കിച്ചന്റെ പെണ്ണ്: ഭാഗം 34

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

'മാതാ കെയർ & ചാരിറ്റബിൾ ട്രസ്റ്റ്...' ആ വലിയ കെട്ടിടത്തിന് മുന്നിൽ നേർത്തൊരിരമ്പലോടെ കാർ നിന്നു... കിച്ചു കാറിൻറെ ഡോർ തുറന്നിറങ്ങി സെക്യൂരിറ്റിക്ക് കീ കൈ മാറുന്നതും, ഇരുവരും ചിരിച്ച് സംസാരിക്കുന്നതും കാറിലിരുന്ന് തന്നെ ആദിയും ചന്ദ്രുവും കണ്ടു... അവന്റെ പെരുമാറ്റം കണ്ടിട്ട് ആദ്യായി ഇവിടെ വരുന്നത് പോലെ അല്ല ... പക്ഷേ ഇവിടെ...? എന്തിന്...? ഇന്നലെ വൈകിട്ട് നമുക്കൊരിടം വരെ പോകാമെന്ന് മാത്രം പറഞ്ഞു... എങ്ങോട്ടെന്നോ എന്തിനെന്നോ പറഞ്ഞില്ല... ചന്ദ്രുവിനോടും അതേ... പിടിച്ച പിടിയാലെ കൂട്ടി കൊണ്ട് വന്നതാണ്... നാട്ടിൽ നിന്ന് കുറച്ചു മാറി നിൽക്കാൻ അവൻ ആഗ്രഹിച്ചു എന്നത് സത്യം... പക്ഷേ ഇവരുടെ കൂടെ... സെക്യൂരിറ്റി അടുത്തേക്ക് വരുന്നത് കണ്ട് ഇരുവരും ഇറങ്ങി... ഇറങ്ങാൻ നേരം അവൻറെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... അത്ര മേൽ പ്രിയപ്പെട്ടതെന്തോ അരികിലുണ്ടെന്നൊരു തോന്നൽ... ഇടനെഞ്ചിൽ കൈത്തലം വച്ചവൻ ഇറങ്ങി... മിഴികൾ ചുറ്റിനും ആരെയോ പരതി... സെക്യൂരിറ്റിയുടെ ശബ്ദം കേട്ടാണ് അവൻ നോട്ടം പിൻവലിച്ചത്...

വളരെ അടുത്തറിയുന്നത് പോലെയുള്ള അയാളുടെ സംസാരത്തിൽ അവൻ ഒരു നിമിഷം കിച്ചുവിനെ നോക്കി... ആ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടോ...? അറിയില്ല... അവർ കാറിൽ നിന്നിറങ്ങിയതും കുറേ കുട്ടികൾ അരികിലേക്ക് വന്നു... എല്ലാവരുടെയും കയ്യിൽ നല്ല ചുവന്ന റോസാപ്പൂക്കൾ ഉണ്ട്... ഒരു കുട്ടി അത് ആദിക്ക് നേരെ നീട്ടി... കാര്യം മനസ്സിലാകാതെ അവൾ കിച്ചുവിനെ നോക്കുമ്പോൾ വാങ്ങാൻ കണ്ണ് കൊണ്ട് കാണിച്ചു... വിടർന്ന മിഴിയാലെ അവൾ അത് വാങ്ങി... പിന്നീടാണ് ആ കുട്ടികളെ ശ്രദ്ധിച്ചത്... കയ്യിൽ പൂവുണ്ടെന്നേ ഉള്ളൂ... എല്ലാവരും മറ്റേതോ ലോകത്തെന്ന പോലെ ... ചിലർ ആ പൂവും കയ്യിലിട്ട് ഞെരടുന്നുണ്ട്... വിരലുകൾ ചലിപ്പിച്ച് കളിക്കുന്നുണ്ട്... ചെവി പൊത്താൻ ശ്രമിക്കുന്നുണ്ട്... പലരിലും പല പല ഭാവങ്ങൾ... നിമിഷങ്ങൾക്കകം ഒരു മദർ വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു... അകത്ത് ഓഫിസ് റൂമിൽ ഇരിക്കുമ്പോൾ അവൾക്ക് ആകെയൊരു വീർപ്പ് മുട്ടൽ ആയിരുന്നു... വേറൊന്നുമല്ല അവിടെ എല്ലാവർക്കും തങ്ങളെ അറിയാം...

അത്രയും അടുത്തറിയുന്നത് പോലെയാണ് ഓരോരുത്തരുടെയും പെരുമാറ്റം... പക്ഷേ അവർക്ക് മാത്രം ആരെയും അറിയില്ല... """എന്താ കാർത്തിക്ക് ഇത്ര ലേറ്റ് ആയേ...?""" മറുപടി പറയാതെ ആദിയെ നോക്കിയതേയുള്ളൂ അവൻ... ചുണ്ടുകൾ കടിച്ചു പിടിച്ച് പൊട്ടി വന്ന ചിരി അടക്കിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്... ഏതാണ്ട് ചന്ദ്രുവിന്റെ മുഖത്തും അതേ ഭാവം... അത് കണ്ടതും ആദി ചുണ്ട് ചുളുക്കി... """ആ... നിങ്ങൾ ഫ്രഷായിട്ട് വാ... വിശേഷമൊക്കെ പിന്നെ പറയാം...""" സിസ്റ്ററുടെ കൂടെ അവരും നടന്നു... ആദിക്കും കിച്ചുവിനും ഒരു മുറിയും ചന്ദ്രുവിന് മറ്റൊരു മുറിയും തുറന്ന് കൊടുത്തു... കിച്ചു ചന്ദ്രുവിനെ ഫ്രഷാകാൻ പറഞ്ഞ് വിട്ട് മുറിയിൽ കയറി ഡോർ അടച്ച് തിരിയുമ്പോഴുണ്ട് കൊട്ട കണക്കിന് മുഖവും വീർപ്പിച്ച് എളിയിൽ കൈ കുത്തി നിൽപ്പുണ്ട് ആദി... """ശ്ശെടാ... എൻ്റെ പെണ്ണിൻറെ മുഖത്ത് കടന്നൽ കുത്തിയോ...?""" കിച്ചു അരികിൽ ചെന്ന് ആദിയുടെ കവിളിൽ പിടിച്ചു വലിച്ചു... വീർത്ത കവിൾ ഒന്നൂടെ വീർത്തു വന്നു... """എന്താ എൻ്റെ പെണ്ണിൻറെ പ്രശ്‌നം..? മ്മ്ഹ്...?""" """എന്താ കിച്ചേട്ടാ ഇതൊക്കെ...? ആരാ ഇവർ...? എന്തിനാ നമ്മൾ ഇവിടെ വന്നേ...?"""

"""നിർത്തി നിർത്തി ചോദിക്ക് പെണ്ണേ ...? എല്ലാത്തിനുമുള്ള ഉത്തരം ഞാൻ തരാം... ഇപ്പോഴല്ല... വെയിറ്റ് ചെയ്...""" """ലച്ചൂന്റെ ചേട്ടൻ...""" പറയുന്നതോടൊപ്പം അവളുടെ മിഴികളും നിറഞ്ഞു വന്നു... അവൻ അവിടെ കിടന്ന കസേരയിലിരുന്ന് അവളെ പിടിച്ച് മടിയിലിരുത്തി... """ആദീ നിന്നോട് ഞാൻ പല കുറി പറഞ്ഞു അവൻറെ മുന്നിൽ കരഞ്ഞു നിൽക്കരുതെന്ന്... അത് അയാളുടെ വേദന കൂട്ടുകയേ ഉള്ളൂ...""" കിച്ചു പറഞ്ഞു കൊണ്ട് അവളെ നോക്കിയതും അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നതേയുള്ളൂ... ശരിയാണ് വരാൻ നേരം കിച്ചേട്ടൻ എടുത്ത് പറഞ്ഞിരുന്നു ലച്ചൂന്റെ ചേട്ടന്റെ മുന്നിൽ കണ്ണ് നിറച്ചു നിൽക്കരുതെന്ന്... കാറിൽ ചാരി കണ്ണടച്ചിരിക്കുന്ന മനുഷ്യനോട് വാ തോരാതെ എന്തൊക്കെയോ കിച്ചേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു... ചോദിക്കുന്നതിനെല്ലാം ഒന്നോ രണ്ടോ വാക്കിൽ മറുപടി കൊടുക്കും... തനിക്ക് ഒന്നും പറയാനില്ലെങ്കിലും നോക്കുമ്പോൾ ഒന്ന് ചിരിച്ചെന്ന് വരുത്തും... ഉള്ളിൽ കുറ്റബോധവും ഇട്ട് കൊണ്ട് എങ്ങനെ ചിരിച്ചു സംസാരിക്കും...? എങ്ങനെ മനസ്സറിഞ്ഞു മിണ്ടും...?

"""ആദീ... അറിഞ്ഞോ അറിയാതെയോ കുറേ ജീവിതങ്ങൾ എരിയുന്നുണ്ട്... ഇന്ന് കൊണ്ട് അതിന് പരിഹാരമാകോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷേ കിഷോർ... അവൻ എല്ലാം അറിയണം... എല്ലാം...""" ഉറച്ച വാക്കുകളായിരുന്നു അത്... കിച്ചേട്ടൻ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി... അവളിൽ നിന്ന് അടർന്ന് മാറി അവളുടെ തലയിലൊന്ന് തഴുകി കൊണ്ട് അവൻ ഫ്രഷാവാൻ കയറി... അപ്പോഴും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ മനസ്സിലിട്ട് അവൾ അതേ ഇരിപ്പ് തുടർന്നു... റൂമിലിരിക്കുമ്പോൾ ചന്ദ്രുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... എന്തിന് ഇവിടെ വന്നു...? എന്തിന് തന്നെയും ഒപ്പം കൂട്ടി...? വരാതിരിക്കാൻ ആവതും ശ്രമിച്ചതാണ്... എന്നിട്ടും കിച്ചുവിന്റെ നിർബന്ധത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നു... ഡോറിൽ തട്ട് കേൾക്കുന്ന ശബ്ദം കേട്ട് അവൻ എഴുന്നേറ്റു... കിച്ചുവാണ്... """വാടോ... പുറത്തൊക്കെ നടന്നിട്ട് വരാം...""" അവനെയും കൊണ്ട് അവർ പുറത്തിറങ്ങി... ആരോടൊക്കെയോ കിച്ചു ചിരിച്ച് സംസാരിക്കുന്നത് കണ്ടു... തങ്ങൾക്കും കിട്ടി പുഞ്ചിരി.. പുറം കാഴ്ചകളിൽ കണ്ണോടിക്കുമ്പോഴും കുറെയേറെ ചോദ്യങ്ങൾ മനസ്സിൽ പുകയുന്നുണ്ടായിരുന്നു... """ഞാൻ എന്തിന് ഇവിടെ വന്നെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ...?"""

അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം കിച്ചു പറഞ്ഞു തുടങ്ങി... """ഞാൻ ഇവിടെ മിക്കപ്പോഴും വരാറുണ്ട്... എന്തിനാണ് വരുന്നതെന്ന് ചോദിച്ചാൽ അതൊന്നും അറിയില്ല കേട്ടോ... ഒരിഷ്ടം... നേരത്തെയൊക്കെ വീട്ടിൽ പറയാതെ ബാഗ്ലൂർ സിറ്റിയിൽ വരും... ഫ്രണ്ട്സുമൊത്ത് അടിച്ചു പൊളിക്കും... റൈഡിന് പോകും... ഒരിക്കൽ യാദൃശ്ചികമായി വന്നതാണ് ഇവിടെ... എൻറെ ഫ്രണ്ട് ഹിരൺ ഇവിടുത്തെ സൈക്കാട്രിസ്റ് ആണ്... ഒരിക്കൽ അവൻറെ കൂടെ ഇവിടെ വന്നു... ഒരു ദിവസം താമസിക്കേണ്ടിയും വന്നു... എനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം... അതിലുപരി ഇവിടുത്തെ കുട്ടികൾ... കണ്ടില്ലാരുന്നോ നിങ്ങൾ വന്നപ്പോൾ...? ആദ്യമൊക്കെ എനിക്ക് അവരോട് മിണ്ടാൻ എന്തോ പോലെയായിരുന്നു... അതൊക്കെ മാറ്റിയത് ഹിരണാട്ടോ... പിന്നെ ഇവിടുത്തെ അന്തരീക്ഷം... എത്ര വിഷമമുണ്ടെങ്കിലും ഒന്ന് കറങ്ങി നടന്നാൽ എല്ലാം ശരിയാകും... ശ്രീമംഗലം ഗ്രൂപ്പിന് സ്വന്തമായി ട്രസ്റ്റ് ഒക്കെയുണ്ട്... എന്നാലും മ്മടെ കമ്പനിയുടെ 10 % ഷെയർ ഇവിടുത്തേക്കാ... ഈ കുട്ടികൾക്ക് വേണ്ടി... ഇവിടെ ചികിൽസിക്കാൻ വരുന്നവർ മാത്രമല്ല ഇങ്ങനൊരു അസുഖമാണെന്ന് അറിഞ്ഞതിൽ പിന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ കുട്ടികളും ഇവിടെ ഉണ്ട്... അത് പോലെ സൈക്കാട്രി വാർഡിലും...

ഇവിടെ ആർക്കും വലിപ്പച്ചെറുപ്പം ഒന്നുമില്ല... എല്ലാവരും ഒരുപോലെ... പുറമെയുള്ളവരെ ഒന്നും അകമേ പ്രവേശിപ്പിക്കാറില്ല... ചികിത്സയ്ക്ക് വരുന്നവരുടെ കൂടെ ആരെയും നിർത്താറും ഇല്ല... ഓഫിസ് കഴിഞ്ഞാൽ അകമേ മൊബൈൽ എല്ലാം ബാൻ ചെയ്തിട്ടുണ്ട്...""" കിച്ചു പറഞ്ഞ് നിർത്തി... കുറച്ചൊക്കെ മനസ്സിലായെങ്കിലും ചിലതൊക്കെ മനസ്സിൽ കരടായി കിടക്കുന്നുണ്ടായിരുന്നു... ആദി ആലോചിക്കുകയായിരുന്നു സ്വന്തമായി വാഹനം ഓടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഉള്ള കിച്ചേട്ടന്റെ കറക്കം... ആരോടും പറയാതെ ഒരുപോക്കാണ്... വീട്ടിലുള്ളവർ എല്ലാം തീ തിന്നും... ആദ്യത്തെ തവണ ശ്രീയച്ചൻ നല്ല പെട വച്ച് കൊടുത്തു... പിന്നെ പിന്നെ ഇതാവർത്തിച്ചപ്പോൾ ശ്രീയച്ചനും മടുത്തു... അടിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.... പട്ടീടെ വാല് പന്തീരാണ്ട് കാലം കുഴലിട്ടാലും നേരെയാകില്ലെന്ന് പറയും പോലാ കിച്ചേട്ടന്റെ കാര്യം...സ്വന്തമായി കമ്പനി ഏറ്റെടുത്തതിന് ശേഷം പിന്നെ പറയുകയും വേണ്ടാ... നേരത്തെ മൂന്നും നാലും ദിവസമേ മാറി നിൽക്കുള്ളുവെങ്കിൽ രണ്ടും മൂന്നും ആഴ്ചകൾ ഒക്കെയായി മാറി നിൽക്കുന്നേ... എല്ലാം കഴിഞ്ഞ് വരുമ്പോൾ താൻ മിണ്ടാതെ നിൽക്കും... പിണങ്ങി നടക്കും... പക്ഷേ കിച്ചേട്ടൻ മൈൻഡ് ചെയ്യില്ല...

അല്ലേലും കിച്ചേട്ടനറിയാം ഒരുപാട് നേരമൊന്നും ആദിക്ക് മിണ്ടാതിരിക്കാൻ കഴിയില്ലെന്ന്... ആ ഓർമ്മകളിൽ ആദി പുഞ്ചിരിച്ചു... ഒപ്പം തറവാട്ടിൽ വച്ച് ശ്രീയമ്മ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങിയതും ആ പുഞ്ചിരി പതിയെ മാഞ്ഞു... അന്ന് കിച്ചേട്ടൻ ഇവിടെ വന്നിട്ടാ അല്ലാരുന്നേൽ എല്ലാരും ഇങ്ങനെ ഒരുപോലെ വിഷമിക്കില്ലായിരുന്നു... അവൾ ഓർത്തു... കിച്ചു അവരെ അവിടെയെല്ലാം ചുറ്റിക്കാണിച്ചു... അവൻ പറഞ്ഞതിനെ ശരി വയ്ക്കും പോലെയായിരുന്നു അവിടുത്തെ അന്തരീക്ഷം... അത്രയും മനോഹരമായ സ്ഥലം... ആ ഹോസ്പിറ്റലിന്റെ മെയിൻ എൻട്രൻസ് കഴിഞ്ഞാൽ ചുറ്റും കുഞ്ഞു കെട്ടിടങ്ങളാണ്... അകത്തോട്ട് നടക്കാൻ ചെറിയ ടാറിട്ട റോഡുകളുണ്ട്... എങ്ങും പച്ചപ്പ്... മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കളുള്ള പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ പടർന്ന് പന്തലിച്ചു നിൽപ്പുണ്ട്... നടപ്പാതയിലെല്ലാം ആ പൂക്കൾ കൊഴിഞ്ഞ് കിടപ്പുണ്ട്... അങ്ങേയറ്റം നടന്ന് ചെല്ലുന്നിടം ഏതോ നദിയാണ്... അവിടെ ഇരിക്കാനായി പ്രേത്യേകം ഇരിപ്പിടങ്ങൾ ഉണ്ട്... കിച്ചു അവിടെയെല്ലാം അവരെ കാണിച്ചു... ഇടയിലെപ്പോഴോ ഒരു ദിശയിലേക്ക് അവൻ കൈ ചൂണ്ടി കാണിച്ച് സൈക്കാട്രി വാർഡാണെന്ന് പറഞ്ഞു... അത് കണ്ടപ്പോൾ ആദിക്ക് അങ്ങോട്ട് പോകണമെന്ന് നിർബന്ധം...

അങ്ങോട്ട് കയറ്റി വിടില്ലെന്നും പേടിക്കുമെന്നും ആവതും പറഞ്ഞിട്ടും ആദി കേട്ടില്ല... ഒടുവിൽ നിർബന്ധം സഹിക്ക വയ്യാതെ കൂട്ടിക്കൊണ്ട് പോകേണ്ടി വന്നു... സെക്യൂരിറ്റിയോട് പറഞ്ഞ് അകത്തേക്ക് കയറിയതും ആദിയുടെ കൈകൾ പതിയെ കിച്ചുവിന്റെ കൈകളെ പിടുത്തമിട്ടു... വാർഡിൽ ബെഡിൽ കുറേപേർ കിടപ്പുണ്ട്... പലരിലും പലവിധ ഭാവങ്ങൾ... ചിലർ കിടക്കുന്നു... ചിലർ മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുന്നു... ചിലർ മൂളുകയും എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്... ചിലർ എഴുന്നേറ്റ് നടക്കുന്നു... ആദി ഒന്ന് കൂടി കിച്ചുവിന്റെ കൈ മുറുകെ പിടിച്ചു... ഇടയ്ക്ക് അവരുടെ നോട്ടം അങ്ങേയറ്റം കിടക്കുന്ന ഒരു പെൺകുട്ടിയിലേക്ക് നീണ്ടു... ജനലഴികളിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്ന പെൺകുട്ടി... തലയിലും വലതു കൈത്തണ്ടയിലും വെള്ളത്തുണി കൊണ്ട് കെട്ടി വച്ചിട്ടുണ്ട്... """ആ കുട്ടിക്ക് എന്ത് പറ്റിയതാ...""" ചോദിക്കാതിരിക്കാൻ ചന്ദ്രുവിന് കഴിഞ്ഞില്ല... """മ്മ്ഹ്... അവിടെയും സ്നേഹമാണ് വിഷയം...""" ഏതോ ഓർമ്മയിൽ അവൻ പറഞ്ഞു... """താൻ വാ..."""

അതും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നതും പെട്ടെന്ന് മുന്നിൽ പർദ്ദയിട്ട ഒരു സ്ത്രീ വന്ന് നിന്നു... """അയ്യോ എനിക്ക് ചൂട് എടുക്കുന്നു... ദേഹം പൊള്ളുന്നു...""" അവർ അലറി... കിച്ചുവിന്റെ ദേഹത്തെ ആദിയുടെ കൈകളുടെ പിടുത്തം മുറുകി... അടുത്ത നിമിഷം ആ സ്ത്രീയോടി ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നതു കണ്ടു... ആദി ഒന്ന് ദീർഘശ്വാസം എടുത്തു... അപ്പോഴേക്കും വീണ്ടും അവർ ഓടി ആദിയുടെ അരികിൽ വന്നു... അവൾ വെട്ടി വിറച്ചു... """അയ്യോ... തണുപ്പ്... എനിക്ക് പൊള്ളുന്നു...""" അവർ വീണ്ടും ബെഡിലേക്കോടി... അപ്പോഴേക്കും ആദി കിച്ചുവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു... """നമുക്ക് പോവാം കിച്ചേട്ടാ... വാ പോവാം...""" അവൾ വിതുമ്പി... കിച്ചു അവളെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് പുറത്ത് ഇറങ്ങി... പിന്നിലായി ചന്ദ്രുവും... നെഞ്ചിൽ പതുങ്ങി കൂടി വിതുമ്പുന്ന പെണ്ണിനെ കാൺകെ രണ്ട് പേർക്കും ചിരിക്കണോ അതോ കരയണോ എന്നറിയാൻ മേലാരുന്നു... എന്തൊക്കെയായിരുന്നു വീരവാദങ്ങൾ..,

അങ്ങനെയും ഇങ്ങനെയും ഒന്നും ആദി പേടിക്കില്ല... വട്ടന്മാരെ തൻറെ ചൂണ്ട് വിരൽ കൊണ്ട് നിലയ്ക് നിർത്തും... കുറച്ചു മുന്നേയുള്ള ആദി പറഞ്ഞത് ഓർക്കെ രണ്ടു പേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി... ആദി മുഖം ഉയർത്തി ഇരുവരെയും നോക്കി ചുണ്ട് പിളർത്തി... അപ്പോഴും ചിരി നിന്നിട്ടില്ല... സഹികെട്ട് കിച്ചുവിന്റെ കാലിൽ ആഞ്ഞ് ചവിട്ടി ചവിട്ടി തുള്ളി നടക്കാൻ തുടങ്ങി... അവൾക്ക് പിന്നാലെ നടക്കുമ്പോഴാണ് എതിരെ വരുന്ന രണ്ട് പേരെ കണ്ണിലുടക്കിയത്... ഒരു ആണും പെണ്ണും... ആണിന്റെ കഴുത്തിൽ സ്റ്റെത് കിടപ്പുണ്ട്...അവിടുത്തെ ഡോക്ടർ ആണെന്ന് മനസ്സിലായി... ആ പെൺകുട്ടി... അവളുടെമുഖത്തേക്ക് നോക്കിയതും ഒരു നിമിഷം ചന്ദ്രുവിന്റെ കാൽ നിശ്ചലമായി... 'പാർവ്വതി............'........ (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story