💞പ്രണയിനി 💞: ഭാഗം 6

pranayini shree

രചന: SHREELEKSHMY SAKSHA

(എബി എന്ന് എഴുതിയിരുന്ന കഥാപാത്രം അഭി ആണ്.. എന്റെ അശ്രദ്ധ മൂലം പറ്റിയ തെറ്റാണു.. ക്ഷമിക്കുക abi എബി ആയത് ഓർത്തില്ല ) ഇവളിത് ഏത് ലോകത്താ... ഇപ്പോൾ തന്നെ ഒരു 50വട്ടം ഞാൻ ശ്രദ്ധ,ശ്രദ്ധ എന്ന് വിളിച്ചു.. എപ്പോഴും വേറെ ഏതേലും ലോകത്ത്.. പേരിടുന്നവർക്ക് എന്തേലും ഇട്ടാൽ മതിയല്ലോ.... വളർന്നു വലുതാകുമ്പോൾ.. സ്വഭാവവുമായി എന്തേലും ഒരു നൂലിഴ ബന്ധം എങ്കിലും വേണ്ടേ... ശ്രദ്ധ എന്ന പേര് തന്നെ ഇവളെ കണ്ടാൽ നാട് വിടും. അവളുടെ കുഞ്ഞി വെള്ളാരം കണ്ണുകളിലേക്ക് നോക്കി ശിവ ഓർത്തു.... ചിന്തകളിൽ നിന്ന് മുക്തയായി ശ്രദ്ധ നോക്കുമ്പോൾ ദാ മാഷ് അവളുടെ കണ്ണിലും നോക്കി ഇരിക്കുന്നു ഇങ്ങേരെന്തിനാ എന്റെ മുഖത്തും നോക്കി ഇരിക്കുന്നെ... ഇനി മുഖത്തെങ്ങാനും ബിസ്ക്കറ്റ് പൊടി ഉണ്ടോ. അവർ അറിയാത്ത രീതിയിൽ കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു. അവൾ മുഖം വെട്ടിച്ചപ്പോൾ ആണ് ശിവ നോട്ടം മാറ്റിയത്. ഇവളോട് എങ്ങനെയാ ഇപ്പോ ഒന്ന് ചോദിക്കുവാ...

ശിവ തലപ്പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. മണി ചേട്ടൻ ബിരിയാണിയുമായി വരുന്നത് കണ്ട് ശ്രദ്ധയുടെ ജീവൻ പോയി. തമ്പുരാനെ.. ഇത് മൊത്തം ഞാൻ കഴിക്കണോ... അവൾ മണി ചേട്ടനെ ഒന്ന് നോക്കി. അയാൾ അത് ടേബിളിൽ കൊണ്ട് വെച്ച് തിരിച്ചു പോയി. ഇതെന്താ കുത്തബ്മിനാറോ.....അവൾ അത് മൊത്തത്തിൽ ഒന്ന് നോക്കി.ഞാൻ കൃധർത്താനായി.. അവൾ മണി ചേട്ടൻ പോകുന്നതും നോക്കി നിന്നു. "കഴിക്ക്..". ശിവ പറഞ്ഞപ്പോൾ ശ്രദ്ധ തലയാട്ടി പ്ലേറ്റ് നീക്കി അടുത്ത് വെച്ചു. ഇതിപ്പോ എവിടുന്നാ എന്റെ ഈശോയെ ഒന്ന് തുടങ്ങുവാ... ഒരു സൈഡിൽ നിന്ന് കഴിക്കാം. ബാക്കി പിന്നെ ഹോസ്റ്റലിൽ പോയി കഴിച്ചോളാം എന്ന് പറഞ്ഞു മുങ്ങാം... അവൾ പ്ലേറ്റിന്റെ അരികും ചുരണ്ടി ഇരുന്നു. ഓരോ വറ്റ് വളരെ പ്രയാസപ്പെട്ട് എടുത്തു കഴിച്ചുകൊണ്ടിരുന്നു ദൈവമേ ഇവിടുന്ന് മുങ്ങാൻ ഒരു വഴി പറഞ്ഞു താ.. പ്ലീസ്... അവൾ മനസിൽ പറഞ്ഞുകൊണ്ടിരുന്നു. "ശ്രദ്ധ.." "മ്മ്..."വായിൽ ബിരിയാണി ആയതുകൊണ്ട് അവൾ മൂളി. "ശ്രദ്ധ നോവലൊക്കെ വായിക്കുവോ...." തമ്പുരാനെ ഇതിനാണോ ഈ ബിരിയാണി വാങ്ങി തന്നത്. പഠിക്കാൻ ഉള്ളത് തന്നെ വായിക്കാറില്ല.പിന്നെ നോവൽ ഒന്ന് പോയെ...

"മ്മ് വായിക്കും".അവൾ പ്ലേറ്റിൽ നോക്കി പറഞ്ഞു. "ആഹ്...എന്തൊക്കെ വായിച്ചിട്ടുണ്ട്.." ഊ..3ജി... ഇനി എന്ത് പറയും. കോപ്പ് ആവശ്യത്തിന് വായിൽ ഒരു നോവലും വരുന്നില്ല. ബാലരമ മാത്രം വായിച്ചിട്ടുള്ള എന്നോട് വേണോ ബാല...... ഈ ഇടക്ക് ഏതോ ഒരു നോവലിന്റെ പേര് കേട്ടിരുന്നല്ലോ എന്താ അത്..ഓ നാശം ഒന്നും കിട്ടുന്നുവില്ല... "അത് കുറെ വായിച്ചിട്ടുണ്ട്.."അവൾ പ്ലേറ്റിൽ നിന്ന് തല എടുക്കാതെ പറഞ്ഞു. മ്മ്.. ഇനിയൊന്നും ചോദിക്കാതിരുന്ന മതിയാരുന്നു. അവൾ ഒളികണ്ണിട്ട് അവനെ നോക്കി. "ശ്രദ്ധ ഇന്ന് സെമിനാറിനു കേറിയിരുന്നോ..". തമ്പുരാനെ.. വീണ്ടും പെട്ടു.. "ആ കേറി.." "എങ്ങനെ ഉണ്ടാരുന്നു. " "ആ നന്നായിരുന്നു... " ദൈവമേ... അതിൽ ചോദിച്ചതൊന്നും പറയാൻ പറയല്ലേ... "സെമിനാറിന്റെ സമയത്ത് നീ സ്റ്റാഫ്‌ റൂമിൽ പോയിരുന്നോ..." "ആ പോയിരുന്നു... ഇന്ന് വന്ന ടീച്ചർമാർക്ക് പ്രൊജക്ടറിൽ എന്തോ കാണിക്കാൻ ഉണ്ടെന്ന് പറഞ്ഞു അതിന്റെ കേബിൾ എടുക്കാൻ വന്നതാ.. കൂടെ വന്നു കാണിച് തരാൻ പറഞ്ഞപ്പോൾ ഞാനും പോയി.." "മ്മ്.. ഏത് സ്കൂളിലെ ടീച്ചേർസ് ആയിരുന്നു.." "അത്... സെന്റ് തോമസിലെ ഉണ്ടാരുന്നു. എംജി ലെ ഉണ്ടാരുന്നു. മഠത്തിലെ ഉണ്ടാരുന്നു.."

"മ്മ്.. എന്റെ ടേബിളിൽ ആരോ മറന്ന് ഒരു ബുക്ക് വെച്ചു അതാരാ വെച്ചെന്ന് നീ കണ്ടോ..." ഓ... അപ്പൊ അതാണ് കാര്യം ആളെ തപ്പി ഇറങ്ങിയതാ... എനിക്ക് അറിയാം അത് ആരാ വെച്ചെന്നും എന്തിനാ വെച്ചെന്നും.. പക്ഷെ പറയൂല... ശ്രദ്ധ മനസിൽ പറഞ്ഞു. "ഇല്ലാ മാഷേ കണ്ടില്ല... ഏത് ബുക്കാണ്.." "അതൊരു നോവൽ ആണ്.. മറന്ന് വെച്ചതാണ് എന്ന് തോന്നുന്നു." അയ്യ... മണന്നു വെച്ചതാണെന്നു പോലും... എടോ കാട്ടുമക്കാനേ..അത് തനിക്ക് തന്റെ പ്രണയിനി തന്നതാണെന്നു പറഞ്ഞാൽ എന്താ.. "ഓ.. "അവൾ വിനീത കുലീനയായി ഒന്ന് ചിരിച്ചു. അപ്പോഴാണ് അഭി അതുവഴി പോയത്. ശിവയും ശ്രദ്ധയും ക്യാന്റീനിൽ ഇരിക്കുന്നത് കണ്ട് അവൻ അവിടേക്ക് ചെന്നു. അഭി അവർക്ക് നേരെ വരുന്നത് കണ്ട് ശ്രദ്ധ ഞെട്ടി. ദൈവമേ.. വെള്ള പാറ്റ എന്താ ഇവിടെ..കുറച്ച് മുൻപ് ഞാൻ ഊണ് കഴിക്കുന്നത് ഇയാള് കണ്ടതാണല്ലോ.. ഇപ്പൊ കള്ളി എല്ലാം പൊളിയും. ഇപ്പൊ ഇങ്ങേരെ എന്തിനാണോ കെട്ടി എടുത്തെ...ശ്രദ്ധ പ്ലേറ്റിൽ തന്നെ ശ്രദ്ധ ഊന്നി ഇരുന്നു. ശ്രദ്ധ അഭിയെ വെള്ളപ്പാറ്റ എന്നാണ് വിളിക്കുന്നത്.

അവനു നോർമൽ വെളുപ്പ് നിറം അല്ല, പേപ്പറിന്റെ പോലെ ഉള്ള വെളുപ്പ് ആണ്. അവൾ മാത്രം അല്ല കോളേജിലെ മിക്ക കുട്ടികളും അവനെ അങ്ങനെയാണ് വിളിക്കുന്നത്. "എന്താ ശിവ ഇവിടെ"... അഭി ശിവയോടായി ശ്രദ്ധയെ നോക്കി ചോദിച്ചു. "ഇവൾ ഉച്ചക്ക് ഒന്നും കഴിച്ചില്ലെന്ന് വിശന്നിരിക്കേണ്ട എന്ന് കരുതി വിളിച്ചോണ്ട് വന്നതാണ്." സബാഷ്... തീർന്നു.. ഇന്ന് കാട്ടുമാക്കാൻ എന്റെ പൊങ്കാല എടുക്കും. ശ്രദ്ധ മനസിൽ ഉറപ്പിച്ചു. അഭി ശ്രദ്ധയെ നോക്കി അവൾ പ്ലേറ്റിൽ നിന്ന് കണ്ണെടുക്കാതെ തീറ്റയാണ്.. "മ്മ് അതെന്താ കഴിക്കാഞ്ഞേ"... അഭി മുൻപിലെ കസേര വലിച്ചിട്ടു അതിൽ ഇരുന്നുകൊണ്ട് ചോദിച്ചു. "കാശ് ഇല്ലാത്തത് കൊണ്ട്. പട്ടിണി ഇരിക്കുവായിരുന്നു.." ശിവ പറഞ്ഞത് കെട്ട് അഭി ശ്രദ്ധയെ നോക്കി അവൾ നന്നായി ഒന്ന് ഇളിച്ചുകൊടുത്തു. അഭി തിരിച്ചും. എന്തോ ഭാഗ്യത്തിന് അഭി അവൾ നേരത്തെ ചോറ് കഴിച്ച കാര്യം ശിവയോട് പറഞ്ഞില്ല.. അവർ തമ്മിൽ മറ്റെന്തോ കാര്യം പറഞ്ഞിരുന്നു. ഇടക്ക് അവരുടെ സംഭാഷണത്തിനു ശ്രദ്ധ ഒന്ന് കാത്തോർത്തതും പഠന കാര്യം ആണെന്ന് അറിഞ്ഞതും അവൾ ചെവി ക്ലീൻ ആക്കി വേറെ എവിടെയോ ആരോ പാടുന്ന പാട്ടിനു കാതോർത്തു. ശ്രദ്ധ അത് കളയാൻ ഉള്ള വഴി ആലോചിക്കുകയാണ്.

നേരത്തെ ഒരാളുടെ കൈയിൽ നിന്ന് രക്ഷപെട്ടാൽ മതിയാരുന്നു. ഇപ്പൊ രണ്ട് പേരുടെ കൈയിൽ നിന്ന്... അവൾ പ്ലേറ്റിൽ കിടന്ന് കളം വരക്കുന്നത് കണ്ട് ശിവ ചോദിച്ചു. "എന്തോർത്തിരിക്കുവാ.. കഴിക്ക്.." "മതി.. വിശപ്പ് പോയി. അവൾ വിക്കി പറഞ്ഞു." "അതിനു നീയൊന്നും കഴിച്ചില്ലല്ലോ.." അവളുടെ പ്ലേറ്റിലേക്ക് നോക്കി ശിവ ചോദിച്ചു. "മതി മാഷേ... വിശപ്പില്ല.." അഭിക്ക് കാര്യം മനസിലായി അവൻ അവളെ നോക്കി. അവൾ വളരെ നിഷ്കളങ്കതയോടെ ഒരു നോട്ടം നോക്കി. "ശ്രദ്ധ ഫുഡ് വേസ്റ്റ് ആക്കാൻ പാടില്ല.. നിനക്ക് അറിയോ ഈ ലോകത്ത് എത്ര പേരാണ് ഒരു ദിവസം ആഹാരം കിട്ടാതെ മരിക്കുന്നതെന്ന്"........ അഭി ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. പിന്നെ അവൻ പറഞ്ഞ ശരാശരി കണക്കും ഇന്ത്യയിലെയും കേരത്തിലെയും പട്ടിണി പാവങ്ങളുടെ എണ്ണവും മരണ നിരക്കും കേട്ടാൽ ശ്രദ്ധയെന്നല്ല ഇപ്പൊ ജനിച്ചുവീണ കുഞ്ഞു പോലും കുത്തിയിരുന്നു ആ ബിരിയാണി ഫുൾ കഴിക്കും. അമ്മാതിരി ക്ലാസ്സ്‌... ഇത് കടിക്കോ.....ഇങ്ങേര് നേരത്തെ വല്ല ആരോഗ്യവകുപ്പിലും ആയിരുന്നോ.. ഇത്ര കൃത്യമായി കണക്കു പറയുന്നു... ശ്രദ്ധ കണ്ണും മിഴിച്ചു അവനെ നോക്കി. ശ്രദ്ധ അടുത്ത നിമിഷം ആ പ്ലേറ്റ് കാലിയാക്കി..

"മിടുക്കി" അഭി ചിരിയോടെ അവളുടെ തോളത്ത് തട്ടി എഴുന്നേറ്റ് പോയി.ശിവയും ഒന്ന് പുഞ്ചിരിച്ചു എഴുന്നേറ്റ്.. കൈ കഴുകി ക്ലാസ്സിൽ പൊക്കോ...ശിവ പറഞ്ഞു റിസെപ്ഷനിലേക്ക് നടന്നു. മ്മ്.. അവൾ തലയാട്ടി.. ഇവിടുന്ന് ഇനി എങ്ങനെ എഴുനേൽക്കാനാ... വല്ല ക്രയിനും വിളിക്കേണ്ടി വരും.അമ്മോ എനിക്ക് എഴുനേൽക്കാൻ വയ്യായെ... ഒരു ചെറിയ കള്ളം പറഞ്ഞതിന് ഇമ്മാതിരി പണി തരണോ എന്റെ ദൈവമേ... അവൾ മനസിൽ പറഞ്ഞുകൊണ്ട് വളരെ പതുക്കെ എഴുനേറ്റു ക്ലാസ്സിലേക്ക് നടന്നു. അവളുടെ നടത്തം കണ്ടാൽ ഗർഭിണികൾ നടക്കുന്നത് പോലെ ആയിരുന്നു. അവൾ ക്ലാസ്സിൽ കയറിയ ഉടൻ തന്നെ ദിവ്യയും ഫറയും കൂടെ അവളെ വളഞ്ഞു.. എടി എന്തിനടി വിളിച്ചിട്ട് പോയെ... നിന്നെ വഴക്ക് പറഞ്ഞോ... വീട്ടിൽ വിളിച്ചോ.. എന്റെ പോന്നു ഫറ ഞാൻ ആദ്യം ഒന്ന് ശ്വാസം വിട്ടോട്ടെ... അങ്ങേര് വിളിച്ചോണ്ട് പോയത് ഇതിനൊന്നും അല്ല.. ബിരിയാണി വാങ്ങി തരാനാ... ബിരിയാണിയോ... ദിവ്യ ഞെട്ടലോടെ ചോദിച്ചു..

മ്മ് ഞാൻ പട്ടിണി ഇരിക്കേണ്ട എന്ന് കരുതി ആ സ്നേഹനിധി ആയ കാട്ടുമാക്കാൻ എനിക്ക് ആഹാരം വാങ്ങി തന്നതാ... വാ.. പൊളിച്ചു.. എന്ത് പൊളിച്ചെന്ന്.. മനുഷ്യന്റെ വയർ ഇപ്പൊ പൊട്ടും. എങ്ങനേലും കൊണ്ട് കളയാം എന്ന് കരുതി ഇരുന്നപ്പോഴാണ്. ആ വെള്ളപ്പാറ്റ കേറി വന്നത്. അങ്ങേരും അങ്ങേരുടെ ഒരു ശരാശരി കണക്കും. എന്നിട്ട്... ദിവ്യ ആകാംഷയോടെ ചോദിച്ചു. എന്നിട്ട് എന്ത്.. ആ ബിരിയാണി മുഴുവൻ എന്നെ കൊണ്ട് കഴിപ്പിച്ചു... ദിവ്യയും ഫറയും കൂടെ തല അറഞ്ഞു ചിരിക്കാൻ തുടങ്ങി.. ചിരിച്ചോ.. ചിരിച്ചോ എനിക്കും അവസരം വരും..ശ്രദ്ധ മുഖം വീർപ്പിച്ചു. എന്നിട്ടും അവർക്ക് ചിരി നിർത്താൻ ഉദ്ദേശം ഇല്ലാ... ഇന്നാ മോളെ കുറച്ച് ബിസ്ക്കറ്റ് വേണോ.. ദിവ്യ ബിസ്‌ക്കറ്റിന്റെ കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു ബിസ്‌ക്കറ്റിന്റെ മണം അടിച്ചതും ശ്രദ്ധ അടുത്ത നിമിഷം വായും പൊത്തി വെളിയിലേക്ക് ഓടി.. അവളുടെ ഓട്ടം കണ്ട് ദിവ്യയും ഫറയും പരസ്പരം നോക്കി.. അവർ അവൾക്ക് പിന്നാലെ ഓടി. ശ്രദ്ധ പൈപ്പിന്റെ ചോട്ടിൽ ഇരുന്നു ശർദിക്കുവായിരുന്നു.. അതുകൂടെ കണ്ടതും ദിവ്യയുടെയും ഫറയുടെയും കിളികൾ അങ്ങ് ദൂരേക്ക് പറന്നകന്നു.. ആരാടി ഉത്തരവാദി..

അവളുടെ പുറം തിരുമ്മി കൊടുത്തുകൊണ്ട് ദിവ്യ ചോദിച്ചു.. പോടീ കോപ്പേ... ഇത് അതൊന്നും അല്ല.. ഫുഡിന്റെ മണം വരുമ്പോൾ ശർദിക്കുന്നത് പിന്നെ എന്ത് തേങ്ങയ... അതിനു ആ ഒരു അർത്ഥമെ ഉള്ളോ.. എടി അത് വയർ വല്ലാത്ത നിറഞ്ഞതുകൊണ്ട് ഇനിയും ഫുഡ് അടിച്ചു കേറ്റുവോ എന്ന് പേടിച് എന്റെ വയർ മുന്നറിയിപ്പ് തന്നതാ ... ഇനി വയറ്റിൽ സ്പേസ് ഇല്ലാന്ന്... ദിവ്യയും ഫറയും കണ്ണിൽ കണ്ണിൽ നോക്കി.. ആടി സത്യം.ശ്രദ്ധ അവരെ നോക്കി. മ്മ് വിശ്വസിച്ചു.. ആ വിശ്വസിച്ചാലും ഇല്ലേലും അതാണ് സത്യം...ശ്രദ്ധ മുൻപിൽ നടന്നു.. 💞💞💞 മൈന..... ദേ അജു നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് എന്നെ മൈന എന്ന് വിളിക്കരുതെന്നു... അവൾ അവനോട് മുഖം വീർപ്പിച്ചു നിന്നു. ആ അന്ന് നിന്നോട് പേര് ചോദിച്ചപ്പോൾ നീ തന്നെ അല്ലേ മൈന എന്ന് പറഞ്ഞത്... അത് വെറുതെ.. നിന്നെ വട്ടാക്കാൻ പറഞ്ഞതല്ലേ... എനിക്ക് ഇപ്പൊ ആ വട്ട് അങ്ങ് കൂടി. ഈ മൈന പെണ്ണിനോടുള്ള വട്ട്. ദേ വീണ്ടും മൈന.... ഞാൻ കൂട്ടില്ലാട്ടോ അജു... അവൾ കേറുവോട് തിരിഞ്ഞു നിന്നു. പിന്നെ.. ഞാൻ എന്റെ മൈന പെണ്ണിനെ എന്താ വിളിക്കണ്ടേ... എനിക്ക് നല്ല ഒരു പേര് ഇട്ടിട്ടില്ലേ... നിനക്ക് അത് വിളിച്ചാൽ എന്താ..

എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നെ.. എല്ലാരും വിളിക്കുന്നത് വിളിച്ചാൽ ഞാൻ എങ്ങനെയാ പെണ്ണെ നിനക്ക് സ്പെഷ്യൽ ആകുന്നത്.. നീ എന്നെ ഒന്നും വിളിച്ചില്ലെങ്കിലും. നീ എനിക്ക് സ്പെഷ്യൽ ആണ്. ഓ ആണോ.. മ്മ് ആണ്...മുഖത്തെ നാണം അവൻ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നടന്നു. മൈന..... അവൻ വീണ്ടും വിളിച്ചു. അവൾ അവനെ കലിപ്പിൽ നോക്കി നടന്നകന്നു. മൈനപെണ്ണേ... ഇന്ന് ബീച്ചിൽ വരുന്നോ... അവൻ വിളിച്ചുചോദിച്ചു. ഞാനെങ്ങും വരുന്നില്ല.. മോൻ തന്നെ പോയാൽ മതി... അങ്ങനെ പറയല്ലേ പെണ്ണെ... അവൻ അവളുടെ പിന്നാലെ ചെന്നു. പറയും. ഓ വാശി ആണോ.. ആ വാശി ആണ്.. എന്റെ മൈന പെണ്ണിന് ഈ വാശി ചേരില്ല... ഇത്രയും ചേർച്ച മതി... അവൾ മുഖം വീർപ്പിച്ചു ക്ലാസ്സിലേക്ക് ഓടി കയറി.. അവൻ ഒരു ചെറു ചിരിയാലേ മീശയുടെ തുമ്പ് കടിച്ചു തിരിഞ്ഞ് നടന്നു.. ഈ വാശി ഓക്കെ അടവാണ്.. അവൾ കൂടെ വരും എന്ന് അവനു ഉറപ്പായിരുന്നു. 💞💞💞

വൈകിട്ട് ശിഖ തിരക്കിട്ടു ഓടി വരുകയാണ്. ഇന്നും എന്നത്തെയും പോലെ കൈയിൽ ഒരുകെട്ട് പേപ്പറും കുറെ ബുക്കുകളും ഉണ്ടായിരുന്നു. അത് തന്റെ സ്കൂട്ടിയുടെ സീറ്റിന്റെ അടിയിൽ വെച്ച് അവൾ ദൃതിയിൽ ഹെൽമെറ്റ് എടുത്ത് വെച്ചു. 4:30 കഴിഞ്ഞു.. സമയം പോയി അവൾ വാച്ചിൽ നോക്കി ഓർത്തു. സ്കൂട്ടി മുൻപോട്ട് എടുക്കാൻ തുടങ്ങുമ്പോൾ ആണ് വണ്ടിക്ക് കുറുകെ മറ്റൊരു ബൈക്ക് വന്നു നിന്നത്. അവൾ തലയുയർത്തി നോക്കി. മഹി... സ്സ്.. അവൻ നാക്ക് കടിച്ചു. എടോ എന്തായി തീരുമാനം. അവൻ ചെറു ചിരിയോടെ അവളോട് ചോദിച്ചു. മഹി.. അത്..അവൾ നിന്ന് വിക്കി.. ഒന്ന് ഇഷ്ടമാണെന്ന് പറയാൻ എന്തിനാ ശിഖ ഇത്രയും ലാഗ്.. അത് മഹി.. എനിക്ക് ഒരിക്കലും താൻറെ അങ്ങനെ കാണാൻ പറ്റില്ല.. സോറി.. അതെന്താ.. എനിക്ക് കാണാൻ പറ്റുമല്ലോ.. ശിഖ ഒന്ന് കണ്ണ് ടെസ്റ്റ്‌ ചെയ്യുന്നത് നന്നായിരിക്കും. മഹി ഞാൻ തമാശ പറഞ്ഞതല്ല ഞാൻ സീരിയസ് ആണ് ഞാനും തമാശ പറഞ്ഞതല്ല ഞാനും സീരിയസ് ആയി പറഞ്ഞതാണ്... എന്ത്കൊണ്ട് തനിക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല... അത് മഹി.. നമുക്ക്‌ നല്ല ഫ്രണ്ട്സ് ആയി ഇരിക്കാം. മഹിക്ക് എന്നേക്കാൾ നല്ല പെൺകുട്ടിയെ വേറെ കിട്ടും. ആഹാ.. ഇത് സാധാരണ തേപ്പ് ഡയലോഗ് ആണല്ലോ.. പ്രൊപ്പോസ് ചെയ്തപ്പോ തന്നെ ഇത് വേണ്ടാരുന്നു.. മഹി.. പ്ലീസ്... എനിക്ക് പോണം. എന്താ ശിഖ..

എത്ര നാളായി ഞാൻ തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇന്നെങ്കിലും തനിക്ക് പോസിറ്റീവ് ആയ മറുപടി തന്നൂടെ... മഹി പ്ലീസ്.. എനിക്ക് ഒരിക്കലും തന്നെ അങ്ങനെ കാണാൻ പറ്റില്ല. എന്തുകൊണ്ട് പറ്റില്ല.. കാരണം പറ. എനിക്ക് എന്താണ് കുഴപ്പം. മഹിക്ക് ഒരു കുഴപ്പവും ഇല്ലാ.. കാണാൻ കൊള്ളാം, നല്ല ജോലി, നല്ല ശമ്പളം, നല്ല വീട്ടുകാർ. എന്തുകൊണ്ടും നല്ല ആളാണ് പക്ഷെ എന്റെ മനസിൽ ഒരിക്കലും മഹിയെ ആ സ്ഥാനത്ത് കാണാൻ പറ്റില്ല.. പറ്റാത്തതിന്റെ കാരണം ആണ് ഞാൻ ചോദിച്ചത്. അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു. ശിഖ അപ്പോൾ തന്നെ നോക്കി കടന്നുപോയ വണ്ടിയിലെ ആളെ നോക്കുകയായിരുന്നു. അവളുടെ ഉള്ളം പെരുമ്പറ കൊട്ടാൻ തുടങ്ങി. മഹി ഞാൻ പോവാണ് പ്ലീസ്.. അവൾ വണ്ടി തിരിക്കാൻ നോക്കി. എന്തുകൊണ്ട് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് പോയാൽ മതി അവൻ വണ്ടി ഒന്നുടെ കുറുക്ക് വെച്ച് പറഞ്ഞു. അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. എനിക്ക് നിന്നെ ഇഷ്ടമല്ല അത്ര തന്നെ.. അവളുടെ ശബ്ദം കടുത്തു. ആ ഇഷ്ടക്കേട് ആണ് ഞാൻ ചോദിച്ചത്. അവൻ വിടാനുള്ള ഭാവം ഇല്ലായിരുന്നു.. എനിക്ക് ഒരാളെ ഇഷ്ടമാണ്. ഞങ്ങൾ പ്രണയത്തിലാണ്..

ഞാൻ അയാളെ മാത്രമേ വിവാഹം കഴിക്കു... ശിഖ എടുത്തു അടിച്ചതുപോലെ പറഞ്ഞു വണ്ടി എടുത്ത് പോയി അവൾ പറഞ്ഞതിന്റെ ഷോക്കിൽ നിൽക്കുകയാണ് മഹി ഇപ്പോഴും. അവൾക്ക് പ്രണയം ഉണ്ടെന്നോ.. ചെ വെറുതെ ആവും. കോളേജ് കാലം തൊട്ട് അവളുടെ പിന്നാലെ നടക്കുന്നത് അല്ലേ... ഇതുവരെ ഒരാണിന്റെ മുഖത്ത് നോക്കുന്നത് പോലും കണ്ടിട്ടില്ല.. പിന്നെ പ്രണയം... ഒരുപക്ഷെ എന്നോട് ജയിക്കാൻ പറഞ്ഞതാകും.. അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു. 💞💞💞 അന്ന് വൈകിട്ട് വീട്ടിലേക്ക് പോകും വഴി മുഴുവൻ അവന്റെ ചിന്ത പ്രണയിനിയെ കുറിച്ച് ആയിരുന്നു. ഞാൻ മറന്നു പോയ ആളോ.. അങ്ങനെ ആര്.. കാത്തിരിക്കാൻ മുറപ്പെണ്ണ് ആരും തന്നെ ഇല്ലാ.. സ്കൂളിലോ കോളേജിലോ ഇവിടെയോ ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടുമില്ല.. പിന്നെ ആരാത്.. ഒരുപക്ഷെ എന്നെ വട്ട് പിടിപ്പിക്കാൻ വേണ്ടി ആകും. അങ്ങനെ ആരും കാണില്ല.. വീടെത്തിയതും ഒന്നും അവൻ അറഞ്ഞില്ല. എക്സ്ട്രാ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ലെച്ചു ഇപ്പൊ താമസിച്ചാണ് വരുന്നത്. ലെച്ചു വന്നതും അവൾ ഓടി പാഞ്ഞു അവന്റെ അടുക്കൽ വന്നു. ഏട്ടാ ഇന്ന് കിട്ടിയോ ലെറ്റർ.. മ്മ് കിട്ടി.

എന്നിട്ട് എവിടെ. എന്റെ ബാഗിൽ ഉണ്ട് നീ എടുത്തോ.. ലെച്ചു തപ്പി പിടിച്ചു കത്തും ബുക്കും എടുത്തു. അത് വായിച്ചു അവളും ചിന്തയിലാണ്ടു.. ഏട്ടൻ മറന്ന പെൺകുട്ടിയോ... അതാരാ..അവൾ ജനലിൽ ചാരി ചോദിച്ചു ആ എനിക്ക് അറിയില്ല... അവൾ വീണ്ടും ആ കത്ത് വായിച്ചു. സന്ധ്യയുടെ ഇളം വെയിൽ അവന്റെ മുറിയിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. ആ വെട്ടത്തിൽ കത്ത് തിളങ്ങുന്നതായി അവൾക്ക് തോന്നി. അവൾ പേപ്പർ വെട്ടത്തിന് നേരെ പിടിച്ചു. പെട്ടന്ന് എന്തോ കണ്ടിപിടിച്ചത് പോലെ അവൾ അടുക്കളയിലേക്ക് ഓടി. എന്താടി.. ശിവ ഞെട്ടി അവൾക്ക് പിന്നാലെ പോയി അടുക്കളയിലേക്ക് ഓടി കയറിയ അവളെ കണ്ട് അമ്മ പലതും ചോദിക്കുന്നുണ്ട് പക്ഷെ അവൾ ഒന്നും കേട്ടതായി ഭാവിക്കുന്നില്ല..

കാബോർഡിൽ നിന്ന് കളർ മെഴുക് എടുത്ത് അതിന്റെ തിരി കളഞ്ഞു അവൾ പേപ്പറിൽ വരയ്ക്കാൻ തുടങ്ങി.. നീ എന്താ ഈ കാണിക്കുന്നേ.. ശിവ ചോദിച്ചു. മെഴുക് പേപ്പർ മൊത്തം വരച്ചു കഴിഞ്ഞ് അവൾ ആ പേപ്പർ അവനു നേരെ നീട്ടി. ഇപ്പൊ കണ്ടോ ഞാൻ എന്താണ് കാണിച്ചതെന്ന്.. അവൻ അതെടുത്ത് നോക്കി. ആ പേപ്പറിനു മുകളിൽ വെച്ച് എന്തോ എഴുതിയിരുന്നു അതിനാൽ അതിന്റെ പാട് ആ പേപ്പറിൽ ഉണ്ട്. അതിന്റെ പുറത്ത് കളർ മെഴുക് വരച്ചപ്പോൾ എഴുതിയിരുന്നത് തെളിഞ്ഞു കാണാം. അവൻ അതെടുത്ത് വായിച്ചു. മീൻ ആൻഡ് മീഡിയൻ, സിവി ടേബിൾ..മീൻ പെർസെൻടേജ്.. ഇത് ഞാൻ പഠിപ്പിച്ചത് അല്ലേ.. അവൻഓർത്തു. ആ കൈയക്ഷരം ഒന്നുകൂടെ നോക്കിയതും അവൻ ഞെട്ടി. ശ്രദ്ധ.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story