കിച്ചന്റെ പെണ്ണ്: ഭാഗം 6

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

നിലക്കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിൽ അവൾ നോക്കി... തൻ്റെ പുതിയ കോലം കണ്ട് നിർവികാരതയോടെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ... ഈ വേഷം... നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന ആലില താലി... സീമന്തരേഖയെ ചുവപ്പിച്ച കുങ്കുമം... എപ്പോഴൊക്കെയോ ഒരുപാട് മോഹിച്ചതാണ്... പക്ഷേ അതിൻറെ അവകാശി... നെറുകയിൽ നിന്നും ഒലിച്ചിറങ്ങുന്ന സിന്ദൂരചുവപ്പിൽ അവളൊന്ന് തൊട്ടു... ചുട് ചോര ഒലിച്ചിറങ്ങുന്നത് പോലെയാണ് അവൾക്ക് തോന്നിയത്... തൻ്റെ ഹൃദയം കിനിഞ്ഞ്‌ വാർന്നൊഴുകുന്ന ചുടുചോര... മതിവരാതെ ആ പെണ്ണ് പിന്നെയും പിന്നെയും മുഖത്ത് വെള്ളം കോരിയൊഴിച്ചു... ഓരോ തവണ മുഖത്ത് ജലം പതിക്കുമ്പോഴും പതിക്കുന്നിടമെല്ലാം ചുട്ട് പൊള്ളുന്ന പോലെ... 'കിച്ചേട്ടൻ...' ഏട്ടൻ അവസാന നിമിഷമെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു..., അല്ല മനസ്സ് അത്രമേൽ വിശ്വസിച്ചിരുന്നു... ആ ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് കതിർ മണ്ഡപത്തിൽ കാലെടുത്ത് വച്ചത് പോലും... പക്ഷേ ആ വിശ്വാസം... മലർ പൊടിക്കാരന്റെ സ്വപ്നം പോലെ തകർന്ന തന്റെ ജീവിതം...

ഇന്ന് ആദി മറ്റൊരാളുടെ സ്വന്തമാണ്... ആദിക്ക് മറ്റൊരു അവകാശി... സത്യം അതാണെങ്കിൽ കൂടി അത് ഉൾക്കൊള്ളാൻ തനിക്ക് കഴിയുമോ...? കിച്ചേട്ടനെ മറന്ന്... ആ സ്ഥാനത്ത് മറ്റൊരാളെ... ഇല്ല.., ഒരിക്കലും കഴിയില്ല... അതിന് ആദി മരിക്കണം... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ആദീ... ഇയാൾക്കുള്ള തുണികളും മറ്റ് സാധനങ്ങളും ആ കബോർഡിലുണ്ട്... പിന്നെ... പിന്നെ തല നനയ്ക്കരുത്...""" ഇടയിലെപ്പോഴോ മുറിയിൽ വന്നവൻ പറഞ്ഞു പോയി... ഒരു മറുപടി പ്രതീക്ഷിച്ച് കാണില്ല... കയ്യിൽ തടഞ്ഞ ഒരു ചുരിദാറുമെടുത്ത് അവൾ വാഷ് റൂമിൽ കയറി... അവൻറെ വാക്കുകൾ ഗൗനിക്കാൻ നിന്നില്ല... തല തണുക്കുവോളം വെള്ളം കോരിയൊഴിച്ചു... ജലവും മിഴിനീരും ഒരു പുഴയായി ഒഴുകി... കുറെയേറെ മുഖങ്ങൾ ഉള്ളിൽ തെളിഞ്ഞു വന്നു... അച്ഛന്റെ... കിച്ചേട്ടന്റെ... ശ്രീയമ്മയുടെ... ശ്രീയച്ചന്റെ... ഒടുവിൽ തൻ്റെ കഴുത്തിൽ താലി കെട്ടിയ ആളുടെ... രാത്രിയിൽ തന്റെ പരവേശം കണ്ട് മുറിവിട്ടിറങ്ങുമ്പോൾ ആളൊന്നേ പറഞ്ഞുള്ളൂ... """തന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ലടോ... പനിച്ച് വിറച്ച് കിടന്നപ്പോൾ...

കയ്യിൽ ഇറുകെ പിടിച്ചപ്പോൾ... വേർപെടുത്താൻ കഴിഞ്ഞില്ല... അല്ലാതെ... തൻ്റെ ഇഷ്ടത്തിനൊന്നും ഇവിടെയാരും എതിര് നിൽക്കില്ല... തന്നിൽ ഒന്നും അടിച്ചേൽപ്പിക്കാനും ആരും വരില്ല... എൻ്റെ നിസ്സഹായത ഒന്ന് കൊണ്ട് മാത്രമാണ് ഇയാളിവിടെ നിൽക്കുന്നത്... മാപ്പ്...""" അയാള് പറഞ്ഞ വാക്കുകളുടെ അർത്ഥം ഒന്നും അവൾക്ക് മനസ്സിലായില്ല ... പക്ഷേ അറിഞ്ഞു കൊണ്ട് അയാളെ ചതിക്കാൻ തനിക്ക് കഴിയുമോ..? മനസ്സിൽ ഒരാളെ വച്ച്... പുറമേ അയാളെ ... ഇല്ല... കഴിയില്ല... എന്തൊക്കെയോ അവൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ചന്ദ്രു വരുമ്പോൾ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തല തുവർത്തുന്ന ആദിയെയാണ് കണ്ടത്... അവളുടെ പ്രവർത്തിയിൽ അവന് പെട്ടെന്ന് ദേഷ്യം വന്നെങ്കിലും അവൻ സംയമനം പാലിച്ചു... മുടി തുവർത്തിക്കഴിഞ്ഞ് ആ മുടിയവൾ കോതിയൊതുക്കി... മുഖത്ത് ചായങ്ങളൊന്നും തേയ്ക്കാൻ മിനക്കെട്ടില്ല... കയ്യിൽ കിട്ടിയ ഒരു ഐടെക്സിന്റെ കവറിൽ രണ്ടു മനസ്സോടെയവൾ നോക്കി... പിന്നെ ഒരു കുഞ്ഞു പൊട്ടെടുത്ത് നെറ്റിയിൽ തൊട്ടു...

അത് കഴിഞ്ഞാണ് അവിടെയിരുന്ന കുങ്കുമച്ചെപ്പ് കണ്ടത്... അതെടുത്ത് തുറന്ന് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... ചന്ദ്രു അത് കണ്ടു... ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം... ഉള്ളു പിടയുന്ന വേദന... ഒരുപക്ഷേ കുറ്റബോധം കൊണ്ടാകാം... """ഇഷ്ടല്ലെങ്കിൽ അവിടെ വച്ചോളൂ... ഇടണമെന്ന് നിർബന്ധമൊന്നൂല്ല...""" ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൻ ഒരു തോർത്തുമെടുത്ത് വാഷ് റൂമിൽ കയറി കതകടച്ചു... അവൾ എടുത്തത് പോലെ തന്നെ ആ ചെപ്പ് തിരികെ വച്ചു... ഇനിയെന്ത് വേണമെന്ന് അവൾക്കറിയില്ലായിരുന്നു... പുതിയ സ്ഥലം... പുതിയ വീട്... പുതിയ ആൾക്കാർ... ആ വലിയ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടത് പോലെ... അപ്പോൾ തോന്നിയ ഉൾപ്രേരണയാൽ അവൾ താഴേക്ക് നടന്നു... ഹാളിൽ ചെന്നപ്പോൾ അവിടെയിരുന്ന് പത്രം വായിക്കുന്ന ചന്ദ്രുവിന്റെ അച്ഛനേയും തൊട്ടപ്പുറത്തായി മാറി നിന്ന് എന്തോ പറയുന്ന അമ്മയെയും കണ്ടു... അവൾക്ക് പെട്ടെന്ന് ശ്രീയച്ചനെയും ശ്രീയമ്മയെയും ആണ് ഓർമ്മ വന്നത്... അവളുടെ കണ്ണിൽ നീര് പൊടിഞ്ഞു...

ആരും കാണാതെ അത് ഒപ്പാൻ നോക്കുമ്പോഴാണ് അമ്മയുടെ ശബ്ദം കേട്ടത്... ""'ആദീ...""" അവർ അവൾക്കരികിലേക്ക് വന്നു... """മോളെന്താ ഇത്ര രാവിലെ...? പനി കുറവുണ്ടോ...? നിങ്ങൾ എഴുന്നേറ്റ് കാണില്ലെന്ന് കരുതിയാ അമ്മ അങ്ങോട്ട് വരാഞ്ഞത്...""" അതും പറഞ്ഞ് അവർ അവളുടെ മുഖത്തൊന്ന് തഴുകി... പിന്നെയാണ് അവളുടെ നനഞ്ഞ മുടിയും മുടിയിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളത്തുള്ളികളും ശ്രദ്ധിച്ചത്... """ആദീ... എന്താ മോളെയിത്...? ഈ പനി വച്ചിട്ട് കുളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ..?""" സ്നേഹത്തോടെ അവർ ശാസിച്ചു... ശേഷം അവർ ഉടുത്തിരുന്ന സാരിയുടെ തുമ്പ് കൊണ്ട് അവളുടെ മുടിയിലെ വെള്ളം തുടച്ചു കൊടുത്തു... അവൾ ആ സ്ത്രീയെ അടിമുടിയൊന്ന് നോക്കി... ശ്രീയമ്മയെപ്പോലെ തന്നെ... പത്തമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന മുഖത്ത് ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഒരു സ്ത്രീ... അവരുടെ പേര്... രേവതി... അങ്ങനെയെന്തോ ആണ്... കല്യാണക്കുറിയിലോ മറ്റോ കണ്ടതാണ്... ആകെ രണ്ടോ മൂന്നോ തവണയേ അവരെ കണ്ടിട്ടുള്ളൂ...

ഇടയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ചോദിക്കുന്നതിനെല്ലാം ഒരു മൂളലിലോ ഒന്ന് രണ്ട് വാക്കിലോ മറുപടി ഒതുക്കുമായിരുന്നു... അല്ലെങ്കിലും അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല... """ആദീ... മോളെന്താ ഇങ്ങനെ നോക്കി നിൽക്കുന്നേ...? വായോ അമ്മ ചായ എടുത്തു തരാം...""" അവളെയും കൂട്ടി അവർ നടന്നു... നടക്കുന്നതിനിടയിൽ പത്രം വായിച്ചിരിക്കുന്ന മനുഷ്യനിൽ അവളുടെ കണ്ണുകൾ നീണ്ടെങ്കിലും ആള് ഇവിടെ നടക്കുന്നതൊന്നും അറിയാത്ത മട്ടിൽ പത്രത്തിൽ തന്നെ മിഴികൾ ഊന്നിയിരിക്കുകയാണ് ചെയ്തത്... ആദി അത് കാര്യമാക്കാൻ പോയില്ല... രേവതി അവളുടെ കയ്യിൽ ഒരു കപ്പ് ചായ എടുത്ത് കൊടുത്തു... ശേഷം തിരിഞ്ഞ് നിന്ന് ഒരു കപ്പിൽ കൂടെ ചായ പകർത്തി അവൾക്ക് നേരെ നീട്ടി... """ഇത് ചന്ദ്രുവിന്...""" """ചന്ദ്രു...?""" മനസ്സില്ലാവാതെ അവളവരെ നോക്കി... """കിഷോർ... മോൾടെ ഭർത്താവ്...""" അവർ ചിരിച്ചു... വേദന കലർന്നൊരു ചിരി അവൾ തിരിച്ചും നൽകി... തിരികെ കോണിപ്പടി കയറുമ്പോഴും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ പത്രം വായിച്ചിരിക്കുന്ന ചന്ദ്രുവിന്റെ അച്ഛന്റെ നേരെ നീളുന്നുണ്ടായിരുന്നു... 💞💞💞💞💞💞💞

💞💞💞💞💞💞💞💞💞 """മ്മ്ഹഹ്...""" മേശ മേൽ ചായ വച്ച് ആദി മുരടനക്കി... മുടി ചീകി കൊണ്ട് നിന്നവൻ തിരിഞ്ഞു നോക്കി... മേശപുറത്തിരിക്കുന്ന ചായയെയും അവളെയും ചന്ദ്രു മാറി മാറി നോക്കി... അവന്റെ നെറ്റി ചുളിഞ്ഞു... """അമ്മ തരാൻ പറഞ്ഞു...""" മറ്റെവിടേക്കോ നോക്കിയാണ് അവൾ പറഞ്ഞത്... """ഏയ് അതിന്റെയൊന്നും ആവശ്യം ഇല്ല... എന്റെ ചായ എടുത്ത് കുടിക്കാൻ എനിക്ക് അറിയാം...""" അവളെ നോക്കാതെ ആ ചായയും എടുത്ത് അവൻ പുറത്തിറങ്ങി... അവൻ പോയ വഴിയേ നോക്കി അവൾ നിന്നു... ആളിവിടെയുണ്ടെങ്കിലും മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ചന്ദ്രൂ... മോളെയും കൊണ്ട് ക്ഷേത്രത്തിൽ...""" മകന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് പറയാൻ വന്നത് അവർ പാതിയിൽ നിർത്തി... ശേഷം ഭർത്താവിനെ നോക്കി... അയാളുടെ മുഖത്ത് പതിവിൽ കവിഞ്ഞ ഗൗരവം നിറയുന്നത് കണ്ടു... """വോ... രണ്ടൂടെ പോവാതിരിക്കുന്നത് തന്നെയാ നല്ലത്... ഇന്നലത്തെ കല്യാണ വിശേഷങ്ങൾ നാടാകെ പരന്നിട്ടുണ്ട്..."""

അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞു... """കല്യാണപെണ്ണ് ആത്മഹത്യക്ക് ശ്രമിച്ചു പോലും... കാമുകൻ ചതിച്ചെന്നോ... വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയതിന്റെയാണെന്നോ... അതല്ല ഇനി വല്ല...""" """അച്ഛാ...""" അയാളെ പറയാൻ അനുവദിക്കാതെ ചന്ദ്രുവിന്റെ സ്വരം ആ വീട്ടിൽ ഉയർന്നു... """മകനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചപ്പോൾ അറിഞ്ഞില്ലായിരുന്നോ മരുമകളാകാൻ പോകുന്ന പെണ്ണിന് കാമുകൻ ഉണ്ടെന്ന്... അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന്... അതല്ലാ...""" അവൻ എന്തോ പറയാനായി വന്നതും പിന്നിൽ നിന്നും ഒരേങ്ങലടി ശബ്ദം കേട്ടു... ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ കണ്ടു കൺനിറച്ചു നിൽക്കുന്ന ആദിയെ... (തുടരും)

എല്ലാവരുടെയും കമന്റ് വായിച്ചു... ചിലത് വായിച്ചിട്ട് നല്ല സന്തോഷം തോന്നി... ചിലത് വായിച്ചിട്ട് സങ്കടവും... എനിക്ക് റിയാലിറ്റിയിലൊന്നും എഴുതാൻ അറിയില്ല... എന്നാലും മനസ്സിൽ ഉള്ളത് അത് പോലെ എഴുതാനാണ് ആഗ്രഹം... ഈ സ്റ്റോറിടെ നെയിം 'കിച്ചന്റെ പെണ്ണ്...' ആദി കിച്ചന്റെ പെണ്ണ് തന്നെയാണ്... പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ എഴുതാൻ പറ്റിയെന്ന് വരില്ല... അതിന് സോറി...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story