കിച്ചന്റെ പെണ്ണ്: ഭാഗം 23

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

രേവതി പറഞ്ഞു നിർത്തുമ്പോൾ ആദി വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു... അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു... ആരോടും ഒന്നും മിണ്ടാതെ എഴുന്നേറ്റു... """മോളേ...""" """രേവുമ്മ പേടിക്കേണ്ട... ഞാൻ പറഞ്ഞ് ആരും ഒന്നും അറിയില്ല...""" അവരുടെ കണ്ണിലെ അപേക്ഷ മനസ്സിലാക്കിയെന്ന പോലെ പറഞ്ഞു കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു... കുറച്ചു നേരത്തേക്ക് അവൾക്ക് എന്ത് വേണമെന്ന് അറിയില്ലായിരുന്നു... ചന്ദ്രുവിന്റെ മുഖം ഓർമ്മ വന്നതും ഉള്ളിൽ വേദന തോന്നി... എല്ലാരൂടെ ചേർന്ന് ആ പാവം മനുഷ്യനെ പറ്റിക്കുകയാ... ഞാനും... ഞാനും പറ്റിക്കുകയല്ലേ... തള്ളവിരലും ചൂണ്ടു വിരലും നെറ്റിയിലൂന്നി അവൾ മുറിയിൽ തെക്ക് വടക്ക് നടന്നു... ഒരു സമാധാനത്തിന് ഫോൺ എടുത്ത് ശ്രീയമ്മയെ വിളിക്കാൻ തുടങ്ങിയെങ്കിലും മടിച്ചു... വേണ്ട മനസ്സിന്റെ ഭാരം കൂടുകയേ ഉള്ളൂ... """നിൻറെ മൂട്ടിൽ ആരാടീ തീയിട്ടേ...?""" അങ്ങോട്ട് കയറി വന്നതായിരുന്നു ലച്ചു... ആദിയുടെ ഭാവം കണ്ട് അവൾ നെറ്റി ചുളിച്ചു... പക്ഷേ അപ്പോഴേക്കും മുറിയിൽ രേഷ്മ വന്നു... ആദിയെ എന്തെങ്കിലും പറയാൻ സമ്മതിക്കാതെ പുറത്തു പോവാമെന്ന് പറഞ്ഞു...

അവളും ആ നിമിഷം അതാഗ്രഹിച്ചിരിക്കണം... ഒന്നും മിണ്ടാതെ രേഷ്മയ്ക്ക് ഒപ്പം ഇറങ്ങി... ലച്ചുവിന് നടക്കാൻ വയ്യെന്നും പറഞ്ഞ് അവൾ വന്നില്ല... ഇടവഴിയും പാടവും കടന്ന് അവർ നടന്നു... അത്യാവശ്യം കാണാനുള്ള കാഴ്ചകൾ ഉണ്ടായിരുന്നു അവിടെ... മനസ്സിലെ ഭാരം പതിയെ പതിയെ ഇല്ലാതാകുന്നത് അവൾ അറിഞ്ഞു... """ആദിക്ക് കിഷോറേട്ടനെ ഇഷ്ടമാണോ...?""" ഓർക്കാപ്പുറത്തായിരുന്നു രേഷ്മയുടെ ചോദ്യം... ആദി ഞെട്ടിയോ...? """എനിക്കെല്ലാരെയും ഇഷ്ടമാ...""" """അതല്ല... നിങ്ങൾ തമ്മിൽ...""" രേഷ്മ ചോദിക്കാൻ വന്നത് പാതി നിർത്തിക്കൊണ്ട് ആദിയെ നോക്കി... അവൾക്ക് പറയാൻ മറുപടി ഒന്നുമില്ലായിരുന്നു... എന്താണ് പറയേണ്ടത്...? ഏട്ടൻ തനിക്ക് നല്ലൊരു സുഹൃത്ത് ആണെന്നോ...? അതോ... """മാമി പറഞ്ഞ് കുറച്ചൊക്കെ എനിക്കറിയാടോ... തനിക്ക് ഇഷ്ടല്ലാതെയാണ് ഏട്ടനെ വിവാഹം കഴിച്ചതെന്ന്... പക്ഷേ ഒന്ന് പറയാം ആദീ... ഇതിലും നല്ലൊരാളെ നിനക്ക് ഈ ജന്മം കിട്ടില്ല... അത്രയ്ക്കും പാവമാണ് ഏട്ടൻ... സ്വയം വേദനിച്ചാലും, അറിഞ്ഞു കൊണ്ട് ആരേലും വേദനിപ്പിച്ചാലും ആ പാവം എല്ലാം ഉള്ളിലൊതുക്കുകയേ ഉള്ളൂ... ആരോടും പരിഭവമില്ല... ആരോടും ദേഷ്യമില്ല... സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രാണൻ വെടിയും... ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം... എന്നാലും ചോദിക്കുവാ...

നിനക്ക് അംഗീകരിച്ചു കൂടേ എൻറെ ഏട്ടനെ... ആ പാവത്തെ ഒറ്റയ്ക്കാക്കരുത്... പ്ലീസ്...""" രേഷ്മ ആദിയുടെ കൈകൾ കൂട്ടിപ്പിടിച്ച് പ്രതീക്ഷയോടെ നോക്കി... അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു വീണതല്ലാതെ ഒന്നും മിണ്ടിയില്ല... മനസ്സ് പിടിവലിയിൽ ആയിരുന്നു... ചന്ദ്രുവിന്റെ മുഖം മനസ്സിൽ ഓർക്കേ നോവല്ലാതെ മറ്റൊന്നും തോന്നുന്നില്ല... എത്രയൊക്കെ പറഞ്ഞാലും തൻറെ കഴുത്തിൽ താലി കെട്ടിയ ആളാണ്... തന്റെ ഭർത്താവ്... അവളുടെ ഹൃദയം പിടഞ്ഞു... പക്ഷേ കിച്ചേട്ടൻ... ശരിയും ശരിയും അവളെ സമ്മർദ്ദത്തിൽ ആഴ്ത്തി... അന്നാദ്യമായി കിച്ചേട്ടന്റെ സ്ഥാനത്ത് അവൾ ചന്ദ്രുവിനെ ഓർത്തു... ഇല്ല... പറ്റുന്നില്ല... നോവ്... ഹൃദയം വാർന്ന് ചോര ഒഴുകുന്നു... """ആദീ...""" ഒരു ഞെട്ടലോടെ അവൾ നോക്കി... രേഷ്മയുടെ രൂപം അവ്യക്തമായി കാണാം... ഈ നേരം വരെ കരയുകയായിരുന്നെന്ന് അപ്പോഴാണ് അവൾ അറിഞ്ഞത് ... """സോറി ആദീ... ഞാൻ എന്തോ ഓർത്ത്... പറഞ്ഞത് ഇഷ്ടായില്ലേൽ അത് വിട്ടേക്ക്... താൻ കരയാതെ...""" ആദിയുടെ കരഞ്ഞു വീങ്ങിയ മുഖം കണ്ട് രേഷ്മ ഭയന്ന് പോയിരുന്നു...

അപ്പോഴും അവൾ മിണ്ടിയില്ല... മുന്നോട്ട് നടന്നു... കയ്യിൽ താലി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... ഉള്ളിൽ നടക്കുന്ന സംഘർഷത്തിന്റെ പ്രതിഭലനമെന്നോണം പല പല ഭാവങ്ങൾ മുഖത്ത് മിന്നിമായുന്നുണ്ട്... പെട്ടെന്നാണ് ഒരു കാർ ഹോൺ അടിച്ചുകൊണ്ട് മുന്നിൽ വന്ന് നിന്നത്... ഓർക്കാപ്പുറത്ത് ആയത് കൊണ്ട് രണ്ടുപേരും ഭയന്നു... """എങ്ങോട്ടാ രണ്ടും കൂടെ...""" ചന്ദ്രുവാണ്... ആള് കാർ ഒതുക്കി ഇറങ്ങി... അവനെ കണ്ടതും രേഷ്മയുടെ മുഖം തെളിഞ്ഞു... ആദി എന്തോ ഓർത്തു പെട്ടെന്ന് തിരിഞ്ഞു നിന്ന് മുഖം അമർത്തി തുടച്ചു... ചന്ദ്രു അത് ശ്രദ്ധിച്ചു... """ആദീ...""" അവൾ മൂളിയെങ്കിലും അവനെ നോക്കിയില്ല... """ടീ മുഖത്ത് നോക്കിയേ...""" അവൻറെ സ്വരം മാറി... ആദ്യം മടിച്ചെങ്കിലും അവൾ പതിയെ മുഖം ഉയർത്തി... അവളുടെ വീർത്ത കൺപോളകളും ചുവപ്പ് രാശി പടർന്ന മിഴികൾ കണ്ടതും അവനിൽ പരിഭ്രമം നിറഞ്ഞു... """മോളേ... എന്തിനാടാ കരയുന്നേ...""" അത് കേൾക്കാൻ കാത്തെന്നത് പോലെ അവൾ ഒന്ന് തേങ്ങി... അവൻറെ നോട്ടം രേഷ്മയുടെ നേരെ നീണ്ടതും അവൾ മുഖം താഴ്ത്തി... """രേഷ്മേ... എന്തിനാടി ഇവൾ കരയുന്നേ...""" അവൾ നിന്ന് പരുങ്ങി ... സത്യം പറഞ്ഞാൽ ഏട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല... ശരിയാണ് ഏട്ടൻ അധികം ദേഷ്യപ്പെടില്ല...

പക്ഷേ പ്രിയപ്പെട്ടവരുടെ കണ്ണ് നിറഞ്ഞാൽ ഏട്ടൻ ഏട്ടനല്ലാതാകും... """ഡി... നിന്നോട് ചോദിച്ചത് കേട്ടില്ലേ...""" """ഒന്നൂല്ല ലച്ചൂന്റെ ചേട്ടാ... ഞാൻ പെട്ടെന്ന് അച്ഛനേം ശ്രീയമ്മേം ഒക്കെ ഓർത്തപ്പോൾ ...""" ആദി ചാടിക്കയറി പറഞ്ഞു... എന്നിട്ടും അവന് സംശയം വിട്ട് മാറുന്നില്ലായിരുന്നു... ആദിക്ക് നല്ല സങ്കടായിട്ടുണ്ട്... ചിലപ്പോൾ കിച്ചുവിനെ ഓർത്തിട്ടാകും... എന്തോ ആ ഓർമ്മയിൽ അവന്റെ ഹൃദയം നൊന്തു... """മതി കറക്കം... രണ്ടും വന്ന് കാറിൽ കയറ്...""" അല്പം ഗൗരവത്തിൽ പറഞ്ഞ് അവൻ സീറ്റിൽ കയറി ഇരുന്നു... ആദിയും രേഷ്മയും ബാക്കിൽ കയറി... കുറച്ചു ദൂരം കാർ ഓടിയിട്ടും ആരുമാരും മിണ്ടിയില്ല... ചന്ദ്രുവിന്റെ കണ്ണുകൾ ആദിയുടെ മേലായിരുന്നു... സീറ്റിൽ ചാരി കണ്ണടച്ച് കിടപ്പുണ്ടവൾ ... കൈകൾ താലിയിൽ തെറുത്ത് പിടിച്ചിട്ടുണ്ട്... ആദ്യായിട്ടാണ് അവളെ ഇങ്ങനെ കാണുന്നത്... നേരത്തെ ആ താലി ഒരു ലോഹമായി പോലും കാണാത്തവൾ ആണ്... കാര്യായി അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്... അവൻ ഓർത്തു... എങ്കിലും അവളെ ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ഉള്ളം കൊതിക്കുന്നുണ്ട്...

അതേ സമയം ആദിയുടെ മനസ്സിൽ രേവുമ്മയും രേഷ്മയും പറഞ്ഞതായിരുന്നു... ലച്ചൂന്റെ ചേട്ടൻ... പാവം... പക്ഷേ അവൻറെ മുഖം മനസ്സിൽ ഓർക്കുമ്പോൾ അതിലും മിഴിവോടെ കിച്ചുവിന്റെ മുഖം തെളിഞ്ഞ് വരും... ആ പ്രണയം നിറഞ്ഞ മിഴികൾ... ആ ചിരി... ആ ദേഷ്യം... ആ കുറുമ്പ്... 'എന്തിനാ കിച്ചേട്ടാ ആദിയെ മോഹിപ്പിച്ചേ...? ന്നെ ആർക്കും വിട്ട് കൊടുക്കാതിരുന്നൂടാരുന്നോ... നിക്ക്... നിക്ക് പറ്റുന്നില്ല ഏട്ടാ... ഞാൻ... എനിക്ക് അറിയില്ല... അങ്ങ് ചത്താൽ മതിയാർന്ന്...' ഉള്ളിലെ പിരിമുറുക്കം കാരണം കൈകൾ കൂട്ടിപ്പിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു അവൾ... ചന്ദ്രു അവളെ വിളിക്കാൻ തുടങ്ങിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു... കരഞ്ഞു തീർക്കട്ടെ... വീട്ടിൽ ചെന്നിട്ട് ചോദിക്കാം... തിരികെ തറവാട്ടിൽ എത്തുമ്പോൾ ആദി മനസ്സിൽ ചിലതൊക്കെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു... മറ്റുള്ളവരുടെ മുന്നിൽ അവൾ സമർത്ഥമായി അഭിനയിച്ചു... ചന്ദ്രു ആദി കരഞ്ഞതിന്റെ കാരണം അറിയാൻ രേഷ്മയെ തിരഞ്ഞെങ്കിലും അവൾ മനപ്പൂർവം അവൻറെ മുന്നിൽ പെടാതെ നടന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞 വൈകിട്ട് രേഷ്മയുടെ അച്ഛൻ പറഞ്ഞത് അനുസരിച്ച് ആത്രയിൽ (കാവിൽ) പോകാൻ നിന്നതായിരുന്നു ചന്ദ്രു... കല്യാണം കഴിഞ്ഞ ശേഷം ഭാര്യയും ഭർത്താവും അവിടെ തിരി തെളിയിക്കുന്നത് ഒരു ചടങ്ങാണ്...

പോകാൻ സമയമായപ്പോൾ അത് വരെ കൂടെ വരാമെന്ന് പറഞ്ഞ ലച്ചുവും രേഷ്മയും നൈസായി തലയൂരി... ഒടുവിൽ വേറെ വഴിയില്ലാതെ അവനൊപ്പം പോകേണ്ടി വന്നു അവൾക്ക്... വീട്ടിൽ നിന്ന് ഒരു പത്ത് മിനിറ്റ് നടക്കണം ആത്രയിൽ എത്താൻ... ബൈക്കിൽ പോകാമെങ്കിലും അവളോടൊപ്പം നടക്കാനുള്ള കൊതി കൊണ്ട് അവൻ ബൈക്ക് എടുത്തില്ല... രണ്ടപരിചിതരെപ്പോലെ ഇരുവരും നടന്നു... എങ്കിലും ചന്ദ്രുവിന്റെ കണ്ണ് മുഴുവൻ ആദിയിലായിരുന്നു... സാരിയുടുത്ത് അവളെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇന്നെന്തോ അവളിൽ നിന്നും മിഴികൾ പറിച്ചു മാറ്റാൻ പറ്റുന്നില്ല... അത് മനസ്സിലായത് പോലെ ആദി സാരിയിൽ പിടിച്ച് ഒതുങ്ങിക്കൂടി നടന്നു... ആദ്യമൊക്കെ രണ്ടറ്റത്താണ് നടന്നതെങ്കിലും ഒരു കാന്തം കണക്കെ ചന്ദ്രു അവളോടടുത്തടുത്ത് വന്നു... ആത്രയും വള്ളിപ്പടർപ്പുകളുമെല്ലാം ആദിക്ക് പുതുമയുള്ളതായിരുന്നു... അത് കൊണ്ട് തന്നെ മിഴികൾ വിടർത്തി അവൾ ചുറ്റിനും നോക്കി... ആത്രയുടെ നടുക്കായി ഒരു വലിയ ഇലഞ്ഞിമരം ഉണ്ട്... അതിൽ നിറയെ പേരറിയാത്ത ഏതൊക്കെയോ കിളികൾ ചിലയ്ക്കുന്നുണ്ട്...

ചുറ്റും പച്ചപ്പ്... താഴെ അങ്ങിങ്ങായി ചെറിയ ചെറിയ കല്ലുകൾ ഉണ്ട്... ചന്ദ്രു എണ്ണയിൽ മുക്കി അവിടെ തിരികൾ നീട്ടി വച്ചു... """ലച്ചൂന്റെ ചേട്ടൻ ഇതെന്താ കാണിക്കുന്നേ...?""" """അത് കൊള്ളാം... തിരി തെളിയിക്കാൻ വന്നിട്ട് തെളിയിക്കണ്ടേ...?""" """ഈ കല്ലിലോ...?""" അവൾ ഒട്ടൊരു അത്ഭുതത്തോടെ ചോദിച്ചു... """പിന്നെ നീയെന്ത് കരുതി....?""" ആദിക്ക് ഒന്നും മനസ്സിലായില്ല... """ദേ ഈ കാണുന്ന 11 കല്ലുകൾ കണ്ടോ...? 110 ദൈവങ്ങളെ സങ്കൽപ്പിച്ച് വച്ചിരിക്കുന്നതാ...""" അവൻ ആ കല്ലുകൾ ചൂണ്ടി പറഞ്ഞു... """110 ദൈവങ്ങളോ...?""" ആദി ഞെട്ടാതിരുന്നില്ല... """മ്മ്ഹഹ്... മാടനും മറുതയും... അങ്ങനെയങ്ങനെ....""" """അപ്പോൾ കുട്ടിച്ചാത്തനില്ലേ....?""" """കുട്ടിച്ചാത്തനോ...?""" """ആന്നേ... കേട്ടിട്ടില്ലേ ഓം ഹ്രീം കുട്ടിച്ചാത്താ... ആ കുട്ടിച്ചാത്തൻ...""" നിഷ്കളങ്കമായിട്ടായിരുന്നു അവളുടെ മറുപടി... അവൻ അറിയാതെ ചിരിച്ചു പോയി... പിന്നെയും പിന്നെയും ചിരിച്ചു... അത് കഴിഞ്ഞാണ് ആദിയുടെ മുഖം ശ്രദ്ധിച്ചത്... പെണ്ണിന് കളിയാക്കുന്നത് പണ്ടേ ഇഷ്ടമല്ല... ഇപ്പോൾ മുഖമൊക്കെ ചുവന്ന് തുടുത്ത് നല്ല തക്കാളി പോലെ ആയിട്ടുണ്ട്...

"""വായോ... തിരി തെളിയിക്കാം...""" അവൻ ചിരി ഒരുവിധം കടിച്ചു പിടിച്ചു പറഞ്ഞു... ആദി പരിഭവത്തോടെ ചുണ്ട് പുറത്തേക്കുന്തി മുഖം വെട്ടിത്തിരിച്ചു... """ഡി... ഇവിടെ വാ...""" അവൻറ്റെ സ്വരം മാറിയതും ആദി പതിയെ അരികിലേക്ക് ചെന്നു... രണ്ട് പേരും ഒരുമിച്ച് നിന്ന് തിരി തെളിയിച്ചു... 11 കല്ലിലും തിരി തെളിയിച്ചതിന് ശേഷം ഇരുവരും കണ്ണടച്ച് കൈകൾ കൂപ്പി നിന്നു... ആദിക്ക് പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു... മനസ്സ് ശൂന്യം... എങ്കിലും ഇപ്പോൾ അണിഞ്ഞു നടക്കുന്ന പൊയ്മുഖം അഴിഞ്ഞ് വീഴല്ലേയെന്ന് വെറുതെയെങ്കിലും അവൾ പ്രാർത്ഥിച്ചു... അതേ സമയം ചന്ദ്രു... """ദൈവങ്ങളെ... ഇന്ന് വരെ ഞാൻ ചോദിച്ചത് ഒന്നും നീ തന്നിട്ടില്ല... എങ്കിലും ആഗ്രഹിച്ചത് കയ്യെത്തും ദൂരത്തുണ്ട്... എനിക്ക് തന്നേക്കുമോ ഈ പൊട്ടി പെണ്ണിനെ...? """..........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story