കൂടും തേടി....❣️: ഭാഗം 4

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഹാ പറ കൊച്ചേ....എന്നതാ നീയും പിള്ളാരും അവനെ വിളിച്ചെ...." അമ്മച്ചി പിന്നെയും ചോദിച്ചു.... "അതമ്മച്ചീ.... ക....കടുവേ... ന്നാ.." ഒരു നിമിഷം അവിടം നിശബ്ദമായി ആരതി പേടിയോടെ ഇരുവരെയും നോക്കി അടുത്ത നിമിഷം റീത്താമ്മച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇളിഭ്യതയോടെ അമ്മച്ചിക്ക് അരികിൽ നിൽക്കുന്ന ആളെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ആ കണ്ണുകളിൽ തന്നെ കൊല്ലാനുള്ള കലിപ്പുണ്ടെന്നു തോന്നി ആരതിക്ക് ചിരിച്ചു ചിരിച്ചു റീത്താമ്മച്ചി ചുമയ്ക്കാൻ തുടങ്ങി ആരതിക്ക് കടുവയുടെ മുഖം കണ്ടപ്പോൾ ഇറങ്ങി ഓടിയാലോ എന്നു വരെ തോന്നിപ്പോയി "ഒന്ന് നിർത്തണ് ണ്ടോ..." സഹി കെട്ട് കടുവ അലറിയതും റീത്താമ്മച്ചിയുടെ ചിരി കൂടുതൽ ഉച്ചത്തിലായി ആരതിയെ ദഹിപ്പിക്കും വിധം ഒന്ന് നോക്കി അവൻ അകത്തേക്ക് പോയതും റീത്താമ്മച്ചിയുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു "നല്ല ആളാ....ഉള്ള ദേഷ്യം പോരാഞ്ഞിട്ടാണോ ചുമ്മാ കിടന്നു ചിരിച്ചു കടുവയെ വട്ടാക്കിയത്..." ആരതി മുഖം വീർപ്പിച്ചു റീത്താമ്മച്ചിയെ നോക്കി "ദേ കൊച്ചേ...."റീത്താമ്മച്ചി കപട ഗൗരവത്തിൽ അവളുടെ തലയ്ക് കിഴുക്കി "

എന്റെ ചെറുക്കന് നല്ലൊരു പേരുണ്ട്....നിനക്കത് വിളിക്കാൻ മേലെങ്കിൽ കേൾക്കാൻ കൊള്ളാവുന്ന വേറെ വല്ലോം വിളിച്ചോ....കടുവാ പുലീന്നൊക്കെ വിളിച്ചാലെ ഇനി വീക്ക് കിട്ടുന്നത് എന്റെ കൈയിൽന്നായിരിക്കും..." "പിന്നേ....."കിച്ചണ് സ്ലാബിൽ ഇരുന്ന ക്യാരറ്റ് പൊട്ടിച്ചെടുത്തു കടിച്ചു കൊണ്ടു ആരതി സ്ളാബിന്മേൽ കയറി ഇരുന്നു "അങ്ങേരോട് ആദ്യം മനുഷ്യന്മാരെ പോലെ പെരുമാറാൻ പറ... എപ്പോ കണ്ടാലും കടിച്ചു കീറാൻ നടക്കുന്നവരെ പിന്നെന്നാ വിളിക്കണം....ദേ നോക്ക് എന്റെ ചെവി അങ്ങേര് പറിച്ചെടുത്തില്ലന്നെ ഉള്ളു...." ചുവന്നു തിണർത്തു കിടക്കുന്ന ചെവി തടവി ആരതി പരിതപിച്ചു... "എടിയേ ....ആരതികൊച്ചേ....." പെട്ടെന്നാണ് പുറത്തെ വേലിക്കരികിൽ നിന്നും വിളി ഉയർന്നത് "അങ്ങനെയല്ല ആശാനേ....വാസൂന്റെ മോളേ ന്ന് വിളി...."മറ്റൊരു കുഴഞ്ഞ ശബ്ദം ഉയർന്നു കേട്ടു ആരതി പിടച്ചിലോടെ അടുക്കളഭാഗത്തേക്ക് ഓടി "ആരാ മോളേ....." റീത്താമ്മച്ചി ചോദിച്ചു കൊണ്ട് പുറകെ വന്നു അപ്പോഴേക്കും ശബ്ദം കേട്ട് റോയ് പുറത്തിറങ്ങിയിരുന്നു "ആരാ ....എന്ത് വേണം...."

അവന്റെ ശബ്ദം കേട്ടതും വാസു വേലിക്കെട്ടിനിപ്പുറത്തേക്ക് വന്നു വേച് വീഴാതെ ഇരിക്കാൻ അയാൾ മൃദുലിനെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു റോയ് യെ മനസിലായതും മൃദുൽ വാസുവിനെ പിന്തിരിപ്പിക്കാൻ ഒരു പഴശ്രമം നടത്തി നോക്കി രണ്ടു പേരും ആടിയാടി വരുന്നത് കണ്ടതും റോയ് മുറ്റത്തേക്ക് ഇറങ്ങി ചെന്നു "ഡോ....മദ്യപിച്ച് ഈ കോമ്പൗണ്ടിലേക്ക് കയറരുത്...." അവൻ ശബ്ദമുയർത്തി "അയ്യോ....മോനെ.....ഞാൻ എന്റെ കൊച്ചിനെ അന്വേഷിച്ചു വന്നതാ....ഇന്നലെ രാത്രിയും വീട്ടിൽ കണ്ടില്ല....ഇന്നും വന്നപ്പോ അവിടെ ഇല്ല ..അല്ല ഇവിടിപ്പോ ആർക്ക് കൂട്ടുകിടക്കാൻ വരുന്നതാ അവള് എന്നന്വേഷിക്കണ്ടത് ഒരപ്പന്റെ കടമയല്ലിയോ.....ദേ ഇവനുണ്ടല്ലോ....ഇവനേ..."വാസു മൃദുലിന്റെ നെഞ്ചിൽ രണ്ടടി അടിച്ചു റോയ് യെ നോക്കി "ഇവൻ കെട്ടാൻ പോവുന്ന പെണ്ണാ അവള്.... ഈ കൊച്ചൻ വരുമ്പോഴൊന്നും അവളെ കാണാൻ കിട്ടേലാ....പ്രായ പൂർത്തിയായ കൊച്ചല്ലിയോ....ഇങ്ങനെ പാതിരായ്ക്കൊക്കെ കറങ്ങി നടന്നു നാട്ടുകാര് അതുമിതും വിളിച്ചു പറഞ്ഞാൽ ദോഷം ഞങ്ങൾക്കല്ലിയോ....അല്ല....ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലേൽ വീണാലും കേട് ഇലയ്ക്കാന്നേ...."

വാസു അഴിഞ്ഞു വീഴാൻ പോയ മുണ്ട് രണ്ടു കൈ കൊണ്ടും കൂട്ടിപ്പിടിച്ചു റോയ് യെ നോക്കി റോയ്‌യുടെ നോട്ടം ഏറ്റതും മൃദുൽ തല ചൊറിഞ്ഞു കൊണ്ട് കൈ കൂപ്പി റോയ് ഇരുവരെയും ഒന്നു തുറിച്ചു നോക്കിയിട്ട് തനിക്ക് പിന്നിലായ് നിൽക്കുന്ന ആരതിയെ തിരിഞ്ഞു ദഹിപ്പിക്കും വിധം നോക്കി ആ നിമിഷം ഒന്ന് മരിച്ചു വീണെങ്കിൽ എന്നു കൊതിച്ചു പോയി അവൾ അവൻ അവൾക്കരികിലേക്ക് രണ്ടടി വച്ചു "തൃപ്തിയായല്ലോ..ഇവർക്കുള്ള മറുപടി കൊടുക്കാൻ എനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല...സംസ്കാരമില്ലാത്തവരോട് സംസാരിചിട്ട് കാര്യമില്ല എന്ന് ബോധ്യമുള്ളത് കൊണ്ടാ......ഇന്നലെയെ നിന്നോട് ഞാൻ പറഞ്ഞു അനാവശ്യമായി ഇവിടെ കയറി ഇറങ്ങേണ്ട എന്ന്..... കൂടുതൽ നല്ല വാക്കുകൾ അപ്പന്റെ വായിൽ നിന്ന് വരുന്നതിന് മുൻപ് മോള് ചെല്ലാൻ നോക്ക്....."പല്ലു ഞെരിച്ചു പറഞ്ഞു കൊണ്ടവൻ പിന്തിരിഞ്ഞു നടന്നു ആരതി തിരിഞ്ഞു റീത്താമ്മച്ചിയെ നോക്കി അവരാകെ പകച്ചു നിൽക്കുകയായിരുന്നു പൊട്ടി വന്ന തേങ്ങലോടെ മുന്നോട്ട് നടക്കുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞു നോക്കി റോയ് യുടെ കണ്ണുകളിൽ ദേഷ്യത്തെക്കാൾ ഉപരി നിറഞ്ഞു നിന്നത് വെറുപ്പായിരുന്നു ഉമ്മറത്തു നിൽക്കുന്ന അമ്മയെ രൂക്ഷമായി ഒന്ന് നോക്കി ആരതി റൂമിൽ കയറി വാതിൽ വലിച്ചടചു സങ്കടം കൊണ്ട് നെഞ്ചു വിങ്ങിപ്പൊട്ടുന്ന പോലെ തോന്നി അമ്മച്ചിയുടെ പകച്ച മുഖവും റോയ്‌യുടെ വെറുപ്പ് നിറഞ്ഞ കണ്ണുകളും കണ്മുന്നിൽ തെളിവോടെ നിൽക്കുന്നു തലയിണയിലേക്ക് മുഖം പൂഴ്ത്തി വിങ്ങിക്കരയുമ്പോൾ വാതിലിന് ആരോ മുട്ടുന്നത് കേട്ടു

"ഇചേച്ചീ ...."നിധിയുടെ ശബ്ദമാണ്.... കേട്ടിട്ടും അനങ്ങാൻ തോന്നിയില്ല... പുറത്തു അയാളുടെയും മൃദുലിന്റെയും ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട് കണ്ണും കാതും ഇറുകെ പൂട്ടി ആരതി കട്ടിലിൽ കയറിക്കിടന്നു 🕊️ "അമ്മച്ചിക്ക് തൃപ്തിയായല്ലോ അല്ലെ...അപ്പഴേ ഞാൻ പറഞ്ഞതാ....അറിയാത്ത നാടും നാട്ടുകാരുമാ ആരെയും എടുത്തു തലയിൽ കയറ്റണ്ട....വിഷ്വസിക്കാൻ നിക്കണ്ട എന്ന്.... ഇപ്പൊ എന്തായി.....മര്യാദയ്ക്ക് കൂട്ടിന് നിറുത്തിയ സെർവന്റിനെയും പറഞ്ഞു വിട്ടേച്...." റോയ് ദേഷ്യം താങ്ങാൻ ആവാതെ ഭിത്തിയിൽ മുഷ്ഠി ചുരുട്ടി ഇടിച്ചു "ആ കൊച്ചൊരു പാവമാടാ....അതെന്തു പിഴച്ചു....അതിന്റെ കലങ്ങിയ കണ്ണു കണ്ടിട്ട് എന്റെ നെഞ്ചാ പിടിച്ചു പോയേ...." "ദേ അമ്മച്ചീ .....എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ....." "ആ കൊച്ചു പറയുന്നത് പോലെ അൽപമെങ്കിലും മനുഷ്യപ്പറ്റ് വേണമെടാ....നീയും നിന്റപ്പനെ പോലെ തന്നെയാ...." അമ്മച്ചി ദേഷ്യത്തോടെ അകത്തേക്ക് നടന്നതും റോയ് പിന്നാലെ ചെന്നു തടഞ്ഞു "എന്റെ പൊന്നമ്മച്ചി.... നമ്മളെന്തിനാ വെറുതെ ആരാൻറെ കാര്യത്തിൽ ഇടപെടുന്നത്....അവളുടെ അപ്പനും ആ പെണ്ണിനെ കെട്ടാൻ പോകുന്ന ചെറുക്കനും അവളിവിടെ വരുന്നത് ഇഷ്ടവല്ലെങ്കിൽ അവളിവിടെ വരാതെ ഇരിക്കുന്നതല്ലേ നല്ലത്....നമ്മളായി നമ്മടെ പാടായി...അമ്മച്ചിക് കൂട്ടിന് ആളെ വേണമെങ്കിൽ നാളെ തന്നെ ഞാനൊരു സേർവെന്റിനെ ഏർപ്പാടാക്കി തരാം....അങ്ങേര് പറഞ്ഞത് പോലെ വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ടു അതുമിതും പറയിപ്പിക്കുന്നെ...."

"എനിക്കിപ്പോ തത്കാലം ഒരു സെർവെന്റിന്റെയോ ഹോം നേഴ്‌സ്ന്റെയോ സേവനം ആവശ്യമില്ല....റീത്തയ്ക് ചെയ്യാനുള്ള ജോലിയെ ഇവിടൊള്ളു.....ആ കൊച്ചിനെ ഒരാഴ്ച്ചത്തെ പരിജയവേ നിക്കൊള്ളു എങ്കിലും ഒരു ജന്മത്തെ അടുപ്പം അതിനോട് തോന്നിയിട്ടുണ്ട്.... എന്തൊക്കെയോ സങ്കടം അതിന്റെ മനസിലുണ്ട്...... അല്ലേ തന്നെ നോക്കിയേ തുമ്പപ്പൂ പോലൊരു കൊച്ചാ അത്....ഇങ്ങനെ വെള്ളവും അടിച്ചു ലെവലില്ലാതെ നടക്കുന്നവനെ കൊണ്ടാണോ അതിനെ കെട്ടിക്കാൻ പോണത്....കണ്ടേച്ചാ മതി കോലം...." "ശെടാ..... ആ കൊച്ചിനെ ആർക്ക് കെട്ടിച്ചു കൊടുക്കണം ന്ന് അവളുടെ അപ്പനും അമ്മയുമല്ലിയോ തീരുമാനിക്കുന്നത് ....പുത്തൻപുരയ്ക്കലെ റീത്താമ്മച്ചിക്ക് അതിലെന്ത് കാര്യം...." റോയ് കളിയാക്കി ചിരിച്ചു കൊണ്ട് റീത്താമ്മച്ചിയെ നോക്കി "അത് ശരിയാ .....എന്നാലും.." "ഒരെന്നാലും ഇല്ല....അമ്മച്ചി പോയി കിടക്കാൻ നോക്ക് വേണ്ടാത്തത് ചിന്തിച്ചു കൂട്ടി ഷുഗറും പ്രഷറും കൂട്ടണ്ട....നിക്കിപ്പോ കൂട്ടിന് ആകെയൊരു അമ്മച്ചി മാത്രമേ ഉള്ളു അത് മറക്കണ്ട...." റോയ് റീത്താമ്മയെ ഉന്തി തള്ളി റൂമിലേക്ക് എത്തിച്ചു 🕊️

രാവിലെ പതിവിലും നേരം വൈകിയിരുന്നു ഉറക്കു തെളിയാൻ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടി വാരിക്കെട്ടി ആരതി അലമാരയിൽ പതിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് നോക്കി കണ്ണും മുഖവുമെല്ലാം കരഞ്ഞു വിങ്ങിയിരുന്നു അയയിൽ കിടന്നിരുന്ന തോർത്തെടുത്തു ചുമലിലിട്ട് വാതിൽ തുറന്നിറങ്ങി തൊട്ടു മുന്നിൽ മലർത്തിയിട്ട വാതിലിനുള്ളിലൂടെ കട്ടിലിൽ മലർന്നു കിടന്നു ഉറങ്ങുന്ന ആളെ കണ്ടതും അടി തൊട്ടു മുടി വരെ വെറുപ്പ് നുരച്ചു കയറി അപ്പുറത്തെ മുറിയിൽ നിന്നും കാവ്യയും നിധിയും എന്തിനോ വഴക്ക് കൂടുന്നുണ്ട് അടുക്കളയിലേക്ക് ഇറങ്ങിയതും അടുപ്പിനരുകിൽ നിന്നും ദോശ ചുടുകയായിരുന്ന ലക്ഷ്മി ആരതിയെ കണ്ടതും ഒന്ന് ചിരിച്ചെന്നു വരുത്തി ആരതി അവരെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ വെളിച്ചെണ്ണ പാത്രത്തിൽ നിന്നും അല്പം വെളിച്ചെണ്ണ എടുത്തു തല വഴി തേച്ചു പിൻവാതിലിലൂടെ പുറത്തിറങ്ങി അകത്തു നിന്നും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ കേൾക്കാവായിരുന്നു ആ കണ്ണും മുഖവും കണ്ടാൽ അറിയാം അമ്മയും ഇന്നലെ ഉറങ്ങിയിട്ടില്ല ന്ന് ആരതിക്ക് തന്നോട് തന്നെ ദേഷ്യം തോന്നി കുളിച്ചു മാറ്റി ആരോടും യാത്ര പറയാതെ ഇറങ്ങുമ്പോൾ നോട്ടം ഒരു നിമിഷം അപ്പുറത്തേക്ക് പാഞ്ഞു ഉമ്മറവാതിൽ അടഞ്ഞു കിടപ്പുണ്ട് റീത്താമ്മച്ചിക്ക് തന്നോട് ദേഷ്യം തോന്നിക്കാണുവോ കടുവ ഇനിയങ്ങോട്ട് അടുപ്പിക്കുമെന്നു തോന്നുന്നില്ല

വരമ്പിലൂടെ നടക്കുമ്പോൾ കാലുകൾ അവള് പോലും അറിയാതെ ദ്രുതം ചലിക്കുന്നുണ്ടായിരുന്നു ശ്രീ നിലയത്തിലേക്ക് ചെല്ലുമ്പോൾ എല്ലാവരും കഴിക്കാനുള്ള പുറപ്പാടിലാണ് കഴിച്ചെന്നു കള്ളം പറഞ്ഞുവെങ്കിലും ശ്രീ പിടിച്ച പിടിയാലേ അവളെ ടേബിളിനരികിൽ ഇരുത്തി ഉണ്ണി എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ് വാച്ചു കെട്ടിക്കൊണ്ടു ഹാളിലേക്ക് വന്ന അവന്റെ കണ്ണുകൾ ഒരു നിമിഷം ആരതിയിൽ തങ്ങി നിന്നു "താനെന്താടോ ഇന്നലെ കരഞ്ഞോ കണ്ണും മുഖവുമൊ ക്കെ വല്ലാതെ ഇരിക്കുന്നു...."ഉണ്ണിയുടെ ചോദ്യം വന്നതും ആരതി ഞെട്ടലോടെ മിഴികൾ ഉയർത്തി "ശരിയാണല്ലോ.... മൂക്കൊക്കെ ചുവന്നു കണ്ണൊക്കെ ഇറുങ്ങി ഇരിക്കുന്നല്ലോ....എന്ത് പറ്റി പെണ്ണേ...."ശ്രീ അവളെ ചേർത്തു പിടിച്ചു കൊണ്ട് മിഴികളിലേക്ക് നോക്കി ഒരു സങ്കടക്കടൽ ഉള്ളിൽ ആർത്തിരമ്പുന്നത് ആരതി അറിഞ്ഞു എങ്കിലും അത് സമർഥമായി മറച്ചു പിടിച്ചു രണ്ടു പേരെയും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു "കരഞ്ഞൊന്നും ഇല്ലന്നെ ....ഇന്നലെ നല്ല തലവേദന ണ്ടാർന്നു...അതിന്റെ ആവും...."

കള്ളം കണ്ടു പിടിക്കാതിരിക്കാൻ പാത്രത്തിലോട്ട് തന്നെ നോക്കിയിരുന്നു ഇടയ്ക് മിഴി ഉയർത്തിയപ്പോൾ പറഞ്ഞത് വിശ്വാസം ആവാത്ത മട്ടിൽ ഉണ്ണി അവളെ തന്നെ നോക്കിയിരുപ്പുണ്ടായിരുന്നു ഭക്ഷണം കഴിഞ്ഞു അൽപ നേരം സംസാരിച്ചിരുന്നപ്പോൾ ഉണ്ണി വണ്ടിയുടെ കീയുമെടുത്തു പുറത്തേക്ക് ഇറങ്ങി "ആരതി വാ ഞാൻ ഡ്രോപ്പ് ചെയ്യാം...." ഷൂ ഇടുന്നതിനിടയിൽ അവൻ ആരതിയെ നോക്കി "ചെല്ലു പെണ്ണേ അവിടം വരെ നടക്കണ്ടല്ലോ...."ശ്രീ പറഞ്ഞതും ആരതി എഴുന്നേറ്റു തോടിന് കുറുകെ വണ്ടി കയറും വിധത്തിൽ പാലം വാർത്തിരിക്കുന്നത് തെല്ലപ്പുറത്തു നിന്നാണ് ഉണ്ണി വണ്ടി തിരിച്ചു വരുമ്പോഴേക്കും രണ്ടു പേരും റോഡിലേക്ക് ഇറങ്ങി റോയ് യുടെ ബൊലേറോ ആ സമയത്താണ് ആ വഴി വന്നത് വണ്ടിയൊന്നി സ്ലോ ആക്കി ഡ്രൈവിങ് സീറ്റിൽ ഇരുന്ന് അവൻ രണ്ടു പേരെയും ഒന്ന് ചൂഴ്ന്നു നോക്കി ആരതി അവനെ കണ്ടതും മുഖം വെട്ടിച്ചു എന്നാൽ ശ്രീ വണ്ടി മായും വരെയും അവനെ തന്നെ നോക്കി "ടി കോഴി...."ആരതി പിച്ചിയപ്പോൾ ശ്രീ ചമ്മലോടെ തിരിഞ്ഞു "ഏതാടി ആ മൊതല്... എന്നാ ഗ്ലാമറാ.... നല്ല ചുള്ളൻ ചെക്കൻ...." "ചുള്ളനല്ല....കുള്ളൻ...." ആരതി ചുണ്ടു മലർത്തി "ങേഹ്...നിനക്ക് അറിയാവോ അയാളെ...."

"ആഹ്....നമ്മടെ സേവ്യറേട്ടന്റവിടെ വാടകയ്ക്ക് നില്കുന്നവരാ ഒരമ്മയും മോനും....അമ്മച്ചി പാവവാ....ഇങ്ങേര് കൊള്ളില്ല...അസ്സല് കടുവ...." "അടിപൊളി ....വെറുതെ അല്ല അങ്ങേരൊന്നു ഇരുത്തി നോക്കിയിട്ട് പോയത്.... നീ വൈകിട്ട് പോവുമ്പോൾ ഞാനും വരുന്നു....അമ്മച്ചിയെ ഒന്ന് പരിചയപ്പെടാലോ...." "ങേഹ്....എന്താ മോളേ ഒരിളക്കം....എന്താ ഉദ്ദേശം" ആരതി അവളെ കണ്ണുരുട്ടി നോക്കി "തീർത്തും ദുരുദ്ദേശം മാത്രം.... മോള് പോയെച്ചു വാ...."വണ്ടിയിലേക്ക് തള്ളിക്കയറ്റുന്നതിനിടയിൽ ശ്രീ അവളെ നോക്കി കണ്ണിറുക്കി ആരതി ഫ്രണ്ട് സീറ്റിൽ ഇരുന്നു കൊണ്ട് ഉണ്ണിയെ നോക്കി മുഖത്തു പതിവില്ലാത്ത ഗൗരവം "അയാള് നിന്നെ ഉപദ്രവിക്കാറുണ്ടോ...." വണ്ടി പതിയെ മുന്നോട്ട് എടുത്തു കൊണ്ട് ഉണ്ണി ചോദിച്ചതും ആരതി ഞെട്ടി അവനെ നോക്കി "ആ....ആര്...." തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തു വരാതെ അവൾ അവനെ നോക്കി "നിന്റെ അച്ചനെന്നു പറയുന്ന ആൾ....വാസു...."അതു പറയുമ്പോൾ ഉണ്ണിയുടെ മുഖം ഇരുണ്ടിരുന്നു "ഇ....ഇല്ല...." പെട്ടെന്ന് ഉണ്ണി വണ്ടി ബ്രെക്ക് ഇട്ടു ആരതി അവനെ മിഴിച്ചു നോക്കി "എന്നോട് കള്ളം പറയേണ്ട നീ....എല്ലാം ഞാൻ അറിഞ്ഞു.... അയാൾ നിന്നെ മൃദുലിന് കൊടുക്കാം എന്ന് പറഞ്ഞത് വരെ....അവന്റെ മോഹം ഈ ജന്മത്ത് നടക്കില്ല അത് വേറെ കാര്യം....

ഇത് പറ നീ....അയാള് മറ്റു രീതിയിൽ ഉപദ്രവിക്കാറുണ്ടോ നിന്നെ.....എന്തിനാ നീയിന്നലെ കരഞ്ഞെ......" അവന്റെ സ്വരം ആർദ്രമായപ്പോൾ ആരതി ഒന്നേങ്ങി പ്പോയി "ഇത്രയേറെ വേദന എന്തിനാ പെണ്ണേ ഇങ്ങനെ തനിയെ ഉള്ളിൽ കൊണ്ടു നടക്കുന്നത് ഞങ്ങളൊക്കെ ഇത്രയ്ക്ക് അന്യരായിപ്പോയോ ....." "ഉണ്ണ്യേട്ടാ....ഞാൻ...." ആരതി വിങ്ങിപ്പൊട്ടി... "സാരല്ല....കരയല്ലേ.... കേട്ടപ്പോ അവിടെ നിക്കാൻ തോന്നിയില്ല....അതാ പെട്ടെന്നിങ് പോന്നത്....നിനക്ക് വിഷമമായാലോന്ന് കരുതി അമ്മയെയും ശ്രീയേയും ഒന്നും അറിയിച്ചിട്ടില്ല ഞാൻ.....ഇനിയൊന്നും ഒറ്റയ്ക്ക് സഹിക്കണ്ടാട്ടോ......നിക്കാൻ പറ്റില്ലാച്ചാ അമ്മയോട് പറഞ്ഞു നേരെ ഇങ് പൊന്നേക്ക്....ഞങ്ങളിൽ ഒരാള് തന്നെയാ നീയും....."ഉണ്ണിയുടെ മുഖത്ത് സ്നേഹവും വേദനയും പരിഭവവുമെല്ലാം നിറഞ്ഞിരുന്നു... "ആരാ പറഞ്ഞേ ഉണ്ണ്യേട്ടനോട് ഇത്.... എങ്ങനെ അറിഞ്ഞേ...." "ഒരു ദിവസം സുധിയെ വിളിച്ചപ്പോൾ അവനാ പറഞ്ഞെ വാസുവും മൃദുലും തമ്മിൽ എന്തോ ഇടപാടുണ്ടെന്നു നിന്നെ അവനു കെട്ടിച്ചു കൊടുക്കുമെന്ന് വാസു വാക്കു കൊടുത്തന്നും....

.അപ്പൊ തന്നെ മൃദുലിനെ വിളിച്ചു...ആദ്യമൊന്നും അവൻ തുറന്നു പറഞ്ഞില്ല....ഒടുവിൽ രണ്ടു ഫോറിൻ കൊണ്ട് കൊടുക്കാമെന്നു പറഞ്ഞപ്പോ ചെക്കൻ മനസു തുറന്നു.....ഞങ്ങളൊക്കെ ഇവിടുള്ളപ്പോ അവനെപ്പോലെ ഒരു നാറി നിടെ കഴുത്തിൽ താലി കെട്ടില്ല.... അതോർത്ത് നീ പേടിക്കണ്ട പെണ്ണേ..."അവളുടെ ചുമലിൽ മൃദുവായി തട്ടി ഉണ്ണി വണ്ടി സ്റ്റാർട്ട് ചെയ്തു കണ്ണും മുഖവും അമർത്തി തുടച്ചു ആരതി അവനെ നോക്കി മന്ദഹസിച്ചു അമ്പലം കഴിഞ്ഞപ്പോൾ മൃദുലിന്റെ ബുള്ളറ്റ് അവരെ കടന്നു പാഞ്ഞു പോയി അംഗണവാടിക്ക് അരികിൽ എത്തിയതും പെട്ടിക്കടയ്ക് മുന്നിലായി നിർത്തിയിട്ടിരിക്കുന്ന പോലീസ് വണ്ടിയിൽ ആരതിയുടെ കണ്ണുടക്കി ഡ്രൈവിങ് സീറ്റിൽ ആളെ കണ്ടില്ല ഗേറ്റിനരികിൽ വണ്ടി നിർത്തിയതും ഉണ്ണിയോട് യാത്ര പറഞ്ഞു അകത്തേക്ക് കയറി അകത്തു നിന്നും ആരുടെയോ സംസാരം കേൾക്കാം ആരാവും എന്ന ചിന്തയോടെ വരാന്തയിലേക്ക് കടന്നതും കണ്ണൻ ഓടി വന്നു കൈ പിടിച്ചു "ദേ തീച്ചറെ....കദു വാ...."പെട്ടെന്ന് അബദ്ധം പറ്റിയ പോലെ അവൻ കുഞ്ഞിക്കൈ കൊണ്ട് വാ പൊത്തി "അല്ല.... പോളീഷ് മാമൻ...." ..... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story