കിച്ചന്റെ പെണ്ണ്: ഭാഗം 21

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

സീമന്തരേഖയെ ചുവപ്പിച്ച് അങ്ങിങ്ങായി തൂവി കിടക്കുന്ന സിന്ദൂരം... കണ്ടത് മിഥ്യയാണോയെന്നറിയാൻ ഒന്ന് തൊട്ട് നോക്കേണ്ടി വന്നു അവൾക്ക്... തന്റെ തോന്നലല്ലെന്ന് ബോധ്യമായതും ഞെട്ടലായി... 'ഈ സിന്ദൂരം... ഇതെങ്ങനെ...' കഴിഞ്ഞ കുറേ നിമിഷങ്ങളിലേക്ക് മനസ്സ് തിരികെ പോയി... ഏതൊക്കെയോ മുഖങ്ങൾ തിരഞ്ഞു... എന്നിട്ടും ആ സിന്ദൂര ചുവപ്പിന്റെ ഉറവിടം മാത്രം അജ്ഞാതം... 'ദേവീ... ഇതിനാണോ ലച്ചൂൻറെ ചേട്ടൻ നോക്കി നിന്നത്...?' അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... """അവിടെ എന്ത് നോക്കി നിൽക്കുവാ പെണ്ണേ... വന്നേ ഫോട്ടോയെടുക്കാം...""" ലച്ചുവിന്റെ ശബ്ദം കേട്ടതും നിറഞ്ഞു നിന്ന മിഴികൾ അവരിൽ നിന്നൊളിക്കാൻ അവൾ പാട് പെട്ടു... തനിയെ നിന്നും ലച്ചുവിൻറെ കൂടെയും ഫോട്ടോ എടുക്കുമ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു... ഇടയിൽ ലച്ചു അവളെ ചന്ദ്രുവിനോട് ചേർത്ത് നിർത്തി ഫോട്ടോ എടുത്തു... അവൻറെ മിഴികൾ തൻറെ നേരെ നീളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ഇതുവരെയില്ലാത്തൊരു അപരിചത്വം അവളെ വന്ന് മൂടി... അവളുടെ ഭാവമാറ്റം മനസ്സിലാക്കി ലച്ചു കാര്യം ആരായുമ്പോൾ വ്യർത്ഥമായൊരു പുഞ്ചിരി നല്കി ഒന്നുമില്ലെന്ന മട്ടിൽ തല ചലിപ്പിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞

ആദി ചന്ദ്രുവിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നതും തിരികെ വീട്ടുകാരുമൊത്ത് കാറിൽ കയറി പോകുന്നതും നോക്കി നിന്ന ഒരു ജോഡി കണ്ണുകളിൽ നിന്നും മിഴി നീർ ഇറ്റ് വീണു... ഒരിക്കൽ സ്വന്തമായിരുന്നവളെ മറഞ്ഞു നിന്ന് കാണേണ്ടി വന്ന തന്റെ ഗതികേട്... പതിവില്ലാതെ ഇന്ന് ക്ഷേത്രത്തിൽ വരുമ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല തൻറെ പ്രിയപ്പെട്ടവളും ഇവിടെ കാണുമെന്ന്... കിച്ചു ക്ഷേത്രത്തിൽ പോകണമെങ്കിൽ ആദി കെഞ്ചണം... അവളുടെ കൂടെയേ പോയിട്ടുമുള്ളൂ... ഇന്നാണ് നേഹയുടെ സർജറി... ദൈവം തന്റെ നേർക്ക് മുഖം തിരിച്ചെങ്കിലും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് തോന്നി... എന്നാൽ ആദ്യമായി ആദിയില്ലാതെ വന്നപ്പോൾ മനസ്സിനെ ബാധിച്ച ശൂന്യത... തിരക്കിനിടയിൽ പെട്ട് വരുന്ന പെൺകുട്ടിക്ക് അവളുടെ മുഖച്ഛായ തോന്നിയപ്പോൾ തൻറെ തോന്നലാകുമെന്ന് കരുതി... പക്ഷേ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മനസ്സിനെ മഥിച്ചുയർന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല... ആരെയും കാണാതെ വന്നപ്പോഴാണ് അവളുടെ അരികിൽ ചെന്നത്... ഒന്ന് നേരെ നില്ക്കാൻ പാട് പെടുന്നവളുടെ കയ്യിൽ പിടിച്ചപ്പോൾ വെപ്രാളത്തോടെ ചുറ്റും മിഴികൾ പായിക്കുന്നത് കണ്ടു... അല്ലെങ്കിലും ആ തിരക്കിനിടയിൽ ആളെ എങ്ങനെ അറിയാനാണ്...

അവൾക്കൊപ്പം നിന്ന് തൊഴുതു... തന്റെ പെണ്ണ് തന്റെ വാമഭാഗത്ത്... ഒരു സെക്കന്റ് നേരത്തേക്ക് ചുറ്റും വിസ്മരിച്ചു പോയിരുന്നു... ഇടനെഞ്ചിൽ ഏറിവരുന്ന മിടിപ്പിനെ അടക്കി നിർത്താൻ പാട് പെട്ടു... പക്ഷേ വഴിപാട് തരാൻ പൂജാരി പേര് വിളിച്ചപ്പോൾ ഒന്ന് ഞെട്ടി... 'അദ്രിക...' വിളിച്ചു മുഴുവിപ്പിക്കും മുന്നേ കയ്യെത്തി അർച്ചന വാങ്ങിയിരുന്നു... അതേ സമയം ആരോ പിറകിൽ നിന്നും തട്ടിയതും തന്റെ കയ്യിൽ ഒതുങ്ങാതെ ഇലക്കീറ് നിലത്ത് വീണു... വീഴുന്ന വഴിയിൽ ഒരു നുള്ള് കുങ്കുമം വിയർത്തൊലിച്ച അവളുടെ നെറുകയിൽ പതിഞ്ഞു... സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നറിയാൻ മേലാത്ത അവസ്ഥ... അവൾ തിരിയും മുന്നേ മറയേണ്ടി വന്നു തനിക്ക്... കഴിയുന്നില്ലെടി എനിക്ക്... നീയില്ലാതെ... നിന്നെ കാണാതെ... ഒന്ന് ചേർത്ത് പിടിക്കാൻ ഉള്ളം തുടിക്കുന്നുണ്ട്... അത്രമേൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്... എനിക്ക് വേണം ആദീ നിന്നെ...നീ എന്റെയെല്ലേ... എന്റെ മാത്രം... എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് തിരികെ വന്നൂടെടി... നിൻറെ കിച്ചന്റെ മാത്രമായി... കിച്ചന്റെ മാത്രം പെണ്ണായി... 💞💞💞💞💞💞💞💞💞💞💞💞💞

രാവിലെ വന്നത് പോലെയായിരുന്നില്ല തിരികെ പോകുമ്പോൾ... ആദി മൗനത്തെ കൂട്ട് പിടിച്ചെങ്കിൽ ചന്ദ്രുവിന് പുതുജീവൻ കിട്ടിയത് പോലെയായിരുന്നു... മനസ്സിൽ താഴിട്ട് പൂട്ടിയ ഇഷ്ടം അവൻ പോലുമറിയാതെ പുറത്ത് ചാടാൻ വെമ്പി... ആദിക്കെത്രത്തോളം പ്രിയപ്പെട്ടവനാണ് കിച്ചു എന്ന് മറ്റാരേക്കാളും നന്നായി അവനറിയാം... ആ മനസ്സിൽ മറ്റാർക്കും കടന്ന് ചെല്ലാൻ കഴിയില്ലെന്നും ഒരിക്കൽ ഉറപ്പിച്ചതാണ്... പക്ഷേ ആ ഉറപ്പില്ലായ്മയിലും എവിടെയോ പ്രതീക്ഷയുടെ കുഞ്ഞൊരു നാളം കണ്ടു ... വിവാഹം കഴിഞ്ഞ് ഈ നിമിഷം വരെയും അവളെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല... തന്റെ അതേ ദുഃഖത്തിൽ.., ഒരുപക്ഷേ അതിനും മുകളിൽ കടന്ന് പോകുന്ന ഒരു പെണ്ണ്... അവൾക്ക് ഈ വിവാഹം ഇഷ്ടമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഒന്നിന്റെ പേരിലും അവളെ നിർബന്ധിച്ചിട്ടില്ല... മറ്റാരെയും നിർബന്ധിക്കാൻ അനുവദിച്ചിട്ടും ഇല്ല... എങ്കിലും എപ്പോഴൊക്കെയോ മോഹിച്ചിട്ടുണ്ട്... സ്വയം വേദനിച്ചാലും മറ്റാരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തൊരു പെണ്ണ്... ഇന്നവളെ അങ്ങനെ കണ്ടപ്പോൾ... 'അമ്മ പലപ്പോഴായി പറയുമ്പോഴും മനസ്സില്ലാ മനസ്സോടെ അവൾ സിന്ദൂരച്ചെപ്പ് എടുക്കുന്നത് കണ്ടിട്ടുണ്ട്... അന്നൊക്കെ താൻ തടുത്തിട്ടേയുള്ളൂ... ഇന്ന് സ്വമേധയാ അവളങ്ങനെ ചെയ്യണമെങ്കിൽ...

അതിനർത്ഥം അവൾ എന്നെ അംഗീകരിച്ചു തുടങ്ങിയെന്നല്ലേ... അവന്റെ മിഴികൾ ഇട തടവില്ലാതെ മിററിലേക്ക് നീണ്ടു... ഏട്ടന്റെ മാറ്റം ലച്ചുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. രാവിലെ തന്നോട് വാതോരാതെ സംസാരിച്ച ആളാണ് ഇപ്പോൾ മുക്കിയും മൂളിയും മറുപടി പറഞ്ഞ് മിററിൽ നോക്കിയിരിക്കുന്നത്.... ആദിക്ക് എന്ത് പറ്റിയെന്നറിയില്ല... എങ്കിലും ലച്ചുവിന് അളവില്ലാത്ത സന്തോഷം തോന്നി... 'എന്റെ ദേവീ... നേരത്തെ കണ്ടതെല്ലാം സത്യം തന്നെ ആയിരുന്നെങ്കിൽ... എൻ്റെ അച്ചൂസിനെ ഏട്ടന് തന്നെ കൊടുത്തേക്കണേ നീ...' അവൾ മൗനമായി പ്രാർത്ഥിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞 """രേവുമ്മേ ഞാൻ ഇത്തിരി നേരം കിടന്നോട്ടേ... നല്ല ക്ഷീണം...""" വീട്ടിൽ ചെന്ന പാടെ ആദി മുകളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും രേവതി അവളെ പിടിച്ചു നിർത്തി... """ഇവിടെ വന്ന് ഇരിക്ക് മോളേ... രേവുമ്മയ്ക്ക് കുറച്ച് സംസാരിക്കണം... ചന്ദ്രൂ നീയും വന്നിരിക്ക്...""" അമ്മയുടെ സ്വരത്തിൽ അല്പം ഗൗരവം തോന്നാതിരുന്നില്ല... ചന്ദ്രു അവരെ നോക്കി ആദിക്ക് കുറച്ചപ്പുറത്തായി ഇരുന്നു..

. """ഉച്ച കഴിഞ്ഞ് നമുക്ക് എല്ലാവർക്കും തറവാട്ടിൽ പോയാലൊന്നാ ആലോചിക്കുന്നേ... മുത്തശ്ശിക്ക് വയ്യാണ്ടിരിക്കുവല്ലേ... നിങ്ങളെ രണ്ട് പേരെയും ഒന്ന് കാണണമെന്നും പറഞ്ഞു... എന്താ നിൻറെ അഭിപ്രായം...?""" """എനിക്ക് കുഴപ്പമൊന്നൂല്ല... പോകാം...""" """എന്നാൽ എനിക്ക് കുഴപ്പമുണ്ട്...""" """ലച്ചൂ...""" ഏട്ടന്റെ സ്വരം ഉയർന്നതും ലച്ചു വായ്മൂടിക്കെട്ടി... ആദി ഒന്നും മിണ്ടാതെ ഇരുവരെയും നോക്കി ഇരുന്നതേയുള്ളൂ... """ശരി എന്നാൽ ഉച്ച കഴിഞ്ഞ് പോകാം... നിനക്ക് നാളെ ഓഫല്ലേ... അപ്പോൾ രണ്ട് ദിവസത്തേക്കുള്ള തുണിയും എടുത്തോ... ആദീ.., മോളോട് കൂടിയാ പറഞ്ഞേ...""" ആദി തലയാട്ടി... ലച്ചുവിനെ നോക്കിയെങ്കിലും അവൾ മുഖം തിരിച്ചു... """എന്നാൽ പോയി ഡ്രസ്സ് പാക്ക് ചെയ്തോ...""" ആദി എഴുന്നേറ്റു... ചന്ദ്രുവിനെ നോക്കിയപ്പോൾ ആള് തന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടതും അവൾക്ക് എന്തോ പോലെയായി... ചിരിച്ചെന്ന് വരുത്തി അവൾ റൂമിലേക്ക് നടന്നു... ഒപ്പം ചന്ദ്രുവും പോകാനായി എഴുന്നേറ്റു... """ഏട്ടൻ അവിടെയൊന്ന് നിന്നേ...""" ലച്ചുവാണ്... """എന്താടീ...""" """ഏട്ടൻ ഈ പൂച്ചയെ കണ്ടിട്ടുണ്ടോ...?""" """എന്തോന്നാ ..."""

"""അല്ല പൂച്ചയേ.... കണ്ണടച്ച് പാല് കുടിച്ചെന്നാൽ ആരുമൊന്നും അറിയില്ലെന്നാ ചിലരുടെയൊക്കെ വിചാരം...""" ഏണിൽ കൈകൾ കുത്തി കണ്ണുകൾ കൂർപ്പിച്ച് അവൾ ഏട്ടനെ നോക്കി... ആള് ചമ്മിയിട്ടുണ്ടെന്ന് മുഖത്ത് നിന്നും വ്യക്തം... അത് മറയ്ക്കാനായി അവളുടെ തലയിൽ ഒരു കിഴുക്കും കൊടുത്തവൻ വേഗത്തിൽ നടന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞 """റിലാക്സ് ആദീ... നീയെന്തിനാ ടെൻസ്ഡ് ആകുന്നേ... ആരുടെയോ കൈ തട്ടി വീണതാകും...""" തൻറെ പ്രതിബിംബത്തിൽ നോക്കി സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ആദി... കൈകൾ കൊണ്ട് അത് തുടച്ചു നീക്കാൻ നോക്കിയെങ്കിലും മനസ്സത് മടിക്കും പോലെ... അവൾ ബെഡിലിരുന്നു... പിന്നിൽ നിഴലനക്കം തോന്നിയാണ് തിരിഞ്ഞു നോക്കിയത്... """ചേട്ടായിയോ...?""" """ഇയാള് തുണി പാക്ക് ചെയ്യാൻ വന്നിട്ട് ഇവിടെ ഇരിക്കുവാണോ..?""" 'ഇയാളോ...' അവൾ അറിയാതെ മനസ്സിൽ ചോദിച്ചു പോയി... ലച്ചൂന്റെ ചേട്ടന് ഇതെന്നാ പറ്റിയേ...? വല്ലാത്തൊരു മട്ടും ഭാവവും... അവലക്ഷണം പിടിച്ച ഒരു നോട്ടവും...

മുഖത്തിന് നേരെ അവൻ കൈ ഞൊടിക്കുന്ന ശബ്ദം കേട്ടതും അവൾ ചിന്തകളിൽ നിന്നും ഉണർന്നു... """ഹലോ മേടം... ഇതെവിടെയാ...?""" """അത് ഞാൻ... തുണി പാക്ക് ചെയ്യാൻ തുടങ്ങിയതാ...""" """ന്നാ എന്റേം കൂടെ എടുത്ത് വയ്‌ക്കോ...""" പതിവില്ലാത്തതാണ് ചോദ്യമെങ്കിലും അവൾ തലയാട്ടി... അവൻ എടുത്ത് കൊടുത്ത തുണിയും രണ്ട് ദിവസത്തേക്ക് അത്യാവശ്യം വേണ്ടുന്ന കുറച്ചു സാധനങ്ങളും എടുത്ത് ബാഗിൽ വച്ചു... തൊട്ടപ്പുറത്തായി ചന്ദ്രുവും ഉണ്ടായിരുന്നു... ഇതുവരെയില്ലാത്തൊരു വീർപ്പ് മുട്ടൽ തന്നിൽ ഉടലെടുക്കുന്നത് അവളറിഞ്ഞു... """ചേട്ടായീ... ഞാൻ ലച്ചു എല്ലാം എടുത്ത് വച്ചോന്ന് നോക്കീട്ട് വരാം...""" എങ്ങനെയെങ്കിലും ഈ റൂമിൽ നിന്നും പോയാൽ മതിയെന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞത്... അവൻറെ മൗനം സമ്മതമായി കണ്ട് പോകാൻ തിരിഞ്ഞതും പിന്നിൽ നിന്നും വിളി വന്നു... """ആദീ..."""

"""എന്താ ചേട്ടായീ...""" """അതുണ്ടല്ലോ പോവുമ്പോൾ ഇടാനുള്ള ഡ്രസ്സ് ഒന്ന് അയൺ ചെയ്തു തരുവോ...?""" ഇത്തവണ അവൾ ഞെട്ടാതിരുന്നില്ല... മുൻപൊരിക്കൽ അവന്റെ ഷർട്ട് എടുത്ത് തേച്ചതിന് വീട് ഇളക്കി മറിച്ചില്ലന്നേയുള്ളൂ... ആ ആളാണ് ഇപ്പോൾ... """ഇയാൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട...""" 'ദേ പിന്നേം ഇയാൾ... ഇങ്ങേർക്ക് കാര്യായി എന്തൊക്കെയോ പറ്റിയിട്ടുണ്ട്...' """എനിക്കെന്ത് കുഴപ്പം... ലച്ചൂന്റെ ചേട്ടൻ ആ ഷർട്ടിങ് എടുത്ത് താ...""" അവൻ എടുത്ത് കൊടുത്ത ഷർട്ട് അവൾ അയൺ ചെയ്യാൻ തുടങ്ങി... ചന്ദ്രുവിന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ ആദിയുടെ മനസ്സ് കലുഷിതമായിരുന്നു... പക്ഷേ ചന്ദ്രു...... അവൻ പോലുമറിയാതെ അവൻറെ മനസ്സ് അവളിലേക്ക് ഒതുങ്ങിക്കൂടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു...........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story