ലക്ഷ്മീനന്ദനം: ഭാഗം 11

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

പോടീ... ഈ ഫുൾ ടൈം ദാവണി ഉടുത്തുനടക്കണ നീ സാരി ഉടുത്തിട്ടില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഭാനു ലെച്ചുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.. സത്യമാ ചേച്ചി.. ഞാൻ ഇതുവരെ സാരി ഉടുത്തിട്ടില്ല. അതെന്താ? ഞാൻ സാരി ഉടുക്കുന്നെ മുത്തച്ഛന് ഇഷ്ടമല്ല.. അതെന്താടാ ഇഷ്ടമല്ലാത്തെ? സാരി ഉടുത്താല് എന്നെക്കാണാൻ വല്യ പെണ്കുട്ടിയെപ്പോലെ തോന്നുമത്രെ. ഞാൻ എപ്പോഴും കുഞ്ഞായിരുന്നാല് മതീന്നാ മുത്തശ്ശൻ പറയണേ... പാവം പേടിച്ചിട്ടാ അയാളെ.... ലെച്ചു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടെന്നോണം പിന്നീട് ആരും ഒന്നും സംസാരിച്ചില്ല. രാത്രി കിടക്കുമ്പോഴും അവളുടെ മനസ്സ് നിറയെ പഴയ കുട്ടിക്കാല ഓര്മകളിലായിരുന്നു. വയസ്സറിയിച്ച കാലം മുതൽ ഓരോ പിറന്നാളിനും തന്നെത്തേടിയെത്തുന്ന ആ കഴുകൻ കണ്ണുകളായിരുന്നു. തന്റെ വളർച്ചയളന്നു നാളെയെക്കുറിച്ചു ഓർമ്മപ്പെടുത്താനുള്ള വരവുകൾ... അവസാനം വന്നപ്പോൾ പറഞ്ഞ വാക്കുകൾ കാതിൽ തീമഴയായി പതിച്ചു. നീ എനിക്കുള്ളതാ... ഈ വിശ്വന്റെ സ്വന്തം...

പതിനെട്ടു വയസ്സ് പൂർത്തിയാകുമ്പോൾ ഞാൻ വരും. അന്ന് കൊണ്ടുപോയിരിക്കും ഈ വിശ്വന്റെ പെണ്ണായി.. വേറെന്തെലും കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ വെച്ചേക്കില്ല ഒന്നിനെയും... ആദ്യം ഈ കിഴവനും കിഴവിയും.. പിന്നാലെ നീയും.... ഓർത്തോ എല്ലാം.. തലയ്ക്കകത്താകെ വിശ്വന്റെ ശബ്ദം മുഴങ്ങിയപ്പോൾ ഭ്രാന്തുപിടിക്കുംപോലെ തോന്നി.. ഇനി കുറച്ചു മാസങ്ങൾ കൂടി പിന്നെ എന്തൊക്കെയായിരിക്കും സംഭവിക്കുകയായെന്നു ഒരു ഊഹവുമില്ല. ദുഷ്ടനാ അവൻ എന്തും ചെയ്യും. എല്ലാം ശരിയാകുമെന്ന് പറഞ്ഞാണ് മുത്തശ്ശൻ ഇവിടേയ്ക് അയച്ചത്. അറിയില്ല എന്താകുമെന്ന്. ഓരോന്നോർത്തുകിടന്നു എപ്പോഴോ ഉറങ്ങി. അപ്പുറത്തു നന്ദന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. വൈകുന്നേരം കാറിൽവെച്ചു അവൾ പറഞ്ഞതായിരുന്നു മനസിൽ നിറയെ. പാവം ഒരുപാട് വിഷമങ്ങൾ സഹിച്ചതാണ്. ഇപ്പോഴും നാളയെയോർത്തു സങ്കടപ്പെടുന്നു. ഒന്നു നെഞ്ചോടു ചേർത്തു ആശ്വസിപ്പിക്കണമെന്നുണ്ട്. ഇനിയും ഇങ്ങനെ അകറ്റിനിർത്താൻ വയ്യ. ഈ ദുഖങ്ങളിൽ നിന്നൊക്കെ ചേർത്തുപിടിക്കണം... *-***--****---*****

ഭാനുവാണ് ലെച്ചുവിനെ സാരി ഉടുപ്പിച്ചത്. നന്ദന്റെ സെലെക്ഷനിൽ ലെച്ചു അടിപൊളിയായി കണ്ടു. കാതിൽ ഒരു സിംപിൾ സ്റ്റെഡ് കമ്മലും മൂക്കിലെ ചുവന്ന മൂക്കുത്തിയും ഒരു കുഞ്ഞു കറുത്ത വട്ടപ്പൊട്ടുംകഴുത്തിൽ കണ്ണന്റെ രൂപത്തോടുകൂടിയ ഒരു കുഞ്ഞു ചെയിൻ... കൈയിൽ കുപ്പിവളകൾക്കിടയിൽ ഒരു സിംപിൾ കൈചെയിൻ.. അധികം ഒരുക്കമൊന്നുമില്ലാതെ തന്നെ അവൾ സുന്ദരിയായിരുന്നു. സാരിയൊക്കെയുടുത്തു താഴേയ്ക്കു വന്നപ്പോൾ നന്ദൻ ബ്രേക്ഫാസ്റ് കഴിക്കുകയായിരുന്നു. സ്റ്റെപ്പിറങ്ങി ഭാനുവിനോടൊത്തു വരുന്ന ലെച്ചുവിനെ കണ്ണിമയ്ക്കാതെ അവൻ നോക്കിയിരുന്നു. ലെച്ചു അടുത്തെത്തിയിട്ടും അവൻ അറിഞ്ഞിരുന്നില്ല. നന്ദന്റെ ഇരുപ്പുകണ്ടു ചിരി അമർത്തിപ്പിടിച്ചു ഭാനു തലയ്ക്കിട്ടൊരു കൊട്ടുകൊടുത്തു. ഏട്ടാ.... എന്തുപറ്റി കഴിക്കുന്നില്ലേ? അപ്പോഴാണ് ലെച്ചുവും നന്ദനെ ശ്രദ്ധിച്ചത്... അമളിപറ്റിയത് മറച്ചുകൊണ്ട് പെട്ടെന്ന് അവൻ കഴിക്കാൻ തുടങ്ങി. ഏഹ്ഹ് !

എന്ത് പറ്റാൻ പോയിരുന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക് നീ.... നന്ദൻ ഭാനുവിനോടായി പറഞ്ഞു. ഓഹ് എന്നെ പറഞ്ഞുവിടാൻ വാധ്യാര് തിടുക്കം കാട്ടണ്ട. എനിക്ക് ഈ ആഴ്ച നൈറ്റ് ആണ്. വൈകിട്ടെ പോകുള്ളൂ... ഒരു ആക്കിയ ചിരിയോടെ അതും പറഞ്ഞു പ്ലേറ്റിലേയ്ക് ദോശയും കറിയും പകർന്നവൾ കഴിക്കാൻ തുടങ്ങി. ലെച്ചു അടുക്കളയിൽ ലീലാമ്മയുടെ അടുത്ത് ഓരോന്ന് സംസാരിച്ചിരുന്നു കഴിച്ചു. അപ്പോഴാണ് തൊടിയിൽ ആയിരുന്ന ചന്ദ്രൻ അടുക്കളവാതിലിൽ കൂടി അകത്തെയ്ക്കു വന്നത്. ആഹ്ഹ് ഇതാരാ മാമേടെ ലെച്ചുമോള് ആള് സുന്ദരിയായിട്ടുണ്ടല്ലോ? എന്താ ഇന്ന് സാരിയൊക്കെ?? ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണ് മാമേ.. എല്ലാരും സാരിയുടുക്കാനാ പറഞ്ഞേക്കണേ.... ആഹാ ! എന്നിട്ട് പിള്ളേർക്ക് മാത്രേ ഇതൊക്കെയുള്ളോ? നമ്മടെ വാധ്യാർക്കു ഇതൊന്നും ബാധകമല്ലേ? ഡൈനിങ്ങ് ടേബിളിരുന്നു കഴിക്കുന്ന നന്ദനെ ഒന്നെത്തിനോക്കി ചന്ദ്രൻ ചോദിച്ചു. എന്റെ അച്ഛാ ഇതൊക്കെ പിള്ളേരെ ഏരിയ അല്ലേ.. ഏട്ടന് പ്രത്യേക റോൾ ഒന്നും അവിടെയില്ല.

ഭാനു വിളിച്ചുപറഞ്ഞു. ഓഹോ.. നമുക്കിതൊന്നും അറിയത്തില്ലേ.. ചന്ദ്രൻ ചായ എടുത്തു കുടിച്ചുകൊണ്ട് പറഞ്ഞു. ആഹ്ഹ് മോളേ ഇന്നലെ ഞാൻ വരുന്ന വഴിക്ക് അവിടെ തറവാട്ടിൽ ഒന്നു കയറിയിട്ടാ വന്നേ... അപ്പൊ മുത്തശ്ശൻ കുറച്ചു കാര്യങ്ങൾ മോളോട് അറിയിക്കാൻ പറഞ്ഞിരുന്നു. ഇപ്പോൾ പോകാൻ സമയം ആയില്ലേ.. വന്നിട്ടാകട്ടെ വിശദമായിട്ട് വൈകിട്ട് പറയാം.. ലെച്ചുവിന്റെ കവിളിൽ ഒന്നു മെല്ലെത്തട്ടി ചന്ദ്രൻ പറഞ്ഞു. മാമേ മുത്തശ്ശനും അമ്മമ്മയ്ക്കും സുഖല്ലേ? ആഹ്ഹ് മോളേ പേടിക്കാനൊന്നുമില്ല. അവരൊക്കെ നന്നായിരിക്കുന്നു. അവൾ പോകാനായി ഇറങ്ങിയപ്പോഴേയ്കും നന്ദൻ കാറിൽ കയറിയിരുന്നു. കോളേജിലേക്കുള്ള യാത്രയിലും ഇരുവരും മൗനമായിരുന്നു. പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടിരിക്കുന്ന ലെച്ചുവിനെ നോക്കുമ്പോൾ മനസിൽ ഒരായിരം വർണങ്ങൾ വാരിവിതറുകയായിരുന്നു പ്രണയം. നിശബ്ദതയെ ഭേദിച്ചു മധുരമായ സംഗീതം റെക്കോർഡറിലൂടെ ഒഴുകി. ഹൃദയത്തിൻ മധുപാത്രം..... .

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ പറയൂ നിൻ കൈകളിൽ കുപ്പിവളകളോ ... മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ ... അരുമയാംനെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോഒരു കൃഷ്ണതുളസിതൻ നൈർമല്യമോ നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ ... ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ ഒരുകോടിജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ കണ്ണടച്ച് സീറ്റിൽ ചാരി പാട്ടിൽ മുഴുകിയിരിക്കയായിരുന്നു ലെച്ചു. പാട്ട് കഴിഞ്ഞിട്ടും അവൾ അതിന്റെ ഓളത്തിൽ കണ്ണടച്ചിരുന്നു. സ്ഥലമെത്തിയതും അറിഞ്ഞില്ല.

ബസ്റ്റോപ്പിന് മുന്നിലായി കാർ നിർത്തി നന്ദൻ അവളെത്തന്നെ നോക്കിയിരുന്നു. ഇടതൂർന്ന കറുത്ത കൺപീലികൾ ഒളിപ്പിച്ച കരിമഷിക്കണ്ണുകൾ... മൂക്കിൽ തുമ്പിൽ ചുവന്ന മൂക്കുത്തി.. അതിന്റെ അഴക് കൂട്ടാനെന്നപോലെ മൂക്കിൻ തുമ്പിന് താഴെ മേൽചുണ്ടിനു മുകളിലായി കറുത്ത മറുക്... മുഖത്തേയ്ക്കു കാറ്റേറ്റ് പാറിവീഴുന്ന മുടിയിഴകൾ മെല്ലെ ചെവിയ്ക്കു പിന്നിലേയ്ക്ക് ഒതുക്കികൊടുത്തു. ആ മൂക്കുത്തിയിൽ ഒന്നു ചുണ്ടുചേർക്കാൻ വെമ്പിയെങ്കിലും പെട്ടെന്നവൻ തലകുടഞ്ഞുകൊണ്ട് മാറി. അവളുടെ അനുവാദമില്ലാതെ വിരൽത്തുമ്പിൽ പോലും പ്രണയത്തോടെ നോക്കാൻ പാടില്ലായെന്നു മനസിൽ ഒരായിരംവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. കാരണം മനസ്സറിഞ്ഞു ആ സ്നേഹം വേണമെനിക്ക്.... ഇപ്പോൾ അവളുടെ മനസിൽ ഞാൻ ഒരു അദ്ധ്യാപകൻ മാത്രമാണ് അപ്പോൾ ഒരുതരത്തിലും ആ സ്ഥാനത്തെ കളങ്കപ്പെടുത്താൻ പാടില്ല. ലക്ഷ്മി കണ്ണുതുറന്നുനോക്കുമ്പോൾ എന്നും ഇറങ്ങാറുള്ളിടത്തു കാർ നിർത്തിയേക്കുവാണ്. നന്ദൻ സ്റ്റിയറിങ്ങിൽ തലതാഴ്ത്തിയിരിക്കുന്നു.

അയ്യോ.. ഞാൻ എന്ത് വേലയാ കാണിച്ചത്. പാട്ടിൽ ലയിച്ചിരുന്നുപോയി. സ്ഥലമെത്തിയതും അറിഞ്ഞില്ലല്ലോ? എങ്ങനാ ഇപ്പൊ ഒന്നു വിളിക്കുക? കലിപ്പാണോ എന്തോ? തട്ടിവിളിക്കാനായി ചുമലിലേയ്ക്കു കൈകൊണ്ടുപോയി.. പക്ഷേ ധൈര്യം അത്രപോര. അതുകൊണ്ട് കൈപിൻവലിച്ചു.. പക്ഷേ സമയം പോകുന്നു ഇനിയും വിളിക്കാതിരുന്നാൽ അതുംകൂടി ചേർത്തു കിട്ടും. അതുകൊണ്ട് എന്തും വരട്ടെയെന്നു ഉറപ്പിച്ചു ശ്വാസം വലിച്ചെടുത്തു മെല്ലെത്തട്ടി വിളിച്ചു... നന്ദേട്ടാ.... ഓഹ്.. ഇനി ഇങ്ങനെ വിളിക്കുന്നത് ഇഷ്ടമായില്ലെങ്കിലോ? ഒന്നുനിർത്തി വീണ്ടും വിളിച്ചു.. സർ... നന്ദൻ സർ.... ആദ്യം വിളിച്ചപ്പോൾ തന്നെ അറിഞ്ഞെങ്കിലും ആദ്യമായാണവൾ നന്ദേട്ടയെന്നു വിളിക്കുന്നത്‌. അത് ഒന്നുകൂടി കേൾക്കാനായി മിണ്ടാതെ ഇരുന്നു. പക്ഷേ പെണ്ണ് വിളിച്ചത് കേട്ടില്ലേ..... സർ എന്ന്..... ഒന്നു പേടിപ്പിക്കാമെന്നു കരുതിയെങ്കിലും ഇന്ന് സുന്ദരിയായി സാരിയൊക്കെ ഉടുത്തുവന്നതല്ലേ.. മുഖത്തെ സന്തോഷം കളയണ്ടാ... മ്മ്.. ഇറങ്ങിക്കോ... നന്ദൻ പറഞ്ഞു... അവൾ തലകുലുക്കിക്കൊണ്ടു ഡോർ തുറന്നു. ആഹ്ഹ് ലെച്ചു... പെട്ടെന്ന് നന്ദൻ വിളിച്ചു. ആദ്യമായാണ് അവളെ ലെച്ചുവെന്നു വിളിക്കുന്നത്‌. ആ ഒരു അമ്പരപ്പോടെ അവൾ നന്ദനെ നോക്കി.

എന്താണ് എന്ന അർത്ഥത്തിൽ അവനെ നോക്കി. പിന്നേ കോളേജിൽ മാത്രം ഈ സർ വിളി മതി. അല്ലാത്തപ്പോ ആദ്യം വിളിച്ചില്ലേ അത് മതി.... പറഞ്ഞുകൊണ്ട് മുഖം പിൻവലിച്ചു. ലെച്ചുവിന് സത്യത്തിൽ ഇതൊട്ടും വിശ്വാസം വന്നില്ലായിരുന്നു. അവൾ ആശ്ചര്യത്തോടെ ശരിയെന്നു തലയാട്ടി ഇറങ്ങി. കോളേജ് ഗേറ്റ് കടന്നു അവളുള്ളിൽ പോകുംവരെ അവൻ അവിടെത്തന്നെ നിന്നു. പിന്നേ പതിയെ കാർ എടുത്തു. ലെച്ചു ക്ലാസ്സിലേക്കെത്തിയപ്പോൾ നീതു അവളെയുംകാത്തു വരാന്തയിൽ നിൽപ്പുണ്ടായിരുന്നു. ക്ലാസ്സിൽ പെൺകുട്ടികൾ എല്ലാവരും സാരിയായിരുന്നു. നീതുവും സ്റ്റോൺ വർക്കോടുകൂടിയ ഒരു സാരിയായിരുന്നു ഉടുത്തിരുന്നത്. പെണ്പിള്ളേരുടെ കൂടെ പിടിച്ചുനിൽക്കണ്ടേ അതുകൊണ്ട് ബോയ്സ് എല്ലാം കുർത്തയും പാന്റ്സും ആണ് ധരിച്ചത്. എടി നിന്നെക്കാണാൻ സൂപ്പർ ആയിട്ടുണ്ട്. സിംപിൾ സാരിയാണ് എന്നാലും ഇവിടെ ഉള്ള മുഴുവൻ പിള്ളേരും ഈ കാണുന്ന മേക്കപ്പ് ഒക്കെ വലിച്ചുവാരി ഇട്ടിട്ടും നിന്റെ അടുത്തുകൂടി വരില്ലല്ലോടി.

ആരാടി ഈ സാരി സെലക്ട്‌ ചെയ്തേ? പോടീ വെറുതേ കളിയാക്കാതെ.. ഇത് ഇന്നലെ ഭാനു ചേച്ചിയുടെ കൂടെ ഷോപ്പിംഗിനു പോയപ്പോൾ ഏട്ടൻ മേടിച്ചുതന്നതാ... അവൾ നന്ദന്റെ കാര്യമൊഴിച്ചു ബാക്കിയൊക്കെ പറഞ്ഞു. നീതു നീയും സൂപ്പർ ആയിട്ടുണ്ടെടി.. അവളുടെ കവിളിൽ നുള്ളിക്കൊണ്ടു ലെച്ചു പറഞ്ഞു. അപ്പോഴാണ് രാഹുൽ അവരുടെ അടുത്തേയ്ക്കു വന്നത്. ഹായ് ! ലക്ഷ്മി.... ഹലോ നീതു..... ഹായ്.... രണ്ടുപേരും തിരികെ വിഷ് ചെയ്തു. ലക്ഷ്മി കൊള്ളാം കേട്ടോ.. തനിക്കു സാരി നന്നായി ചേരുന്നുണ്ട്.. കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചവൻ പറഞ്ഞു. രാഹുൽ ലെച്ചുവിനടുത്തേയ്ക് വരുന്നതും സംസാരിക്കുന്നതുമൊക്കെ നന്ദൻ സ്റ്റാഫ്‌റൂമിൽ നിന്ന് കാണുന്നുണ്ടായിരുന്നു. അവന്റെ നീക്കങ്ങൾ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴാണ് വർഷ അങ്ങോട്ടേയ്ക്ക് വന്നത്. ഗുഡ് മോർണിംഗ് എവെരിബോഡി.... ഇന്ന് നമ്മുടെ ഫ്രഷേഴ്‌സിനെ വെൽക്കം ചെയ്യുവാണല്ലോ. നമ്മുടെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഫ്രഷേഴ്‌സ് തീർച്ചയായും നിങ്ങളാണ്.

നിങ്ങൾക്കുള്ള പ്രോഗ്രാംസ് നമ്മുടെ ഡിപ്പാർട്മെന്റ് സെമിനാർ ഹാളിൽ വെച്ചാണ്. അതുകൊണ്ട് എല്ലാപേർക്കും അവിടേയ്ക്കു പോകാം. അതുംപറഞ്ഞു വർഷ പോയി. സ്റ്റാഫ്‌റൂമിൽ ചേർന്നിട്ടാണ് സെമിനാർഹാൾ... ക്ലാസ്സിൽനിന്നു വർഷ നേരെ പോയത് സ്റ്റാഫ്‌റൂമിൽ ടീച്ചേഴ്സിനെ വിളിക്കാനാണ്. ഹെവി എംബ്രോയിഡറി വർക്ക്‌ ഉള്ള ഒരു പീക്കോക് ബ്ലൂ സാരിയായിരുന്നു അവളുടെ വേഷം. സ്റ്റാഫ്‌റൂമിൽ കയറിയ വർഷയുടെ കണ്ണുകൾ ആദ്യം പോയത് നന്ദനടുത്തേയ്ക്കാണ്. സ്റ്റാഫ്‌റൂമിലേയ്ക് വരുന്ന വർഷയെ ദൂരെനിന്നേ കണ്ടതുകൊണ്ട് നന്ദൻ ഷെൽഫിനടുത്തേയ്ക് തിരിഞ്ഞു ബുക്ക്‌ നോക്കിനിന്നു. സ്റ്റാഫ്‌റൂമിൽ എല്ലാവരെയും വിളിച്ചശേഷം തന്നെ നോക്കാതെനിൽക്കുന്ന നന്ദനടുത്തേയ്ക് അവൾ വന്നു. സർ.... നന്ദൻ തിരിഞ്ഞുനോക്കി. സർ ഇന്ന് ഫ്രഷേഴ്‌സിന്റെ വെൽകം ആണ് സെമിനാർ ഹാളിൽ വരണം.... ആഹ്ഹ് ഞാൻ കേട്ടു. എനിക്ക് കുറച്ച് അർജെന്റ് വർക്ക്‌ ഉണ്ട്. നിങ്ങൾ തുടങ്ങിക്കോളൂ ഞാൻ വന്നേക്കാം. അവൻ ബുക്കിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.

നന്ദനെ കാണിക്കാനും ഇമ്പ്രെസ്സ് ചെയ്യിക്കാനുമൊക്കെയാണ് ഈ കോപ്രായമൊക്കെ വാരിചുറ്റി വന്നത്. എന്നിട്ടും ഒന്നു നിവർന്നുകൂടി നോക്കിയില്ല. അവൾ മുഖം വീർപ്പിച്ചു പിറുപിറുത്തുകൊണ്ട് പോയി. സെമിനാർ ഹാളിൽ സീനിയർസ് എല്ലാപേരും എത്തിയിട്ടുണ്ടായിരുന്നു. അവരൊക്കെ ടാസ്കുകൾ സെറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് എത്തുന്നതേയുണ്ടായിരുന്നുള്ളു. അർജുൻ ഡിസ്കിന്റെ മുകളിൽ കയറിയിരുന്നു കാലു ഓപ്പോസിറ്റ് ബെഞ്ചിൽ കയറ്റി വെച്ചിരിക്കയാണ്. അത്യാവശ്യം ബോയ്‌സൊക്കെ ക്ലാസ്സിലേയ്ക് വന്നുകൊണ്ടിരിക്കുന്ന പെണ്പിള്ളേരെയൊക്കെ വായിനോക്കി ഇരിപ്പാണ്. നീതുവിനൊപ്പം സെമിനാർ ഹാളിലേയ്ക് വന്ന ലെച്ചു കണ്ടത് ഡെസ്കിനു മുകളിൽ ഇരിക്കുന്ന അർജുനെയാണ്.. അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ പിന്നേ അർജുനെ കണ്ടിട്ടില്ല. ഇന്ന് പെട്ടെന്ന് കണ്ടപ്പോൾ ആ പഴയ സംഭവങ്ങൾ ഓർമ വന്നു. ലെച്ചുവിനെ കണ്ടതും അവന്റെ മുഖത്തൊരു ഗൂഢസ്മിതം വിരിഞ്ഞു.

ക്ലാസ്സിൽ അപ്പോഴേയ്ക്കും അത്യാവശ്യം പിള്ളേരൊക്കെ നിറഞ്ഞതിനാൽ ഫ്രണ്ട് ബെഞ്ചുകൾ മാത്രമേ ഒഴിവുള്ളയിരുന്നു. അതിലേയ്ക്കിരിക്കണമെങ്കിൽ അവന്റെ മുന്നിൽ കൂടി പോകണം. ലെച്ചു അടുത്തെത്തിയപ്പോൾ അർജുൻ ഒന്നുകൂടി കാലു നീട്ടിവെച്ചു.. അവൾക്കാകട്ടെ എന്തുചെയ്യണമെന്ന് അറിയാനും വയ്യ... ആഹ്ഹ് ! ആള് സുന്ദരിയായിട്ടുണ്ടല്ലോ ...? ചേട്ടന് പെരുത്തിഷ്ടായി... അവളെ നോക്കി വഷളൻ ചിരിയോടെ താടിയുഴിഞ്ഞു അർജുൻ പറഞ്ഞു. അതുകേട്ടു അവന്റെ കൂടെ ഉണ്ടായിരുന്നവർ ചിരിച്ചു. എന്താ മോൾക്ക് പോണോ? വേണ്ടന്നെ.. ദാ ഇവിടിരിക്ക്... ഫസ്റ്റ് ബെഞ്ചിൽ അവന്റെ കാലിരിക്കുന്ന സ്ഥലം കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു... ഡീ..... നിന്നോടല്ലേ പറഞ്ഞത് ഇവിടിരിക്കാൻ.. ഇത്തവണ ശബ്ദം കുറച്ചു ഉറച്ചായിരുന്നു.. .... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story