കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 56
Aug 25, 2024, 22:17 IST

രചന: റിൻസി പ്രിൻസ്
അല്പം ദേഷ്യത്തോടെ അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി പറഞ്ഞു... " എങ്കിൽ ഇന്ന് വീട്ടിൽ ചെന്നിട്ട് നമുക്ക് ശരിക്കും ഒന്ന് കാണണേ... മേൽ മീശ കടിച്ച് ഒരു കണ്ണുറക്കി പറയുന്നവനെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കിയിരുന്നു. എങ്കിലും ആ നിമിഷം തന്നെ ചുവന്നു പോയിരുന്നു പെണ്ണ് "വഷളത്തരം പറയാതിരിക്ക് സുധിയേട്ടാ, രാവിലെ തന്നെ.... കൃത്രിമ ഗൗരവത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി, "ഇതിൽ എന്താ ഇപ്പോൾ വഷളത്തരം, ഞാനിതുവരെ തന്നെ ശരിക്കും ഒന്ന് കണ്ടില്ലല്ലോ.... കണ്ണുകളിൽ കുസൃതി നിറച്ച വീണ്ടും അവൻ പറഞ്ഞു. " ഒന്നു മിണ്ടാതിരിക്കൂട്ടോ ആരെങ്കിലും കേട്ടോണ്ട് വന്നാൽ എന്തു മോശം ആണ്... "അത് കൊള്ളാം.... ഞാന് അയൽപക്കത്തെ ആ കൊച്ചിനോട് അല്ലല്ലോ പറഞ്ഞത്, എന്റെ സ്വന്തം ഭാര്യയോട് അല്ലെ...? ആരെങ്കിലും കേട്ടോണ്ട് വന്നാലും വലിയ പ്രശ്നമൊന്നും ഉണ്ടാവാൻ പോകുന്നില്ല... ചെറുചിരിയോട് അവൻ പറഞ്ഞു... അവൾ വീടും പറമ്പും ഒക്കെ വിശദമായി തന്നെ അവനെ കാണിച്ചു കൊടുക്കുന്നുണ്ട്, " നമുക്ക് അമ്പലത്തിൽ പോകണ്ടേ സുധിയേട്ടാ...? അവന്റെ അരികിലേക്ക് ചേർന്നുനിന്നുകൊണ്ട് അവൾ ചോദിച്ചു.. " പോകാലോ രാവിലെ തന്നെ റെഡി ആയിക്കോ... നമ്മൾ അന്ന് കണ്ട ആ ക്ഷേത്രമല്ലേ... " അതെ ഇവിടുത്തെ പ്രസിദ്ധമായ അമ്പലമാ, പരബ്രഹ്മക്ഷേത്രം, ഇവിടെ കെട്ടുകാഴ്ചയൊക്കെ നടക്കാറുണ്ട്.. " ഞാൻ കേട്ടിട്ടുണ്ട്, ഇനിയിപ്പോൾ കാണാല്ലോ ഞാനീ നാടിന്റെ മരുമകൻ ആയില്ലേ... ചെറുചിരിയോടെ അവൻ പറഞ്ഞു.... രണ്ടുപേരും അകത്തേക്ക് കയറി ചെന്നിരുന്നു, "അമ്മേ ഞങ്ങളെ അമ്പലത്തിൽ പോവാ, അവൾ മാധവിയോടായി പറഞ്ഞു. " അമ്പലത്തിൽ പോവാണെങ്കിൽ രാവിലെ തന്നെ പോകായിരുന്നില്ലേ ഇനിയിപ്പോൾ കുളിച്ച് റെഡിയായി പോകുമ്പോൾ ഒരുപാട് താമസിക്കില്ലേ..? " അത് സാരമില്ല അമ്മേ, റെഡിയായിരിക്കാല്ലോ അപ്പോൾ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് പെട്ടെന്ന് പോകാല്ലോ... " നിനക്ക് ഇപ്പോഴേ പോകാൻ ധൃതി ആയോ..? മാധവി ചോദിച്ചു, " അതുകൊണ്ടല്ല അമ്മേ? ഇന്നലെ രാവിലെ അവിടെ നിന്ന് ഇറങ്ങിയതല്ലേ,അവിടുത്തെ അമ്മ ഏട്ടനെ വിളിച്ചിട്ട് ഉണ്ടായിരുന്നു... ഇനി ഒരു പിണക്കം വേണ്ടല്ലോ എന്ന് കരുതി, "ആഹ് അത് നന്നായി... ഞാൻ വെറുതെ പറഞ്ഞതാ, നീ സുധിക്ക് കുളിക്കാനുള്ള തോർത്തും സോപ്പും ഒക്കെ എടുത്തു കൊടുക്ക്.... മാധവി പറഞ്ഞപ്പോൾ സന്തോഷത്തോടെ തന്നെ അവൾ മുറിയിലേക്ക് ചെന്നിരുന്നു... അപ്പോൾ തോർത്തെടുത്ത തലയിൽ ഒരു വട്ടക്കെട്ട് ഒക്കെയായി നിൽക്കുകയാണ് സുധി... "തോർത്തെടുത്തോ...? .എങ്കിൽ വേഗം പോയി കുളിച്ചിട്ട് വാ, " നമുക്ക് ആ പുഴയിൽ പോയി കുളിച്ചാലോ...? " പുഴയിലോ അന്ന് താൻ പറഞ്ഞില്ലേ നനയ്ക്കാൻ ഒക്കെ പോകാറുള്ള ഒരു പുഴയെ കുറിച്ച്, അത് കേട്ടപ്പോൾ തൊട്ട് എനിക്കൊരു ആഗ്രഹം ഉണ്ട്. അവിടെ കുളിക്കണമെന്ന്... " അത് പുഴ ഒന്നുമല്ല സുധിയേട്ടാ ഒരു കനാൽ ആണ്... "കനാൽ എങ്കിൽ കനാൽ നമുക്ക് അവിടെ കുളിക്കാം... ഈ സുധിയേട്ടന്റെ കാര്യം, ഞാൻ എങ്ങനെയാ അവിടെ വന്നു കുളിക്കുന്നെ സുധിയേട്ടൻ കുളിച്ചോ ഞാൻ ഇവിടെ ബാത്റൂമിൽ കുളിച്ചോളാം " അല്ലെങ്കിലും താൻ അവിടെ കുളിക്കേണ്ട, അതിന് ഞാൻ സമ്മതിക്കില്ല, " അല്ലേലും രാവിലെ സമയത്ത് ഒന്നും ഞാൻ അങ്ങനെ അവിടെ പോയി കുളിക്കാറില്ല. സന്ധ്യ ആവുമ്പോഴാണെങ്കിൽ ഇരുട്ടല്ലേ അല്ലാണ്ട് കുളിക്കാൻ എനിക്ക് ചമ്മലാ... " എങ്കിൽ താൻ പോയി കുളിമുറിയിൽ കുളിച്ചിട്ട് വാ.. ഞാൻ ഇന്ന് കനാലിലെ കുളിക്കുന്നുള്ളൂ അവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ ചെറുചിരിയോടെ അവൾ തോർത്തും എടുത്ത് കുളിമുറിയിലേക്ക് പോയിരുന്നു... അവൾ കുളിച്ച് ഇറങ്ങിയപ്പോഴേക്കും സുധി പോകാൻ തയ്യാറായിരുന്നു, " മീനു നനയ്ക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ താ... ഞാൻ കനാലിൽ പോവാ.. മീര പറഞ്ഞു. അത് കേട്ടുകൊണ്ടാണ് മാധവി വന്നത്.. " എന്തിനാടി അവിടേക്ക് പോകുന്നത്? ഇവിടെ കുളിക്കാലോ, സുധിയും കൂടിയുള്ളതല്ലേ, നീ കുളി കഴിഞ്ഞല്ലോ...? . അവളുടെ തലയിൽ തോർത്തിലേക്ക് നോക്കിക്കൊണ്ട് മാധവി പറഞ്ഞു " എനിക്കല്ല സുധിയേട്ടനാ ആഗ്രഹം അവിടെ കുളിക്കണം എന്ന്... ഞാൻ പണ്ടെപ്പോഴോ അവിടെ കുളിച്ചിട്ടുള്ള കാര്യം സുധിയേട്ടനോട് പറഞ്ഞിരുന്നു, " ആണോ എന്നാൽ പോയിട്ട് വാ, നീ നനയ്ക്കാൻ ഒന്നും നിൽക്കണ്ട.. ഇതിനിടയ്ക്ക് തുണി നനയ്ക്കാനൊ... "അത് സാരമില്ല ഞാൻ എത്ര ദിവസം ആയി എന്തെങ്കിലും ചെയ്തിട്ട്, വെറുതെ ഇരുന്നിട്ട് എന്തോ പോലെ.. നീ നനക്കാനുള്ളതൊക്കെ എടുക്ക് പെണ്ണേ മീനുവിനോട് ആയി അവൾ പറഞ്ഞു.. ഇനിയും തർക്കിക്കുന്നത് ശരിയല്ലന്ന് തോന്നിയത് കൊണ്ട് മാധവി ഒന്നും പറഞ്ഞില്ല.. മീനു കുറച്ചു തുണികൾ അവളുടെ കയ്യിലേക്ക് കൊടുത്തു, അതൊരു ചെറിയ ബക്കറ്റിൽ ആക്കി അവളും സുധിയും കൂടി ആ നാട്ടുവഴിയിലൂടെ നടന്നു... ഇടയ്ക്ക് പരിചയക്കാരൊക്കെ മീരയെ കണ്ട് സുധിയെക്കുറിച്ച് തിരക്കുന്നുണ്ട്, മീരയോട് സംസാരിക്കുന്നവരോടൊക്കെ ഒരു പുഞ്ചിരി സുധി തിരികെ നൽകുന്നുമുണ്ട്.. മഞ്ഞു കണങ്ങൾ ഇടയ്ക്ക് ചില ചെടികളിൽ പറ്റി പിടിച്ചിരിക്കുന്നത് കാണാം, അത് കാലിൽ നനവ് പടർത്തുന്നുണ്ട്. ഇളം വെയിലിന്റെ നിറച്ചാർത്തിൽ ചെറിയ മഞ്ഞുള്ള ആ നാട്ടുവഴിയിലൂടെ മീരക്കൊപ്പം നടന്നു പോകുന്നത് ഒരു പ്രത്യേക അനുഭവമാണ് എന്ന് അവനു തോന്നി, ഇടയ്ക്ക് പലവിധ ജോലികളും ആയി പോകുന്ന പലരെയും കണ്ടു, പാലുമായി പോകുന്നവരെയും പത്രവുമായി പോകുന്നവരെയും ടാപ്പിങ്ങിനായി പോകുന്നവരെയും ഒക്കെ, ആലപ്പുഴ ജില്ലയിൽ ആയതുകൊണ്ട് തന്നെ ചെറിയ ചെറിയ കൈത്തോടുകളും ഓലികളും ഒക്കെ അവിടെ ഇവിടെയായി കാണാം. കനാലിനരികിലെത്തിയപ്പോൾ അവിടെ കുറച്ചുപേർ കുളിക്കാൻ നിൽപ്പുണ്ട്.. അതിൽ സ്ത്രീകളും പുരുഷന്മാരും ഒക്കെ ഉൾപ്പെടുന്നുണ്ട്, ആ കാഴ്ച തന്നെ കൗതുകമായിരുന്നു സുധിയ്ക്ക്, ആളില്ലാത്ത ഒരു കടവിനരികയിലായി രണ്ടുപേരും ഇറങ്ങി, " സുധിയേട്ടന് നീന്തൽ ഒക്കെ അറിയോ...? ആഴമൊന്നുമില്ല എങ്കിലും.... മീര ചോദിച്ചു... " പിന്നെ കനാലിൽ കുളിക്കാൻ ആണ് നീന്തൽ അറിയേണ്ടത്, എന്നാലും എനിക്ക് നീന്തൽ അറിയാം.. പണ്ട് അമ്മയുടെ വീട്ടിൽ പോകുമ്പോൾ ആറ്റിൽ പോകാറുണ്ട്, അമ്മയുടെ വീട് പന്തളത്ത് ആണ്... അവിടെ ആറും തോടും ഒക്കെ ഉണ്ടല്ലോ, അവൻ ഒരു തോർത്ത് ഒക്കെ കെട്ടി കുളിക്കാൻ തുടങ്ങി, ആ നേരം കൊണ്ട് കുറച്ചു തുണികൾ ഒക്കെ അവൾ നനച്ചു.. കുളി കഴിഞ്ഞ് കയറി വന്നവൻ അവളോടൊപ്പം തുണി ഉലയ്ക്കാനും കൂടി. അവൾ അവനെ തടഞ്ഞുവെങ്കിലും അവനത് ഗൗനിക്കാതെ അവളെ സഹായിച്ചു കൊണ്ടിരുന്നു. കുളികഴിഞ്ഞ് രണ്ടുപേരും തിരികെ കയറി പോകുന്നതിനിടയിലും ഒരുപാട് സംസാരിച്ചു, സുധിയെ അവൾ കൂടുതൽ അറിയുകയായിരുന്നു, വളരെ ശാന്തമായ സ്വഭാവമാണ് അവന്റെത്, സംസാരിക്കുന്നത് പോലും ഏറെ വിനയത്തോടെയാണ് ആരെയും വെറുപ്പിക്കാതെ ആർക്കും വേദനയുണ്ടാക്കാതെ ഏറെ മനോഹരമായ സംസാരിക്കുന്ന അവനോട് അവൾക്ക് ആരാധന തോന്നിയിരുന്നു... കറുപ്പും ചെമ്പൻ നിറവും ഇടകലർന്ന മീശയും താടിയും പ്രവാസത്തിന്റെ ബാക്കിപത്രമെന്നോളം ചെറുതായി കഷണ്ടി കയറി തുടങ്ങിയ മുടിയിഴകളും വടിവോത്ത പുരികങ്ങളും ഒക്കെ അവന്റെ സൗന്ദര്യമാണ് എന്ന് അവൾക്ക് തോന്നി. നന്നായി വെളുത്ത നിറമാണ്, ഷർട്ട് കൂടി ഇട്ടിട്ടില്ല ഒരു തോർത്ത് കൊണ്ട് ഉടൽ പൊതിഞ്ഞിരിക്കുകയാണ്. നല്ല വെളുത്ത നെഞ്ചിലെ ആ കറുത്ത ചുരുണ്ട രോമങ്ങൾ കാണെ വല്ലാതെ ആയിപ്പോയിരുന്നു മീര, ആദ്യമായി ആണ് ഒരു പുരുഷന്റെ ഉറച്ച നെഞ്ചം ഇങ്ങനെ കാണുന്നത്, നെഞ്ചിലെയും കഴുത്തിലേയും രോമങ്ങളെ ചുറ്റി കിടക്കുന്ന ഒരു സ്വർണമാല, അത് നീളത്തിൽ നെഞ്ചുവരെ നീണ്ടുകിടക്കുന്നു, അതിന്റെ അറ്റത്തായി എസ് എന്ന ലോക്കറ്റ്. സിൽവർ ചെയിൻ നിറഞ്ഞു കിടക്കുന്ന രോമങ്ങളാൽ ആവരണം ചെയ്ത കൈകളിൽ തന്റെ പേര് എഴുതി കിടക്കുന്ന കല്യാണമോതിരം. കുളി കഴിഞ്ഞതും വെയിൽ ഏറ്റു അവന്റെ മുഖമൊക്കെ വല്ലാതെ ചുവന്നു, വെളുത്തത് ആയതുകൊണ്ട് തന്നെ ആ ചുവപ്പ് നന്നായി എടുത്ത് അറിയാം. ഇടയ്ക്ക് നടക്കുന്നതിനിടയിൽ തോർത്തു കൊണ്ട് തലയിൽ തുടക്കുന്നുമുണ്ട്, അങ്ങനെയാണ് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത്.. അവളുടെ നോട്ടം കണ്ടുകൊണ്ട് അവൻ അവളെ കൂർപ്പിച്ചു നോക്കി. പിന്നെ പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു, പെട്ടെന്ന് അവൾക്ക് ചമ്മൽ തോന്നി.. ആ നിമിഷം തന്നെ അവൾ അവനിൽ നിന്നും നോട്ടം മാറ്റി കളഞ്ഞിരുന്നു.. അവൻ അവളെ നോക്കി ആക്കി ഒന്ന് തലയാട്ടി... " തന്റെ നോട്ടത്തിന്റെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ...!കുറെ നേരമായിട്ട് ചോര ഊറ്റുവാണല്ലോ എന്റെ, ഞാൻ കാണുന്നുണ്ട് കേട്ടോ...! അവളുടെ കാതോരം പതിയെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞപ്പോൾ, നാണത്താൽ തുടുത്തു പോയിരുന്നു മീര.........കാത്തിരിക്കൂ.........