കിച്ചന്റെ പെണ്ണ്: ഭാഗം 33

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

വിവാഹം... വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ... ആഘോഷങ്ങൾ... ഏതൊരു പെണ്ണിന്റെയും സ്വപ്നം... പക്ഷേ... ഒന്നല്ല രണ്ട് തവണ ആ പവിത്രമായ ചടങ്ങിലൂടെ കടന്നു പോയപ്പോഴും സ്വന്തമായി ഒരഭിപ്രായമില്ലാതെ സന്തോഷമില്ലാതെ നിർവികാരമായി മുഖം കുനിച്ചിരിക്കുന്ന പെണ്ണിനെ കാൺകെ ചുറ്റും കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരുന്നു... സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നറിയാൻ കഴിയാത്ത അവസ്ഥ... സ്വാഭാവികമായി ആദ്യത്തെ ബന്ധം വേർപെടുത്തി രണ്ടാം വിവാഹം ചെയ്യുമ്പോഴുള്ള ആളുകളുടെ മുറുമുറുപ്പുകൾ... അവിഹിതത്തിന്റെ കഥകൾ... ഭർത്താവിന്റെ കഴിവില്ലായ്മ... തുടങ്ങി തീർത്താൽ തീരാത്തത്ര മുറുമുറുപ്പുകൾ ആ ഹാളിൽ ഒളിഞ്ഞും തെളിഞ്ഞും കേട്ടു... പക്ഷേ എല്ലാ കാര്യത്തിനും ഓടി നടക്കുന്ന ആദ്യ ഭർത്താവിനെ കാൺകെ പലരുടെയും വായ് അടഞ്ഞിരുന്നു... അവനെന്തെങ്കിലും മാറാവ്യാധി...? ചിലരുടെയൊക്കെ സഹതാപത്തോടെയുള്ള നോട്ടം ചന്ദ്രുവിന് നേരെ നീണ്ടു... നെഞ്ച് നുറുങ്ങുന്ന വേദനയിലും കിച്ചുവിന്റെ താലി ആദിയുടെ കഴുത്തിൽ വീഴുന്നത് നിറകണ്ണുകളോടെ അവൻ നോക്കിക്കണ്ടു... ആ ചിത്രം മനസ്സിലേക്ക് പകർത്തി...

ഈ ചുരുങ്ങിയ സമയം കൊണ്ടൊരു വിവാഹം അത് ചന്ദ്രുവിന്റെ മാത്രം നിർബന്ധം ആയിരുന്നു... മ്യൂച്ച്വൽ ഡിവോഴ്സിന് സൈൻ ചെയ്യുമ്പോൾ ഇരുവരുടെയും കൈ ഒരുപോലെ വിറച്ചു... പിന്നീട് അവൻ കണ്ടത് മറ്റൊരു ആദിയെയായിരുന്നു... പൊട്ടിപ്പെണ്ണിൽ നിന്നും നിശബ്ദത ഇഷ്ടപ്പെട്ട ഇരുട്ടിനെ മാത്രം സ്നേഹിച്ച ഒരു പെണ്ണ്... അവളുടെ മനസ്സിൽ എന്തായിരുന്നു...? അറിയില്ല... ആരോടും ഒന്നും പറഞ്ഞിട്ടില്ല... അവനെ കാണുമ്പോൾ ആ മിഴികൾ നിറയും... വേഗം നോട്ടം മറ്റും...? ഒരു പക്ഷേ കുറ്റബോധമാണോ...? അതോ...? താൻ എടുത്ത തീരുമാനം തെറ്റിയോ....? ഇടയ്ക്കൊക്കെ അവൻ ചിന്തിക്കും... കാലചക്രം തിരിഞ്ഞു കറങ്ങിയെങ്കിലെന്ന് വെറുതെയെങ്കിലും നിനക്കും... ആദിയുടെ അവസ്ഥയിൽ എല്ലാവരും ഒരുപോലെ ഭയപ്പെട്ടു... അവളുടെ മൗനത്തിൽ... ചലനമില്ലാത്ത ഇരുപ്പിൽ... ഇരുട്ടുമായുള്ള പ്രണയത്തിൽ... ഇടയ്‌ക്കൊക്കെ അവളാ നാലര വയസ്സുകാരിയാവും... അനാഥത്വം തിരിച്ചറിഞ്ഞ ഓർമ്മയിൽ... അന്ന് മാത്രം ഭ്രാന്തമായി കരയും... ആരെയും അടുപ്പിക്കില്ല...

എങ്കിലും കിച്ചുവിൻറെ നെഞ്ചിൽ മുഖം പൂഴ്ത്തും... അവൻറെ നെഞ്ചിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അഭയം കണ്ടെത്തും... അറിഞ്ഞോ അറിയാതെയോ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചെന്നുള്ള തോന്നൽ... അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിരുന്നു... തുടരെ തുടരെ കൗൺസിലിംഗുകൾ നടത്തി... ആദിയുടെ അവസ്ഥ നേരെയായി വന്നു... ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും അവരാരും തന്റെയാരുമല്ലെന്ന സത്യം അവളിൽ വേരുറച്ചിരുന്നു... അത് മനസ്സിലാക്കിയത് പോലെയാണ് ഇപ്പോൾ എടിപിടീന്നൊരു വിവാഹം... പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് മുന്നിൽ പണ്ടും ആദി തല കുനിച്ചിട്ടല്ലേ ഉള്ളൂ... ഇന്നും അത് പോലെ തന്നെ... താലികെട്ട് കഴിഞ്ഞ് അവളെ കിച്ചുവിന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ചന്ദ്രന്റെ കണ്ണിൽ നിന്നും ഒരു തുള്ളി മിഴിനീർ അടർന്നു വീണു... അപ്പോൾ മാത്രം... അപ്പോൾ മാത്രം ആദി മുഖമുയർത്തി അച്ഛനെ നോക്കി... ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു... വിവാഹം കഴിഞ്ഞ് ശ്രീമംഗലത്തെ ദേവി ആ വീടിന്റെ പടികൾ ചവിട്ടിയിട്ടും ആർക്കുമാർക്കും സന്തോഷിക്കാൻ കഴിയുന്നില്ലായിരുന്നു...

എങ്കിലും ചടങ്ങുകൾ ചടങ്ങുകളായി നടന്നു... രാത്രി കിച്ചുവിനൊപ്പം അവന്റെ മുറിയിൽ അവന്റെ ഭാര്യയായി നിൽക്കുമ്പോൾ നിർവികാരത എന്നതിനപ്പുറം ഒന്നും അവളിൽ നിറഞ്ഞു നിന്നില്ല... കിച്ചുവും ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു... താൻ ഏറെ സ്വപ്നം കണ്ട് ആഗ്രഹിച്ച ജീവിതം കൈപ്പിടിയിൽ കിട്ടിയിട്ടും ഒന്ന് സന്തോഷിക്കാൻ കഴിയുന്നില്ല... വല്ലാത്തൊരു തരം വീർപ്പ് മുട്ടൽ... മറ്റൊരാളുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെന്നുള്ള തോന്നൽ... അതിലെല്ലാമുപരി ആദിയുടെ പെരുമാറ്റം... എന്ത് കൊതിച്ചതാണെന്നോ ഈ രാത്രി... പുലരുവോളം അവളുടെ മടിയിൽ തല ചായ്ച്ച്... അവളുടെ മിഴികളിൽ മിഴികൾ കോർത്ത്... പറയാതെ പറഞ്ഞ പ്രണയം തുറന്ന് പറഞ്ഞ്... അങ്ങനെയങ്ങനെ... എന്നിട്ടിപ്പോൾ തൻ്റെ പ്രണയം ഒരു കയ്യകലത്തിൽ ഉണ്ടായിട്ടും... ഉറക്കം വരാതെ കണ്ണടച്ച് ഇരുവരും കിടന്നു... ആദി തേങ്ങുന്ന ശബ്ദം കേട്ടാണ് കിച്ചു അവളെ നോക്കിയത്... ശബ്ദം പുറത്ത് വരാതിരിക്കാൻ പാട് പെടുന്നുണ്ടായിരുന്നു അവൾ...

ഒരു വിറവലോടെ ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങൾ അവൾ കരയുകയാണെന്ന് അവന് മനസ്സിലായി... """ആദീ...""" കിച്ചുവിൻറെ നേർത്ത സ്വരം കേട്ടു... എങ്കിലും മുഖം ഉയർത്തിയില്ല... തിരിഞ്ഞു കിടന്നവളെ അവൻ വലതുകൈയാൽ തോളിൽ പിടിച്ച് നേരെ കിടത്തി... ഒരു നിമിഷത്തേക്ക് ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു... അവളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ കണ്ട് അവന് നോവ് തോന്നി... """കിച്ചേട്ടാ...""" അടുത്ത നിമിഷം ഒരേങ്ങലടിയോടെ അവൻറെ നെഞ്ചിൽ വീണിരുന്നു അവൾ... ഇത്രയും നേരം അടക്കിപ്പിടിച്ച സങ്കടം അവൻറെ നെഞ്ചിൽ ഒരു പേമാരിയായി പെയ്തിറങ്ങി... അവൻ മെല്ലെ അവളുടെ നെറുകയിൽ തലോടി കൊടുത്തു... മൂർദ്ധാവിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു... ഹൃദയം കൊണ്ട് ഇരുവരും വാചാലരായി... എപ്പോഴോ ഉയർന്ന് താഴുന്ന അവളുടെ ഹൃദയമിടിപ്പ് ഒരു താളത്തിൽ തുടി കൊട്ടുന്നത് അവനറിഞ്ഞു... ഒരിക്കൽ കൂടി അവളുടെ നെറുകയിൽ അവൻറെ ചുണ്ടുകൾ മുദ്രണം തീർത്തു... അവളെ പൊതിഞ്ഞു പിടിച്ച് അവനും ഉറക്കത്തിലേക്ക് വഴുതി വീണു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

"""അമ്മയ്ക്കിപ്പോഴും തോന്നുന്നുണ്ടോ അമ്മ ചെയ്തത് ശരിയായിരുന്നെന്ന്...""" രേവതിയുടെ മടിയിൽ കിടക്കുമ്പോൾ ചന്ദ്രു തിരക്കി... തൊട്ടപ്പുറത്തായി ലച്ചുവും ഉണ്ട്... മുടിയിഴകളെ തഴുകിയിരുന്ന വിരലുകളുടെ ചലനം ഒന്ന് നിന്നു... """മോനേ...""" അവരുടെ സ്വരം ഇടറി... """ഞാൻ പറയുന്നതിന് മുന്നേ ആദിയ്ക്ക് കിച്ചൂനെ ഇഷ്ടായിരുന്നെന്ന് അമ്മയ്‌ക്ക് അറിയാരുന്നു... അല്ലേൽ പോട്ടേ ഞാൻ പറഞ്ഞപ്പോഴെങ്കിലും... എന്നിട്ടും അന്ന് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത് അവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടല്ലേ...?""" """അങ്ങനെയല്ല... ഞാൻ നിൻറെ നല്ലഭാവിയെക്കരുതി...""" """നല്ല ഭാവി... കൊള്ളാം... ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് അതാണല്ലോ... അമ്മയൊരാളുടെ വാശിപ്പുറത്ത് മാത്രം... അമ്മയ്‌ക്കെങ്കിലും അന്ന് തടയാരുന്നു.... എന്തിനാ എന്നെ...?""" അവന് വല്ലാതെ നോവനുണ്ടായിരുന്നു... അത് കൊണ്ട് എന്താണ് ചോദിക്കുന്നതെന്നോ പറയുന്നതെന്നോ ഉള്ള ബോധം പോലും ഒരു നിമിഷത്തേക്ക് നഷ്ടപ്പെട്ടു... """അമ്മ ചെയ്തത് തെറ്റായിരിക്കാം... ഇപ്പോൾ നീ ചെയ്തതോ...? നീയും അതന്നെയല്ലേ ചെയ്തേ...? സ്വന്തം മനസാക്ഷിയോടും ആ പെണ്ണിനോടും... നിന്നെയോർത്ത് അവളിപ്പോൾ നീറുന്നുണ്ടാവും... അവൾ സന്തോഷത്തോടെ ജീവിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?"""

അമ്മയുടെ ചോദ്യത്തിന് കുറച്ചു നേരത്തേക്ക് അവൻ മൗനമായിരുന്നു... ശരിയാണ് താൻ പലപ്പോഴായി ചിന്തിച്ചതാണ് ഈ വിഷയം... തന്നോട് ഇഷ്ടമല്ലെങ്കിൽ പോലും തൻ്റെ ജീവിതം നഷ്ടപ്പെട്ടെന്നുള്ള കുറ്റബോധത്തിന്റെ പേരിലെങ്കിലും അവൾ വേദനിക്കും... """എനിക്ക് കുറച്ചു സമയം താ അമ്മാ... ഞാൻ കാരണം ഒരിക്കലും അവൾക്ക് വേദനിയ്ക്കേണ്ടി വരില്ല... """ ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം അവൻ എഴുന്നേറ്റു... അത് കഴിഞ്ഞാണ് സോഫയിൽ ചാരി കിടക്കുന്ന ലച്ചുവിനെ ശ്രദ്ധിച്ചത്... തങ്ങൾ പറഞ്ഞതെല്ലാം അവൾ കേട്ടിട്ടുണ്ടോയെന്ന് പോലും സംശയമാണ്... മറ്റേതോ ലോകത്തെന്ന പോലെ... അവൻ വിളിച്ചതും അവനെ ഞെട്ടി നോക്കുന്നത് കണ്ടു... """നിനക്ക് ആദിയോട് ദേഷ്യമാണോ...?""" ഒരു മുഖവുരയുമില്ലാതെ അവൻ ചോദിച്ചു... """എന്തിന്...? ഞാൻ...""" ആ സ്വരം ചെറുതായി പതറുന്നുണ്ടായിരുന്നു... """ഇല്ലെന്നാണേൽ വേണ്ട... ഞാൻ കണ്ടിരുന്നു നിന്റെ ഒഴിഞ്ഞു മാറ്റം... പോരാൻ നേരം പോലും അവളോട് ഒരു വാക്ക് നീ മിണ്ടിയില്ല..."""

"""അങ്ങനെയല്ല ഏട്ടാ... ആദിക്ക് നമ്മളാരും ഇനി ആരുമല്ലെന്ന് ചിന്തിച്ചപ്പോൾ എന്തോ.പോലെ .. അല്ലാതെ...""" """നീ എന്നെക്കണ്ടിട്ടാണോടി അവളോട് കൂട്ടായേ...?""" അവൻറെ ചോദ്യത്തിൽ അവൾ തല വെട്ടിച്ചു... """അവളും എന്നെക്കണ്ടിട്ടല്ല നിന്നോട് കൂട്ടായേ... അതൊരു പാവമാടീ... എൻറെ ജീവിതം ഇല്ലാണ്ടായീന്നും പറഞ്ഞ് ആരും അതിനോട് ദേഷ്യം കാണിക്കേണ്ട...""" അത്രയും പറഞ്ഞ് അവൻ എഴുന്നേറ്റ് പോയി... ആ നിമിഷം തറഞ്ഞിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ ആദി എഴുന്നേറ്റ് ശ്രീയമ്മയുടെ അരികിൽ ചെന്നെങ്കിലും പഴയത് പോലെ മിണ്ടാനോ ആ വീടിൻറെ ഓരോ മൂലയിലും ഓടി നടക്കാനോ ഒന്നും അവളെ കൊണ്ട് കഴിഞ്ഞില്ല... ഒരു വല്ലാത്ത മാനസിക അവസ്ഥയിലൂടെയാണ് അവൾ കടന്നു പോയത്... അത് മനസ്സിലാക്കിയത് പോലെ ശ്രീദേവി അവളെ ചേർത്ത് പിടിച്ചു... ലച്ചു ഫോൺ എടുത്ത് ആദിയെ വിളിക്കാൻ തുടങ്ങിയെങ്കിലും ഒന്ന് മടിച്ചു... തലേന്ന് ഏട്ടൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് ഓടി വന്നപ്പോൾ വിളിച്ചു... """അച്ചൂസേ...""" മറുപുറത്ത് അവളുടെ സ്വരം കേട്ടപ്പോൾ ആദിയുടേം മനസ്സ് നിറഞ്ഞിരുന്നു... രണ്ട് പേരും എന്തൊക്കെയോ സംസാരിച്ചു... ലച്ചു വാക്കുകളിൽ കുറുമ്പ് കൊണ്ട് വരാൻ പരമാവധി ശ്രദ്ധിച്ചു ...

ഒടുവിൽ ഫോൺ വയ്ക്കുമ്പോൾ ഇരുവരുടെയും മനസ്സ് ഒരു പോലെ തണുത്തിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഒന്ന് രണ്ട് ദിവസം കൂടി കടന്ന് പോയി... രാവിലെ ഉണർന്ന കിച്ചു കാണുന്നത് നിലക്കണ്ണാടിയിൽ നോക്കി കൺനിറച്ചിരിക്കുന്ന ആദിയെ ആയിരുന്നു... കയ്യിൽ ഒരു സിന്ദൂരച്ചെപ്പുണ്ട്... അവൻ പതിയെ എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു... കയ്യിലെ ചെപ്പ് വാങ്ങി ആ സീമന്തരേഖ ചുവപ്പിക്കുമ്പോൾ മിഴികൾ ഒഴുകി തുടങ്ങിയിരുന്നു... ഒഴുകിയിറങ്ങിയ മിഴിനീർ ചുണ്ടാലെ അവൻ ഒപ്പി... ആ രണ്ട് മിഴികളിൽ അവൻറെ ചുണ്ടുകൾ പതിഞ്ഞു... അവളെ എഴുന്നേൽപ്പിച്ച് ബെഡിൽ കൊണ്ടിരുത്തി അവന് അഭിമുഖമായി ഇരുത്തി... തല കുനിച്ചിരിക്കുന്നവളുടെ താടി തുമ്പ് ചൂണ്ടു വിരൽ കൊണ്ടുയർത്തി... """കിഷോറിനെ ഇഷ്ടാരുന്നല്ലേ...""" അവളുടെ മിഴികൾ നിറഞ്ഞു വരുന്നത് കണ്ടു... """ആദിക്ക്... ആദിക്ക് എല്ലാരേയും ഇഷ്ടമാണല്ലോ...""" """അയാളുടെ ജീവിതം നീ കാരണം തകർന്നെന്ന തോന്നലാണോ...?""" അവൾ അല്ലെന്ന് തലയാട്ടി... അടുത്ത നിമിഷം ആണെന്നും...

ആ തോന്നൽ സ്വയം തോന്നുന്നുണ്ടെങ്കിലും കിച്ചു അത് മറച്ചു വച്ച് അവളെ ചേർത്ത് പിടിച്ചു... """നമുക്ക് ശരിയാക്കാടി...""" പറയുന്നതോടൊപ്പം ആ മുടിയിഴകളിൽ തലോടി കൊടുത്തു... എന്നിട്ടും എന്തൊക്കെയോ അവൾക്ക് പറയാനുണ്ടെന്ന് തോന്നി... """ലച്ചൂന്റെ ചേട്ടന് ഒരു ചേച്ചിയെ ഇഷ്ടാരുന്നു...""" """പാർവ്വതിയെ ആണോ നീ ഉദ്ദേശിച്ചെ...""" എടുത്തടിച്ചത് പോലെ മറുപടി പറയുന്നവനെ ഒരു ഞെട്ടലോടെയാണ് അവൾ നോക്കിയത്... കിച്ചേട്ടന് എങ്ങനെ...? മനസ്സിലെ ചോദ്യം വാക്കുകളായി പുറത്ത് വന്നിരുന്നു... """അറിയാം...""" അത്രമാത്രം പറഞ്ഞു... """ആ ചേച്ചിയെ കണ്ടിരുന്നെങ്കിൽ...""" """കണ്ടിട്ടും കാര്യമില്ല... ഒരു മാസം മുൻപ് അവളുടെ കല്യാണം കഴിഞ്ഞു...""" അവളുടെ മുഖത്ത് സങ്കടം തളം കെട്ടാൻ തുടങ്ങിയിരുന്നു... ഞെട്ടലും... രേവുമ്മ പറഞ്ഞത് ഒന്നൊഴിയാതെ അവനെ പറഞ്ഞു കേൾപ്പിച്ചു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവനൊന്ന് പുഞ്ചിരിച്ചതേയുള്ളൂ... പക്ഷേ ആ മുഖത്ത് തെളിഞ്ഞ ഭാവം എന്താണ്...? """മ്മ്ഹ്... അവൾ ചതിച്ചതാ... അതൊരിക്കലും ചന്ദ്രുവിനെയല്ല... സ്വയം അവളെത്തന്നെ...""" പറഞ്ഞു കൊണ്ട് അവൻ നെടുവീർപ്പിട്ടു........ (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story