കിച്ചന്റെ പെണ്ണ്: ഭാഗം 5

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""കിച്ചേട്ടാ... ആദിയെ വിട്ട് പോവല്ലേ...""" പാതി മയക്കത്തിലും ആ പെണ്ണ് പുലമ്പുന്നുണ്ടായിരുന്നു... ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈർഷ്യയിൽ ചന്ദ്രുവൊന്ന് നിവർന്നിരുന്നു... ഈ നേരം വരെ ഉറങ്ങിയിട്ടില്ല... കണ്ണുകളിൽ മയക്കം പിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ... അപ്പോഴേക്കും... """കിച്ചേട്ടാ...""" പിന്നെയും ആദിയുടെ ശബ്ദം കേട്ടു... സോഫയിൽ നിന്നും എഴുന്നേറ്റ് അവനവളുടെ അടുത്തേക്ക് നടന്നു... ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിലും അവളുടെ മുഖം കാണാമായിരുന്നു... വാടിയ ചേമ്പിൻ തണ്ട് പോലെ ചേതനയറ്റ് കിടക്കുന്നവളെ അവൻ അലിവോടെ നോക്കി... """കിച്ചേട്ടാ... ആദി... ആദിയെ ഇഷ്ടല്ലേ... ആദി പാവല്ലേ... ആദിയെ വിട്ട് പോവല്ലേ...""" അവളുടെ വേദന നിറഞ്ഞ ശബ്ദം തന്റെ ഉള്ളിൽ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നത് പോലെ അവന് തോന്നി... ലൈറ്റ് ഓൺ ചെയ്തതും പെണ്ണ് ഉടലാകെ വിറ കൊള്ളുന്നത് കണ്ടു...

മുഖമാകെ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരിപ്പുണ്ട്... ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അവൻ അവളുടെ അരികിൽ ഇരുന്ന് പതിയെ നെറ്റി മേൽ കൈ വച്ചു നോക്കി... ഐസ് പോലെ തണുത്തിരുപ്പുണ്ട്... ചിലപ്പോൾ പനി വിട്ട് മാറുന്നതാകാം... 'അമ്മയെ വിളിക്കണോ... ന്തായാലും വിളിച്ചേക്കാം..' സ്വയമേ പറഞ്ഞ് എഴുന്നേൽക്കാനായി തുനിഞ്ഞവന്റെ കയ്യിൽ അവളുടെ കൈകൾ പിടുത്തമിട്ടിരുന്നു... """കിച്ചേട്ടാ പോവല്ലേ...""" അടർത്തി മാറ്റാൻ ശ്രമിക്കുന്തോറും തന്നിൽ മുറുകുന്ന കൈത്തലങ്ങളെ പിന്നെയും വേർപെടുത്താൻ മനസ്സ് അനുവദിച്ചില്ല... രണ്ടും കല്പിച്ച് അവൾക്കരുകിലായി ഇരുന്നു... 'നീയിത്ര പാവമായിരുന്നോ പെണ്ണേ...' ഒരു വേള അവന് കിച്ചുവിനോട് വല്ലാത്ത ദേഷ്യം തോന്നി... അവന്റെ ഓർമ്മകൾ കുറച്ച് സമയം പിറകോട്ട് സഞ്ചരിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 നാദസ്വര മേളം മുഴങ്ങി...

ഒട്ടൊരു അനിഷ്ടത്തോടെയാണ് ചന്ദ്രു അച്ഛന്റെ കയ്യിൽ നിന്നും താലി വാങ്ങിയത്... ആദിയുടെ മുഖത്ത് നോക്കാൻ അവൻ മിനക്കെട്ടില്ല... തന്റെ പേര് കൊത്തിയ താലി അവളുടെ കഴുത്തിൽ അണിയിച്ചു... ഒരു നുള്ള് കുങ്കുമമെടുത്ത് നെറുകയിൽ തൂവി... അപ്പോഴേക്കും പെണ്ണ് കുഴഞ്ഞു വീണിരുന്നു... അൽപനേരം നീണ്ടു നിന്ന ഒച്ചപ്പാടുകൾക്കും കരച്ചിലിനും ഒടുവിൽ അവളെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ചുട്ടു പൊള്ളുന്ന പനി... പിന്നെ ഡ്രിപ്പിട്ട് കിടത്തി... അപ്പോഴും ഒരു മന്ത്രണം പോലെ അവൾ കിച്ചുവിന്റെ പേര് ഉരുവിട്ട് കൊണ്ടിരുന്നു... കല്യാണത്തിന്റെ അന്ന് തന്നെ കല്യാണപ്പെണ്ണിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ആരോ പറഞ്ഞു.., ഒടുവിൽ രാത്രി ആയപ്പോഴേക്കും ആദിയെ ഡിസ്ചാർജ് ചെയ്തു... മരുന്നിന്റെ സെഡേഷനിൽ അവൾക്ക് ബോധമില്ലായിരുന്നു... പോരാൻ നേരം ചന്ദ്രു അവന്റെ കൈകളിൽ അവളെ കോരിയെടുത്തു... അവനോട് എന്തോ പറയാനായി വന്ന ആദിയുടെ അച്ഛൻറെ നേർക്ക് രോക്ഷം കലർന്നൊരു നോട്ടം തൊടുത്തു വിട്ടു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

പുലർച്ചെ എപ്പോഴോ ആണ് ആദിക്ക് ബോധം വന്നത്... കണ്ണ് തുറന്ന് നോക്കി... ഡിം ലൈറ്റിന്റെ വെളിച്ചം... മുറിയാകെ മുല്ലപ്പൂ ഗന്ധം... ഒട്ടും പരിചിതമല്ലാത്ത സ്ഥലം... 'ഞാനിതെവിടെയാ...' അവൾക്ക് ഒന്നും ഓർമ്മ വരുന്നുണ്ടായിരുന്നില്ല... ഓർത്തെടുക്കാൻ നോക്കി... കാതിൽ അവ്യക്തമായ ശബ്ദങ്ങൾ... കെട്ടിമേളവും കുരവയിടലും... ഒരു പിടച്ചിലോടെ കിടന്ന കിടപ്പിൽ ചാടിയഴുന്നേൽക്കാൻ നോക്കി... പറ്റുന്നില്ല... മേലാകെ അസഹ്യമായ വേദന... കൈകൾ എന്തിലോ ഉടക്കി കിടക്കുന്നു... വലിച്ചെടുക്കാൻ നോക്കി... പറ്റുന്നില്ല... ഒരു നിമിഷം കൂടെ അതെ കിടപ്പ് കിടന്നു... പിന്നെ തല ചരിച്ചു നോക്കിയതും അരികിലായി ഒരു പുരുഷരൂപം... ഞെട്ടിപ്പോയവൾ... തൻ്റെ കൈകൾ അവന്റെ കൈത്തലത്തിനുള്ളിലാണെന്ന് ഒരു ഞെട്ടലോടെയവൾ തിരിച്ചറിഞ്ഞു... """ആ...""" അവൾ പേടിച്ചലറി...

ശബ്ദത്തിന്റെ ഞെട്ടലിൽ അവന്റെ കൈകൾ അയഞ്ഞതും വേഗത്തിൽ എഴുന്നേറ്റ് കട്ടിലിന്റെ ഒരു മൂലയ്ക്കായി ചുരുണ്ടു കൂടി... മുറിയിൽ ലൈറ്റ് തെളിഞ്ഞു... കാൽ മുട്ടിൽ കൈകൾ കൂട്ടിപ്പിടിച്ച് ഭയപ്പാടോടെ തന്നെ തലയുയർത്തി നോക്കുന്ന പെണ്ണിനെ അവൻ ഒരു പകപ്പോടെ നോക്കി... """ആദീ...""" """അടുത്ത് വരല്ലേ... പ്ലീസ്സ്... എന്നെയൊന്നും ചെയ്യല്ലേ... ഞാൻ... ഞാൻ...""" അവളുടെ ശരീരവും ചുണ്ടുകളും വിറ കൊണ്ടു... """കിച്ചേട്ടൻ... കിച്ചേട്ടൻ എവിടെ...? ഞാൻ... ഞാനിതെവിടാ...? താൻ... താനെന്താ എന്നെ ചെയ്തേ...?""" അവൾ ശബ്ദം ഉയർത്തി... ആദിയുടെ പെട്ടെന്നുളള പ്രതികരണത്തിലും ഭാവത്തിലും എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു... """ആദീ... റിലാക്സ്... ഞാനൊന്ന് പറയട്ടേ... """ അവൻ അവളെ അനുനയിപ്പിക്കാൻ നോക്കി... """പറയ്... ഞാനിതെവിടെയാ... അച്ഛയെവിടെ...?""" അവൾ ചുറ്റിനും നോക്കി... അലങ്കരിച്ച മുറി... മുല്ലപ്പൂ... ബെഡിൽ വിതറിയിട്ടിരിക്കുന്ന റോസാ ദളങ്ങൾ... അരികിലായി ഇരിക്കുന്ന പുരുഷൻ ... അവൾക്ക് തല പൊട്ടിപ്പിളരും പോലെ തോന്നി... കൈകൾ നെറ്റിയിൽ ഊന്നി...

കൈകളിൽ നിറഞ്ഞു കിടക്കുന്ന വളകൾ... അവൾ സ്വയമേ ഒന്ന് നോക്കി... പട്ടുസാരി... ആഭരണങ്ങൾ... ഒരു നടുക്കത്തോടെ കൈകൾ കഴുത്തിൽ പരതി... കൈകളിൽ ഉടക്കിയ ആ മഞ്ഞച്ചരട് അവൾ ഉയർത്തി നോക്കി... """കിഷോർ...""" മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലിയിൽ കണ്ട പേര്... കണ്ണുകൾ നിറഞ്ഞു... കൈകൾ തലമുടിയിൽ കോർത്തു... 'ആഹ്...' ഒരു ഭ്രാന്തിയെപ്പോലെയവൾ അലറി... അടുത്ത് കണ്ടതൊക്കെ തട്ടിമറിച്ചിടാൻ നോക്കി... """ആദീ...""" അവളുടെ പ്രവർത്തിയിൽ അവനും ഒന്ന് ഭയന്നു... എങ്കിലും അരികിലേക്ക് ചെല്ലാൻ നോക്കി... """അടുത്ത് വരരുത്... പ്ലീസ്‌....""" സമനില തെറ്റിയവളെപ്പോലെ അവൾ പുലമ്പി... കാലുകൾ പിന്നോട്ട് ചലിച്ചു... ഭിത്തിയിൽ തട്ടിയതും അവൾ ഒന്ന് നിന്നു... കുറച്ചു നിമിഷം അതേ നിൽപ്പ് തുടർന്നു... നിർജീവമായ ശില കണക്കെ ... പിന്നെ ഒരേങ്ങലടിയോടെ താഴേക്ക് ഊർന്നു വീണു... യാഥാർഥ്യം ഉൾക്കൊള്ളുന്തോറും അലറിയലറി കരഞ്ഞു... എല്ലാം കണ്ടും കേട്ടും പ്രജ്ഞയറ്റവനെ പോലെ നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ........ (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story