🌷കുറുമ്പി🌷: ഭാഗം 5

kurumbi new

എഴുത്തുകാരി: വാസുകി വസു

നന്ദക്കൊന്ന് അലറിക്കരയണമെന്ന് ഉണ്ടായിരുന്നു.. അത്രയേറെ സങ്കടം നെഞ്ചിൽ കനലായി കിടപ്പുണ്ട്. നെഞ്ഞ് പിഞ്ഞിക്കീറിയപ്പോഴേക്കും പിടഞ്ഞു വീണു.. മോൾക്ക് അരികിലേക്ക്.. "തന്റെ പൊന്നുമോൾ..പ്രസവിച്ചില്ലെന്നെയുള്ളൂ ന്റെ കടിഞ്ഞൂൽ കണ്മണിയാ..അഭിയേട്ടൻ നൽകുന്ന അവഗണനകൾ മറക്കുന്നത് പോലും ന്റെ പൊന്നുമോളിലൂടെയാണ്. കുറുമ്പീനെ വാരിയെടുത്ത് ചുംബനങ്ങളാൽ മൂടി.. തന്റെ മുഖമൊന്ന് വാടിയാൽ,,കണ്ണൊന്ന് നിറഞ്ഞാൽ അപ്പോൾ ചുണ്ടുകൾ പിളർത്തും അമ്മയുടെ പൊന്ന്.. അഭിയേട്ടൻ സ്നേഹിച്ചില്ലെങ്കിലും വേണ്ടാ കണ്മുന്നിലുണ്ടല്ലോ തന്റെ പ്രണയം..കണ്ണ് നിറയെ കണ്ടു സായൂജ്യമടഞ്ഞോളാം..

അത്രയും മതി..നീറ്റൽ മറക്കാൻ പൊന്നുമോളുണ്ട് അത്രയും മതി.. കുറുമ്പിയെ ഉറക്കി കിടത്തിയട്ട് പതിവു പോലെ നിളയുടെ ചിത്രത്തിന് മുമ്പിലെത്തി.. " നിളേച്ചി കണ്ടൂല്ലൊ അഭിയേട്ടൻ ഇന്ന് എന്നെയും മോളെയും കൂട്ടി പുറത്തേക്ക് പോയത് സന്തോഷായില്ലേ.പക്ഷേ ആ നെഞ്ചിലെനിക്കൊരു സ്ഥാനം എനിക്കിന്നും അന്യമാ നിളേച്ചി..എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിയോന്ന് അറിയില്ല.നിളേച്ചിയാ ഏട്ടന്റെ മനസ്സ് നിറയെ.നിക്ക് കുറുമ്പിയുണ്ട്.എന്റെ പൊന്നുമോൾ നിക്ക് അതുമതി" നിളയുടെ ചിത്രത്തിനു മുന്നിലായി മനസ്സ് തുറന്നതിന്റെ സമാധാനത്തിൽ പാറൂമോളോടൊപ്പം പോയി കിടന്ന് നന്ദയുറങ്ങി..

പക്ഷേ സമാധാനം പൂർണ്ണമായും നശിച്ചൊരു മനുഷ്യൻ അകത്തെ മുറിയിൽ പിടയണുണ്ടായിരുന്നു... .... അഭിജിത്ത്.... നന്ദയുടെ പ്രണയം ഉൾക്കൊളളാനാകാതെ,,,,നിളയെ മറക്കാൻ കഴിയാതെ... തന്നെക്കാളേറെ അഭിജിത്ത് നിളയെ സ്നേഹിച്ചിരുന്നു....അത്രമേൽ പ്രണയിച്ചിരുന്നു... വളരെ വൈകിയാണ് അറിയണത് നിളക്ക് ബ്രയിൻ ട്യൂമറാണെന്ന്...അപ്പോഴേക്കും രക്ഷപ്പെടുത്താനുളള എല്ലാ പഴുതുകളും അടഞ്ഞിരുന്നു... പാറൂട്ടിയെ പ്രസവിച്ച് രണ്ടു മാസം തികയും മുമ്പേ വിട്ടുപോയവൾ ജീവനില്ലാത്ത ദേഹി ഉപേക്ഷിച്ചിട്ട്...പൊന്നുമോളെയും പ്രിയതമനെയും തനിച്ചാക്കി... പാറുമോൾക്ക് കൂട്ടായി നിഴലായി അവളുണ്ടായിരുന്നു പതിനെട്ടുകാരിയായ നന്ദ..

നിളക്ക് നൽകിയ വാക്കവൾ കാത്തു സൂക്ഷിച്ചു ഇന്നുവരേക്കും.. മരിച്ചു തലക്ക് മുകളിൽ നിൽക്കുമ്പോഴും അണുവിട വ്യതിചലിച്ചിട്ടില്ല.. താൻ പ്രസവിച്ച മകളാണ് കുറുമ്പി...അങ്ങനെ വിശ്വസിക്കാനാണ് നന്ദ ഇഷ്ടപ്പെട്ടത്..മോളിൽ മറ്റാരും അവകാശം സ്ഥാപിക്കും മുമ്പേ പാറൂട്ടിക്ക് അമ്മയായവൾ...പ്രായത്തിൽ കൂടിയ പക്വതയുളള പെണ്ണായിരുന്നവൾ...അഭിക്ക് അവൾ കുറുമ്പുകാരിയാണെങ്കിലും നിളക്ക് അറിയാരുന്നു നന്ദയിലെ പ്രായത്തിൽ കവിഞ്ഞ പക്വത..അനുഭത്തിലൂടെ നിള തിരിച്ചറിഞ്ഞതും നന്ദ തെളിയിച്ചതുമാണത്. നന്ദയുടെ ഉള്ള് നിറച്ച പ്രണയം പ്രാന്തമായി നീറ്റുമ്പോഴും അതേറ്റു വാങ്ങാൻ അഭിക്ക് കഴിയാതിരുന്നത് അവനിൽ നിള മാത്രമായിരുന്നതിനാലാണ്..

കിടന്നിട്ടും ഉറക്കം വരാതെ അഭിജിത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു.. എന്നിട്ടും നിദ്ര പുൽകാഞ്ഞതിനാൽ എഴുന്നേറ്റു ജാലക വാതിൽ പുറത്തേക്ക് തുറന്നിട്ടു...ഈർപ്പമുള്ള തണുത്ത കാറ്റ് അയാളുടെ മുഖത്തേക്ക് ഇരച്ചു കയറി.. ശരീരവും മനസ്സും ഒരുപോലെ എരിയുകയാണ്...ശരീരത്തിന്റെ നീറ്റൽ സഹിക്കാം..പൊള്ളുന്ന മനസ്സിന്റെ അഗ്നിയെ തണുപ്പിക്കാൻ കഴിയില്ലല്ലോ... "നിക്ക് ഇഷ്ടാ അഭിയേട്ടനെ..നിക്ക് ഇഷ്ടാ.എനിക്കുളളത് പ്രാന്തമായ സ്നേഹം തന്നാ...മറ്റാരെക്കാളും എനിക്ക് അവകാശപ്പെട്ട പ്രണയാ ഞാൻ ചോദിക്കണത്" നന്ദയുടെ വാക്കുകൾ ഉഷ്ണക്കാറ്റായി ആഞ്ഞു വീശുന്നത് അഭിയറിഞ്ഞു...ആ ചൂടേറ്റവൻ വിയർത്തൊഴുകി അവൾ പറഞ്ഞ വാക്കുകളുടെ പൊരുളറിയാതെ..

"എന്റെ പ്രണയം എങ്ങനെ നന്ദക്ക് മാത്രം ഏറ്റവും അവകാശപ്പെട്ടതാകും..എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..നിളക്കും നന്ദക്കും ഇടയിലുള്ള രഹസ്യം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അവൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകൂ.... ഇല്ലെങ്കിൽ നന്ദ മനസ്സ് തുറക്കണം...പക്ഷേ അതവൾ പറയില്ലെന്ന് നൂറ്റുക്ക് ഉരുക്കഴിച്ചു ആവർത്തിച്ചു... നന്ദ ഇന്നും രാത്രിൽ നിളയുടെ ചില്ലിട്ട ചിത്രത്തിനരികിലെത്തുമെന്ന് അഭിക്ക് തീർച്ചയുണ്ടായിരുന്നു..അതാണ് കതക് പാതിചാരി കാത്ത് നിന്നത്.. നന്ദ നിളയോട് സംസാരിച്ച ഓരോ വാക്കുകളും അഭിയിൽ തറച്ചു കയറി.. ശ്വാസം വിലങ്ങിയത് പോലെയായപ്പോൾ തിരികെയെത്തി കിടക്കയിലേക്ക് വീണു.. തനിക്ക് കഴിയോ നന്ദയെ പ്രണയിക്കാൻ...കഴിയില്ല...

താനെടുത്ത് കൊണ്ട് നടന്നൊരു കുഞ്ഞ് നന്ദയുടെ മുഖം മനസ്സിൽ ഇരച്ചെത്തി..തന്റെ കയ്യിൽ കിടന്നു വളർന്ന കുഞ്ഞിനെ എങ്ങനെ പ്രണയിക്കാൻ കഴിയും.. അഭിയോരോന്നും അങ്ങനെ ചിന്തിച്ചെങ്കിൽ നന്ദയിലങ്ങനെ ആയിരുന്നില്ല അഭിക്കുളള സ്ഥാനം... അഭിയുടെ കൈ പിടിച്ചാണവൾ നടന്നത്..എന്തിനും ഏതിനും അവൻ വേണമായിരുന്നു കൂട്ടിന്..പിണങ്ങി മുഖം വീർപ്പിച്ചിരിക്കുമ്പോൾ മോളേ നന്ദൂട്ടിയെന്നൊരു അഭിയുടെ വിളി മാത്രം മതിയായിരുന്നു കുഞ്ഞ് നന്ദക്ക് എല്ലാം മറക്കാനായി... വയസ്സ് അറിയിച്ചപ്പോഴും മനസ്സിൽ പ്രണയവർണ്ണങ്ങൾ നിറഞ്ഞപ്പോഴും അവളുടെ മനസ്സിൽ അഭിയേട്ടൻ മാത്രമായിരുന്നു..

തന്നെക്കാൾ മുമ്പേ നന്ദയുടെ മനസ്സിൽ അഭി സ്ഥാനം നേടിയെന്നാദ്യം തിരിച്ചറിഞ്ഞതും നിളയായിരുന്നു...നന്ദയുടെ സംസാരത്തിൽ,,ഭാവത്തിൽ നിന്നെല്ലാം നിള അവളുടെ പ്രണയമറിഞ്ഞു.,. നിളേച്ചിക്കും അഭിയേട്ടനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ പാവം നന്ദ ഉരുകി തീർന്നിരുന്നു...തനിക്കായി അവളുടെ പ്രണയത്തെ വേണ്ടെന്ന് വെയ്ക്കാനും തന്റെ പ്രണയം അഭിയെ അറിയിക്കാനും നന്ദയെ തന്നെ നിള ഏൽപ്പിക്കുമ്പോഴും ശേഷിച്ചിരുന്ന ജീവനും കൂടി കത്തിയമർന്നു... അഭിയേട്ടനും നിളയും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും വിവാഹം കഴിഞ്ഞട്ടും നിശബ്ദമായി നന്ദ അയാളെ പ്രണയിച്ചു ഭ്രാന്തമായി തന്നെ..കിട്ടില്ലെന്ന് അറിഞ്ഞിട്ടും...

മരണസമയത്ത് നിള വീണ്ടും നന്ദയിൽ പ്രതീക്ഷകൾ കുത്തി നിറച്ചു...എന്നിട്ടും അവൾ ആഗ്രഹിച്ചത് മരണത്തെ തോൽപ്പിച്ച് അഭിയേട്ടനരുകിൽ നിളേച്ചി തിരിച്ച് വരാനാണ് ആഗ്രഹിച്ചത്.,. നിളേച്ചിയുടെ മരണശേഷം കുറുമ്പിക്ക് അമ്മയായി...അവളിലെ പ്രാന്തമായ പ്രണയം പിന്നെയുമൊഴുകി അഭിയിലേക്ക്..നിളക്ക് നൽകിയ സത്യം പാലിക്കാനായി.. "തനിച്ചാക്കിയാൽ അഭിയേട്ടൻ തളർന്നു പോകും..നിന്റെ സാന്നിധ്യം അവിടെ വേണം..വിശ്വസിച്ചു ഏൽപ്പിക്കാൻ എനിക്ക് നീ മാത്രമേയുള്ളൂ..." തന്റെ പ്രണയത്തെ തന്നിൽ നിന്ന് തട്ടിപ്പറിച്ച നിളേച്ചിയെ വെറുക്കുന്നതിനു പകരം ചേച്ചിയായി കരുതി ഇരട്ടിയിലധികം സ്നേഹിച്ചിട്ടേയുള്ളൂ നന്ദ...

കാരണം തന്നെ ദ്രോഹിക്കണവരെയും സ്നേഹിക്കാനെ നന്ദക്കറിയൂ... ഇതൊന്നും അറിയാതെ അഭിജിത്ത് തളർച്ചയോടെ കിടക്കയിലേക്ക് വീണു.പുലരിക്ക് മുമ്പെപ്പഴോ നിദ്ര കണ്ണുകളെ മൂടി.... രാവിലെ എഴുന്നേറ്റു നന്ദ പതിവുപോലെ.. അഴിഞ്ഞുലഞ്ഞ മുടിവാരിച്ചുറ്റി എഴുന്നേറ്റു..എന്നെത്തെയും പോലെ നോട്ടം പാറൂട്ടിയിലെത്തി നിന്നു.. "കുറുമ്പി വായിൽ വായിൽ വെച്ച് നുണഞ്ഞാ കിടക്കണേ കള്ളിപ്പെണ്ണ്" കുനിഞ്ഞ് കുറുമ്പിയെ മുത്തിയതും സ്വിച്ച് ഇട്ടതു പോലെ കണ്ണു തുറന്ന് അമ്മയെ നോക്കി ചിരിച്ചു.. "ഡീ കളളക്കുറുമ്പി ഇശ്ശി നേരം കൂടി ഉറങ്ങൂല്യാലേ.അമ്മയെക്കൊണ്ട് പണിയെടുപ്പിക്കൂലാല്ലേ" നന്ദയുടെ സംസരം കേട്ടവൾ കൈകാലിട്ടടിച്ചു ചിരിച്ചു.

"അമ്മേടെ സുന്ദരി കരയാതെ കിടക്കോ...അമ്മാ വേഗം കുളിച്ചു വരാലോ" കുഞ്ഞിനു രണ്ടു വശവും സൂക്ഷ്മതയിൽ തലയിണ വെച്ചിട്ട് വേഗം കുളിക്കാൻ കയറി.. ധൃതിയിൽ കുളിച്ചിറങ്ങി..ശരീരത്തിലെ നനവ് തുടച്ചു കളയാനധികം മിനക്കെട്ടില്ല.. മോൾ താഴെ വീഴൊ..അമ്മ മനസ്സിന്റെ വെപ്രാളമതായിരുന്നു.. കുളികഴിഞ്ഞ് ഇറങ്ങിയ നന്ദയുടെ നോട്ടമെത്തിയത് അവിടേക്കായിരുന്നു പാറൂട്ടി കിടന്നിടത്തേക്ക്..അവിടം ശൂന്യമായിരുന്നു...ഒരുനിമിഷം ഹൃദയം നിശ്ചലമായെങ്കിലും അവളിലെ അമ്മ മനസ്സ് വെപ്രാളപ്പെട്ടു.. "മോളേ അമ്മേടെ പൊന്ന് എവിടാ" അലറിക്കരഞ്ഞു കട്ടിലിന് അടിയിലും മുറിയിലുമാകെ തിരഞ്ഞു കുറുമ്പിയെ..അവിടെയെങ്ങും കാണാണ്ട് അലമുറയിട്ടോടി..

നന്ദ കണ്ടു അഭിയുടെ കയ്യിലിരിക്കണ കുറുമ്പിയെ..അതിനു മുമ്പേ അവൻ കേട്ടിരുന്നു കുഞ്ഞിനെ നഷ്ടമായ തളളപ്പക്ഷിയുടെ നിലവിളി.. "എന്തിനാ നന്ദാ നീയിങ്ങനെ നിലവിളിക്കണേ..കുഞ്ഞിനെ കണ്ടില്ലെങ്കിൽ ഇവിടെ വന്നൊന്ന് നോക്കായിരുന്നില്ലേ" മറുപടി നൽകിയില്ല...പകരം രൂക്ഷമായൊന്ന് നോക്കിയിട്ട് അഭിയുടെ കയ്യിൽ നിന്ന് വേഗം കുഞ്ഞിനെ വാങ്ങി മുറിയിലേക്ക് പോയി. "അമ്മാ ഒത്തിരി സങ്കടപ്പെട്ടൂട്ടൊ സുന്ദരിയെ കാണാഞ്ഞിട്ട്" അവളിലെ നോവ് ഇരുവശത്തേക്കും ഒലിച്ചിറങ്ങിയതും പാറൂട്ടി ചുണ്ടുകൾ പിളർത്തി.. "അച്ചോടാ ഉടനെ അമ്മേടെ സ്വത്ത് കരയാ" കുഞ്ഞിനെ എടുത്തു മുകളിലേയ്ക്ക് ഉയർത്തി.. കുറുമ്പി ചിരിക്കാൻ തുടങ്ങി..

"കള്ളിപ്പെണ്ണാ ട്ടൊ" മോളെ എടുത്തു മുത്തിയിട്ട് കുറുമ്പിയുമായി കിച്ചണിൽ കയറി. ചായ ഉണ്ടാക്കി അഭിക്ക് കൊടുത്തു.. "നന്ദ ചായ കുടിച്ചുവോ?" കരുതലിന്റെ ശബ്ദം തിരിച്ചറിഞ്ഞതും പാദങ്ങൾ നിശ്ചലമായി.. "ഞാൻ കുടിച്ചോളാം..അഭിയേട്ടൻ കുടിക്ക്..നിക്ക് പണിയുണ്ട്" "അതെങ്ങനാ നന്ദാ ശരിയാവാ..താനൊരു കപ്പ് ടീ എടുത്തിട്ട് വാ അല്ലെങ്കിൽ വേണ്ടാ ഞാനെടുത്ത് വരാം.. നന്ദ ഇരിക്ക്" എന്ന് പറഞ്ഞു അകത്തേക്ക് നടന്ന അഭിയവൾക്കൊരു അത്ഭുതകരമായി.. "എന്ത് പറ്റീടി കുറുമ്പി അച്ഛക്ക്..ഇനി അമ്മയോട് പ്രണയമാണോ" മറുപടിയായി കുറുമ്പി ഇമകൾ ചിമ്മിയടച്ചു.. "അച്ഛേടെ കളളത്തരമെല്ലാം കുറുമ്പിപ്പാറൂനും ണ്ട്"

കുഞ്ഞിന്റെ മുഖം മങ്ങിയതും നന്ദ പെട്ടെന്ന് വിഷയം മാറ്റി. "ഒന്നൂല്ലെടീ കുറുമ്പിപ്പാറൂ...അമ്മാ വെറുതെ പറഞ്ഞതാ ട്ടൊ" ചുമലിലേക്ക് ചാരി കിടന്ന കുഞ്ഞിനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. അഭി കിച്ചണിൽ ടീ കപ്പുമായി കയറി വരണത് കണ്ട് നന്ദ ഇരുന്നു...മോളേ മടിയിലേക്ക് ചായിച്ചു ഇരുത്തി ചായ വാങ്ങി... വെറുതെ അവൾ അഭിയുടെ കരത്തിൽ മനപ്പൂർവം സ്പർശിച്ചു...രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി. "എന്തേ ഞാൻ തൊട്ടാൽ പൊള്ളോ" കുസൃതി നിറച്ച് പ്രണയത്തോടെ അവനെ നോക്കി ..അത്രമേൽ ആർദ്രമായി... നന്ദയിൽ നിന്ന് വമിക്കുന്ന പ്രണയച്ചൂട് ഏറ്റുവാങ്ങാൻ കഴിയാതെ ദൃഷ്ടികൾ മറ്റെങ്ങോ ഉറപ്പിച്ചു..

"ഓ.. ഞാൻ കരുതി എന്നോടുളള പ്രണയം മൂത്ത് ചായ എടുത്തിട്ട് വന്നതാണെന്ന്" പാതി കളിയായും നെഞ്ചിലെ നീറ്റലും ചേർത്ത് പറഞ്ഞു.. "ഇന്നലെയും നിളക്ക് മുമ്പിൽ പരിഭവമിറക്കിയല്ലേ" പെട്ടന്നായിരുന്നു അഭിയോട് ചോദ്യം..നന്ദ ഞെട്ടിയില്ല പകരം ചിരിയോടെ അവനെ നേരിട്ടു. "ഞാനെല്ലാം കേട്ടു" "അതിനെന്താ കേട്ടാൽ..അഭിയേട്ടൻ കേൾക്കുമെന്ന് അറിഞ്ഞ് തന്നെയാ പറഞ്ഞത്..ഇല്ലാത്തതൊന്നും അല്ലല്ലോ.. ഉളളതല്ലേ പറഞ്ഞത്" "ങേ ..." നന്ദയുടെ കൂസലില്ലായ്മ അഭിയെ ഞെട്ടിച്ചു....അവൾ മുഖം വീർപ്പിച്ചു... "ഡാ മോനേ അഭിയേട്ടാ എന്റെ അടുത്താ നിന്റെ വേല..എനിക്ക് അറിയാത്ത ആളല്ലല്ലോ" മനസ്സിൽ ചിരിച്ചവൾ...

അവൾക്ക് അറിയാം അവന്റെ ഇപ്പോഴത്തെ മാറ്റത്തിന് കാരണം രഹസ്യമറിയാനാണെന്ന്.... "അഭിയേട്ടാ ഇപ്പോൾ കാണാൻ ഡിക്യൂനെ പോലെയുണ്ട് ട്ടൊ...ഞാൻ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നോട്ടെ" അഭി ദേഷ്യത്തിൽ കൈ ആഞ്ഞ് വീശിയതും കുലുങ്ങി ചിരിച്ചോണ്ട് കുറുമ്പിയുമായി ഓടിക്കളഞ്ഞു.. നന്ദ കിച്ചണിൽ കയറി രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി...ദോശയും വെളള ചട്നിയും നന്ദ ഫേവറിറ്റ് അതായിരുന്നു.. അഭിക്ക് പോകാൻ മനസ്സ് ഇല്ലായിരുന്നു... മനസ്സങ്ങനെ രഹസ്യത്തിന്റെ പിന്നാലെയാണ്...എങ്ങനെ അറിയണനെന്ന് ആയിരുന്നു ചിന്ത മുഴുവനും... അതറിയാതെ മനസ്സിനു സ്വസ്ഥത ലഭിക്കില്ലെന്ന് അറിയാം...

പോകാതിരിക്കാൻ കഴിയില്ല..ഒരുപാട് പെൻഡിംഗ് വർക്കുണ്ട്...ഡൈനിങ്ങ് ടേബിളിനടുത്തേക്ക് വന്നപ്പോൾ നന്ദയുണ്ടവിടെ...അയാൾ ഇരുന്നതും ദോശയും ചട്നിയും വിളമ്പി കൊടുത്തു.. ഭർത്താവിനെ ഭാര്യ കഴിപ്പിക്കും പോലെയവൾ ഒട്ടി നിന്നു..ഇതൊക്കെ തന്റെ കർത്തവ്യമാണെന്ന് കരുതി. "ഒരെണ്ണം കൂടി കഴിക്ക് അഭിയേട്ടാ...പ്ലീസ്" മതിയാക്കി എഴുന്നേൽക്കാൻ ശ്രമിച്ചതും നന്ദ കെഞ്ചി പറഞ്ഞു.. "എനിക്ക് മതിയായിട്ടല്ലേ എഴുന്നേറ്റത്" കോപത്തോടെ അങ്ങനെ പറഞ്ഞതും നന്ദ മുറുമുറുത്തു... "മൊശടൻ..തനി കാട്ടാളാൻ.ഈശ്വരാ ഇങ്ങേരെ പ്രേമിക്കാൻ കണ്ട സമയം.. ഒരു സ്നേഹവുമില്ല" "അഭിയേട്ടാ ഓഫീസിൽ നിന്നും വൈകിട്ട് വരുമ്പോൾ ഒരുപായ്ക്കറ്റ് സ്റ്റേഫ്രീ വാങ്ങീട്ട് വരണേ"

ബൈക്കിലേക്ക് കയറിയ അഭിക്ക് അരികിലെത്തി പറഞ്ഞതും അയാൾ മുഖം ചുളിച്ചു..അവളുടെ സംസാരം കേട്ട്.. "ഇതൊക്കെ എന്നോടെന്തിനാ പറയണത്...നിനക്ക് പോയി വാങ്ങിക്കൂടെ" "ഞാനെന്തിനാ പറയണോന്നൊ...എന്റെ മോളുടെ അച്ഛൻ എനിക്ക് അന്യനല്ലല്ലോ" കുറുമ്പോടെ മൊഴിഞ്ഞു....പ്രണയത്തോടെ നോക്കി.. "എന്നെക്കൊണ്ട് പറ്റൂലാ" എന്നു പറഞ്ഞു അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു അകന്നുപോയി...നന്ദ നെടുവീർപ്പെട്ടു അകത്തേക്ക് കയറി.. "ഡീ കുറുമ്പിപ്പാറൂ ഒരു രക്ഷയും ഇല്ലാട്ടൊ..നിന്റെ അച്ഛനെ വീഴിക്കാൻ അമ്മ വാരിക്കുഴി ഒരുക്കേണ്ടി വരും" നന്ദയിൽ വിരിഞ്ഞ ചിരിയുടെ പ്രതിഫലനം കുറുമ്പിയിലെത്തി നിന്നു..

"അച്ചോടാ അമ്മ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ ചുണ്ട് പിളർത്തും..ചിരിച്ചാൽ കൂടെ ചിരിക്കും..അമ്മയെ അറിഞ്ഞ അമ്മേടെ സ്വത്ത്" മാറോട് ചേർത്ത് കുഞ്ഞിക്കവിളിൽ ഉമ്മവെച്ചു.. കുറുമ്പി കുറുമ്പോടെ അമ്മയുടെ മാറിടത്തിൽ പരതി തുടങ്ങി.. "ഡീ കുറുമ്പി നീ കൊളളാലൊ" അങ്ങനെ പറഞ്ഞു കൊണ്ട് ടോപ്പ് വകഞ്ഞ് മാറ്റി മുലഞെട്ട് കുറുമ്പിയുടെ ചുണ്ടിൽ മുട്ടിച്ചതും കാത്തിരുന്ന പോലെ പാറൂട്ടി മാറിടം നുണഞ്ഞു തുടങ്ങി.. ഇടക്കിടെ പാലുകുടി നിർത്തി അമ്മയെ നോക്കി കിടക്കും..നന്ദ നോക്കിയാൽ അപ്പോൾ മുഖം വെട്ടിച്ചു പാലുകുടി തുടരും.. "ഡീ കുറുമ്പിപ്പാറൂ കുറുമ്പ് കൂടണുണ്ട് ട്ടൊ" കുഞ്ഞ് കരയാനുളള ഒരുക്കമാണെന്ന് മനസ്സിലായതും നന്ദ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അമ്മാ ചുമ്മാ പറഞ്ഞതല്ലേ" അതുകേട്ട് പാറൂട്ടി ചിരിയോടെ പാൽമണമില്ലാത്ത മാറിടം നുകർന്നു കൊണ്ടിരുന്നു.. മാതൃവാത്സല്യത്താൽ നന്ദ മിഴികൾ ചേർത്തടച്ചു.... "മോളേ" സങ്കടത്താൽ നീറ്റിയൊരു നിലവിളി കാതിൽ വന്നലച്ചതും നന്ദ ഞെട്ടിത്തിരിഞ്ഞ് നോക്കി... നിറകണ്ണാൽ ഗൗരിക്കുട്ടി നിൽക്കുന്നു.. "അമ്മ" പതിയെ വിളിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു... അതിനു മുമ്പേ ഗൗരിക്കുട്ടി മകൾക്ക് മുമ്പിലെത്തിയിരുന്നു... അവർ കണ്ടു വിവാഹം കഴിഞ്ഞിട്ടില്ലാത്ത മകളുടെ മാറിടം നുണഞ്ഞു മയങ്ങുന്ന കുറുമ്പിയെ.. "മോളേ" ഗൗരിയുടെ കണ്ണുകൾ നനച്ചിറങ്ങുന്നതും അസഹ്യമായ വേദനയാലും പിടയുന്ന മറ്റൊരു അമ്മ മനസ്സ് അവൾ കണ്ടു.. തന്റെ അമ്മയുടെ...

"അമ്മേ..വഴക്ക് പറയല്ലേ.. എനിക്ക് സഹിക്കില്ല..അതുകൂടി താങ്ങാനുറ്റ്കരുത്ത് ഇല്ല..എന്റെ പൊന്നുമോൾ ഞാനത്രയേ ചിന്തിക്കണുള്ളൂ" അമ്മക്ക് മനസ്സിലാകുമായിരുന്നു മകളേ ...അമ്മക്കേ മനസ്സിലാക്കാൻ കഴിയൂ... "സാരമില്ലെടീ അമ്മക്ക് നിന്നെ മനസ്സിലാകും...അമ്മക്കേ എന്റെ മോളേ മനസ്സിലാകൂ..കുറുമ്പി നമുക്ക് അന്യയല്ലല്ലോ..നമ്മുടെ നിളേടെ മോളല്ലേ" അത്രയും മതിയായിരുന്നവൾക്ക് നന്ദക്ക്...അവൾ അനുഭവിച്ച സങ്കടങ്ങൾ മുഴുവനും ഒഴുക്കി കളയാൻ... കുറുമ്പിയെ കിടക്കയിലേക്ക് കിടത്തി പുതപ്പിച്ച ശേഷം നന്ദ എഴുന്നേറ്റു.. "അഭി..." "ഓഫീസിൽ പോയി" "ഹ്മ്മ്ം... നിനക്ക് ഇപ്പോഴും അവന്റെ മനസ്സിൽ സ്ഥാനം ലഭിച്ചില്ലല്ലേ" നന്ദ പിടഞ്ഞുണർന്നു അമ്മയെ സങ്കടത്തോടെ നോക്കി..

"അമ്മക്ക് മനസ്സിലാകുമെടീ...മക്കളുടെ മനസ്" "അമ്മേ " കരച്ചിലോടെ അമ്മയുടെ തോളിലേയ്ക്ക് ചാഞ്ഞു...അമ്മ നന്ദയെ ആശ്വസിപ്പിച്ചു... "അമ്മ പറയാടാ ന്റെ കുട്ടീടെ മനസ്സ് നിറയെ അഭിയാണെന്ന്" "വേണ്ടമ്മേ...ആരും പറഞ്ഞു സഹതാപത്തിലുളള സ്നേഹം നിക്ക് വേണ്ടാാ..ന്റെ സ്നേഹം ആത്മാത്ഥമാണെന്ന് അഭിയേട്ടൻ എന്നെങ്കിലും അറിയും..അത് മതി..അങ്ങനെയൊരു ദിവസത്തിനായിട്ടാ ഞാൻ കാത്തിരിക്കണത്" അഭിയോടൊന്നും പറയരുതെന്ന് അമ്മയെക്കൊണ്ട് നന്ദ സത്യം ചെയ്യിച്ചു.. സഹതാപത്തിലൂടെയുളള പ്രണയം ആഗ്രഹിക്കണില്ല... "അമ്മക്ക് ദേഷ്യം ഒന്നൂല്ലാ ട്ടൊ...അച്ഛനെ അനുസരിക്കാനെ അറിയൂ...അമ്മ ഇടക്കിടെ വരാ ട്ടൊ" "ഹ്മ്മ്ം...ഹ്മ്മ്ം" കണ്ണുനീരോടെ നന്ദ തലയാട്ടി...

അമ്മ വന്നൂല്ലൊ ഒന്ന് കണ്ടൂല്ലൊ..കുറച്ചു സമയം എങ്കിലും അമ്മയുടെ സാമീപ്യം നുകരാൻ പറ്റിയല്ലോ..അത്രയും മതിയായിരുന്നു നന്ദക്ക്... "കുറുമ്പിയെ ഒന്നെടുകണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.. മോളുറങ്ങിയല്ലോ" ഗൗരിക്കുട്ടി നെടുവീർപ്പെട്ടു... നന്ദക്ക് അറിയാം കുറുമ്പിയോടും നിളേച്ചിയോടും അമ്മക്ക് വല്യ കാര്യാണെന്ന്... "മുത്തശ്ശന്റെ അതേ പതിപ്പാ കുറുമ്പി...വളർന്നു വരുമ്പോൾ അതുപോലെ ഇരിക്കും" ഗൗരിക്കുട്ടി അറിയാതെ ആത്മഗതം ചെയ്തതാണെങ്കിലും നന്ദ പെട്ടന്നത് പിടിച്ചെടുത്തു.. "എന്താമ്മ പറഞ്ഞത്" വിശ്വാസം വരാതെ അമ്മയെ തുറിച്ചു നോക്കി.. "ഒന്നൂല്ലാ...അമ്മ പോവാ" അറിയാതെ നാവിൽ നിന്ന് വീണതാണ്....

പറഞ്ഞു കഴിഞ്ഞാണു ഓർത്തതും തെറ്റ് പറ്റിയെന്ന്.. "പറയ് അമ്മേ .. എനിക്ക് അറിയണം അമ്മ പറഞ്ഞതിന്റെ പൊരുൾ" നന്ദയുടെ വാശിക്ക് മുമ്പിൽ ഗൗരിയാരഹസ്യം വെളിപ്പെടുത്തി... "നിളമോൾ നിന്റെ രക്തം തന്നെയാ നന്ദൂട്ടാ...നിന്റെ അച്ഛന്റെ മൂത്തമകൾ‌‌..അമ്മ രണ്ടാണെന്നെയുള്ളൂ..." കേട്ടത് വിശ്വസിക്കാൻ കഴിയാതെ നന്ദ അമ്മയെ തുറിച്ചു നോക്കി...പതിയെ അവളാ സത്യം ഉൾക്കൊണ്ടതും തളർന്നു അമ്മയുടെ മാറിലേക്ക് മുഖം പൂഴ്ത്തി നോവിറക്കി... "നിളേച്ചി അച്ഛന്റെ മകളാത്രേ...എന്റെ സ്വന്തം ചേച്ചിയാണെന്ന്".............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story