കിച്ചന്റെ പെണ്ണ്: ഭാഗം 2

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

രാവിലെ ആദിയെ മുറിയിൽ കാണാതെ കിച്ചുവിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു... പെണ്ണ് എന്നും വരുന്ന സമയം കഴിഞ്ഞു... എങ്കിലും കുറച്ചു നേരം കൂടെ കാത്തിരുന്നു... എന്നിട്ടും വരുന്നില്ലെന്ന് കണ്ട് കലി തുള്ളി താഴേക്കിറങ്ങി... ഹാളിൽ അച്ഛൻ പത്രം വായിച്ച് ഇരിപ്പുണ്ട്... അത് ശ്രദ്ധിക്കാതെ അവളുടെ വീട്ടിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് അടുക്കളയിൽ നിന്നും ആദിയുടെ കൊഞ്ചലും കലപില ശബ്ദവും കേൾക്കുന്നത്... അവൻ അങ്ങോട്ട് നടന്നു... അവൻ നോക്കുമ്പോൾ ആള് സ്ലാബിൽ കയറിയിരുന്ന് തലയിൽ ഒരു തോർത്തൊക്കെ കെട്ടി തേങ്ങ ചിരകിക്കൊണ്ടിരിപ്പുണ്ട്... പക്ഷേ പ്ലേറ്റിലെങ്ങും ഒരു നുള്ള് തേങ്ങയില്ല.., ചിരകുന്നത് മുഴുവൻ പോകുന്നത് പെണ്ണിൻ്റെ വായിലോട്ടാണെന്ന് മാത്രം... """ശ്രീയമ്മോ എനിക്കിന്ന് മാമ്പഴ പുളിശ്ശേരി വേണം...""" """അയിന്...""" """ശ്രീയമ്മ ഉണ്ടാക്കിത്തരണം...""" """അയ്യോടി... വേണേൽ തന്നെ ഉണ്ടാക്കി കഴിക്കണം...""" """ശ്ശെടാ... ഞാൻ ഉണ്ടാക്കിയാൽ ശ്രീയമ്മ ഉണ്ടാക്കുന്ന ടേസ്റ്റ് കിട്ടുവോ...? എനിക്കേ അതാ ഇഷ്ടം...""" """അല്ലാതെ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല..."""

"""ഈ.... എൻ്റെ ശ്രീയമ്മ സൂപ്പർ അല്ലേ...""" അവൾ അവരുടെ കവിളിൽ ചെറുതായൊന്ന് പിച്ചി... """എൻ്റെ കൊച്ചേ രാവിലെ നീ എന്നെ പതപ്പിക്കാതെ മേലോട്ട് പോകാൻ നോക്ക്... ഇല്ലേൽ ഒരുത്തൻ വിറളി പിടിച്ച് താഴോട്ട് കെട്ടിയെടുക്കും...""" """വിറളി പിടിക്കാൻ ശ്രീയമ്മേടെ മോനാരാ കൊലകൊമ്പനോ...?""" ആ പെണ്ണ് വായ്പൊത്തി ചിരിച്ചു... എന്തോ പെണ്ണിന്റെ കുറുമ്പ് കണ്ട് അതുവരെ തോന്നിയ ദേഷ്യം അലിഞ്ഞില്ലാതാകുന്നത് അവൻ അറിഞ്ഞു... """ഉവ്വേ... അവൻ്റെ നേരെ നിൽക്കാൻ ധൈര്യമില്ലാത്തവളാ... അവനെ കാണുമ്പോഴേ പെണ്ണിന്റെ മുട്ടിടിക്കുന്നത് കാണാം...""" അവർ കളിയാക്കി... """മുട്ടിടിക്കാൻ ശ്രീയമ്മേടെ മോനാരാ ദേവേന്ദ്രനോ...? ഈ ആദിക്കേ ആരേം പേടിയൊന്നൂല്ലാ... ഒരു ദേവേന്ദ്രൻ വന്നേക്കുന്നു... ഹും... മരപ്പട്ടി... അലവലാതി...""" വായിൽ തോന്നിയതെന്തൊക്കെയോ ആ പെണ്ണ് വിളിച്ചു കൂവി... അത് കഴിഞ്ഞാണ് വാതിലിനപ്പുറത്തായി നിൽക്കുന്ന കിച്ചേട്ടനെ കണ്ണിലുടക്കിയത്... അവനെ കണ്ടതും അവൾ അറിയാതെ സ്ലാബിൽ നിന്നും എഴുന്നേറ്റു... അവൻ അടുത്ത് വരുന്നത് കണ്ട് ഒരു പിടച്ചിലോടെ ശ്രീയമ്മയെ നോക്കി...

അവർ എന്തോ അർഥം വച്ച് തന്നെ നോക്കി ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി... അവനെ കണ്ടതിന്റെ പതർച്ച മറച്ചു വച്ച് തലേന്നത്തെ പിണക്കത്തിന്റെ ബാക്കിപത്രമെന്നോണം അവൾ മുഖമെല്ലാം കൊട്ടയ്ക്ക് വീർപ്പിച്ചു വച്ചു... """ഞാൻ പോവാ ശ്രീയമ്മേ...""" എന്ന് പറഞ്ഞ് അവനെ ഗൗനിക്കാതെ നടക്കാൻ തുടങ്ങി... """ഹാ... നിക്ക് ആദി... നിനക്ക് പുളിശ്ശേരി വേണ്ടേ...?""" """ശ്രീയമ്മ ഉണ്ടാക്കി വച്ചാൽ മതി... ഞാൻ ഉച്ചയ്ക്ക് വന്ന് കഴിച്ചോളാം...""" """എങ്ങോട്ടാടി പോകുന്നേ...?""" കിച്ചു ആദിക്ക് തടസ്സമായി നിന്നു... അവൾ അവൻറെ മുഖത്ത് നോക്കിയില്ല... """നിനക്കിന്ന് കോളേജിൽ പോവണ്ടേ...?""" അവൻ ചോദിച്ചതിന്റെ ധ്വനി അവൾക്ക് വേഗം മനസ്സിലായി... എന്നിട്ടും മിണ്ടാതെ അല്പം ഒഴിഞ്ഞു മാറി നടന്നു... """ശനിയാഴ്ചയായിട്ട് ക്ലാസ്സെടുക്കാൻ യാടെ ആരേലും വരുമോ...?""" കുറച്ച് മുന്നോട്ട് ചെന്നതും അവന് കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞു... """വേണ്ടെടി നിനക്ക് ക്ലാസ്സെടുക്കാൻ ഞാൻ വരാം... എന്തേ...?""" തനിക്ക് പിന്നാലെ കിച്ചു വരുന്നത് കണ്ട് അവൾ ജീവനും കൊണ്ടോടി...

എന്തോ കുറച്ച് നടന്നിട്ട് അവൻ കലി തുള്ളി തിരികെ മുറിയിലേക്ക് പോകുന്നത് കണ്ടു... """എന്താടോ ഒരുത്തി മുഖവും വീർപ്പിച്ച് പോകുന്നു.., ഒരുത്തൻ വീട് ഇളക്കി മറിച്ചു പോകുന്നു... എന്ത് പറ്റി...?""" പ്രിയതമയെ കണ്ട് ദേവൻ കാര്യം തിരക്കി... """അവരുടെ പ്രശ്നം അവർക്കല്ലേ അറിയൂ... ന്നാലും എൻ്റെ ദേവേട്ടാ നിങ്ങടെ മോന് എൻ്റെ കൊച്ചിനെ ഒന്ന് പ്രേമിച്ചാലെന്താ...?""" """എന്തോ...?""" """നിങ്ങടെ ചെവിക്കെന്താ മനുഷ്യാ പൊട്ടുണ്ടോ...?""" """നല്ല ബെസ്റ്റ് അമ്മ... മോനേ പ്രേമിക്കാൻ പ്രോത്സാഹിപ്പിക്കുന്നോടോ...?""" അയാൾ അവരെ കളിയാക്കി... """അധികം കളിയാക്കുവൊന്നും വേണ്ടാ... നിങ്ങള് കണ്ടോ... നാളെ എന്റ്റെ കൊച്ചിനെ കാണാൻ വരുന്നവന് ഞാനൊരു ഒരുക്കൊരുക്കുന്നുണ്ട് ...""" അത്രയും പറഞ്ഞ് അവർ വെട്ടിത്തിരിഞ്ഞു നടന്നു... പ്രിയതമയുടെ പോക്കും നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ നേരവും ആദി പേരിന് പോലും കിച്ചുവിനെ നോക്കിയില്ല... എന്നാലോ പാത്രത്തിൽ കിള്ളിക്കൊണ്ടിരുന്നതല്ലാതെ ഒന്നും കഴിച്ചതുമില്ല... "

""എന്റെ ആദീ.., ഇങ്ങനെ കിള്ളിക്കൊണ്ടിരിക്കാതെ വല്ലതും കഴിക്കാൻ നോക്ക്... ഇല്ലേലെ നാളെ കാണാൻ വരുന്നവൻ നിന്നെ കണ്ടിട്ട് ഉണക്കക്കമ്പിൽ തുണി ചുറ്റി വച്ചേക്കുവാണെന്ന് പറയും...""" """ശ്രീയമ്മേ...""" ആദി ചിണുങ്ങി... ശ്രീദേവി അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മിക്കാട്ടി ശേഷം തൻ്റെ മകനെ നോക്കി... നേരത്തെ ആഹാരത്തിൽ ശ്രദ്ധ കൊടുത്തിരുന്നവൻ നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടു... എന്തിനെന്നറിയാത്തൊരു കുഞ്ഞുസന്തോഷം അവരിൽ തല പൊക്കി... """ആരെ കാണാൻ വരുന്നെന്നാ...?""" കാര്യം മനസ്സിലാകാതെ കിച്ചു അച്ഛനെയും അമ്മയെയും നോക്കി... """ഹാ... നിന്നോട് പറയാൻ വിട്ട് പോയി... നാളെ ആദിയെ കാണാൻ ഒരു കൂട്ടര് വരണുണ്ട്...""" """ശരിക്കും... ന്നാ പിന്നെ നല്ലതുപോലെ കഴിച്ചോ ആദി മോളേ... ചുമ്മാ അച്ഛായെ പറയിപ്പിക്കാതെ...""" പാത്രത്തിൽ വിളമ്പിയ ചോറ് കൂടാതെ ഒരു തവി ചോറ് അധികം കഴിച്ചിട്ടാണ് കിച്ചു എഴുന്നേറ്റ് പോയത്... മകനിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചിട്ട് അവനിൽ നിന്ന് തന്നെ അടി കിട്ടിയതു പോലെയായി ആ അച്ഛനും അമ്മയ്ക്കും... 💞💞💞💞💞💞💞💞💞💞💞💞💞💞💞

മുറിയിലെത്തിയ കിച്ചുവിന് ദേഷ്യം വന്ന് വിറഞ്ഞു കയറുന്നുണ്ടായിരുന്നു... ആദി തന്നോട് മുഖം തിരിച്ചിരിക്കുന്നതിന്റെ ദേഷ്യം ഒരു വശത്ത്..., അവളെ കാണാൻ നാളെ ഏതോ ഒരുത്തൻ കെട്ടിയെടുക്കുന്നതിന്റെ മറുവശത്ത്.., അവന് ഉള്ളം കാൽ മുതൽ പെരുത്ത് കയറാൻ തുടങ്ങി... 'നിന്നെ ഞാൻ നാളെ തന്നെ കെട്ടിക്കാടി...' മനസ്സിൽ പറഞ്ഞ് ചാവിയും എടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പാദസരത്തിന്റെ കൊഞ്ചൽ നാദം കേൾക്കുന്നത്... ഇറങ്ങിയത് പോലെ തന്നെ തിരിച്ച് അകത്തു കയറി കയ്യിൽ കിട്ടിയ ഒരു മാസികയെടുത്ത് വായിക്കാൻ തുടങ്ങി... """കിച്ചേട്ടാ...""" """മ്മ്...""" അവൻ മാസികയിൽ നിന്ന് മുഖമുയർത്താതെ ഒന്ന് മൂളി... """കിച്ചേട്ടാ എനിക്ക് ഒരു കാര്യം പറയണം...""" """മ്മ്മ്...ന്താ...""" """നാളെ എന്നെ കാണാൻ ഒരു കൂട്ടര് വരണു...""" """അയിനെന്താ കാണണം...""" """ഇഷ്ടായാൽ എന്നെ കെട്ടും...""" """കെട്ടിക്കോട്ടേ...""" """കിച്ചേട്ടന് വിഷമമില്ലേ...?""" """ഞാനെന്തിനാ പെണ്ണേ വിഷമിക്കുന്നേ...?""" """അപ്പോൾ കിച്ചേട്ടന് എന്നെ ഇഷ്ടല്ലേ...""" ആ പെണ്ണിന്റെ സ്വരം ഇടറി... അവൻ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു...

"""ഇഷ്ടം... ഇഷ്ടമാണല്ലോ...""" """ആ ഇഷ്ടമല്ല... കിച്ചേട്ടൻ എന്നെ കെട്ടില്ലേ...?""" """എന്തൊക്കെയാ ആദീ നീയീ പറയുന്നേ...? കെട്ടാനോ...?""" അവൻ മുഖത്ത് കുറച്ച് ഗൗരവം വരുത്തി... """പിന്നെന്തിനാ എന്നെ ഉമ്മ വച്ചേ...""" """ഉമ്മ വച്ചെന്ന് കരുതി... ഞാൻ ചെറുപ്പത്തിൽ അപ്രത്തെ രമ്യയെ ഉമ്മ വച്ചിട്ടുണ്ടല്ലോ...? എന്ന് കരുതി അവളെ കെട്ടണമെന്നുണ്ടോ...? """ അവൻ മാസിക മടക്കി വച്ച് എഴുന്നേറ്റു... അപ്പോഴും ആ പെണ്ണ് കൺ നിറച്ചിരിക്കുന്നത് കണ്ടു... """എൻ്റെ ആദീ, നീ അധികം തല പുകയ്ക്കാണ്ട്‌ താഴോട്ട് പോവാൻ നോക്ക്... അവക്ക് കെട്ടണം പോലും... പൊട്ടിപ്പെണ്ണ്...""" അവളുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തവൻ... ബൈക്കിന്റെ ചാവിയെടുത്തു പുറത്തിറങ്ങി പോകുമ്പോഴും തന്നെ വേദനയോടെ നോക്കുന്ന കണ്ണുകളെ അവൻ കണ്ടില്ലെന്ന് നടിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 അന്ന് രാത്രി ആദി ഉറങ്ങിയില്ല... 'കിച്ചേട്ടന് എന്നെ ഇഷ്ടല്ലേ... ആണല്ലോ... ആ കണ്ണുകളിൽ നിറയെ ആദിയോടുള്ള സ്നേഹല്ലേ...? പിന്നെന്തിനാ ന്നെ ഇഷ്ടല്ലെന്ന് പറഞ്ഞേ...? അതോ ശരിക്കും ഇഷ്ടല്ലേ...? ഒരേ ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിച്ച് എങ്ങനെയൊക്കെയോ ആ പെണ്ണ് നേരം വെളുപ്പിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റെങ്കിലും പതിവിനും വിപരീതമായാണ് ആദി ഓരോന്ന് കാട്ടിക്കൂട്ടിയത്... മിക്കപ്പോഴും വീട്ടിൽ ദാവണിയോ പാവാടയോ ചുറ്റി നടക്കുന്നവൾ അന്ന് ഒരു ഷോർട്ടും ടി ഷർട്ടും എടുത്തിട്ടു... മുടിയുണക്കി അമ്മക്കെട്ട് പോലെ ഉച്ചിയിൽ കെട്ടി വച്ചു... കരിമഷിയെടുത്ത് നല്ല വട്ടത്തിലൊരു പൊട്ട് തൊട്ടു... സ്വന്തം മുഖം എങ്ങനെയൊക്കെ വികൃതമാക്കാവോ അങ്ങനെയൊക്കെ ചെയ്തു... മകൾ ഒരുങ്ങി വരുന്നതും നോക്കിയിരുന്ന ആദിയുടെ അച്ഛൻ ശരിക്കും മകളുടെ പുതിയ കോലം കണ്ട് വാ തുറന്നുപോയി... പൊതുവേ അവളുടെ കുറുമ്പുകളെല്ലാം ആസ്വദിക്കാറുള്ളതാണ്... എന്ത് കാണിച്ചാലും ചിരിച്ച് തള്ളിയിട്ടേ ഉള്ളൂ... ഇന്നെന്തോ ചന്ദ്രൻ ദേഷ്യപ്പെട്ടു... അലമാരയിൽ നിന്നും സെറ്റിന്റെ ഒരു പുതിയ സാരിയെടുത്ത് കൊടുത്ത് ദേഷ്യത്തോടെ ഇറങ്ങിപ്പോയി... ശ്രീദേവി വരുമ്പോൾ കാണുന്നത് എന്തൊക്കെയോ പതം പറഞ്ഞ് കരഞ്ഞു കൊണ്ട് സാരി വലിച്ചു ചുറ്റുന്ന ആദിയെയാണ്... കാര്യം അറിഞ്ഞപ്പോൾ ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥ... പിന്നെ എന്തൊക്കെയോ പറഞ്ഞവർ ആദിയെ സമാധാനിപ്പിച്ചു... ചെറുക്കൻ കൂട്ടര് വന്നതും ചന്ദ്രൻ മകളെ വിളിച്ചു... ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെയാണ് ആദി ഇറങ്ങി വന്നത്... ചെക്കന്റെ മുന്നിലെത്തിയിട്ടും അവൾ മുഖം ഉയർത്തി നോക്കിയില്ല... അച്ഛൻ ചായ എടുത്ത് കൊടുക്കാൻ പറഞ്ഞത് കേട്ട് ആദി ട്രേയിൽ നിന്നും ചായ എടുത്തില്ല..., അപ്പോഴേക്കും പടക്കം പൊട്ടുമാറ് ഉച്ചത്തിൽ എന്തോ ശബ്ദം കേട്ടു........ (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story