കിച്ചന്റെ പെണ്ണ്: ഭാഗം 29

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

വലിയൊരു രണ്ട് നില വീടിന് മുന്നിൽ കാർ വന്ന് നിന്നു... ആദി കാലെടുത്ത് മുറ്റത്ത് വച്ചതും നനുത്തൊരു കാറ്റ് അവളെ പൊതിഞ്ഞു കടന്ന് പോയി... മുറ്റത്ത് ആരൊക്കെയോ നിൽക്കുന്നുണ്ടായിരുന്നു... അതിൽ ചെറിയമ്മയെ മാത്രം അവൾ തിരിച്ചറിഞ്ഞു... """വാ മോളേ കയറി വാ...""" ചെറിയമ്മ വന്ന് ആദിയുടെ കയ്യിൽ പിടിച്ചു... അവൾ അവരെ നോക്കി പുഞ്ചിരിച്ചു... അതേ സമയം അവളുടെ മുഖം മങ്ങുകയും ചെയ്തു... അവരുടെ മുഖത്തിന്റെ ഒരു ഭാഗം മാംസം വളർന്ന് തൂങ്ങി നിന്നിരുന്നു... അവൾ ഒരു പകപ്പോടെ അവരെ നോക്കി... """മുറ്റത്ത് നിൽക്കാതെ എല്ലാവരും വായോ...?""" അവർ ചന്ദ്രുവിന്റെ വീട്ടുകാരെയും ശ്രീദേവിയെയുമെല്ലാം ഉള്ളിലേക്ക് ക്ഷണിച്ചു... ആദി ആ വീട്ടിൽ കാല് കുത്തും മുന്നേ വീണ്ടും ആ നനുത്ത കാറ്റ് അവളെ പൊതിഞ്ഞു... കണ്ണുകൾ അറിയാതെ തെക്കേ തൊടിയിലേക്ക് നീണ്ടു... ചന്ദ്രു ചെന്ന് കൈ പിടിച്ചപ്പോഴാണ് അവൾ നോട്ടം പിൻവലിച്ചത് തന്നെ ... ഉള്ളിലേക്ക് കയറി... വിശാലമായ ഹാൾ... ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോകളിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു... 'മുത്തശ്ശി...' അവൾ മനസ്സിൽ ഉരുവിട്ടു... മറ്റ് ഫോട്ടോകളിലേക്ക് നോട്ടം വീണതും ആ മിഴികൾ നിറഞ്ഞു വന്നു... ആദ്യമായി കാണുകയാണ്...

എങ്കിലും സ്വന്തം രക്തത്തെ തിരിച്ചറിയാൻ ആരും പറഞ്ഞ് കൊടുക്കേണ്ടല്ലോ... """ആദീ... വായോ...""" അവളെയും കൂട്ടി അവർ അകത്തെ മുറിയിലേക്ക് നടന്നു... വാതിൽ കടന്നതും കണ്ടു കട്ടിലിൽ കൂനി കൂടിയിരിക്കുന്ന മനുഷ്യനെ... തന്റെ അച്ഛനെ... ക്ഷണനേരം കൊണ്ട് അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു... ചൊടികൾ വിറച്ചു... മുഖം കോട്ടി അവൾ തിരിഞ്ഞു നിന്നു... അവളുടെ ഉള്ളിൽ നിറയെ പരിഭവം ആയിരുന്നു... അന്ന് ഹോസ്പിറ്റലിൽ വന്ന് കണ്ടതിൽ പിന്നെ അച്ഛൻ തന്നെ വന്ന് കണ്ടിട്ടില്ല... മിണ്ടിയിട്ടില്ല... വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല... ഒരിക്കൽ ശ്രീയമ്മ പറഞ്ഞാണ് അറിഞ്ഞത്, അച്ഛൻ തറവാട്ടിൽ ആണെന്ന്... പിണങ്ങിയിരിക്കാനും വേണ്ടി എന്ത് തെറ്റാ താൻ ചെയ്തേ...? """ആദീ... അച്ഛന്റടുത്ത് ചെന്നിരിക്ക് മോളെ...""" ചെറിയമ്മ പറഞ്ഞിട്ടും അവൾ ഇല്ലെന്ന രീതിയിൽ തല ചലിപ്പിച്ചു... """മിണ്ടില്ല ഞാൻ... ആദിയെ വേണ്ടല്ലോ... അതല്ലേ ആദിയെ ഇട്ടിട്ട് പോയേ..? നിക്ക് ആരെയും കാണണ്ടാ...""" കൊച്ചു കുട്ടികളെ പോലെ അവൾ തേങ്ങിക്കരഞ്ഞു... ചെറിയമ്മ അവളെ ബലമായി പിടിച്ച് ചന്ദ്രന്റെ അരികിൽ കൊണ്ടിരുത്തി...

ആദ്യമൊക്കെ മുഖം തിരിച്ച് ഇരുന്നെങ്കിലും പതിയെ ഏറുകണ്ണിട്ട് അവൾ അച്ഛനെ നോക്കി... ചന്ദ്രൻ മുഖം കുനിച്ച് താഴേക്ക് തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു... """അച്ഛേ...""" അവൾ വിളിച്ചു... അയാൾ ആ വിളി കേട്ടില്ല... വീണ്ടും വിളിച്ചു... കേട്ടില്ല... ഒടുവിൽ ഒരു കൈ കൊണ്ട് അച്ഛന്റെ മുഖം ഉയർത്തി... അവളെ നോക്കിയതല്ലാതെ അയാൾ മിണ്ടിയില്ല... മുഖം കുനിച്ച് താഴേക്ക് നോക്കിയിരുന്നു... അപ്പോഴേക്കും ശബ്ദം അടക്കിപ്പിടിച്ച് ചെറിയമ്മ കരയുന്നത് കണ്ടു... ആദിക്ക് ഒന്നും മനസ്സിലായില്ല... എങ്കിലും അവളുടെ മിഴികൾ നിറഞ്ഞു വന്നു... """ചെറിയമ്മേ... അച്ഛയ്ക്ക്... അച്ഛയ്ക്ക് എന്താ...?""" ഇടറിയ സ്വരത്തോടെ ചോദിച്ചു... ചന്ദ്രുവും വീട്ടുകാരും അപ്പോൾ മാത്രമാണ് ചന്ദ്രനെ ശ്രദ്ധിച്ചത്... ആദിയുടെ ചെറിയമ്മ രാവിലെ വിളിച്ച് അവളെ തറവാട്ടിൽ കൊണ്ട് വരാൻ പറഞ്ഞതല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല... """എൻറെ തെറ്റിൻറെ ഫലമാ ഏട്ടൻ അനുഭവിക്കുന്നേ... ഏട്ടൻ മാത്രമല്ല ഞാനും...""" പറഞ്ഞുകൊണ്ട് തന്നെ അവർ സ്വന്തം കവിളിൽ തലോടി... """കാൻസർ ആണ്... കുഞ്ഞൊരു കുരുപ്പ് പോലെ വന്നതാണ്... ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കാതെ വയ്യല്ലോ..."""

എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ആർക്കും ഒന്നും മനസ്സിലായില്ല... എങ്കിലും ചന്ദ്രു മുന്നോട്ട് വന്ന് ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു... അവൻറെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു... അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതെന്നൊരു തോന്നൽ... ആദിയെയും കൊണ്ട് ഇറങ്ങിപ്പോയാലോന്ന് വരെ അവൻ ചിന്തിച്ചു... ചന്ദ്രു കൂട്ടിപ്പിടിച്ച ആദിയുടെ കയ്യിൽ നിർവികാരതയോടെ കിച്ചു നോക്കി... """ആദിയെ റൂമിൽ മാറ്റിയ അന്ന് ഏട്ടൻ എന്നെ വിളിച്ചിരുന്നു... ഏട്ടന് ആരുമില്ലെന്ന് പറഞ്ഞു കുറേ കരഞ്ഞു ... തനിയെ ഇരിക്കാൻ പേടിയാവുന്നെന്ന് പറഞ്ഞു... ഞാൻ വീട്ടിൽ വന്നാണ് ഏട്ടനെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്... അന്ന് തൊട്ടിന്നോളം ഇവിടെ... ഒരേ ഇരുപ്പിൽ... ആരോടും മിണ്ടില്ല... ചിരിക്കില്ല... കരയില്ല... നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചെന്നായി... എൻ്റെ തെറ്റാണ്... എൻറെ മാത്രം...""" അവൾ നിറകണ്ണുകളോടെ ആദിയുടെ കൈകൾ കൂട്ടിപ്പിടിച്ചു... """ചെറിയമ്മയോട് മോള് ക്ഷമിക്കണം... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് മോളോട് ചെയ്തത്... മോളുടെ കണ്ണീരിന്റെ ഫലമാകാം ഇങ്ങനെയൊക്കെ ..."""

അവർ ആദിയുടെ കാലിൽ പിടിക്കാൻ കുനിഞ്ഞതും ഒന്ന് വേച്ചുകൊണ്ട് അവൾ പിറകോട്ട് മാറി... എല്ലാവരും അവരുടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു നിന്നു... """മോൾക്ക് ചെറിയമ്മ ഒരു കഥ പറഞ്ഞു തരട്ടേ... കൊട്ടാരം പോലൊരു വീട്ടിൽ ജീവന് തുല്യം സ്നേഹിച്ച രണ്ട് ഏട്ടന്മാരുടെയും കുഞ്ഞനുജത്തിയുടെയും കഥ... മ്മ്ഹ്...?""" """അങ്ങനെ രണ്ട് ചേട്ടനും അനുജനും ഉണ്ടായിരുന്നു... എട്ടാനുജ്ഞന്മാരുടെ സ്നേഹം കാണണമെങ്കിൽ അവരെ കണ്ട് പഠിക്കാൻ പറയും അവിടുത്തെ നാട്ടുകാർ... ബന്ധം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് അവർക്കൊരു കുഞ്ഞു പെങ്ങൾ ഉണ്ടായിരുന്നു... താഴത്തും തലയിലും വയ്ക്കാതെ അവളെ അവർ കൊണ്ട് നടന്നു... അവളുടെ ഇഷ്ടങ്ങളായിരുന്നു അവരുടേതും... അത്രയ്ക്കും പരസ്പരം സ്നേഹിച്ചവർ... ഒരു കുഴിയിൽ ചാടാൻ പറഞ്ഞാൽ മൂവരും ഒന്നിച്ചു ചാടും... അവരുടെ വിവാഹം കഴിഞ്ഞപ്പോഴും അതേ... അവരെ അത്ര തന്നെ സ്നേഹിക്കുന്ന ഏട്ടത്തിമാരും അളിയനും... അവർക്ക് തങ്കം പോലുള്ള മൂന്ന് മക്കൾ ഉണ്ടായി... അവരെ പോലെ തന്നെ മക്കളെയും വളർത്തണമെന്ന് ആഗ്രഹിച്ചു... നല്ല കുറേ നാളുകൾ... ഒരിക്കൽ മുത്തശ്ശി പറഞ്ഞു മക്കളുടെ ജാതകം നോക്കണമെന്ന്... അന്ന്... അന്ന് കൊണ്ടെല്ലാം മാറി മറിഞ്ഞു...

അനുജന്റെ മകളുടെ ജാതകത്തിൽ അച്ഛന്റെയും അമ്മയുടെയും വിയോഗമായിരുന്നു... ആരും അത്ര കാര്യമാക്കിയെങ്കിലും പെങ്ങളുടെയും മുത്തശ്ശിയുടെയും ഉള്ളിൽ അതൊരു കരടായി അവശേഷിച്ചു... ആ കുഞ്ഞിനെ വെറുപ്പോടെ കണ്ടു... കണിയാൻ പറഞ്ഞ പ്രകാരം അത് സംഭവിക്കുകയും ചെയ്തു... അവളുടെ അച്ഛനും അമ്മയും മാത്രമല്ല വല്യച്ഛന്റെ ഭാര്യയും മകനും ഒരു ആക്‌സിഡന്റിൽ മരിച്ചു... അതോടെ ആ കുട്ടിയെ അവർ വെറുത്തു... അച്ഛന്റെയും അമ്മയുടെയും വെള്ള പുതച്ച ശരീരത്തിൽ നോക്കി ഒന്നുമറിയാതെ കരഞ്ഞ കുഞ്ഞിനെ ഒരു വെറുപ്പോടെ നോക്കി കണ്ടു... മുലകുടി മാറാത്ത കുഞ്ഞിന് ഒരിത്തിരി പച്ചവെള്ളം പോലും നിഷേധിച്ചു... കുത്തുവാക്കുകൾ പറഞ്ഞു... പക്ഷേ അന്നവളെ ചേർത്ത് പിടിച്ചു അവളുടെ വല്യച്ഛൻ... കൂട്ടുകാരന്റെയൊപ്പം എല്ലാ ബന്ധവും ഉപേക്ഷിച്ച് ആ വീടിന്റെ പടികൾ ഇറങ്ങി... ആരുടേയും ഒരു വാക്കോ നോക്കോ തട്ടാതെ അവളെ അദ്ദേഹത്തിന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു... വല്യച്ഛനല്ല സ്വന്തം അച്ഛനായി അവളെ വളർത്തി... രണ്ടേട്ടന്മാരുടെയും നഷ്ടം കുറച്ചൊന്നുമല്ല ആ പെങ്ങളെ വിഷമിപ്പിച്ചത്... ആ കുഞ്ഞിനോട് അവർക്ക് വെറുപ്പായിരുന്നു...

അതിലുപരി ശത്രുത തോന്നി തൻറെ ഏട്ടനെ അവരിൽ നിന്നും പറിച്ചു നട്ട ആ കൂട്ടുകാരനോടും അവന്റെ കുടുംബത്തോടും... ഇതിനിടയിൽ പല തവണ അവൾ ഏട്ടനെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ അവരിൽ നിന്നും ഒഴിഞ്ഞു മാറി... പോകെപ്പോകെ അവർ അറിഞ്ഞു... ആ കൂട്ടുകാരന്റ വീട്ടിലെ ദേവിയും ലക്ഷ്മിയും എല്ലാം തൻ്റെ ഏട്ടന്റെ മകളാണെന്ന്... അവളെ അവരിൽ നിന്നും അകറ്റണമെന്ന് അവൾ ഉറപ്പിച്ചു... അവൾക്ക് പതിനെട്ട് വയസ്സ് തികയാൻ കാത്തത് പോലെ ഒരു ആലോചനയും കൊണ്ട് ചെന്നു... കരഞ്ഞും കാലുപിടിച്ചും തെറ്റുകൾ ഏറ്റ് പറഞ്ഞും അവൾ ഏട്ടനെക്കൊണ്ട് സമ്മതിപ്പിച്ചു... പക്ഷേ പെണ്ണ് കാണാൻ വന്ന ദിവസം... ആ വിവാഹം നടക്കില്ലെന്നും പറഞ്ഞ് ഏട്ടൻ വന്നു... കൂട്ടുകാരന്റെ മകനെ അവൾക്ക് കെട്ടിച്ചു കൊടുക്കണം പോലും... അവള്ക്ക് നിരാശ തോന്നി... പക്ഷേ പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു... ഏട്ടൻ കൊടുത്ത ജാതകവും കൊണ്ട് കണിയാന്റെ അടുത്ത് പോയി മരണപ്പൊരുത്തം കുറിച്ചു... അത് വരെ ജാതകത്തിൽ ഒന്നും വിശ്വാസമില്ലാതിരുന്ന ഏട്ടൻ സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അറച്ചു...

അവളുടെ വിവാഹം നടത്തി... എല്ലാവർക്കും മുന്നിൽ ഒരു കുറ്റക്കാരനെ പോലെ നിന്നു... അന്ന് തൊട്ടിന്നോളം ആ മനുഷ്യൻ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല... ഒരു കുറ്റവാളിയെപ്പോലെ... സ്വന്തം മകനായി കണ്ടവനെ ചതിച്ചെന്ന തോന്നലിൽ... ഇന്നീ അവസ്ഥയിൽ... (തുടരും...) കഥ മനപ്പൂർവ്വം വലിച്ചു നീട്ടുന്നതല്ല... എഴുതി വരുമ്പോൾ അങ്ങനെയാകുന്നു... മൈ മിസ്റ്റേക്ക്... പിന്നെ ഇതിനെ വെറും കഥയായി തന്നെ എടുക്കുക... എൻറെ ഒരു ഡൗട്ട് ആണ്... നിങ്ങൾക്ക് അഭിപ്രായം പറയാം... താലി ഒരു വാഗ്ദാനം ആണ്... അതിനൊരു പവിത്രത ഉണ്ട്... അത് ഞാൻ അംഗീകരിക്കുന്നു... പക്ഷേ ഒന്ന് ചോദിച്ചോട്ടേ..., പരസ്പരം പൊരുത്തപ്പെടാൻ സാധിക്കുന്നില്ല എങ്കിൽ ആ താലി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്...? ആദിയുടെ കഴുത്തിൽ ചന്ദ്രുവിൻറെ താലി വീണത് കൊണ്ട് മാത്രം അവൾ അവനെ സ്നേഹിക്കണമെന്നുണ്ടോ...? ആദി ചെറുപ്പം മുതൽ സ്നേഹിച്ചതും പ്രണയിച്ചതും ഒരുമിച്ച് ജീവിക്കാൻ സ്വപ്നം കണ്ടതുമെല്ലാം കിച്ചുവിനോടൊത്താണ്... അവൾക്കത് പെട്ടെന്ന് മറക്കാൻ പറ്റുന്നില്ലെങ്കിൽ അവിടെ അവളുടെ ഭാഗത്തെ തെറ്റ് എന്താണ്...? എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ ചന്ദ്രു അവളെ വിവാഹം കഴിച്ചത്...?..........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story