കൊലുസ്സ്: ഭാഗം 1

koluss

എഴുത്തുകാരി: ശീതൾ

🎼കരിമിഴി കുരുവിയെ കണ്ടീല..🎼 🎼നിൻ ചിരിമണി ചിലമ്പൊലി കേട്ടീല..നീ പണ്ടേ എന്നോടൊന്നും മിണ്ടീല 🎼 കുളികഴിഞ്ഞ് ബാത്‌റൂമിൽനിന്ന് മൂളിപ്പാട്ടും പാടി ഇറങ്ങിയപ്പോഴാണ് താഴെനിന്ന് ഒരു വിസിലടി ശബ്ദം കേട്ടത്.. ഞാൻ വേഗം മുറിയുടെ സൈഡിലുള്ള ജനലിലൂടെ താഴേക്ക് നോക്കി..നിത്യ എന്നെ നോക്കി വേഗം വരാൻ ആംഗ്യം കാണിച്ചു.. "ഇതെന്താ ഇപ്പൊ...പെണ്ണ് ഇന്ന് നേരത്തെ ആണല്ലോ.." ഒരു പത്തു മിനിറ്റ് ഇപ്പൊ വരാം എന്ന് നിത്യയോട് ആംഗ്യം കാണിച്ച് ഞാൻ വേഗം കണ്ണാടിയുടെ മുൻപിൽ ചെന്ന് തലയിൽ മുടിചേർത്ത് കെട്ടിവച്ച തോർത്ത്‌ അഴിച്ച് മുടിയിലെ വെള്ളമെല്ലാം ഒപ്പിയെടുത്തു.. മുടിചീകി ഇരുഭാഗത്തുനിന്നും ആയി ഇഴയെടുത്ത് കെട്ടി....നടുക്കായി തുളസിക്കതിർ വച്ചു... ധാവണിയുടെ ഷോൾ ഞൊറിഞ്ഞെടുത്ത് ഒരറ്റം ഇടുപ്പിൽ തിരുകി..മറ്റേ അറ്റം ബ്ലൗസിൽ പിൻ ചെയ്തു...കണ്ണെഴുതി നെറ്റിയിൽ ഒരു ചെറിയ വട്ടപ്പൊട്ടും കുത്തി ബാഗും എടുത്ത് ഞാൻ താഴേക്ക് ഇറങ്ങി... °°°°°°°°°° ഇത് ശ്രീദേവി...മേലെടത്ത് അരവിന്ദന്റെയും ഇന്ദിരയുടെയും ഒരേയൊരു മകൾ...ഇപ്പൊ ഡിഗ്രി തേർഡ് ഇയർ.... °°°°°°°°°°°°

അടുക്കളയിൽ ചെന്നപ്പോൾ അമ്മ പ്രാതൽ തയ്യാറാക്കുന്ന തിരക്കിൽ ആണ്...ഞാൻ അമ്മയുടെ അടുത്തുചെന്ന് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു... "ഞാൻ പോവാട്ടോ അമ്മേ.." "എന്താ കുട്ടി ഇത്ര നേരത്തെ പോകുന്നത്...സമയം ആകുന്നല്ലേ ഒള്ളു...??? "നിത്യ നേരത്തെ വന്നു അമ്മേ.." "എന്തെങ്കിലും കഴിച്ചിട്ട് പോ മോളേ..." "വേണ്ടമ്മേ വിശപ്പില്ല...ഞാൻ പോകുവാ..." അമ്മയോട് യാത്ര പറഞ്ഞ് ഞാൻ അടുക്കളവാതിലിലൂടെ പുറത്തുകടന്നു...മതിലിന് അടുത്തുള്ള ഇടവഴിയിലൂടെ നിത്യയുടെ അടുത്തെത്തി... "നീയെന്താ നിത്യ ഇത്ര നേരത്തെ വന്നത്....??? "എടി...ബുദൂസെ...ഇന്നല്ലേ നമ്മടെ തേർഡ് ഇയർ ഫസ്റ്റ് ക്ലാസ്സ്‌...ആ രവിന്ദ്രൻ സർ സ്പെഷ്യൽ ക്ലാസ്സ്‌ പറഞ്ഞത് നീ മറന്നോ.." നിത്യ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്..സുഭാഷ് ഇന്നത്തേക്ക് ഉള്ള വക ആയി... "എന്റെ ഭഗവാനെ...ഞാനത് മറന്നു....

എനിക്ക് അമ്പലത്തിൽ കയറി ഒന്ന് തൊഴണം നിത്യ... " "എന്റെ ശ്രീ...ഇപ്പൊത്തന്നെ ലേറ്റ് ആയി..." "പ്ലീസ് ഡി..ഈ കാര്യമേ ഞാൻ മറന്നുപോയി..ന്റെ കൃഷ്ണനെ ഒരു നോക്ക് കാണാതെ പോയാൽ ഇന്നത്തെ ദിവസമേ പോകും.." "അതെങ്ങനെയാ ഒന്ന് വിളിച്ച് ഓർമ്മിപ്പിക്കാൻ ഒരു ഫോൺ പോലും നിനക്കില്ല..നിന്റെ കാര്യം കഷ്ടം തന്നെ ശ്രീ.." "അതൊന്നും പറഞ്ഞുനിൽക്കാൻ ഇപ്പൊ സമയമില്ല..നീ വന്നേ.." ഞാൻ വേഗം ഒരു കൈകൊണ്ട് നിത്യയെയും മറുകൈകൊണ്ട് ദാവണിത്തുമ്പു പൊക്കിപ്പിടിച്ച് ഓടി.. ബസ് സ്റ്റോപ്പിന് കുറച്ച് അടുത്താണ് അമ്പലം..അവിടെ അടുത്ത് എത്തിയപ്പോൾ ഞാൻ ബാഗ് നിത്യയുടെ കയ്യിൽകൊടുത്തിട്ട് അകത്തേക്ക് ഓടി.. നടയുടെ മുൻപിൽ ഒരു ചെറുപ്പക്കാരൻ മാത്രമേ പ്രാർത്ഥിക്കുന്നൊള്ളു..ഞാൻ ഓടി നടയുടെ മുൻപിൽ എത്തി കണ്ണനെ ഒരുനോക്ക് കാണാനായി തല ചെരിച്ചതും നട അടച്ചതും ഒരുമിച്ചായിരുന്നു..... എനിക്ക് ഒരേസമയം സങ്കടവും ദേഷ്യവും വന്നു..കണ്ണൊക്കെ നിറഞ്ഞു വന്നു..കണ്ണനെ കാണാതെ ഞാൻ എന്റെ ഒരു ദിവസം തുടങ്ങിയിട്ടില്ല.. "അല്ല ശ്രീദേവി മോൾ എന്താ ഇന്ന് വൈകിയത്.." അമ്പലത്തിലെ ശാന്തി എന്നോട് ചോദിച്ചു.. "അത് പിന്നെ ...

അല്ല ഇന്നെന്താ നേരത്തെ നട അടച്ചത്..?? "ഇന്ന് വെള്ളിയാഴ്ച്ച അല്ലേ കുട്ടി.." ഞാൻ അറിയാതെ തലയിൽ കൈവച്ചു പോയി...വെള്ളിയാഴ്ച്ച ദിവസങ്ങളിൽ നട നേരത്തെ അടക്കുന്നത് പതിവാണ്..അന്ന് സർപ്പക്കാവിൽ ആണ് പ്രത്യേക പൂജ ഉണ്ടാകുന്നത്.. ഇന്ന് മുഴുവൻ മറവിയാണല്ലോ എന്റെ കണ്ണാ..ഞാൻ ഇനിയെന്ത് ചെയ്യും... "അനുഗ്രഹം ലഭിക്കാൻ കേവലം ഒരു വിഗ്രഹം ദർശിക്കണം എന്ന് നിർബന്ധമില്ല...മനസ്സിൽ പ്രാർത്ഥിച്ചാലും മതി.." എന്റെ തൊട്ടടുത്ത് നിന്ന ചെറുപ്പക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തലചെരിച്ച് അയാളെ നോക്കി... ഷർട്ടും മുണ്ടുമാണ് വേഷം..നെറ്റിയിലേക്ക് അലസമായി വീണ് കിടക്കുന്ന മുടി...അത് ആ വെളുത്ത മുഖത്തിന്‌ ഭംഗി കൂട്ടുന്നു... നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്..കട്ട താടിയുടെയും മീശയുടെയും ഇടയിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരിയുമായി അയാൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു... കൃഷ്ണനെ ഒരുനോക്ക് കാണാത്തതിലുള്ള ദേഷ്യവും സങ്കടവും കൂടാതെ അയാൾ പറഞ്ഞതും കൂടി ആയപ്പോൾ എനിക്കങ്ങോട്ട് കലിച്ചു കയറി...

"തന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ...ഹും പെൺകുട്ട്യോളെ പാട്ടിലാക്കാൻ അവസരം നോക്കി നടക്കാണ് ഓരോന്ന്.." ഞാൻ അങ്ങനെ പറഞ്ഞിട്ടും.. ആ മുഖത്തെ പുഞ്ചിരി തെല്ല് കുറഞ്ഞില്ല..ഇയാളെന്താ പ്രാന്തനാണോ.. ഇനി അഥവാ ആണെങ്കിൽ പറഞ്ഞതിന് ദേഷ്യം വന്ന് എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഉള്ളിൽ വന്നപ്പോൾ ഞാൻ അവിടുന്ന് പുറത്തേക്ക് ഓടാൻ കാൽ മുൻപോട്ട് വച്ചതും ദാവണിയിൽ കാൽ കുരുങ്ങി വീഴാൻ തുടങ്ങി... അടുത്ത് നിന്ന അയാളുടെ തലയുമായി കൂട്ടിയിടിച്ച് ഞാൻ വീഴാൻ തുടങ്ങിയതും അയാൾ എന്റെ ഇടുപ്പിൽ കൈ ചേർത്ത് എന്നെ താങ്ങിപ്പിടിച്ചു... അയാളുടെ കരം എന്റെ ദാവണിയുടെ മറ നീക്കി എന്റെ അണിവയറിൽ അമർന്നതും ശരീരമാകെ ഒരു വിറയൽ കടന്നുപോയി..ഹൃദയമിടിപ്പ് വല്ലാതെ കുതിച്ചുയർന്നു... അയാൾ കൈ പിൻവലിക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ കിട്ടിയ ധൈര്യം വച്ച് ആ കയ്യിൽ എന്റെ നഖങ്ങൾ ആഴ്ത്തി.. പെട്ടെന്ന് അയാൾ എരിവ് വലിച്ചുകൊണ്ട് എന്നിലെ പിടിവിട്ട് എന്നെത്തന്നെ നോക്കിയതും ഞാനും അയാൾക്ക് രൂക്ഷമായ ഒരു നോട്ടം സമ്മാനിച്ചു..

"ഹൂ...എന്താടോ...ഞാൻ തന്നെ വീഴാതെ ഹെല്പ് ചെയ്തതല്ലേ...!!! "എന്നെ സഹായിക്കാൻ താൻ ആരാടോ... അല്ലെങ്കിലും അവസരം മുതലെടുക്കാൻ എല്ലാ ആണുങ്ങൾക്കും വലിയ മിടുക്കാണ്..."😡😡 "ദേ കുട്ടീ...അനാവശ്യം പറയരുത്...എല്ലാ ആണുങ്ങളെയും ഓരേ കണ്ണിൽ കാണരുത്.." അയാളുടെ മുഖഭാവം മാറിയപ്പോൾ ഞാൻ തെല്ലൊന്ന് ഭയന്നു.. "വൃത്തികെട്ടവൻ" ഞാൻ അയാളെ തുറിച്ചുനോക്കി പറഞ്ഞിട്ട് അവിടുന്ന് വേഗം പുറത്തേക്ക് പോയി..നിത്യ വെയിറ്റ് ചെയ്ത് മടുത്ത് നിൽക്കുന്നുണ്ട്.. "എന്റെ ശ്രീ...ഒന്ന് തൊഴാൻ നിനക്ക് ഇത്ര സമയം വേണോ..??? "തൊഴാൻ പറ്റിയില്ല ..അപ്പോഴേക്കും നട അടച്ചു..."😞 "എന്ത് പിന്നെങ്ങനെയാ നിന്റെ നെറ്റിയിൽ ഈ ചന്ദനക്കുറി വന്നത്...??? അവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി കൈകൊണ്ട് നെറ്റിയിൽ തടവിനോക്കി..ശെരിയാണ് കുറി വരച്ചിട്ടുണ്ട്..ഇതെങ്ങനെ.. പെട്ടെന്നാണ് അയാളെ കൂട്ടിയിടിച്ചത് എനിക്ക് ഓർമ്മ വന്നത്... അറിയാതെ എന്റെ കൈ വയറിലേക്ക് പോയി..അവിടം തിണർത്തു വന്നിട്ടുണ്ട്... പെട്ടെന്ന് ബസ്സിന്റെ ഹോണടി ശബ്ദം കേട്ടപ്പോൾ നിത്യ എന്നെയും വലിച്ചുകൊണ്ട് പോയി... ___

ബുള്ളറ്റ് മുറ്റത്ത് നിർത്തി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും അടുക്കളയിൽ നിന്ന് കടുക് താളിക്കുന്ന ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറി... സിറ്റ്ഔട്ടിൽ കിടക്കുന്ന ന്യൂസ്‌പേപ്പർ കയ്യിലെടുത്ത് നേരെ അടുക്കളയിലേക്ക് വിട്ടു..ഗീതമ്മ പിടിപ്പത് പണിയിലാണ്... "ആഹ്..കണ്ണാ നീ വന്നോ..എങ്ങനെയുണ്ട് നാടൊക്കെ ഇഷ്ടായോ..?? ഗീതമ്മയുടെ ചോദ്യംകേട്ട് എനിക്ക് അമ്പലത്തിൽ വച്ച് നടന്ന കാര്യമാണ് ഓർമ്മ വന്നത്..എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "മ്മ്...ഈ നാട്ടിൽ ആർക്കും ഉപകാരം ചെയ്യാൻ പാടില്ല എന്നാണ് ഗീതമ്മേ തോന്നുന്നത്.." "അതെന്താടാ അങ്ങനെ പറഞ്ഞത്...നിന്റെ അച്ഛന്റെ സ്വന്തം നാടാണ്..പറയുമ്പോൾ സൂക്ഷിച്ച് പറഞ്ഞോ..ഇല്ലെങ്കിൽ പണി പാളും.." അത് പറയുമ്പോൾ ഗീതമ്മയുടെ ചുണ്ടുകൾ വിതുമ്പി എങ്കിലും അത് സമർഥമായി മറച്ചു.. "അല്ല...ഞാൻ ഇന്ന് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു എന്നെ ഒള്ളു..." മിക്സിയിൽ തേങ്ങ അരച്ചുകൊണ്ടിരുന്ന ഗീതമ്മ അത് ഓഫ് ചെയ്ത് എനിക്കുനേരെ തിരിഞ്ഞ് എന്നെ അടിമുടി നോക്കി...

"മ്മ്...എന്താണ് ഒരു സൂക്ഷ്മനിരീക്ഷണം..??? പത്രത്തിൽനിന്ന് കണ്ണേടുക്കാതെ ഞാൻ ചോദിച്ചു... "അല്ല കണ്ണൻ മോൻ അമ്പലത്തിലേക്കു തന്നെയാണോ പോയത്..??? ഞാൻ ചോദ്യഭാവത്തിൽ മുഖമുയർത്തി ഗീതമ്മയെ നോക്കി.. "അതെന്താ അങ്ങനെ ചോദിച്ചേ..ദേ ഞാൻ പറഞ്ഞ വാക്ക് പാലിച്ചു..കണ്ടോ ചന്ദനക്കുറി.." "മ്മ് അതൊക്കെ ഓക്കെ...പക്ഷെ ഇതെന്താ മോനെ...??? അമ്മ എന്റെ ഷിർട്ടിന്റെ ബട്ടണിൽ കുരുങ്ങിക്കിടന്ന തുളസിക്കതിരും അതിനോടൊപ്പം ഒരു ചെറിയ മുടിചുരുളും എടുത്തു.. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..അമ്പലത്തിൽ വച്ചു കണ്ട ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു..ആ വെള്ളിക്കൊലുസ്സിന്റെ കിലുക്കം ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു..അവളുടെ നഖം ആഴ്ന്ന എന്റെ കയ്യിൽ ഞാൻ പതിയെ വിരലുകൾ ഓടിച്ചു..ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്... ഇടതൂർന്നു കിടക്കുന്ന കാർക്കൂന്തലും ആരെയും മയക്കുന്ന വാലിട്ടെഴുതിയ കണ്ണുകളും..ഇളം ചുവപ്പ് അധരങ്ങളും..കോപം വരുമ്പോൾ ചുവന്നുതുടുക്കുന്ന കവിളും..നല്ല മുല്ലപ്പൂവിന്റെയും കാച്ചിയ എണ്ണയുടെയും വശ്യമായ ഗന്ധവും...മൊത്തത്തിൽ ഒരു നാടൻപ്പെണ്ണ്...😘😘

"ടാ...നീ എന്ത് ദിവാ സ്വപ്നം കാണുകയാ...??? ഗീതമ്മ തലക്കിട്ട് കൊട്ടിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.. "ഹോ ഒന്നും പറയണ്ട എന്റെ ഗീതു ...ഇന്ന് അമ്പലത്തിൽ വച്ച് ഒരു ഗുണ്ടുമുളകിനെ കണ്ടു..ഒന്ന് വീഴാൻ പോയപ്പോൾ പിടിച്ചതാ..എന്നെ കൊന്നില്ലന്നെ ഒള്ളു..ഹാ ഇന്നത്തെ ജോഗ്ഗിങ് മുടങ്ങിയത് മിച്ചം.." "ഓഹോ...നാട്ടിലെ പെൺപിള്ളേർ വീഴാൻ പോകുമ്പോൾ സഹായിക്കാൻ നീ ആരാടാ കൃഷ്ണനോ...?? "യെസ്..ഞാൻ കണ്ണനാണല്ലോ..."😜😜 "എന്നാലേ എന്റെ കള്ളക്കണ്ണൻ പോയി റെഡി ആയി വാ..ഫസ്റ്റ് ഡേ തന്നെ കോളേജിൽ ലേറ്റ് ആകണ്ട..." ഗീതമ്മ പറഞ്ഞതുകേട്ട് ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങി... "ആ പിന്നേ ഇനി ആ കുട്ടിയെ കാണുമ്പോൾ പറഞ്ഞേക്ക് മുടികൊഴിയുന്നതിന് കറ്റാർവാഴ നല്ലതാണെന്ന്.." ഞാൻ അതുകേട്ട് അമ്മയെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് റൂമിലേക്ക് വലിഞ്ഞു..ആ ഗുണ്ടുമുളകിനെ ഇനിയും കാണുമോ ആവോ.. °°°°°°°° ഇത് സിദ്ധാർഥ് എന്ന കണ്ണൻ..വിശ്വനാഥന്റെയും ഗീതയുടെയും ഒരേയൊരു മകൻ..അച്ഛൻ മരിച്ചു..ഇപ്പൊ അമ്മയും മോനും മാത്രം.. °°°°°°°°° ____

"മേ ഐ കമിൻ സർ.....??? പേടിച്ച് പേടിച്ചാണ് ഞങ്ങൾ അനുവാദം ചോദിച്ചത്...ലേറ്റ് ആയതുകൊണ്ട് ക്ലാസ്സ്‌ നേരത്തെ തുടങ്ങിയിരുന്നു.. ഞങ്ങളെക്കണ്ട് സാറും കുട്ടികളും ഒരുപോലെ നോക്കി... "ആഹാ...എന്താ രണ്ടും ലേറ്റ് ആയത്...തേർഡ് ഇയർ സ്റ്റാർട്ട്‌ ചെയ്തപ്പോഴേ ഉഴപ്പാനാണോ പ്ലാൻ...??? "സോറി സർ...ബസ് മിസ്സ്‌ ആയിപ്പോയി..." നിത്യ ആണ് മറുപടി പറഞ്ഞത്.. "മ്മ്...ഡോണ്ട് റിപീറ്റ് ദിസ്‌..ഗെറ്റ് ഇൻ..." അത് കേട്ടപാടെ ഞങ്ങൾ വേഗം കയറി ഞങ്ങടെ സീറ്റിൽ പോയിരുന്നു... "ഹോ ഇയ്യാൾക്ക് എന്തിന്റെ അസുഖം ആണാവോ..ഇങ്ങനെ സ്പെഷ്യൽ വയ്ക്കാൻ..." നിത്യ "എന്താ ഇത്ര സംശയം..പ്രിൻസിയുടെ ഓർഡർ തന്നെ..നമുക്ക് മാത്രമല്ല ഫൈനൽ ഇയർ എല്ലാ ബാച്ചിലും ഉള്ള കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ വച്ചിട്ടുണ്ട്.." ഞങ്ങളുടെ അടുത്തിരുന്ന കൃപ ആണ് അത് പറഞ്ഞത്.. "എന്താ കാര്യം....???

ഞാനും നിത്യയും പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. "ഇന്ന് ഫസ്റ്റ് ഇയഴ്സ് കൂടി ജോയിൻ ചെയ്യുന്ന ദിവസമല്ലേടി..സാധാരണ ഈ ദിവസം ഇവിടെയൊരു അടി പതിവാണല്ലോ..അത് ഒഴിവാക്കാൻ ആണ് ഈ ഓഞ്ഞ പരിപാടി...പക്ഷെ ഇവര് എന്തൊക്കെ ചെയ്താലും അടി ഉണ്ടെന്ന് വിചാരിച്ചാൽ ഉണ്ടായിരിക്കും.." "ഓ......." കൃപ പറയുന്നതുകേട്ട് ഞങ്ങൾ ഒന്ന് മൂളി...അങ്ങനെ തട്ടിയും മുട്ടിയും ആ ക്ലാസ്സ്‌ തീർന്നു..രവിന്ദ്രൻ സർ ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിപ്പൊയതും എല്ലാവരും സ്വർഗം കിട്ടിയ സന്തോഷത്തിൽ കലപില കൂട്ടാൻ തുടങ്ങി.. പെട്ടെന്നാണ് വരാന്തയിലൂടെ കുട്ടികൾ ഓടുന്നത് കണ്ടത്...ഞങ്ങൾക്ക് ഒന്നും മനസിലായില്ല.. "എന്താടി...എല്ലാരും എന്തിനാ ഇങ്ങനെ ഓടുന്നത്....??? നിത്യ "പൊളിച്ചു മോളേ..ഞാൻ പറഞ്ഞില്ലേ..ഇന്നൊരു അടി ഉറപ്പാണെന്ന്...തുടങ്ങിയെന്നാ തോന്നുന്നത്..വാ പോയി നോക്കാം.." കൃപ അതുംപറഞ്ഞ് എഴുന്നേറ്റതും നിത്യയും അവളുടെ കൂടെ പോകാൻ ഒരുങ്ങി..എനിക്ക് പിന്നെ അടിയെന്ന് കേൾക്കുന്നതെ പേടി ആണെങ്കിലും അവിടെ എന്താ നടക്കുന്നത് എന്ന് കാണാൻ ഒരു ആകാംഷ..അതുകൊണ്ട് ഞാനും അവരുടെ കൂടെ പോയി.. (തുടരും)

Share this story