കൊലുസ്സ്: ഭാഗം 34

koluss

എഴുത്തുകാരി: ശീതൾ

ആ മഴ മുഴുവൻകൊണ്ട് ആകെ നനഞ്ഞു കുളിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്.. എനിക്ക് പണ്ടത്തെപ്പോലെ അമ്മയുടെ വക നല്ല കേട്ടു..അമ്മ തോർത്തുംകൊണ്ട് ഓടിവന്ന് എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ കണ്ണേട്ടന്റെ തല തുവർത്തികൊടുത്തു.. ഞാൻ ചുണ്ട് കോട്ടി മുഖം തിരിച്ചതും പെട്ടെന്ന് അച്ഛൻ ഒരു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്ന് തോർത്തെടുത്ത് എന്റെ തലയിലെ വെള്ളമെല്ലാം ഒപ്പിയെടുത്തു... ഞാൻ ആദ്യം ആകെ അന്തംവിട്ട് അച്ഛനെ നോക്കിയെങ്കിലും പതിയെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. സന്തോഷത്താൽ കണ്ണുനിറഞ്ഞ് കാഴ്ച്ച മങ്ങി...ഓരോ നിമിഷവും ഒരച്ഛന്റെ സ്നേഹവും കരുതലും ഞാൻ ആവോളം അനുഭവിച്ചറിയുകയാണ്..ഒരിക്കലും ഈ സ്നേഹം എന്നിൽനിന്ന് അകലാതെ ഇരുന്നെങ്കിൽ... നനഞ്ഞ വേഷം മാറി ബാത്‌റൂമിൽനിന്ന് ഇറങ്ങിയപ്പോൾ കണ്ടത് ബെഡിൽ ഫോണിൽ നോക്കിയിരിക്കുന്ന കണ്ണേട്ടനെയാണ്...മുഖത്ത് പുഞ്ചിരിയില്ലെങ്കിലും ആ മുഖം കാണാൻതന്നെ നല്ല ഭംഗിയാണ്... ഞാനൊരു പുഞ്ചിരിയോടെ ബെഡിൽ കയറി കണ്ണേട്ടന്റെ മടിയിൽ കിടന്നു...ഫോണിൽനിന്ന് നോട്ടം മാറ്റിയില്ലെങ്കിലും ആ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്... ഞാൻ അരയിലൂടെ കയ്യിട്ട് കണ്ണേട്ടന്റെ വയറിൽ മുഖം അമർത്തി കിടന്നു...കണ്ണേട്ടന്റെ കൈകൾ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു... "കണ്ണേട്ടാ........" "മ്മ് പറ ഗുണ്ടുമുളകേ......." "ഞാനിപ്പോ എത്ര ഹാപ്പി ആണെന്ന് അറിയോ..ശെരിക്കും കണ്ണേട്ടൻ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ എന്റെ ഈ ജന്മത്തിന് യാതൊരു അർഥവും ഉണ്ടാകില്ലായിരുന്നു..

ഇപ്പൊ ഞാൻ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെയീ മാഷ് മാത്രമാണ്...എന്തിനാ മാഷേ എന്നെ ഇത്രയധികം സ്നേഹിക്കുന്നത്...?? ഞാൻ മുഖമുയർത്തി കണ്ണേട്ടനെനോക്കി..കണ്ണേട്ടൻ വാത്സല്യത്തോടെ എന്റെ കവിളിൽ കൈചേർത്തു... "നിന്നെ എന്തിന് ഇത്ര സ്നേഹിക്കുന്നു എന്നുമാത്രം എന്നോട് ചോദിക്കരുത്..കാരണം അത് ഇന്നും എന്റെ മുന്നിൽ ഒരു ഉത്തരമില്ലാത്ത ചോദ്യമാണ്...ഒന്നുമാത്രം അറിയാം നീയില്ലെങ്കിൽ എന്റെയും ജന്മം പൂർണ്ണമാകില്ലന്ന്..❣️❣️ മാഷിന്റെ വാക്കുകൾ ഒരു പ്രണയസാഗരംപോലെ എന്നിലേക്ക് അലയടിച്ചു..പ്രണയം വാക്കുകൾക്ക് അതീതമാണെന്ന് പറയാതെ പറഞ്ഞ വാക്കുകൾ...ഞാൻ ഒന്നുകൂടി ആ കിടപ്പിൽതന്നെ കണ്ണേട്ടന്റെ വയറിൽ ചുറ്റിവരിഞ്ഞു..ആ ശരീരത്തിന്റെ ഗന്ധംപോലും എന്നോടുള്ള അടങ്ങാത്ത പ്രണയം വിളിച്ചുപറയുന്നതുപോലെ...എത്രനേരം അങ്ങനെ കിടന്നെന്ന് അറിയില്ല.. "ഹലോ ഭവതി....ഇങ്ങനെതന്നെ കിടക്കാനാണോ പ്ലാൻ..?? കണ്ണേട്ടൻ എന്നെനോക്കി ചിരിയോടെ ചോദിച്ചു..ആ ചിരി എന്നിലേക്കും പകർന്നു... "മ്മ്മ് എനിക്ക് ഇങ്ങനെ കിടന്നാൽ മതി...രാവെന്നോ പകലെന്നോ ഇല്ലാതെ എന്റെ മാഷിന്റെ മടിയിൽ ഇങ്ങനെ ചേർന്നുകിടക്കണം..." "മ്മ്മ്മ്...അതൊക്കെ വീട്ടിൽ ചെന്നിട്ട്..നമുക്ക് പോണ്ടേ..പെണ്ണേ...???

അതുകേട്ടതും എന്റെ മുഖം വാടി..ഞാൻ കീഴ്ച്ചുണ്ട് പിളർത്തി... "മ്മ്ഹ്...പോണ്ടാ...." പറയുമ്പോൾ എന്റെ ചുണ്ടുകൾ വിതുമ്പിയിരുന്നു...കണ്ണേട്ടൻ അതുകണ്ട് എന്നെ കണ്ണേട്ടനിലേക്ക് ഒന്നുകൂടി ചേർത്തണച്ചു നെറ്റിയിൽ സ്നേഹചുംബനം നൽകി.. "എന്റെ ദേവിക്കുട്ടി എന്തിനാ വിഷമിക്കണേ..ഇനിയെന്നും അച്ഛൻ നമ്മുടെ സ്വന്തമല്ലേ...നമുക്ക് എപ്പോവേണേലും ഇങ്ങോട്ട് വരാമല്ലോ..അത് പോരേ മ്മ്...?? കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ ചുണ്ടിൽ ഒരു ചെറുചിരി വിരിയിച്ചു.. "എനിക്ക് അകത്തോട്ട് വരാമോ...?? മുറിയുടെ വാതിൽക്കൽ നിന്ന് അച്ഛന്റെ ശബ്ദം കേട്ടതും ഞങ്ങൾ പരസ്പരം അകന്നുമാറി എഴുന്നേറ്റു... "അകത്തേക്ക് വാ അച്ഛാ..." കണ്ണേട്ടൻ വിളിച്ചതുകേട്ട് അച്ഛൻ അകത്തേക്ക് വന്നു...കയ്യിൽ ചെറിയൊരു പെട്ടിയും ഉണ്ട്... "നിങ്ങള് ഇന്നുതന്നെ പോകുമെന്ന് വർഷ പറഞ്ഞു..അതെന്തേ നാളെ പോയാൽ പോരേ..കണ്ണന് ഇവിടെ ഇഷ്ടമായില്ലെ...??? "അയ്യോ അച്ഛാ..അതുകൊണ്ടല്ല ഇവിടെയൊക്കെ എനിക്ക് വളരെ ഇഷ്ടമായി..പിന്നെ ഗീതമ്മ അവിടെ ഒറ്റക്കല്ലെ...വേറൊരുദിവസം ഞങ്ങൾ മൂന്നുപേരും കൂടി വരാം..." കണ്ണേട്ടൻ പറഞ്ഞതുകേട്ട് അച്ഛൻ ഒന്ന് മൂളി..ആ മുഖത്ത് ചെറിയ സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു...എങ്കിലും അത് പാടെ മറച്ചുകൊണ്ട് പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു...

"ഇതുവരെ ഒരുതരി സ്വർണ്ണമോ പണമോ നിനക്കുവേണ്ടി മനസ്സറിഞ്ഞു ചിലവാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..ദാ ഇതൊക്കെ മോൾക്കുവേണ്ടിയാണ്.." അതുംപറഞ്ഞ് അച്ഛൻ ആ പെട്ടി എന്റെ കയ്യിലെക്ക് തന്നു...തുറന്നുനോക്കിയപ്പോൾ സ്വർണ്ണമാലയുടെയും വളയുടെയും ഒരു കൂട്ടം..ഞാനൊരു അന്ധാളിപ്പോടെ അച്ഛനെ നോക്കി... "അച്ഛാ...എന്തായിത്..ഇതൊന്നും എനിക്ക് വേണ്ടാ..ഇതൊന്നും ആഗ്രഹിച്ചല്ല ഞാൻ വന്നത്..അച്ഛനിത് തിരികെ വാങ്ങൂ..." ഞാൻ ആ പെട്ടി ഭദ്രമായി അച്ഛനെ ഏൽപ്പിക്കാൻ ഭാവിച്ചു...എന്നാൽ അച്ഛൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല... "ഇതൊക്കെ നിനക്ക് അവകാശപ്പെട്ടത് തന്നെയാ..എനിക്കൊരു കാവൽക്കാരന്റെ അവകാശമേ ഒള്ളൂ..കണ്ണാ ഇത് വാങ്ങണം..സ്ത്രീധനമായി കണ്ടോളു..." അച്ഛൻ കണ്ണേട്ടനെനോക്കി പറഞ്ഞു...കണ്ണേട്ടൻ ഒരു പുഞ്ചിരിയോടെ പെട്ടി എന്റെ കയ്യിൽനിന്നും വാങ്ങി അച്ഛനെ തന്നെ ഏൽപ്പിച്ചു..എന്നിട്ട് എന്നെ ചേർത്തുപിടിച്ചു... "ഈ നിൽക്കുന്ന പെണ്ണിനെയാണ് ഞാൻ സ്നേഹിച്ചത്..ഇവളെ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്..ഇവളെക്കാൾ വലിയ ധനമൊന്നും എനിക്കിനി കിട്ടാനില്ല..എനിക്കീ മുതലിനെ മാത്രം മതി..." കണ്ണേട്ടൻ പറയുമ്പോഴും എന്റെ കരങ്ങളും കണ്ണേട്ടനിൽ ഒരു വലയം തീർത്തിരുന്നു... കുറച്ചുനേരംകൂടി അവിടെ സമയം ചിലവഴിച്ച് ഞങ്ങൾ ഇറങ്ങി..അവിടംവിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു...വല്ലാത്തൊരു വിങ്ങൽ..എന്നാൽ കണ്ണേട്ടന്റെ ഒരു ചേർത്തുപിടിക്കലിൽ അത് അലിഞ്ഞുപോയിരുന്നു.. 

വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും നേരം ചെറുതായി ഇരുട്ടിത്തുടങ്ങിയിരുന്നു..ഗീതുവിനെ കണ്ടതും പെണ്ണ് ആളുടെ പിറകെകൂടി അവിടുത്തെ വിശേഷങ്ങൾ വാതോരാതെ പറയാൻ തുടങ്ങി... പതിവിൽ കവിഞ്ഞുള്ള ആ മുഖത്തെ തെളിച്ചവും സന്തോഷവും കണ്ട് ഞാനും ഗീതുവും അവളെത്തന്നെ ഒരു ചിരിയോടെ നോക്കിനിന്നു.. രാത്രിയിൽ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് ദേവൂട്ടി പിന്നിൽനിന്നും എന്റെ അരയിലൂടെ കൈ ചുറ്റിപ്പിടിച്ചു നിന്നത്...ഞാനൊരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ കൈകോർത്തു പിടിച്ചു.... "എന്താ ഇവിടെവന്നു നിൽക്കണേ...കിടക്കുന്നില്ലേ...?? "മ്മ്ഹ് ഒന്നുമില്ല...രാത്രിയിലെ ഏകാന്തതയിൽ എന്റെ പ്രിയപ്പെട്ടവളേ കാത്തിരിക്കുന്നത് ഒരു വല്ലാത്ത സുഖമല്ലേ..!! ഞാൻ അതുംപറഞ്ഞ് അവളെ വലിച്ച് എന്റെ മുന്നിലേക്ക് ഇട്ട് കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു...ആകാശം ഇരുണ്ടുമൂടി നിലാവിനെ മറച്ചു...ഭൂമിയിലേക്ക് തന്റെ പ്രാണനെ ഒഴുക്കാനായി മഴമേഘങ്ങൾ വെമ്പിനിൽക്കുന്നു.. അതിന് മുന്നോടിയായി വീശിയ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി..അതിൽ ഇളകിയാടിയ അവളുടെ മുടിയിഴകളെ ഞാൻ വകഞ്ഞുമാറ്റി ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...ദേവൂട്ടി എന്നെ ഇറുക്കിപ്പിടിച്ചു... അവളുടെ മുഖമാകെ ചുംബനങ്ങളാൽ മൂടുമ്പോഴും തന്റെ നല്ല പതിയെ ഭൂമി നെഞ്ചോട് ചേർത്തിരുന്നു... കോരിചൊരിയുന്ന മഴയെ സാക്ഷിയാക്കി സിരകളിൽ ചൂടുപിടിച്ച് ഒരു പുതപ്പിനുള്ളിൽ അവൾക്കായി ഞാനെന്റെ സ്നേഹം മുഴുവൻ ചൊരിയുമ്പോൾ എന്റെ പ്രണയമാധുര്യത്തിൽ അവൾ അലിഞ്ഞുചേർന്നിരുന്നു.. 

ദിവസങ്ങൾ കടന്നുപോയി..ഓരോ ദിവസങ്ങൾ കഴിയുന്തോറും ഞങ്ങളിലെ പ്രണയം ഒരുതരിപോലും കുറയാതെ വളർന്നുകൊണ്ടിരുന്നു...വന്നുവന്ന് കിച്ചണിൽ വരെയെത്തി എന്റെ മാഷിന്റെ റൊമാൻസ്..🙈 ഞാൻ കണ്ണേട്ടന്റെ കൂടെ കോളേജിലും പോയിത്തുടങ്ങി..അവിടെപ്പിന്നെ കളിയാക്കി കൊല്ലാൻ നിത്യയും കൃപയും ഉണ്ടല്ലോ.. പക്ഷെ കോളേജിൽ നമ്മടെ മാഷ് കട്ട സ്ട്രിക്ട് ആണ്..റൊമാൻസ് അടുത്തൂടെ പോകില്ല..അതിനൊക്കെ വീട്ടിൽവന്ന് കണക്കിന് തരുകയും ചെയ്യും... സൂര്യൻ ആഴക്കടലിലേക്ക് മുങ്ങാംകുഴി ഇടാൻ വെമ്പുന്ന നേരം..കണ്ണേട്ടന്റെ കൈകൾ കോർത്തുപിടിച്ച് അനന്തമായി ഒഴുകുന്ന കടലിനെനോക്കി മണൽപ്പരപ്പിലൂടെ ഞങ്ങൾ നടന്നു... കരയിലേക്ക് ആഞ്ഞുവീശുന്ന കടൽക്കാറ്റ് ഞങ്ങളെ തട്ടിത്തഴുകി പൊയ്ക്കൊണ്ടിരുന്നു... "കണ്ണേട്ടാ...ദേ അങ്ങോട്ട് നോക്ക്...." ഞാൻ വിളിച്ചിട്ടും കണ്ണേട്ടന്റെ പ്രതികരണമൊന്നും കാണാതെയായപ്പോൾ ഞാൻ തലചെരിച്ച് നോക്കി..കണ്ണേട്ടൻ ഏതോ കാഴ്ച്ചയിൽ കണ്ണുകൾ ഉടക്കി പുഞ്ചിരി തൂകി നിൽക്കുകയാണ്..ഞാനും അങ്ങോട്ട് നോട്ടം പായിച്ചു...

ഒരു ഭാര്യയും ഭർത്താവും..കണ്ണേട്ടന്റെ കണ്ണുകൾ ഉടക്കിനിന്നത് അയാളുടെ മാറിൽ തലചായ്ച്ച് കുറുമ്പുകാട്ടി ചിരിക്കുന്ന ഒരു ചുന്ദരിവാവയിലേക്ക് ആണ്..ഇടയ്ക്കിടെ ആ ഉണ്ടക്കവിളിൽ മാറിമാറി ചുംബിച്ചും കളിപ്പിച്ചും അവർ ആ കുഞ്ഞിനെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്നു..അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..പക്ഷെ ഉള്ളിലെവിടെയോ ഒരു നോവ്... "കണ്ണേട്ടാ........" ഞാൻ വീണ്ടും വിളിച്ചു..കണ്ണേട്ടൻ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. "ആഹ്..പറ പെണ്ണേ..എന്താ ഐസ്ക്രീം വേണോ നിനക്ക്...??? "മ്മ്മ്ഹ്........." "പിന്നെ...എന്താ വേണ്ടത്....?? ഞാൻ ഒന്നും മിണ്ടാതെ ആ നെഞ്ചിലേക്ക് തല ചായ്ച്ചു..കണ്ണേട്ടനും പിന്നെ അധികമൊന്നും സംസാരിക്കാതെ എന്നെ ചേർത്തുപിടിച്ചുനിന്നു.. ഓരോതവണ കരയെ ചുംബിച്ചു പോകുമ്പോഴും വീണ്ടും വീണ്ടും അതിനേക്കാൾ പതിൻമടങ്ങ് ശക്തിയോടെ കരയിലേക്ക് അലിഞ്ഞുചേരാനായി ത്രിസന്ധ്യയെ സാക്ഷിയാക്കി ഉരുണ്ടുമറിഞ്ഞു വരുന്ന തിരമാലകളെ നോക്കി ഞങ്ങൾ നിന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story