🌷കുറുമ്പി🌷: ഭാഗം 7

kurumbi new

എഴുത്തുകാരി: വാസുകി വസു

അഭിയേട്ടാ" സുഖകരമായ ഉറക്കത്തിലായിരുന്ന നന്ദ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.. ഫാനിന്റെ തണുപ്പിലും അവൾ വെട്ടി വിയർത്തു..കണ്ടത് സ്വപ്നമാണെന്ന് അറിഞ്ഞിട്ടും വിശ്വസിക്കാൻ പ്രയാസം തോന്നി.. നിളേച്ചിക്ക് മുമ്പിൽ പോയി ഭാരമിറക്കുന്ന താൻ..നേരം വൈകിയട്ടും അഭിയേട്ടനെ കാണാതെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന താനും കുറുമ്പിയും.. കുറുമ്പി ഉറങ്ങി കഴിഞ്ഞട്ടും നോവോടെ അഭിയേട്ടനെ കാത്തിരുന്നു..നേരം വൈകിയ നേരത്ത് കുടിച്ചിട്ടു വന്ന് കടന്നു പിടിക്കുന്നതും ബലമായി കീഴടക്കാൻ ഭാവിക്കുമ്പോൾ അടിനാഭിയിലൊരു ചവിട്ടു കൊടുത്തു ഓടുന്ന നന്ദയും മനസ്സിനെ പിടിച്ചു കുലുക്കി..

"ഇല്ല ഒരിക്കലും അഭിയേട്ടൻ അങ്ങനെ ചെയ്യില്ല" നന്ദക്ക് ഉറച്ച വിശ്വാസമായിരുന്നു...മനസ്സിൽ അടിയുറച്ച് പോയ അവളിലെ വിശ്വാസം.. നന്ദക്ക് അഭിയെയൊന്ന് കാണണമെന്ന് തോന്നി... ആ നിമിഷം.. തിരിഞ്ഞ് കുറുമ്പിയെ ഒന്ന് നോക്കി..വിരൽ വായിലിട്ടു നുണഞ്ഞോണ്ട് കിടക്കയാ കള്ളിപ്പെണ്ണ്.. പതിയെ കതക് തുറന്നു മുറിവിട്ടിറങ്ങി അഭിയുടെ റൂമിനു മുമ്പിലായി ചെന്നു നിന്നു... ഹൃദയമിടിപ്പ് പതിവില്ലാത്ത വിധം ഉയരുന്നത് നന്ദയറിഞ്ഞു.. തെല്ലു നേരമൊന്ന് ശങ്കിച്ച ശേഷം ഡോറിൽ കൈവെച്ചു തള്ളിയതും മലർക്കേ തുറന്നു..മങ്ങിയ സീറോ വാട്ട് ലൈറ്റിൻ പ്രകാശത്തിൽ അഭി കിടക്കണതവൾ കണ്ടു...ദീർഘമായൊരു നിശ്വാസം ഉയർന്നു നന്ദയിൽ നിന്ന്..

കുറച്ചു സമയം അങ്ങനെ നിന്നിട്ട് തിരികെ നടക്കാനൊരുങ്ങിയതും അകത്ത് നിന്നും അഭിയുടെ ഞരക്കവും മൂളലും കേട്ടു... പിച്ചും പേയും പറയുകയാണോന്ന് കരുതി അകത്തേക്ക് കയറി അഭിക്കരികിലെത്തി..പതിയെ നെറ്റിയിൽ കൈവെച്ചു നോക്കി..പൊളളണ ചൂട്..നന്ദയിലൊരു നടുക്കമുണ്ടായി.. വൈകുന്നേരം മഴയായിരുന്നു..അത് നനഞ്ഞാണു ഓഫീസിൽ നിന്നും എത്തിയത്...തല തുവർത്താൻ തോർത്ത് കൊടുത്തിട്ടും സാരമില്ല ചെറിയ ചാറ്റൽ മഴമാത്രമ നനഞ്ഞൂള്ളെന്നും പറഞ്ഞു പോയി...ഇപ്പോൾ ദേ പനിയാൽ ആള് വിറയ്ക്കണൂ.. നന്ദയുടെ മനമിടറി ചുണ്ടുകൾ വിതുമ്പി.. "എത്ര പറഞ്ഞതാ ..തോർത്തുമായി എത്ര പ്രാവശ്യം പിറകെ ചെന്നു...ഞാൻ പറഞ്ഞാൽ എവിടെ കേൾക്കാൻ...

" അതിയായ സങ്കടം വന്നു... തിരിഞ്ഞവൾ നടന്നു..മുറിയിൽ നിന്നൊരു തുണിയുടെ കുറച്ചു ഭാഗം കീറിയെടുത്ത് നനച്ചിട്ട് വന്ന് അഭിയുടെ നെറ്റിയ്മേലിട്ടു..ഓടിപ്പിടഞ്ഞ് ചെന്ന് ചുക്കുകാപ്പി തയ്യാറാക്കി വന്ന് അഭിജിത്തിനെ കുലുക്കി വിളിച്ചു.. "അഭിയേട്ടാ " നന്ദ കരയുകയായിരുന്നു...കുറച്ചു സമയത്തെ വിളിക്ക് ശേഷം പ്രയാസപ്പെട്ടു അഭി മിഴികൾ വലിച്ചു തുറന്നു.. പൊള്ളുന്ന പനിച്ചൂട് അവനറിഞ്ഞു തുടങ്ങി.. "നല്ല പനിയുണ്ട്.. എഴുന്നേൽക്ക്..." നന്ദ കരഞ്ഞു നിലവിളിച്ചു... അഭിക്ക് എഴുന്നേൽക്കണമെന്നുണ്ട് കഴിയണില്ല..അവൾക്ക് നേരെ കൈകൾ നീട്ടിയതും അതിൽ പിടിച്ചു അവനെ എഴുന്നേൽക്കാൻ സഹായിച്ചു.. "കാപ്പി കുടിക്ക് അഭിയേട്ടാ" നോവേടെ പറഞ്ഞു...

നന്ദിയിലേക്ക് മിഴികൾ നാട്ടി മെല്ലെയവനത് ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചു.. പതിയെ മുഴുവനും കുടിച്ചു തീർത്തതും കപ്പ് അവൾ വാങ്ങിവെച്ചു.. "ഹോസ്പിറ്റലിൽ പോവാം അഭിയേട്ടാ" വേണ്ടെന്ന് കൈ ഉയർത്തി കാണിച്ചു... "ഞാൻ ബാം പുരട്ടി തരാം കിടക്ക്" "നന്ദ പോയി കിടന്ന് ഉറങ്ങിക്കോളൂ...മോള് ചിലപ്പോൾ ഉണരും..ഈ പനി സാരമില്ല" അടഞ്ഞ ശബ്ദത്തിൽ പറഞ്ഞത് പൂർത്തിയാക്കാൻ നന്ദ സമ്മതിച്ചില്ല... "അഭിയേട്ടനു അങ്ങനൊക്കെ പറയാം.. ന്റെ കുറുമ്പീടെ അച്ഛനു വയ്യാണ്ടായാൽ നിക്ക് നോവും.." ഉള്ളിലെ നീറ്റൽ മറച്ചു പിടിച്ചു അങ്ങനെയാണ് പറഞ്ഞത്.. "കുറുമ്പി ഉടനെ ഉണരില്ല..സമയമൊക്കെ എനിക്ക് അറിയാം ഏട്ടൻ കിടക്ക്"

അവൾ കൂടുതൽ നിർബന്ധം എടുത്തപ്പോൾ അഭി തടഞ്ഞില്ല..നെറ്റിയിലും കഴുത്തിലും നെഞ്ചിലും പുറത്തും ചെറുതായി ബാം എടുത്ത് തടവി...മൂക്കിനു മുന്നിൽ വിരൽ തുമ്പാൽ ബാം മണപ്പിച്ചു.. കുറച്ചു കഴിഞ്ഞു അഭിക്ക് കുറച്ചു ആശ്വാസം അനുഭവപ്പെട്ടു... "വൈകുന്നേരം തല തോർത്താൻ പറഞ്ഞതല്ലേ..കേൾക്കില്ലാലോ.. അതിനു പറഞ്ഞാൽ കേൾക്കാൻ ഞാനാരാ അല്ലേ" അവളിലെ നോവൊരു വിങ്ങലായി അവനിലേക്ക് പടർന്നു കയറി നോവിച്ചു...അയാളുടെ ഹൃദയമൊന്ന് വിങ്ങിപ്പൊട്ടി... "നന്ദ പൊയ്ക്കോളൂ" "ഇല്ല ഏട്ടൻ ഉറങ്ങീട്ടേ പോണുള്ളൂ" നന്ദ വാശിയോടെ പറഞ്ഞതും അഭി കണ്ണുകളടച്ചു കിടന്നു...കുറച്ചു സമയം കഴിഞ്ഞതും ചെറുതായി കൂർക്കം വലിച്ചു തുടങ്ങി..

നന്ദ പതിയെ അവന്റെ നെറ്റിയിൽ മേൽ കൈവെച്ചു നോക്കി..ചൂട് കുറവുണ്ടെന്ന് തോന്നിയതും മുറിവിട്ടിറങ്ങി.. അഭി കണ്ണുകൾ തുറന്നു... നന്ദ പോയിക്കഴിഞ്ഞു...അയാൾക്ക് അറിയാം ഉറങ്ങിയില്ലെങ്കിൽ അവൾ പോകില്ലാന്ന്..അതിനായിട്ടാ അങ്ങനെ അഭിനയിച്ചത്...എന്തിനോ വേണ്ടി എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... പ്രഭാത സൂര്യൻ ഇമകൾ ചിമ്മി തുറന്നതും പകൽ രാവ് മാറ് നേരം പുലർന്ന് തുടങ്ങി...എട്ട് മണികഴിഞ്ഞു കാണും അഭിയുണരുമ്പോൾ..നെഞ്ചിലൊരു പൂവിതളിന്റെ ഭാരം എന്താണെന്ന് അറിയാനായി മിഴികൾ താഴ്ത്തിയതുമൊന്ന് ഞെട്ടി.. തന്റെ നെഞ്ചിലേക്ക് താല താഴ്ത്തിവെച്ച് നന്ദ ഉറങ്ങുന്നു...

അവനിലൊരു പിടച്ചിലുയർന്നതും ഒന്നനങ്ങി..നന്ദി നടുങ്ങിപ്പിടഞ്ഞു ചാടി എഴുന്നേറ്റു... "സോറി അഭിയേട്ടാ..ഇന്നലെ മുറിയിൽ ചെന്ന് കിടന്നിട്ട് സമാധാനം വന്നില്ല..ഉറങ്ങാൻ കഴിഞ്ഞില്ല...ഇങ്ങു പോണൂ മോളുമായി" അവനിലേക്ക് നോക്കാതെ മിഴികളാഴ്ത്തി പറഞ്ഞു... നന്ദയുടെ മുഖം കണ്ടപ്പോൾ വഴക്ക് പറയാൻ കഴിയണില്ല.. "എന്നിട്ട് പാറൂട്ടി എവിടെ" "ദാ അവിടെ" നന്ദ വിരൽ ചൂണ്ടിയിടത്തേക്ക് അഭിയുടെ കണ്ണുകൾ പാഞ്ഞെത്തി...നിലത്ത് വിരിച്ചിട്ട പായയുടെ പുറത്തെ ബെഡ്ഷീറ്റിൽ മോളുറങ്ങണത് കണ്ടു.. "പനി എങ്ങനെയുണ്ട് അഭിയേട്ടാ" സ്വാതന്ത്ര്യത്തോടെ അഭിയുടെ നെറ്റിയിൽ കൈവെച്ചു അവകാശം പോലെ..ചൂട് കുറഞ്ഞിട്ടുണ്ട്. "ഇന്ന് ഓഫീസിൽ പോണ്ടാ ട്ടൊ..നമുക്ക് ഹോസ്പിറ്റലിൽ പോകാം"

കരുതലിന്റെ സ്വരം..അത് അഭിയിലേക്ക് ആഴ്ന്നിറങ്ങിയതും അറിയാതെയൊന്ന് പുളഞ്ഞുപോയി.. നിളയും ഇങ്ങനെ ആയിരുന്നുവെന്ന് വേദനയോടെ ഓർത്തു...പാവം നിള..അവളെ സ്നേഹിച്ചു കൊതി തീർന്നില്ല..അതിനുമുമ്പേ ദൈവം തന്നിൽ നിന്നടർത്തിമാറ്റി...നോവുണർന്നതും അഭി മിഴികൾ മുറുക്കിയടച്ചു.. "അഭിയേട്ടാ മോളെയൊന്ന് നോക്കോ..ഞാൻ കുളിച്ചിട്ട് വേഗം വരാം" നന്ദ വേഗം ബാത്ത് റൂമിലേക്ക് കയറി.. മനസ്സിൽ ആധിയാണു മുഴുവനും.. അഭിയേട്ടന്റെ പനിച്ചൂട് തന്നിലാണെന്ന് അവളറിഞ്ഞു... ധൃതിയിൽ കുളിച്ചിറങ്ങി അഭിയുടെ മുറിയിലെത്തി... കുറുമ്പി ഉണർന്നില്ലെന്ന് കണ്ടപ്പോൾ പാതി സമാധാനമായി.. "ഞാൻ ചായ എടുക്കട്ടെ അഭിയേട്ടാ"

വേണമെന്നോ വേണ്ടാന്നോ അഭി പറഞ്ഞില്ല..അതിനു മുമ്പേ തിരിഞ്ഞ് നടക്കാൻ ശ്രമിച്ചതും പാറൂട്ടിയുണർന്ന് കരയാൻ തുടങ്ങി.. കുഞ്ഞ് കണ്ണ് തുറന്നപ്പോൾ അമ്മ അരികിലില്ല.. "ഡീ കുറുമ്പിപ്പാറു അമ്മ ഇവിടെ ഉണ്ട്" അമ്മയുടെ സ്വരം കാതിലേക്ക് ഒഴുകിയതും കുറുമ്പി മെല്ലെയൊന്ന് തല തിരിച്ച് നോക്കി..നന്ദയെ കണ്ടതും കുഞ്ഞിക്കണ്ണുകൾ വിടർത്തി ചിരിച്ചു.. "അങ്കാരിപ്പെണ്ണ് അമ്മേടെ ചുന്ദരി അമ്മേക്കൊണ്ട് പണിയെടുപ്പിക്കാല്ലെന്ന് നേർച്ചയെടുത്തുണ്ടോടി കുറുമ്പിപ്പാറൂ" കുഞ്ഞിനെ എടുത്ത് ഉയർത്തി ചോദിച്ചതും പാറൂട്ടിയൊരു അഹങ്കാരച്ചിരി ചിരിച്ചു..അമ്മയെ കൊണ്ട് സമ്മതിക്കൂല്ലാന്ന ഭാവത്തിൽ.... അമ്മയും മോളും തമ്മിലുള്ള സംഭാഷണവും ഭാവങ്ങളിലുമായിരുന്നു കിടന്നിരുന്ന അഭിയുടെ ശ്രദ്ധ മുഴുവനും...

കുറുമ്പിയേയും ഇടുപ്പിൽ വെച്ചു നന്ദ അഭിക്കുള്ള ചായയുമായെത്തി... "ദാ അഭിയേട്ടാ ചായ" അഭിക്ക് നേരെ ചായ നീട്ടിയതും എഴുന്നേറ്റു അത് വാങ്ങി.. "പിന്നേ അഭിയേട്ടാ വെള്ളം ഞാൻ ചൂടാക്കി വെക്കാം...തല കഴുകാതെ മേല് മാത്രം കഴുകിയാൽ മതി...ഞാനേ ചെറു ചൂടുവെളളത്തിൽ തോർത്ത് പിഴിഞ്ഞ് കുറുമ്പീനെയൊന്ന് തുടച്ചെടുക്കട്ടെ" കരുതലിന്റെ സ്വരം തന്നോടും മോളോടുമുളളത്....നന്ദയുടെ... അവനിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി.. കുറുമ്പിപ്പാറൂന്റെ ദേഹം നന്നായി തുടച്ചെടുത്തിട്ട് അഭിക്ക് കുളിക്കാനായി ചൂടുവെളളം തയ്യാറാക്കി..അവനോട് പറഞ്ഞിട്ട് കുറുമ്പിയെ ഒരുക്കാനുളള മൽപ്പിടുത്തമായി.. "ഡീ കുറുമ്പി അച്ഛാക്ക് പനിയാ..കുറുമ്പെടുക്കാതെ ഒരുങ്ങാൻ നോക്ക് അമ്മയെ കഷ്ടപ്പെടുത്താണ്ട്"

അമ്മയെ നോക്കി പാറൂട്ടി അനങ്ങാതെ കിടന്നു കൊടുത്തു... ഫ്രോക്ക് ധരിപ്പിച്ചു മോളെ ഒരുക്കിയെടുത്തിട്ട് നന്ദ സാരി ധരിക്കാൻ തുടങ്ങി.. ഇടയ്ക്കിടെ അവൾ ചരിഞ്ഞ് കിടന്ന് തന്നെ നോക്കുന്ന കുറുമ്പിയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്... നന്ദ മുറിയിൽ ചെല്ലുമ്പോൾ അഭി ഒരുങ്ങിയട്ടില്ല... "എന്താ അഭിയേട്ടാ ഒരുങ്ങാത്തെ വേഗം റെഡിയാകൂ ട്ടൊ..സമയം പോണൂ" "പനി മാറി നന്ദാ...വെറുതെ എന്തിനാ ഹോസ്പിറ്റലിൽ പോണേ" അത് കേട്ടപ്പോൾ നന്ദയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അഭിക്ക് മുമ്പിലത് പ്രകടിപ്പിച്ചില്ല... "ദേ അഭിയേട്ടാ കുറുമ്പെടുക്കാണ്ട് വരാൻ നോക്കിയേ" ഒരുകയ്യാൽ അധികാരത്തോടെ അവനെ പിടിച്ചു വലിച്ചു.. "എന്തേലും പറ്റിയാൽ നോവണത് നിക്കും കുറുമ്പിക്കുമാ..."

അങ്ങനെ പറയാൻ മനസ് കൊതിച്ചെങ്കിലും അടക്കിപ്പിടിച്ചു..ചിലപ്പോൾ ഇഷ്ടായില്ലെങ്കിലോ.. "ഇപ്പോഴത്തെ പനി സൂക്ഷിക്കണമേട്ടാ.. പ്ലീസ് വാ" ഒടുവിൽ നന്ദയുടെ നിർബന്ധത്തിനു വഴങ്ങി അഭി റെഡിയായി വന്നു... "ബൈക്ക് വേണ്ടാ പരിചയമുള്ള ഏതെങ്കിലും ഓട്ടോ വിളിയ്ക്ക്" ബൈക്ക് എടുക്കാൻ ഒരുങ്ങിയ അഭിയെ അവൾ തടഞ്ഞു...രാവിലത്തെ കാറ്റ് ഏറ്റാൽ അഭിക്ക് പനി കൂടോന്നൊരു ഭയം നന്ദയിലുണ്ട്..അവനാകെ ക്ഷീണിതനാണെന്ന് അറിയാം.. ഫോണിൽ പരിചയമുള്ള ഓട്ടോക്കാരനെ വിളിച്ചു.. പത്ത് മിനിറ്റിൽ ഓട്ടോയെത്തി...അഭിയുമായി പോയത് കുറുമ്പിയുമായി പോയ ഹോസ്പിറ്റൽ ആയിരുന്നു... "ആഹാ ആരിത് കുറുമ്പിയും അമ്മയുമോ.."

കുഞ്ഞുമായി കയറി വന്ന നന്ദയെ നോക്കി ഡോക്ടർ ചിരിച്ചു....തിരികെയൊരു പുഞ്ചിരി അവളും മടക്കി നൽകി... "മോൾക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ" കുറുമ്പിയുടെ കവിളിൽ തലോടിക്കൊണ്ട് ഡോക്ടർ ചോദിച്ചു.. "മോൾക്ക് കുഴപ്പമില്ല..കുസൃതിപ്പെണ്ണാ അമ്മയുടെ" കുഞ്ഞിന്റെ കവിളിൽ മുത്തിക്കൊണ്ട് പറഞ്ഞു... "ഇതാരാ ഹസ്ബെന്റ് ആണോ." നന്ദയും അഭിയും ഒരുപോലെ ആടിയുലഞ്ഞ് പോയി...മിണ്ടാൻ കഴിഞ്ഞില്ല അയാൾക്ക്... "അതേ ഡോക്ടർ.. പേര് അഭിജിത്ത്" അഭിമാനത്തോടെ നന്ദ പറഞ്ഞതും അഭിയുടെ മുഖം ചുമന്നു..തന്നെ നോക്കിയ അവന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു... ചെക്കപ്പ് കഴിഞ്ഞു അവർ ഇറങ്ങി....

അഭിക്ക് ഡോക്ടറെ ഒരിക്കൽ കൂടി കാണണമെന്ന് അതിയായ ആഗ്രഹം തോന്നി.. "നന്ദാ നീ മരുന്ന് വാങ്ങിക്ക്..ഞാൻ ഇപ്പോൾ വരാം" അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുമ്പേ ആൾ നടന്നകന്നു.... "ഡീ കുറുമ്പിയേ അച്ഛാ എവിടെ പോയതാടി" കുറുമ്പി ഇളകി ചിരിച്ചു.. "മതീ ട്ടൊ ഇളകിയത്..മുത്ത് പൊഴിയും" കുറുമ്പി ഒന്നൂടെ ഇളകി... "ഡീ പെണ്ണേ മതീ ട്ടൊ" പാറൂട്ടി പിന്നെ അനങ്ങാതെ കയ്യിലിരുന്നു... അകത്തേക്ക് കയറി വന്ന അഭിയെ കണ്ട് ആദ്യമൊന്ന് നെറ്റി ചുളിച്ചെങ്കിലും ഡോക്ടർ പുഞ്ചിരിച്ചു... "ഇരിക്കൂ" അഭി ഇരുന്നതും മനസ്സിൽ കിടന്നത് ചോദിച്ചു.. "ഡോക്ടർ കുറുമ്പിയെ നന്ദ ഇവിടെയാണോ കൊണ്ട് വന്നത്" മനസ്സിനെ അലട്ടിയിരുന്ന ചോദ്യം ഡോക്ടർക്ക് മുമ്പിൽ ചോദിച്ചു...

"സ്വന്തം ഭാര്യയെ തനിക്ക് വിശ്വാസമില്ല അല്ലേ" ഡോക്ടർ പുച്ഛിച്ചത് അഭിക്ക് നന്നായി നൊന്തു.. "അല്ല ഡോക്ടർ ..എന്റെ വൈഫ് മരിച്ചു പോയി" "ഓ..സോറി റിയലി സോറി" ഞെട്ടലോടെ ഡോക്ടർ ക്ഷമ ചോദിച്ചതും അഭി നന്ദയെ കുറിച്ച് ചുരുക്കി പറഞ്ഞു...അഭിയിൽ നിന്ന് അറിഞ്ഞത് കേട്ടപ്പോൾ താൻ നേരിട്ടറിഞ്ഞത് ചിലത് അവനെ ധരിപ്പിച്ചു... മോളുമായി അലറിക്കരഞ്ഞു ഓടി വന്ന നന്ദയെ...അവളുടെ ആവലാതി...പരിഭവം..ഭയം..ഭാവങ്ങൾ.. കുഞ്ഞിനോടുളള കരുതൽ...എല്ലാം ഓരോന്നായി പറഞ്ഞതും പിടഞ്ഞു തീർന്നു അഭിജിത്ത്.. അവളെ സംശയിച്ചത് ഓർത്ത്... "ഒന്ന് ഞാൻ പറയാം അഭിജിത്ത്... സ്വന്തം അമ്മയുടെ കരുതൽ കുറുമ്പിയോട് അവൾ കാണിക്കണമെങ്കിൽ അത്രയും നല്ലൊരു മനസ്സിനു ഉടമയാണാ കുട്ടി..നന്ദ..

അവളെ വിവാഹം കഴിക്കണവർ പുണ്യം ചെയ്തവർ ആയിരിക്കുമെടോ അത്ര നല്ലൊരു പെണ്ണാ അവൾ...." ഉടലോടെ നീറിപ്പിടഞ്ഞവൻ...ഉമിത്തീയിലെന്ന പോലെ...ശരീരവും മനസ്സും ഒന്നുപോലെ... നന്ദയെ മനസ്സിലാക്കാൻ അറിയാൻ മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നു...കുറ്റബോധം അവനെ അലട്ടാൻ തുടങ്ങി... ഡോക്ടറുടെ ക്യാബിനിൽ നിന്ന് ഇറങ്ങുമ്പോൾ ആകെ തകർന്നു പോയിരുന്നു....അകലെ നിന്നേ അവൻ കണ്ടിരുന്നു താൻ പോയ ഭാഗത്തേക്ക് ആന്തലോടെ തന്നെ നോക്കിയിരുന്നവളെ... അഭിയെ കണ്ടതും അലച്ചവൾ ഓടി വന്നു..നന്ദ...കുറുമ്പിയെ വാരിയെടുത്ത് കൊണ്ട്....

അവൾ കണ്ടു നിറമിഴികളാൽ തകർന്നു നിൽക്കുന്ന മനുഷ്യനെ... "എന്ത് പറ്റി അഭിയേട്ടാ" കരുതലിന്റെ.. ആധിയുടെ..വേദനയുടെ സ്വരം കാതിൽ തുളച്ചിറങ്ങി...നോവായത് ഇരുമിഴികളിലും ചാലിട്ടൊഴുകി... "മാപ്പ് നന്ദാ... അകറ്റിയതിനും ദ്രോഹിച്ചതിനും.. നിന്നെ കൂടുതൽ അറിയാൻ എനിക്ക് മൂന്നാമതൊരാളുടെ സഹായം വേണ്ടി വന്നു.." ഇടറിയ സ്വരത്തോടെ അത് പറഞ്ഞതും അഭിയുടെ വായ് പൊത്തിപ്പിടിച്ചു.. "അങ്ങനെയൊനും പറയരുത് അഭിയേട്ടാ..നിക്ക് ഇഷ്ടാ എന്റെ മോളുടെ അച്ഛയെ...അതെത്രത്തോളമാണെന്ന് പറഞ്ഞു ഫലിപ്പിക്കാൻ അറിയില്ല" മിഴിനീരോടെ പറഞ്ഞവളെ കൈ ചുറ്റി ചേർത്തു പിടിച്ചു തന്നോട്..

.ഒരിക്കലും വിട്ടുകളയാതിരിക്കാനായിട്ട്... നിറഞ്ഞ മനസ്സോടെയവൾ അഭിയിലേക്ക് ഒട്ടിനിന്നു..കുറുമ്പിയെ മുത്തിക്കൊണ്ട്.. യാചിച്ചു നേടിയ പ്രണയത്തേക്കാൾ തന്റെ ചേച്ചിക്ക് നൽകിയ വാക്ക് പാലിക്കാനായി തന്റെ പ്രണയത്തെ സഫലമാക്കാൻ നന്ദ തീരുമാനിച്ചു.. "തന്റെ ചേച്ചിക്കു വേണ്ടി ... കുറുമ്പി മോൾക്കും വേണ്ടി... ആരെല്ലാം എന്തെല്ലാം പറഞ്ഞോട്ടെ...ആക്ഷേപിച്ചോട്ടെ... വാക്കാണ് വലുത്...അത് പാലിക്കപ്പെടാനുളളതാണ്.................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story