കോവിലകം: ഭാഗം 45

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എടാ പൊന്നു മോനേ... നീ എന്നോടാണോ കളി... ഇപ്പോൾ കിട്ടിയതിന്റെ പകുതി... അതുകഴിഞ്ഞാൽ ഇനി കിട്ടാനുള്ളത് മുഴുവനും... അതുംകൂടി കൈക്കലാക്കിയിട്ടേ എനിക്ക് വിശ്രമമുള്ളൂ... " മഹേഷ് രാജേന്ദ്രൻ പോകുന്നതും നോക്കി മനസ്സിൽ പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അന്ന് രാവിലെ പുറത്തേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു രഘുത്തമൻ... ആ സമയത്താണ് പ്രസാദിന്റെ കോൾ വന്നത്... "എന്താടോ പ്രസാദം രാവിലെത്തന്നെ... " "ഒരു ഗുഡ് ന്യൂസുണ്ട്... എന്റെ അച്ഛനും അമ്മയും ഇന്ന് വരുന്നുണ്ട്... അവർ അവിടെനിന്നും പുറപ്പെട്ടിട്ടു ണ്ട്... ഒരു രണ്ടു മണിക്കൂറിനുള്ളിൽ അവരെത്തും... അവർ അവിടേക്കാണ് നേരെ വരുന്നത് അവരുടെ കൂടെ വഴിയിൽ വച്ച് നാരായണനങ്കിളും ദേവികയും കയറും... " "എന്നിട്ട് ഇപ്പോഴാണോ പറയുന്നത്... അവർ ഊണുകഴിക്കാൻ നിൽക്കില്ലേ... " "അതെന്തായാലുമുണ്ടാകും... ഇന്നലെ രാത്രി നിന്നെ വിളിച്ചതാണ്... ഫോൺ ഓഫാണല്ലോ... " "ആ ഇന്നലെ ചാർജ്ജിലിടാൻ മറന്നു... എന്നാൽ ശരിയെടാ.... അവർ എത്താനായാൽ വിളിക്ക്... " "ആരാണ് ഏട്ടാ വിളിച്ചത്..." അവിടേക്ക് കയറിവന്ന നീലിമ ചോദിച്ചു... "നിന്റെ കോന്തനാണ് വിളിച്ചത്... നിന്റെ ഭാവി അമ്മായിയമ്മയും അമ്മോച്ചപ്പനും വരുന്നുണ്ട്... ഒരു രണ്ടു മണിക്കൂറിനുള്ളിൽ അവരെത്തും... "

"ഈശ്വരാ ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ... " അവൻ ഇന്നലെ വിളിച്ചിരുന്നു.. എന്റെ ഫോൺ ഓഫായിരുന്നു... " എന്നാൽ എന്നെ വിളിച്ച് പറയാമായിരുന്നില്ലേ... അവർ വരുമ്പോൾ എന്താണ് കഴിക്കാൻ കൊടുക്കേണ്ടേ... " "അത് കുറച്ച് കനത്തിൽത്തന്നെവേണം... ഊണുകഴിക്കാനുമുണ്ടാകും അവർ... " "ആണോ... പെട്ടല്ലോ" "എന്താ മരുമകളുടെ ശുഷ്കാന്തി... ഇപ്പോഴേ ഇങ്ങനെ വിവാഹം കഴിഞ്ഞാൽ നീയവരെ തിറ്റിച്ചുകൊല്ലുമല്ലോ.. " "അത് അന്നേരമല്ലേ... അപ്പോൾ നോക്കാം... ഇപ്പോൾ എന്താണ് വേണ്ടതെന്നുവച്ചാൽ വാങ്ങിച്ചു വാ... " ഞാൻ വാങ്ങിച്ചുവരാം.. അതിനുമുമ്പ് അച്ഛനോട് ഈ കാര്യം പറയട്ടെ... നീ ഏടത്തിയോട് പറഞ്ഞേക്ക്... " രഘുത്തമൻ നീലകണ്ഠന്റെയടുത്തേക്ക്നടന്നു... "അച്ഛാ... പ്രസാദിന്റെ അച്ഛനുമമ്മയും വരുന്നുണ്ട് നീലിമയെ കാണാൻ... പ്രസാദിപ്പോൾ വിളിച്ചിരുന്നു... അവരെകൂടെ കോലോത്തുനിന്നും നാരായണനങ്കിളും പ്രസാദിന്റെ അനിയത്തിയും ഉണ്ടാകും... " "അതേയോ... അപ്പോൾ അവർ ഭക്ഷണത്തിനുണ്ടാകുമല്ലേ... എന്നാൽ ഞാൻ പോയി എന്തെങ്കിലും വാങ്ങിച്ചുവരാം... " "വേണ്ടച്ഛാ... ഞാൻ വാങ്ങിച്ചുവരാം..... അവർ വരുമ്പോഴേക്കും എന്തൊക്കെ വേണമെന്ന് ഏടത്തിയോട് പറഞ്ഞേക്ക്... പുറത്തുനിന്ന് എന്തെങ്കിലും വാങ്ങിക്കാനുണ്ടെങ്കിൽ വിളിച്ചു പറഞ്ഞാൽ മതി... "

"എന്നാൽ നീ കാറെടുത്തോ... സാധനങ്ങൾ ബൈക്കിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടാകില്ലേ... " "ശരിയച്ഛാ ഞാനെടുത്തോളാം... " രഘുത്തമൻ കാറുമെടുത്ത് പുറത്തേക്കുപോയി... നീലകണ്ഠൻ പെട്ടന്ന് അടുക്കളയിലേക്ക് ചെന്നു... "മോളെ പ്രമീളേ... നമ്മൾ എന്താണ് അവർക്കുണ്ടാക്കി കൊടുക്കുക... " "അതാണ് അച്ഛാ ഞാനും ആലോചിക്കുന്നത്... അവൻ നാലുപേരല്ലേ വരുന്നത്.. ഉച്ചക്ക് ഉണ്ണാനുമുണ്ടാകും... എന്തെങ്കിലും വായക്കുരുചിയായിട്ടുള്ളത് വേണ്ടേ... ഇറച്ചിയും മീനും ഇവിടെ കയറ്റില്ലല്ലോ... പണ്ടു മുതലുള്ള സമ്പ്രദായമല്ലേ അത്... അതിനു തെറ്റിക്കേണ്ട... രഘു പുറത്തു പോയെങ്കിൽ രണ്ടുപേക്കറ്റ് തൈര് വാങ്ങിക്കാൻ വിളിച്ചു പറഞ്ഞാൽ മതി... " "അതു ഞാൻ വിളിച്ചു പറയാം... കൂടെ കുറച്ച് പാലും വാങ്ങിക്കാം... " നീലകണ്ഠൻ ഫോണെടുക്കാനായി നടന്നു.. "അച്ഛാ... രാജേന്ദ്രേട്ടനോട് ഈ വിവരം പറയേണ്ടേ... നമ്മൾ ഇത് മറച്ചുവെച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ... " "എന്തു പ്രശ്നമുണ്ടാക്കാനാണ്... ഇവർ തമ്മിൽ കണ്ടിഷ്ടപ്പെട്ട വിവാഹമാണിത്... ഇവരുടെ സ്നേഹത്തിന് വിലയുണ്ടെങ്കിൽ ഈശ്വരൻ വിചാരിച്ചാലും മുടക്കാൻ പറ്റില്ല... അവനെ ഞാൻ വിവരമറിയിച്ചോണ്ട്... ഇപ്പോഴല്ല എല്ലാം ഭംഗിയായി നടന്നിട്ട്... എന്താ മോളെ നിനക്ക് അവനോട് പറയണമെന്നുണ്ടോ.... "

"ഇല്ല അച്ഛാ... പറഞ്ഞാൽതന്നെ ഏതുകോലത്തിലാണ് വരുന്നതെന്ന് പറയാൻ പറ്റില്ല... ഞാൻ അങ്ങേര് അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമോ എന്നു കരുതിയിട്ടാണ് ചോദിച്ചത്..." "അവൻ പ്രശ്നമുണ്ടാക്കിയാൽ അങ്ങനെയൊന്ന് എനിക്ക് ജനിച്ചിട്ടില്ലെന്ന് കരുതും... " നീലകണ്ഠൻ ഉമ്മറത്തേക്ക് നടന്ന് അവിടെ പടിയിൽ വെച്ച ഫോണെടുത്ത് രഘുത്തമനെ വിളിച്ച് വേണ്ട സാധനങ്ങൾ പറഞ്ഞു... അധികം താമസിക്കാതെ അവൻ സാധനവുമായി വന്നു... പിന്നെയൊരു ജഗപൊകയായിരുന്നു എല്ലാവരും കൂടി ചേർന്ന് സദ്യാവട്ടങ്ങൾ പൂർത്തിയാക്കി... പുറത്ത് കാറിന്റെ ശബ്ദം കേട്ടാണ് രഘുത്തമനും നീലകണ്ഠനും പുറത്തേക്ക് വന്നത്... കാറിൽ നിന്ന് നാരായണനും ദേവികയുമാണ് ആദ്യമിറങ്ങിയത് പുറകെ പ്രസാദിന്റെ അമ്മ ഷൈലജയും ഇറങ്ങി... ദേവികയെ കണ്ടപ്പോൾ രഘുത്തമന് അവളുടെ മുഖത്തു നോക്കാൻ ഒരു മടിയുണ്ടായിരുന്നു... എന്നാൽ ദേവികക്ക് അങ്ങനെയൊരു പ്രശ്നവും കണ്ടില്ല... കാർ തിരിച്ചിട്ട് അതിൽനിന്നും ഒരു മദ്യവയസ്കനിറങ്ങി... അയാളെ കണ്ട് നീലകണ്ഠൻ ഞെട്ടി... സുബ്രഹ്മണ്യൻ...

അയാളും നീലകണ്ഠനെ കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു... "എടാ സുബ്രൂ.. നിന്റെ മകനാണോ പ്രസാദ്... " നീലകണ്ഠൻ അവന്റെയടുത്തേക്ക് നടന്നുചെന്നുകൊണ്ട് ചോദിച്ചു... അതെ.. ഇത് നിന്റെ വീടാണല്ലേ നീലാ... എത്ര കാലമായെടാ നിന്നെ കണ്ടിട്ട്... " സുബ്രഹ്മണ്യൻ നീലകണ്ഠനെ കെട്ടിപ്പിടിച്ചു... ഇതുകണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു മറ്റുള്ളവർ... "നാരായണാ ഇവനാണോ നിങ്ങൾ ഭീകരനായി ചിത്രീകരിച്ച നിലകണ്ഠൻ... അയ്യേ വളരെ മോശമായി പ്പോയി... ഇവർ പറഞ്ഞു കേട്ടപ്പോൾ സിനിമയിൽ കാണുന്നതുപോലെ ഏതോ കൊമ്പൻമീശവച്ച ഒരു ഗുണ്ടയുടെ രൂപമായിരുന്നു മനസ്സിൽ... " "നിങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നോ..." "ഉണ്ടോന്നോ... ഞാനും ഇവനും ഒന്നിച്ച് ഇരുപത് വർഷം ജോലി ചെയ്തവരല്ലേ... കഴിഞ്ഞ അഞ്ചുവർഷംമുമ്പുവരെ തലശ്ശേരിയിൽ ഇവൻ എന്റെ കൂടിയുണ്ടായിരുന്നു... പിന്നെ നേരിട്ട് കാണുന്നത് ഇന്നാണ്... എന്നാലും ഇടക്കിടക്ക് ഞങ്ങൾ തമ്മിൽ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു... " "എന്നിട്ട് നീയിതുവരെ പറഞ്ഞിരുന്നില്ലല്ലോ... " നാരായണൻ ചോദിച്ചു... "അതിന് നിങ്ങൾ പറഞ്ഞ നീലകണ്ഠൻ ഇവനായിരുന്നെന്ന് എനിക്കറിയില്ലല്ലോ... ഒരിക്കൽ തമാശക്ക് ഞങ്ങൾ പറയുമായിരുന്നു ഇവന്റെ മോളെ നമ്മുടെ പ്രസാദിനെക്കൊണ്ട് കെട്ടി ക്കണമെന്ന് അതുപോലെ ഇവളെ ഇവന്റെ രണ്ടാമത്തവനെക്കൊണ്ടും കെട്ടിക്കാമെന്ന്... ആദ്യത്തേത് ദൈവം ഏറ്റു പിടിച്ചു...

അല്ലെങ്കിൽ ബാംഗ്ലൂരിൽ വച്ച് പ്രസാദ് ഇവന്റെ മകളെ കാണാനും ഇഷ്ടപ്പെടാനും... പിന്നീട് കോവിലകത്തേക്ക് വന്ന് അവിടെവച്ച് വീണ്ടും ഇവളെ കാണുകയും അത് അവസാനം വിവാഹം വരെ എത്തുവാനും സാധിക്കുമോ... " "ഏതായാലും നിങ്ങൾ കയറിയിരിക്ക്... ഇനി ഇരുന്നുകൊണ്ട് സംസാരിക്കാം... " നീലകണ്ഠൻ പറഞ്ഞു... അവർ അകത്തേക്ക് കയറി... ദേവിക കയറുന്നതിനിടയിൽ രഘുത്തമന്റെ അടുത്തെത്തിയപ്പോൾ നിന്നു... "കേട്ടല്ലോ പറഞ്ഞത്... രണ്ട് അച്ഛന്മാരും കൂടി നമ്മുടെ വിവാഹക്കാര്യം നേരത്തേ തീരുമാനിച്ചതാണ്.. ഇനി പഴയ പ്രേമവും പറഞ്ഞ് നടന്നാലുണ്ടല്ലോ... ശരിയാക്കും ഞാൻ... അതിനുള്ള അവകാശം ഇവർ നേരത്തേ പറഞ്ഞുറപ്പിച്ചതാണ്... " "പോടി പൊട്ടിക്കാളി... " അതുകേട്ട് ദേവിക ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു... " "നാരായണാ... നിനക്കറിയോ നിന്നെപ്പറ്റി ഇവനോട് പറയാത്ത ദിവസമുണ്ടായിരുന്നില്ല... എന്നിട്ടും നിങ്ങൾ തമ്മിലുള്ള ബന്ധം ഇവൻ പറഞ്ഞില്ല.. അതാണ് എനിക്ക് അതിശയം... " അത് ഒന്നുമുണ്ടായിട്ടല്ല... എന്നെ ഇവർ തിരിച്ചറിഞ്ഞാൽ അത് നമ്മുടെ ബന്ധത്തിന് വിള്ളൽ വീഴുമെന്ന ഭയംകൊണ്ടാണ് ഒന്നും പറയാതിരുന്നത്... നിങ്ങളെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായിട്ട് എനിക്കെല്ലാമറിയാമായിരുന്നു...

നിന്റെ മകൾ പൊന്നുവിന് സംഭവിച്ചതും... മാർത്താണ്ഡനായുള്ള പ്രശ്നവും എല്ലാം എനിക്കറിയാമായിരുന്നു... അതവിടെ നിൽക്കട്ടെ ഇവനെ മനസ്സിലായോ... ഇതാണ് എന്റെ രണ്ടാമത്തെ മകൻരഘുത്തമൻ... നിങ്ങളുടെ മക്കളുടെ കൂടെ അമേരിക്കയിൽ ജോലി ചെയ്തത് ഇവനാണ്... "ഇവനെപ്പറ്റി മക്കൾക്ക് പറയാനേ നേരമുണ്ടായിരുന്നുള്ളൂ... എവിടെ നിന്റെ മൂത്തമകൻ.. അവൻ ഇപ്പോഴും പഴയ ദുശ്ശീലവുമായി നടക്കുകയാണോ... " "അവനത് മാറ്റില്ല... ഒരുകണക്കിന് അവന്റെ എല്ലാ പ്രവൃത്തികൾക്കും കാരണം ഞാൻ തന്നെയാണ്... മൂത്തവനെന്ന പരിഗണനയിൽ അല്പം കൂടുതൽ ലാളിച്ചു... അതാണ് എനിക്കു പറ്റിയ തെറ്റ്... ഇപ്പോൾ കുറച്ചു ദിവസമായി ഇവിടേക്ക് വരാറില്ല... അവന്റെ ഭാര്യയുടെ കാര്യമാണ് കഷ്ടം... അവളിപ്പോൾ ഇവിടെയുണ്ട്... ഞങ്ങളുടെ കൂടെയാണ് കഴിയുന്നത്... " "എല്ലാം ശരിയാവുമെടോ... അതു പോട്ടെ നിന്റെ മോളെ കാണാനാണ് ഞങ്ങൾ വന്നത്... എന്നിട്ട് മോളെവിടെ... " "ഇപ്പോൾ വിളിക്കാം..." രഘുത്തമൻ നീലിമയെ വിളിക്കാനായി അകത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ രഘുത്തമൻ വന്നു പുറകിൽ ചായയുമായി നീലിമയും കൂടെ പ്രമീളയും വന്നു... നീലിമ എല്ലാവർക്കും ചായ കൊടുത്തു... വെറുതെയല്ല എന്റെ മകൻ വീണു പോയത്... ഇവളെ കണ്ടാൽ ആരാണ് വീഴാതിരിക്കുക... ഷൈലജ പറഞ്ഞു... " ഉം... ഇപ്പോഴേ ഭാവി മരുമകളെ പുകഴ്ത്തിത്തുടങ്ങി... ഇനി എന്റെ കാര്യം ഗോവിന്ദാ... ദേവിക പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു...

ഉച്ചക്കുള്ള ഭക്ഷണവും കഴിച്ച് എല്ലാ കാര്യവും പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് അവർ മടങ്ങിയത്.... ദിവസങ്ങൾ കടന്നുപോയി... നീലിമ എക്സാം തുടങ്ങുന്നതു കാരണം ബാംഗ്ലൂരിലേക്ക് പോയി... ദേവിക സുബ്രഹ്മണ്യനും ഷൈലജയും പോകുമ്പോൾ കൂടെ പോകാതെ കോലോത്തുത്തന്നെ നിന്നു... സാവിത്രിയും രാമചന്ദ്രനും കോലോത്ത് തിരിച്ചെത്തി... ഗോവിന്ദൻ വീട്ടിൽ നിന്നും പോയിട്ടും എവിടെയാണ് ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അന്വേഷിക്കാതെ മാലതി തന്റെ കാര്യം മാത്രമാലോചിച്ച് നടന്നു... എന്നാൽ ഗോവിന്ദന് പഴയ ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്... രാജേന്ദ്രന്റെ കമ്പിനിയുടെ റജിസ്ട്രേഷൻ നടന്നു... കിട്ടിയ പണം മുഴുവനും മഹേഷ് പറഞ്ഞ ബിസിനസ്സിന് മഹേഷിന്റെ കയ്യിൽ തന്നെ കൊടുത്തു... എന്നാൽ ആ പണവുമായി മഹേഷ് മുങ്ങി... ഇതൊന്നും രാജേന്ദ്രൻ അറിഞ്ഞില്ല... ഒരാഴ്ചയോളം മഹേഷിനെ കാണാതെ വന്നപ്പോൾ രാജേന്ദ്രൻ അവനെ വിളിച്ചു.. എന്നാൽ ആ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു... രാജേന്ദ്രന് എന്തോ അപകടം മണത്തു... അവൻ മഹേഷ് പോകാറുള്ള എല്ലാ സ്ഥലത്തും അന്വേഷിച്ചു... എന്നാൽ അവനെപ്പറ്റി കേട്ടതു മുഴുവൻ രാജേന്ദ്രന്റെ തല പെരുക്കുന്ന വിവരങ്ങളായിരുന്നു... താൻ ചതിക്കപ്പെട്ടു എന്നവന് മനസ്സിലായി....

ഇത്രയും കാലം കൂടെ നടന്ന് ചതി ക്കുകയായിരുന്നു ആ നായിന്റെമോൻ... ഇല്ല വിടില്ല ഞാനവനെ... എന്നെ ചതിച്ച അവനെ വെറുതെ വിടില്ല... " അപ്പോഴാണ് അവന് മഹേഷിന്റെ ബാംഗ്ലൂർ കണക്ഷൻ ഓർമ്മ വന്നത്... ഒട്ടും താമസിയാതെ രാജേന്ദ്രൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി... "എന്നാൽ മഹേഷ് ബാംഗ്ലൂരിൽ തന്റെകൂട്ടാളികളുമായി ബാറിൽ മതിമറന്ന് ആഘോഷിക്കുകയായിരുന്നു... " "എടാ ഇഷ്ടംപോലെ ആസ്വദിച്ച് കുടിച്ചോ... ഇന്ന് എന്റെ വകയാണ് ചിലവ് മുഴുവൻ... ആ മണ്ടൻ ഇപ്പോൾ അടികൊണ്ട വെരുകിനെപ്പോലെ ഓടിനടക്കുന്നുണ്ടാകും... ഞാൻ അവനെ ചതിച്ചതാണെന്ന് ഈ സമയം കൊണ്ടവൻ അറിഞ്ഞിട്ടുണ്ടാകും... എന്നെത്തേടി അവൻ പലയിടത്തും നടക്കുന്നുണ്ടാകും... എന്തായാലും അവൻ ഇനയവിടെയെത്തില്ല... അഥവാ എത്തിയാൽ അവന്റെ പണംകൊണ്ടുതന്നെ അവനൊരു ശവപ്പെട്ടി വാങ്ങിക്കും ഞാൻ... " "എന്തായാലും അവന് പ്രാന്ത് വന്നില്ലെങ്കിൽ നന്ന്... അതു പോട്ടെ... ഒരു പ്രധാന കാര്യം പറയാൻ മറന്നു... ബോസിന്റെ മറ്റവൾ ഇവിടെ എത്തിയിട്ടുണ്ട്.. " കൂടെയുള്ള ഒരുവൻ പറഞ്ഞു... "ആരുടെ കാര്യമാണ് നീ പറയുന്നത്... " "ആരാണ് ഇവിടെ ബോസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് അവൾതന്നെ.... അന്ന് ബോസിനെ അകത്താക്കിയവൾ തന്നെ... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story