കിച്ചന്റെ പെണ്ണ്: ഭാഗം 18

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""കിളികൾ പറന്നതോ.... ല ല ലാ ലലല്ലലാ... ശ്ശെ അതല്ലേൽ വേണ്ട... ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി നാന നാന്ന ന്നാനാനാനാനാ...""" """എന്താണ് ആകെ ഒരു കിളിമയം...?""" """അങ്ങോട്ട് നോക്ക് രേവുമ്മാ... രേവുമ്മേടെ മോൾടെ തലയിൽന്ന് കിളികൾ നാട് വിടുന്നത് കണ്ടാ...?""" """കിളികളോ... """ ചായയും കൊണ്ട് വന്ന രേവതി ആദിയുടെ സംസാരവും ലച്ചുവിന്റെ ഇരിപ്പും കണ്ട് ഒരു നിമിഷം അന്തം വിട്ട് നിന്നു... കാര്യം അറിയില്ലെങ്കിലും ലച്ചുവിനുള്ള ഏതോ പണിയാണെന്ന് മാത്രം അവർക്ക് മനസ്സിലായി... """രേവുമ്മയ്ക്കറിയോ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്...""" """ആന്നോ... ശോ രേവുമ്മയ്ക്ക് അതറിയില്ലായിരുന്നു... """ അവർ താടിക്ക് കൈ കൊടുത്തു... """രേവുമ്മേ...""" ആദി അല്പം ദേഷ്യത്തോടെ വിളിച്ചു... രേവതി ആദിയെ പതിയെ കൺചിമ്മി കാട്ടി... ശേഷം കണ്ണ് കൊണ്ട് ആദിയോട് കാര്യം തിരക്കി... അവളാണേൽ എല്ലാം കൈവിട്ട് പോയി എന്ന മട്ടിൽ കൈ മലർത്തി കാണിച്ചു... """ന്നാലും എന്റെ രേവുമ്മേ ആ ഇരിക്കുന്ന പഴം പൊരിയിൽ കണക്കുണ്ടോ...?"""

ആദി ചോദിച്ചു തീരും മുന്നേ ലച്ചു ചവിട്ടി തുള്ളി മുകളിലേക്ക് പോകുന്നത് കണ്ടു... അവൾ പോയെന്ന് മനസ്സിലായതും ആദിയുടെ ചെവിയിൽ രേവതിയുടെ പിടി വീണു... """എന്താടി കാന്താരീ... എൻറെ കൊച്ചിനെ കളിയാക്കുന്നോ...?""" """ആര് കളിയാക്കി... ഞാൻ ഉള്ളതല്ലേ ചോദിച്ചേ...""" ചെവിയിലെ പിടി അയഞ്ഞതും ആദി വള്ളി പുള്ളി തെറ്റാതെ ഇന്ന് നടന്നത് മുഴുവൻ രേവതിയോട് പറഞ്ഞു... ഇന്നലെ മുതൽ ആദിയും ലച്ചുവും കോളേജിൽ പോയി തുടങ്ങി... ലച്ചുവിന്റെ ഫസ്റ്റ് ഡേ കോളേജിൽ സ്ട്രൈക്ക് ആയത് കൊണ്ട് ആള് ഫുൾ ഹാപ്പി ആയിരുന്നു... പക്ഷേ ഇന്നല്ലേ രസം, നേരത്തേ പഠിച്ചിടത്തെ പോലെ ജോളി ആയി നടക്കാൻ പറ്റില്ലെന്ന് ഇന്നൊരു ദിവസം കൊണ്ട് അവൾക്ക് മനസ്സിലായി... അതും കഴിഞ്ഞ് വൈകിട്ട് വരാൻ നേരം ആദിയും ലച്ചുവും തമ്മിൽ പൊരിഞ്ഞ തർക്കം... ആദി ബി എ ഹിസ്റ്ററിയും ലച്ചു ബി എസ് സി മാത് സും ആണ് എടുത്തിരിക്കുന്നത്... നാവിൽ ഗുളികൻ കേറിയ സമയത്ത് ആദി വെറുതെയൊന്ന് പറഞ്ഞു പോയി 'നിനക്ക് മാത്‍സ് എടുക്കുന്ന സമയത്ത് വേറെ വല്ല നല്ല സബ്‌ജക്റ്റും എടുത്തൂടാരുന്നോ? '

എന്ന്... പാവം ആദി, സ്വന്തം അനുഭവം വച്ചാണ് അവളോട് പറഞ്ഞത്... ഏത്, ആദിക്ക് കണക്ക് കാണുമ്പോഴേ തല പെരുക്കും... അതിന്റെ കൂടെ ടെക്സ്റ്റ് എടുത്താലോ അഞ്ച് മിനിറ്റ് കൊണ്ട് കോട്ടുവായിട്ട് അവൾ സെഞ്ച്വറി തികയ്ക്കും... ആ അനുഭവത്തിൽ അറിയാതെ പറഞ്ഞു പോയി... പിന്നെ പറയണോ മ്മടെ സ്ഫടികത്തിലെ തിലകൻ സാർ ലച്ചൂന്റെ ദേഹത്ത് കേറി അനുഗ്രഹിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ... ഭൂഗോളത്തിന്റെ സ്പന്ദനത്തിൽ തുടങ്ങി ആദിയുടെ വായിലെ പല്ലിൻറെ കണക്ക് വരെ ലച്ചു വഴിയോരത്ത് കിടന്ന് ഘോരഘോരം പ്രസംഗിച്ചു... കണക്കിലും നല്ലൊരു വിഷയം ഇനി കണ്ടെത്തണം പോലും... എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ആരോ ലച്ചുവിനെ പിടിച്ച് അവരുടെ ക്ലാസ് ഗ്രൂപ്പിൽ പിടിച്ച് ആഡ് ചെയ്തു... നെറ്റ് ഓണായി കിടക്കുന്നത് കൊണ്ട് തുരു തുരെ മെസ്സേജ് വന്ന് ആളെടുത്ത് നോക്കിയതാണ്... കുറച്ചു നേരം അനങ്ങാപ്പാറ പോലെ ഇരിക്കുന്നത് കണ്ടു... സംഗതി നാളെ വയ്ക്കാനുള്ള ഏതോ അസൈൻമെന്റിനെ പറ്റിയാണ്... ക്ലാസ് ലേറ്റായി തുടങ്ങിയത് കൊണ്ട് ഉറപ്പായും നാളെ വയ്ക്കുകയും വേണം...

'ഞാൻ പഠിച്ച മാത്‍സ് ഇങ്ങനല്ല' എന്ന് ഇടയിലെപ്പോഴോ ലച്ചു പറയുന്നത് കേട്ടു... അപ്പോൾ തുടങ്ങിയതാണ് ആദിയുടെ കിളി പാട്ട്... ലച്ചുവിനാണേൽ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ... ആദിയുടെ സംസാരവും മുഖത്ത് വിരിയുന്ന ഭാവങ്ങളും കണ്ട് രേവതി അറിയാതെ ചിരിച്ചു പോയി... പിന്നെ എന്തോ ഓർമ്മ വന്നത് പോലെ ആദിയെ അടിമുടി നോക്കി... """അല്ല ലച്ചൂന്റെ കാര്യം അവിടെ നിൽക്കട്ടേ, നിനക്കൊന്നും പഠിക്കാനില്ലേ...?""" """അതിന് ക്ലാസ്സ് തുടങ്ങിയതല്ലേയുള്ളൂ...""" """എങ്ങനെ...?""" """ഓഹ്... ഞാൻ പഠിച്ചോളാം...""" രേവതിയെ നോക്കി ചുണ്ടു കോട്ടി ആദി പോകാൻ തുടങ്ങി... """ഇത് കുടിച്ചിട്ട് പോ ആദി...""" """എനിക്കെങ്ങും വേണ്ട... രേവുമ്മയുടെ മോൾക്ക് കൊണ്ട് കൊടുക്ക്...""" ആദി മുഖവും വീർപ്പിച്ച് അവളുടെ മുറിയിലേക്ക് നടന്നു... """ശ്ശെടാ... ഇവൾക്കിതെന്ത് പറ്റി...?

പിണങ്ങാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...""" രേവതി ആദിയുടെ പോക്കും നോക്കി നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 വൈകിട്ട് ചന്ദ്രു വരുമ്പോൾ പതിവ് ബഹളങ്ങളൊന്നുമില്ല...വീടാകെ നിശബ്ദത... """എവിടെ പോയി അടയ്ക്കാ കുരുവികൾ..? ഇവിടില്ലേ...?""" ഹാളിൽ അച്ഛൻ ടീവി കണ്ടു കൊണ്ടിരിക്കുന്നുണ്ട്... അവൻ ചുറ്റിനും നോക്കി... കുറെയായി ഇങ്ങനൊരു പതിവില്ല... ഒരു നാലഞ്ച് മണിയായാൽ ആദിയും ലച്ചുവും ടിവിയുടെ മുന്നിൽ ഇരിപ്പുറപ്പിക്കുന്നതാണ്... രാത്രി ആഹാരം കഴിക്കുന്നത് വരെ അവിടുന്ന് മാറില്ല... ആദിയോട് അധികം മിണ്ടാത്തത് കൊണ്ട് അച്ഛൻ ആ പരിസരത്ത് പോലും വരില്ല... അഥവാ വന്നാലും രാവിലത്തെ ന്യൂസ് പേപ്പർ തിരിച്ചും മറിച്ചും വായിച്ച് നേരം പോക്കും... മുൻപൊക്കെ ന്യൂസ് കാണുന്നതിൽ ഒരു വിട്ട് വീഴ്ചയുമില്ലാത്ത അച്ഛൻ ഈ സമയമാകുമ്പോൾ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ട്...

എന്ത് പറ്റിയോ എന്തോ... """ആരെയാ ചന്ദ്രൂ നീ നോക്കുന്നേ... പിള്ളേരെയാണേൽ രണ്ടും പഠിക്കാൻ കേറിയിട്ടുണ്ട്...""" """ആദിയോ... പഠിക്കാനോ...?""" അമ്മയുടെ വാക്കുകൾ കേട്ട് ചന്ദ്രു കണ്ണു മിഴിച്ചു... ആദിക്ക് പഠിക്കാനുള്ള താല്പര്യം കിച്ചു പറഞ്ഞ് അറിയാം... അതറിയുന്നവർ ആരായാലും കണ്ണ് മിഴിച്ചു പോകും... """അതിന് നീ കണ്ണ് തള്ളുന്നതെന്തിനാ... ശ്ശെടാ എൻറെ കൊച്ചിന് പഠിക്കാനും പാടില്ലേ...?""" """പഠിച്ചോട്ടെ... എത്ര വേണേലും പഠിച്ചോട്ടെ... അല്ല, അമ്മ ആദീടെ കാര്യം തന്നെയല്ലേ പറയുന്നേ...""" അത്രയും പറഞ്ഞ് അവൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു... 'ഇവനിതെന്ത് പറ്റി' എന്ന് മനസ്സിൽ ആലോചിക്കുമ്പോഴും ആ അമ്മയുടെ മനസ്സിൽ നേരിയൊരു തണുപ്പ് അനുഭവപ്പെട്ടു... ഒരുപാട് നാളുകൾക്കു ശേഷം ശരിക്കും ഇന്നാണ് ചന്ദ്രു അല്പം മയപ്പെട്ട് ശാന്തമായ മുഖത്തോടെ തന്നോട് മിണ്ടുന്നത്... ഒന്ന് ചിരിക്കുന്നത്... റൂമിലെത്തിയ ചന്ദ്രുവിന് തെറ്റിയില്ല... ടെക്സ്റ്റിൽ തല വച്ച് നല്ല സുഖമായി ഉറങ്ങുന്നുണ്ട് മ്മടെ ആദി... അവൻ അടുത്ത് ചെന്ന് അവളുടെ കയ്യിൽ ഒന്ന് തട്ടി... എവിടെ ഒരനക്കവുമില്ല...

ഒരിക്കൽ കൂടി അല്പം ബലത്തിൽ തട്ടിയതും അവൾ ഉറക്കത്തിൽ അവന്റെ കൈ തട്ടി മാറ്റാൻ നോക്കിയതാണ്... മുഖത്തേക്ക് വീണു കിടന്ന മുടിയിൽ കുരുങ്ങി കൈകൾ അവളുടെ കാതിൽ വന്നടിച്ചു... """അയ്യോ പിച്ചല്ലേ കിച്ചേട്ടാ... ഞാൻ പഠിച്ചോളാം...""" ഏതോ സ്വപ്നത്തിൽ എന്ന പോലെ അവൾ ഞെട്ടിയുണർന്നു... വേഗം ടെക്സ്റ്റ് എടുത്ത് കയ്യിൽ പിടിച്ചു... ശേഷം മുഖം ഉയർത്തി നോക്കി ... മുന്നിൽ നിൽക്കുന്ന ചന്ദ്രുവിനെ പിന്നെയാണ് കണ്ടത്... കിച്ചു അല്ലെന്ന തിരിച്ചറിവിൽ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും അതേ സമയം നോവ് അവളിൽ പിടി മുറുക്കി... എങ്കിലും അവനിൽ നിന്നത് മറച്ചു പിടിക്കാൻ ശ്രമിച്ചു... """അടിപൊളി... നല്ല പഠിത്തമാണല്ലോ...""" """ഹാ,,, കണ്ടാൽ മനസ്സിലാക്കിക്കൂടെ...""" """പിന്നേ... ടെക്സ്റ്റ് തല തിരിച്ചു പഠിക്കുന്നയാളെ ഞാൻ ആദ്യായി കാണുവാ...""" അവനും വിട്ട് കൊടുത്തില്ല... ആദിക്ക് അപ്പോഴാണ് അബദ്ധം മനസ്സിലായത്... അവനെ നോക്കി മുപ്പത്തി രണ്ട് പല്ലും കാട്ടി നല്ല ഭംഗിയായി ചിരിച്ചു കൊടുത്തു... """അയ്യടാ... ഉഡായിപ്പ് മുഴുവൻ കയ്യിലുണ്ടല്ലേ..."""

"""ചെറുതായി....""" """ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല മോളേ... മര്യാദയ്ക്ക് പഠിക്കാൻ നോക്ക്...""" ചന്ദ്രു ഫ്രഷ് ആവാൻ പോവുന്നതും നോക്കി ആദി ഇരുന്നു... മനസ്സില്ലാ മനസ്സോടെ വെറുതേ ടെക്സ്റ്റിന്റെ പേജുകൾ മറിച്ചു... ഓർമ്മകൾക്ക് പിന്നാലെ കുതിച്ചു പായാൻ തുടങ്ങിയ മനസ്സിനെ പിടിച്ചു നിർത്താൻ അവൾ പാട് പെട്ടു... ചന്ദ്രു ഫ്രഷായി വന്ന് നേരെ താഴേക്ക് പോയി... അമ്മ കൊടുത്ത ചായയും കുടിച്ച് ആദിക്കായി വേറൊരു കപ്പിൽ ചായ എടുത്തു... വരുന്ന വഴിയിൽ ലച്ചൂന്റെ റൂമിൽ വെറുതെ കയറി നോക്കിയതാണ്... ഇനിയാരും കിടക്കരുതെന്ന മട്ടിൽ ബെഡിൽ വിസ്തരിച്ചു കിടപ്പുണ്ട് ലച്ചു... """ചുമ്മാതല്ല... രണ്ടിനെയും ഒരു കലപ്പയിൽ കെട്ടാം...""" അവൻ അവളെ വിളിക്കാൻ തുനിഞ്ഞെങ്കിലും പിന്നെ വിളിക്കാതെ മുറി വിട്ടിറങ്ങി... കാര്യം മറ്റുള്ളവരുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുമെങ്കിലും ലച്ചു രാത്രി എഴുന്നേറ്റ് പഠിക്കും... അവൾക്ക് നിശബ്ദതയിൽ പഠിക്കുന്നതാണ് ഇഷ്ടം... പഠനത്തിന്റെ കാര്യത്തിൽ ഇന്ന് വരെ ഒരു മോശം പേര് കേൾപ്പിച്ചിട്ടും ഇല്ല... ചന്ദ്രു തിരികെ റൂമിൽ വന്നു...

ചായ ലച്ചുവിന് കൊടുത്തിട്ട് ബെഡിൽ ഇരുന്നു... ലാപ്പെടുത്ത് മെയിൽ ചെക്ക് ചെയ്യാൻ ഇരുന്നെങ്കിലും കണ്ണുകൾ ആദിയിലായിരുന്നു... കിച്ചു പറഞ്ഞതിനെ ശരി വയ്ക്കുന്നത് പോലെ തന്നെയായിരുന്നു ആദിയുടെ പെരുമാറ്റം... ചെയറിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്നും കോട്ട് വായിട്ടും മിനിട്ടിന് മിനിട്ടിന് ക്ലോക്കിൽ നോക്കിയും ഇരിക്കുന്നവളെ കാൺകെ അവന് ചിരി വരുന്നുണ്ടായിരുന്നു... """പണ്ട് മുതലേ നീ ഇങ്ങനാണോ...?""" """എങ്ങനെ...?""" """അല്ല... ഈ പഠിക്കാനുള്ള ഇന്ററസ്‌റ്റേ...""" ചന്ദ്രു തന്നെ ഊതിയതാണെന്ന് മനസ്സിലായി അവൾ ചുണ്ടു കോട്ടി... """പ്ലസ് ടുവിന് ആവറേജ് മാർക്കായിരിക്കും ല്ലേ...""" """ആവറേജ് ഒന്ന്വല്ല... 91%... sslc ക്ക് 95%...""" """ശരിക്കും... നിനക്കോ?""" """എന്തേ എനിക്ക് വാങ്ങിച്ചാൽ പറ്റില്ലേ...?""" """എന്നെ എന്റെ കിച്ചേട്ടനാ പഠിപ്പിച്ചേ...""" ചോദിക്കാതെ പറയുമ്പോഴും ആ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം ആയിരുന്നു... അവൻ അത് ശ്രദ്ധിച്ചു... """എന്നിട്ട് എന്തിനാ ഹിസ്റ്ററി എടുത്തേ...? വേറെ നല്ല സബ്ജക്ട്സ് ഒന്നൂല്ലാരുന്നോ...?""" ചന്ദ്രു പറഞ്ഞതും ആദി നെറ്റി ചുളിച്ചു... """ചേട്ടായി ലച്ചൂനെ കണ്ടോ...?"""

"""ഇല്ലല്ലോ..""" """സംശയം മാറാതെ ആദി പിന്നെയും അവനെ നോക്കുന്നുണ്ടായിരുന്നു... """വേറെ നല്ല സബ്ജെക്ട് ഏതാ ഉള്ളേ...? കെമിസ്ട്രി ആണേൽ കുറേ ഫോർമുലാസ് പഠിക്കണം... മാത് സും ഫിസിക്‌സും എല്ലാം കണക്കാ... എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും എഴുതി വച്ചിട്ടുണ്ട്...""" """അപ്പോൾ ഹിസ്റ്ററിയോ...?""" """അതല്ലേ നല്ലേ... ഒന്നല്ലേലും വായിൽ കൊള്ളാത്ത കുറേ പേരെങ്കിലും പഠിക്കാം... കേട്ടിട്ടില്ലേ സിരിമാവോ ബന്ധാരനായ്കേ ... മ്മടെ ലച്ചൂന്റെ കൊച്ചിന് പേരിടാൻ കൊള്ളാം ല്ലേ...?"" ആദി വായ് പൊത്തി ചിരിച്ചു... """എടി ഭയങ്കരീ... നീയാള് കൊള്ളാല്ലോ... ലച്ചു കേൾക്കണ്ടാ...""" അവനും ചിരിച്ചു... കുറച്ചുനേരം കൂടെ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞിരുന്നു... കഴിക്കാൻ നേരമായപ്പോൾ രേവതി വന്ന് വിളിച്ചു...

ഉറങ്ങിക്കഴിഞ്ഞാൽ ഭൂമി കുലുക്കമുണ്ടായാലും മ്മടെ ലച്ചു എഴുന്നേൽക്കില്ല... ലച്ചൂനെ രണ്ടു മൂന്ന് വട്ടം വിളിച്ചിട്ട് ആദിയും ചന്ദ്രുവും താഴേക്ക് നടന്നു... കഴിക്കാൻ നേരം രേവതിയാണ് എല്ലാവർക്കും വിളമ്പിക്കൊടുത്തത്... എന്നിട്ട് അവരും ഒപ്പം ഇരുന്നു... ആദി അവിടെ വന്നതിൽ പിന്നെയുണ്ടായ മാറ്റമാണത്... ഒരു വീടായാൽ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണമെന്ന പക്ഷത്തിലാണ് ആദി... ആദ്യമൊക്കെ രേവതി തനിയെ ഇരുന്നാണ് കഴിക്കുന്നത്... ഒരു ദിവസം ആദി രേവുമ്മയെ പിടിച്ച് അടുത്തിരുത്തി വിളമ്പിക്കൊടുത്തു... പിന്നെപ്പിന്നെ അത് ശീലമായി... കഴിച്ചു തുടങ്ങിയതും ആദി രേവുമ്മയുടെ കൈപ്പുണ്യത്തെ കുറിച്ച് പുകഴ്‌ത്താൻ തുടങ്ങി... ഒപ്പം ചന്ദ്രുവിന്റെ അച്ഛനും ആദിയും തമ്മിലുള്ള പതിവ് ഒളിച്ചു കളിയും തുടർന്നു........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story