കിച്ചന്റെ പെണ്ണ്: ഭാഗം 30

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ചെറിയമ്മയോട് മോള് ക്ഷമിക്കണം... ഇനിയും ഒന്നും മറച്ചു വയ്ക്കുന്നത് ശരിയല്ലെന്ന് തോന്നി... ഏട്ടനോ ഈ അവസ്ഥയിൽ ആയി... ഇനി ഞാനും... മരിച്ച് മണ്ണടിഞ്ഞാൽ പോലും എൻറെ ആത്മാവിന് ശാന്തി കിട്ടില്ല...""" ഇടറിയ സ്വരത്തോടെ അവർ പറഞ്ഞു നിർത്തി... കേട്ട വാക്കുകൾ എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഓരോ മുഖങ്ങളിലും പലതരം ഭാവങ്ങളായിരുന്നു.... രേവതിയ്ക്കും പട്ടാളത്തിനും ചന്ദ്രന്റെ അവസ്ഥ ഓർത്ത് വേദന തോന്നി... ശ്രീദേവിയുടെ കണ്ണുകളിൽ അയാളോടുള്ള വെറും സഹതാപം മാത്രം കാണാൻ സാധിച്ചു... ദേവന്റെയും... ഇവരിതിപ്പോൾ പറയേണ്ട ആവശ്യം എന്താണെന്ന മട്ടിലായിരുന്നു കിച്ചുവും ചന്ദ്രുവും... പക്ഷേ ആദി... കഴിഞ്ഞു പോയ നാളുകൾ ഒരു തിരശീലയിലെന്ന പോലെ അവളുടെ ഉള്ളിലൂടെ കടന്ന് പോയി... വല്യച്ഛൻ... അല്ല അച്ഛൻ... തൻ്റെ സ്വന്തമല്ലെന്ന് അറിഞ്ഞത് അന്ന് മുത്തശ്ശി വന്നതിൽ പിന്നെയാണ്... ആ കൊച്ചുമനസ്സിന് അന്നത് ഒത്തിരി വേദന ആയിരുന്നു... പല തവണ അച്ഛനോട് ചോദിച്ചിട്ടുണ്ട്... അന്നൊക്കെ ഒരു മൂലയിൽ പോയി വിഷമിച്ചിരിക്കുന്നത് കാണാം... പിന്നെ പിന്നെ ആ ചോദ്യം സ്വയം ചോദിച്ചു... കണ്ണിലെ കൃഷ്ണമണി പോലെ തന്നെ നോക്കുന്ന വല്യച്ഛൻ തന്നെയാണ് തന്റെ അച്ഛനെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു...

പിന്നീട് ആ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയിട്ടില്ല... അച്ഛനും അമ്മയും ഇല്ലെന്ന് അറിയാമായിരുന്നു... അവരെ ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ടെങ്കിലും ആ ആഗ്രഹം ആരോടും പറഞ്ഞിട്ടില്ല... എന്തിനേറെ മുത്തശ്ശി മരിച്ചപ്പോൾ പോലും തന്നെയും കൊണ്ട് അച്ഛൻ അവിടെ പോയിട്ടില്ല... ഈ പറയുന്ന ചെറിയമ്മ പോലും തന്നോട് മിണ്ടുന്നത് ലച്ചൂന്റെ ചേട്ടനുമായുള വിവാഹം ഉറപ്പിച്ചതിൽ പിന്നെയാണ്... അവൾ ഓരോന്ന് ഓർത്തെടുത്തു... അപ്പോഴും ചെറിയമ്മ അവസാനം പറഞ്ഞ വാക്കുകളിൽ മനസ്സ് കുരുങ്ങിക്കിടന്നു... കിച്ചേട്ടനുമായി തന്റെ കല്യാണം നടത്താൻ ആലോചിച്ചിരുന്നെന്ന്... മനസ്സിനെ കുളിരണിയിക്കേണ്ട വാക്കുകൾ ഒരു തരം നിസ്സംഗതയോടെയാണ് അവൾ കേട്ടത്... """ക്ഷമയൊന്നും ചോദിക്കേണ്ട ചെറിയമ്മേ... ൻറെ വിധിയാകും... ചിലപ്പോൾ നിങ്ങളൊക്കെ പറഞ്ഞ ജാതകദോഷമാകും... ആദിക്ക് ആരോടും പരിഭവമില്ല... ദേഷ്യം അതെന്നോട് മാത്രേയുള്ളൂ... എന്റെയീ നശിച്ച ജീവിതത്തോട് മാത്രം...

പിന്നെ ജാതകദോഷം ആണെങ്കിലും അല്ലെങ്കിലും അന്ന് കിച്ചേട്ടനുമായുള്ള വിവാഹം നടക്കാഞ്ഞത് നന്നായി... കാരണം ആദിയുടെ മാത്രം പ്രണയമായിരുന്നു കിച്ചേട്ടൻ... ആദിയുടെ മാത്രം... കിച്ചേട്ടൻ ഒരിക്കലും ആദിയെ സ്നേഹിച്ചിട്ടില്ല...""" അവളുടെ വാക്കുകൾ ഇടറി... കണ്ണുകൾ നിറഞ്ഞു... ആ നേരം ആദിയുടെ കയ്യിൽ മുറുകിയിരുന്ന ചന്ദ്രുവിന്റെ കൈ അവൻ പോലുമറിയാതെ അയഞ്ഞു... """അവനോളം നിന്നെയാരും സ്നേഹിച്ചിട്ടില്ല ആദീ....""" """എന്താ...""" താൻ കേട്ടതിലെ അപാകതയാണോയെന്നറിയാൻ ആദി അവിശ്വസനീയതോടെ ശ്രീയമ്മയെ നോക്കി... """സത്യം...""" """അമ്മേ...""" """നീ മിണ്ടാതിരിക്ക് കിച്ചൂ... എനിക്ക് പറയണം... അവൾ എല്ലാം അറിയണം...""" """സത്യമാണ് ആദീ... കിച്ചുവിനോളം നിന്നെയാരും സ്നേഹിച്ചിട്ടില്ല... ഞങ്ങൾക്ക് അതറിയില്ലായിരുന്നു... അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ... എന്നാൽ നിന്റെയച്ഛന് എല്ലാം അറിയാമായിരുന്നു... കിച്ചു അവൻറെ ഇഷ്ടം ആദ്യം പറഞ്ഞത് നിൻറെ അച്ഛനോടാണ്... ഈ നിൽക്കുന്ന മനുഷ്യൻ അതംഗീകരിച്ചതുമാണ്... പക്ഷേ അവൻ പോയി വന്നപ്പോഴേക്കും... """ ശ്രീദേവി വല്ലാത്തൊരു വാശിയോടെ അന്ന് നടന്നത് മുഴുവൻ ആദിയോട് പറഞ്ഞു... ആ നിമിഷം അവർ കിച്ചുവിൻറെ അമ്മ മാത്രമായിരുന്നു...

മകൻ ഓരോ ദിവസവും നീറി ജീവിക്കുന്നത് കണ്ട് മനം നൊന്ത ഒരമ്മ... അവിടെ അവർ ആദിയെയോ അവളുടെ മുന്നോട്ടുള്ള ജീവിതമോ ഒന്നും ചിന്തിച്ചില്ല... പക്ഷേ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ പ്രജ്ഞയറ്റവളെ പോലെ ഭിത്തിയിൽ ഒരു താങ്ങിനായി കൈ വച്ചു നിൽക്കുന്ന പെണ്ണിനെ കാൺകെ ആ അമ്മമനം പിടഞ്ഞു... ചവച്ച് തുപ്പിയ വാക്കുകളത്രയും അവരിലേക്ക് തന്നെ തിരിച്ചു വരുമെന്ന് അവർ അറിഞ്ഞില്ല... """മോളേ...""" അവളുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി തെളിഞ്ഞു... എല്ലാവരാലും ചതിക്കപ്പെട്ട ഒരു പെണ്ണിൻറെ പുഞ്ചിരി... """എല്ലാവർക്കും എല്ലാം അറിയാമായിരുന്നു അല്ലേ ശ്രീയമ്മേ... ആദി മാത്രം ഒന്നും അറിഞ്ഞില്ല... മണ്ടി പെണ്ണ്‌ ...""" """ലച്ചൂന്റെ ചേട്ടനും അറിയാമായിരുന്നു... അല്ലേ...""" ആദി ചന്ദ്രുവിന് നേരെ തിരിഞ്ഞു... """ആദീ... മോളേ... പക്ഷേ...""" അവന് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും തൊണ്ടക്കുഴിയിൽ നിന്നും വാക്കുകൾ വന്നില്ല... """കിച്ചേട്ടന് എന്നെ ഇഷ്ടമായിരുന്നല്ലേ...? എന്നിട്ട് എന്തേ പറഞ്ഞില്ല...? ഞാൻ അറിയേണ്ടെന്ന് തോന്നിയോ...?""" അവൾ ചിരിച്ചു... ഭ്രാന്തമായി തന്നെ...

അവൻറെ കണ്ണ് നിറഞ്ഞു വന്നെങ്കിലും അവൻ വേഗം മുഖം തിരിച്ചു... ആദി ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു... പിന്നെ ചന്ദ്രുവിനെയും... അല്പനേരം അങ്ങനെ നിന്നിട്ട് പതിയെ ചന്ദ്രൻറെ അരികിൽ ചെന്നിരുന്നു... അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു... """അച്ഛയ്ക്കിപ്പോൾ സന്തോഷമായില്ലേ... എൻറെ സന്തോഷം കാണാനല്ലേ അച്ഛാ അങ്ങനെയൊക്കെ ചെയ്തത്...? ആദിക്ക് ഇപ്പോൾ ഒത്തിരി സന്തോഷമാ അച്ഛേ... ഒത്തിരി ഒത്തിരി... ലോകത്ത് ഒരു പെണ്ണിനും ഇങ്ങനെ സന്തോഷം കൊടുക്കല്ല്..""" അയാളുടെ കയ്യിലൊന്ന് മുത്തിക്കൊണ്ട് അവൾ എഴുന്നേറ്റു... എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു... ശേഷം ആ മുറി വിട്ടിറങ്ങി... എല്ലാവരുടെയും കണ്ണുകൾ വേച്ച് വേച്ച് നടന്നു പോകുന്ന ആ പെണ്ണിലായിരുന്നു... ഒരു ചോദ്യം മാത്രമേ അവരുടെ മനസ്സിൽ അവശേഷിച്ചിരുന്നുള്ളൂ... ഇനിയെന്ത്.......???????????........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story