കിച്ചന്റെ പെണ്ണ്: ഭാഗം 20

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

രാവിലെ ചന്ദ്രു വിളിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്... രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ട് ഏതോ അന്യഗൃഹ ജീവി വിളിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്,.. ഒടുവിൽ ബോധം വീഴാൻ തല വഴി വെള്ളം കമഴ്‌ത്തേണ്ടി വന്നു അവന് ... """ഡീ... ഞാൻ ജോഗിങ്ങിന് പോവാ... മര്യാദയ്ക്ക് ഇരുന്ന് പഠിക്കണം...""" ആദി തലയാട്ടി... """ഞാൻ പോയിക്കഴിഞ്ഞ് മൂടിപ്പുതച്ച് ഉറങ്ങാനാ ഭാവമെങ്കിൽ ദേണ്ടേ ഞാനിവിടെ സി സി ടി വി വച്ചിട്ടുണ്ട്... നീയുറങ്ങിയെന്നെങ്ങാനം ഞാൻ അറിഞ്ഞാൽ ബാക്കിയൊക്കെ വന്നിട്ട്...""" ഉറക്ക പിച്ചിലാണെങ്കിലും അവൾ ശരിക്കും ഞെട്ടി... സിസിടിവിയോ...? അതിലും ഞെട്ടിയത് താൻ മൂടിപ്പുതച്ച് ഉറങ്ങുമെന്ന് പറഞ്ഞത് കേട്ടിട്ടാണ്... ലച്ചൂന്റെ ചേട്ടന് എങ്ങനെ അറിയാം...? മനസ്സിലെ ചോദ്യം വാക്കുകളായി പുറത്ത് വന്നു.... ഒരു നിമിഷം അവനും എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... കിച്ചു പറഞ്ഞു തന്നതാണ് ആദിയുടെ സ്വഭാവം... രാവിലെ ആദിയെ വിളിച്ച് പഠിക്കാൻ ഇരുത്തുന്നത്‌ അല്പം പണിപ്പെട്ട പരിപാടിയാണ്...

എഴുന്നേൽക്കാതിരിക്കാനായി അസുഖങ്ങളുടെ ഒരു നീണ്ട നിര അവൾ നിരത്തും... ഇനി എഴുന്നേറ്റ് കഴിഞ്ഞ് അടുത്ത് ആളില്ലെങ്കിലോ സുഖമായി കിടന്നുറങ്ങുകയും ചെയ്യും... """നീയല്ലേ ആള്... നീ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും... ഇതൊക്കെ ഏത് പൊട്ടനും ഊഹിക്കാവുന്നതേയുള്ളൂ...""" ചന്ദ്രു വായിൽ വന്നത് തട്ടി വിട്ടു... """അയ് ശരി... പൊട്ടനായിരുന്നല്ലേ...""" ആദി ചുണ്ടനക്കി... അവനത് കൃത്യമായി കണ്ട് പിടിക്കുകയും ചെയ്തു... അവളെ ഒന്ന് കനത്തിൽ നോക്കിയതും ആദി ടെക്സ്റ്റിൽ മുഖം പൂഴ്ത്തി... ചന്ദ്രു പോകുന്നത് വരെ ആദി മുഖം ഉയർത്തിയില്ല... അവൻ പോയെന്ന് തോന്നിയതും ഏന്തി വലിഞ്ഞ് എത്തി നോക്കി... ശേഷം ദീർഘശ്വാസം എടുത്തു... """ദൈവമേ ചേട്ടായി ഇനി സിസിടിവി എങ്ങാനും... ഏയ്... ചേട്ടായി അത്തരക്കാരൻ നഹീ... ന്നാലും...""" അവൾ വെറുതേ മുറിയുടെ ഓരോ കോണിലും ഭിത്തിയിലും നോക്കി... സിസിടിവി ഇല്ലെന്ന് ഉറപ്പ് വരുത്തി ഡോറും ചാരി കട്ടിലിലേക്ക് മറിഞ്ഞു... 'ഹും.., ആദിയോടാ കളി...' പുതപ്പെടുത്ത് തലവഴി മൂടിയതും ഏതോ വെളിപാട് കിട്ടിയത് പോലെ ചാടിപ്പിടിച്ച് എഴുന്നേറ്റു... കണ്ണുകൾ ആദ്യം പോയത് ടേബിളിലിരുന്ന ചന്ദ്രുവിന്റെ പേന മേൽ ആയിരുന്നു... """ഇനി അതിൽ എങ്ങാനം... ഏയ്..."""

വീണ്ടും അവൾ മുറിയാകെ നോക്കി... കബോർഡിന് വെളിയിൽ തൂക്കിയിട്ടിരുന്ന അവന്റെ ഷർട്ട് കണ്ടതും കണ്ണുകൾ കൂർപ്പിച്ച് അതിലേക്ക് നോക്കി... """എൻ്റെ ശിവനേ.... ചേട്ടായി പറഞ്ഞത് സത്യമാണെങ്കിലോ...?""" ഇരിക്കപ്പൊറുതിയില്ലാതെ ആദി വീണ്ടും ടേബിളിന് മുന്നിൽ വന്നിരുന്നു... ടെക്സ്റ്റ് എടുത്ത് കയ്യിൽ പിടിച്ചു... ലച്ചുവിനെ വിളിക്കാൻ തോന്നിയെങ്കിലും ചന്ദ്രുവിനെ ഓർത്ത് ആ ശ്രമം ഉപേക്ഷിച്ചു... ടേബിളിൽ ചാരി താടിക്ക് കൈവച്ചവൾ ഇരുന്നു... ഓരോ തവണ ഉറക്കം തൂങ്ങി ടേബിളിൽ വന്ന് തലയിടിക്കുമ്പോഴും ആദി ഞെട്ടി എഴുന്നേൽക്കും... പിന്നെയും അതന്നെ അവസ്ഥ... """ഉറക്കെ വായിക്കെടി... എനിക്ക് കേൾക്കണം...""" കിച്ചേട്ടന്റെ സ്വരം കേട്ട് അവൾ കണ്ണ് തുറന്നു... ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല... പിന്നീട് ഉറക്കവും വന്നില്ല... മണി ആറ് ന്നായതും എഴുന്നേറ്റു... ഒന്ന് ഫ്രഷായി താഴെ കിച്ചണിലേക്ക് നടന്നു... """ഗുഡ് മോർണിംഗ് രേവുമ്മേ...""" """അച്ചോടാ ആരാത്...? എന്ത് പറ്റി രേവുമ്മയുടെ കുട്ടി രാവിലെ എഴുന്നേൽക്കാൻ...?""" രേവതി ചിരിച്ചു കൊണ്ട് മൂക്കിന് കുറുകെ വിരൽ വച്ചു...

"""ഞാനേ രാവിലെ എഴുന്നേറ്റ് പഠിച്ചതാ...""" """ആണോ... മിടുക്കി... എന്നിട്ട് നീ ലച്ചുവിനെ വിളിച്ചോ...?""" """ലച്ചു ഉറങ്ങുവാ രേവുമ്മേ... ഉറങ്ങുന്നവരെ നമ്മൾ ശല്യം ചെയ്യാൻ പാടുണ്ടോ...?""" """അതില്ല...""" """ആ എന്നാൽ രേവുമ്മ മോനോട് കൂടി ഒന്ന് പറഞ്ഞു കൊടുക്കണം... ഉറങ്ങുന്നവരെ മേലാൽ വിളിച്ച് എഴുന്നേൽപ്പിക്കരുതെന്ന്...""" അവൾ ചുണ്ടു കോട്ടി... പെണ്ണിന്റെ കുറുമ്പ് കണ്ട് അവർ ചിരിച്ചു... അച്ഛന് താൻ ചായ കൊണ്ട് കൊടുക്കാമെന്ന് അവൾ പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ തലയാട്ടി... ആദി നേരെ സിറ്റ് ഔട്ടിലേക്കാണ് പോയത്... പത്രത്തിന് മുന്നിൽ ഇരിപ്പുണ്ട് ലച്ചൂന്റെ അച്ഛൻ... """ഹാ... പട്ടാളം രാവിലെ വേതാളത്തെ എടുത്ത് കയ്യിൽ പിടിച്ചല്ലോ...""" ആദി മനസ്സിൽ പറഞ്ഞു... എന്നിട്ട് മുരടനക്കി... ആദിയെയും അവളുടെ കയ്യിലെ ചായയും കണ്ട് ലച്ചൂന്റെ അച്ഛൻ വിശ്വാസം വരാതെ അവളെ നോക്കി... """നോക്കണ്ട... ചായ അച്ഛനാണ്...""" എന്തുകൊണ്ടോ സന്തോഷം കൊണ്ട് ലച്ചൂന്റെ അച്ഛന്റെ മനസ്സ് നിറഞ്ഞു... എങ്കിലും വെറുതേ ചായയിൽ അയാൾ സൂക്ഷ്മമായി നോക്കി... ഏത്.., മുൻകാല അനുഭവം അങ്ങനെയാണല്ലോ...

"""പേടിക്കേണ്ട അച്ഛാ... ഞാൻ വിമ്മോന്നും കലക്കിയിട്ടില്ല...""" വിനയാന്വിതയായി ഉള്ള അവളുടെ മറുപടിയിൽ അയാൾക്ക് ചിരി വന്നു... ചന്ദ്രു ഈ കാഴ്ചയും കണ്ട് കൊണ്ടാണ് കയറി വന്നത്... അവന് സന്തോഷം തോന്നിയെങ്കിലും പുറമേ കാണിക്കാൻ നിന്നില്ല... """ഡീ... നീ പഠിക്കാതെ ഇവിടെ വന്ന് നിൽക്കുവാണോ..?""" """ഞാൻ പഠിച്ചു കഴിഞ്ഞിട്ടാ വന്നത്... സംശയമുണ്ടേൽ ലച്ചൂന്റെ ചേട്ടൻ സിസിടിവി എടുത്ത് നോക്ക്...""" ആദി അല്പം പരിഭവിച്ചു പറഞ്ഞു... ചന്ദ്രു ശരിക്കും ഞെട്ടി പോയിരുന്നു... അവൾ പഠിക്കാൻ വേണ്ടിയാണ് സിസിടിവി വച്ചിട്ടുണ്ടെന്ന് കള്ളം പറഞ്ഞത്... ഈ കുരിപ്പ് പരിസരം പോലും നോക്കാതെ വിളിച്ചു കൂവുമെന്ന് കരുതിയില്ല... അവന് അച്ഛന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി... അവിടുന്ന് എങ്ങനെയെങ്കിലും വലിഞ്ഞാൽ മതിയെന്ന് കരുതി റൂമിലേക്ക് പോകാൻ തിരിയുമ്പോഴാണ് ആദി പിന്നിൽ നിന്നും വിളിക്കുന്നത്... """ലച്ചൂന്റെ ചേട്ടന് ചായ എടുക്കട്ടോ...""" അവൻ അവിടെ നിന്നു... ചന്ദ്രൂന്റെ ശബ്ദം കേട്ട് അപ്പോഴേക്കും രേവതി ചായയും കൊണ്ട് വന്നിരുന്നു... രേവതിയത് ആദിക്ക് നേരെ നീട്ടി... ആദിയത് ചന്ദ്രുവിനും... അത്ര സുഖകരമല്ലാത്ത മൗനം... എങ്കിലും മറ്റ് മൂന്ന് പേരുടെയും ഉള്ളിൽ എങ്ങ് നിന്നോ സന്തോഷം വന്ന് നിറയുന്നുണ്ടായിരുന്നു...

ചന്ദ്രു പോകുന്ന വഴിയിൽ കോളേജിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത് കൊണ്ട് ആദിയും ലച്ചുവും നേരത്തേ ഒരുങ്ങിയിറങ്ങി... """നീ അസ്സൈഗ്ന്മെന്റ് എഴുതിയാരുന്നോടി...""" """പിന്നല്ലാ... ഈ ലച്ചുവിനെ കുറിച്ച് നീ എന്ത് കരുതി...? മ്മ്ഹഹ്..?""" ഇല്ലാത്ത കോളർ പൊക്കി കാണിക്കുന്നവളെ ആദി സംശയത്തോടെ നോക്കി... """അതുണ്ടല്ലോ അച്ചൂസേ... ഗ്രൂപ്പിൽ ആരോ ആൻസർ എഴുതി ഇട്ടാരുന്നു... ഞാൻ അവിടെയും ഇവിടെയും ഒക്കെ മോഡിഫൈ ചെയ്തിട്ട് കോപ്പി പേസ്റ്റ് ചെയ്തു ... അല്ല പിന്നെ...""" നേരിയ ചമ്മലോടെ അവൾ പറഞ്ഞു... """അയ്യടാ... എന്തൊരു ബുദ്ധി...""" ആദി കളിയാക്കി... 💞💞💞💞💞💞💞💞💞💞💞💞💞💞 കോളേജിൽ എത്തിക്കഴിഞ്ഞാൽ ഇരുവരും മറ്റൊരു ലോകത്താണ്... രണ്ട് ഡിപ്പാർട്ട്മെന്റ് ആയത് കൊണ്ട് ക്ലാസ് ടൈമിൽ തമ്മിൽ കാണുന്നത് വിരളമാണ്... ന്നാലും തരം കിട്ടിയാൽ ലച്ചു ഓടിയെത്തും... ഇപ്പോൾ ആദിയുടെ കൂട്ടുകാർക്ക് ലച്ചുവും അവരിലൊരാളാണ്... വിവാഹം വിളിക്കാത്തതിൽ അവർക്ക് ആദിയോട് പരിഭവം ആയിരുന്നു... മ്മടെ ആദിയല്ലേ ആള്, കരഞ്ഞും കാലുപിടിച്ചും അവരെ മയപ്പെടുത്തിയെടുത്തു... ചില ഘട്ടങ്ങളിൽ ഒഴിഞ്ഞു മാറേണ്ടിയും വരും... അവരുടെ ചില ചോദ്യങ്ങൾ... 'ഹസ് എങ്ങനെയാ...? റൊമാന്റിക് ആണോ...? '

ചന്ദ്രു നല്ലൊരു സുഹൃത്ത് ആണെന്ന് പറയുന്നതിൽ അവൾക്ക് യാതൊരു മടിയും ഇല്ലായിരുന്നു... പക്ഷേ... എന്നും രാവിലെ ചന്ദ്രു അവരെ കോളേജിൽ കൊണ്ട് വിടും... ക്ലാസ്സ് കഴിഞ്ഞ് ഇരുവരും ബസ്സിൽ തിരികെ വരും... വന്ന് കഴിഞ്ഞാൽ പിന്നെ ഒന്നൊന്നര മണിക്കൂർ ശോകം തന്നെ... ഇതിനോടകം ആദി ലച്ചുവിന്റെ അച്ഛനോട് കൂട്ടു കൂടാൻ ശ്രമിച്ചിരുന്നു... ആദ്യമൊക്കെ എയർ പിടിച്ചു നടന്ന മനുഷ്യൻ കുറച്ചായപ്പോൾ അവളുടെ മുന്നിൽ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി... അപ്പോഴും ലച്ചു അവളുടെ നിലപാടുകളിൽ ഉറച്ചു നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞 """അമ്മയ്ക്ക് ഭയമുണ്ടോ...? ഞാൻ ഇനിയും ആദിയുടെ ജീവിതത്തിൽ ഒരു ശല്യമായി ചെല്ലുമെന്ന്...""" """ഇല്ല... അമ്മയ്ക്ക് നിന്നെ വിശ്വാസമാണ്... പക്ഷേ...""" """പക്ഷേ...?""" """നാളെ നിനക്കൊരു ജീവിതം വേണ്ടേ...?""" """ഓഹ്... ഞാൻ ആദിയെ മറക്കണം ന്ന്... ല്ലേ...?""" """മോനേ... ഞാൻ അങ്ങനെയല്ല...""" അവരുടെ സ്വരം ഇടറി... """എങ്ങനെയാണെങ്കിലും അമ്മ പറഞ്ഞതിന് ആ ഒരു അർത്ഥമേയുള്ളൂ... നടക്കില്ല അമ്മേ...""" """കിച്ചൂ... ഞങ്ങളുടെ കാലശേഷം കഴിഞ്ഞാൽ നിനക്കാരാ ഉള്ളേ...? ഇഷ്ടത്തോടെയല്ല എങ്കിലും ആദിയുടെ വിവാഹം കഴിഞ്ഞു... ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്... നാളെ അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയും...

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല മോനേ... നിനക്കും വേണം ഒരു കുടുംബം... കുട്ടികൾ...""" """ശരിയായിരിക്കാം... കാലം മായ്ക്കാത്ത മുറിവുകൾ കാണില്ല...പക്ഷെ കിച്ചുവിന്റെ ഉള്ളിൽ എന്നും അവന്റെ ആദിയെ കാണൂ... നിങ്ങൾക്ക് ഞാൻ വാക്ക് തന്നു എന്നതിന് അർഥം അവളെ മറന്ന് മറ്റൊരു ജീവിതം തുടങ്ങുമെന്നല്ല... കഴിയില്ലെനിക്ക്... എൻറെ പ്രണയത്തിന് എൻ്റെ ആയുസ്സിന്റെ വിലയുണ്ട്... ഒരു മകന്റെ കടമ ചെയ്യാൻ ഞാൻ കാണും ... അതിനപ്പുറം ഒന്നും... ഒന്നും നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്... കിച്ചുവിനൊരു കുടുംബം ഉണ്ടെങ്കിൽ അത് ആദിയോടൊപ്പം... ഇല്ലെങ്കിൽ അവളുടെ ഓർമ്മകളിൽ...""" പാറയിൽ കൊത്തി വച്ചതായിരുന്നു അവന്റെ വാക്കുകൾ... അതിനെ തിരുത്താൻ താനോ അവന്റെ അച്ഛനോ പോരാതെ വരും എന്നൊരിക്കൽ കൂടി ശ്രീദേവിക്ക് ബോധ്യപ്പെട്ടു... 💞💞💞💞💞💞💞💞💞💞💞💞💞💞 """ക്ല ക്ലാ ക്ലി ക്ലീ ക്ലു ക്ലൂ...""" """എന്തുവാ...""" """ചായ...""" """എനിക്കോ...""" """അല്ല നിൻറ്റെ അമ്മൂമ്മയ്ക്ക്...""" """യൂ മീൻ മരിച്ച് നരകത്തിൽ പോയ എന്റെ അമ്മൂമ്മ...""" """ഐവാ... കണ്ടുപിടിച്ചു കളഞ്ഞല്ലോ... കൊച്ചു ഗള്ളി...""" ആദി ചെറുതായി ലച്ചൂന്റെ കയ്യിൽ അടിച്ചു... """കുടിച്ച് കഴിഞ്ഞെങ്കിൽ വേഗം വാ... നമുക്ക് ക്ഷേത്രത്തിൽ പോകാം..."""

"""ഞാനോ... നോ വേ... തന്നത്താനങ്ങ് പോയാൽ മതി...""" """ഡീ... ഇന്ന് വിനായക ചതുർത്ഥിയാ... ഞാൻ മാത്രല്ല രേവുമ്മയും പട്ടാളവും ചേട്ടായിയും എല്ലാവരും ഉണ്ട്...""" """ഉണ്ടേൽ പോവണം... എനിക്കെന്താ...?""" """ദേ ലച്ചൂ... എന്നെ ദേഷ്യം പിടിപ്പിക്കാതെ മര്യാദയ്ക്ക് വരുന്നുണ്ടോ...""" """ഇല്ലെന്ന് പറഞ്ഞാൽ ഇല്ല...""" """ന്നാ വേണ്ട ഞാനും പോവുന്നില്ല...""" """വേണ്ടാ... ദോ അങ്ങോട്ട് മാറിയിരി...""" തന്റെ അടവുകളൊന്നും ലച്ചുവിന്റ്റെ അടുത്ത് ഏശുന്നില്ലെന്നത് കണ്ടതും ആദി കെറുവിച്ച് മുറി വിട്ടിറങ്ങി... ലച്ചുവില്ലാതെ ക്ഷേത്രത്തിൽ പോവാൻ അവൾക്ക് മടുപ്പ് തോന്നി... എന്നാലൊട്ട് രേവുമ്മയെ വിഷമിപ്പിക്കാനും വയ്യ... ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു..ചുവപ്പിൽ ഗോൾഡൻ വർക്കുള്ള ഒരു ദാവണി എടുത്തുടുത്തു..കഴിഞ്ഞ പിറന്നാളിന് ശ്രീയമ്മ വാങ്ങിത്തന്നതാണ്... എല്ലാവരും ഒരുങ്ങി താഴെ വന്നപ്പോഴും ആദിയുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു... രേവുമ്മ ലച്ചുവിനെ തിരക്കിയപ്പോൾ വരുന്നില്ലെന്ന് പറഞ്ഞ് മുഖം കുനിച്ചു... പക്ഷേ കാറിൽ കയറാൻ തുടങ്ങിയപ്പോഴല്ലേ രസം...

മാനത്തൂന്ന് പൊട്ടി മുളച്ചത് പോലെ മുന്നിൽ ലച്ചു ... ആദിയെ തള്ളിമാറ്റി കോഡ്രൈവർ സീറ്റിൽ കയറി സ്ഥാനം പിടിച്ചു... 'ഈ വള്ളം അടുത്ത കാലത്തൊന്നും തീരം തൊടുമെന്ന് തോന്നുന്നില്ല...' ആദി മനസ്സിലോർത്തു... കാര്യം താനീ പെടാപാട് പെടുന്നത് മുഴുവൻ അച്ഛനേം അമ്മേം ലച്ചൂനേം ഒന്നിപ്പിക്കാൻ വേണ്ടിയാണ്... ലവളാണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല... ഇപ്പോൾ തന്നെ അവരോടൊപ്പം ഇരിക്കാതിരിക്കാൻ വേണ്ടിയാണ് പെണ്ണ് ഫ്രണ്ടിൽ കയറി ഇരുന്നത്... എങ്കിലും തൊട്ട് മുന്നേ മനസ്സിൽ തോന്നിയ ശൂന്യത ഇല്ലാതാകുന്നത് അവളറിഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞 അവർ ഗണപതി ക്ഷേത്രത്തിലാണ് പോയത്... വിനായക ചതുർഥി ആയത് കൊണ്ട് ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു... ആദിക്ക് അവിടെ പരിചയമില്ല... തിരക്ക് കാരണം രേവതി ആദിയുടെ കയ്യിലും ചന്ദ്രു ലച്ചുവിന്റെ കയ്യിലും പിടിച്ച് നടന്നു... ക്ഷേത്രത്തിന് ഉള്ളിൽ കയറാൻ രണ്ട് വശത്തായി ക്യു നിൽക്കണം... നല്ല തിരക്ക് ആയത് കൊണ്ട് വളരെ കുറച്ച് ആളുകളയേ ഉള്ളിലേക്ക് കടത്തി വിടുന്നുള്ളൂ... അവരുടെ ഊഴം വന്നപ്പോൾ ആദി മുന്നിലും മറ്റുള്ളവരെല്ലാം പിറകിലും ആയി... ആദിയെ കടത്തി വിട്ടെങ്കിലും അവൾ മടിച്ചു നിന്നു...

ആരെക്കൊയോ വഴക്ക് പറയുന്ന ശബ്ദം കേട്ടാണ് അവൾ മുന്നോട്ട് നടന്നത്... നടക്കുന്നുണ്ടെന്ന് പറയാൻ കഴിയില്ല ഉന്തി തള്ളി മ്മളെയും കൊണ്ട് പോകുന്നു... അത്ര തന്നെ... ഇടയിലാരോ കയ്യിൽ പിടിക്കുന്നത് പോലെ തോന്നി നോക്കിയെങ്കിലും അങ്ങനെ ആരെയും കണ്ടില്ല... അല്ലേലും ആരെ കാണാനാണ്... ക്ഷേത്രത്തിന്റെ മേൽവശം നീല ടാർപ്പ കെട്ടിയിട്ടുണ്ട്... ചുറ്റും പുകയും... ഒരുവിധം എങ്ങനെയൊക്കെയോ തൊഴുതിറങ്ങി എന്ന് പറയാം... ക്ഷേത്രത്തിന് വെളിയിൽ എത്തിയതും ജീവൻ കിട്ടിയത് പോലെ ഒന്ന് ശ്വാസമെടുത്തു... പിന്നെ അവരെ തിരക്കിയുള്ള നിൽപ്പായി... അൽപനേരം കഴിഞ്ഞും ആരെയും കാണാതെ അവൾ അടുത്തുള്ള സർപ്പക്കാവിൽ പോയി നിന്നു... """നീ ഇവിടെ വന്ന് നിൽക്കുവാണോ...? മനുഷ്യന്റെ നല്ല ജീവനങ് പോയി...""" ചന്ദ്രുവാണ്... അവളെ കാണാഞ്ഞതിലുള്ള ആധി മുഖത്തെടുത്തറിയാം... """ഇങ്ങനെ പേടിക്കാൻ ഞാൻ കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ...""" """കൊച്ചു കുഞ്ഞാണെങ്കിൽ പിന്നെയും സഹിക്കാം...""" അവൻ ചിരിച്ചു... പിന്നീടാണ് അവളുടെ മുഖം ശ്രദ്ധിച്ചത്... ഇതുവരെയില്ലാത്ത എന്തൊക്കെയോ ഭാവം ആ കണ്ണുകളിൽ ഉടലെടുക്കുന്നുണ്ടായിരുന്നു... """ലച്ചൂന്റെ ചേട്ടൻ എന്താ ഇങ്ങനെ നോക്കുന്നേ..."""

ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൻ തല ചലിപ്പിച്ചെങ്കിലും ആ കണ്ണുകളിലെ തിളക്കം അവൾ കണ്ടു ... അപ്പോഴേക്കും അച്ഛനും അമ്മയും ലച്ചുവും എത്തിയിരുന്നു... അതുവരെ ആദിയെ കാണാത്ത ആധിയാണ് അവരിലെങ്കിൽ അവളെ കണ്ടതും എല്ലാവരുടെയും മുഖത്ത് മറ്റേതോ ഭാവമായിരുന്നു... നേരത്തെ ചന്ദ്രുവിന്റെ കണ്ണിൽ കണ്ട അതേ ഭാവം... """വായോ... ഉണ്ണിയപ്പം വാങ്ങണ്ടേ...""" അന്തരീക്ഷത്തിന് അയവ് വരുത്തി ചന്ദ്രൂന്റെ അച്ഛന്റെ ശബ്ദം കേട്ടു... ഉണ്ണിയപ്പം എന്ന് കേട്ടതും ആദി അച്ഛന്റെ കയ്യിൽ തൂങ്ങി... ഉണ്ണിയപ്പം വാങ്ങി അവിടെ വച്ച് തന്നെ രണ്ട് പാക്കറ്റ്റ് ആദിയും ലച്ചുവും കാലിയാക്കി... തിരികെ പോകാമെന്ന് പറഞ്ഞതും സെൽഫി എടുക്കണമെന്നും പറഞ്ഞ് ലച്ചു വാശി പിടിച്ചു... ഒടുവിൽ അവരുടെ ഇഷ്ടത്തിന് തന്നെ വിട്ടു... സീനറി തപ്പി നടക്കുന്നതിനിടയിലാണ് ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന കുളവും അവിടെ നിന്ന് ഫോട്ടോ എടുക്കുന്ന ആളുകളെയും ലച്ചുവിന്റെ കണ്ണിൽപ്പെട്ടത്... ഏട്ടനേയും ആദിയെയും കൂട്ടി അവൾ അങ്ങോട്ട് നടന്നു... """മ്മ്ഹ്... കൊള്ളാം ല്ലേ...""" ഫോട്ടോ എടുക്കുന്നതിന് മുന്നേ ആദി കല്പടവുകൾ ഇറങ്ങി... മുടിയൊതുക്കിയതിന് ശേഷം തന്റെ പ്രതിബിംബം തെളിവെള്ളത്തിൽ നോക്കിയതാണ്... ഒരുനിമിഷം ശ്വാസം എടുക്കാൻ മറന്നവൾ നിന്നു...........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story