കിച്ചന്റെ പെണ്ണ്: ഭാഗം 36

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

അസ്തമയ സൂര്യൻറെ പൊൻപ്രഭയാൽ മാനത്ത് ചോപ്പ് പടർന്നിരുന്നു... എങ്ങും കൂടണയാൻ വെമ്പുന്ന കിളികളുടെ കലപില ശബ്ദങ്ങൾ... ജനലഴികളിലൂടെ പുറത്ത് കണ്ണും നട്ടിരിക്കുമ്പോൾ ആദിയുടെ മനസ്സ് പോയ കാലങ്ങളിൽ ഒരോട്ട പ്രദക്ഷിണത്തിൽ ആയിരുന്നു... ജന്മം തന്നവരുടെ വിടവ് നികത്താൻ ആരാലും കഴിയില്ല... പക്ഷേ ആരോരുമില്ലെന്ന ചിന്ത തോന്നിപ്പിച്ചിട്ടില്ല... അച്ഛനെപ്പോലെയല്ല അച്ഛനായ് രണ്ടച്ഛന്മാർ ഉണ്ടായിരുന്നു... മുലപ്പാൽ തന്നിട്ടില്ലെങ്കിലും മാതൃവാത്സല്യം ആവോളം പകർന്ന് തന്നിട്ടുണ്ട് ശ്രീയമ്മ.. സുഹൃത്തായും വഴി കാട്ടിയായും മനസാക്ഷി സൂക്ഷിപ്പുകാരനായും പിന്നെ എന്റെ എല്ലാമെല്ലാമായും കിച്ചേട്ടൻ ഉണ്ടായിരുന്നു... ഞങ്ങളുടെ മാത്രമായ ലോകം... അവിടേക്ക് എന്തിനാ ലച്ചൂന്റെ ചേട്ടൻ വന്നേ...? വേണ്ടിയിരുന്നില്ല... അതല്ലേ ഇപ്പോൾ ഇങ്ങനെ...? എൻ്റെ പ്രണയത്തിൽ ഞാൻ സ്വാർത്ഥ ആയിപ്പോയി... പക്ഷേ... """ആദീ...""" കിച്ചേട്ടന്റെ സ്വരം കേട്ടു... തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല... കണ്ണുകൾ നീറി പുകയുന്നുണ്ട്... കുറച്ചു മുന്നേ കണ്ട ലച്ചൂന്റെ ചേട്ടന്റെ രൂപം മനസ്സിനെ അത്രമേൽ നോവിക്കുന്നുണ്ട്...

"""ആദീ... എന്താലോചിച്ച് നിൽക്കുവാ പെണ്ണേ...?""" """ഒന്നും വേണ്ടിയിരുന്നില്ല... അല്ലേ കിച്ചേട്ടാ...?""" ചോദ്യത്തിന് മറുചോദ്യം ചോദിച്ച് മിഴികൾ വീണ്ടും കാണാപ്പുറങ്ങൾ തേടി അലഞ്ഞു... """എന്ത്...?""" """ഒന്നും...""" മൗനമായിരുന്നു കിച്ചുവിന്റെ മറുപടി... ഒരു വേള ആദി ചിന്തിക്കാത്ത അർത്ഥ തലങ്ങളിലൂടെ ഞാണില്ലാ പട്ടം കണക്കെ മനസ്സ് കുതിച്ചു പാഞ്ഞു... ഒടുവിൽ ഒരു ചോദ്യചിഹ്നം മാത്രം തന്റെ നേരെ നീളുന്നത് കണ്ടതും അവൻ മൗനത്തെ കൂട്ട് പിടിച്ച് തിരിഞ്ഞു നടന്നു... നെറ്റിക്ക് കുറുകെ കൈ വച്ച് ബെഡിൽ കിടക്കുമ്പോൾ മനസ്സ് ശൂന്യതയിലേക്ക് കൂപ്പ് കുത്തിയിരുന്നു... """എന്നോട് ദേഷ്യമാണോ കിച്ചേട്ടാ...?""" നീണ്ട നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം കാതിൽ വന്നലച്ച ചോദ്യം... """അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്...? മറ്റൊരാളുടെ ഭാര്യയെ സ്നേഹിച്ചു പോയതിന്...? അവനിൽ നിന്നും അവളെ തട്ടിയെടുത്തതിന്..."""

"""കിച്ചേട്ടാ...""" അവളുടെ സ്വരം വിറച്ചു... ദേഷ്യമായിരുന്നോ പരിഭവമായിരുന്നോ ആ മിഴികളിൽ...? അറിയില്ല... എങ്കിലും താൻ ആഗ്രഹിക്കുന്ന അതേ ഭാവമാണെന്ന് മനസ്സ് പ്രത്യാശിച്ചു... """ഞാൻ അന്ന് ഒരു വിവാഹത്തിനേ സമ്മതിക്കാൻ പാടില്ലായിരുന്നു... അതൊക്കെ കൊണ്ടല്ലേ ലച്ചൂന്റെ ചേട്ടൻ ഈ ഒരവസ്ഥയിൽ...?""" """പാർവ്വതി അതിനും മുന്നേ അവൻറെ ജീവിതത്തിൽ വന്നതാണ് ..? അതിൽ എവിടെയാണ് നിന്റെ തെറ്റ്...?""" """അത് കഴിഞ്ഞ് വിവാഹം കഴിഞ്ഞും എനിക്ക് ആ മനുഷ്യനോട് നീതി പുലർത്താൻ കഴിഞ്ഞില്ലല്ലോ...?""" ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കാണും... പക്ഷെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല... അപ്പോൾ നിശബ്ദത ഭജ്ജിക്കുന്നതാകും ഉത്തമം... കിച്ചു ഒന്നും മിണ്ടിയില്ല... """എനിക്ക് അതിന് കഴിയില്ലായിരുന്നു കിച്ചേട്ടാ... ഞാൻ കിച്ചേട്ടനെ മാത്രല്ലേ സ്നേഹിച്ചിട്ടുള്ളൂ..., കിച്ചേട്ടനെ മാത്രല്ലേ പ്രണയിച്ചിട്ടുള്ളൂ..., മനസ്സ് കൊണ്ടും ശരീരം കൊണ്ടും...""" """ആദീ...""" """സത്യം... ഇഷ്ടം, പ്രണയം എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് കിച്ചേട്ടന്റെ മുഖമായിരുന്നു... കിച്ചേട്ടനും എന്നെ ഇഷ്ടാർന്നെന്ന് എനിക്ക് അറിയാം... ഞാൻ കണ്ട സ്വപ്നങ്ങൾ... നമ്മളോരുമിച്ചുള്ള ജീവിതം... നമ്മളുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ..,

അവിടേക്ക് ഞാനെങ്ങനാ ലച്ചൂന്റെ ചേട്ടനെ പറിച്ച് നടുക...? എനിക്കതിന് കഴിയില്ലായിരുന്നു... ഞാൻ സ്വാർത്ഥ ആയിപ്പോയി കിച്ചേട്ടാ... സ്വന്തം ഇഷ്ടത്തിന് വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുന്ന സ്വാർത്ഥത പിടിച്ചൊരു ജന്മം...""" """അപ്പോൾ ഞാനോടി...? നിന്നെ വിട്ട് കളയാൻ എനിക്ക് കഴിയില്ലായിരുന്നു... ഒരു വശത്ത് നിന്നിലേക്ക് ഒഴുകാൻ കൊതിക്കുന്ന എൻറെ മനസ്സ്... മറുവശത്ത് നിന്റച്ഛന് കൊടുത്തു പോയൊരു വാക്ക്... ആ വാക്ക് എനിക്കൊരു പ്രശ്നമായിരുന്നില്ല... പക്ഷേ ഞാൻ കാരണം നിന്റെ അച്ഛനെന്തെങ്കിലും പറ്റിയാൽ...? എന്ത് വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു...""" """എനിക്കറിയില്ല കിച്ചേട്ടാ എന്ത് വേണമെന്ന്... ലച്ചൂന്റെ ചേട്ടനെ കാണുമ്പൊൾ നെഞ്ചൊക്കെ നീറിപ്പുകയുവാ... ഇനി ആ പാവത്തിനൊരു ജീവിതം കാണോ...? എന്നെങ്കിലും സന്തോഷിക്കാൻ കഴിയോ...?""" """കഴിയും... എനിക്ക് വിശ്വാസമുണ്ട്... ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ നിന്നെ എനിക്ക് ദൈവം തിരികെ തന്നില്ലേ... പിന്നെ ചന്ദ്രു... അറിഞ്ഞു കൊണ്ട് ഒരു പുല്കതിരിനെ പോലും അവൻ വേദനിപ്പിച്ചിട്ടില്ല... അങ്ങനെയുള്ളവന് ദൈവം ഒരിക്കലും വേദന മാത്രം കൊടുക്കില്ല... അവന് വേണ്ടി പിറന്നൊരു പെണ്ണ് ഈ ഭൂമിയിൽ കാണും... ഉറപ്പ്..."""

"""പക്ഷേ ലച്ചൂന്റെ ചേട്ടൻ സമ്മതിക്കുവോ...? അതും ഇനിയൊരു വിവാഹത്തിന്...?""" """എല്ലാം ശരിയാകും ഡി... പിന്നെ അവനായി ഒരു പെണ്ണ് ഈ ഭൂമിയിൽ പിറവി എടുത്തിട്ടുണ്ടെങ്കിൽ അവൻ പോലുമറിയാതെ അവൾ അവനിലേക്ക് വന്ന് ചേരും... അതിന് അവൻറെ പോലും സമ്മതം വേണ്ട... നീ നോക്കിക്കോ...""" ആദിയെ പോലെ തന്നെ ചന്ദ്രുവിന്റെ ഭാവി ആലോചിച്ച് അവനും ആകുലത തോന്നിയിരുന്നു... അതിനപ്പുറം നേർത്തൊരു പ്രതീക്ഷ ഉള്ളിൽ എവിടെയോ നാമ്പിട്ടു... എല്ലാം ശരിയാകും... മനസ്സ് ഉരുവിട്ടു... 💞💞💞💞💞💞💞💞💞💞💞💞 അന്നത്തെ രാത്രി ചന്ദ്രുവിന് ഉറങ്ങാൻ കഴിഞ്ഞില്ല... കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ചിന്തകളെ പലവഴിക്ക് തിരിച്ചു വിട്ടു... ഒടുവിൽ തന്റെ ജീവിതത്തിലെ വില്ലനെ അവൻ കണ്ടെത്തി... 'വിധി...' രാവിലെ ഏറെ വൈകിയാണ് എഴുന്നേറ്റത്... സ്വയമേ എഴുന്നേറ്റെന്ന് പറയാൻ ഒക്കില്ല... ഡോറിൽ നിർത്താതെ മുട്ടുന്നത് കേട്ടാണ് എഴുന്നേറ്റത്... തുറന്ന് നോക്കുമ്പോൾ കിച്ചുവും ആദിയും അവിടുത്തെ സിസ്റ്ററുമാരും ഉൾപ്പെടെ കുറച്ചധികം ആളുകൾ നിൽപ്പുണ്ടായിരുന്നു... അവൻ ഡോർ തുറന്നതും ആ മുഖങ്ങൾ എല്ലാം തെളിയുന്നത് കണ്ടു... അവരൊക്കെ അപ്പോൾ തന്നെ പോയി... """അടിപൊളി... ഞാൻ സൂയിസൈഡ് ചെയ്‌തെന്ന് കരുതിയോ...?"""

അവർ പോയതും ചന്ദ്രു ചിരിച്ചു കൊണ്ട് ചോദിച്ചു... അത് കേൾക്കേണ്ട താമസം ആദി നെയ്യാർ ഡാമിന്റെ ഷട്ടർ തുറന്നു... """ഞങ്ങൾ എന്ത് പേടിച്ചെന്നറിയോ...? ചേട്ടായി എന്താ ഡോർ തുറക്കാഞ്ഞേ..?""" """ഞാൻ ഉറങ്ങിപ്പോയി ഡീ...""" """അല്ല ...""" """ആന്നേ... ഉറങ്ങിയപ്പോ ലേറ്റായി... എന്നാലും ഞാൻ ആത്മഹത്യ ചെയ്യാൻ പോയെന്ന് വിചാരിച്ചില്ലേ..? കഷ്ടം... """ """അത് പിന്നെ...""" ആദി എന്തോ പറയാൻ തുനിഞ്ഞതും പാർവ്വതി ഓടി അണച്ചു വരുന്നതാണ് കണ്ടത്... അവൾ അടുത്തെത്തി കയ്യിലിരുന്ന കീ കിച്ചുവിന് നേരെ നീട്ടി... പിന്നെയാണ് ചന്ദ്രുവിനെ കണ്ടത്... ഒന്ന് ഞെട്ടി... """ഇതെന്താ നിൻറെ കയ്യിൽ...""" """സ്പെയർ കീ...""" """വോ... ചത്തൊന്നറിയാൻ വന്നതാണോ...? """ അവൻ ചിരിച്ചു... അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... """ചുമ്മാ പറഞ്ഞതാ കൊച്ചേ... അത് വിട്... നിന്റെ അനിയൻ ഇവിടെ ഉണ്ടെന്നല്ലേ പറഞ്ഞത്...? എന്നിട്ട് ആളെവിടെ...?""" """റൂമിൽ...""" """ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമേ...""" അവരോട് പറഞ്ഞ് ചന്ദ്രു ഫ്രഷാവാൻ കയറി... തിരികെ വന്ന് ബ്രേക്ക് ഫാസ്റ്റും കഴിച്ചിട്ടാണ് അവൻ കൊച്ചൂട്ടനെ കാണാൻ പോയത്...

അവൻ ചെല്ലുമ്പോൾ ഒരു ബെഡിൽ കിടപ്പുണ്ടായിരുന്നവൻ... രണ്ടും കൈകൊണ്ടും ചെവി പൊത്തി വായിൽ കൂടി വെള്ളം ഒലിപ്പിച്ച്... അവനെ കണ്ട് ആദി മാറി നിന്നതേയുള്ളൂ... കിച്ചുവും ചന്ദ്രുവും എന്തൊക്കെയോ ചോദിക്കുന്നുണ്ട്... ഒന്നിനും ഉത്തരമില്ല... അവൻ കേട്ടിട്ടുണ്ടോയെന്ന് തന്നെ സംശയമാണ്... കുറച്ചു നേരം കൂടെ അവന്റയരുകിൽ ഇരുന്നു... പിന്നെ മറ്റുള്ള കുട്ടികളോടൊപ്പവും... ഈ നേരങ്ങളിൽ ഒരിക്കൽ പോലും മറ്റൊരു ചിന്തയും ചന്ദ്രുവിന്റെ മനസ്സിൽ കടന്നു വന്നില്ല... രാവിലെ കഴിക്കാൻ വൈകിയത് കൊണ്ട് ഉച്ചയൂണ് കഴിഞ്ഞപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു... കുറച്ചു നേരം അവർ സംസാരിച്ചിരുന്ന് വെയില് താഴ്ന്നപ്പോൾ നദിക്കരയിലേക്ക് നടന്നു... ഒരു ദിവസം കൊണ്ട് ആ സ്ഥലം അവൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു... ഓളങ്ങൾ തല്ലുന്ന ജലപ്പരപ്പിൽ നോക്കിയിരിക്കാൻ തന്നെ ഭംഗിയാണ്... മൗനത്തെ കൂട്ട് പിടിച്ച് മൂവരും ഇരുന്നു... എത്രനേരം എന്നത് നിശ്ചയമില്ല... ഇടയിലെപ്പോഴോ കണ്ണുകൾ മറ്റൊരു സ്റ്റോൺ ബെഞ്ചിൽ തറച്ചു... അവിടിരുന്ന പെൺകുട്ടിയിലേക്ക് നോട്ടം തെന്നി വീണു... ഇന്നലെ കണ്ട പെൺ കുട്ടി...

അവളും നദിക്കപ്പുറമുള്ള ലോകം തിരയുകയാണെന്ന് തോന്നുന്നു... നിറയെ പീലികളുള്ള മിഴികൾ ഇടയ്ക്കിടെ ചിമ്മുന്നുണ്ടെന്നത് ഒഴിച്ചാൽ അവളിൽ മറ്റ് ചലനങ്ങളൊന്നുമില്ല... ചന്ദ്രു ഒന്ന് രണ്ട് നിമിഷം അവളെ നോക്കി... പിന്നെ വേഗം നോട്ടം മാറ്റി... വീണ്ടും വീണ്ടും മിഴികൾ അനുസരണയില്ലാതെ അവളിലേക്ക് പാറി വീണു... """ഇവൾക്ക് കണ്ണ് കഴയ്ക്കില്ലേ...?""" ആത്മഗതം എന്നോണം അവൻ മൊഴിഞ്ഞു... """എന്താ...?""" കിച്ചുവിന്റെ സ്വരമാണ് അവനെ ഉണർത്തിയത്... ഒന്നുമില്ലെന്ന് പറഞ്ഞ് ചുമൽ കൂച്ചി അവൻ എഴുന്നേറ്റു... പോകാൻ നേരം വെറുതെയൊന്ന് അവളെ തിരിഞ്ഞു നോക്കി... അപ്പോഴും ഏതോ ദിശയിൽ കണ്ണും നട്ടിരിക്കുകയായിരുന്നു അവൾ... 💞💞💞💞💞💞💞💞💞💞💞💞 അടുത്ത സായാഹ്നത്തിലും ആ ബെഞ്ചിൽ അവളുണ്ടായിരുന്നു... ഒരു വശത്തേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ച് ചുറ്റുമാരെയും ശ്രദ്ധിക്കാതെ....

"""ആ കുട്ടിയെന്താ അങ്ങനെ...?""" ചോദിക്കാതിരിക്കാൻ ചന്ദ്രുവിന് കഴിഞ്ഞില്ല... """അവൾ കണ്ട നാൾ തൊട്ടേ അങ്ങനെയാണ്... അവളുടെ മാത്രം ലോകത്തിൽ... ആരെയും അടുപ്പിക്കില്ല...""" """ഭ്രാന്താണോ...?""" """അതല്ലേ രസം... ആ കുട്ടിക്ക് ഒരു കുഴപ്പവുമില്ല... പക്ഷേ അവൾ പറയുന്നേ അവൾക്ക് ഭ്രാന്താണെന്നാണ്...""" കിച്ചു പറഞ്ഞതും ചന്ദ്രു അവളെ നോക്കി... കണ്ടിട്ട് കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല... എന്നാലും എന്തൊക്കെയോ പൊരുത്തക്കേടുകൾ... കയ്യിലും തലയിലും വെള്ളത്തുണി കെട്ടി വച്ചിട്ടുണ്ട്... """അവളുടെ കൈക് എന്ത് പറ്റിയതാ...?""" """സൂയിസൈഡ് അറ്റംപ്റ്റ്...""" """എന്തിന്...?""" """അതൊക്കെ വല്യ കഥയാടാ... പറഞ്ഞു തുടങ്ങിയാൽ ഇന്നും നാളെയും തീരില്ല...""" അലസമായി കിച്ചു പറഞ്ഞു... ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കുത്തിച്ചോദിക്കുമ്പോൾ മുഖത്ത് തെളിയുന്ന ഒരു ഭാവമില്ലേ...? അതായിരുന്നു ആ നിമിഷം അവന്റെ മുഖത്ത് തെളിഞ്ഞു നിന്നത്... പക്ഷേ ചന്ദ്രു അവളുടെ കഥ അറിയണമെന്ന നിലപാടിൽ ഉറച്ചു നിന്നു... ഒടുവിൽ കിച്ചുവിന് പറയേണ്ടി വന്നു......... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story