കിച്ചന്റെ പെണ്ണ്: ഭാഗം 32

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

അമ്മയുടെയും അച്ഛന്റെയും അസ്ഥിത്തറയുടെ മുന്നിൽ നിൽക്കുമ്പോൾ ആദിയുടെ ഉള്ളം ശൂന്യമായിരുന്നു... ' ലച്ചൂന്റെ ചേട്ടൻ എന്തിനാ എന്നെയിവിടെ കൊണ്ട് വന്നേ...?' അവൾ സ്വയം ചോദിച്ചു... ഇടതടവില്ലാതെ നനുത്ത കാറ്റ് അവളെ വന്ന് പൊതിഞ്ഞു... ചുറ്റും നല്ല കർപ്പൂരത്തിന്റെ ഗന്ധം... അവൾ കണ്ണുകൾ അടച്ചു നാസിക വിടർത്തി ആ ഗന്ധത്തെ തന്നിലേക്ക് ആവാഹിച്ചു... മനസ്സിലെ ശൂന്യത മാറി മറ്റെന്തൊക്കെയോ അവിടെ നിറയുന്നുണ്ടായിരുന്നു... അച്ഛന്റെയും അമ്മയുടെയും വാത്സല്യമാണോ...? തന്നെ തഴുകി തലോടുന്നതാണോ...? അറിയില്ല... അദൃശ്യമായ എന്തോ ഒന്ന്... """അച്ചൂട്ടി....""" അത്ര മേൽ ആർദ്രമായ സ്വരം കേട്ടു... ഒന്ന് ഞെട്ടി കണ്ണ് തുറക്കുമ്പോൾ കണ്ടു മുന്നിൽ നിൽക്കുന്ന ലച്ചൂന്റെ ചേട്ടനെ... മുഖത്ത് കുറച്ച് മുൻപ് വരെ കണ്ടിരുന്ന രൗദ്രം മാറി മറ്റേതോ ഭാവം നിറഞ്ഞു നിൽക്കുന്നത് കണ്ടു... ഏട്ടന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അവൾ പകച്ചു നിന്നു... ചന്ദ്രു മുന്നോട്ട് വന്ന് അവളുടെ കയ്യിൽ കൈ ചേർത്തു... """ഒരിക്കൽ അങ്കിളായി എൻ്റെ കയ്യിൽ വച്ചു തന്നവളാണ്...

തിരികെ എൻ്റെ കയ്യിൽ വന്ന് ചേരുമെന്ന് അറിഞ്ഞില്ല... പക്ഷേ ഇപ്പോൾ അവളുടെ ജീവന്റെ ജീവനെ തന്നെ ഞാൻ ഏൽപ്പിക്കുവാ..."""" അസ്ഥിത്തറയിൽ നോക്കി അവൻ പറഞ്ഞു... അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവസാനത്തെ വാചകം ഇരുവരുടെയും കാതിൽ അലയടിച്ചു ... അതേ ഞെട്ടലോടെ അവനെ നോക്കിയവർ... """എന്താടോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ....? നിറഞ്ഞു മനസ്സോടെ തന്നെ പറയുവാണ്... നിൻറെ പ്രാണനെ നീയെടുത്തോ... ആരും തടയില്ല...""" """നോ........ കിഷോർ ഞാൻ ഇതിനല്ല വന്നത്... പ്ലീസ് അണ്ടർസ്റ്റാൻഡ് മി... പ്ലീസ്...""" കിച്ചുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... """മതിയെടോ... വിഡ്ഢി വേഷം കെട്ടാൻ ഒരാൾ മതി... അതിന് ഞാൻ തന്നെ ധാരാളം...""" ചിരിയോടെയാണ് അവൻ പറഞ്ഞത് ... പക്ഷേ വാക്കുകളിൽ നിഴലിച്ചിരുന്ന വേദന ഇരുവർക്കും മനസ്സിലായി... """ചേട്ടായീ...""" """എന്താ ആദീ... നിനക്കും ഇതന്നെയാണോ പറയാൻ ഉള്ളത്...? നിന്നെ ചതിച്ചവൻ അല്ലേടീ ഞാൻ... ആ ചതി ഇന്ന് കൊണ്ട് ഞാൻ തിരുത്തുവാ...""" """ചേട്ടായീ പ്ലീസ്...""" ആദി കരഞ്ഞു പോയിരുന്നു...

"""ഹാ... ഇപ്പോൾ കരയുവാണോ വേണ്ടേ...? സന്തോഷിക്കാനുള്ള സമയം അല്ലിയോ... നീ ഹാപ്പി ആയിട്ട് ജീവിക്കെടി...""" അവൻ ചിരിച്ചു... ഒരേ സമയം പല പല ഭാവങ്ങൾ മിന്നിമായുന്ന അവൻറെ മുഖത്ത് നോക്കാൻ അവൾക്ക് ഭയം തോന്നി... അതിലേറെ വേദനയും... """അച്ചൂട്ടി...""" വീണ്ടും അവന്റെ സ്വരം കേട്ടു... """എന്നെയൊന്ന് കൊന്ന് തരോ...?""" അത്രമേൽ ദയനീയമായിരുന്നു അവളുടെ സ്വരം... ശരീരത്തിൽ ആയുധങ്ങൾ കൊണ്ട് മുറിവുണ്ടാക്കുന്നതിലും അധികം വേദന വാക്കുകൾ കൊണ്ട് തീർക്കാൻ കഴിയുമെന്ന് അവൾ തിരിച്ചറിഞ്ഞു... """അച്ചൂട്ടി... അങ്ങനെ കൊല്ലാനായിരുന്നെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു...? പണ്ടേക്ക് പണ്ടേ... അതിനല്ല ഞാൻ...""" അവൻ പറയാൻ വന്നത് പാതിയിൽ നിർത്തി... ആ നിമിഷം അവന്റെ മനസ്സ് ഏതോ ഓർമ്മകളിൽ ആയിരുന്നു... പിന്നെ പറഞ്ഞു തുടങ്ങി... അച്ഛന്റ്റെ കയ്യും പിടിച്ച് എന്നും ജോഗിംഗിന് പോകുന്ന ഒരാറര വയസ്സുകാരൻ... ഒരിക്കൽ കണ്മുന്നിൽ വച്ച് അവൻ ഒരാക്സിഡന്റിന് സാക്ഷിയായി...

അമിത വേഗത്തിൽ വന്ന ടോറസ് ലോറി ഒരു കാറിൽ ഇടിച്ചു കയറി... ചുറ്റും പൊടിയും പുകയുമൊക്കെയായിരുന്നു... പുകപടലങ്ങൾ ഒന്നടങ്ങിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുറെ രൂപങ്ങൾ... കാറിനകത്തും പുകത്തും... കൊച്ചു മനസ്സല്ലേ അവൻ ഭയന്നു... ആദ്യം അവനെ ചേർത്ത് പിടിച്ചിരുന്ന അച്ഛൻ അവന്റെ വിറവലൊന്ന് മാറിയതും ആ കാറിനടുത്തേക്ക് ഓടി... ആ പയ്യന് നിന്ന നിൽപ്പിൽ ഒരടി അനങ്ങാൻ കഴിയില്ലായിരുന്നു... ഭയം... പക്ഷേ കുറച്ചു മാറി തന്നെ കൈ കൊണ്ട് മാടി വിളിക്കുന്ന ചോരയിൽ കുളിച്ചു കിടക്കുന്ന ആ മനുഷ്യന്റെ അരികിലേക്ക് അവൻറെ കാലുകൾ ചലിച്ചു... അടുത്തെത്തിയതും അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടു... ഒടിഞ്ഞു തൂങ്ങിയ കയ്യും താങ്ങി വേച്ച് വേച്ച് അയാൾ താഴെ ആ പുല്തകിടിയിലേക്ക് നടന്നു... തിരിച്ചു വന്നത് കയ്യിൽ പഞ്ഞിക്കെട്ട് കണക്കെ ഒരു കുഞ്ഞുമായി ആയിരുന്നു... വിറയ്ക്കുന്ന കയ്യോടെ ആ കുഞ്ഞിനെ അവൻറെ കയ്യിൽ കൊടുത്തു... ' കൂടെ കാണണേ...' എന്നൊരു വാക്ക് പറഞ്ഞു... അവൻറെ മുന്നിൽ വെച്ച് തന്നെ അയാൾ ദേഹം വെടിഞ്ഞിരുന്നു... ആ കുഞ്ഞിനെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു... അത് വരെ നിലവിളിച്ച കുഞ്ഞ് അവൻറെ കയ്യിൽ ഒതുങ്ങി കൂടുന്നുണ്ടായിരുന്നു... ഇതിനിടയിൽ ആളുകൾ കൂടി...

പോലീസ് വന്നു... അപ്പോഴും ആ കുഞ്ഞിനെ അവൻ കൈമാറിയിരുന്നില്ല... ഹോസ്പിറ്റലിൽ എത്തി സിസ്റ്ററിന്റെ കയ്യിൽ കൊടുക്കും വരെയും അവൾ അവൻറെ ചൂടോടൊട്ടി കിടന്നു... പിന്നെയവൻ അവളെ കണ്ടിട്ടില്ല... പക്ഷേ വളർന്ന് തുടങ്ങിയ ഓരോ വേളയിലും അവൻറെ മനസ്സിൽ അവളുണ്ടായിരുന്നു... പേരറിയില്ല... നാടറിയില്ല... അവൻ അവളെ 'അച്ചൂട്ടി'യെന്ന് വിളിച്ചു... ഓരോ കുട്ടികളെയും കാണുമ്പോൾ അന്നവന്റെ വീട്ടിലെ ചർച്ചാ വിഷയം അച്ചൂട്ടി ആയിരുന്നു... അവൾ വളർന്നു കാണുമോ...? സുന്ദരി കൊച്ചായിരിക്കും... അങ്ങനെയങ്ങനെ... അത് കേൾക്കുമ്പോൾ അവന്റെ പെങ്ങൾക്ക് കുശുമ്പ് കുത്തും... ഒരിക്കൽ അവളാണ് പറഞ്ഞത് ഏട്ടൻ അച്ചൂട്ടിയെ കണ്ട് പിടിച്ചിട്ട് അവളെയങ്ങ് കെട്ടിക്കോന്ന്... അന്നത് ചിരിച്ചു തള്ളി... പോകെ പോകെ അവൾ വെറും ഓർമ്മയായി മാറി... പക്ഷേ... അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന ദിവസം... അന്നാണ് ആദീ ഞാനറിഞ്ഞത് ഞാൻ ഒരുപാട് കാണാൻ കൊതിച്ചവളാണ് കൺമുന്നിൽ നിൽക്കുന്നതെന്ന്... കാത്ത് കാത്ത് നടന്നത് കണ്മുന്നിൽ കാണുമ്പോഴുള്ള ഒരു സന്തോഷമില്ലേ...

അന്ന് ഞാൻ അത് അനുഭവിച്ചറിഞ്ഞു... പക്ഷേ കാർത്തിക്കിന് നിന്നെ ഇഷ്ടാണെന്നറിഞ്ഞപ്പോൾ നിങ്ങൾ തന്നെ ഒന്നിക്കണമെന്നായിരുന്നു ആഗ്രഹം... ബാക്കിയൊക്കെ നിനക്കറിയില്ലേ... അന്നാ വിവാഹം ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല... പക്ഷേ നിന്നെ കയ്യിൽ കിട്ടിയപ്പോൾ... ഒരിക്കലും സ്നേഹം പിടിച്ച് വാങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു... ഇടയിലെപ്പോഴോ ഞാനത് മറന്നു... നീയെൻറെ സ്വാർത്ഥത ആയി മാറി... നിന്നെ ആർക്കും വിട്ട് കൊടുക്കരുതെന്ന് മനസ്സ് ശഠിച്ചു... കാർത്തിക്കിനെ പലപ്പോഴും അവഗണിച്ചത് അത് കൊണ്ടാണ്... എന്നോട് ക്ഷമിക്കെടോ... """കിഷോർ ഞാൻ പറയുന്നതൊന്ന് താൻ കേൾക്ക്... ഞാൻ വന്നത്...""" """അറിയാം... നീ വന്നത് എനിക്ക് വേണ്ടി സംസാരിക്കാൻ ആണെന്ന്...""" കിച്ചുവിനെ പറയാൻ മുഴുവിപ്പിക്കാതെ ചന്ദ്രു പറഞ്ഞു... """പക്ഷേ വേണ്ടടോ... ഈ ജന്മം ആദിക്ക് ഉള്ള് തുറന്ന് എന്നെ സ്നേഹിക്കാൻ കഴിയില്ല... അവളുടെ മനസ്സിൽ കിച്ചു മാത്രേ ഉള്ളൂ... അന്നും ഇന്നും ഇനി എന്നും... ഇപ്പോൾ തന്നെ നിന്നെ വേദനിപ്പിച്ചതിലും അധികം വേദന അവൾ അനുഭവിച്ചു കാണണം... അല്ലേ ആദീ...""" ചന്ദ്രു ആദിക്ക് നേരെ തിരഞ്ഞു... അവനിൽ നിന്നും കേട്ട വാക്കുകളുടെ ഞെട്ടലിൽ നിന്നതിനാൽ അവൾ അറിയാതെ തലയാട്ടി...

"""പക്ഷേ വേണ്ടടോ... നിങ്ങൾ നിർബന്ധിച്ചാൽ ആദി എന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചെന്ന് വരും... നിങ്ങൾക്ക് വേണ്ടി അവൾ അഡ്ജസ്റ്റ് ചെയ്‌തെന്നും വരും... അപ്പോഴും... അങ്ങനെയൊരു ജീവിതം നമുക്ക് വേണ്ട ആദീ...""" പറഞ്ഞു തീരും മുന്നേ അവൻറെ കൈകൾ ആദിയുടെ താലിമാലയിൽ പിടുത്തമിട്ടിരുന്നു... ഒരു പിടച്ചിലോടെ അവളവനെ നോക്കി... """ഒരിക്കൽ ഞാൻ ഇഷ്ടമില്ലാതെ കെട്ടി തന്നതാ... ഇന്നും ഇഷ്ടമല്ലാതെ തന്നെ പൊട്ടിക്കുവാ... എനിക്ക് നിൻറെ സന്തോഷം മാത്രം കണ്ടാൽ മതിടീ...""" ആദി അവൻ്റെ കയ്യിൽ പിടിക്കും മുന്നേ അവൻ അത് വലിച്ചു പൊട്ടിച്ചിരുന്നു... ഹൃദയത്തിൽ നിന്നും എന്തോ ഒന്ന് അടർന്ന് മാറുന്നത് പോലെ... രണ്ട് പേർക്കും ആ വേദന തോന്നി... കണ്ണുകൾ നിറഞ്ഞു... കിച്ചു ആ കാഴ്ച ശ്വാസമടക്കി കണ്ടു നിന്നു... """ചേട്ടായീ...""" ആദി മുഖം പൊത്തി കരഞ്ഞു... """ചേട്ടായി തന്നെയാണ്... അന്ന് പറഞ്ഞില്ലേടീ, ഒരു സുഹൃത്തായി എന്നും കൂടെ കാണും... എൻറെ കണ്ണടയുന്നത് വരെ...""" ചന്ദ്രു മുഖം പൊത്തിയിരുന്ന അവളുടെ കൈകൾ പിടിച്ചു മാറ്റി... അവളുടെ മിഴിനീർ തള്ളവിരലാൽ ഒപ്പികൊടുത്തു...

ഒന്ന് ചേർത്ത് പിടിച്ച് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു... """നോക്കിക്കോണേടാ...""" കിച്ചുവിനെ നോക്കി പറയുമ്പോൾ സ്വരം ഇടറാതിരിക്കാൻ പരമാവധി ശ്രമിച്ചു... എങ്കിലും കരഞ്ഞു പോയിരുന്നു... കണ്ണുകൾ അമർത്തി തുടച്ചു അവൻ നടന്നു നീങ്ങി... കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവന്റെ പോക്കും നോക്കി ഒരു കരച്ചിലൂടെ ആദി നിലത്തേക്ക് ഊർന്ന് വീണു... അന്ന് അവളെ ചേർത്ത് പിടിക്കാൻ കിച്ചുവിന്റെ കൈകൾ ഉയർന്നിരുന്നു... കാറ്റിന്റെ ഗതി മാറി... ആരുടെ കണ്ണിലെ കണ്ണുനീരാണെന്ന് അറിയില്ല... മഴ അതിൻറെ രൗദ്രഭാവത്തോടെ ഭൂമിക്ക് മേൽ പെയ്തു തുടങ്ങിയിരുന്നു... (തുടരും...)

ഈ പാർട്ട് ഇങ്ങനെ അവസാനിപ്പിക്കാനെ എനിക്ക് അറിയുള്ളൂ... ഒരിക്കൽ കൂടി പറയുന്നു... ഇത് വെറും കഥയാണ്... റിയാലിറ്റിയിൽ ഒരു ഭർത്താവും ഭാര്യയെ കാമുകന് വിട്ട് കൊടുക്കില്ല... സൊ ഇതിനെ കഥയായി തന്നെ കാണൂ... പിന്നെ ചന്ദ്രുവിന് ആദിയോട് പെട്ടെന്ന് ഇഷ്ടം തോന്നാനുള്ള കാരണം മനസ്സിലായി കാണുമല്ലോ... ഇതിൽ ചന്ദ്രു നല്ല മനസ്സിനുടമയാണ്... എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്നവൻ... അവന് ആദിയെ പോലൊരു പെണ്ണാണോ ചേരുന്നേ....? ചിന്തിച്ചു നോക്കൂ...🥰

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story