കൂടും തേടി....❣️: ഭാഗം 2

Koodum thedi

എഴുത്തുകാരി: ദക്ഷ

... വീട്ടിനുള്ളിലേക്ക് ഓടി കയറിയതും ആരുടെയോ ദേഹത്തു ശക്തമായി ഇടിച്ചു ആരതി വീഴാൻ പോയി ബാലൻസ് പിടിച്ചു നിന്നു കണ്ണു മിഴിച്ചു നോക്കിയതും നോട്ടമെത്തി നിന്നത് ആ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന സ്വർണകൊന്തയിലും അറ്റത്തുള്ള കുഞ്ഞു കുരിശിലുമാണ്.... പിടപ്പോടെ ഉയർന്ന മിഴികൾ അയാളുടെ പിരിച്ചു വച്ച മീശയും കടന്നു എരിയുന്ന കണ്ണുകളിൽ തറഞ്ഞു നിന്നു.... ..."കടുവ...." അറിയാതെ അധരം മന്ത്രിച്ചു.. ഒരു നിമിഷം ആരതി അയാളെ തന്നെ നോക്കി നിന്നു പോയി അയാൾ തോളിൽ കിടന്ന ടവ്വൽ എടുത്തു പുറം വഴി പുതച്ചതും ആരതി ജാള്യതയോടെ മിഴികൾ മാറ്റി അവനെ കടന്നു അകത്തേക്ക് കയറാൻ ഒരുങ്ങിയതും ബലിഷ്ടമായ കരങ്ങൾ അവളുടെ വഴി തടഞ്ഞു "എങ്ങോട്ടാ ...."ആ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ഗൗരവം മനസിലായതും ആരതി അയാളെ മിഴികൾ ഉയർത്തി നോക്കി ആ കണ്ണുകൾ അപ്പോഴും തീക്ഷണമായിരുന്നു "ഞാൻ....അമ്മചീടെ അടുത്തേക്ക്..." ആരതിക്കെന്തോ വാക്കുകൾ പതറി "തോന്നുമ്പോൾ വരാനും പോവാനും ആണോ നിന്നെയിവിടെ ശമ്പളത്തിന് വച്ചിരിക്കുന്നത്. .."

"ങേഹ്...." ആരതി അയാളെ തുറിച്ചു നോക്കി "അത് ....ഞാൻ.....അപ്പറത്തെ.. " "ബ ബ്ബ ബ്ബ അല്ല...നീയാണോ അമ്മചിക്കിന്ന് പായസം വച്ചു കൊടുത്തത്...." "അത് ഞാൻ...നിക്ക്...ജോലി..." "നിന്ന് വിക്കാതെ ആൻസർ പറ കൊച്ചേ നീയാണോ അമ്മച്ചിക്ക് പായസം കൊടുത്തതെന്ന്....യെസ്... ഓർ..നോ...." "യെസ്....."അവന്റെ അലർച്ചയിൽ ആരതി അറിയാതെ പറഞ്ഞു പോയി "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ അമ്മയ്ക് മധുരമുള്ളതൊന്നും കൊടുക്കരുതെന്ന് .....അമ്മയെ കൊല്ലാനാണോടി നീ ഇവിടെ ജോലിക്ക് വന്നേ.....ഞാനിവിടെ ഇന്ന് വന്നില്ലെങ്കിൽ എന്റെ അമ്മയുടെ അവസ്ഥ എന്താവുമെന്ന് നിനക്കറിയാമോ..... അമ്മ വയ്യാതെ കിടക്കുകയായിരുന്നു കൊണ്ടു പോയി ടെസ്റ്റ് ചെയ്തപ്പോ ഷുഗർ മുന്നൂറിന് മേലെയായിരുന്നു ആർക്ക് വേണ്ടിയാടി നീയെന്റെ അമ്മയെ കൊല്ലാൻ നോക്കിയത്..".... അട്ടഹാസത്തോടെ അവൻ അവൾക് നേരെ രണ്ടടി വെച്ചതും ആരതി ഭയന്ന് പിന്നോക്കം ചാടി.... "സർ....ഞാൻ....എനിക്ക്...." അവന്റെ ഭാവമാറ്റത്തിൽ വിറച്ചു പോയ ആരതിക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...

"നോ എസ്‌ക്യൂസ്‌ .....പോലീസ് മുറ പ്രയോഗിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.... നീയൊരു പെണ്ണായിപ്പോയി....എന്റെ അമ്മച്ചിയെ നോക്കാൻ ഇനി ഒരുത്തിയുടെയും സഹായം എനിക്ക് ആവശ്യമില്ല...ഇറങ്ങിപ്പോ എന്റെ കണ്മുന്നിൽ നിന്ന്....." പുറത്തേക്ക് വിരൽ ചൂണ്ടി അവൻ അലറുകയായിരുന്നു... "ഞാൻ.... ഞാനൊന്ന് അമ്മച്ചിയെ കണ്ടോട്ടെ....." ഒലിച്ചിറങ്ങുന്ന മിഴി നീർ തുടയ്ക്കാൻ മെനക്കെടാതെ ആരതി അവനെ നോക്കി "ഗെറ്റ് ലോസ്റ്റ്.... ഇനിയൊരു അമ്മച്ചിയുടെയും പേര് പറഞ്ഞു ഈ പടി കയറിപ്പോകരുത്....." പിന്തിരിഞ്ഞു നടക്കുമ്പോൾ ഓരോ അടിയിലും ഓരോ ഗർത്തം രൂപപ്പെടുന്നത് ആരതി അറിഞ്ഞു... അവൾക് ഒരേ സമയം ചിരിയും കരച്ചിലും വന്നു എന്തിനാണ് അങ്ങേരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ട് താൻ മിണ്ടാതെ നിന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക് മനസിലായില്ല... പെട്ടെന്ന് ആ മനുഷ്യൻ അങ്ങനെയൊക്കെ പെരുമാറിയതിൽ ഉള്ള ഷോക്കിൽ ആണോ.... കടുവ.....എന്നാലും അമ്മച്ചിക്ക് എന്ന പറ്റിയോ ആവോ ഭഗവാനെ....

ഓരോന്ന് ചിന്തിച്ചു വേലിക്കെട്ടിന് അപ്പുറം എത്തിയതും ആരതി തറഞ്ഞു നിന്നു പോയി ഒതുക്കു കല്ലുകൾക്ക് താഴെ വലിച്ചു കെട്ടിയ ഷെഡ്‌ഢിൽ ബൈക്ക് കയറ്റി വച്ചു വായിലെ മുറുക്കാൻ നീട്ടി തുപ്പി സ്റ്റെപ്പുകൾ കയറിവരുന്ന ആളിൽ ആരതിയുടെ മിഴികൾ ഉടക്കി.... ഒരു നിമിഷം അയാളുടെ നോട്ടം അവളിലും തങ്ങി ആ കണ്ണുകളിൽ തിളങ്ങുന്ന ഭാവങ്ങൾ ആരതിയിൽ അറപ്പുളവാക്കി അയാളിൽ നിന്ന് മുഖം വെട്ടിച്ചു പിന്നാമ്പുറത്തെക്ക് നടക്കുമ്പോൾ ഉമ്മറത്തെത്തി അയാൾ നീട്ടി വിളിക്കുന്നുണ്ടായിരുന്നു... "മക്കളേ.. ..." ഓടിയിറങ്ങി വരുന്ന കാവ്യയേയും നിധിയേയും ആരതി നിർവികാരതയോടെ നോക്കി അയാളുടെ കൈയിൽ നിന്നും പൊതിക്കെട്ടുകൾ വാങ്ങി അകത്തേക്ക് പോകുന്നതിനിടയിൽ ആരതിയെ പുച്ഛത്തോടെ ഒന്നു നോക്കാനും കാവ്യ മറന്നില്ല ആരതിയും കാവ്യയും തമ്മിൽ ഒന്നര വയസ്സിന് ഇളപ്പമേ ഉള്ളു..ഡിഗ്രി ലാസ്റ്റ് ഇയർ ആണവൾ..

നിധി ഒന്പതിലും ആരതിക്ക് അമ്മ ലക്ഷ്‌മിയുടെ രൂപസ്വാതൃശ്യമാണ്.... വെളുത്തു നീണ്ട ശരീരവും അരയോളം എത്തി നിൽക്കുന്ന മുടിയും ആരും നോക്കി പോകുന്ന രൂപ ഭംഗിയുമാണവൾക്.... എന്നാൽ കാവ്യയും നിധിയും വാസുവിനെ പോലെയാണ്...ഇരു നിറവുംചുരുണ്ട മുടിയും...അതിൻറെ അസൂയ കുഞ്ഞു നാള് മുതലെ കാവ്യയിൽ ഉണ്ട്...ഓരോ തവണ വാസുവിൽ നിന്ന് പ്രഹരം ഏറ്റു വാങ്ങമ്പോഴും കാവ്യ ഗൂഢമായി സന്തോഷിച്ചിരുന്നു കിണ്ടിയിൽ വെള്ളവുമായി ഉമ്മറത്തേക്ക് വന്ന ലക്ഷ്മിയുടെ വേദനയോടെയുള്ള നോട്ടം ആരതിയുടെ നേർക്ക് നീണ്ടപ്പോൾ പെട്ടെന്നവൾ പിന്നാമ്പുറത്തേക്ക് നടന്നു.... അയയിൽ നിന്നും ആറിയ തുണിയെടുത്തു അടുക്കള ഭാഗത്തേക്ക് നടക്കുമ്പോൾ അടുക്കളയിൽ നിന്നും അയാളുടെ ശബ്ദം ഉയരുന്നുന്നുണ്ടായിരുന്നു... "ഇനിയിപ്പോ അവള് ജോലിക്ക് പോയിട്ട് വേണമല്ലോ ഇവിടെ അടുപ്പിൽ തീ പുകയാൻ..... ആ ചെക്കൻ കുറെ ദിവസമായി എന്റെ പുറകെ നടക്കുന്നു...എത്രയും പെട്ടെന്ന് അവളെ അവന്റെ കൈ പിടിച്ചു കൊടുക്കണം....അവൾക് താഴെയും രണ്ടു പെണ്കുട്ടികളാണെന്നു ഓർമ വേണം...."

അയാള് പറയുന്നതിനെല്ലാം അമ്മ വെറുതെ മൂളുന്നുണ്ട്.... മറുത്തൊരക്ഷരം ഇത് വരെ 'അമ്മ അയാൾക്ക് മുന്നിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല.... പേടിയാണോ കുറ്റബോധമാണോ എന്തോ ..... അല്ലെങ്കിലും അമ്മയോട് അയാൾക്ക് സ്നേഹമാണ് തെറ്റുകാരി ഞാൻ മാത്രമാണല്ലോ.... അയാൾക്കു മുന്നിൽ പോകാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് അവൾ ഭിത്തിയിൽ ചാരി വെറുതെ നിന്നു.... അത്ര പെട്ടെന്നൊന്നും അയാൾ തന്നെ മൃദുലിന് കൊടുക്കില്ലന്ന് ആരതിക്ക് അറിയാ....അങ്ങനെ ആണെങ്കിൽ എന്നേ ആവുമായിരുന്നു.....അയാൾക്ക് ലക്ഷ്യം മറ്റു പലതുമാണ്....ആരതി മിഴികൾ ഇറുക്കിയടച്ചു.... ഭക്ഷണം കഴിഞ്ഞു അയാൾ ഉറക്കു പിടിച്ചതും ആരതി റൂമിൽ കയറി വാതിൽ ചാരി "ഇചേച്ചീ ...."ചാരിയ വാതിൽ തുറന്നു നിധി അകത്തേക്ക് വന്നതും ആരതി മുഖം തിരിച്ചു നോക്കി "ഇച്ചേച്ചിക്ക് അലുവാ വേണോ...."കൈയിലിരിക്കുന്ന കോഴിക്കോടൻ അലുവയിലേക്ക് ആരതിയുടെ നോട്ടം പാറി വീണു അവൾക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു കറുത്ത അലുവ എങ്കിലും അവൾ വേണ്ടെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി....

"നല്ല ടെസ്റ്റ്‌ ഉണ്ട് ഇചേച്ചീ... " അവൾ ഒരു കഷ്ണം മുറിച്ചു ആരതിക് നേരെ നീട്ടി "നിക്ക് വേണ്ട മോളെ...." ആരതി കൈ തടഞ്ഞതും നിധിയുടെ മുഖം മങ്ങി "ഇചേച്ചീ....."തെല്ലു നേരത്തെ നിശബ്ദതയ്ക് ശേഷം നിധി വിളിച്ചതും ആരതി ഒന്ന് മൂളി "മൃദുലേട്ട നെ കല്യാണം കഴിക്കാത്തത് കൊണ്ടാണോ അച്ചയ്ക്ക് ഇച്ചേച്ചിയോട് ദേശ്യം..." "അറിയില്ല....."ആരതി പതിയെ പറഞ്ഞു "അയാള് ചീത്തയാ ഇചേച്ചീ ...ഇച്ചേച്ചി സമ്മതിക്കണ്ടാ ട്ടോ....നമ്മക്കെ ശ്രീയേച്ചിടെ അവിടത്തെ ഉണ്ണ്യേട്ടനേ മതി.....ഉണ്ണ്യേട്ടനും ഇചേച്ചീയും നല്ല മാച്ചാ...." "നീയെന്തൊക്കെയാ നിധിമോളെ ഈ പറയുന്നേ...."കൂടുതൽ പറയുന്നതിന് മുന്നേ ആരതി അവളുടെ വാ പൊത്തി. ... "വേണ്ടാത്തത് വിളിച്ചു കൂവി അച്ചൻ കേട്ടൊണ്ട് വന്ന ഇനിയത് മതി...." "ഞാൻ ഒള്ളതാ പറഞ്ഞെ ഇചേച്ചീ അവിടത്തെ ശ്രീയേച്ചിക്കും അമ്മയ്ക്കുമൊക്കെ ഇചേച്ചി ന്ന് പറഞ്ഞ ജീവനല്ലേ....ഉണ്ണ്യേട്ടനും ഇഷ്ടാവും...." "ന്റെ പൊന്ന് നിധി ഉണ്ണ്യേട്ടന് ഞാൻ ശ്രീയെ പോലെ തന്നെയാ....സ്വപ്നത്തിൽ കൂടി ചിന്തിക്കാത്തതൊന്നും വിളിച്ചു കൂവല്ലേ നീ...."

അല്പം സ്വരം കടുപ്പിച്ചു പറഞ്ഞതും പെണ്ണ് എഴുന്നേറ്റ് ഓടി പോയി.... ആരതി എഴുന്നേറ്റ് ജാലകവാതിൽ തുറന്നിട്ടു.... അവിടെ നിന്ന് നോക്കിയാൽ ദൂരെ ഒരു പൊട്ടു പോലെ ശ്രീയുടെ വീട് കാണാം ശ്രീ ഹയർ സ്റ്റഡീസിനായി ബംഗളൂർക്കും ഉണ്ണ്യേട്ടൻ ജോലി സംബന്ധമായി ഗൾഫിലും പോയതോടെ സിന്ധുവാന്റി വീട് പൂട്ടി തറവാട്ടിൽ സുഖമില്ലാതെ കിടക്കുന്ന അമ്മയുടെ അടുക്കലേക്ക് പോയി....ഇടയ്ക് ഒന്നോ രണ്ടോ തവണ വന്നു കണ്ടിരുന്നു..... പോയപ്പോഴൊക്കെ അമ്മയുടെ ഫോണിൽ സ്ഥിരമായി വിളിക്കുമായിരുന്നു.... പതിയെ പതിയെ അതും നിലച്ചു....എല്ലാവരും അവരവരുടെ തിരക്കിൽ ആവും..... ആരതി ദീര്ഘമായി ഒന്ന് നിഷ്വസിചു... അവൾക്കെന്തോ റീത്താമ്മച്ചിയെ കാണണമെന്ന് തോന്നി ഉറക്കു തെളിഞ്ഞു വാസു പുറത്തേക്ക് പോയതുംഅമ്മയോട് പറഞ്ഞു ആരതി പുറത്തിറങ്ങി ഇനിയിപ്പോ നാല് കാലിൽ ആവും വരുന്നത് കുടിച്ചു വന്നാൽ അയാൾക്കു ഭയങ്കര സ്നേഹമാണ്... അതാണ് പേടിയും.... ശബ്ദമുണ്ടാക്കാതെ മുള വേലി കടന്നു അകത്തേക്ക് ചെന്നു അടുക്കള ഭാഗത്തു വെട്ടമുണ്ട് ജാലകത്തിലൂടെ എത്തി നോക്കിയപ്പോൾ അമ്മച്ചി കാര്യമായെന്തോ പണിയിലാണ്...

പെരു വിരലിൽ എത്തി വലിഞ്ഞു വീണ്ടും നോക്കി കടുവയെ അവിടെങ്ങും കാണാൻ ഇല്ല മെല്ലെ ചാരിയിട്ട വാതിൽ പാതി തുറന്നു അകത്തു കയറി റീത്താമ്മച്ചിയെ വട്ടം പിടിച്ചു റീത്താമ്മച്ചി ആദ്യമൊന്നു ഞെട്ടിയെങ്കിലും ചിരിയോടെ കൈയിലിരുന്ന തവി കൊണ്ട് അവളുടെ കൈയിൽ കുഞ്ഞു തല്ലു വച്ചു കൊടുത്തു "ആ പായസം മുഴുവൻ കുടിച്ചേചു എന്നെ വഴക്ക് കേൾപ്പിച്ചപ്പോൾ സമാധാനമായല്ലോ അല്ലെ..." കൃത്രിമ ഗൗരവത്തോടെ ചോദിച്ചു കൊണ്ട് കിച്ചൻ സ്ലാബിൽ കയറിയിരുന്നു "ഒത്തിരി വഴക്കു പറഞ്ഞോ അവൻ....അതിന്റെ ടേസ്റ്റ് കൊണ്ടു കുടിച്ചു പോയതാ....അവനോട് ഞാൻ പറഞ്ഞു മോള് ജോലിക്കാരി അല്ലെന്ന്....കേട്ടപ്പോ അവനും വിഷമവായി.... അവന് അവന്റപ്പന്റെ സ്വഭാവവാ....എടുത്തു ചാടി ഓരോന്ന് ചെയ്തു വയ്ക്കും ....അതോണ്ടാണല്ലോ അമ്മച്ചി ഇന്ന് പെരുവഴിയിൽ ആയതും...." റീത്താമ്മച്ചി മൂക്ക് പിഴിയാൻ തുടങ്ങിയതും ആരതി അവരെ അവൾക് നേരെ തിരിച്ചു നിർത്തി... "എന്റെ പൊന്നമ്മച്ചി ഇനിയീ കരച്ചില് കണ്ടൊണ്ട് വന്നു വേണം അടുത്ത യുദ്ധം തുടങ്ങാൻ.....ഞാനതൊക്കെ അപ്പഴേ വിട്ടു.. ...

അല്ല എവിടെ പോയി മിസ്റ്റർ കടുവ ഇവിടെങ്ങും ഇല്ലേ ....ഗർജ്ജ്‌നമൊന്നും കേൾക്കാൻ ഇല്ല...." "ദേ കൊച്ചേ....അവനൊരു പേരുണ്ട്....നീ വേണേ ഇഛായാന്ന് വിളിച്ചോ....വേണ്ടാതീനം വിളിച്ചെച്ചു അവന്റെ കൈയിൽ ന്ന് തല്ലു വാങ്ങിക്കേണ്ട നീ...." "ഹാ ബെസ്റ്റ്....ഇഛായാന്ന് വിളിക്കാൻ പറ്റിയ മുതല്... എന്റെ പൊന്നമ്മച്ചി വൈകിട്ട് ഞാൻ പേടിച്ചു മുള്ളിയില്ലന്നെ ഉള്ളു....മനുഷ്യനെ വിറപ്പിച്ച് കളഞ്ഞില്ലേ....അല്ലാ ശരിക്കും ആ മൊതല് അമ്മച്ചീടെ വയറ്റിൽ തന്നേ ഉണ്ടായതാന്നോ...." "ദേ കൊച്ചേ....വാങ്ങിക്കും നീ...അല്ലാ നിന്റെ വീട്ടിൽ ന്ന് ആരുടെയോ സംസാരം കേട്ടുവല്ലോ.... അച്ചൻ വന്നിട്ടുണ്ടോ...." "മ്...."റീത്താമ്മച്ചിയുടെ ചോദ്യം കേട്ടതും ആരതി അവർക്ക് മുഖം കൊടുക്കാതെ മൂളി "ഒന്ന് പരിജയപെട്ടില്ല ല്ലോ എന്റെ മോളുടെ അച്ചനെ...." "അവിടില്ല പുറത്തു പോയി...." "എന്ന നാളെ ആവട്ടെ അല്ലെ..." റീത്താമ്മച്ചി പറഞ്ഞതിന് ആരതി മറുപടിയൊന്നും പറഞ്ഞില്ല... "നിനക്കെന്നാ കൊച്ചേ ഒരു വാട്ടം റോയ് മോൻ അങ്ങനെ പറഞ്ഞത് കൊണ്ടാന്നോ....അവനൊരപദ്ധ പറ്റിയതല്ലിയോ....ഞാനവനെ വിളിച്ചു വരാം....എന്റെ കൊച്ചിനോട് സോറി പറയാൻ പറയാം...."

റീത്താമ്മച്ചി അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ആരതി പിറകെ ചെന്ന് തടഞ്ഞു.. "വേണ്ടമ്മച്ചീ ഞാനതൊക്കെ അപ്പഴേ വിട്ടെന്നെ...." അപ്പോഴേക്കും റീത്താമ്മച്ചി ' റോയ് മോനേ 'ന്ന് നീട്ടി വിളിച്ചു കഴിഞ്ഞിരുന്നു "എന്നതാമ്മച്ചി...."ചോദ്യത്തോടൊപ്പം അവൻ അടുക്കള ഭാഗത്തേക്ക് വന്നു റീത്താമ്മയ്ക്ക് അരികിൽ ആരതിയെ കണ്ടതും അവന്റെ മുഖഭാവം മാറി "നിന്നോട് ഞാനെനി ഇങ്ങോട്ടേക്ക് വരണ്ടെന്ന് പറഞ്ഞില്ലയോ...."സ്വരം കടുപ്പിച്ചു അവൻ അവളെ നോക്കി "ദേ റോയ്‌മോനെ വേണ്ടാട്ടോ നീ നാളെ കഴിഞ്ഞങ് പോവും എനിക്കീ കൊച്ചേ കൂട്ടിന് കാണു..." റീത്താമ്മ അവനെ നോക്കി പരിതപിച്ചു "ആ നല്ല കൂട്ടാ.... ഞാൻ വന്നില്ലേ ഇന്നപ്പച്ചന് കൂട്ടായി സെമിത്തേരിയിൽ കിടക്കായിരുന്നു..."റോയ് ചിറി കോട്ടി "അതാ കൊച്ചിനെ പറഞ്ഞിട്ട് കാര്യവില്ലെടാ തരുമ്പഴേ എന്നോട് പറഞ്ഞതാ മുഴുവൻ കുടിച്ചേചു ഷുഗർ കയറ്റല്ലേ അമ്മച്ചീന്ന്.... ഞാൻ കേക്കാഞ്ഞിട്ട...." "ഹമ് എന്തേലും ആയിക്കോ...."അവളെ ഒന്നു കൂടി തറപ്പിച്ചു നോക്കി റോയ് പിന്തിരിഞ്ഞു "സാരവില്ല കൊച്ചേ അവനങ്ങനെയ.... ഉള്ള് നിറയെ സ്നേഹവാ പക്ഷേ പ്രകടിപ്പിക്കാൻ അറിയത്തില്ല...."

ആരതിയുടെ മങ്ങിയ മുഖം കണ്ടപ്പോൾ റീത്താമ്മച്ചി ചുമലിൽ തട്ടി ആശ്വസിപ്പിച്ചു... "ഇങ്ങനെയുണ്ടോ മനുഷ്യൻന്മാർ...."ആരതി ഉള്ളിൽ പിറുപിറുത്തു ഭക്ഷണം കഴിഞ്ഞു കിടക്കാൻ നേരം റോയ് ആരതിക്ക് നേരെ തിരിഞ്ഞു "നിനക്ക് വീട്ടിൽ പോവണ്ടേ...." അവൻറെ ചോദ്യം കേട്ടതും ആരതിയുടെ ഉള്ളിൽ അറിയാതൊരു കൊള്ളിയാൻ മിന്നി "അതെന്തു ചോദ്യവാടാ കൊച്ചെന്റെ കൂടെ അല്ലേ കിടക്കാറ്..." റീത്താമ്മച്ചി മകനെ നോക്കി "ഇന്നിനിയിപ്പോ ഞാനുണ്ടല്ലോ ഇവിടെ പിന്നെ അമ്മച്ചിക്ക് എന്തിനാ വേറൊരു കൂട്ട്...." "എന്തായാലും അവള് വന്നുപോയില്ലെടാ ഇന്നിവിടെ നിക്കട്ടെ.." "ഹമ്....നാളെ തൊട്ട് കൂട്ടകിടക്കാൻ ഞാനുള്ളപ്പോ വരണ്ട കേട്ടോ...."ആരതിയെ നോക്കി തറപ്പിച്ചു പറഞ്ഞവൻ മുറിയിലേക്ക് പോയി അന്ന് രാത്രി റീത്താമ്മച്ചി യെ കെട്ടിപിടിച്ചു കിടക്കുമ്പോൾ പേരറിയാത്ത എന്തൊക്കെയോ നൊമ്പരം തന്നിൽ നിറയുന്നത് അവൾ അറിഞ്ഞു....

മിഴി നിറഞ്ഞൊഴുകി അവളുടെ തലയിണ കുതിർന്നു.... പിറ്റെന്ന് രാവിലെ ഉറക്കു തെളിഞ്ഞു വീട്ടിലേക് പോവുമ്പോൾ റോയ് മുറ്റത്തു കൂടെ വാക്ക് ഔട്ട് നടത്തുന്നുണ്ടായിരുന്നു തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു പോകുന്ന പെണ്ണിനെ അവനും നോക്കുകയുണ്ടായില്ല ഉമ്മറത്തെ പൈപ്പിൻ ചുവട്ടിൽ നിന്ന് ഉമിക്കരി ഉപയോഗിച്ചു പല്ലു തേക്കുകയായിരുന്ന വാസു അവളെ ഒന്ന് നോക്കി കാർക്കിച്ചു നീട്ടിത്തുപ്പി പ്രാതലും കഴിച്ചു അത്യാവശ്യം വീട്ടുജോലിയും തീർത്തു ആരതി ഒരുങ്ങിയിറങ്ങി അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നയാൾ ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു വേലിക്കെട്ടിന് അരികിൽ നിന്ന് റീത്താമ്മച്ചിയെ എത്തി നോക്കിയെങ്കിലും ആരെയും പുറത്തു കണ്ടില്ല ചെമ്മണ് പാതയും വരമ്പും പിന്നിട്ട് റോഡിലേക്ക് കയറിയതും തോട്ടിന് അക്കരെ നിന്നും ഒരു വിളി കേട്ടു "ഓയ്....ടീച്ചറേ..." തിരിഞ്ഞു നോക്കിയ ആരതിക്ക് തന്നേ നോക്കി ചിരിയോടെ നിക്കുന്ന ആളെ കണ്ടു സ്തബ്ധയായി..................... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story