കിച്ചന്റെ പെണ്ണ്: ഭാഗം 35

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

'പാർവ്വതി....' അവൻറെ ചുണ്ടുകൾ മൊഴിഞ്ഞു... ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ആദിയും... ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിലും ആ മുഖം മനസ്സിൽ പതിഞ്ഞിരുന്നു... 'ചേച്ചിയെന്താ ഇവിടെ....? അവളുടെ കണ്ണുകൾ സംശയത്തോടെ കിച്ചുവിന് നേരെ നീണ്ടു... അതറിഞ്ഞെങ്കിലും അവനവളെ നോക്കിയില്ല... അപ്പോഴേക്കും അവർ രണ്ട് പേരും അടുത്ത് എത്തിയിരുന്നു... ചന്ദ്രുവിനെ അവിടെ കണ്ടതും ഒരു ഞെട്ടലോടെ അവൾ നോക്കുന്നത് കണ്ടു... """എന്താടാ ലേറ്റ് ആയേ...?""" ആ ചെറുപ്പക്കാരൻ കിച്ചുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു... """ഒന്നും പറയണ്ടെടാ... ഒരുത്തി കാറിൽ കയറിയത് മുതൽ വാള് വയ്ക്കാൻ തുടങ്ങിയതാ... കണ്ട പുഴയിലും തോട്ടിലും എല്ലാം നിർത്തി ഒരുവിധത്തിലാ ഇവിടം വരെ വന്നത്...""" കിച്ചു ആദിയെ കളിയാക്കി... മുമ്പത്തേത് പോലെ ചിരിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഇരുവരും... ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞു പൊന്തി... """എന്താണ് ആദി കുട്ടീ ഒരു മൈൻഡ് ഇല്ലാത്തത്...?""" ആ ചെറുപ്പക്കാരൻ ആദിക്ക് നേരെ തിരിഞ്ഞു...

"""അയ്യോടാ അവൾ കണ്ടിട്ട് വേണ്ടേ നിന്നെ മൈൻഡ് ചെയ്യാൻ...? എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്...""" """അതും ശരിയാ...""" അയാൾ ചമ്മലോടെ അവളെ നോക്കി... """എനിവേ ഐ ആം ഹരി... കിച്ചുവിന്റെ ഫ്രണ്ട് ആണ്... ഷി ഈസ് മൈ വൈഫ്... പാർവ്വതി ...""" പാർവ്വതിയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... ശരിക്കും ആ വാക്കുകൾ കാത് തുളച്ചു കയറുന്നത് പോലെയാണ് ചന്ദ്രുവിന് തോന്നിയത്... ഒരായിരം സംശയങ്ങളും നെഞ്ചിൽ പേറി അവൻ പാർവ്വതിയെ നോക്കി... എന്തോ അവനെ നേരിടാൻ അവൾക്ക് കഴിഞ്ഞില്ല... തല താഴ്ത്തി നിന്നവൾ... """മക്കൾസ് ... എനിക്കിപ്പോൾ റൗണ്ട്സ് ഉണ്ട്... കഴിഞ്ഞിട്ട് കാണാമേ...""" അവൻ പാർവ്വതിയുടെ നേരെ തിരിഞ്ഞു... """ഡാ... ഇവിടെ നിൽക്കുവല്ലേ...""" അവൾ വെറുതെയൊന്ന് തലയാട്ടി കൊടുത്തു... അവൻ പോയതും ഭ്രാന്തമായ ഒരു തരം നിശബ്ദത അവിടം തളം കെട്ടി... ഓർമ്മകൾ ചന്ദ്രുവിനെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു ... കണ്ടതും കേട്ടതും ഒന്നും സത്യമല്ലെങ്കിൽ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും...???? അറിയില്ല... എല്ലാത്തിനും ഉത്തരം മുന്നിൽ നിൽക്കുന്നവളാണ്... മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവളുടെ കഴുത്തിൽ താലി കണ്ടിട്ടില്ല... സിന്ദൂര രേഖ ചുവന്ന് കണ്ടിട്ടില്ല.... അന്നത് കാര്യമാക്കിയില്ല...

പക്ഷേ ഇപ്പോൾ... ഇവളും തന്നെ കബളിപ്പിക്കുകയാണോ...??? ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ... ചന്ദ്രു പാർവ്വതിയെ നോക്കി... അടുത്ത നിമിഷം കിച്ചുവിനെയും... അവന് എല്ലാം അറിയാമെന്ന് ആ കണ്ണുകൾ പറയുന്നുണ്ട് ... പക്ഷേ ഒരിറ്റ് ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും പുറത്ത് വരുന്നില്ല... ഒച്ചിഴയുന്നത് പോലെ സമയം നീങ്ങി... ഇടയിൽ പാർവ്വതി മുഖമുയർത്തി അവനെ നോക്കി... എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ട് നടന്നു... അടുത്ത നിമിഷം അവൻറെ കാലിൽ വീണിരുന്നു അവൾ... മിഴിനീർ കണങ്ങൾ കാലിൽ പതിഞ്ഞതും അവൻ ഞെട്ടിക്കൊണ്ട് പിറകോട്ട് മാറി... """എന്നോട് ക്ഷമിക്കണം... എല്ലാത്തിനും...""" അത്ര മാത്രം... അത്ര മാത്രം പറഞ്ഞവൾ... വാപൊത്തിക്കരഞ്ഞ് തിരികെയോടി... അപ്പോഴും അവിടെ നടക്കുന്നതെന്തെന്ന് മാത്രം അവന് മനസ്സിലായില്ല... ചതി.... പക്ഷേ എന്തിന്...? ഹരിയാണ് അവളുടെ ഭർത്താവ് എങ്കിൽ അന്ന് കണ്ടവനോ...? ഇതിന്റെയെല്ലാം അർത്ഥം എന്ത്...? സമ്മിശ്രഭാവങ്ങൾ അവൻറെ മുഖത്ത് കലർന്നു... """ചന്ദ്രൂ... വായോ... എനിക്ക് കുറച്ച് സംസാരിക്കണം..."""

കിച്ചു അവൻറെ തോളിൽ തട്ടി... അവന് പിന്നിൽ യാന്ത്രികമായി നടക്കുമ്പോൾ പലപ്പോഴും കാലുകൾ വേച്ച് താഴെ വീഴാൻ പോവുന്നുണ്ടായിരുന്നു... നദിക്കരയിൽ ആ സ്റ്റോൺ ബെഞ്ചിൽ അവർ ഇരുന്നു... എങ്ങനെ തുടങ്ങണമെന്നറിയില്ല... പക്ഷേ പറയണം... കിച്ചു ആദിയെ നോക്കി കണ്ണ് കാട്ടി... അറിയാവുന്നതെല്ലാം പറയാൻ അവൾക്ക് മൗനാനുവാദം കൊടുത്തു... സത്യം അറിയുമ്പോൾ ലച്ചൂന്റെ ചേട്ടൻ വേദനിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു... അത് കൊണ്ട് തന്നെ അവന്റെ മുഖത്ത് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല... എങ്ങോട്ടോ നോക്കി അവൾ പറഞ്ഞു തുടങ്ങി... തറവാട്ടിൽ വച്ച് രേഷ്മ ചേച്ചി പറഞ്ഞത്... രേവുമ്മ പറഞ്ഞത്... ഹോസ്പിറ്റലിൽ വച്ച് അവളെ കണ്ടത്... അവന് മുന്നിൽ നാടകം കെട്ടിയാടിയത്... ലച്ചുവിനെ വച്ച് ഭീഷണിപ്പെടുത്തിയത്... അങ്ങനെയെല്ലാം... എല്ലാം കേട്ട് കഴിഞ്ഞ് ആ മുഖത്ത് തെളിഞ്ഞ ഭാവം എന്താണ്...? അറിയില്ല... കുറേ നേരം ആ ബെഞ്ചിൽ ചാരി കണ്ണുകൾ അടച്ചിരുന്നു... """സാരല്ലടോ... ഇതിൽ ഇപ്പോൾ ഞാൻ ആരെയാ തെറ്റ് പറയാ...? ഇതിങ്ങനെയങ്ങ് പോട്ടേ... എന്തായാലും പാർവ്വതിക്ക് ഒരു നല്ല ലൈഫ് കിട്ടിയല്ലോ... അത് മതി...""" ചന്ദ്രു അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു... എല്ലാവരാലും തകർപ്പെട്ട ഒരുവന്റെ പുഞ്ചിരി..

. """ചന്ദ്രൂ... ഒരു നിമിഷം... ഞാൻ പറഞ്ഞു തീർന്നില്ല...""" കിച്ചു വിളിച്ചു... ചന്ദ്രു അവനെ മുഖം ചുളിച്ചു നോക്കുന്നത് കണ്ടു... """പാർവ്വതി... പാർവ്വതി പറഞ്ഞതെല്ലാം കള്ളമാണ്...""" """എന്താ...?""" """സത്യം... അവൾ നിന്റമ്മയോട് പറഞ്ഞത് മുഴുവൻ കള്ളമാണ്... അത് പക്ഷേ ഒരിക്കലും നിന്നെ ചതിക്കാനായിരുന്നില്ല...""" കിച്ചു പറഞ്ഞത് മനസ്സിലാകാതെ ഞെട്ടി തരിച്ചു ഇരിക്കുകയായിരുന്നു ആദിയും ചന്ദ്രുവും... """അന്ന് നിൻറെ അമ്മ അവളെ എല്ലാവരുടെയും മുന്നിൽ വച്ച് വഴക്ക് പറഞ്ഞത് ഓർക്കുന്നുണ്ടോ നീ... കേട്ടാൽ അറപ്പ് തോന്നുന്ന വാക്കുകൾ പറഞ്ഞ ആ ദിവസം... പാർവ്വതി അന്ന് വീട്ടിലെത്തും മുന്നേ അവളുടെ അമ്മ എല്ലാം അറിഞ്ഞിരുന്നു... അവിടെ കണ്ട് കൂടി നിന്നവർ അവരോട് വന്ന് പറഞ്ഞു... അവർക്കത് സഹിക്കാൻ കഴിഞ്ഞില്ല... പാർവ്വതി വന്ന് അവളോട് കാര്യം തിരക്കുമ്പോഴേക്കും അവർ തളർന്ന് വീണു... ശ്വാസം കിട്ടാതെ പിടയുന്ന അമ്മയെയും കൊണ്ട് എന്ത് വേണമെന്ന് അവൾക്ക് അറിയില്ലായിരുന്നു... അയല്പക്കത്തെ വീട്ടിലേക്ക് പോകാൻ തുനിഞ്ഞ അവളെ അവർ തടഞ്ഞു... അവർ പറഞ്ഞാണ് അവൾ സരോഷിനെ (അവരെ അന്ന് കാറിൽ കൊണ്ട് പോയ പയ്യൻ...) വിളിച്ചത്... അന്ന് ആരുമറിയാതെ അവരെയും കൊണ്ട് അവൻ ഹോസ്പിറ്റലിൽ പോയി...

ഹോസ്പിറ്റലിൽ എത്തി സ്കാനിങ്ങും മറ്റും കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് അമ്മയ്ക്ക് ലങ് കാൻസർ ആണെന്ന്... ഒരു പക്ഷേ അവർക്ക് അതറിയാമായിരുന്നിരിക്കണം... മക്കളെയോർത്ത് ആരോടും പറഞ്ഞില്ല... അവരുടെ കണ്ടിഷൻ കുറച്ച് ക്രിട്ടിക്കൽ ആയത് കൊണ്ട് അവരെ ആർ സി സി യിൽ അഡ്മിറ്റ് ചെയ്തു ... അതോടെ അവൾ ആകെ തകർന്ന് പോയിരുന്നു... ഒരു വശത്ത് അവളുടെ അമ്മ... അവർ കൂടി നഷ്ടപ്പെട്ടാൽ... മറുവശത്ത് വയ്യാത്ത അവളുടെ അനിയൻ... അവനെയും കൊണ്ട് അവിടെ നിൽക്കാൻ പറ്റില്ല... ആദ്യമൊക്കെ അവനെ നോക്കിയതും ചിലവുകൾ നടത്തിയതും സരോഷ് ആയിരുന്നു... പക്ഷേ സ്വന്തം കുടുംബത്തിൽ തന്നെ ആവശ്യത്തിലധികം പ്രാരാബ്ധം ഉള്ള അവൻ അവരെ എത്രയെന്നും പറഞ്ഞാണ് നോക്കുന്നത്...? ജീവിതം വഴി മുട്ടിയെന്ന് തോന്നി... ആ അവസ്ഥയിൽ അവളുടെ മുന്നിൽ ദൈവത്തിന്റെ മാലാഖ പ്രത്യക്ഷപ്പെട്ടു... അവർ പറഞ്ഞാണ് കൊച്ചൂട്ടനെ (പാർവ്വതിയുടെ അനിയൻ) ഇവിടേക്ക് മാറ്റുന്നത്... ബോധം തെളിഞ്ഞ അവളുടെ അമ്മ അവളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ... നിന്നെ മറക്കണമെന്ന്...""" കിച്ചു പറഞ്ഞു നിർത്തിയതും ഒരു ഞെട്ടലോടെ അവനെ നോക്കുന്നത് കണ്ടു... """അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ലെടാ...

അവരുടെ അച്ഛൻ ഉപേക്ഷിച്ചു പോയിട്ട് പോലും ആ രണ്ട് മക്കളെയും കൊണ്ട് ആ അമ്മ അന്തസ്സായിട്ടാണ് ജീവിച്ചത്... അവർ ഇനി ചെയ്യാത്തതായിട്ട് ഒരു തൊഴിലും ബാക്കിയില്ല... എന്നിട്ടും ഒരിക്കൽ പോലും ആരുടെയും മുന്നിൽ അവർ കൈ നീട്ടിയിട്ടില്ല... അവളും അതേ... പഠനത്തിനിടയിൽ പോലും സ്വന്തമായി അധ്വാനിച്ച് ജീവിച്ചവളാണ് അവൾ... അങ്ങനെയുള്ള അവരെയാണ് നിന്റെ അമ്മ...""" പോയ ഓർമ്മകളിൽ ചന്ദ്രുവിന്റെ തല അറിയാതെ താഴ്ന്നു... """അവർക്ക് മാനം വിറ്റ് ജീവിക്കണമെങ്കിലോ മറ്റുള്ളവരെ വലവീശി പിടിക്കണമെങ്കിലോ എന്നേ ആകാമായിരുന്നു... നിങ്ങൾ അവളുടെ പഠനത്തിനുള്ള ചിലവ് ഏറ്റെടുത്തപ്പോൾ ആ അമ്മ ഒരുപാട് സന്തോഷിച്ചു... അങ്ങനെയെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെയെന്ന് അവർ കരുതി... പക്ഷേ പാല് കൊടുത്ത കൈക്ക് കൊത്തുന്നവളായി ചിത്രീകരിച്ചില്ലേ അവളെ നിൻറെ അമ്മ... അതും അത്രയും പേരുടെ മുന്നിൽ വച്ച്... അവർക്ക് ആകെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് കുറച്ച് ആത്മാഭിമാനമാണ്... അത് ചോദ്യം ചെയ്തപ്പോൾ മകളുടെ വേദന അവർ കണ്ടില്ലെന്ന് നടിച്ചു... അമ്മയുടെ വാക്കുകളിൽ പാർവ്വതി ആകെ തകർന്ന് പോയിരുന്നു... ഒരു വശത്ത് തന്റെ പെറ്റമ്മ... മറു വശത്ത് താൻ പ്രാണനെ പോലെ സ്നേഹിച്ചവൻ...

ഓരോ നിമിഷവും അവൾ ഉരുകി ഉരുകി ജീവിച്ചു... അന്ന് വിചാരിക്കാത്ത സമയത്താണ് നിൻറെ അമ്മ ഹോസ്പിറ്റലിൽ ചെന്നത്... അവളോട് പറഞ്ഞു പോയതിനെല്ലാം മാപ്പ് ചോദിച്ചു... മകന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിച്ചു... ഒത്തിരി സന്തോഷം തോന്നേണ്ട വാക്കുകൾ ഒരു തരം നിസ്സംഗതയോടെയാണ് അവൾ കേട്ടത്... അമ്മയ്ക്ക് കൊടുത്ത സത്യം കണ്മുന്നിൽ തെളിയുന്നുണ്ട്... ഒരു മറുപടി കൊടുക്കാൻ കഴിയാതെ അവളുഴറി... ആ നിമിഷം വായിൽ വന്ന കള്ളമാണ് അവൾക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന്... വേറെന്ത് പറഞ്ഞാലും നീയവളെ സ്വീകരിക്കുമെന്ന് അവൾക് ഉറപ്പായിരുന്നു... ഇതറിഞ്ഞാൽ പോലും... അതാണ് നിന്റെ അമ്മയോട് അങ്ങനെയൊരു കള്ളം പറഞ്ഞത്... എത്രയൊക്കെ പറഞ്ഞാലും സ്വന്തം മോന്റെ ചോരയിലൊരു കുഞ്ഞ്... അത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നം അല്ലേ... അവളുദ്ദേശിച്ചത് പോലെ തന്നെ നടന്നു... എത്രയും പെട്ടെന്ന് നിന്റെ വിവാഹം നടത്താനുള്ള തത്രപ്പാടിലായിരുന്നു അവർ... അവളും പറ്റുന്ന രീതിയിൽ അഭിനയിച്ചു തകർത്തു...""" കിച്ചു പറഞ്ഞ് നിർത്തി... ചന്ദ്രുവിനെ നോക്കുമ്പോൾ അവൻ മുഖം കുനിച്ച് ഇരിക്കുന്നത് കണ്ടു... """മൂന്ന് മാസം തികയും മുന്നേ അവളുടെ അമ്മ മരിച്ചു... ചെന്ന് കയറിച്ചെല്ലാൻ അവൾക്ക് ഒരു ഇടമില്ലായിരുന്നു...

അപ്പോഴും അവൾക്ക് വഴി കാട്ടിയായി നിന്നത് ആ സിസ്റ്റർ ആയിരുന്നു... അവളെ ഇവിടെ കൊണ്ട് വന്നു... റിസപ്ഷനിൽ ജോലി ശരിയാക്കി കൊടുത്തു... ആയിടയ്ക്കാണ് ഹരി അവളെ പരിചയപ്പെടുന്നത്... അവളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ എന്തോ അവനവളോട് ഇഷ്ടം തോന്നി... ഇഷ്ടം പറഞ്ഞ് പിറകേ നടന്നു... മാസങ്ങളോളം... വർഷങ്ങളോളം... അപ്പോഴൊന്നും അവൾ പിടി കൊടുത്തില്ല... എത്രയെന്നും പറഞ്ഞാ അവൻറെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നത്...? ഒടുവിൽ അവന് മുന്നിൽ തോറ്റ് കൊടുക്കേണ്ടി വന്നു അവൾക്ക്... നിനക്ക് നല്ലൊരു ജീവിതം കിട്ടിയെന്നുള്ള തിരിച്ചറിവിൽ അവൾ വിവാഹത്തിന് സമ്മതിച്ചു... വിവാഹത്തിന് രണ്ട് ദിവസം മുന്നേയാണ് അവൾ നിൻറെ കാര്യമെല്ലാം അവനോഡ് പറയുന്നത്... എന്നോ ഞാൻ പറഞ്ഞ നിന്റെ പേര് ഓർമ്മയുള്ളത് കൊണ്ട് അന്ന് തന്നെ അവൻ എന്നെ വിളിച്ചു പറഞ്ഞു...

വിവാഹം കഴിഞ്ഞാണ് പാർവ്വതി എല്ലാം അറിയുന്നത്... പക്ഷേ... കണ്ടില്ലേ നീ അവളെ...""" ആരുമാരും ഒന്നും മിണ്ടിയില്ല... മൗനത്തെ കൂട്ട് പിടിച്ചു അല്പനേരം... എപ്പോഴോ ചന്ദ്രു മുഖമുയർത്തി കിച്ചുവിനെ നോക്കി... ആ രണ്ട് കണ്ണുകളും ചുവന്ന് കലങ്ങിയിരുന്നു... """മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്നവരെ പറ്റിക്കാൻ എളുപ്പമാ... അല്ലേ കിച്ചൂ....?""" അവന്റ ചോദ്യം ഉള്ളറകളിൽ എവിടെയോ തട്ടി... അറിഞ്ഞോ അറിയാതെയോ തങ്ങളും ഈ അവസ്ഥയ്ക്ക് കാരണക്കാരല്ലേ...? വിദൂരതയിൽ കണ്ണും നട്ടിരിക്കുന്നവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു... മനസ്സിനെ ഒന്നടക്കി നിർത്തി കിച്ചു അവന്റെ ചുമലിൽ കൈ വച്ചു... അടുത്തനിമിഷം ചന്ദ്രു ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ തോളിൽ വീണു... മറ്റുള്ളവർക്ക് മുന്നിൽ അണിഞ്ഞു നടന്ന പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു ആ നിമിഷം... എത്ര നേരം അവന്റെ ചുമലിൽ കരഞ്ഞു തീർത്തെന്ന് അവന് തന്നെ അറിയില്ല... എപ്പോഴോ എഴുന്നേൽക്കുമ്പോൾ നാളുകൾക്കിപ്പുറം ആ മനസ്സൊന്ന് ശാന്തമായിരുന്നു.......... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story