കോവിലകം: ഭാഗം 4

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

എന്നാൽ പോയിട്ടുവാ... കാവിൽ വിളക്കുവച്ച് നേരെ ഇവിടേക്ക് വരണം... അന്നേരം ഒഴിഞ്ഞുമാറരുത്... " "ഇല്ല ആന്റീ തീർച്ചയായും വരാം.... " അതുപറഞ്ഞ് പാൽപാത്രവും വാങ്ങിച്ച് അവൾ വീട്ടിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ എന്താടാ നീ പറയുന്നത്.... അവന് നമ്മളെ എല്ലാവരേയും മുമ്പേ പരിചയമുണ്ടെന്നോ... അപ്പോൾ അവൻ അറിയാതെ വന്നു കയറിയതല്ല... എന്തോ ഒരു ലക്ഷ്യം അവനുണ്ട്... അവന്റെ നാട് എവിടെയാണെന്നാണ് പറഞ്ഞത്... " നീലകണ്ഠൻ ചോദിച്ചു.. "അങ്ങ് വടക്ക് എവിടെയോ ആണ്... " രാജേന്ദ്രൻ പറഞ്ഞു... അവിടെ നിന്നും ഈ കോവിലകം ലക്ഷ്യമാക്കി വരണമെങ്കിൽ എന്തോ ഒരു ലക്ഷ്യമുണ്ട് അവന്... അതാണ് ആദ്യം കണ്ടെത്തേണ്ടത്... എന്നിട്ടു മതി ഇനിയെല്ലാം... ഏതായാലും ഞാനൊന്ന് അവിടെ വരെ പോകട്ടെ... അവന്റെ അച്ഛനേയും അമ്മയേയും എനിക്കൊന്ന് കാണണം... നാളെയാവട്ടെ... ഇനി ഞാൻ പറയുന്നതുവരെ ഒന്നിനും പോകേണ്ട... ചിലപ്പോൾ അത് നമുക്കു തന്നെ പണിയാനും... കേട്ടല്ലോ... " അതല്ല അച്ഛാ.. അവനാരാണെന്നറിഞ്ഞാൽ... അവന് ആ കോവിലകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നറിഞ്ഞാൽ പിന്നെ നമ്മൾ കഷ്ടപ്പെട്ടതെല്ലാം വെറുതെയായില്ലേ... " "എടാ... ഈ നീലകണ്ഠൻ ഒരുപാട് കളിച്ചിട്ടുതന്നെയാണ് ഇപ്പോഴിവിടെ എത്തിയത്...

അവൻ ആരായാലും ഏത് കൊമ്പത്തെ വലിയവനായാലും എനിക്ക് അതൊരു പ്രശ്നമുള്ള കാര്യമല്ല... അവൻ കൂടുതൽ കളിച്ചാൽ ആരുമറിയാതെ അവന്റെ ശവം ഞാൻ കുഴിച്ചുമൂടും... പക്ഷേ ഇപ്പോൾ അതല്ല പ്രശ്നം... അവൻ ഇവിടെ വന്നതിന്റെ കാരണമാണ് നമ്മളറിയേണ്ടത്... അതറിഞ്ഞാലേ നമുക്ക് അടുത്തനീക്കത്തെക്കുറിച്ച് ആലോചിക്കാൻ പറ്റൂ... " "ഏതായാലും നാളെയാവട്ടെ... " നീലകണ്ഠൻ ഉമ്മറത്ത് ചാരുകസേരയിരുന്ന് മുറുക്കാൻ വായിലിട്ടു ചവച്ചു... രാജേന്ദ്രൻ പുറത്തേക്ക് പോയി... രഘുത്തമൻ അകത്തേക്ക് നടക്കുമ്പോൾ രാജേന്ദ്രന്റെ ഭാര്യ പ്രമീള അവനെ വിളിച്ചു.... എന്താടാ അച്ഛനും മക്കളും പുതിയൊരു ചർച്ച... ആ കോവിലകത്തെക്കുറിച്ചാണെന്ന് മനസ്സിലായി... എന്താണ് പുതിയ സംഭവം... " അത് ഏടത്തി... ആ കോവിലകം പുതിയൊരു കൂട്ടർ വാങ്ങിച്ചിട്ടുണ്ട്... അച്ഛന് ആ കോവിലകം പണ്ടേ മനസ്സിൽ കൊണ്ടുനടക്കുന്നതാണെന്നറിയാമല്ലോ... അവരെ അവിടെനിന്നും ഇറക്കി അത് സ്വന്തമാക്കാനുള്ള പരിശ്രമമാണ്... " അയാൾക്ക് എന്തിന്റെ കേടാണ്... എത്ര കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യൻ... അതിന് നിങ്ങൾ രണ്ടും കുട പിടിക്കാനും... നിന്നെ അങ്ങനെയല്ല ഞാൻ കണ്ടിരുന്നത്...നീയും ഏട്ടനെപ്പോലെ അച്ഛന്റെ സന്തോഷിപ്പിക്കാൻ നടക്കുകയാണോ....

നിങ്ങളുടെ അമ്മ മരിച്ചത് തന്നെ അയാളുടെ ഈ ദുഷ്പ്രവർത്തി കണ്ട് മനംനൊന്താണ്... അതുപോലാവരുത് എന്റെ അവസ്ഥയും... നിങ്ങൾ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും ദൈവം ശിക്ഷിക്കുന്നത് എന്നെയാണ്... വിവാഹം കഴിഞ്ഞ് വർഷം പത്തായി... ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല.... " ഏടത്തി വിഷമിക്കരുത്... അച്ഛനേയും ഏട്ടനേയും ദിക്കരിച്ചാൽ എന്താണുണ്ടാവുകയെന്ന് ഏടത്തിക്കറിയില്ലേ... അവരുടെ ഈ കൊലവിളിയും ആർത്തിയും കണ്ട് മനം മടുത്തിട്ടാണ് എന്റെ കൂടെ പഠിച്ച കൂട്ടുകാരന്റെ കൂടെ അമേരിക്കയിലേക്ക് പോയത്... എന്നാൽ ഏഴുവർഷം മാത്രമേ എനിക്ക് അവിടെ നിൽക്കാൻ പറ്റിയുള്ളു... അല്ല അച്ഛൻ സമ്മതിച്ചുള്ളൂ എന്നുതന്നെ പറയാം... ഇവിടെ അച്ഛന്റെ എല്ലാ ദുഷ്പ്രവർത്തിക്കും ഏട്ടന്റെ കൂടെ ഞാനും വേണമെന്നാണ് അച്ഛന്റെ പോളിസി.... എന്നാൽ ഏടത്തി ഒരു കാര്യം ഉറപ്പിച്ചോ... എന്ത് നാറിയ കളി കളിച്ചാലും അച്ഛന് ആ കോവിലകം കിട്ടാൻ പോകുന്നില്ല... അത് എത്തിപ്പെടേണ്ടവരുടെ കയ്യിലാണ് എത്തിപ്പെട്ടത്... ഹരിനാരായണൻ... അവനാണ് അത് വാങ്ങിച്ചത്... ബാക്കിയെല്ലാം ഏടത്തിക്ക് വഴിയേ മനസ്സിലാവും... നമ്മൾ ഇപ്പോൾ സംസാരിച്ചതെങ്ങാനും അച്ഛൻ കേട്ടാൽ അതുമതി... രണ്ടിനേയും കൊന്ന് കൊലവിളിക്കും...

എന്റെ അച്ഛനായ തുകൊണ്ട് പറയുകയല്ല... അതിനും മടിക്കില്ല അച്ഛൻ... ഏടത്തി പൊയ്ക്കോ... " രഘുത്തമൻ തന്റെ മുറിയിലേക്ക് നടന്നു... എന്നാൽ നീലകണ്ഠൻ ഉമ്മറത്തിരുന്ന് ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കവലയിൽ പ്രസാദിനേയും വിഷ്ണുവിനേയും കാത്തുനിൽക്കുകയായിരുന്നു ഹരി.... കുറച്ചു നേരത്തിനുശേഷം അവരുടെ കാർ വരുന്നതു കണ്ട് ഹരി കാറിൽനിന്നിറങ്ങി റോഡിലേക്ക് ഇറങ്ങിനിന്നു... അവനെ കണ്ട് പ്രസാദ് കാർ നിറുത്തി... എന്തോന്നെടാ... നല്ല സിറ്റിയിൽ നിന്ന് വന്നുകൂടിയ സ്ഥലം കൊള്ളാം... എവിടെയാണ് നിന്റെ കോവിലകം... " വിഷ്ണു ചോദിച്ചു... കുറച്ചു കൂടി പോകാനുണ്ട്... നിങ്ങൾ എന്റെ കാറിന് പുറകേ വന്നോ... എല്ലാം വിശദമായി പറയാം... " ഹരി തന്റെ കാറിൽ കയറി അവിടെയിട്ടുതന്നെ തിരിച്ച് മുന്നോട്ടെടുത്തു... പുറകെ പ്രസാദും കാറെടുത്തു... ഈ സമയം കാവിൽ വിളക്കു തെളിയിക്കുകയായിരുന്നു നന്ദന... വിളക്ക് തെളിയിച്ച തിനുശേഷം നാഗപ്രതിഷ്ഠ ക്കുചുറ്റും പ്രദക്ഷിണം ചെയ്ത് തൊഴുതതിനുശേഷം അവൾ കോവിലകത്തേക്ക് നടന്നു.... മുറ്റത്തേക്ക് കയറുമ്പോഴാണ് രണ്ട് കാറുകൾ അവിടെ വന്നു നിന്നത് മുന്നിൽ വന്ന കാറിൽനിന്നും ഹരിയിറങ്ങി അവനെ കണ്ട് അവളൊന്ന് ചിരിച്ചു...

പുറകിൽവന്ന കാറിൽ നിന്നിറങ്ങിയ വിഷ്ണുവിനേയും പ്രസാദിനേയും കണ്ട് അവൾ ഹരിയെ നോക്കി... "നന്ദനാ ഇതെന്റെ കൂട്ടുകാരാണ്... കുറച്ചു ദിവസം ഇവർ ഇവിടെയുണ്ടാകും..." ഹരി അവരെ പരിചയപ്പെടുത്തി... അവൾ അവരെ നോക്കി ചിരിച്ചു... പിന്നെ അടുക്കള വശത്തേക്ക് നടന്നു... " "ആരാടാ പുതിയൊരു പൈങ്കിളി.. " വിഷ്ണു ചോദിച്ചു... "മക്കളെ നിങ്ങളുടെ കളി അവളോട് വേണ്ട... അതൊരു പാവം കുട്ടിയാണ്.... " "എന്താടാ നിനക്ക് അതു പറയുമ്പോൾ തേനൊലിക്കുന്നത്... നാട്ടിൽ എത്രയെത്ര പെണ്ണുങ്ങൾ വഴിയെ വന്നിട്ടും അവരോടൊന്നും തോന്നാത്ത ഒരു താൽപര്യം നാട്ടിൻപുറത്തുകാരിയോട്... " പ്രസാദ് ചോദിച്ചു... താല്പര്യമുണ്ടെന്ന് കൂട്ടിക്കൊ... അതെല്ലാം വഴിയേ മനസ്സിലാവും... ഇപ്പോൾ രണ്ടും അകത്തേക്ക് വാ... " ഹരി അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് അകത്തേക്ക് കയറി... മുകളിലെ തന്റെ മുറിയുടെ അടുത്തുള്ള മുറി തന്നെ അവർക്കുവേണ്ടി റഡിയാക്കിയിരുന്നു.... "എന്താടാ ഇത്... കണ്ടാൽ ഏതോ പ്രേതാലയംപോലെ തോന്നുന്നുണ്ടല്ലോ.. " വിഷ്ണു പറഞ്ഞു "നിനക്ക് പ്രേതത്തെ പേടിയുണ്ടോ..." ഹരി ചോദിച്ചു... "എനിക്ക് പേടിയൊന്നുമില്ല... പക്ഷേ കണ്ടാൽ ചിലപ്പോൾ പ്രശ്നമാകും... " "അതിനാണ് പേടി എന്നു പറയുന്നത്... ഇവിടെ പണ്ട് രണ്ട് ദുർമരണങ്ങൾ നടന്നിട്ടുണ്ട്....

ആ പേരിൽ ഇവിടെ പ്രേതവും പിശാചുമുണ്ടെന്നാണ് പുറത്തുള്ള സംസാരം... " "എടാ ഹരീ... വന്നു കയറിയപ്പോൾ തന്നെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ... " അതിന് നീയെന്തിനാണ് പിടിക്കുന്നത്... ഇവിടെയതുണ്ടെന്ന് ഞാൻ പറഞ്ഞോ... നാട്ടുകാരുടെ വിശ്വാസമല്ലേ പറഞ്ഞത്... ഈ കോവിലകം സ്വന്തമാക്കാനുള്ള ചില ആളുകളുടെ കളിയാണത്... " ഹരി കാര്യങ്ങൾ പറഞ്ഞു... "അതു ശരി അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... എന്നിട്ട് അവർക്ക് നീ ഈ കോവിലകം വാങ്ങിച്ചത് ഇഷ്ടമായിട്ടില്ല അല്ലേ... അപ്പോൾ തുടർന്നും അവരിൽനിന്നും പല ഭീഷണിയും നേരിടേണ്ടി വരും... " "അതെന്തായാലും ഉണ്ടാകും... ഞാനും അതിനു തന്നെയാണ് കാത്തിരിക്കുന്നത്... " "എടാ ഹരീ എന്താണ് നിനക്ക് ഇത്രയും ദൂരത്തുള്ള ഈ കോവിലകത്തിനോട് ഇഷ്ടം തോന്നാൻ കാരണം... " "കാരണമുണ്ട്... ഈ കോവിലകം എന്റെ അച്ഛന് അവകാശപ്പെട്ടതാണ്... അത് പുറമേയുള്ള ഒരാളുടെ കയ്യിലാണെന്നറിഞ്ഞപ്പോൾ അത് തിരിച്ചുപിടിക്കണമെന്ന് കരുതി... എല്ലാം വഴിയേ കാണാനുള്ളതല്ലേ... ഇപ്പോഴേ പറഞ്ഞ് അതിന്റെ ത്രില്ലർ കളയണോ..." "ഒന്നും കാണാതെ നീ ഇതിനിറങ്ങില്ലെന്നറിയാം... ഏതായാലും കുറച്ചു ദിവസം ഞങ്ങൾ നിന്റെ കൂടെ കാണും... എന്തു പ്രശ്നത്തിനും ഞങ്ങളുണ്ടാകും കൂടെ...

അതവിടെ നിൽക്കട്ടെ... ഇന്ന് രാവിലെയല്ലേ നീ ഇവിടെയെത്തിയത്.... അപ്പോഴേക്കും നേരത്തെ കണ്ട പെണ്ണിനെ എങ്ങനെ വളച്ചെടുത്തു.... " "ഒന്നു പോടാ... അവളെ ഞാൻ വളച്ചെടുത്തിട്ടൊന്നുമില്ല... ഇവിടുത്തെ കാവിൽ അവരാണ് ദിവസവും വിളക്ക് തെളിയിക്കുന്നത്... രാവിലെ കാവിനടുത്തുള്ള മാവിന്റെ ചുവട്ടിൽ വച്ചാണ് അവളെ ഞാനാദ്യമായി കാണുന്നത് ... " അവൻ നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു... "അതു ശരി അപ്പോൾ അങ്ങനെയുള്ള ബന്ധമാണല്ലേ... എടാ കണ്ടിട്ട് നല്ലൊരു കുട്ടിയാണ് അവൾ... നല്ല ഐശ്വര്യവും കാണാൻ ചന്തവുമുള്ള അവളെ നിനക്ക് നന്നായി ചേരും... ഒരു നിമിത്തമായാണ് ഞാൻ കാണുന്നത് ഇതിനെ... അല്ലെങ്കിൽ നീ ഈ കോവിലകം വാങ്ങിക്കാനും... അവളെ ഇവിടെ വച്ച് കാണാനുമുള്ള സാഹചര്യം ഉണ്ടാകുമായിരുന്നോ... അവൾ നിനക്കായി ജനിച്ചവളാണ്..." "ഒന്നു പോടാ... അവൾക്ക് മറ്റാരെങ്കിലുമായി ഇഷ്ടമുണ്ടോ എന്നറിയുമോ... " "അങ്ങയുണ്ടാവാൻ സാധ്യതയില്ല.... നല്ല അച്ചടക്കമുള്ള കുട്ടിയാണെന്നാണ് എനിക്കു മനസ്സിലാക്കാൻ പറ്റിയത്... ഏതായാലും നമുക്കു നോക്കാം... ഞങ്ങളൊന്ന് നോക്കട്ടെ... " "എടാ നീയൊക്കെ കൂടി എന്റെ പേര് കളയരുത്... അവളുടെ മുന്നിൽ ചെറുതെങ്കിലും ഒരു വിലയുണ്ട്.... അത് ഇല്ലാതാക്കരുത്... " "മോനെ ഹരീ... നീ ഞങ്ങളുടെ ഉറ്റ ചങ്ങാതി മാത്രമല്ല.. ഒരു കൂടപ്പിറപ്പുപോലെ കഴിയുന്നവരുമാണ് നമ്മൾ... നിനക്കൊരു പ്രശ്നം വന്നാൽ സഹായിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളെന്തിനാ... ഇന്ന് ഇവിടെ നിന്നും അവൾ പോകുന്നതിന് മുമ്പ് രണ്ടിലൊന്നറിഞ്ഞിരിക്കും... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story