കിച്ചന്റെ പെണ്ണ്: ഭാഗം 27

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""എവിടെ പോയതാ നീ...""" ലച്ചു തിരികെ റൂമിൽ വരുമ്പോൾ അച്ഛനും ഏട്ടനും ഉണ്ടായിരുന്നു... """കാറ്റ് കൊള്ളാൻ...""" ചന്ദ്രു മേലെ കറങ്ങുന്ന ഫാനിലേക്ക് ഒന്ന് നോക്കി... """അതേട്ടാ... ഐ മീൻ കുറച്ച് ശുദ്ധവായു കൊള്ളാൻ...""" ലച്ചു നിന്ന് പരുങ്ങി... അവർ മറ്റെന്തോ വിഷയം സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ടാകാം അവളുടെ മറുപടി കാര്യമായി എടുക്കാതിരുന്നത്... അവളുടെ തലയിലൊന്ന് തട്ടിക്കൊണ്ട് അവൻ സംസാരിക്കുന്നത് തുടർന്നു... എങ്കിലും ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു ലച്ചുവിനെ... അവളുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികളും കൈകൾ തെറുത്ത് പിടിച്ചിരിക്കുന്നതും നെറ്റിയിൽ വിരലൂന്നി നടക്കുന്നതും കാൺകെ എന്തോ ഉണ്ടെന്ന് തോന്നി... """ശ്രീയമ്മ മോളെ കാണാൻ വരാട്ടോ...""" പോകാൻ നേരം ശ്രീദേവി ആദിയുടെ കൈകൾ കൂട്ടിപ്പിടിച്ചു... അവളെ പിരിയുന്ന വിഷമം വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു... തിരിച്ചും അങ്ങനെ തന്നെ... പക്ഷേ പുറമേ കാണിക്കാൻ നിന്നില്ല... സങ്കടം മറച്ച് നേർത്തൊരു പുഞ്ചിരി നല്കി... """എന്റേട്ടാ... അച്ചൂസിന്റെ തലയ്ക്കാണ് മുറിവ് പറ്റിയത്...

അവളുടെ കൈക്കും കാലിനും യാതൊരു കുഴപ്പവുമില്ല...""" നടക്കുന്നതിനിടയിൽ ലച്ചു കളിയായി പറഞ്ഞു... ആദി റൂമിൽ നിന്നിറങ്ങിയത് മുതൽ ചന്ദ്രു അവളെ ചേർത്ത് പിടിച്ചിരുന്നു... അവൻറെ കൈപ്പിടിയിൽ നിന്നും മാറി നിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തുറന്ന് പറയാൻ മനസ്സ് മടിച്ചു... ലച്ചുവിന്റെ സംസാരം കേട്ട് ആദിയൊഴികെ മറ്റെല്ലാവരുടെയും ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... അപ്പോഴും ചന്ദ്രു അവളിൽ നിന്നും അണുവിട മാറിയില്ല... എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞപ്പോൾ അവളെ നോക്കി മറഞ്ഞു നിന്ന ഒരു ജോഡി കണ്ണുകൾ നിറഞ്ഞു വന്നു... ആദിയുടെ കണ്മുന്നിൽ പെടാതെ താൻ മനപ്പൂർവ്വം മാറി നിന്നതാണ്... ഇനിയും വയ്യ ഇങ്ങനെ ... അവൾ മുഖം കറുത്ത് സംസാരിച്ചാലോ, ഒന്ന് ദേഷ്യപ്പെട്ടാലോ എല്ലാം സഹിക്കാം... പക്ഷേ ഇപ്പോൾ... വഴിയരുകിൽ പോകുന്ന അപരിചതനെ കാണുമ്പോൾ മുഖത്ത് തെളിയുന്ന ഒരു പുഞ്ചിരിയുണ്ടല്ലോ അത്ര മാത്രം... അത് തന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു... ഓരോ അണുവിലും കുത്തി മുറിവേൽപ്പിക്കുന്നു... വീണ്ടും വീണ്ടും ചോര പൊടിക്കുന്നു...

അറിയാം നിനക്ക് മറ്റൊരു അവകാശിയുണ്ടെന്ന്... തലച്ചോറ് അത് അംഗീകരിച്ചിട്ടും മനസ്സ് ഇപ്പോഴും... കഴിയില്ല പെണ്ണേ... അവൻ കണ്ണുകൾ അമർത്തിത്തുടച്ച് തിരിഞ്ഞു നടന്നു... അതേ സമയം ആദിയുടെ മിഴികൾ ചുറ്റും തിരഞ്ഞിരുന്നു... ഒരിക്കൽ തൻ്റെ പ്രാണനായവനെ.... 💞💞💞💞💞💞💞💞💞💞💞💞💞💞 ആദിയും ചന്ദ്രുവും വീട്ടിൽ എത്തിയെങ്കിലും രേവതി അവരെ ഉള്ളിൽ കയറാൻ അനുവദിച്ചില്ല... കാര്യമെന്തെന്നറിയാതെ അവർ നിൽക്കുമ്പോഴാണ് രേവതി ഒരു നിലവിളക്ക് തെളിയിച്ച് വന്നത്... നിലവിളക്ക് പട്ടാളത്തെ ഏൽപ്പിച്ച് കയ്യിലിരുന്ന താലം കൊണ്ട് രണ്ട് പേരെയും ഉഴിഞ്ഞു... ശേഷം നിലവിളക്ക് ആദിക്ക് നേരെ നീട്ടി... """ഇതെന്താ അമ്മ... ഇവർ രണ്ടും വീണ്ടും കെട്ടിയോ... അതോ അച്ചൂസിന്റെ ഡെലിവറി കഴിഞ്ഞോ...?""" ലച്ചുവാണ്... കൊച്ചിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ സംഗതി ശരിയാണ്... അവൾ കല്യാണത്തിനും മറ്റുമേ ഇങ്ങനെ കണ്ടിട്ടുള്ളൂ... രേവതി അവളെ കൂർപ്പിച്ചൊന്ന് നോക്കിയതും അവൾ വേഗം നോട്ടം മാറ്റി... അതേ സമയം ലച്ചുവിന്റെ ബെല്ലും ബ്രേക്കും ഇല്ലാതെയുള്ള സംസാരത്തിൽ ആദി ചൂളിപ്പോയിരുന്നു... ചന്ദ്രുവിന് പിന്നെ പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ല... രേവതി കൊടുത്ത വിളക്ക് പൂജാമുറിയിൽ വച്ച് ആദിയിറങ്ങി..

. """മോളിവിടെയിരിക്ക്... രേവുമ്മ കുടിക്കാൻ എന്തെങ്കിലും കൊണ്ട് വരാം...""" അവളെ മേലേക്ക് പോകാൻ അനുവദിക്കാതെ അവിടെ സോഫയിൽ പിടിച്ചിരുത്തി... തൊട്ടപ്പുറത്തായി ചന്ദ്രുവും ഉണ്ട്... ആദിയുടെ അടുത്തിരിക്കാൻ തുടങ്ങിയ ലച്ചുവിനെ പിടിച്ച് വലിച്ച് രേവതി കിച്ചണിൽ പോയി... എന്തോ അത് കണ്ട് ആദിക്ക് ചിരി വന്നു... കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ലച്ചുവിന്റെ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ട്... ലച്ചുവിന്റെ മാത്രമല്ല... ചന്ദ്രുവിന്റെയും... അച്ഛനോടും രേവുമ്മയോടും രണ്ട് പേരും ഇപ്പോൾ നന്നായി മിണ്ടുന്നുണ്ട്... കാരണമറിയില്ല... എങ്കിലും ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നുണ്ട്... """എന്താടോ തന്നെയിരുന്ന് ചിരിക്കൂന്നേ...?""" ചന്ദ്രു ചോദിച്ചതും ഒന്നുമില്ലെന്ന മട്ടിൽ അവള് ചുമലനക്കി... എന്തൊക്കെയോ അവളോട് സംസാരിക്കണമെന്നുണ്ട്... ഹോസ്പിറ്റലിൽ വച്ച് നേരെ ചൊവ്വേ മിണ്ടാൻ കൂടി പറ്റിയിരുന്നില്ല... എങ്കിലും അച്ഛനിരിക്കുന്നത് കൊണ്ട് അവൻ മൗനം പാലിച്ചു.... അപ്പോഴേക്കും ലച്ചു ട്രേയിൽ കുടിക്കാനുള്ള ജ്യൂസും കൊണ്ട് വന്നിരുന്നു... അവളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന്റെ നേരിയൊരു പരിഭവം മുഖത്ത് കാണാം...

കാര്യം ലച്ചുവിന് കഴിക്കുന്നതിനോടാണ് താല്പര്യം... ധതന്നെ... എല്ലാവർക്കും കൊടുത്ത് ഒരു ഗ്ലാസ് ജ്യൂസെടുത്ത് ആദിയുടെ അടുത്ത് വന്നിരുന്നു... """ചന്ദ്രൂ... സ്റ്റേഷനിൽ പോകണ്ടേ... മോളൊന്ന് നേരെയാകാൻ കാത്തിരുന്നതാ... ഇനിയും വച്ച് താമസിപ്പിക്കണോ...?""" """വോ... എന്തിന്...?""" ലച്ചുവിന്റെ മറുപടിയിൽ പട്ടാളം ചിറഞ്ഞു നോക്കുന്നത് കണ്ടു... """എന്തിനെന്നോ...? ആദിയെ ഈ അവസ്ഥയിൽ ആക്കിയവനെ ഒന്നും ചെയ്യണ്ടേ...? നിൻറെ കയ്യിൽ കയറി പിടിച്ചവനെ വെറുതെ വിടണോ...?""" ചന്ദ്രുവിന് ദേഷ്യം വന്നു... """ഇനി അതായിരിക്കും നല്ലത്... അല്ല പിന്നെ... എൻ്റെ ഏട്ടാ അയാളെ ആരോ കേറി പഞ്ഞിക്കിട്ടു... ഹോസ്പിറ്റലിൽ വച്ച് ഞാൻ കണ്ടിരുന്നു അയാളുടെ അച്ഛനെയും അമ്മയെയും...""" """എന്നിട്ട് നീയെന്താ അപ്പോൾ പറയാഞ്ഞേ...?""" """എന്നിട്ട് വേണം ചാവാൻ കിടക്കുന്നവന്റെ ഉള്ള ജീവൻ കൂടി പോവാൻ... എന്റേട്ടാ ഞാൻ വെറുതെ പറഞ്ഞതല്ല അവൻറെ ദേഹത്ത് പഞ്ഞി ചുറ്റാൻ ഇനി ഒരിഞ്ച് സ്ഥലം ബാക്കിയില്ല... പിന്നെയെന്താ...?""" ചന്ദ്രുവിന്റെ മുഖം ഒന്ന് തെളിയുന്നത് കണ്ടു... """അവനെ ആരാകും തല്ലിയത്...?"""

"""അതിപ്പോൾ ചിന്തിക്കാനും വേണ്ടി എന്താ..? അവൻറെ സ്വഭാവം വച്ച് ആരുമാകും... അത്രക്ക് നല്ല നടപ്പാണല്ലോ...""" """അതൊക്കെ ശരിയാ... എന്നാലും... """ എന്തോ ചിന്തിച്ച് ചന്ദ്രു എഴുന്നേറ്റു ... ആദി മാത്രം നെറ്റി ചുളിച്ചു അവളെ നോക്കി... ലച്ചു അത് കാര്യമാക്കിയില്ല... കിച്ചുവിന്റെ പേര് പറയാഞ്ഞത് മനപ്പൂർവ്വം ആണ്... ഇനിയും ആ പേര് അവരുടെ ജീവിതത്തിൽ വേണ്ട... ഹോസ്പിറ്റലിൽ വച്ച് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ് അവന് ആദിയോടുള്ള സ്നേഹം... ആദിക്ക് ഉള്ളതിനേക്കാൾ... ഒരു പക്ഷേ അതിനും എത്രയോ മുകളിൽ... ഏട്ടൻ പോലും അവളെ അത്ര സ്നേഹിച്ച് കാണില്ല... അതോ തന്റെ തോന്നലോ...? വേണ്ട... ആദി ഏട്ടന്റെ ഭാര്യയാണ്... അങ്ങനെ മതി... എങ്കിലും ഒരു നിമിഷം അവൾ കിച്ചുവിനെക്കുറിച്ച് ആലോചിച്ചു ... തൻറെ ഊഹം ശരിയാണെങ്കിൽ ആദിക്ക് പ്രശ്നമൊന്നുമില്ലെന്ന് അറിഞ്ഞ നിമിഷം അവൻ അനീഷിനെ തല്ലി കാണണം... """എൻറെ ശ്രീ... നീ അളിയനോട് ഒന്ന് പറയണം... ഇങ്ങനെയൊന്നും ആരെയും തല്ലല്ലേന്ന്... അളിയന് മുഴുത്ത ഭ്രാന്താടീ...""" അനീഷിന്റെ വാക്കുകൾ ഓർമ്മ വന്നതും അവളുടെ ചൊടിയിൽ നറുപുഞ്ചിരി വിരിഞ്ഞു... ഒന്നോർത്താൽ ആദി ഒത്തിരി ഭാഗ്യം ചെയ്തവളാണ്... അവളെ ജീവന് തുല്യം സ്നേഹിക്കുന്നയാളെയല്ലേ അവൾ പ്രണയിച്ചത്...?

പക്ഷേ എന്റെ ഏട്ടൻ... കാട് കയറാൻ തുടങ്ങിയ ചിന്തകളെ അവൾ തളച്ചിട്ടു... അപ്പോഴും കണ്ണിൽ നിറഞ്ഞു നിന്നത് അനീഷിന്റെ മുഖമാണ്... കണ്ട നാൾ തൊട്ട് വെറുപ്പ് മാത്രം തോന്നിയ മനുഷ്യൻ... വഴിയരികിൽ നടന്ന് പോകുന്ന പെണ്ണുങ്ങളെ ഒരു ഉളുപ്പുമില്ലാതെ കമന്റ് അടിക്കുന്നവൻ... എത്ര ധൈര്യമുണ്ടായിട്ടാ അവനന്ന് തൻ്റെ കയ്യിൽ കയറി പിടിച്ചേ...? അവനെ ഓർക്കേ അവളിൽ ദേഷ്യം നിറഞ്ഞു... പക്ഷേ ഹോസ്പിറ്റലിൽ നിന്നും പോരാൻ നേരം കണ്ട അവൻറെ മുഖം... അവനല്ലേ എൻറെ അച്ചൂസിനെ വേദനിപ്പിച്ചേ...? പക്ഷേ വെറുപ്പല്ല അവനോട് തോന്നുന്നേ... സഹതാപമാണോ...? 💞💞💞💞💞💞💞💞💞💞💞💞💞 രാത്രി... ശ്രീയമ്മയോട് ഫോണിൽ സംസാരിച്ചു കഴിഞ്ഞ് എന്തൊക്കെയോ ആലോചിച്ചു കിടന്നതാണ് ആദി... ആരോ കയ്യിൽ നിന്നും ഫോൺ വാങ്ങുന്നത് അറിഞ്ഞതും അവൾ മുഖമുയർത്തി നോക്കി... 'ചന്ദ്രു...' അവളെയൊന്ന് നോക്കി ഫോൺ മേശ മേൽ വച്ചു... """നിങ്ങൾക്കൊക്കെ ഒത്തിരി ബുദ്ധിമുട്ടായി ല്ലേ...?""" മടിച്ചു മടിച്ചാണ് അവൾ ചോദിച്ചത്... """എന്ത് ബുദ്ധിമുട്ട്...?""" """അല്ല എന്നെ നോക്കാൻ ജോലിക്ക് ഒന്നും പോകാതെ..."""

"""ഓഹ്... അതാണോ ഇത്രയും നേരം കുഞ്ഞി തല പുകച്ചോണ്ടിരുന്നത്...""" അവൻ ചിരിച്ചു... """മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ...""" പറഞ്ഞു കൊണ്ട് അവൻ ബെഡിൽ ഇരുന്നു... കാര്യം എന്താണെന്ന് മനസ്സിലാക്കും മുന്നേ അവൻ ലൈറ്റ് ഓഫാക്കി സീറോ ബൾബ് ഇട്ടു... """ചേട്ടായി എന്താ ഇവിടെ...?""" ചെറിയൊരു പതർച്ചയോടെ അവൾ ചോദിച്ചു... """നിനക്ക് വയ്യാത്തതല്ലേ...? എന്തിനെങ്കിലും വിളിച്ചാൽ പോലും ഞാൻ അറിയില്ല... അതാ...""" """എനിക്ക്... കുഴപ്പമൊന്നൂല്ല...""" """പക്ഷേ എനിക്ക് കുഴപ്പമുണ്ട്... അങ്ങോട്ട് നീങ്ങി കിടക്കെടി...""" അവന്റെ ശബ്ദം ഇത്തിരി ഗൗരവത്തിൽ ആയതും മറുത്തൊന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല... ഒന്നും മിണ്ടാതെ കട്ടിലിന്റെ ഓരത്തായി ചരിഞ്ഞു കിടന്നു... വല്ലാത്തൊരു വീർപ്പ് മുട്ടൽ തോന്നി അവൾക്ക്... പക്ഷേ ഒന്നും പറയാനും വയ്യ... ഉറക്കം വരാതെ കിടന്നു... അതേ സമയം ചന്ദ്രുവിനും ഉറക്കം വന്നില്ല... ഇനിയും വയ്യ ആദീ... അകന്ന് നിൽക്കുന്തോറും നമ്മൾ അകന്ന് അകന്ന് പോകും... ഇനിയും നിന്നെ നഷ്ടപ്പെട്ടുത്താൻ വയ്യ... എന്തൊക്കെയോ തീരുമാനിച്ച് അവൻ കണ്ണുകൾ അടച്ചു കിടന്നു.............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story