കിച്ചന്റെ പെണ്ണ്: ഭാഗം 22

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

ഉച്ചയൂണ് കഴിഞ്ഞ് അവർ തറവാട്ടിലേക്ക് പുറപ്പെട്ടു... ആദിക്ക് മുത്തശ്ശി എന്നത് നാലര വയസ്സുകാരിയുടെ ഓർമ്മ മാത്രമായിരുന്നു... മഞ്ഞു പോലെ വെളുത്ത മുടിയുള്ള ഒരു സ്ത്രീ... ഒരിക്കൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അവളെ ബലമായി വാരിയെടുത്ത് അവർ മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടി... അവരെ ഭീതിയോടെ നോക്കിയ കുഞ്ഞി കണ്ണുകൾക്ക് നേരെ എണ്ണപറ്റിയ പൊതിയിൽ നിന്നും ഒരു കൂട്ടം മദിരസേവ എടുത്തു നീട്ടി... അത് തട്ടി മാറ്റി അച്ഛന്റെ ചിറകിനടിയിൽ ഓടിയൊളിച്ച ബാല്യം... അന്ന് അച്ഛൻ പറഞ്ഞു തന്ന പേരാണ് 'മുത്തശ്ശി...' ആദ്യം അവരോട് കൂട്ട് കൂടാൻ മടിച്ചെങ്കിലും അച്ഛൻ പറഞ്ഞപ്പോൾ അവരോട് മിണ്ടി... പിന്നീട് ഒന്നോ രണ്ടോ തവണ അവളെ വന്ന് കണ്ടിട്ടുണ്ട്... """മോളെന്താ ആലോചിച്ച് കൂട്ടുന്നേ...?""" രേവതിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... ലച്ചുവും ചേട്ടായിയും മുത്തശ്ശിയെ പറ്റി വാതോരാതെ പറഞ്ഞപ്പോൾ അറിയാതെ തന്റെ മുത്തശ്ശിയെ കുറിച്ച് ഓർത്ത് പോയതാണ്... """ഒന്നൂല്ലല്ലോ...?""" ആ ഒന്നൂല്ലായ്മയിൽ അവർക്ക് അത്രയ്ക്കങ്ങട് വിശ്വാസമായില്ലെന്ന് അവൾക്ക് തോന്നി...

"""സത്യായും... ഞാൻ ലച്ചൂന്റെ മുത്തശ്ശിയേയും തറവാടും ഒക്കെ ഓർത്തിരുന്നതാ...""" അച്ഛനും അമ്മയും പരസ്പരം നോക്കുന്നത് കണ്ടു... വീണ്ടും ചർച്ച വീടിനെയും വീട്ടുകാരെ പറ്റിയും ആയി... ഇടയ്ക്കിടെ ചന്ദ്രുവിന്റെ നോട്ടം ആദിയുടെ മേൽ പാറി വീഴുന്നുണ്ടായിരുന്നു... ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നെ പിന്നെ അവളിൽ അതൊരു അസ്വസ്ഥതയായി മാറി.... അതിന് ആക്കം കൂട്ടാനെന്നവണ്ണം ലച്ചൂന്റെ വക കമന്റും... """ഏട്ടനിങ്ങനെ പിറകിൽ നോക്കി വണ്ടി ഓടിച്ചാലേ തറവാട്ടിലല്ല, നമ്മൾ നേരെ മോർച്ചറിയിൽ എത്തും...""" അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്ന ആദിയുടെ സ്വരം നേർത്ത് നേർത്ത് തീരെ ഇല്ലാണ്ടാകുന്നുണ്ടായിരുന്നു... എല്ലാവരുടെയും നോട്ടം തന്റെ നേരെ നീളുന്നുണ്ടെന്ന് അറിഞ്ഞ് അവൾ പിന്നീട് മുഖം ഉയർത്തിയില്ല... നാല് മണിയോട് അടുപ്പിച്ച് അവർ തറവാട്ടിലെത്തി... അവരെ കാത്ത് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു എല്ലാവരും... ടിവിയിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള നാലുകെട്ട് നേരിട്ട് കണ്ടതും ആ മിഴികൾ വിടർന്നു...

തന്റെ കല്യാണത്തിന് കണ്ട് മറന്ന മുഖങ്ങളും ഇത് വരെ കാണാത്ത മുഖങ്ങളും തന്നെ നോക്കി പുഞ്ചിരിക്കുന്നത് അവൾ കണ്ടു... അവർ നേരെ പോയത് മുത്തശ്ശിയുടെ അടുത്താണ്... കിടപ്പിലാണ് ആള്... ചന്ദ്രു ചെന്ന് വിളിച്ചതും ഒന്ന് രണ്ട് തവണ ഇമവെട്ടിക്കൊണ്ട് അവർ കണ്ണ് തുറന്നു... അവനെ തന്നെ നോക്കി കിടക്കുന്നത് കണ്ടു... ആളെ മനസ്സിലായതും പൂർണ്ണചന്ദ്രൻ ഉദിച്ചത് പോലെ ആ മുഖം വിടർന്നു... കണ്ണുകൾ പിന്നിൽ ആരെയോ തേടുന്നുണ്ടെന്ന് കണ്ട് ചന്ദ്രു വഴി മാറിക്കൊടുത്തു... അവൻറെ പിന്നിൽ ആദിയെ കണ്ട് ആ മിഴികൾ ചുരുങ്ങുന്നത് കണ്ടു... കൈ കൊണ്ട് അവർ എന്തോ കാണിച്ചു... """അടുത്തേക്ക് ചെല്ല് മോളേ...""" പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു... """ഇന്നലെ തൊട്ട് അമ്മയ്ക്ക് സംസാരിക്കാൻ വയ്യ...""" ആദി അവരുടെ അരികിൽ ചെന്നു... അല്പം ശ്രമപ്പെട്ട് അവർ അവളുടെ കയ്യിൽ പിടിച്ചു... ചന്ദ്രുവിനോട് കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു... അത് മനസ്സിലായത് പോലെ അവൻ അവൻറെ കൈ ആദിയുടെ കൈയ്ക്ക് മീതെ വച്ചു... ആദി ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി...

പക്ഷേ അവന്റെ ശ്രദ്ധ മുത്തശ്ശിയിൽ ആയിരുന്നു... തന്റെ കൈയ്ക്ക് മീതെ അമർന്ന കൈ മുത്തശ്ശി കൂട്ടി വയ്ക്കുന്നത് കണ്ടു... ആ കണ്ണുകൾ നിറയുന്നത് പോലെ അവൾക്ക് തോന്നി... അവൻറെ കൈ തന്നിൽ മുറുകുന്നത് അവൾ അറിഞ്ഞു... ഒപ്പം തൻറെ ഹൃദയം അനിയന്ത്രിതമായി മിടിക്കുന്നതും... 💞💞💞💞💞💞💞💞💞💞💞💞💞💞 വലിയ വീട്... ഒരുപാട് ആൾക്കാർ... എല്ലാവരും തമ്മിൽ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... പുരുഷപ്രജകൾ ഒരു സെറ്റ്... സ്ത്രീജനങ്ങൾ ഒരു സെറ്റ്... കുട്ടീസ് ഒരു സെറ്റ്... ലച്ചു കൂടെയുണ്ടെങ്കിലും ആ വീട്ടിൽ താൻ തീർത്തും ഒറ്റപ്പെട്ടത് പോലെ അവൾക്ക് തോന്നി... ഇത്രയും ആൾക്കാരെ കാണുന്നത് ഇതാദ്യമല്ല ... ശ്രീയമ്മേടെ വീട്ടിൽ ഇടയ്ക്കൊക്കെ ഫങ്ക്ഷന് എല്ലാവരെയും കാണാറുണ്ട്... അവിടെ ഒറ്റപ്പെടൽ തോന്നിയിട്ടില്ല... കാരണം താനും അവരിൽ ഒരാളായിരുന്നു... പക്ഷേ ഇവിടെ... """അച്ചൂസേ അങ്ങോട്ട് നോക്കിയേ...""" പെട്ടെന്നാണ് ലച്ചു ഒരു വശത്തേക്ക് ചൂണ്ടി പറഞ്ഞത്... ആദി നോക്കുമ്പോൾ ചന്ദ്രുവിനോട് കുറച്ചു മാറി ഒരു പെൺകുട്ടി നിൽപ്പുണ്ട്... കാണാൻ സുന്ദരി...

ആ മുഖത്ത് വിരിയുന്ന പുഞ്ചിരി കാൺകെ ആരാലും ഒന്ന് നോക്കിപ്പോകും... ആദി സംശയത്തോടെ അവളെ നോക്കി... """അതാണ് രേഷ്മ ചേച്ചി... ഏട്ടന്റെ മുറപ്പെണ്ണ്...""" മുറപ്പെണ്ണ് ന്ന് പറയുമ്പോൾ അല്പം കനം കൊടുക്കാൻ അവൾ മറന്നില്ല... കാര്യം ആദിക്ക് എല്ലാം അറിയാമെന്ന് ഏട്ടൻ പറഞ്ഞറിയാം... ഏട്ടനോട് ഇഷ്ടമുണ്ടെങ്കിൽ ഉറപ്പായും അവളിൽ അസ്വസ്ഥത പടരേണ്ടതല്ലേ.., """ഹും... കല്യാണം കഴിഞ്ഞിട്ടും ആ പിശാശിന്റെ മുഖമൊന്ന് നോക്കിയേ... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ...""" ലച്ചു ഏറുകണ്ണിട്ട് ആദിയെ നോക്കി... അവളുടെ മുഖം ഞൊടിയിടയിൽ വാടുന്നത് കണ്ടു... അതൊരിക്കലും രേഷ്മയെ കണ്ടിട്ടായിരുന്നില്ല ... മറിച്ച് ലച്ചു തന്നെ ഇത്തിരി പോലും അറിയുന്നില്ലല്ലോന്ന് ഓർത്ത്... 💞💞💞💞💞💞💞💞💞💞💞💞💞💞 രാത്രി ലച്ചുവും ആദിയും രേഷ്മയുടെ മുറിയിലാണ് കിടന്നത്... രേഷ്മ ആദിയോട് സംസാരിക്കുമ്പോഴെല്ലാം ഒരു മൂളലിലോ ഒന്ന് രണ്ട് വാക്കിലോ ആദി മറുപടി കൊടുക്കും... ലച്ചു അവളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... അധികവും ഏട്ടനെപ്പറ്റി... തിരിച്ചുള്ള മറുപടിയിലും കാണാം ഉത്സാഹം...

ഓരോ തവണ പറഞ്ഞു നിർത്തുമ്പോഴും ലച്ചു ആദിയെ നോക്കും... അവളുടെ മുഖത്ത് തെളിച്ചമില്ലെന്ന് കണ്ട് വീണ്ടും പറയും... ശരിക്കും രാവിലെ മുതൽ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല... പക്ഷേ ചെയ്യുന്നതും പറയുന്നതും എല്ലാം ആദിയുടെ മനസ്സിൽ ഏട്ടനുണ്ടോയെന്ന് ഉറപ്പിക്കാൻ വേണ്ടി മാത്രം... അതിനിടയിൽ ആദിയുടെ വിഷമം അവൾ കണ്ടതായി ഭാവിച്ചില്ല... 💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ മുതൽ ആ വീട്ടിൽ കലപില ബഹളമായിരുന്നു... ഒരുവശത്ത് കുട്ടികളുടെ ബഹളം... മറുവശത്ത് അടുക്കളയിൽ സ്ത്രീജനങ്ങളുടെ ബഹളം... ചന്ദ്രു രാവിലെ എവിടെയോ പോയിരുന്നു... ഇടയിൽ പിള്ളേര് സെറ്റ് വന്ന് ലച്ചൂനേം വിളിച്ചോണ്ട് ഇളയമ്മയുടെ വീട്ടിൽ പോയി... ആദിയെ കൂടെ വരാൻ നിർബന്ധിച്ചെങ്കിലും അവൾ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു... അടുക്കളയിൽ രേവുമ്മയോട് ഒപ്പമുണ്ടായിരുന്നു അവൾ... അമ്മയുടെ സാരി തുമ്പിൽ തൂങ്ങുന്ന കൊച്ചുകുട്ടി... അതായിരുന്നു ആ നിമിഷം ആദി... അടുക്കളയിൽ ഒരുവിധം എല്ലാം ഒതുങ്ങി,,, അപ്പോഴാണ് രേവതി വന്ന് അവളുടെ കയ്യിൽ പിടിച്ചത്...

"""വായോ... ഒരൂട്ടം കാട്ടി തരാം...""" അവളെയും പിടിച്ചുകൊണ്ട് അവർ വീടിന്റെ പിന്നാമ്പുറത്ത് പോയി... ചെന്ന് നിന്നത് ഒരു ചാമ്പമരത്തിന്റെ ചോട്ടിൽ ആയിരുന്നു... അത് നിറയെ ചുവന്ന് പഴുത്ത ചാമ്പയ്‌ക്ക ആയിരുന്നു...സാധാരണഗതിയിൽ ആദി അത് പറിക്കാൻ ചാടേണ്ടതാണ്... പക്ഷേ നോക്കി നിന്നതേയുളളൂ അവൾ... """രേവുമ്മയുടെ കുട്ടിക്ക് ഇതെന്ത് പറ്റി...?""" അവർ അവളുടെ മുഖത്തൂടെ വിരലോടിച്ചു... """ഒന്നൂല്ലല്ലോ...""" """പിന്നെന്താ നോക്കിക്കൊണ്ട് നിൽക്കുന്നേ... പോയി പറിക്ക്...""" ആദ്യം ഒന്ന് മടിച്ചെങ്കിലും രേവുമ്മ തംബ്‌സപ്പ് കാണിച്ചപ്പോൾ ആൾ ഉഷാറായി... വേഗം ചെന്ന് ചാമ്പ മരത്തിൽ കുലുക്കാൻ തുടങ്ങി... അത്യാവശ്യം തടിക്ക് നല്ല കനമുള്ളത് കൊണ്ട് അവൾ കുലുക്കിയപ്പോൾ പുഴു കേറിയ ഒന്നോ രണ്ടോ എണ്ണം വീണതല്ലാതെ നല്ലതൊന്നും വീണില്ല... കുറച്ചായപ്പോൾ തന്നെ അവൾക്ക് മടുത്തു... കയ്യെത്തിച്ച് പറിക്കാൻ പറ്റില്ല...ഇടയിൽ കണ്ണുകൾ കുറച്ചു മാറി നിൽക്കുന്ന വട്ടക്കമ്പിൽ തെന്നി വീണു... ഒരു വിജയിയുടെ ചിരി ആ ചുണ്ടിൽ മിന്നി മാഞ്ഞു... ഇട്ടിരുന്ന പാവാട അല്പം മേലോട്ട് കുത്തിവച്ച് അവളാ വട്ടക്കമ്പ് പോയി ഒടിച്ചു...

ശേഷം ചാമ്പ തല്ലിക്കൊഴിക്കാൻ തുടങ്ങി... """രേവുമ്മേ... നോക്കി നിൽക്കാതെ പറക്കുന്നുണ്ടോ...?""" ഇതും കണ്ട് കൊണ്ടാണ് രേഷ്മ വന്നത്... അമ്മയും മോളും പരിസരം മറന്നാണ് ചാമ്പയ്‌ക്ക പറിക്കുന്നത്... """രേവുമ്മേ ഇതിത്തിരിയല്ലേയുള്ളൂ ഞാൻ മരത്തിൽ കയറിയാലോ...?""" അവൾ ഒട്ടൊരു സങ്കടത്തോടെ പറയുന്നത് കേട്ടതും രേഷ്മ അറിയാതെ ചിരിച്ചു പോയി... ശബ്ദം കേട്ട് ആദി നോക്കുമ്പോൾ പിന്നിൽ രേഷ്മയെ കണ്ടു... """അയ് ശരി... മരം കേറി ആയിരുന്നല്ലേ...""" അവൾ ചിരിച്ചു... ആദിയുടെ മുഖത്ത് ചമ്മൽ തെളിഞ്ഞു... മരം കേറാൻ ഉള്ള ശ്രമം അതോടെ ഉപേക്ഷിച്ച് രേവുമ്മയുടെ കയ്യിൽ നിന്നും ചാമ്പയ്‌ക്ക വാങ്ങി... """ചേച്ചിക്ക് വേണോ...?""" ഒന്നുരണ്ടെണ്ണം അവൾ രേഷ്മയ്ക്ക് നേരെ നീട്ടി... അവളുടെ കണ്ണിൽ തെല്ലത്ഭുതം നിറഞ്ഞു... ഇന്നലെ വന്നതിൽ പിന്നെ ഇപ്പോഴാണ് ആദി തന്നോട് തെളിഞ്ഞ മുഖത്തിൽ ഒന്ന് സംസാരിക്കുന്നത്... ചാമ്പയ്ക്കയും കൊണ്ട് മൂവരും അതിര് തിരിച്ചിരിക്കുന്ന കല്ലിന്റെ മേലിൽ കയറി ഇരുന്നു...

രേഷ്മ നോക്കി കാണുകയായിരുന്നു ആദിയെ... കുറച്ചു മുൻപ് വരെ കണ്ട ആദിയും ഇപ്പോഴുള്ള ആദിയും തമ്മിൽ നല്ല അന്തരം ഉണ്ടെന്ന് തോന്നി അവൾക്... """ആദിക്ക് എന്നെ അറിയാമോ...?""" അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം രേഷ്മ ചോദിച്ചു... """അറിയാല്ലോ...""" """എങ്ങനെ...?""" """ലച്ചു പറഞ്ഞ്...""" """അതിന് മുന്നേ അറിയുമോ...? """മ്മ്ഹ്... ലച്ചൂന്റെ ചേട്ടൻ പറഞ്ഞ് അറിയാം..""" """കിഷോറേട്ടൻ എന്നെപ്പറ്റി എന്ത് പറഞ്ഞു...?""" """അത്... അത് പിന്നെ ചേട്ടായിക്ക് വേണ്ടി ചേച്ചീനെ ആലോചിച്ചെന്ന്...""" ആദി പറഞ്ഞു നിർത്തിയതും രേഷ്മയും രേവുമ്മയും പരസ്പരം നോക്കുന്നത് കണ്ടു... """അതുകൊണ്ടാണോ എന്നോട് ദേഷ്യം...?""" """എനിക്ക് ദേഷ്യമൊന്നൂല്ല...""" """പിന്നെന്താ എന്നോട് മിണ്ടാത്തത്....?""" """അതൊന്നൂല്ല...""" """എൻറെ ആദീ... കിഷോറേട്ടൻ എനിക്ക് എന്റെ കൂടപ്പിറപ്പാണ്... ഒരു ചോര അല്ലെന്നേയുള്ളൂ... എൻറെ സ്വന്തം ഏട്ടൻ....""" ആദി ഒന്ന് ഞെട്ടിയോ...? ലച്ചുന്റെ ചേട്ടൻ പറഞ്ഞത് ഓർമ്മ വന്നപ്പോൾ ആ മുഖത്ത് സംശയം നിറഞ്ഞു... """മോൾക്ക് പാർവ്വതിയെ അറിയോ...?""" രേവുമ്മയാണ്... ആദി ഒന്ന് തല ആട്ടിയതേയുള്ളൂ...

"""അപ്പോൾ മോൾക്ക് രേവുമ്മയോടും അച്ഛനോടും ഒക്കെ ദേഷ്യമായിരിക്കും അല്ലേ ...?""" അവൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു... """അന്നെന്താ നടന്നതെന്ന് അറിയണമെന്നില്ലേ...?""" """അറിയണമെന്നൊക്കെയുണ്ടാർന്നു... പക്ഷേ ഞാൻ ചോദിച്ചാൽ രേവുമ്മയ്ക്ക് വിഷമം ആയാലോ.... അതാ ചോദിക്കാൻ മടിച്ചേ...""" അല്പനേരം ആരുമാരും ഒന്നും മിണ്ടിയില്ല... """അന്ന് രേവുമ്മ അവളെ വഴക്ക് പറഞ്ഞ് പോയില്ലേ... ഒരാഴ്ച കഴിഞ്ഞ് അവളെ ഞാൻ കണ്ടു...""" ആദി ഞെട്ടലോടെ അവരെ നോക്കി... """സത്യം... എന്റെ സുഹൃത്തിന്റെ സുഹൃത്ത് ആയിരുന്നു അവളുടെ അമ്മ... ഒരു ദിവസം അവരെ വിളിച്ചപ്പോൾ അവളാണ് പറഞ്ഞത് പാർവ്വതിയുടെ അമ്മയ്ക്ക് കാൻസർ ആയിട്ട് ആർ സി സി യിൽ ആണെന്ന്... ആദ്യം എനിക്ക് അതൊരു ഷോക്ക് ആയിരുന്നു... പിന്നെ ചന്ദ്രൂന്റെ അച്ഛനോട് മാത്രം പറഞ്ഞ് ഞാൻ അവരെ കാണാൻ പോയി...""" """എന്നിട്ട്...."""

"""ആശുപത്രി വരാന്തയിൽ വച്ച് അവളെ കണ്ടപ്പോൾ എന്റെ നെഞ്ചൊന്നാളി... അന്ന് അവസാനമായി കണ്ട പാർവ്വതിയുടെ പകുതി... അല്ല അത്ര പോലും ഇല്ലായിരുന്നു അവൾ... ഒത്തിരി ക്ഷീണിച്ച്... എന്നെക്കണ്ട് ഒരുപാട് കരഞ്ഞു... ഒത്തിരി തവണ മാപ്പ് ചോദിച്ചു... ആ അവസ്ഥയിൽ ഞാൻ അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്...? എങ്കിലും ചേർത്ത് പിടിച്ച് എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞു... എന്റെ ചന്ദ്രു അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞു... പക്ഷേ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു....""" ആ ദിവസം കണ്മുന്പിലൂടെന്ന പോൽ അവരിൽ മിന്നി മാഞ്ഞു.... 💞💞💞💞💞💞💞💞💞💞💞💞💞💞 """ആന്റി എന്നോട് ക്ഷമിക്കണം... ആന്റിയുടെ മോനോട് ഞാനൊരു തെറ്റ് ചെയ്തു... ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ്...""" അവളുടെ സ്വരം ഇടറി... അവൾ എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ രേവതി നിന്നു... """ഞാൻ... എനിക്ക്... എനിക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ല... എ... എൻറെ യൂട്രസ് നേരത്തെ എടുത്ത് കളഞ്ഞതാ...""" ചിലമ്പിച്ച വാക്കുകൾ പുറത്തു വന്നു... """പാർവ്വതീ..."""

ഒരു നിമിഷം ഹോസ്പിറ്റൽ ആണെന്ന് പോലും മറന്ന് അവരുടെ ശബ്ദം ഉയർന്നു... """ഞാൻ... ഞാൻ... എനിക്ക് മാപ്പ് തരണം... ഇത് വരെ കിട്ടാത്ത സ്നേഹം ഒരാൾ തന്നപ്പോൾ... അറിയാതെ മോഹിച്ചു പോയി... പക്ഷേ.. പക്ഷേ... കിഷോറേട്ടനെ ചതിക്കണമെന്ന് വച്ചിട്ടല്ല... പേടിയായിരുന്നു ആ സ്നേഹം എന്നിൽ നിന്നും വിട്ട് പോവോന്ന്... ഞാൻ...""" അവളുടെ വാക്കുകൾ മുറിഞ്ഞു... ഒരു നിമിഷം ഏങ്ങലടിച്ച് ശ്വാസമെടുക്കാൻ പാട് പെടുന്നത് കണ്ടു... രേവതിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ തോന്നി... ഒരു വശത്ത് തന്റെ മകനെ അവൾ ചതിച്ചെന്നോർത്ത്... അപ്പോഴും അവളെ കുറ്റം പറയാൻ മനസ്സ് അനുവദിക്കുന്നില്ല.... """ആന്റി വിഷമിക്കേണ്ട... ഞാനായി തന്നെ ഏട്ടന്റെ ജീവിതത്തിൽ ന്ന് ഒഴിഞ്ഞു മാറിക്കോളാം...""" അവളുടെ ഉറച്ച സ്വരം കേട്ടു... തിരികെ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങുമ്പോൾ മുന്നോട്ട് എന്ത്..? എങ്ങനെ...? അവർക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞 """അപ്പോൾ ആ ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്ന് പറഞ്ഞതോ...?""" ആദിയാണ്...

"""പച്ചക്കള്ളം... ചന്ദ്രുവിനെ കാണിക്കാൻ അവൾ മനപ്പൂർവ്വം ചെയ്തത് ആണ്... അവൻ അവളുടെ ഒരു അകന്ന ബന്ധത്തിലുള്ള പയ്യനാണ്... അന്നവരെ ടാക്സിയിൽ കൊണ്ട് പോയത് അവനാണ്...""" എല്ലാം കേട്ടിട്ട് ആദിക്ക് തല പെരുക്കും പോലെ തോന്നി... അപ്പോഴും ലച്ചു...? അതൊരു ചോദ്യചിഹ്നമായി അവശേഷിച്ചു... അത് മനസ്സിലാക്കിയത് പോലെ രേവതി പറഞ്ഞു തുടങ്ങി... """തിരികെ വീട്ടിൽ എത്തുമ്പോൾ എനിക്ക് എന്ത് വേണമെന്ന് അറിയില്ലായിരുന്നു... ലച്ചൂന്റെ അച്ഛനോട് എല്ലാം പറഞ്ഞു... അവിടെ സ്വാർത്ഥരായ അച്ഛനും അമ്മയും ആയി മാറുകയായിരുന്നു ഞങ്ങൾ... സ്വന്തം മോന്റെ ചോരയിലൊരു കുഞ്ഞ്... എല്ലാ മാതാപിതാതാക്കളെയും പോലെ അത് ഞങ്ങളുടെയും ആഗ്രഹം ആയിരുന്നു... അവിടെ ഞങ്ങൾ പാർവ്വതിയെ മറന്നു... അവളെ കണ്ടത് ചന്ദ്രുവിൽ നിന്നും മറച്ച് വച്ചു... പിന്നെ എങ്ങനെയെങ്കിലും ചന്ദ്രുവിനെ കെട്ടിക്കണമെന്നായി ചിന്ത... കാരണം അവൻ സത്യങ്ങൾ അറിഞ്ഞാൽ ആദ്യം ദേഷ്യം തോന്നിയാലും അവളെ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു... എന്റെ കുഞ്ഞ് ഒരു പാവമാ...

അവന് സ്നേഹിക്കാൻ മാത്രേ അറിയൂ... ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ രേഷ്മയ്ക്ക് വേണ്ടി ആലോചനയും കൊണ്ട് വന്നത്... അത് എതിർക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു... എങ്കിലും കുഞ്ഞൊരു പ്രതീക്ഷ... പക്ഷേ അവിടെ അവൻ തന്നെ ജയിച്ചു... പിന്നീടാണ് മോളുടെ ചെറിയമ്മ മോൾടെ കാര്യം പറഞ്ഞത്...""" """ചെറിയമ്മ...?""" രേവതി അത് കേട്ടതായി ഭാവിച്ചില്ല... """മോൾടെ കാര്യം പറഞ്ഞപ്പോഴും ചന്ദ്രു എതിർത്തു... ഇനിയൊരു വിവാഹം വേണ്ടെന്ന് തറ തട്ടേൽ നിന്നു... ഞങ്ങൾ നോക്കിയിട്ട് അവസാന പ്രതീക്ഷ ലച്ചു ആയിരുന്നു... പക്ഷേ ചേട്ടന്റെ ഇഷ്ടമാണ് അവളുടെയും ഇഷ്ടം... ഒടുവിൽ അവളെ വച്ച് ചന്ദ്രുവിനോട് തർക്കിക്കേണ്ടി വന്നു... അനീഷുമായി അവളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് പറഞ്ഞു... ചന്ദ്രുവിന് വേറെ മാർഗം ഇല്ലായിരുന്നു... അമ്മയും അച്ഛനും ചെയ്തത് തെറ്റാണെന്ന് അറിയാം... തെറ്റല്ല തറ പരിപാടി ... പക്ഷേ അന്ന് ഞങ്ങൾക്ക് അതായിരുന്നു ശരി...""" രേവതി പറഞ്ഞ് നിർത്തുമ്പോൾ ആദി വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു... എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു... ആരോടും ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റു............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story