കിച്ചന്റെ പെണ്ണ്: ഭാഗം 26

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

ആദി ഹോസ്പിറ്റലിലായിട്ട് ഇന്ന് ഒരാഴ്ച കഴിഞ്ഞു... അന്നത്തേതിൽ പിന്നെ ചന്ദ്രൻ ഹോസ്പിറ്റലിൽ വന്നിട്ടില്ല... ഒരു പക്ഷേ മറ്റുള്ളവർ കാണിക്കുന്ന അകൽച്ചയാകാം... അതോ ചില മുഖങ്ങളെ നേരിടാനുള്ള ബലക്കുറവോ... എന്തോ... ഒരാഴ്ച ഊണും ഉറക്കവും കളഞ്ഞ് ആദിയെ പരിചരിക്കാൻ രണ്ടമ്മമാരും ഉണ്ടായിരുന്നു... ലച്ചു നിർബന്ധം പിടിച്ചെങ്കിലും അവളെ വീട്ടിൽ പറഞ്ഞു വിട്ടു... ചന്ദ്രു പോയില്ല... കിച്ചു എന്നും രാവിലെയും വൈകിട്ടും വരും... ദൂരെ നിന്ന് ഒരു നോക്ക് കണ്ട് മടങ്ങും... ഈ കഴിഞ്ഞ ദിവസങ്ങളിൽ അവളോടൊന്ന് മിണ്ടാൻ അവൻ ശ്രമിച്ചു... പക്ഷേ അളന്നും തൂക്കിയും മറുപടി പറയുന്നവളോട് പിന്നെന്ത് മിണ്ടാൻ...? ഉള്ളിലെ വേദന ഉള്ളാലെ മൂടി... ചന്ദ്രുവും അവനോട് അടുപ്പക്കുറവ് കാട്ടി... പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു... ആഗ്രഹിക്കാതെ കിട്ടിയതാണെങ്കിലും തന്റെ പെണ്ണിനെ മറ്റൊരാൾ സ്നേഹിക്കുന്നത് അവന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല... കിച്ചുവിന്റെ സ്നേഹത്തോടെയുള്ള നോട്ടം പോലും അവനിൽ അലോസരം സൃഷ്ടിച്ചു... അതറിഞ്ഞു കൊണ്ട് തന്നെ കിച്ചു ഒരു ശല്യത്തിനും പോയില്ല... ഇന്ന് ആദിയെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു... ചന്ദ്രുവും അച്ഛനും ബില്ല് സെറ്റ് ചെയ്യാനും മറ്റുമായി പോയി... ആദിയെ ശ്രീദേവി വീട്ടിൽ കൊണ്ട് പോകാമെന്ന് പറഞ്ഞെങ്കിലും ചന്ദ്രു എതിർത്തു...

ഒരു ഭർത്താവിന്റെ അധികാരത്തോടെയും അവകാശത്തോടെയും... ആദിയുടെ തുണിയും മറ്റും ഒതുക്കി വയ്ക്കുന്നതിനിടയിലാണ് വരാന്തയിലൂടെ പോകുന്ന ഒരു മുഖം ലച്ചുവിന്റെ ശ്രദ്ധയിൽപ്പെട്ടത്... അത്ര പരിചയമില്ലെങ്കിലും ആളെ അവൾ ഓർത്തെടുത്തു... ഒരിക്കൽ വീട്ടിൽ വന്ന് ബഹളം വച്ചയാളാണ്... അനീഷിന്റെ അച്ഛൻ... ആദിയുടെ കിടപ്പും അനീഷിൻറെ മുഖവും ഓർമ്മ വന്നതും ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി... രണ്ട് പറയാനായി തന്നെയാണ് അയാളുടെ പിന്നാലെ നടന്നത്... ആദി കിടക്കുന്ന റൂമിന്റെ രണ്ട് റൂം മാറി അയാൾ അകത്ത് കയറി പോകുന്നത് കണ്ടതും ലച്ചു സംശയത്തോടെ അവിടെ നിന്നു... അൽപ്പം മാറി നിന്ന് കൊണ്ട് ഉള്ളിലേക്ക് നോക്കി... അകത്ത് ബെഡിൽ വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന ഒരു രൂപം കണ്ടു... തൊട്ടടുത്തായി സാരി തലപ്പ് കൊണ്ട് കണ്ണീരൊപ്പുന്ന ഒരു സ്ത്രീയെയും... 'ഇത് ലവൻറെ അമ്മയല്ലേ...' അവളുടെ നെറ്റി ചുളിഞ്ഞു... 'അപ്പോൾ ആ കിടക്കുന്നത്...' ബോധോദയം വന്നത് പോലെ അവൾ ഏന്തി വലിഞ്ഞ് എത്തി നോക്കി... അടിമുടി വെള്ളയിൽ പൊതിഞ്ഞു കിടക്കുന്നത് കൊണ്ട് ആളെ വ്യക്തമല്ല... പക്ഷേ എവിടെയോ എന്തൊക്കെയോ... പെട്ടെന്ന് ഫോണിൽ കാൾ വന്നതും അയാൾ പുറത്തേക്ക് നടന്നു...

ലച്ചു അല്പം മറഞ്ഞു നിന്ന് കൊണ്ട് അയാൾ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു... """എന്ത് പറയാനാ ഐസക്കേ... ആരാ എന്താ എന്നൊന്നും അറിയില്ല... അവൻ പറയുന്നേ ആള് മാറി തല്ലിയതാന്നാ... കേസ് കൊടുക്കാനും സമ്മതിക്കുന്നില്ല... രാത്രി ആയത് കൊണ്ട് അവിടെങ്ങും ആരുമില്ലായിരുന്നു... ഇതിപ്പോ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം...""" അയാൾ ഒന്ന് നെടുവീർപ്പിട്ടു... ലച്ചു കേട്ടത് സത്യം തന്നെയോ എന്ന മട്ടിൽ അയാളെയും ബെഡിൽ കിടക്കുന്നവനെയും മാറി മാറി നോക്കി... """എന്റീശ്വരാ... എൻറെ കൊച്ചിനെ ഈ ഗതിയാക്കിയവന്റെ തലയിൽ ഇടിത്തീ വീഴണേ...""" അപ്പോഴേക്കും അകത്ത് നിന്നും ആ സ്ത്രീ പരിതപിച്ചു കൊണ്ടിറങ്ങി വന്നിരുന്നു... അവൾ വെറുതെ തലയ്ക്ക് മുകളിലേക്ക് ഒന്ന് നോക്കി... ദൈവമേ എൻ്റെ തലയിൽ എങ്ങാനം...? ഏയ് അയിന് ഞാനൊന്നും ചെയ്തില്ലല്ലോ... ഇതാ പറയുന്നേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്... ഹല്ല പിന്നെ... എന്നാലും ഈ മെനകെട്ടവനെ കേറി മേഞ്ഞത് ആരാണോ എന്തോ...? അവൾ ഓരോന്ന് ഓർത്ത് നിന്നു... അവൻറെ അച്ഛനും അമ്മയും താഴേക്ക് പോകുന്നത് കണ്ടതും അവൾ ഉള്ളിൽ കയറണോ വേണ്ടയോ എന്നറിയാതെ നിന്നു... പിന്നെ രണ്ടും കല്പിച്ച് കയറി... ദോഷം പറയരുതല്ലോ പെറ്റ തള്ള കണ്ടാൽ സഹിക്കില്ല...

ഇനി പഞ്ഞി ചുറ്റാൻ അവന്റെ കണ്ണും വായും മാത്രമേയുള്ളൂ... ലച്ചു താടിക്ക് കയ്യും കൊടുത്ത് അവനെ അടിമുടി നോക്കി.... ആരോ അടുത്ത് വന്നത് പോലെ തോന്നിയിട്ടാകാം ആള് തല ചരിച്ചത്... ലച്ചുവിനെ കണ്ട് ആ മിഴികൾ വിടർന്നത് പോലെ തോന്നി... """ആദി പെങ്ങൾക്ക് കുഴപ്പമൊന്നൂല്ലല്ലോ അല്ലേ...?""" """പെങ്ങളാ...?""" അവൾ അറിയാതെ ചോദിച്ചു പോയി... """ആന്നേ... ആദി പെങ്ങൾക്ക് ഒന്നും പറ്റിക്കാണില്ല... എനിക്കറിയാം... ഇല്ലേൽ എന്നെ പച്ചയ്ക്ക് കൊളുത്തുമെന്നാ പറഞ്ഞത്...""" """ആര്...?""" """അളിയൻ...""" """അളിയനാ...?""" """കിച്ചു അളിയൻ... അളിയന് നീ പെങ്ങളാവുമ്പോൾ അളിയൻ എൻറെ അളിയനാണല്ലോ...""" ലച്ചു വാ തുറന്നു പോയി... """എന്നാലും എൻ്റെ ശ്രീ... നീ പറ്റിയാൽ ഒന്ന് പറയണം... ഞാനും ഒരു മനുഷ്യൻ ആണെന്ന്... ഇങ്ങനെയൊക്കെ തല്ലാമോ...? അളിയന് മുഴുത്ത ഭ്രാന്താടീ... ഏതോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടത്... ഇല്ലേൽ നമ്മടെ ജനിക്കാൻ പോകുന്ന അഞ്ച് മക്കൾക്ക് അച്ഛനില്ലാതായി പോയേനേ...""" """മക്കളാ....""" അവൻറെ ഒറ്റ പറച്ചിലിൽ അവളുടെ കിളികൾ നാട് വിട്ടിരുന്നു..

. """ശ്രീ... എടി ശ്രീ..."" അനീഷിന്റെ വിളിയാണ് അവളെ തിരികെ കൊണ്ട് വന്നത്... """ശ്രീമോള് അനീഷേട്ടനെ കാണാൻ വന്നിട്ട് കയ്യിൽ ഒന്നുമില്ലേടി... ഒരു ഏത്തപ്പഴമെങ്കിലും കൊണ്ട്വരാരുന്നു...""" അല്പം പരിഭവത്തിൽ പറഞ്ഞു... ലച്ചു അവനെ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു... ആദ്യായിട്ടാണ് അവൻ ഇങ്ങനെയൊക്കെ തന്നോട് സംസാരിക്കുന്നത്... അവൻ പറഞ്ഞ വാക്കുകൾ അവൾ ഒരിക്കൽ കൂടി മനസ്സിലിട്ടോടിച്ചു... പതിയെ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു... നല്ല നാല് വർത്തമാനം പറയാൻ നാക്ക് തരിച്ചതാണ്... ചാവാൻ കിടക്കുന്നവന് മുന്നിൽ ദേഷ്യം കാണിക്കരുതെന്നല്ലേ... ആ ഓർമ്മയിൽ പറയാൻ വന്നത് അവൾ വിഴുങ്ങി... തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ വിളിച്ചു... """ശ്രീ...""" ഒരു പുരികം പൊക്കി തന്നെ നോക്കി നിൽക്കുന്നവളെ കാൺകെ അവന് കുസൃതി തോന്നി... """സ്റ്റിൽ ഐ ലവ് യൂ...""" ഒരു കണ്ണിറുക്കി കാട്ടി പറഞ്ഞവൻ... ദേഷ്യം വന്ന് പെണ്ണിൻറെ മൂക്കിൻ തുമ്പ് ചുവക്കുന്നതും പെണ്ണ് വിറക്കുന്നതും കണ്ടു... അവനെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കി കൊണ്ട് അവൾ ചവിട്ടി തുള്ളി നടന്നു.............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story