കൃഷ്ണകിരീടം: ഭാഗം 55

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതിനുമാത്രം എന്റെ മോൻ വളർന്നോ... ഇവനെ പേടിച്ചിട്ടാണോ നീ വിറച്ചു നിൽക്കുന്നത്... " സുധാകരൻ തിരിഞ്ഞ് ഭാസ്കരമേനോനോട് ചോദിച്ചു... "അല്ലല്ലോ സുധാകരാ ഞങ്ങളേയുംകൂടി കണ്ടിട്ടാണ്... " അവിടേക്ക് വന്ന സൂരജത് പറഞ്ഞപ്പോൾ സുധാകരൻ തിരിഞ്ഞുനോക്കി... അയാളുടെ കണ്ണുകൾ പതിഞ്ഞത് സൂരജിന്റെ കുടെ വരുന്ന ആദിയിലായിരുന്നു... " "അതുശരി അപ്പോൾ നീയാണല്ലേ ഇതിന്റെ സൂത്രധാരൻ... അതേതായാലും നന്നായി... " "എന്താ സുധാകരാ അത്രക്ക് നന്നാവാൻ... ഇത്രയുംകാലം നീ ചെയ്തുകൂട്ടുയത് നിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണെന്നായിരുന്നു ഞാൻ കരുതിയത്... എന്നാൽ ഇയാളുടെ ഏറാമൂളിയാണ് നീയെന്ന് അറിഞ്ഞിരുന്നില്ല... " ആദി പറഞ്ഞു ഇപ്പോൾ അറിഞ്ഞില്ലോ... നിന്നെ ഇത്ര ഒതുക്കത്തിൽ കിട്ടുമെന്ന് കരുതിയില്ല... ഏതായാലും മരണം അടുത്തതു കൊണ്ടുള്ള നിന്റെ ഈ പ്രവേശനം ഉഷാറായിട്ടുണ്ട്... ഞങ്ങളുടെ കൈകൊണ്ടാണ് നിന്റെ അന്ത്യമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകും... അതിനുമുമ്പ് ചില കാര്യങ്ങൾ കൂടി നീയറിഞ്ഞോ...

നീ പറഞ്ഞതെല്ലാം സത്യമാണ്... അതുമാത്രമല്ല ഇപ്പോൾ നിന്റെ ഓഫീസിൽ ജോലിചെയ്യുന്ന ഗണേശനും എന്റെയാളാണ്... അതുപോലെ ആ കൃഷ്ണയുടെ ഓഫീസിൽ എന്റെ മകൻ കയറിക്കൂടിയത് അവന് മാനസാന്തരം സംഭവിച്ചിട്ടാണെന്ന് നീ കരുതിയോ... എന്നാൽ തെറ്റി... എല്ലാം എന്റെ പ്ലാനായിരുന്നു... അവളെ ആ കൃഷ്ണയെ ഇല്ലാതാക്കാൻ പല വഴിയും ഞാൻ ശ്രമിച്ചു എന്നാൽ അവളുടെ ആയുസ്സിന്റെ ബലം കൊണ്ട് ഇത്രയും കാലം അവൾ രക്ഷപ്പെട്ടു... അവസാനം അവൾ എത്തിപ്പെടേണ്ടിടത്ത് എത്തിച്ചേർന്നു... എന്നുകരുതി എനിക്ക് വെറുതെയിരിക്കാൻ പറ്റുമോ... ഇപ്പോൾ അവളുടെ രക്ഷകൻ നീയാണ്... നിന്നെ ഇല്ലാതാക്കിയാൽപ്പിന്നെ അവളെ തീർക്കാൻ എളുപ്പമാണ്... എന്നിട്ടു വേണം ആർ കെ ഗ്രൂപ്പ് എനിക്ക് സ്വന്തമാക്കാൻ... പണ്ട് എന്റെ ഭാര്യയുടെ കൊലപാതകം അവളുടെ തന്തയുടെ തലയിൽ വച്ചുകെട്ടിയതാണ് ഞാൻ... അവിടെനിന്നും അവൻ രക്ഷപ്പെടുമെന്ന് കരുതിയ പ്പോൾ ഒരു ചെറിയ ആക്സിഡന്റ്...

അതേടാ അവളുടെ തന്തയേയും തള്ളയെയും ആ കിളവിയേയും തീർത്തത് എന്റെ,യ അറിവോടെ എനിക്കുവേണ്ടിത്തന്നെയായിരുന്നു.. അതിനൊരു കാരണവുമുണ്ട്... അത് നീയൊന്നുമറിയേണ്ട കാര്യമല്ല... ഇപ്പോൾ എന്റെ മോന് ഞാൻ നല്ലൊരു മരണം നേരുന്നു... " സുധാകരൻ തന്റെ അരയിൽനിന്ന് തോക്കെടുത്ത് ആദിക്കുനേരെ ചൂണ്ടി... പിന്നെ അവനെനോക്കിയൊന്ന് ചിരിച്ചു... അയാളുടെ വിരൽ കാഞ്ചിയിലമർന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ആന്റീ ഇന്ന് ആദിയേട്ടനും സൂര്യേട്ടനും സൂരജേട്ടനും എവിടേക്കാണ് പോയത്... കൂടെ ദത്തേട്ടനുമുണ്ട്... എന്തോ പ്രശ്നമുണ്ടെന്ന് എന്റെ മനസ്സു പറയുന്നു... എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു... " കൃഷ്ണ രാജേശ്വരിയോട് ചോദിച്ചു... "നീയെന്താ വിളിച്ചത് ആന്റിയെന്നോ... വല്ല്യമ്മ... അങ്ങനെവിളിക്കണം... എന്റെ അനിയത്തിയുടെ മകളാണ് നീ... മനസ്സിലായല്ലോ... അമ്മ എന്നു വിളിച്ചാലും പ്രശ്നമില്ല... പിന്നെ കുട്ടികൾ അവർ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയതാകും.. അവർ വന്നോളും അതിന് നീയെന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നത്... "

"അതല്ല ആന്റീ... അല്ല വല്ല്യമ്മേ ഇന്ന് രാവിലെ ബാൽക്കണിയിലിരുന്ന് അവർ എന്തൊക്കെയോ പ്ലാനിടുന്നുണ്ടായിരുന്നു... അതുകഴിഞ്ഞ് കുറച്ചുകഴിഞ്ഞ് ദത്തേട്ടൻ വന്നപ്പോഴും അവർ അവിടെത്തന്നെ പോയിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു... ദത്തേട്ടൻ ആരേയോ ഫോൺ ചെയ്യുന്നതും കണ്ടു... എല്ലാംകൂടി നോക്കുമ്പോൾ എന്തോ പന്തികേട് തോന്നുന്നു... " "അതാണോ പ്രശ്നം... സുരജ് അന്വേഷിക്കുന്ന കേസിനെ കുറിച്ച് നിനക്കറിയില്ലേ... അതിൽ ഏറ്റവും വലിയ സൂത്രധാരന്മാർ ഇപ്പോഴും പുറത്താണല്ലോ... അവരെ കുറിച്ച് എന്തോ സൂചന സൂരജിന് കുട്ടിയെന്നാണ് തോന്നുന്നത്... ചിലപ്പോൾ അത് അന്വേഷിക്കാൻ പോയതായിരിക്കും കൂടെ മറ്റുള്ളവരേയും കൂട്ടിയതായിരിക്കും... " "എന്നാൽ വിളിച്ചാൽ ഫോൺ എടുത്തൂടെ... എത്രനേരമായി ആദിയേട്ടനെ വിളിക്കുന്നു... ഫോൺ റിംഗ് ചെയ്യുന്നുണ്ട്... പക്ഷേ എടുക്കുന്നില്ല... അതുകാരണം സൂര്യേട്ടനേയും സൂരജേട്ടനേയും വിളിച്ചുനോക്കി...

അതേ അവസ്ഥയായിരുന്നു അപ്പോഴും... " "നീ വിഷമിക്കേണ്ട ഞാൻ വിളിക്കാം... എന്റെ നമ്പർ കണ്ടാൽ അവരാരെങ്കിലും എടുക്കാതിരിക്കില്ല... " രാജേശ്വരി തന്റെ ഫോണിൽ നിന്നും സുരജിനേയും ആദി യേയും സൂര്യനേയും മാറിമാറി വിളിച്ചു... എന്നാൽ അവരാരും എടുക്കുന്നില്ലായിരുന്നു... അവർക്കും എന്തോ പന്തികേടുതോന്നി... അവരുടെ മനസ്സിലും ഭയം വന്നു തുടങ്ങിയിരുന്നു... അവർ കൃഷ്ണയെ നോക്കി പിന്നെ മുഖത്തൊരു ചിരിവരുത്തി... "അവർ ചിലപ്പോൾ എന്തെങ്കിലും അർജന്റിലായിരിക്കും നീ വിഷമിക്കേണ്ട... കുറച്ചുകഴിഞ്ഞ് അവർ തിരിച്ചു വിളിച്ചോളും... മോള് ചെല്ല്... നന്ദുമോൾ വരാറായി... അവൾക്ക് എന്തെങ്കിലും കഴിക്കാനുള്ളത് ഉണ്ടാക്കി വച്ചോളൂ... " കൃഷ്ണ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു... രാജേശ്വരി ഉമ്മറത്തേക്ക് നടന്നു... അവിടെ ചാരുകസേരയിൽ ഇരുന്ന് മയങ്ങുകയായിരുന്നു കേശവമേനോൻ... "ഏട്ടാ..." രാജേശ്വരി അയാളെ തട്ടിവിളിച്ചു... കണ്ണുതുറന്ന അയാൾ തന്റെയടുത്തുനിൽക്കുന്ന രാജേശ്വരിയെ കണ്ട് ചിരിച്ചു... "എന്താ രാജേശ്വരീ... " "ഏട്ടാ എനിക്ക് ഒരൂട്ടം പറയാനുണ്ട് മക്കൾ മൂന്നുംകൂടി പുറത്തുപോയിട്ട് വന്നിട്ടില്ല... അവരെ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല...

കൃഷ്ണമോൾ ആകെ ഭയപ്പെട്ടിരിക്കുകയാണ്... അവൾ മാത്രമല്ല എനിക്കും എന്തോ ഒരു പേടി പോലെ... " "എന്തിന്... അവർ ആദ്യമായിട്ടൊന്നുമല്ലല്ലോ പോകുന്നത്... ചിലപ്പോൾ രാത്രി വളരെ വൈകിയാലവും വരുന്നതും... അവർ വന്നോളും... " "അതല്ല ഏട്ടാ... അവർ മൂന്നുംകൂടി എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു... ഇന്നലെരാത്രിയത് ഞാനും കണ്ടതാണ്... ഇന്ന് അവരുടെ കൂടെ ദത്തനുമുണ്ട്... എനിക്ക് പേടി ഭാസ്കരേട്ടനോ അല്ലെങ്കിൽ കൃഷ്ണമോളെ ദ്രോഹിക്കാൻ നടക്കുന്നവരോ ഇവരെ എന്തെങ്കിലും ചെയ്യുമോ എന്നാണ്... " അതുകേട്ട് കേശവമേനോൻ ചാരുകസേരയിൽനിന്നെഴുന്നേറ്റു... " "നീ പറയുന്നത് തള്ളിക്കളയുന്നില്ല... എന്നാൽ അങ്ങനെയൊന്നും കുട്ടികളെ ദ്രോഹിക്കാൻ കഴിയില്ല... പക്ഷേ നീ പറയുന്നത് കേട്ടപ്പോൾ എനിക്കും മനസ്സിലൊരു പേടി ഇല്ലാതില്ല... കേശവമേനോൻ തന്റെ ഫോണെടുത്ത് അവരെ വിളിച്ചുനോക്കി... എന്നാൽ നിരാശയായിരുന്നു ഫലം... "എന്താ രാജേശ്വരി... അവർ എടുക്കുന്നില്ലല്ലോ... ഒന്നുകിൽ എന്തോ പ്രശ്നത്തിൽ അവർ പെട്ടിട്ടുണ്ട്... അല്ലെങ്കിൽ അവർ എന്തോ അത്യാവിശ്യകാര്യവുമായിട്ട് നിൽക്കുകയാണ്... എന്തായാലും അവർ തിരിച്ചു വിളിച്ചോളും...

നീ സമാധാനമായി നിൽക്ക് ഞാൻ കിഷോറിനെ വിളിച്ചു നോക്കട്ടെ... " അയാൾ കിഷോറിനെ വിളിച്ചു... "എന്താണ് അങ്കിൾ പതിവില്ലാതെ... " കിഷോർ ചോദിച്ചു... "ഒന്നുമില്ല കിഷോറെ... നിന്നെ ആദിയോ സൂര്യനോ വിളിച്ചിരുന്നോ.. " "ഉച്ചക്ക് വിളിച്ചിരുന്നു... " "എന്നിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ... " "അത്... എന്നോട് ആരോടും പറയരുതെന്ന് പറഞ്ഞ് ഒരു കാര്യം പറഞ്ഞിരുന്നു... അത്... നമ്മുടെ എല്ലാ പ്രശ്നത്തിനും ഇന്ന് പരിഹാരമുണ്ടാകുമെന്ന് പറഞ്ഞിരുന്നു... അതെന്താണെന്ന് ചോദിച്ചിട്ട് എല്ലാം വന്നിട്ട് പറയാമെന്ന് പറഞ്ഞു... എന്താ അങ്കിൾ ചോദിക്കാൻ കാരണം... " "ഒന്നുമുണ്ടായിട്ടല്ല... അവരെ മൂന്നു പേരേയും വിളിച്ചിട്ട് ഫോണെടുക്കുന്നില്ല... ഇവിടെ കൃഷ്ണമോളും രാജേശ്വരിയും ആകെ പേടിച്ചിരിക്കുകയാണ്... എന്റെ സ്ഥിതിയും മറിച്ചല്ല... എന്ത് അത്യാവിശ്യമുണ്ടായിട്ടായാലും ഫോൺ വന്നാൽ എടുക്കാനെന്താണ് പ്രശ്നം... " "അത് ചിലപ്പോൾ സൈലന്റാക്കിയതായിരിക്കും... " "മൂന്നുപേരും ഒന്നിച്ച് സൈലന്റാക്കണോ...

എനിക്ക് ആ സുധാകരനെയാണ് പേടി... പണ്ടേ ഞങ്ങൾക്കെതിരെ അവൻ കളിക്കുന്നതാണ്... കുറച്ചു ദിവസം മുന്നേ ഇവിടെ വന്നപ്പോൾ ഉണ്ടായ പ്രശ്നവും കൃഷ്ണ മോളുടെ പ്രശ്നവും വച്ചു നോക്കുമ്പോൾ അവനെങ്ങാനും വല്ല ചതിയിലും എന്റെ മക്കളെ പെടുത്തുമോ എന്നൊരു പേടി... " "അങ്കിൾ പേടിക്കേണ്ട... അങ്ങനെ ചതിയിലൊന്നും അവർ ചെന്നു ചാടില്ല... അതെനിക്കുറപ്പുണ്ട്... ചിലപ്പോൾ സൂരജ്, അന്വേഷിക്കുന്ന കേസിന്റെ കാര്യത്തിന് പോയതായിക്കൂടെ... " "ആ കേസും നമ്മളുംതമ്മിലെന്താണ് പ്രശ്നം... നീ തന്നെയല്ലേ പറഞ്ഞത് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് അവർ പോയതെന്ന്... ഇപ്പോൾ നമ്മുടെ പ്രശ്നം ആ സുധാകരനും അവന്റെ അച്ഛനും മകനുമാണ്... അല്ലാതെ വേറെയെന്താണ് നമ്മുടെ പ്രശ്നം... പിന്നെ ഭാസ്കരൻ... അവൻ ഇപ്പോൾ അടുത്തൊന്നും നമുക്കെതിരെ കളിച്ചിട്ടില്ല... ഏതായാലും നീ ആ ദത്തനെയൊന്ന് വിളിക്ക്... അവന്റെ നമ്പർ ഞങ്ങളുടെ കയ്യിലില്ല... " "ഞാൻ വിളിക്കാം... " "വിളിച്ചിട്ട് അവനെന്താണ് പറയുന്നതെന്ന് എന്നെ വിളിച്ചു പറയണം... " "ശരിയങ്കിൾ... ഞാനിപ്പോൾത്തന്നെ വിളിക്കാം...".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story