കിച്ചന്റെ പെണ്ണ്: ഭാഗം 28

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

ദിവസങ്ങൾ പോകെ ചന്ദ്രു, ആദി എന്ന നക്ഷത്രത്തെ മാത്രം വലയം വയ്ക്കുന്ന ഒരു ഗ്രഹമായി മാറിയിരുന്നു... അവൻ്റെ ചിന്തകൾ തുടങ്ങുന്നതും ഒടുങ്ങുന്നതും അവളിൽ തന്നെ... ഓഫീസിൽ നിന്ന് തിരികെ എത്തിയാൽ ആദിയുടെ കൺവെട്ടത്ത് കാണും അവൻ... അവൾ എവിടെപ്പോയാലും ഒപ്പം പോകും... അവളിൽ നിന്ന് ഇത്തിരി പോലും മാറി നിൽക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല... കയ്യിൽ കിട്ടിയ അമൂല്യമായ നിധിയെ കാക്കയുടെയോ കഴുകന്റെയോ കണ്ണേറ് തട്ടാതെ ഒരു ചെപ്പിൽ പൊതിഞ്ഞു പിടിക്കാൻ അവൻ ശ്രമിച്ചു... പക്ഷേ ആ ചെപ്പിൽ കിടന്ന് ശ്വാസം കിട്ടാതെ അവൾ പിടയുമെന്ന് അവൻ ചിന്തിച്ചില്ല... """മോനേ... """ തലയിൽ തഴുകി കൊണ്ടിരുന്ന വിരലുകളുടെ ചലനം നിന്നതും ചന്ദ്രു പതിയെ കൺ തുറന്നു... """എന്താമ്മാ...""" '''അത്... അത് പിന്നെ...""" രേവതിക്ക് അവനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടെങ്കിലും കേട്ട് കഴിയുമ്പോഴുള്ള അവൻറെ ഭാവം ഓർത്ത് അവർക്ക് സംസാരിക്കാൻ മടി തോന്നി... എങ്കിലും ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ആർജിച്ചെടുത്ത ധൈര്യത്തിൽ അവർ പറഞ്ഞു തുടങ്ങി...

"""ചന്ദ്രൂ... ഞാനും നിന്റച്ഛനും എടുത്ത ശരിയായ തീരുമാനമോ അതോ തെറ്റായ തീരുമാനമോ, രണ്ടായാലും നിന്റെ വിവാഹം കഴിഞ്ഞു... പഴയത് പോലെ ആദിക്ക് നിന്നോട് ഇഷ്ടക്കേടൊന്നുമില്ല... എങ്കിലും അമ്മയ്ക്ക് അറിയാം നിങ്ങൾ തമ്മിൽ...""" അവർ പറഞ്ഞത് നിർത്തിക്കൊണ്ട് അവനെ നോക്കി... അവൻ ഒന്നും പറയാതെ മറ്റെവിടേക്കോ ദൃഷ്ടി പായിച്ചു... """മോനേ... നിനക്ക് ഒരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചൂടേ...?""" പതിഞ്ഞ സ്വരത്തിലാണ് അവർ ചോദിച്ചത് തന്നെ... കേട്ടപാതി കേൾക്കാത്ത പാതി അവൻ ചാടി എഴുന്നേറ്റു... ഒരുനിമിഷം അവരും ഞെട്ടിപ്പോയിരുന്നു... തന്നെ തന്നെ ഉറ്റു നോക്കുന്ന മിഴികളിലെ ഭാവം നിർവചിച്ചറിയാൻ പ്രയാസമായിരുന്നു... """അമ്മ പറയുന്നതൊന്ന് കേൾക്ക്... ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ആദിക്ക് നിന്നോടുള്ള അടുപ്പക്കുറവ് എല്ലാം മാറും... പിന്നെ... പിന്നെ ഞങ്ങളും അതിപ്പോൾ ആഗ്രഹിക്കുന്നുണ്ട്...""" """പക്ഷേ അമ്മേ അവൾ പഠിക്കുവല്ലേ..?""" പ്രതീക്ഷിക്കാതെ കിട്ടിയ മറുപടി ആയതുകൊണ്ടാകാം രേവതിയുടെ കണ്ണുകൾ ഒന്ന് വികസിച്ചു... മനസ്സിന് ഒരു ധൈര്യം വന്നു...

"""അതിനെന്താ... ഇതൊക്കെ സാധാരണമല്ലേ...?""" അവർ പ്രതീക്ഷയോടെ അവനെ നോക്കി... അവൻ ഒന്നും മിണ്ടിയില്ല... അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് സോഫയിൽ നിവർന്നിരുന്നു... നെറ്റിക്ക് കുറുകെ കൈ വച്ച് കണ്ണുകൾ അടച്ചു കിടന്നു... മനസ്സ് ഒരു ഓട്ടപ്രദക്ഷിണത്തിൽ ആയിരുന്നു... ശരിയാണ് ആദിക്ക് ഇപ്പോൾ എന്നോട് ഇഷ്ടക്കേടൊന്നുമില്ല... അറിഞ്ഞോ അറിയാതെയോ ഒരു നോട്ടം കൊണ്ടോ, സ്പർശനം കൊണ്ടോ തൻറെ പ്രണയം കൈമാറാൻ അവൻ ശ്രമിച്ചിരുന്നു... ആദി എതിർത്തിട്ടില്ല.. പക്ഷേ... അവൻ ഓരോന്ന് ഓർത്തെടുത്തു... രാവിലെ ഏതോ തോന്നലിലാണ് ഉറങ്ങിക്കിടക്കുന്ന പെണ്ണിനെ പൊതിഞ്ഞു പിടിച്ച് തന്നോട് ചേർത്ത് കിടത്തിയത്... ഒന്ന് തൊട്ടപ്പോൾ തന്നെ പൊള്ളിപ്പിടഞ്ഞു കൊണ്ട് തന്റെ കയ്യെടുത്തവൾ മാറ്റാൻ നോക്കി... എന്നിട്ടും അല്പം ബലം പ്രയോഗിച്ചപ്പോൾ ആ കണ്ണുകളിൽ ഉരുത്തിരിഞ്ഞ ഭാവം എന്താണ്...? ആദിക്ക് എന്നോട് ഇഷ്ടം കാണുമോ...? അതല്ലേ അവൾ എതിർക്കാത്തത്...? അതോ എൻ്റെ തോന്നലാണോ...? അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ലേ...? അമ്മ പറഞ്ഞത് സത്യമാണെങ്കിലോ.? കുഞ്ഞുണ്ടായാൽ അവൾ എന്നെ സ്നേഹിക്കുമോ...? സ്നേഹിക്കുമായിരിക്കും... അപ്പോൾ എന്നിൽ നിന്നും ആർക്കും അവളെ അടർത്തി മാറ്റാൻ കഴിയില്ലല്ലോ....?

അവൻറെ ചിന്തകൾക്ക് അന്തമില്ലായിരുന്നു... എപ്പോഴോ എഴുന്നേറ്റ് റൂമിലേക്ക് നടന്നു... അവൻ ചെല്ലുമ്പോൾ ആദി ബെഡ്ഷീറ്റ് തട്ടി വിരിച്ച് ബെഡിൽ ഇരിക്കുന്നത് കണ്ടു... ഡോർ അടച്ച് അവളുടെ അരികിൽ ചെന്നിരുന്നു... രാവിലത്തെ ഓർമ്മ ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം അവൾ ശ്രമപ്പെട്ടൊന്ന് പുഞ്ചിരിച്ചു... അവനും നൽകി മനോഹരമായൊരു പുഞ്ചിരി... അടുത്ത നിമിഷം അവളുടെ മടിയിലേക്ക് തല ചായ്ച്ചു... ഒന്ന് വെട്ടി വിറച്ചവൾ... """പ്ലീസ് ആദീ... ഒന്ന് മസാജ് ചെയ്യുവോ...? പ്ലീസ്‌ """ അവളുടെ മറുപടി കേൾക്കാതെ അവൻ കണ്ണടച്ച് കിടന്നു... ആ നിമിഷം എന്ത് വേണമെന്ന് അവൾക്കറിയില്ലായിരുന്നു... ഉള്ളിൽ ഉടലെടുത്ത അസ്വസ്ഥതയെ ഉള്ളാലെ മൂടി... പതിയെ അവളുടെ വിരലുകൾ അവൻറെ മുടിയിഴകളിൽ ചലിച്ചു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു... അൽപനേരം കൂടി കണ്ണുകൾ അടച്ചു കിടന്നു... കാതിൽ വീണ്ടും അമ്മയുടെ സ്വരം മുഴങ്ങിക്കേട്ടതും അവൻ കണ്ണുകൾ വലിച്ചു തുറന്നു... അവളുടെ നോട്ടം അവനിൽ ആണെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു...

ഇമവെട്ടാതെ നിറയെ പീലി നിറഞ്ഞ ആ മിഴിയിണകളിൽ അവൻ പ്രണയപൂർവ്വം നോക്കി... എന്ത് ഭംഗിയാ ആദീ നിന്നെ കാണാൻ... എത്ര ക്യൂട്ട് ആണെന്നറിയോ നീ... ഒത്തിരി ഇഷ്ടം തോന്നുന്നു പെണ്ണേ നിന്നോട്... മനസ്സ് മനസ്സിനോട് സംവദിച്ചു... ഒരു നിമിഷം അവൻ എല്ലാം മറന്നിരുന്നു... അവനും അവളും മാത്രം നിറഞ്ഞു നിന്ന ഒരു ലോകം... അവളൊരു ചെന്താമരയായി മാറി... അവൻ തേൻ നുകരാൻ വന്ന വണ്ടും... അവൻ കൊതിയോടെ അവളെ നോക്കി... അവളുടെ കണ്ണുകളിൽ... ചുവന്നു തുടുത്ത അധരങ്ങളിൽ... ആ ചെഞ്ചൊടിയിലെ തേൻ നുകരാൻ അവൻ കൊതിച്ചു... അവളിലേക്ക് അടുക്കാൻ തുടങ്ങിയതും മിഴികൾ പാറി ആ അണിവയറിൽ തെന്നി വീണു... 'എന്റെ കുഞ്ഞ്...' മനസ്സ് ഒരു മന്ത്രണം പോലെ ഉരുവിട്ടു... അപ്പോൾ തോന്നിയ ഉൾപ്രേരണയിൽ അവളുടെ അണിവയറിൽ മുഖം കൊണ്ടുരസി അവൻ... തെന്നി മാറിയ ടീഷർട്ടിനിടയിലൂടെ അനാവൃതമായ അവളുടെ വയറിൽ ചുണ്ട് ചേർത്തു... ഒരു തുള്ളി കണ്ണുനീർ കവിളിൽ അടർന്നു വീണപ്പോഴാണ് അവൻ ആ മായിക ലോകത്തു നിന്നും ഉണർന്നത്... ഞെട്ടി നോക്കുമ്പോൾ കണ്ടു കൺനിറച്ചു നിൽക്കുന്ന ആദിയെ... ഒരു പിടച്ചിലോടെ അവൻ ചാടി എഴുന്നേറ്റു... """ആദീ... മോളേ... ഞാൻ പെട്ടെന്ന്... അറിയാതെ..."""

നിർവികാരതയോടെ തന്നെ നോക്കുന്ന മിഴികളെ അവന് നേരിടാൻ കഴിഞ്ഞില്ല... എഴുന്നേറ്റ് വാഷ് റൂമിൽ പോയി... മുഖത്തേക്ക് വെള്ളം തെറിപ്പിക്കുമ്പോൾ മനസ്സ് അവനെ ഒരു പ്രതിക്കൂട്ടിൽ കയറ്റി നിർത്തിയിരുന്നു... പക്ഷേ ഞാൻ ചെയ്തതിൽ എന്താണ് തെറ്റ്...? എൻ്റെ ഭാര്യയല്ലേ...? അവൻ സ്വയം വാദിച്ചു... അൽപനേരം കഴിഞ്ഞ് ബെഡിന്റെ മറുവശം അമരുന്നതും വെളിച്ചം കെടുന്നതും അവൾ അറിയുന്നുണ്ടായിരുന്നു... അപ്പോഴും തോരാമഴ പോലെ അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു... ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ല ലച്ചൂന്റെ ചേട്ടാ... അറിയാം ഞാൻ നിങ്ങളുടെ ഭാര്യ ആണെന്ന്... എന്നിൽ മറ്റാരേക്കാളും അവകാശം നിങ്ങൾക്കാണെന്ന്... പക്ഷേ എനിക്ക്... എനിക്ക് കഴിയുന്നില്ല ഏട്ടാ ... ക്ഷമിക്കോ എന്നോട്... ഞാൻ... അവളുടെ ഉള്ളം തേങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞 """ദുഷ്ടനാ നിങ്ങൾ... ദുഷ്ടൻ... എന്നോടുള്ള പ്രണയം മറച്ചു വച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി കിച്ചേട്ടാ...? നശിപ്പിച്ചില്ലേ എന്റെ ജീവിതം...? എൻ്റെ സന്തോഷം...? എൻ്റെ സ്വപ്നങ്ങൾ...? ആദിയെ എല്ലാരൂടെ ചതിച്ചില്ലേ..."""

"""മോളേ ഞാൻ...""" അവൻ അവളെ തൊടാനാഞ്ഞതും വെറുപ്പോടെ അവന്റെ കൈകളെ അവൾ തട്ടി മാറ്റി... """തൊട്ട് പോകരുത് എന്നെ... ഇതുവരെയില്ലാത്ത സ്നേഹം ഇപ്പോൾ വേണ്ട... ആദിക്ക് വേണ്ട നിങ്ങളെ... ആദിക്ക് ആരെയും വേണ്ട... ആദിക്ക് ആരും ഇല്ല...""" '''''ആഹ്....'''' ഒരു അലർച്ചയോടെ അവൾ മുടിയിൽ തെറുത്ത് പിടിച്ചു... കയ്യിലും മുഖത്തും നഖം കൊണ്ട് പോറൽ തീർത്തു... """ആദീ... മോളേ....""" """അടുത്തേക്ക് വരരുതെന്നല്ലേ പറഞ്ഞേ...? ആരുടേയും ഭിക്ഷയായി കിട്ടിയ ജീവിതം ആദിക്ക് വേണ്ട... ഇഷ്ടായിരുന്നു കിച്ചേട്ടാ നിങ്ങളെ... ഒരുപാട് ഒരുപാട്... ആ ഇഷ്ടം എന്നോട് ചേർന്ന് ഇല്ലാതാകട്ടേ...""" 💞💞💞💞💞💞💞💞💞💞💞💞💞 """ആദീ....""" കിച്ചു ഉച്ചത്തിൽ നിലവിളിച്ചു... ഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോൾ ചുറ്റും കറങ്ങുന്നത് പോലെ തോന്നി അവന്... കുറച്ചു നേരം വേണ്ടി വന്നു അവന് കണ്ട കാഴ്ചകളിൽ നിന്നും മുക്തനാകാൻ...

"""ആദി...""" ഒരു നിമിഷം എന്തോ ഓർത്ത് ശേഷം ഫോണെടുത്തു... ചന്ദ്രുവിന്റെ നമ്പർ ഡയൽ ചെയ്തു... അടുത്ത നിമിഷം അവൻ തന്നെ കാൾ കട്ട് ചെയ്യുകയും ചെയ്തു... """വേണ്ട... അയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ...?""" എന്നിട്ടും മനസ്സ് അനുവദിച്ചില്ല... ഫോൺ എടുത്ത് വീണ്ടും ചന്ദ്രുവിനെ ഡയൽ ചെയ്തു... രണ്ട് തവണ മുഴുവൻ ബെല്ലടിച്ചിട്ടും ആരും എടുത്തില്ല... അവന് നിരാശ തോന്നി... """കിഷോർ ആദി ഓക്കെയല്ലേ... പ്ലീസ് റിപ്ലൈ മി...""" ടെക്സ്റ്റ് മെസേജ് അയച്ച് ഫോൺ മേശപ്പുറത്ത് വച്ചു... 💞💞💞💞💞💞💞💞💞💞💞💞💞 ആദി രാവിലെ വൈകിയാണ് ഉണർന്നത്... കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം വീണിരുന്നു... അവൾ പതിയെ എഴുന്നേറ്റു... കണ്ണുകൾ വെറുതെ ബെഡിന്റെ മറുപുറത്ത് നീണ്ടു... ചന്ദ്രു അവിടെ ഇല്ലായിരുന്നു... തലേന്നത്തെ രംഗം ഓർമ്മ വന്നതും അറിയാതെ മിഴികൾ നിറഞ്ഞു... ഒന്ന് ദീർഘശ്വാസം എടുത്ത് ശേഷം വാഷ് റൂമിൽ പോയി ഫ്രഷായി ഇറങ്ങി... ആകെ ഒരു തരം മടുപ്പ്... ഒന്നും ചെയ്യാൻ പറ്റുന്നില്ല... താഴേക്ക് പോകാതെ ബെഡിൽ തന്നെയിരുന്നു...

ചന്ദ്രുവിന്റെ ഫോണിൽ 'ബീപ്പ് ' സൗണ്ട് കേട്ടാണ് അവൾ മുഖം ഉയർത്തി നോക്കിയത്... വെറുതെ എടുത്തു നോക്കി... അത്രയേറെ പരിചിതമായ നമ്പറിൽ ഒരു നിമിഷം കണ്ണുകൾ തറഞ്ഞു നിന്നു... 'കിച്ചേട്ടൻ...' """കിഷോർ ആദി ഓക്കെയല്ലെ.... പ്ലീസ് റിപ്ലൈ മി...""" ആദി ആ വാക്കുകളിലൂടെ വിരലോടിച്ചു... സമയം നോക്കി... 05:02am കിച്ചേട്ടനെന്തിനാ ലച്ചൂന്റെ ചേട്ടന് മെസ്സേജ് അയച്ചേ...? എനിക്കെന്ത് പറ്റാൻ...? അവർ തമ്മിൽ മിണ്ടുവോ...? ഏയ് ഇല്ല... നമ്പർ സേവ് ചെയ്തിട്ടില്ലല്ലോ..? പക്ഷേ... അപ്പോഴേക്കും ചന്ദ്രു വന്നിരുന്നു... അവനെ കണ്ടതും അവൾ ഫോൺ ബെഡിലേക്ക് തന്നെ വച്ചു... ചന്ദ്രു അവളെ നോക്കാതെ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി... പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞു തിരികെ വരാൻ... """ചേട്ടായിയെ കിച്ചേട്ടൻ വിളിക്കുമോ...?""" """ഇല്ല...""" പ്രതീക്ഷിച്ച ചോദ്യമായത് കൊണ്ടാകാം എടുത്തടിച്ചത് പോലെ മറുപടി വന്നു... അവൾ എന്തെങ്കിലും പറയും മുന്നേ അവൻറെ ഫോൺ റിംഗ് ചെയ്തു... അറ്റൻട് ചെയ്ത് കാതോട് വച്ചതും നിമിഷനേരം കൊണ്ട് അവന്റെ ഭാവം മാറുന്നത് കണ്ടു............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story