കിച്ചന്റെ പെണ്ണ്: ഭാഗം 19

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""അല്ല ചേട്ടായി, ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്... ലച്ചൂന്റെ അച്ഛൻ പണ്ട് പട്ടാളത്തിൽ ആയിരുന്നോ...? """ """അയ് ശരി... ഇത്രയും നാളായിട്ടും നിനക്കതറിയില്ലാരുന്നോ...?""" """ആയിരുന്നല്ലേ... ചുമ്മാതല്ല, അച്ഛൻ മസിലും പിടിച്ച് നടക്കുന്നത്... ഏത് നേരവും ഒരു പത്രവും പൊക്കിപ്പിടിച്ച് ഇരിക്കും... മ്മടെ വിക്രമാദിത്യൻ വേതാളത്തെ കൊണ്ട് നടക്കണ പോലെ... എനിക്ക് മനസ്സിലാവാത്തത് അതല്ല , ഇരുപത്തി നാല് മണിക്കൂറും വായിക്കാനായി അതിൽ എന്ത് തേങ്ങയാ ഉള്ളേ...?" """അതറിയണമെങ്കിലേ തലേൽ കുറച്ചൊക്കെ വിവരം വേണം...""" """വോ ശരി... എനിക്കിത്തിരി വിവരം കുറവാ...""" ആദി അല്പം പരിഭവത്തോടെ മുഖം വെട്ടിത്തിരിച്ച് പുതപ്പെടുത്ത് തല വഴി മൂടി... """ഹും... പറയുന്നാൾക്ക് ഭയങ്കര വിവരമാണെന്നാ വിചാരം... ഇങ്ങേര് ലച്ചൂന്റെ ചേട്ടൻ തന്നെയാണോ...""" അവൾ പിറുപിറുത്തു... അൽപനേരം കഴിഞ്ഞും ചന്ദ്രുവിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമില്ലാഞ്ഞ് പുതപ്പ് നീക്കി നോക്കുമ്പോഴുണ്ട് ആള് തന്നെ നോക്കി ചിരിച്ചു കൊണ്ടിരിപ്പുണ്ട്... അവൻ കണ്ടെന്ന് മനസ്സിലായതും അവൾ ചമ്മി...

"""ആ ലൈറ്റൊന്ന് ഓഫ് ചെയ്യോ... മനുഷ്യന് ഉറങ്ങണം...""" ഇല്ലാത്ത ദേഷ്യം മുഖത്തെടുത്ത് അണിഞ്ഞു... അവൾ പറഞ്ഞതിന് അവൻ ചുറ്റിനും നോക്കി... എന്നിട്ടും ആരെയോ തിരയുന്നത് പോലെ വീണ്ടും നോക്കുന്നത് കണ്ടിട്ട് ആദിക്ക് വിറഞ്ഞു കയറി... """നിങ്ങൾ ആരെയാ മനുഷ്യാ ഈ നോക്കുന്നേ...?""" """ദതന്നെ... നീ പറഞ്ഞ ആ മനുഷ്യനെ...""" """നല്ല ചീഞ്ഞ കോമഡി...""" """വേറെയുണ്ടെടി, എടുക്കണോ..?""" അവൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു... ആദിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... """ഇനി എനിക്കറിയാത്തൊരു കാര്യം ഞാൻ ചോദിക്കട്ടേ... നിനക്കെപ്പോഴും ഈ ദേഷ്യം വരുമോ...?""" """ഞാൻ അതിന് ആരോടും ദേഷ്യപ്പെടാറില്ലല്ലോ...""" """എന്നിട്ട് ഇപ്പോൾ ദേഷ്യപ്പെട്ടതോ..?""" """അത് ശരിക്കും ദേഷ്യം വന്നിട്ടാ...""" """കാരണമില്ലേ... """ """ലച്ചൂന്റെ ചേട്ടൻ എന്തിനാ ഞാൻ എന്ത് പറഞ്ഞാലും കളിയാക്കുന്നേ...? അപ്പോൾ ആർക്കായാലും ദേഷ്യം വരില്ലേ...?""" """ഓഹ്... അതാണോ... ശരി ഞാനിനി കളിയാക്കില്ല പോരേ... എനിക്ക് ലൈറ്റ് ഓഫ് ചെയ്യാല്ലോ...""" """അതുണ്ടല്ലോ...""" """ഏത്...?""" """ചേട്ടായീടെ അച്ഛന് എന്നെ നേരത്തെ അറിയുമോ...?"""

"""എന്തേ...?""" """എന്നോടെന്താ മിണ്ടാത്തേ...? എപ്പോഴും മുഖം വീർപ്പിച്ചു വച്ചിരിക്കും... എന്നെ ഒട്ടും ഇഷ്ടല്ലാത്ത പോലെ...""" നിമിഷനേരം കൊണ്ട് അവളുടെ മുഖം വാടി... """അച്ഛന് അങ്ങനെ ഇഷ്ടക്കേടൊന്നും കാണില്ല... പിന്നെ നീ പറഞ്ഞ പോലെ എക്സ്. മിലിട്ടറി അല്ലേ... കുറച്ചൊക്കെ മസ്സിലാവാം...""" ചിരിച്ചുകൊണ്ടാണ് ചന്ദ്രു പറഞ്ഞത്... എന്നിട്ടും ആദിയുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു... """എൻ്റെ ആദീ... നീയതിന് വിഷമിക്കേണ്ട... നിന്നോട് മാത്രമല്ലല്ലോ ഞങ്ങളോട് ആരോടേലും അച്ഛൻ ചിരിച്ച് സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ...? പിന്നെന്താ...?""" """ഒന്നൂല്ല... ന്നാലും...""" """എന്താ...""" """അപ്പോൾ അച്ഛൻ ലച്ചൂന്റെ ചേട്ടനോടും ലച്ചൂനോടുമൊന്നും ഇതുവരെയും നല്ല പോലെ മിണ്ടിയിട്ടേ ഇല്ലേ...? അല്ലേലും ഈ സിനിമേൽ കാണുന്നതൊക്കെ സത്യാ... പട്ടാളക്കാരൊക്കെ ഭയങ്കരന്മാരാ...""" കൊച്ചു കുഞ്ഞുങ്ങളെ പോലെ പറയുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി... ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കടുത്തായി ഇരുന്നു... """ആദീ... നീ പറയുന്ന പോലെ അത്ര ഭീകരൻ ഒന്നുമല്ല അച്ഛൻ...ഒരു പാവം... ലച്ചൂനും എനിക്കും അച്ഛൻന്ന് പറഞ്ഞാൽ ജീവനായിരുന്നു... ആയിരുന്നുന്നെന്നല്ല... ഇപ്പോഴും ആണ്... അമ്മയ്ക്ക് പോലും രണ്ടാം സ്ഥാനമേ ഞങ്ങൾ മക്കൾ കൊടുത്തിട്ടുള്ളൂ...

പിന്നെ ഇപ്പോഴെന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല...ഞാൻ അന്ന് പറഞ്ഞില്ലാരുന്നോ പാർവ്വതീടെ കാര്യം... അന്ന് മുതൽ ഉണ്ടായ ചില മാറ്റങ്ങൾ...""" """ലച്ചുവും അത് കൊണ്ടാണോ മിണ്ടാത്തേ...?""" """മ്മ്ഹ്...""" """ഞാനൊരു കാര്യം ചോദിച്ചാൽ ലച്ചൂന്റെ ചേട്ടൻ എന്നോട് ദേഷ്യപ്പെടുമോ..? വഴക്ക് പറയരുത്...""" """ഇല്ല... എന്താ...""" """അച്ഛനും രേവുമ്മയും എന്താ ചെയ്തേ...? ആ ചേച്ചീനെ കെട്ടുന്നത് ഇഷ്ടല്ലെന്ന് പറഞ്ഞു... അവരുടെ ഭാഗത്തൂന്ന് ആലോചിച്ചാൽ അതൊരു തെറ്റാണോ...? ഇനി അഥവാ തെറ്റ് തന്നെയാണെങ്കിലും ഉള്ളോരു കാലവും നിങ്ങൾ മക്കൾ അവരോട് മിണ്ടാതെയിരിക്കുവോ..?""" ചന്ദ്രു ഒന്നും മിണ്ടിയില്ല... ഓർമ്മകളിലേക്ക് മനസ്സ് ചേക്കേറിയെന്ന് പറയാം... """നിനക്ക് ലച്ചൂനോട് ചോദിക്കാന്മേലാരുന്നോ...?""" """ഞാൻ ചോദിച്ചതാ ചേട്ടായീ , അവളൊന്നും പറഞ്ഞില്ല... രേവുമ്മേടെ സങ്കടം കാണുമ്പോൾ വിഷമം തോന്നും...""" """എന്നിട്ട് നീയെന്താ ലച്ചൂന്റെ സങ്കടം കാണാതെ പോയേ...? അമ്മയോടും അച്ഛനോടും മിണ്ടാതിരിക്കുന്നത് അവൾക്ക് സന്തോഷമാണെന്നാ...?????""" """ചേട്ടായീ... ഞാൻ അങ്ങനെയൊന്നും..."""

"""അറിയാം... നിനക്കൊന്നുമറിയില്ല... എൻറെ ലച്ചു... ബന്ധം കൊണ്ട് അനുജത്തി ആണെങ്കിലും കർമ്മം കൊണ്ട് അവളെനിക്ക് എൻ്റെ മോളാ... ഈ ലോകത്ത് ഞാൻ കഴിഞ്ഞേ അവൾക്കെന്തുമുള്ളൂ... ആ അവളെ വച്ച് വില പേശിയാ എന്റച്ഛനും അമ്മയും എടിപിടീന്ന് നമ്മുടെ കല്യാണം നടത്തിയേ... അവളെങ്ങനെ സഹിക്കും...? നീ പറയ്, അവളുടെ സ്ഥാനത്ത് നീയായിരുന്നേൽ എങ്ങനെ സഹിക്കും...?""" """ഏട്ടാ...""" അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി... """സത്യമാണ്...""" ചന്ദ്രുവിന്റെ മനസ്സ് ഒരിക്കൽ കൂടി ഓർമ്മകൾക്ക് പിന്നാലെ പോയി... """അന്ന് അമ്മ അവളോട് ദേഷ്യപ്പെട്ട് തിരികെ വീട്ടിൽ വന്നപ്പോഴും എൻ്റെ ഇഷ്ടം അംഗീകരിക്കുമെന്ന് എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു... അച്ഛനിൽ പ്രതീക്ഷ ഉണ്ടായിരുന്നു... അമ്മ ഇടഞ്ഞു നിന്നെങ്കിലും അച്ഛൻ സമ്മതിച്ചു... വിവരം പറയാൻ പിറ്റേന്ന് രാവിലെ അവളുടെ വീട്ടിൽ പോയപ്പോൾ അവിടെ ആരുമില്ല... കാൾ ചെയ്തു നോക്കി... കിട്ടുന്നുണ്ടായിരുന്നില്ല... അടുത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ആർക്കും ഒന്നും അറിയില്ല... രാത്രി ഒരു ടാക്സിയിൽ കയറി പോയെന്ന് മാത്രം അറിയാം...

എവിടെ പോയി...? എന്തിന് പോയി...? ആർക്കുമറിയില്ല... എനിക്കറിയാവുന്ന ബന്ധങ്ങൾ വച്ച് അന്വേഷിച്ചു നോക്കി ... ഒരു വിവരവുമില്ല... ഊണും ഉറക്കവും ഇല്ലാതിരുന്ന കുറേ ദിനങ്ങൾ... അപ്പോഴൊക്കെ ആശ്വാസം അച്ഛനും ലച്ചുവും ആയിരുന്നു... അവൾ ഉറപ്പായും വരുമെന്ന് അവർ പറഞ്ഞു... ഞാനും അങ്ങനെ വിശ്വസിച്ചു... പതിയെ പതിയെ അമ്മയും മാറി... എൻറെ ഇഷ്ടം അംഗീകരിച്ചു... പക്ഷേ... ഒരാഴ്ചയ്ക്കിപ്പുറം വീട്ടിൽ എൻറെ അമ്മാവൻ വന്നു... ഓർക്കാപ്പുറത്തൊരു വിവാഹ ആലോചനയുമായി... അമ്മാവൻറെ മകൾ രേഷ്മയുമായി... ആലോചന കേട്ട നിമിഷം ഞാൻ എതിർത്തു... പക്ഷേ എന്നെ അമ്പരപ്പിച്ചത് അച്ഛനും അമ്മയും ആയിരുന്നു... എൻ്റെ ഇഷ്ടം അറിയുന്ന അവർ ആ ബന്ധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു... അനിയത്തിയെ പോലെ കണ്ടവളെ ഭാര്യയായി കാണാൻ ഞാൻ ഒരുക്കമല്ലായിരുന്നു... അവിടെ ഞാൻ വിജയിച്ചു... അത് കഴിഞ്ഞാണ് തന്റെ ആലോചന വന്നത്... അന്ന് വരെ ജാതകത്തിൽ വിശ്വാസമില്ലാതിരുന്ന അച്ഛൻ പോലും നിന്റെ കാര്യം വന്നപ്പോൾ എന്തൊക്കെയോ മുട്ടാപ്പോക്ക് ന്യായവും കൊണ്ട് എന്റെയരികിൽ വന്നു...

എൻറെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നപ്പോൾ അവർ മുന്നിൽ കൊണ്ട് നിർത്തിയത് എന്റെ ലച്ചുവിനെ ആയിരുന്നു... അവളെ വച്ചൊരു വിലപേശൽ... അവൾ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ഒരു പയ്യന് അവളെ ഇഷ്ടമായിരുന്നു... ഇഷ്ടംന്ന് പറഞ്ഞാൽ നമുക്ക് ചില കളിപ്പാട്ടങ്ങളോട് ചില കാലയളവിൽ മാത്രം ഇഷ്ടം തോന്നില്ലേ... അത് കഴിയുമ്പോൾ വലിച്ചെറിയുകയും ചെയ്യും... അതുപോലെ ഒരു ഇഷ്ടം... അവൻ ലച്ചുവിനോട് ഇഷ്ടം പറഞ്ഞ് ചെന്നപ്പോൾ അവളെന്തോ പറഞ്ഞ് അവനെ കളിയാക്കി വിട്ടു... അവനത് വാശിയായി... അവൻറെ വീട്ടുകാർ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു... കൊച്ചല്ലേ... പിന്നെ അവന്റെ സ്വഭാവം വച്ച് ഞങ്ങളും എതിർത്തു... അത് കഴിഞ്ഞ് ഒരു ദിവസം വഴിയിൽ വച്ച് അവനവളെ കയറി പിടിച്ചു... അടിയായി.., വഴക്കായി... അങ്ങനെയാണ് അവളെ ഇവിടെ നിന്ന് മാറ്റി പഠിപ്പിക്കുന്നത്... നിന്നെ കെട്ടാൻ ഞാൻ സമ്മതിച്ചില്ലെങ്കിൽ അവിടെ ബലിയാടാവുന്നത് എൻറെ ലച്ചു ആയിരുന്നു... എൻെറ കൊച്ചിന്റെ ജീവിതം ഇല്ലാണ്ടാക്കിയിട്ട് എനിക്കെന്ത് ജീവിതം..? ഞാൻ തോൽവി സമ്മതിച്ചു...

പക്ഷേ എനിക്കിപ്പോഴും അറിയില്ല ആദീ... അച്ഛനും അമ്മയും എന്തിനങ്ങനെയൊക്കെ ചെയ്‌തെന്ന്... """ ബാക്കി പറയാൻ അവന് കഴിഞ്ഞില്ല... അവൾക്കും... ആരുടെയൊക്കെയോ ദുർവാശിയുടെ പേരിൽ മാത്രം നടന്ന വിവാഹം... അവിടെ ഇഷ്ടത്തിനും സ്നേഹ ബന്ധങ്ങൾക്കും ഒന്നും യാതൊരു പ്രസക്തിയും ഇല്ലായിരുന്നു... പരസ്പരം ഇഷ്ടപ്പെടാത്ത രണ്ടു പേർ... രണ്ട് വ്യത്യസ്ത ജീവിതം ആഗ്രഹിച്ചവർ... പക്ഷേ... അപ്പോഴും പുകമറയായി എന്തൊക്കെയോ അവശേഷിക്കുന്നുണ്ടായിരുന്നു... """അപ്പോൾ ചേട്ടായി എന്നെ ഇഷ്ടപ്പെടാതെ കെട്ടിയതാരുന്നല്ലേ...?""" """ആദീ... എനിക്ക് നിന്നെ......................""" """എന്നെ...?""" ഒരു പുരികം പൊക്കി തന്നെ സംശയത്തോടെ നോക്കുന്നവളെ കാൺകെ പറയാൻ വന്നത് അവൻ വിഴുങ്ങി... പതറിപ്പോയ മനസ്സിനെ കൈപ്പിടിയിൽ ഒതുക്കി മുഖത്ത് ഗൗരവം എടുത്തണിഞ്ഞു...

"""കിടന്നുറങ്ങിക്കൂടേടീ... രാവിലെ എഴുന്നേറ്റ് പഠിക്കാനുള്ളതാ...""" """പഠിക്കാനോ...?""" """എന്തേ... അങ്ങനെയൊന്ന് കേട്ടിട്ടില്ലേ...? മര്യാദയ്ക്ക് കിടന്നുറങ്ങെടി...""" """ഇങ്ങേരാരാ മരയോന്തോ...? നിമിഷനേരം കൊണ്ടല്ലേ ഭാവം മാറുന്നേ..?""" ദേഷ്യപ്പെട്ട് ബാൽക്കണിയിൽ ഇറങ്ങി പോകുന്നവനെ നോക്കി ആദി പിറുപിറുത്തു... ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല... പാവം ലച്ചു... രേവുമ്മയോട് ദേഷ്യപ്പെടുമ്പോഴൊക്കെ അവളെ ഞാൻ എന്തോരം വഴക്ക് പറഞ്ഞെന്നോ... ന്നാലും രേവുമ്മയും അച്ഛനും എന്തിനാ അങ്ങനെയൊക്കെ ചെയ്തേ...? പാവം ചേട്ടായി... പക്ഷേ രേവുമ്മ... രേവുമ്മയും പാവല്ലേ... കണ്ടിട്ട് പട്ടാളവും പാവമാ...എത്രയൊക്കെ തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ആര് ശരി..? ആര് തെറ്റ്...? എന്നതിന് ഒരുത്തരം അവൾക്ക് കിട്ടിയില്ല... അത് കൊണ്ട് തന്നെ നിദ്രാദേവി അവളിൽ നിന്നകലെ മാറി നിന്നു.........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story