കിച്ചന്റെ പെണ്ണ്: ഭാഗം 8

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""കിച്ചേട്ടൻ...""" ഹാളിൽ നില്കുന്ന കിച്ചുവിനെ കണ്ട് ആദിയുടെ ഉള്ളിൽ ഒരാളൽ ആയിരുന്നു... നടന്നാണോ ഓടിയാണോ അവന് മുന്നിൽ എത്തിയതെന്ന് അവൾക്ക് പോലും അറിയില്ല.... """കിച്ചേട്ടാ...""" നോവോടെ അവനെ വിളിക്കുമ്പോഴും ആ പെണ്ണിൻറെ കണ്ണുകളിലെവിടെയോ ഒരു കുഞ്ഞുതിളക്കം അലതല്ലുന്നുണ്ടയിരുന്നു... കളഞ്ഞ് പോയതെന്തോ കയ്യിൽ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ ഭാവം... വളർന്ന് തുടങ്ങിയ അവന്റെ താടിരോമത്തിൽ അവൾ മൃദുവായി തലോടി... ഉറക്കം നഷ്ടപ്പെട്ട് കരുവാളിച്ച കണ്ണുകൾ കാൺകെ ആ പെണ്ണിൻറെ കണ്ണുകളും നിറഞ്ഞു... ഇതുവരെ സ്വരുക്കൂട്ടി വച്ച പരിഭവവും വേദനയും ഒരു കൊച്ചു കുഞ്ഞിന്റെ നൈർമല്യതയോടെ അവനെ പിച്ചിയും മാന്തിയും പറഞ്ഞ് പതം പറഞ്ഞ് കരയുമ്പോഴും തനിക്ക് ചുറ്റും കൂടി നില്കുന്നവരോ അരികെ നിൽക്കുന്ന തന്റെ പതിയോ ഒന്നും അവൾക്ക് പ്രശ്നം ആയിരുന്നില്ല...

കിച്ചുവിൻറെ കൈകൾ അവളെ പുണരാൻ കൊതിച്ചു... മടിച്ചു നിൽക്കാതെ ആ പെണ്ണിനെ നെഞ്ചോട് ചേർക്കാൻ തുടങ്ങിയതും ഒരു ലക്ഷ്മണരേഖ പോലെ..., അതിർവരമ്പ് പോലെ ആ മഞ്ഞച്ചരടും ആലിലത്താലിയും അവർക്ക് തടസ്സമായി നിന്നു... അവൻറെ കൈകൾ വിറച്ചു... കണ്ണുകൾ നിറഞ്ഞു... തനിക്ക് സ്വന്തമായിരുന്നവളെ ഒന്ന് ചേർത്ത് പിടിക്കാൻ കഴിയാതെ ഉള്ളം തേങ്ങി... """വാ കിച്ചേട്ടാ... നമുക്ക് പോവാം... ആദിക്ക് ഇവിടെ പറ്റില്ലാ.... ആദിക്ക് ഇവിടെ ആരുല്ലാ.... ഇവിടെ... ഇവിടെ ശ്വാസം മുട്ടി ഞാൻ ചത്ത് പോകും....""" പ്രതീക്ഷയോടെ തന്നിൽ മുറുകിയ കരങ്ങളെ അടർത്തി മാറ്റുമ്പോൾ ഒരു തുള്ളി മിഴിനീർ നിലത്ത് അടർന്ന് വീണിരുന്നു... """ആദീ...""" """വാ കിച്ചേട്ടാ... നമുക്ക് പോവാം... കിച്ചേട്ടൻ പറഞ്ഞാൽ അച്ഛ കേൾക്കും... കിച്ചേട്ടൻ ഇല്ലാതെ... കിച്ചേട്ടനെ കാണാതെ... ആദിക്ക് പറ്റില്ല...""" """മോളേ... അച്ഛ... അച്ഛ കേൾക്കില്ലെടാ...അങ്ങനെ കേട്ടിരുന്നേൽ ആദിയിപ്പോൾ കിച്ചേട്ടന്റെ കൂടെ കണ്ടേനേ... ഞാൻ നിന്നെ... നിന്നെ ഒന്ന് കാണാൻ... ഞാൻ... ഞാൻ പോവാ..."""

അവന്റെ വാക്കുകളിൽ ഒരു നിമിഷം ആദി തറഞ്ഞു നിന്നു... തന്റെ പാതി ജീവൻ തന്നിൽ നിന്നും അകലുന്നത് നോക്കി നില്ക്കാൻ ആ പെണ്ണിന് കഴിയുമായിരുന്നില്ല... അവന് പിന്നാലെ അവളും ഓടി... അപ്പോഴേക്കും ആരൊക്കെയോ അവളെ വിടാതെ മുറുകെ പിടിച്ചിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """കിച്ചേട്ടാ....""" ആദി ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു... ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു... ചുറ്റും ഇരുട്ടാണെങ്കിലും അവളുടെ കണ്മുന്നിൽ നടന്നകലുന്ന കിച്ചുവിന്റെ രൂപം കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു... അവൾ ലൈറ്റ് ഇട്ടു... വെറും നിലത്ത് ബോധം കെട്ടവനെ പോലെ കിടന്നുറങ്ങുന്ന ചന്ദ്രുവിനെ ഒരുനിമിഷം നോക്കി നിന്നു... '''ചന്ദ്രു ഇന്നുവരെ ആരെയും.., ഒരുത്തിയേയും ചതിച്ചിട്ടില്ല... ചന്ദ്രുവിനെ ചതിച്ചതല്ലാതെ... നിനക്ക് അങ്ങനെ തോന്നുന്നെങ്കിൽ ചതിച്ചത് ഞാനല്ല... സ്വന്തം അച്ഛനോട് പോയി ചോദിച്ച് നോക്കൂ...''' അയാൾ പറഞ്ഞ വാക്കുകൾ... '''മോളേ... അച്ഛ... അച്ഛ കേൾക്കില്ലെടാ...അങ്ങനെ കേട്ടിരുന്നേൽ ആദിയിപ്പോൾ കിച്ചേട്ടന്റെ കൂടെ കണ്ടേനേ... ഞാൻ നിന്നെ...

നിന്നെ ഒന്ന് കാണാൻ... ഞാൻ... ഞാൻ പോവാ...''' കിച്ചേട്ടനെ ഓർമ്മ വന്നതും പിന്നൊരു നിമിഷം കൂടി അവിടെ നിൽക്കാതെ അവൾ പുറത്തിറങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ പതിവ് പോലെ എഴുന്നേറ്റ് രേവതി കിച്ചണിൽ വന്നു... കട്ടൻ ഇടാൻ വെള്ളമെടുത്ത് സ്റ്റവ്വിൽ വയ്ക്കാൻ തുടങ്ങുമ്പോഴാണ് തൊട്ട് മാറി ആദിയുടെ ശബ്ദം കേൾക്കുന്നത്... """അമ്മേ... എനിക്ക് വീട്ടിൽ പോകണം...""" സ്റ്റവ്വിൽ വെള്ളം വയ്ക്കാൻ തുടങ്ങിയ കൈകൾ ഒന്ന് വിറച്ചു... പാത്രവും വെള്ളവും നിലത്ത് വീണു... """വീട്ടിൽ പോവാനോ... എന്താ മോളേ ഈ പറയുന്നേ...""" """എനിക്ക് പോവണം...""" """ചന്ദ്രുവിനോട് ചോദിച്ചോ...?""" """അയാളെ എനിക്ക് പേടിയാ... നിങ്ങൾ... നിങ്ങളൊന്ന് ചോദിക്കോ...""" """മോളേ ഞാൻ...""" """പ്ലീസ്... നിങ്ങൾക്ക് പറയാൻ വയ്യേൽ വേണ്ട... എനിക്ക് വഴി പറഞ്ഞു തന്നാൽ മതി... ഞാൻ പോയ്‌ക്കോളാം...""" ആ കൊച്ചു പെണ്ണിന്റെ ഉറച്ച വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവർ നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

നിർത്താതെ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ചന്ദ്രൻ കണ്ണ് തുറന്നത്... എഴുന്നേറ്റ് മുഖം കഴുകി വാതിൽ തുറന്ന് നോക്കുമ്പോഴുണ്ട് മുന്നിൽ ആദി... അയാളുടെ മുഖത്ത് സന്തോഷം നിറഞ്ഞു... എന്നാൽ ക്ഷണനേരം കൊണ്ട് അത് മായുകയും ചെയ്തു... കണ്ണുകൾ ആദിക്ക് പിറകേ ആരെയോ തേടി... അപ്പോഴേക്കും ആദി അകത്തു കയറിയിരുന്നു... തന്നെ ശ്രദ്ധിക്കാതെ മുറിക്കകത്തേക്ക് പോകാൻ തുനിഞ്ഞവളെ അയാൾ പിടിച്ചു നിർത്തി... """നീയെന്താ രാവിലെ...? കിഷോർ എവിടെ...?""" """ആ...അയാളെവിടെയാണെന്ന് എനിക്കെങ്ങനെ അറിയാം...?""" അവളുടെ വാക്കുകളിൽ വല്ലാത്ത പരിഹാസം നിറഞ്ഞിരുന്നു... """ആദീ...""" """അച്ഛ പറഞ്ഞത് ഞാൻ കേട്ടു... ഞാനായിട്ട് അച്ഛന്റെ തല കുനിച്ചിട്ടില്ല... പക്ഷേ ഇനി മുതൽ ആദി ഇവിടെ നിൽക്കും...""" """നടക്കില്ല... ഇവിടെ നിൽക്കാനല്ല നിന്നെ ഞാൻ കെട്ടിച്ചയച്ചത്...""" """പിന്നെ....""" """മോളേ... """ """പറയ് അച്ഛാ... അച്ഛ എന്നെ കെട്ടിച്ചയച്ചത് എന്തുദ്ദേശത്തിലാ... എനിക്കറിയണം... താലി കെട്ടിയ ആള് പറഞ്ഞു എന്നെ ചതിച്ചത് അച്ഛയാന്ന്...

പറയ്... എനിക്ക് അച്ഛന്റെ വായിൽ നിന്ന് തന്നെ അറിയണം...""" മകളുടെ ചോദ്യത്തിൽ അയാൾ ഒന്ന് ഞെട്ടിയോ..? """ഞാൻ നിന്നെ എന്ത് ചതിച്ചെന്നാ...? അല്ലേലും പെണ്മക്കളെ കെട്ടിച്ചു വിടുന്നത് എങ്ങനാ ചതിയാകുന്നേ...?""" ആദ്യം ഒന്ന് പതറിയെങ്കിലും ആ പതർച്ച മറച്ചു വച്ച് അയാൾ പറഞ്ഞു... """വേണ്ട... അച്ഛ പറയേണ്ട... എനിക്കറിയാം എന്ത് വേണമെന്ന്...""" അത്രയും പറഞ്ഞ് ആദി മുറ്റത്തിറങ്ങി... പിന്നിൽ നിന്നും ചന്ദ്രൻ വിളിച്ചെങ്കിലും അവളത് കേട്ടില്ല... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ദേവേട്ടാ... മോളെയൊന്ന് കാണാൻ പോവണ്ടേ...?""" ശ്രീദേവിയുടെ ചോദ്യം കേട്ടിട്ടും അയാൾ ഒന്നും മിണ്ടിയില്ല... ദേവന്റെ മൗനം കണ്ട് അവർ പിന്നൊന്നും ചോദിക്കാനും പോയില്ല... കഴിഞ്ഞ കുറച്ചു ദിവസായി ശ്മശാനത്തിന് തുല്യമായ മൂകതയാണ് ശ്രീമംഗലത്ത്... അവിടുത്തെ സന്തോഷവും സന്താപവും എല്ലാം അവരുടെ ദേവിയോടൊപ്പം ആ വീടിന്റെ പടിയിറങ്ങിയിരുന്നു... ഇപ്പോൾ ചിരിക്കാൻ മറന്ന... കരയാൻ മറന്ന... രണ്ട് രൂപങ്ങൾ... """ശ്രീയമ്മേ...""" കാണാൻ കൊതിച്ചവളെ കണ്മുന്നിൽ കണ്ടതും ആ അമ്മ മനം നിറഞ്ഞു...

ഓടി ചെന്ന് ആ പെണ്ണിന്റെ മുഖത്ത് തുരുതുരെ ചുംബിച്ചു... ഇതുവരെ കാണാത്തത് പോലെ അവളെ കൺനിറച്ച് കൺകുളിർക്കെ അവർ നോക്കി നിന്നു. ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു ശ്രീയച്ഛനും... """ശ്രീയമ്മേ... എൻ്റെ കിച്ചേട്ടൻ എവിടെ...?""" അവളുടെ ചോദ്യത്തിൽ ശ്രീയമ്മയും ശ്രീയച്ഛനും ഞെട്ടുന്നതും അവരുടെ മുഖത്ത് വേദന നിഴലിക്കുന്നതും അവൾ വ്യക്തമായി കണ്ടു... അതെ സമയം അത് മറച്ചു പിടിക്കാൻ അവർ ശ്രമിക്കുന്നതും... """കിച്ചു... കിച്ചു വന്നില്ല മോളേ...""" മറ്റെവിടേക്കോ നോക്കിയാണ് അവർ പറഞ്ഞത്... ശ്രീയച്ഛനും മുഖം കുനിച്ചു നിൽക്കുന്നത് കണ്ടു... ആദി ഒന്നും മിണ്ടാതെ കിച്ചുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു... അവളെ തടയാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല... ആദി ചെല്ലുമ്പോൾ അവന്റെ മുറി അടഞ്ഞു കിടക്കുകയായിരുന്നു... തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല... """കിച്ചേട്ടാ... വാതില് തുറക്ക്... ആദിയാ...""" ആദി തുടരെ തുടരെ വാതിലിൽ മുട്ടിയെങ്കിലും അകത്ത് നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു... അപ്പോഴേക്കും ദേവനും ശ്രീദേവിയും വന്നു...

"""കിച്ചു ഇവിടില്ല മോളേ... ശ്രീയമ്മ സത്യാ പറഞ്ഞത്...""" """ശരിക്കും...""" ശ്രീയമ്മയുടെ കണ്ണുകളിലെ പിടച്ചിൽ കണ്ട് ആദി ചോദിച്ചു... """മോളേ...""" """ആദിയുടെ ശ്രീയമ്മയ്ക്ക് ഒരിക്കലും അവളോട് കള്ളം പറയാൻ പറ്റില്ല... എനിക്കറിയാം കിച്ചേട്ടൻ ഇവിടെ ഉണ്ടെന്ന്... കിച്ചേട്ടനോട് വാതിൽ തുറക്കാൻ പറയ് ശ്രീയമ്മേ... """ പറയുന്നതിനോടൊപ്പം അവൾ പിന്നെയും പിന്നെയും കതകിൽ മുട്ടി... എന്നിട്ടും തുറക്കുന്നില്ലെന്ന് കണ്ട് ആ പെണ്ണ് കരഞ്ഞുപോയിരുന്നു... ദേഷ്യം വന്ന് നെറ്റി കൊണ്ടവൾ കതകിൽ അടിയ്ക്കാൻ തുടങ്ങി... """കിച്ചേട്ടാ... വാതിൽ തുറക്കുന്നുണ്ടോ...? കിച്ചേട്ടനെ കാണാതെ ആദി ഇവിടുന്ന് അനങ്ങില്ല...""" """മോളേ... ആദീ... എന്തായിത്...""" ശ്രീദേവി അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വല്ലാത്തൊരു വാശിയോടെ അവൾ പിന്നെയും അതന്നെ ചെയ്തു. ഒടുവിൽ തളർന്ന് താഴേക്ക് ഊർന്ന് വീണു......... (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story