കൃഷ്ണകിരീടം: ഭാഗം 52

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"മോനെ നീ വലിയവനാണ്... ഇത്രയും കാലം നീ എങ്ങനെ നടന്നു എന്നല്ല... നിന്റെ മനസ്സിലുള്ള ഈ സ്നേഹമുണ്ടല്ലോ... അതുമതി.. അറിവില്ലാതെ കഴിഞ്ഞ കാലങ്ങളിൽ നീ ചെയ്തുപോയ എല്ലാ തെറ്റുകളും ദൈവം പൊറുക്കാൻ... നിന്നെപ്പോലെ ഒരു മകന്റെ അമ്മയുടെ സ്ഥാനം കിട്ടിയതും എന്റെ മുൻജമ്മ സുകൃതമാണ്... " അതു പറയുമ്പോൾ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞിരിരുന്നു... അതുകണ്ട് ദത്തനവരെ ചേർത്തുപിടിച്ചു... സ്വന്തം മകന്റെ സുരക്ഷിതമായ കരവലയത്തിൽ ഒതുങ്ങിയതുപോലെ അവരും അവനെ ചേർത്തുപിടിച്ചു... എന്നാലും അവരുടെ മനസ്സിൽ ദത്തൻ പറഞ്ഞ ചില കാര്യങ്ങൾ അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... ➖➖➖➖➖➖➖➖➖➖➖ ഈ സമയം ആദിയും സൂര്യനും സൂരജുംകൂടി ബാൽക്കണിയിലിരിക്കുകയായിരുന്നു... "ആദീന്റെ നമ്മൾ കരുതുന്നതുപോലെ അവർ ചില്ലക്കാരല്ല... അവരെ നമ്മൾ ഒതുക്കണമെങ്കിൽ മറ്റുചിലരെ നമ്മൾ ഒതുക്കണം...

നമ്മൾ ആ വീഡിയോ കണ്ടപ്പോൾ കേട്ടതല്ലേ എല്ലാം... എ.സി.പി സുരേന്ദ്രനേയും റിട്ടയേർഡ് ഐ.ജി ശിശുപാലിനേയും ഡി.ഐ.ജി പ്രതാപനേയും... അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാകും... " സൂരജ് പറഞ്ഞു... "അത് ശരിതന്നെ... പക്ഷേ അവരെ നമ്മളെങ്ങനെ ഒതുക്കും..." ആദി ചോദിച്ചു... "ഈ വീഡിയോ തന്നെ, ധാരാളമാണ്... പക്ഷേ അവിടേയും ചില പ്രശ്നങ്ങളുണ്ട്... ഇവരെ ഈ വീഡിയോ കാണിച്ച് നമ്മുടെവരുതിയിലാക്കിയാലും ഈ വിവരം ഇവരിൽ ആരുടെയെങ്കിലും നാവിൽ നിന്ന് ആ ഭാസ്കരമേനോനും സുധാകരനുമറിയും... അതോടെ അവർ മുങ്ങും... പിന്നെ നമ്മൾ തിരിയിട്ട് തിരഞ്ഞാൽപ്പോലും അവരെ കണ്ടുപിടിക്കാൻ കഴിയില്ല... " "അതിനൊരുവഴിയുണ്ട്... ഈ ഭാസ്കരചെറിച്ചനേയും സുധാകരനേയും നമ്മൾ ആദ്യം പൊക്കുന്നു... എന്നാൽ നമ്മൾ നാലുപേരുമല്ലാതെ മറ്റാരും ഇതറിയരുത്... അതിനുശേഷം വേണം ഈ ഏമാൻമാരെ കാണുന്നത്... പിന്നെയവർക്ക് ഒരുതരത്തിലും അവരെ കോൺടാക്റ്റ് ചെയ്യാൻ കഴിയില്ലല്ലോ... " സൂര്യൻ പറഞ്ഞു... "അത് നല്ലൊരു കാര്യമാണ്... എന്നാലും പ്രശ്നം കിടക്കുകയാണ്... നകുലൻ... അതുപോലെ ആ കരുണാകരനും...

സുധാകരനെ കാണാതായാൽ അവർ നമ്മളെ സംശയിക്കും... അതും നമുക്കപകടമാണ്... " സൂരജ് പറഞ്ഞു... "അതിന് വഴുയുണ്ട്... ദത്തനല്ലേ നമ്മുടെ കൂടെ പിന്നെയെന്തിന് പേടിക്കണം... ആ കാര്യം അവന് വിട്ടേക്ക്... " സൂര്യൻ പറഞ്ഞു... "എന്നാൽ രാവിലെ അവനോട് ഇവിടെ എത്താൻ പറയണം... ബാക്കി അന്നേരം തീരുമാനിക്കാം... " ആദി പറഞ്ഞു... ആദി ദത്തനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "അടുത്തദിവസം രാവിലെ ദത്തനെത്തി... എന്നാൽ അവന്റെ മുഖഭാവം കണ്ടപ്പോൾത്തന്നെ എന്തോ ചില പന്തികേട് ആദിക്ക് തോന്നി... "എന്താ ദത്താ നിന്റെ മുഖത്തൊരു പ്രസാദമില്ലായ്മ... എന്താ ആ ഭാസ്കരമേനോനുമായി എന്തെങ്കിലും പ്രശ്നം... " ആദി ചോദിച്ചു... "അതൊന്നുമല്ല ആദീ... എന്റെ ജീവിതത്തിലെ ചില ഏടുകൾ തുറക്കപ്പെട്ടു... എനിക്ക് പുതിയൊരു അഡ്രസ്സ് വന്നു... " "എന്തൊക്കെയാണ് നീ പറയുന്നത്... പുതിയ അഡ്രസ്സ് പുതിയ ഏടും... എന്താണ് അതിന്റെയർത്ഥം... കാര്യങ്ങൾ ഒന്ന് തെളിച്ച് പറയുന്നുണ്ടോ... "ഇന്നലെ ഇവിടെനിന്നും ഞാൻ പോയില്ലേ... അന്നേരം എന്നെ കാണുന്നതിനു വേണ്ടി മാത്യുച്ചായൻ എത്തിയിരുന്നു... പണ്ട് എന്റെ അമ്മയെ സ്നേഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായ വിവരം നിങ്ങൾക്കറിയുന്നതല്ലേ...

ആ ചെറുപ്പക്കാരനിൽ ഞാൻ ജനിച്ച യതാനെന്നും അറിയുന്നതല്ലേ... അതാരാണെന്ന് ഇന്നലെ ഞാനറിഞ്ഞു... അതും അയാളുടെ നാവിൽനിന്ന്... ഈ പറയുന്ന മാത്യുച്ചായനാണ് എന്നെ ജനിപ്പിച്ചത്... " "ദത്താ നീയെന്താണ് പറയുന്നത്... മാത്യുച്ചായൻ... " "അതെ... " ദത്തൻ എല്ലാ വിവരവും ആദിയോട് പറഞ്ഞു... എന്നാൽ ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെയുള്ളവർക്ക്... " "അതുവിട്... അതാലോചിച്ച് നമ്മുടെ സമയം കളയേണ്ട... എന്താണ് നമ്മുടെ പുതിയ നീക്കം..." ദത്തൻ ചോദിച്ചു... "ദത്താ നീ എങ്ങനെയാണ് ഇത്രയും സിംപിളായിട്ട് ഇതെല്ലാം കാണുന്നത്... ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളോ ഭാര്യയോ അറിഞ്ഞാൽ... " "അറിഞ്ഞാലെന്താണ്... അയാൾക്ക് ഇതുപോലൊരു ബന്ധമുണ്ടെന്നറിഞ്ഞാൽ ഒന്നുകിൽ അയാളുടെ മക്കൾ അയാളെ ഇറക്കിവിടും... ഇല്ലെങ്കിൽ അവർ ആ വീട്ടിൽനിന്നിറങ്ങും... രണ്ടായാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ല... പക്ഷേ എന്റെ നാവിൽനിന്നും അവരാരും ഒന്നുമറിയില്ല... " ദത്തന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് അവർക്കെല്ലാവർക്കും അറിയാമായിരുന്നു... ഇനി അതേ പറ്റി കൂടുതൽ പറഞ്ഞ് അവനെ വീണ്ടും വേദനിപ്പിക്കേണ്ടെന്ന് അവർ കരുതി...

നീ പറഞ്ഞത് ശരിയാണ്... ഇനിയുണ്ടാകാൻ പോകുന്നത് എന്തായാലും അതാലോചിച്ച് നമ്മൾ തലപുണ്ണാക്കേണ്ട... നീ വാ.. " ആദി അവനെയും കൂട്ടി ബാൽക്കണിയിലേക്ക് നടന്നു... "ദത്താ എന്താണ് നിന്റെ അഭിപ്രായം... ഇന്നലെ നമ്മൾ പറഞ്ഞതെല്ലാം നടക്കണമെങ്കിൽ ചില കാര്യങ്ങൾ നമ്മൾ നടത്തേണ്ടി വരും... " "അറിയാം... നിങ്ങൾ പറഞ്ഞ ആ സുധാകരന്റെ മകനേയും അച്ഛനേയും അവർക്ക് സംശയംതോന്നാതെ ഇതിൽനിന്ന് മാറ്റി നിർത്താൻ ഒരുവഴിയേയുള്ളൂ... അതായത് ആ ഭാസ്കനെക്കൊണ്ട് അയാളെ വിളിപ്പിക്കണം... അതും കുറച്ചുദിവസം അയാളുടെ വീട്ടിൽനിന്നും മാറ്റിനിർത്തുന്ന രൂപത്തിൽ... " "അതെങ്ങനെ... " സൂരജ് സംശയത്തോടെ ചോദിച്ചു... " "അതിന് വഴിയുണ്ട്.. നമ്മൾ ഭാസ്കരനെ ആദ്യം പൊക്കുന്നു... ആ കാര്യം എനിക്ക് വിട്ടേക്ക്... അത് ഞാൻ ചെയ്തോളാം... " "ദത്താ നീ അവിവേകത്തിനൊന്നും പോകേണ്ട... അയാളെ നിനക്ക് ഒറ്റക്ക് നേരിടാനാവില്ല... " ആദി പറഞ്ഞു... "അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട... അയാളുടെ എല്ലാ വീക്നസും എനിക്കറിയാം... പണം എങ്ങനെ കയ്പ്പിടിയിലൊതുക്കാം എന്ന ഒറ്റലക്ഷ്യമേ അയാൾക്കുള്ളൂ... അതിനുവേണ്ടി അയാൾ എന്തും ചെയ്യും...

ഇപ്പോൾ അയാളെ ഞാൻ വിളിക്കാം.. ചിലപ്പോൾ അതിൽ അയാൾ വീഴും... ദത്തൻ തന്റെ ഫോണെടുത്ത് ഭാസ്കരമേനോനെ വിളിച്ചു... എന്നിട്ട് സ്പീക്കർ മോഡിലിട്ടു.... കുറച്ചുനേരം റിംഗ് ചെയ്തതിനുശേഷം അങ്ങേതലക്കൽ കോളെടുത്തു... "എന്താ ദത്താ പതിവില്ലാതൊരു വിളി... എന്താ നിനക്ക് മാനസാന്തരം വന്നു തുടങ്ങിയോ... " "എനിക്കോ... അതും നിങ്ങളുടെ മുന്നിൽ... അതിന് ദത്തൻ വീണ്ടുമൊന്ന് ജനിക്കണം..." "പിന്നെ എന്താണ് നിന്റെ ഈ വിളിയുടെ ഉദ്ദേശം... " "അതോ... നിങ്ങളെ ഇടക്ക് വിളിച്ച് പരിചയം പുതിക്കിയില്ലെങ്കിൽ ഇത്രയും കാലം നമ്മൾ അച്ഛനും മകനുമായി കഴിഞ്ഞതെല്ലാം ഓർമ്മയിൽ നിന്നും മാഞ്ഞുപോവില്ലേ... അങ്ങനെ അത്ര പെട്ടെന്ന് നിങ്ങളെ മറവിയിലേക്ക് തള്ളി വിടാൻ പറ്റുമോ എനിക്ക്... " "എന്താണാവോ മോന്റെ പുതിയ നീക്കം... എന്നെ അങ്ങ് കാലപുരിയിലേക്ക് അയക്കാനോ... അതിന് നീയോ ആരാണെന്നു പോലും അറിയാത്ത നിന്റെ തന്തയോ വിചാരിച്ചാൽ നടക്കുമോ... " "അങ്ങനെ വല്ലാതെ സ്വയം പുകഴ്ത്തല്ലേ... അത്ര വലിയവനാണ് നിങ്ങൾ എന്ന് എനിക്ക് തോന്നേണ്ടേ... പിന്നെ നിങ്ങൾ പറഞ്ഞല്ലോ ആരാണെന്നറിയാത്ത എന്റെ തന്തയെക്കുറിച്ച്... അതാരാണെന്ന് ഞാനറിഞ്ഞെടോ...

അദ്ദേഹത്തിന് ഞാനാരാണെന്നുമറിയാം... " "ഓഹോ... അപ്പോൾ ആ ഹുങ്കിന്റെ പുറത്തുള്ള വിളിയാണല്ലേ ഇത്... അതാരാണാവോ നിന്റെ പിതൃത്വത്തിന്റെ ആ ഉടമ... " "അതാരാണെങ്കിലുമാകട്ടെ... അത് നിങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല... പിന്നെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്... ഏതായാലും പത്തിരുപത് വയസ്സുവരെ പല രീതിയിലായാലും നിങ്ങൾ ചെല്ലും ചിലവും തന്ന് എന്നെ വളർത്തിയവനല്ലേ... അതിന്റെ നന്ദി കാണിക്കേണ്ടേ ഞാൻ... ആ കടം എനിക്ക് വീട്ടണമെന്ന ആഗ്രഹമുണ്ട്... അത് എത്രയാണെന്ന് പറഞ്ഞാൽ അവിടുത്തേക്ക് തരാമായിരുന്നു... " "അത് നിനക്ക് കഴിയുമോ..." "കഴിയും... ഇപ്പോൾ എന്റെ പേരിലുള്ള സ്വത്തിനെക്കാളും വരില്ലല്ലോ അതൊന്നും... അത് നിങ്ങളുടെ പേരിൽ തന്നെ എഴുതിത്തരാം... പക്ഷേ ഒരൊറ്റ കണ്ടീഷൻ മാത്രം... അതോടെ എന്നെയും എനിക്ക് വേണ്ടപ്പെട്ട വരേയും വെറുതെ വിടണം... എന്താ പറ്റുമോ... " "നീയെന്താ എന്നെ ആക്കുകയാണോ... മോനെ ദത്താ...

എന്തിനുള്ള പുറപ്പാടാണ് നിന്റെയെന്ന് എനിക്കറിയാം... " "എന്ത് പുറപ്പാട്... ഇന്നിപ്പോൾ എന്റെ അച്ഛന്റെ കോടിക്കണക്കിന് ആസ്തികളുടെ ഏക അവകാശി ഞാനാണ്... അതു നോക്കുമ്പോൾ ഇവിടെയുള്ള എന്റെ സ്വത്ത് വെറും നിസാരംമാത്രം... നിങ്ങൾ മനസ്സിൽ കാണുന്നതിനേക്കാളും ഉയരത്തിലാണ് ഇന്നെന്റെ ജീവിതം... നിങ്ങൾക്ക് വേണമെങ്കിൽ ഈ അവസരം പ്രയോചനപ്പെടുത്താം.. കുറേക്കാലം ആ സ്വത്തിനുവേണ്ടി നടന്നവനല്ലേ... ഇത് എന്റെ വെറുമൊരു ഭിക്ഷയാണെന്ന് കരുതിയാൽ മതി... നിങ്ങൾക്ക് വിശ്വസിക്കാൻ ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി... താൽപര്യമുണ്ടെങ്കിൽ പറയാം... അങ്ങനെയാണെങ്കിൽ ഇന്ന് ഉച്ചക്കുശേഷം നമ്മുടെ ഹംസക്കോയയുടെ പഴയ കമ്പിനിയിലേക്ക് വന്നാൽ മതി ഞാനുണ്ടാകുമവിടെ... പിന്നെ കൂടെ കൂലിക്ക് എന്നെ ഒതുക്കാൻപറ്റിയവരുമായിട്ടാണ് വരുന്നതെങ്കിൽ... അറിയാലോ ദത്തനെ... എല്ലാറ്റിനുമുള്ളത് പലിശസഹിതം ഞാൻ തീർക്കും... അതുകൊണ്ട് നല്ല കുട്ടിയായി ഒറ്റക്ക് വരുന്നതാകും നല്ലത്... " ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story