കിച്ചന്റെ പെണ്ണ്: ഭാഗം 3

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

ചെറുക്കൻ കൂട്ടര് വന്നതും ചന്ദ്രൻ മകളെ വിളിച്ചു... ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെയാണ് ആദി ഇറങ്ങി വന്നത്... ചെക്കന്റെ മുന്നിൽ എത്തിയിട്ടും മുഖം ഉയർത്തി നോക്കിയില്ല... അച്ഛൻ പറഞ്ഞത് കേട്ട് ട്രേയിൽ നിന്നും ചായ എടുത്തില്ല, അപ്പോഴേക്കും പടക്കം പൊട്ടുമാറുച്ചത്തിൽ എന്തോ ശബ്ദം കേട്ടിരുന്നു... ശബ്ദം കേട്ട ഞെട്ടലിൽ ആദിയുടെ കയ്യിലിരുന്ന ട്രേയും ചായയും ചെക്കന്റെ ദേഹത്ത് വീണു... ഒരു പിടച്ചിലോടെ ചാടിയെഴുന്നേൽക്കുന്നവനെ കണ്ട് ഒരു നിമിഷം എല്ലാവരും ഞെട്ടി... പിന്നെയാണ് ശബ്ദത്തിന്റെ ഉറവിടം തേടി പോയത്. നോക്കുമ്പോൾ ' പല്ലി' യെന്നും പറഞ്ഞ് ശ്രീദേവി പകച്ചു നിൽക്കുന്നത് കണ്ടു... ഒപ്പം രണ്ടുപാളി കതകിന്റെ ഒരെണ്ണം അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്നതും... 'ഇവിടെയിപ്പോ ന്താ നടന്നേ..' ആദ്യത്തെ പകർച്ച മാറിയതും ആദി ശ്രീയമ്മയെയും ചെക്കനേയും മാറി മാറി നോക്കി... ഒരു വാള് കയ്യിലെടുത്ത് കൊടുത്താൽ ആളിപ്പോൾ തുള്ളും..,അതാണ് അവസ്‌ഥ... """മോനേ... എന്തെങ്കിലും പറ്റിയോ...?""" ആദിയുടെ അച്ഛൻ വന്ന് ചെക്കന്റെ കയ്യിലും ദേഹത്തും ഒക്കെ നോക്കുന്നത് കണ്ടു... ഇതിൽ കൂടുതൽ എന്നാ പറ്റാനാ എന്നുള്ള മട്ടിൽ തിരിച്ച് അവനും ... അപ്പോഴേക്കും വന്നില്ലേ ആദിയുടെ മറുപടി... """ഇല്ലച്ഛേ ചായയ്ക്ക് ചൂടില്ലായിരുന്നു..."""

അത് കേട്ടതും പാവയ്ക്കാ ജ്യൂസ് ഒറ്റ മോന്തിന് കുടിച്ച ഭാവമായിരുന്നു മ്മടെ ചെക്കന്... ചന്ദ്രൻ ദയനീയമായി അവനെ നോക്കുന്നത് കണ്ടു... """ആദി... മോന് പൈപ്പ് കാണിച്ചു കൊടുക്ക്...""" ചന്ദ്രൻ പറഞ്ഞ് തീരും മുന്നേ അവൻ മുറ്റത്തേക്കിറങ്ങി പോകുന്നത് കണ്ടു... തൊട്ട് പിറകെ എല്ലാവരെയും നോക്കി വിനയാന്വിതായി ആദിയും... ഇതേ സമയം തൻ്റെ ഭാര്യയുടെ തകർപ്പൻ പ്രകടനത്തിൽ കിളി പോയി ഇരിക്കുകയായിരുന്നു ദേവൻ... ഇന്നലെ ദേവി ചെറുക്കനിട്ട് പണിയും എന്ന് പറഞ്ഞപ്പോഴും ഇങ്ങനെയൊരു പണി ആ മനുഷ്യൻ സ്വപ്നത്തിൽ പോലും കരുതിയില്ല... അയാൾ ദയനീയമായി ഭാര്യയെ നോക്കി... എവിടെ ഓടിപ്പോയ പല്ലി അതിന്റെ വീട് പിടിച്ചോ എന്ന അന്വേഷണത്തിൽ ആയിരുന്നു പ്രിയതമ... മുറ്റത്തിറങ്ങിയ ചെക്കൻ പാവയ്ക്ക് കീ കൊടുത്തത് പോലെ നിന്നു... ശേഷം ആദിയെ തിരിഞ്ഞു നോക്കി... അവള് അതൊന്നും ശ്രദ്ധിക്കാതെ സാരിയുടെ തുമ്പ് ചുഴറ്റിക്കൊണ്ട് അവന്റെ മുൻപിലൂടെ നടന്നു... പൈപ്പിന്റെ മുന്നിൽ ചെന്ന് നിന്ന് മുരടനക്കി... """ഈ പിശാശിന്റെ വായിൽ നാവില്ലേ...?"""

അവൻ ഒന്ന് ആത്മഗതിച്ചുകൊണ്ട് അവൾ പോയ വഴിയേ നടന്നു... വെള്ളമെടുത്ത് കയ്യും മുഖവും കഴുകി... ഷർട്ടിൽ വെള്ളമൊഴിച്ചെങ്കിലും ചായക്കറ അതുപോലെ ഉണ്ട്... ദേഷ്യം വന്ന് എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അവൻ ആദിയെ നോക്കിയെങ്കിലും ആളിവിടെയെങ്ങുമല്ലെന്ന് അവന് തോന്നി... അവൾ കാര്യമായി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ട്... അത് മുഖത്തറിയാം... നിമിഷനേരം കൊണ്ടല്ലേ ഓരോരോ ഭാവങ്ങൾ മിന്നിമായുന്നത്... """ടീ...""" അവൻറെ ശബ്ദം കേട്ട് ആദി അവനെ നോക്കി... """ആ അപ്പോൾ വായിൽ നാവുണ്ടായിരുന്നോ...?""" ആദിയാണ്... 'ഇതിപ്പോൾ ഞാൻ പറഞ്ഞ അതെ ഡയലോഗ് അല്ലേ...' ചെക്കൻ നെറ്റി ചുളിച്ച് അവളെ നോക്കി... """അല്ല ഞാൻ കരുതി ചേട്ടൻ സംസാരിക്കാത്ത ഊമയാണെന്ന്....""" അതും പറഞ്ഞ് നല്ല ഭംഗിയായി ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... """ഒന്ന് നിന്നേ...""" അവൻറെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു... ആദി എന്താ എന്ന മട്ടിൽ അവനെ നോക്കി... """എനിക്കൊന്ന് സംസാരിക്കണം...""" """എനിക്കും...""" """എന്താ...""" """ചേട്ടൻ പറയ്... ഞാനേ മുതിർന്നവർക്ക് നല്ല റെസ്‌പെക്ട് കൊടുക്കുന്നതാ...

അതുകൊണ്ട് ചേട്ടൻ ആദ്യം പറയ്...""" കൈകൾ പിണച്ചുകെട്ടി കണ്ണുകൾ കൂർപ്പിച്ച് തന്നെ നോക്കി നിൽക്കുന്നവളെ കണ്ട് പറയാൻ വന്നത് പലതും ഒരു നിമിഷം മറവിയ്ക്ക് വിട്ട് കൊടുക്കുന്നത് അവൻ അറിയുണ്ടായിരുന്നു.... """അത്... ഞാൻ...""" അവൻ സംസാരിക്കാൻ തുടങ്ങിയതും അത് കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ ആദി മുറ്റത്തു നിന്ന മൂവാണ്ടൻ മാവിലെ മാങ്ങകളുടെ എണ്ണം എടുക്കാൻ തുടങ്ങി... ഇടയ്ക്ക് കണ്ണുകൾ പാളിയതും പടി കയറി വരുന്ന കിച്ചുവിനെക്കണ്ട് ആ മിഴികൾ വിടർന്നു... ക്ഷണനേരം കൊണ്ട് അത് തല്ലിക്കൊഴിച്ച് അവൾ ചെക്കന് നേരെ തിരിഞ്ഞു നിന്നു... നവരസം കഴിഞ്ഞ് പുതുതായി വല്ല രസവും ഉണ്ടെങ്കിൽ അതും കണ്ടു പിടിക്കാനുള്ള ശ്രമമൊക്കെ ആദി ആ നിമിഷം നടത്തി... ഒടുവിൽ ഒന്നും കിട്ടാതെ നിലത്ത് പെരുവിരൽ കൊണ്ട് വട്ടം വരച്ച് കളിച്ചു... പടികൾ കയറി വരുന്ന കിച്ചു കാണുന്നത് ഏതോ ഒരുത്തന് മുന്നിൽ നാണത്തോടെ തല കുനിച്ചു നിൽക്കുന്ന ആദിയെയാണ്... ചെക്കന്റെ മുഖത്ത് നോക്കിയപ്പോൾ അവളെ കണ്ണിമ ചിമ്മാതെ നോക്കുന്നത് കണ്ടു...

ആ നിമിഷം എവിടെ നിന്നാണ് ദേഷ്യം ഇരച്ചു വന്നതെന്ന് അവനു പോലും അറിയില്ല... മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചു പിടിച്ചവൻ നിന്നു... """ന്താ ഇവിടെ...?""" ഒട്ടും മയമില്ലാത്ത സ്വരത്തിൽ ചോദിച്ചു... """അതുണ്ടല്ലോ കിച്ചേട്ടാ... ചേട്ടായിക്ക് എന്നോട് സംസാരിക്കണമെന്ന്....""" മുഖത്ത് ലേശം പോലും ഭാവവ്യത്യാസമില്ലാതെ ആദി പറഞ്ഞു... ഒപ്പം മുഖത്ത് ടൺ കണക്കിന് നാണം വാരി വിതറി... """ആദീ.... കേറിപ്പോടി അകത്ത്....""" """അത് കിച്ചേട്ടാ... ചേട്ടായി....""" """ആദീ....""" കിച്ചുവിൻറെ ശബ്ദം ഉയർന്നതും പിന്നൊന്നും മിണ്ടാതെ ആദി അകത്തേക്ക് കയറി പോയി... ഇല്ലെങ്കിൽ നല്ല പുളിച്ച തെറി കേൾക്കുമെന്ന് അവൾക്ക് അറിയാം... പോകാൻ നേരം ചെക്കനെ നോക്കി കണ്ണിറുക്കി കാട്ടാനും മറന്നില്ല... 'ഈ പോയത് എന്തിൻറെ കുഞ്ഞാണോ എന്തോ...?' ആ നിമിഷം മ്മടെ ചെക്കന്റെ മനസ്സിൽ തോന്നിയത് അങ്ങനെയാണ്... അവൾ പോയ വഴിയേ നോക്കി കുറച്ചു നേരം അവൻ നിന്നു... എന്നിട്ട് കിച്ചുവിനെ നോക്കി... എന്തിനെന്നറിയാതെ പോര് കോഴികളെപ്പോലെ ഇരുവരും കൺകോർത്ത് നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"""ചന്ദ്രാ... കണ്ടിട്ട് മക്കൾക്ക് ഇഷ്ടക്കേടുണ്ടെന്ന് തോന്നുന്നില്ല... പത്തിൽ ഒൻപത് പൊരുത്തവുമുണ്ട്.... ഈ മാസം ഇരുപത്തഞ്ചിനൊരു മുഹൂർത്തം ഉണ്ട്... അത് കഴിഞ്ഞാൽ പിന്നെ അടുത്തെങ്ങും ഇല്ല താനും... എന്താ തൻ്റെ അഭിപ്രായം...""" ചായ കുടിക്കുന്നതിനിടയിൽ ചെറുക്കന്റെ അമ്മാവൻ തിരക്കി... ഇതിനോടകം ശ്രീദേവി രണ്ടാമത് പോയി ചായ ഇട്ടുകൊണ്ട് വന്നിരുന്നു... അമ്മാവൻ പറയുന്നത് കേട്ട് ദേവനും കുടുംബവും ആദിയും ഒരുപോലെ ഞെട്ടി... """അത്... പെട്ടെന്ന് കല്യാണമെന്നൊക്കെ പറയുമ്പോൾ....""" """എടൊ അതിനെന്താ... ഞങ്ങൾക്ക് പൊന്നോ പണമോ വേണ്ട... നിങ്ങടെ കുട്ടിയെ മതി... പിന്നെ നേരത്തെ എല്ലാം പറഞ്ഞതല്ലേ... വല്യ ആർഭാടങ്ങളൊന്നും വേണ്ട... അമ്പലത്തിൽ വച്ചൊരു താലി കെട്ട്... ഇനിയിപ്പോ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടോ...?""" അമ്മാവൻ ഇന്ന് തന്നെ വിവാഹം ഉറപ്പിക്കും എന്നുള്ള മട്ടിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... ചന്ദ്രൻറെ മൗനം കൂടിയായപ്പോൾ കാര്യങ്ങൾ കൈ വിട്ട് പോകുന്നത് പോലെ ദേവന് തോന്നി... വെറുമൊരു പെണ്ണ് കാണലല്ലേ..,

അത്രയ്ക് ഗൗരവമേ അയാൾ കൊടുത്തിരുന്നുള്ളൂ... പറ്റിയാൽ മക്കളുടെ കാര്യം ഇന്നുറപ്പിക്കണമെന്നും മനസ്സിൽ കരുതി... ഇതിപ്പോൾ വിവാഹതീയതിയും കൂടി പറയുമ്പോൾ... ദേവൻ ദയനീയമായി ഭാര്യയെ നോക്കി... """അപ്പോൾ നമുക്ക് ഉറപ്പിക്കാം... ല്ലേ....?""" """എന്തുറപ്പിക്കാമെന്ന്...?""" അതുവരെ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് മിഴികളൂന്നി നിന്ന കിച്ചു എഴുന്നേറ്റ് അമ്മാവന്റെ മുന്നിൽ വന്ന് നിന്നു... ശാന്തമായിട്ട് ആണെങ്കിലും അവന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന ദേഷ്യം ആദി വേഗം തിരിച്ചറിഞ്ഞു... """എന്തുറപ്പിക്കാമെന്നാ അമ്മാവൻ പറഞ്ഞേ...?""" """ഇവരുടെ കല്യാണം...""" """അത് അമ്മാവൻ മാത്രം തീരുമാനിച്ചാൽ മതിയോ...? ഏഹ്..? ഈ കല്യാണം നടക്കില്ല... ആദിക്ക് ഇഷ്ടമല്ല...""" പറഞ്ഞത് അമ്മാവനോട് ആണെങ്കിലും അവൻറെ കണ്ണുകൾ ചെന്ന് നിന്നത് ആദിയുടെ അച്ഛന്റെ മേലാണ്... അദ്ദേഹം എന്താ നടക്കുന്നതെന്നറിയാതെ കൂട്ടുകാരനെ നോക്കി... ദേവനും ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു... ഇന്ന് രാവിലെക്കൂടി ആദിക്ക് വേണ്ടി മകനോട് സംസാരിച്ചതാണ് അയാൾ... അപ്പോഴൊക്കെ ഒരു കൊച്ചു പെണ്ണിനെ കെട്ടാൻ താത്പര്യമില്ലെന്ന് പറഞ്ഞിട്ട്... മകന്റെ ഭാവമാറ്റത്തിന്റ കാരണമറിയാതെ അദ്ദേഹം പകച്ചു നിന്നു...

"""ഇഷ്ടമല്ലെന്ന് നീയല്ലേ പറഞ്ഞേ... ആ കുട്ടി പറഞ്ഞില്ലല്ലോ...?""" എന്നിട്ടും അമ്മാവന് വിടാൻ ഭാവമില്ലായിരുന്നു... """കുട്ടിയല്ല ഞാനാ പറഞ്ഞേ... അവൾക്ക് ഈ വിവാഹം ഇഷ്ടമല്ല... അവൾക്ക് ഇഷ്ടമില്ലാത്തതൊന്നും നടക്കില്ല...""" കിച്ചു തീർത്തു പറഞ്ഞു... കിച്ചുവിൻറെ വാക്കുകൾക്ക് ഒരു മറുവാക്ക് പറയാൻ ചന്ദ്രന് കഴിഞ്ഞില്ല.., ഒരുപക്ഷേ കൂട്ടുകാരനോടുള്ള കടപ്പാടാകാം... എന്നാൽ ചെറുക്കന്റെ വീട്ടുകാരോടും ഒരു മറുപടി പറയാനാകാതെ ആ മനുഷ്യൻ തല താഴ്ത്തി... """ചന്ദ്രാ... എന്തൊക്കെയാടോ ഇത്...? താൻ പറയുന്നു വിവാഹം നടത്താമെന്ന്... വേറൊരുരുത്തൻ പറയുന്നു തന്റെ മകൾക്ക് ഇഷ്ടമല്ലെന്ന്... ആളെ വിളിച്ച് പൊട്ടനാക്കുന്നോ...?""" കിച്ചുവിന്റെ സംസാരവും ചന്ദ്രന്റെ തല കുനിച്ചുള്ള നിൽപ്പും അമ്മാവനെ ചൊടിപ്പിച്ചിരുന്നു... അയാൾ നല്ലത് പോലെ അത് പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോഴും ചന്ദ്രൻ അയാളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല... ഇനിയും മിണ്ടാതിരുന്നാൽ കാര്യങ്ങൾ നേരെ പോകില്ലെന്ന് കണ്ട് ദേവൻ ഇടപെട്ടു... ബാക്കി കാര്യങ്ങൾ വിളിച്ചറിയിക്കാമെന്ന് പറഞ്ഞ് ഒരുവിധം അമ്മാവനെ അനുനയിപ്പിച്ച് തിരിച്ചയച്ചു...

"""കിച്ചൂ... എന്താ നിൻറെ ഉദ്ദേശം...?""" അവർ പോയതും ദേവൻ ശബ്ദമുയർത്തി... """എന്ത് ഉദ്ദേശം...?""" """ഇവിടെ കാണിച്ചു കൂട്ടിയതിന്റെയൊക്കെ അർത്ഥം...?""" """പ്രത്യേകിച്ചൊന്നുമില്ല... ആദിക്ക് ഈ വിവാഹം ഇഷ്ടമല്ല... അവൾക്കിഷ്ടമില്ലാത്തത് ഒന്നും നടക്കില്ല...""" ആരെയും കൂസാതെ അവൻ പറഞ്ഞു... """എന്ന് ആദി പറഞ്ഞോ...?""" """സംശയമുണ്ടേൽ ചോദിച്ച് നോക്ക്...""" """ആദീ...""" ദേവൻ ആദിയുടെ നേരെ തിരിഞ്ഞു... """എനിക്കിഷ്ടല്ലെന്ന് കിച്ചേട്ടനോട് ഞാൻ പറഞ്ഞോ...?""" കിച്ചുവിന്റെ മുഖത്ത് നോക്കി ദേഷ്യത്തോടെ അവൾ ചോദിക്കുമ്പോഴും അവന് മാത്രം മനസ്സിലാകാൻ പാകത്തിൽ ആ കണ്ണുകളിൽ പരിഭവം നിറഞ്ഞിരുന്നു. ആദിയുടെ കപടദേഷ്യം കണ്ട് ചുണ്ട് കടിച്ചു പിടിച്ച് അവളെയൊന്ന് കണ്ണിറുക്കി കാട്ടിയവൻ... വെട്ടിത്തിരിഞ്ഞു പോകുന്നവളെ നോക്കി ചിരിച്ചു കൊണ്ട് പടിവാതിൽ ഇറങ്ങി പോകുമ്പോഴും അടിവരയിട്ട് അവിടെ നിൽക്കുന്നവരോട് ഓർമ്മിപ്പിക്കാനും മറന്നില്ല... """ആദിക്ക് ഇഷ്ടല്ലാത്തത് ഒന്നും ഒരിക്കലും നടക്കില്ല...."""....... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story