കിച്ചന്റെ പെണ്ണ്: ഭാഗം 24

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ദൈവങ്ങളെ ഇന്ന് വരെ ഞാൻ ചോദിച്ചതൊന്നും നീ തന്നിട്ടില്ല... എങ്കിലും ആഗ്രഹിച്ചത് എൻറെ കയ്യെത്തും ദൂരത്തുണ്ട്... എനിക്ക് തന്നേക്കുമോ ഈ പൊട്ടി പെണ്ണിനെ......?""" അവൻ മനമുരുകി പ്രാർത്ഥിച്ചു... ശേഷം കണ്ണ് തുറന്ന് നോക്കുമ്പോൾ ആദി കണ്ണടച്ച് നിൽപ്പുണ്ട്... അവളെ നോക്കി അൽപനേരം നേരം നിന്നു... അവൾ കണ്ണ് തുറക്കുന്നത് കണ്ടതും വേഗം നോട്ടം മാറ്റി... """പോകാം...""" അവൾ തലയാട്ടി... അവൻ നടക്കുന്നതിന് പിന്നിലായി ആദി നടന്നു... ഇരുട്ട് വീണ് തുടങ്ങിയിരുന്നു... പരിചയമില്ലാത്ത വഴി ആയത് കൊണ്ട് നടക്കുമ്പോൾ കല്ലിൽ തട്ടി അവൾ വീഴാനാഞ്ഞു... ഒന്ന് രണ്ട് തവണ ആയപ്പോൾ ചന്ദ്രു അവിടെ നിന്നു... അവളെ പോലും ഞെട്ടിച്ചു കൊണ്ട് പെട്ടന്നാണ് അവൻ കൈകൾ അവൾക്ക് നേരെ നീട്ടിയത്... അവൾ സംശയത്തോടെ അവനെ നോക്കി... """അറിയാത്ത വഴിയല്ലേ... അതാ...""" ചെറിയൊരു പതർച്ചയോടെ അവൻ പറഞ്ഞു... അപ്പോഴും അവൻറെ മിഴികളിൽ അവളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു... """കുഴപ്പമില്ല... ഞാൻ... ഞാൻ നടന്നോളാം...""" അവൻറെ മുഖം മങ്ങിയോ...? """എന്നെ അത്രയ്ക്ക് പോലും വിശ്വാസമില്ലേടോ...?""" """അതല്ല... ഞാൻ...""" അവൾക്ക് ഒരു മറുപടി പറയാൻ ഇല്ലായിരുന്നു... എങ്കിലും അവൻ നീട്ടിയ കയ്ക്ക് മീതെ അവളുടെ കരം വച്ചു...

 എങ്ങ് നിന്നോ ശീതക്കാറ്റ് വന്ന് തന്നെ പൊതിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... എന്നോ കരിഞ്ഞുണങ്ങിയ പുൽച്ചെടിയിൽ പ്രതീക്ഷയുടെ പുതുനാമ്പ് കിളിർത്തു കൊണ്ട് അവൾക്കൊപ്പം അവനും നടന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞 """കിച്ചേട്ടാ... ഒന്നെഴുന്നേൽക്കുവോ....?""" """എന്താടീ...""" """ഒന്നെഴുന്നേൽക്ക് കിച്ചേട്ടാ... ഞാൻ പറയാം...""" """ദേ ആദീ എനിക്ക് ദേഷ്യം വരുമേ... ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഉറക്കത്തിൽ വിളിച്ച് ശല്യപ്പെടുത്തരുതെന്ന്...""" """പ്ലീസ്‌ കിച്ചേട്ടാ... ഒന്നെഴുന്നേൽക്ക്....""" ആദിയുടെ ശല്യം സഹിക്കവയ്യാതെ അവൻ എഴുന്നേറ്റു... അല്പം ദേഷ്യത്തോടെ അവളെ നോക്കുമ്പോഴാണ് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളും തന്നെ പരിഭ്രമത്തോടെ ഉറ്റു നോക്കുന്ന കണ്ണുകളും കണ്ടത്... """എന്താടാ വാവേ...?""" """ദാ കിച്ചേട്ടാ അവിടെ...""" """അവിടെ എന്താ...?""" അവനോടൊന്നും പറയാതെ അവന്റെ കയ്യും പിടിച്ച് വേഗത്തിൽ താഴേക്ക് നടന്നു... മുറ്റത്ത് നിൽക്കുന്ന പേരമരത്തിന്റെ ചുവട്ടിൽ എത്തിയിട്ടാണ് അവൾ കൈ വിട്ടത്...

അവളുടെ മിഴികളെ പിന്തുടർന്ന് പോയ അവൻ കണ്ടു താഴെ ജീവനുവേണ്ടി പിടയുന്ന ഒരു ഓലഞ്ഞാലി കുരുവിയെ... എന്ത് പറ്റിയതാണെന്നറിയില്ല അതിന്റെ ഒരു ഭാഗം ചതഞ്ഞിട്ടുണ്ട്... അവൻ വേഗം ചെന്ന് അതിനെ എടുത്തു... വല്ലാതെ പിടയ്ക്കുന്നുണ്ട്... """കിച്ചേട്ടാ ഇതിനെന്തെങ്കിലും പറ്റുവോ...?""" കൺ നിറച്ചാണ് ചോദ്യം... അവൻ ഒന്നും മിണ്ടാതെ പൈപ്പിൻ ചുവട്ടിൽ ചെന്ന് കൈക്കുമ്പിളിൽ ഇത്തിരി വെള്ളമെടുത്ത് അതിന്റെ ചുണ്ടിൽ മുട്ടിച്ചു... ഒന്നോ രണ്ടോ തുള്ളി ജലം അകത്ത് ചെന്ന് കാണണം... അതിന്റെ ചലനം നിലച്ചു... അവൻറെ കൈ ഒന്ന് വെട്ടി വിറച്ചു... അതിനെ പതിയെ താഴെ കിടത്തി... """കിച്ചേട്ടാ... ഞാൻ വന്നപ്പോൾ... അത്... പാവം... എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല...""" പക്ഷി ആണെങ്കിലും തൻ്റെ കയ്യിൽ ഒരു ജീവൻ പൊലിഞ്ഞതിന്റെ അസ്വസ്ഥത തോന്നി അവന്... അതിൻറെ കൂടെ ആദി കരയുന്നത് കൂടി കണ്ടപ്പോൾ അവളെ ചേർത്ത് പിടിച്ചു... """പോട്ടെടാ നമ്മളൊന്നും ചെയ്തില്ലല്ലോ...""" അവളെ ആശ്വസിപ്പിക്കാൻ നോക്കി... അവളിരുന്ന് വിതുമ്പുന്നുണ്ടായിരുന്നു... ഒരു സെക്കൻഡ് കഴിഞ്ഞ് അതിന്റെ ഇണയാണെന്ന് തോന്നുന്നു..., മറ്റൊരു ഓലേഞ്ഞാലി ശബ്ദമുണ്ടാക്കി അവിടെ പറക്കാൻ തുടങ്ങി... കിച്ചു ആദിയെ പിടിച്ചു കൊണ്ട് ഇത്തിരി മാറി നിന്നു...

ആ കുരുവി അവിടെ ഇരുന്നു... ഇണയെ കൊത്തി വിളിക്കുന്നു... അതിന്റെ ചിറകിലും കാലിലും കൊത്തുന്നു... അനങ്ങുന്നില്ലെന്ന് കണ്ട് ശബ്ദം ഉണ്ടാക്കുന്നു ... ഒരു പക്ഷേ തൻറെ പ്രേയസിയെ നഷ്ടപ്പെട്ട വേദനയാകാം... ഒരു നോക്ക് കാണാൻ കൊതിച്ച് വിളിക്കുന്നതാകാം... അല്പനേരം കൂടെ അവർ നോക്കി നിന്നു... ശേഷം കിച്ചു അവളെ അടർത്തി മാറ്റി ചായിപ്പിൽ നിന്നും ഒരു മൺവെട്ടി എടുത്തുകൊണ്ട് വന്ന് പറമ്പിലായി കുഴി കുത്തി... ഒരു കമ്പെടുത്ത് വീശിയപ്പോൾ ആ കുരുവി അടുത്തുള്ള മരച്ചില്ലയിലേക്ക് പറന്നു... അവൻ അതിനെ മണ്ണിൽ കുഴിച്ചിടുമ്പോഴും ആ കുരുവി അവിടെ തൻറെ ഇണയെ നോക്കിയിരിപ്പുണ്ട്... തിരികെ വന്ന് കയ്യും കാലും കഴുകി... ആദി കരയുന്നത് കണ്ട് അവളെയും പിടിച്ച് റൂമിലേക്ക് നടന്നു... """ആ കിളി അതിൻറെ ഇണയാകും... അല്ലേ കിച്ചേട്ടാ...""" """മ്മ്ഹ്...""" """അതിന് വേദനിച്ച് കാണില്ലേ...?""" """എന്ത് ചോദ്യവാ ആദീ... പിന്നെ വേദനിക്കാതെ...?""" """അപ്പോൾ അതിനി ജീവിച്ചിരിക്കുവോ...? എങ്ങനെ സഹിക്കും...? ഇതുവരെ ഒപ്പമുണ്ടായിരുന്നയാളെ പെട്ടെന്ന് നഷ്ടപ്പെട്ടാൽ താങ്ങാൻ കഴിയുമോ...? പിന്നെ ജീവിക്കാൻ തോന്നുമോ...?""" """വേദന കാണും ഡീ... എങ്കിലും പതിയെ പൊരുത്തപ്പെടും... അത് കാലത്തിന്റെ ഒരു മാജിക് ആണ്...""" """കിച്ചേട്ടന് പറ്റുവോ അങ്ങനെ...?"""

ആദിയുടെ ചോദ്യത്തിൽ അവൻ ഞെട്ടി... """പക്ഷേ എനിക്ക് പറ്റില്ല... മരിച്ചു പോകും കിച്ചേട്ടാ ഞാൻ... ശ്വാസം പിടഞ്ഞ്... നീറി നീറി ജീവിക്കാൻ വയ്യ.... മരിച്ചു പോകും ഞാൻ...""" """ആദീ...""" 💞💞💞💞💞💞💞💞💞💞💞💞💞 കിച്ചു ഞെട്ടി ഉണർന്നു... കുറച്ചു സമയം വേണ്ടി വന്നു ഒന്ന് ഓക്കേ ആകാൻ... ഫോണെടുത്ത് നോക്കി... ഏഴു മണി കഴിഞ്ഞു... ഉച്ചയ്ക്ക് വന്ന് നേരെ കിടന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല...ഫോണിൽ കുറെ മിസ്സ് കാൾ കിടപ്പുണ്ട്... തിരിച്ച് ഡയൽ ചെയ്തു... """എന്തായെടാ...?""" """എന്താവാൻ... മൂപ്പീന്ന് അമ്പിനും വില്ലിലും അടുക്കുന്നില്ല...""" മറുപുറത്ത് നിന്നും ശബ്ദം വന്നു... """നിങ്ങൾ സെയിം കാസ്റ്റല്ലേ...? പിന്നെന്താ കുഴപ്പം...?""" """എന്ത് കുഴപ്പം..? കിളവന് ഒടുക്കത്തെ വാശി... ചത്താലും മകളെ എനിക്ക് കെട്ടിച്ചു തരില്ലെന്ന്... കൂടെ ഒരു ആത്മഹത്യാ ഭീഷണിയും...""" """പോകാൻ പറ അയാളോട്... അയാളൊന്നും ചാകില്ല... നീയവളെ വിളിച്ചിറക്കി കൊണ്ട് വാടാ... ബാക്കിയൊക്കെ നമുക്ക് വരുന്നിടത്ത് വച്ച് നോക്കാം...""" """തൽക്കാലം അതൊന്നും വേണ്ടടാ... ലീഗലി അവൾ എൻറെ വൈഫ് അല്ലേ... സോ നോ പ്രോബ്ലം... എനിക്ക് വിഷമം അതല്ല... അയാൾക്ക് എന്നോടുള്ള ദേഷ്യം കാരണം ദേഹം നോവുന്നത് മുഴുവൻ അവൾക്കാ... അതോർക്കുമ്പോഴാ...""" കിച്ചു ഒന്നും മിണ്ടിയില്ല... തൻ്റെ മുഷ്ടി ചുരുട്ടി പിടിച്ചു...

"""അല്ല കിച്ചൂ... ഈ വാശി നീ നേരത്തേ കാണിച്ചിരുന്നേൽ നിൻറെ പ്രണയം ഇന്ന് നിൻറെ കൂടെ കാണില്ലാരുന്നോ...?""" കിച്ചുവിൻറെ ഭാഗത്ത് നിശബ്ദത ആയിരുന്നു... """ഒന്നല്ലേലും ആദിയോട് എങ്കിലും തുറന്ന് പറയാമായിരുന്നു... അവൾ എന്തും സഹിച്ച് പിടിച്ചു നിന്നേനേ...""" """ഡാ ഞാൻ... ഞാൻ അന്ന് ...""" """ഞാൻ പറയാൻ ആളല്ലടാ... എന്നാലും പറയുവാ ഈ സ്നേഹമെന്ന് പറയുന്നത് ഉള്ളിൽ കെട്ടി പൂട്ടി പൊതിഞ്ഞു വയ്ക്കാൻ ഉള്ളതല്ല... അത് പ്രകടിപ്പിക്കുക തന്നെ വേണം... ഒരു പക്ഷേ നീ ഒരിക്കലെങ്കിലും അവളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ... ആ അത് വിട് ഇനി പറഞ്ഞിട്ടെന്താ....? പക്ഷേ കിച്ചൂ... അവസാനം എല്ലാം അറിഞ്ഞപ്പോഴെങ്കിലും നിനക്കവളെ തിരികെ കൊണ്ട് വരാമായിരുന്നു...ഇപ്പോൾ എന്നോട് പറഞ്ഞത് പോലെ നീ മനസ്സ് വച്ചിരുന്നെങ്കിൽ...""" അപ്പോഴും നിശബ്ദത... മറുപുറത്ത് കാൾ ഡിസ്കണക്ട് ആകുന്നത് അറിഞ്ഞു... 'ആദിയോട് പറയുമായിരുന്നു...' അവൻറെ ഉള്ള് നീറി... 'പക്ഷേ ഞാൻ അവളെ വിളിച്ചിറക്കി കൊണ്ട് വന്നാൽ അച്ചായി മരിച്ചിരുന്നേലോ... ഈ ജന്മം ഞങ്ങൾക്ക് സ്വസ്ഥത കിട്ടുമായിരുന്നോ...?

സന്തോഷത്തോടെ ജീവിക്കാൻ പറ്റുമായിരുന്നോ...? ആദി എന്നെ വെറുക്കില്ലേ..? ഇനി അങ്ങനെയല്ലെങ്കിൽ പോലും അതൊരു കരടായി അവളുടെ മനസ്സിൽ കാണില്ലേ...? അച്ഛനെ കൊലയ്ക്ക് കൊടുത്തവന്റെ കൂടെ... അവളെ വേദനിപ്പിക്കാതിരിക്കാനല്ലേ ഞാനങ്ങനെ ചെയ്തേ...? പക്ഷേ ഇപ്പോഴും... ഇപ്പോഴും അവൾ വേദനിക്കുവല്ലേ...?' ശരവർഷം കണക്കെ ഓരോ ചോദ്യങ്ങളും അവന്റെ നെഞ്ചിൽ തറച്ചു... ഒന്നിനും കൃത്യമായ ഒരുത്തരമില്ലാതെ... 💞💞💞💞💞💞💞💞💞💞💞💞💞 പിറ്റേന്ന് രാവിലെ തന്നെ ചന്ദ്രുവും കുടുംബവും തൻറെ വീട്ടിലേക്ക് പോയി... പോകാൻ നേരം മുത്തശ്ശി ഒരിക്കൽ കൂടി രണ്ടുപേരുടെയും കൈകൾ കൂട്ടി വച്ചു അനുഗ്രഹിച്ചു ... ചന്ദ്രുവിന്റെ തല വെട്ടം കണ്ടാൽ മുങ്ങുന്ന രേഷ്മയെ തടഞ്ഞു നിർത്തി തലേന്ന് ആദി കരഞ്ഞതിന്റെ കാരണം അന്വേഷിച്ചിട്ടാണ് അവൻ പോയത്... കാര്യം അറിഞ്ഞപ്പോൾ അവളെ ഒരുപാട് വഴക്ക് പറഞ്ഞു.... കരഞ്ഞും കാലുപിടിച്ചും യാചിച്ചും നേടേണ്ടതല്ല സ്നേഹം എന്നവളെ അവൻ ഓർമ്മിപ്പിച്ചു... ആദിയെ ഒരു തരത്തിലും ഫോഴ്സ് ചെയ്യരുതെന്ന് ലച്ചുവിനെ ചട്ടം കെട്ടാനും അവൻ മറന്നില്ല... ദിനങ്ങൾ കടന്നു പോയി... നേരത്തെ തന്നോട് കുസൃതിയോടെ മിണ്ടിയിരുന്ന ആദിയെ എവിടെയൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നി അവന്... അവളിൽ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല... പക്ഷേ എന്തോ അടുപ്പക്കുറവ്... ഒഴിഞ്ഞു മാറൽ... തൻ്റെ പ്രണയം അവൾക്ക് ശല്യമാകരുതെന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു...

എങ്കിലും ഇടയ്ക്കൊക്കെ മനസ്സ് കൈ വിട്ട് പോകും... അവളോടൊപ്പം ഇരിക്കാൻ... അവളോടൊത്ത് സമയം ചിലവഴിക്കാൻ വല്ലാതെ കൊതിക്കും... അപ്പോഴൊക്കെ ചെറിയ ചെറിയ കുസൃതികൾ കാണിക്കും... വെള്ളം വേണമെന്നോ... തലവേദന എടുക്കുന്നെന്നോ... കാല് വേദനിക്കുന്നെന്നോ... അങ്ങനെയങ്ങനെ... അവളെ അരികിൽ പിടിച്ചിരുത്താൻ ശ്രമിക്കും... ഒരു വൈകുന്നേരം... വൈകിട്ട് കോളേജിൽ നിന്നും വന്നതായിരുന്നു ആദിയും ലച്ചുവും... ബസ്സിറങ്ങി വീട്ടിലേക്ക് പോകാൻ കുറച്ചു നടക്കണം... അത്യാവശ്യം മഴ പെയ്യുന്നത് കൊണ്ട് റോഡിലെങ്ങും ആളുകളില്ല... ആദിക്ക് മഴയെന്നാൽ ജീവനാണ്... കൈകൾ നീട്ടി വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ച് ആസ്വദിച്ച് നടക്കും... ലച്ചു ആദിക്ക് നേരെ വിപരീതവും... ദേഹത്ത് വെള്ളം വീഴുമെന്നും പറഞ്ഞ് ഇന്ദ്ര ദേവനെയും അദ്ദേഹത്തിന്റെ അപ്പനപ്പൂന്മാരെയും സ്മരിച്ചു കൊണ്ടാണ് അവളുടെ നടത്തം... അല്പദൂരം പിന്നിട്ടു... ഇടയിലെപ്പോഴോ ലച്ചു നിശ്ശബ്ദയായി... ആദി നോക്കുമ്പോൾ ആദ്യമായി അവളുടെ ഭയം മുറ്റിയ മിഴികൾ കണ്ടു... അവളുടെ നോട്ടം പിന്തുടർന്ന് പോയവൾ കണ്ടു റോഡിന് കുറുകെ ബൈക്ക് വച്ച് അതിൽ ചാരി തങ്ങളെ നോക്കി മഴ നനഞ്ഞു നിൽക്കുന്ന ചെറുപ്പക്കാരനെ... പാന്റും ടീഷർട്ടുമാണ് വേഷം... നീണ്ട് കിടക്കുന്ന മുടിയിഴകൾ ബോ വച്ച് ഒതുക്കി വച്ചിട്ടുണ്ട്...

മുട്ടനാടിന്റെ പോലെ വളർന്ന് കിടക്കുന്ന താടിരോമങ്ങളും... അവൾ ആളെ മനസ്സിലാകാതെ ലച്ചുവിനെ നോക്കി... അപ്പോഴേക്കും അവൻ നടന്ന് അവരുടെ അടുത്ത് എത്തിയിരുന്നു.... """ആരിത് അനീഷേട്ടന്റെ ശ്രീമോളോ....?""" അവൻ ലച്ചുവിന്റെ അടുത്ത് വന്ന് അവളെയൊന്നാകെ ഉഴിഞ്ഞ് നോക്കി... ഭയപ്പാട് കാരണം അവളാ കുടയിൽ മുറുകെ പിടിച്ചിരുന്നു... ആദിക്ക് ആളെ മനസ്സിലാകാൻ അധികനേരം വേണ്ടി വന്നില്ല... """അല്ല... എവിടെയായിരുന്നു ഇത്ര നാളും... ചേട്ടൻ എന്ത് വിഷമിച്ചെന്നോ...?""" അവൻ അവളുടെ കവിളിൽ തൊടാനാഞ്ഞതും അറപ്പോടെയവൾ മുഖം വെട്ടിച്ചു... അത് കണ്ടതും അവൻറെ ഭാവം മാറി... """നീ എന്ത് കരുതിയെടി... ഒളിച്ചോടിപ്പോയാൽ ഞാൻ നിന്നെ മറക്കുമെന്നോ...? നീ എവിടെയാണെന്നും എവിടെയാ പഠിക്കുന്നതെന്നും അറിയാഞ്ഞിട്ടല്ല, നിന്റടുത്ത് വരാൻ സമയമാകട്ടെയെന്ന് കരുതി....""" അവൻറെ ഭാവം വീണ്ടും മാറി... """ഏതായാലും ശ്രീ മോള് ഏട്ടനെ കാണാൻ വന്നതല്ലേ...""" """എൻ്റെ പട്ടി വരും നിന്നെ കാണാൻ...""" അത് വരെ പേടിച്ചിരുന്ന ലച്ചു നാവുയർത്തി... """ചുമ്മാ കൊതിപ്പിക്കാതെ... പോ അവിടുന്ന്...""" അവൻ അവളുടെ കയ്യിൽ അടിക്കാനാഞ്ഞതും ഒഴിഞ്ഞു മാറിക്കൊണ്ട് ലച്ചു ആദിയെയും വിളിച്ചു നടന്നു... ആദിക്ക് ചെറുതായി ഭയം തോന്നി...

പെട്ടെന്നാണ് അവൻ മുന്നിൽ കയറി ലച്ചുവിന് തടസ്സമായി നിന്നത്... അവളൊന്ന് പിറകോട്ട് വച്ചു... """ടോ... വഴീന്ന് മാറഡോ...""" ആദിയാണ്... """എൻ്റെ കൊച്ചേ... മിണ്ടാതിരിക്ക്... എനിക്കവളോടൊന്ന് സംസാരിക്കണം...""" ശേഷം ലച്ചുവിന് നേരെ തിരിഞ്ഞു... """ശ്രീ... നീ ജീവിക്കുന്നെങ്കിൽ എൻ്റെ കൂടെയേ നീ ജീവിക്കൂ... എന്നിൽ നിന്നും ഒരു മോചനം ഒരിക്കലും നിനക്ക് ഉണ്ടാകില്ല...""" """ആഹാ... എത്ര നടക്കാത്ത സ്വപ്നം... തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന പിച്ചക്കാരനെ കെട്ടിയാലും നിൻറെ കൂടെ ഞാൻ ജീവിക്കില്ല... അത്രയ്ക്കും അറപ്പാണ്... നിന്നെപ്പോലൊരു കാമഭ്രാന്തന്റെ കൂടെ...""" ലച്ചു പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു... അവൻറെ കണ്ണുകൾ ചുവന്നു വന്നു... ദേഹം വിറച്ചു... ആദിക്ക് എന്ത് വേണമെന്നറിയില്ലായിരുന്നു... ലച്ചുവിന്റെ വേദന നിറഞ്ഞ മുഖം കണ്ടതും അവൾക്ക് നൊന്തു... """എടാ ദുഷ്ടാ വിടടാ... എൻറെ ലച്ചൂനെ വിടടാ പട്ടീ....""" അവൾ ബലമായി അവന്റെ കയ്യിൽ പിടിച്ച് അവളിലെ പിടി വിടുവിക്കാൻ ശ്രമിച്ചു... ദേഷ്യം വന്ന് അവൻ ആദിയെ തള്ളി... നേരെ നില്ക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ അവൾ മലർന്നടിച്ചു റോഡിന്റെ ഒരു വശത്തായി വീണു... അവളുടെ തല മയിൽക്കുറ്റിയിൽ ചെന്നിടിച്ചു... കണ്ണിൽ ഇരുട്ട് കയറിയിരുന്നു... ബോധം പോകുമ്പോഴും ലച്ചുവിന്റെ സ്വരം മുഴങ്ങിക്കേട്ടു............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story