ഒരു ആൺകുട്ടിയും പെൺകുട്ടിയും പിങ്കി പ്രോമിസ് ചെയ്ത് നില്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോ... കൂടെ ഹാർട്ട് ഷേപ്പ് ഗ്ലാസ് ബോക്സിനുള്ളിൽ റോസാ പൂക്കൾക്ക് നടുവിൽ വച്ചിരിക്കുന്ന പ്ലാറ്റിനത്തിന്റെ രണ്ട് റിങ്ങ്... അവൻ അത് കയ്യിൽ എടുത്തു... ഹൃദയം ഇപ്പോൾ പൊട്ടിപ്പോകുമെന്ന തോന്നിയ നിമിഷം ബെഡിലേക്കത് വലിച്ചെറിഞ്ഞ് റൂം വിട്ടിറങ്ങി... തോറ്റ് കൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു...

ഇനി എന്തൊക്കെ സംഭവിച്ചാലും ആദി ശ്രീമംഗലത്ത് കാണണം... അവളെ വിളിച്ചു കൊണ്ട് വരാൻ ഉറപ്പിച്ച് അവൻ ഇറങ്ങി... അതേ സമയം ചന്ദ്രൻ ശ്രീമംഗലത്ത് എത്തി... ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ച് നിൽക്കുന്ന ചന്ദ്രനോട് ദേവനോ ദേവിയോ ഒന്നും മിണ്ടിയില്ല... പക്ഷേ കിച്ചു നടന്ന് അയാളുടെ അരികിൽ വന്നു... """ആദി എവിടെ അച്ഛേ...""" അയാൾ ഒന്നും മിണ്ടിയില്ല... അയാളുടെ മുഖം കുനിച്ചുള്ള നിൽപ്പ് തന്നെ അവനുള്ള ഉത്തരം ആയിരുന്നു... കിച്ചുവിന് അയാളോട് പുച്ഛം തോന്നി... """കണ്ട നാൾ മുതലേ നിങ്ങളെ ഞാനെന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ടതാ... അങ്ങനെയേ വിളിച്ചിട്ടുള്ളൂ... ആ എന്നോട് ഇങ്ങനെയൊരു ചതി...""" അവൻ്റെ വാക്കുകൾ ഇടറി... ദേവനും ദേവിയും അവൻ പറയുന്നതെന്തെന്ന് മനസിലാവാതെ നിന്നു... """അവസാനം കണ്ട ദിവസം അച്ഛയെന്താ പറഞ്ഞേ... ആദിയെ പോലെ തന്നെയാ എന്നെയും കാണുന്നതെന്ന്... അല്ലേ...? അത് വെറും വാക്കാണെന് ഞാൻ അറിഞ്ഞില്ല അച്ഛേ ... നിങ്ങളെ വിശ്വസിച്ചു പോയി... ഇല്ലേൽ അവളെ നിങ്ങളെയേൽപ്പിച്ച് ഞാൻ പോകില്ലായിരുന്നു..."""

"""മോനേ...""" """എൻ്റെ മനസ്സ് തുറന്നതല്ലേ ഞാൻ ... എൻ്റെ പെണ്ണിനെ എനിക്ക് വേണമെന്ന് കെഞ്ചി പറഞ്ഞതല്ലേ...? എന്നിട്ട്... ആരൊക്കെ ക്ഷമിച്ചാലും കിച്ചു ക്ഷമിക്കില്ല... എനിക്കൊരു തെറ്റ് പറ്റി... അത് തിരുത്താനും എനിക്കറിയാം... ആദി കിഷോറിന്റെ വീട്ടിലല്ല... ഇവിടെ... ശ്രീമംഗലത്ത്... ഈ കിച്ചൂന്റെ പെണ്ണായി കാർത്തിക്കിന്റെ ഭാര്യയായി ജീവിക്കും... ആരൊക്കെ തടഞ്ഞാലും....""" """കിച്ചൂ...""" ചന്ദ്രന്റെ ശബ്ദം ഉയർന്നു... ഇത് വരെ മുഖം കുനിച്ചു നിന്ന ആളിന്റെ കണ്ണിൽ കനലാളി.... """അവൾ നിന്റെ പെണ്ണല്ല... കിഷോറിന്റെ ഭാര്യയാ...""" """അത് നിങ്ങൾക്ക്... അവളുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനത്ത് അവനല്ല... തിരിച്ച് എന്റെയും... പിന്നെ അവളുടെ കഴുത്തിൽ അവൻ കെട്ടിയ താലിയുണ്ട്, മാങ്ങാതൊലിയുണ്ട് എന്നൊന്നും പറയാൻ നിൽക്കേണ്ട... ഒന്ന് വലിച്ചു പൊട്ടിച്ചു കളഞ്ഞാൽ തീരാവുന്ന ബന്ധമേയുള്ളൂ...""" """കിച്ചൂ...""" ചന്ദ്രന്റ സ്വരം വിറച്ചു... അവനെ അടിക്കാനായി അയാളുടെ കൈകൾ ഉയർന്നു... പിന്നെ എന്തോ ആലോചിച്ച് വേണ്ടെന്ന് വച്ചു... അതേ സമയം ദേവനും ദേവിയും ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു... കിച്ചൂന് ആദിയോടുള്ള ഇഷ്ടം അവർക്ക് പുതുമ ഉള്ളതായിരുന്നു... അതിന്റെ കൂടെ അവൻ ആദിയെ ചോദിച്ചിട്ടും ചന്ദ്രൻ ഇങ്ങനെയൊക്കെ കാണിച്ചെന്ന് ഓർക്കുമ്പോൾ...

"""എന്താ കയ്യുയർത്തിയിട്ട് അടിക്കുന്നില്ലേ... നിങ്ങൾ അടിച്ചാൽ ഞാൻ കൊള്ളും... എന്ന് കരുതി എൻ്റെ തീരുമാനത്തിൽ മാറ്റമില്ല... ആദിയെ ഞാൻ വിളിച്ചു കൊണ്ട് വരും...""" """എന്നിട്ട്...? എന്നിട്ട് എന്റെ കണ്മുൻപിൽ നിങ്ങൾ ജീവിക്കുമോ...? എന്റെ ശവത്തിൽ ചവിട്ടിയേ നീ ഒരു ജീവിതം തുടങ്ങൂ...""" """ചന്ദ്രാ...""" ദേവൻ ആയിരുന്നു അത് ... ചന്ദ്രന്റെ ഇങ്ങനെയൊരു പെരുമാറ്റം അയാൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം... """ദേവാ... ആദി എൻ്റെ മകളാണ്... അവളുടെ കാര്യം ഞാൻ തീരുമാനിക്കും... എന്റെ കുഞ്ഞിന്റെ സന്തോഷമാണ് എനിക്ക് വലുത്...""" """അത് ശരിയാ, സന്തോഷം കാരണമായിരിക്കും ഇന്നെന്റെ കൊച്ച് കുഴഞ്ഞു വീണ് ഹോസ്പിറ്റലിൽ ആയത്...""" ശ്രീദേവി ദേഷ്യം നിയന്ത്രിക്കാൻ പാട് പെട്ടു... അതിന് ചന്ദ്രന് മറുപടി ഇല്ലായിരുന്നു... കിച്ചുവിന് എന്തൊക്കെയോ പറയണമെന്നുണ്ട്... ആദിയുടെ അച്ഛൻ എന്ന ഒറ്റക്കാരണത്താൽ ഒന്നും പറയാനും വയ്യ.... കാറിന്റെ ചാവിയുമെടുത്ത് കിച്ചു പുറത്തു പോവാൻ തുനിഞ്ഞു... """ദേവാ... ഒരിക്കൽ നീയായി ദാനം തന്ന ജീവിതമാണ്... നിൻറെ കുടുംബമായി അത് തിരിച്ചെടുക്കരുത്...

എൻറെ അപേക്ഷയാണ്...""" പറഞ്ഞത് ദേവനോടായിട്ടാണെങ്കിലും നോട്ടം കിച്ചുവിൽ ആയിരുന്നു... കിച്ചു ഒന്ന് നിന്നു... പിന്നെ അയാളെ നോക്കി പുച്ഛിച്ചു കൊണ്ട് നടന്നു... """കിച്ചൂ... ഞാൻ വെറും വാക്ക് പറയുവല്ല... എന്റെ കുഞ്ഞിന്റ താലിയറുത്താൽ ആ നിമിഷം ഞാൻ ഇവിടെ ആത്‍മഹത്യ ചെയ്യും... എൻറെ ശവത്തിൽ നിന്ന് കൊണ്ട് നിനക്കു ഒരു നല്ല ജീവിതം തുടങ്ങാമെന്ന് കരുതണ്ട...""" ചന്ദ്രൻ വീറോടെ പറഞ്ഞു... അയാളുടെ വാക്കുകളിൽ കിച്ചുവിന്റെ കാലുകൾ നിശ്ചലമായിരുന്നു... """താൻ എന്തൊരു മനുഷ്യനാടോ... കഷ്ടം... തന്നെപ്പോലൊരാളെയാണല്ലോ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വച്ചത്...?""" ദേവൻ അവ്യജ്ഞതയോടെ പറഞ്ഞു... """അത് എന്റെ മോളെ കണ്ടിട്ടായിരുന്നോ...""" """ചന്ദ്രാ...""" ദേവന് ഒരേസമയം അയാളോട് വെറുപ്പും ദേഷ്യവും തോന്നി... """ശേ... താൻ ഇത്ര തരം താണവൻ ആയിരുന്നോ...? എൻ്റെ മോന് തന്റെ മോളെ വേണ്ട... കിച്ചൂ അകത്ത് കയറി പോ...""" അച്ഛന്റെ ഇത് വരെ കാണാത്ത മറ്റൊരു മുഖം കിച്ചു കണ്ടു... ആ നിമിഷം അവന് എന്ത് വേണമെന്ന് അറിയില്ലായിരുന്നു...

"""ചന്ദ്രേട്ടാ... ആദി നിങ്ങളെ അച്ഛാന്ന് വിളിച്ചതിലും കൂടുതൽ വിളിച്ചത് ശ്രീയമ്മേ ന്നാ... ആ എൻ്റെ മോൻ കാരണം എൻ്റെ കൊച്ചിന്റെ താലിഭാഗ്യം ഇല്ലാണ്ടാകില്ല ... പക്ഷേ ഒന്ന് ചോദിച്ചോട്ടേ... കിച്ചുവിനെ കൂടാതെ അവൾ സന്തോഷമായിട്ട് ജീവിക്കുമെന്ന് തോന്നുന്നുണ്ടോ..?""" """ഉറപ്പായും... ആദിയുടെ ഒരു പൊട്ടമനസ്സാണ്... ഇപ്പോൾ വേദന തോന്നിയാലും കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറും... കിഷോർ നല്ലവനാണ്... അവളെ അവന് ജീവനാണ്... ഒരിക്കൽ അവന്റെ സ്നേഹം അവൾ മനസ്സിലാക്കും... എത്രയൊക്കെ ആയാലും താലി കെട്ടിയവനെ തള്ളിപ്പറയാൻ ഒരു പെണ്ണിനും കഴിയില്ല...""" ശ്രീദേവിക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു... അവർ കിച്ചുവിനെ നോക്കി... അതിൽ അവരുടെ ആജ്ഞ ഉണ്ടായിരുന്നു... കിച്ചു ഒന്ന് രണ്ട് നിമിഷം ആലോചിച്ച് നിന്നിട്ട് തിരികെ വീട്ടിൽ കയറി... തിരികെ റൂമിൽ പോകാൻ തുനിഞ്ഞവൻ ചന്ദ്രന്റെ ചുണ്ടിൽ മിന്നിമാഞ്ഞ ചിരി കണ്ട് ഒന്ന് നിന്നു.... """ജയിച്ചെന്ന് തോന്നുന്നുണ്ടാകും ല്ലേ... പക്ഷേ ഒന്നോർത്തു വച്ചോ... നിങ്ങൾ തോൽക്കത്തതെയുള്ളൂ... ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സെന്ന് പറഞ്ഞ് എഴുതി തള്ളിയില്ലേ...? അതങ്ങനെയല്ലെന്ന് നാളെ കാലം തെളിയിച്ചാൽ...????????""""......(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story