ലക്ഷ്മീനന്ദനം: ഭാഗം 12

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

എന്താ മോൾക്ക് പോണോ? വേണ്ടന്നെ.. ദാ ഇവിടിരിക്ക്... ഫസ്റ്റ് ബെഞ്ചിൽ അവന്റെ കാലിരിക്കുന്ന സ്ഥലം കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു... ഡീ..... നിന്നോടല്ലേ പറഞ്ഞത് ഇവിടിരിക്കാൻ.. ഇത്തവണ ശബ്ദം കുറച്ചു ഉറച്ചായിരുന്നു.. ക്ലാസ്സിൽ എല്ലാവരുടെയും ദൃഷ്ടി തന്നിലാണെന്നറിഞ്ഞപ്പോൾ പേടി അതിന്റെ ആധിക്യത്തിലെത്തി. നീതുവും ഒന്നും മിണ്ടാൻ പറ്റാതെ പിടിച്ചുനിൽക്കുന്നു. ഇരിക്കടി ഇവിടെ.... ഡെസ്കിൽ ആഞ്ഞടിച്ചു അവൻ പറഞ്ഞു. പേടിച്ച് ഞെട്ടി ലെച്ചു അറിയാതെ അവിടേയ്ക്കിരുന്നു. പെട്ടെന്ന് അർജുൻ ഡെസ്കിൽ നിന്നും ചാടിയിറങ്ങി. അവൾക്കഭിമുഖമായി നിന്നു. മുഖം അവളുടെ മുഖത്തിനടുത്തേയ്ക് അടുപ്പിച്ചു. പേടിച്ചുപോയോ? എന്നാലേ പേടിക്കണം.... ഈ കോളേജിൽ അർജുൻ പറയുന്നത് ഇതുവരെ ആരും അനുസരിക്കാതിരുന്നിട്ടില്ല. അപ്പൊ ഒരു ഫ്രഷർ അതും എന്റെ സ്വന്തം ഡിപ്പാർട്മെന്റ് സ്റ്റുഡന്റ് എന്നെ അനുസരിക്കാതിരുന്നാൽ..... ഈ അർജുൻ ലോകത്തോൽവി ആന്നു എല്ലാരും കരുതില്ലേ...?

അപ്പോൾ അന്ന് മുടങ്ങിയ ആ ചടങ്ങ് ഇപ്പൊ ഇവിടെയങ്ങു നടത്താം... അങ്ങനെ ഈ വെൽക്കം പ്രോഗ്രാം നമുക്കങ്ങു ഒഫീഷ്യലായി ഉദഘാടിച്ചാലോ വർഷേ? വർഷയെ നോക്കി ഒരു കണ്ണിറുക്കി അവനതുചോദിക്കുമ്പോൾ ലെച്ചുവിന് തനിക്കുചുറ്റും എല്ലാം കറങ്ങിയകലുന്നതായി തോന്നി... അടുത്തിരുന്ന നീതുവിന്റെ കൈയിൽ മുറുക്കെ പിടിക്കുമ്പോൾ എങ്ങനെയെങ്കിലും ഈ സമസ്യയിൽനിന്നും രക്ഷിക്കണേ ദേവിയെന്നു പ്രാര്ഥിക്കുകയായിരുന്നു. കം ഓൺ ..... ലക്ഷ്മി... പെട്ടന്നാകട്ടെ ... സമയം പോകുന്നു... കം ക്വിക്ക്... അതുംപറഞ്ഞു വർഷ അവളെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു... കുറച്ചുപേരൊക്കെ കൈയടിച്ചു ഒരു ഓളമുണ്ടാക്കി.. ചിലരാകട്ടെ തന്നെ ദയനീയമായി നോക്കുന്നുണ്ട്. . ലെച്ചുവിന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. കണ്ണൊക്കെ നിറഞ്ഞു.. മുഖമൊക്കെ ചുവന്നു.. സൈലെൻസ്...എന്തായിവിടെ നടക്കുന്നെ? ഇതെന്താ ചന്തയാണോ? എല്ലാപ്രാവശ്യത്തെയും പോലെ ഒരു പരിപാടിയും ഇവിടെ നടക്കില്ല. നന്നായി ആണെങ്കിൽ മാത്രം പ്രോഗ്രാം സ്റ്റാർട്ട് ചെയ്‌താൽ മതി..

ഡിപ്പാർട്മെന്റ് ഹെഡ് ഗോപാലകൃഷ്ണൻ സർ ഹാളിലേയ്ക് വന്നുകൊണ്ടു പറഞ്ഞു. സാറിനൊപ്പം കെമിസ്ട്രി ഡിപ്പാർട്മെന്റിലെ മിക്ക ഫാക്കൽറ്റിസും ഉണ്ടായിരുന്നു. ലെച്ചു നന്ദനെ തിരഞ്ഞെങ്കിലും ആളെ കണ്ടില്ല. അർജുൻ സൈഡിലായി അറേഞ്ച് ചെയ്ത ബെഞ്ചിലേയ്ക് നിരാശയോടെ പോയിരുന്നു. വർഷ ആയിരുന്നു ആങ്കറിങ് ചെയ്തിരുന്നത്. കൂട്ടിനായി സെക്കന്റ്‌ കെമിസ്ട്രിയിലെ അതുലും ഉണ്ടായിരുന്നു. ഗോപാലകൃഷ്ണൻ സർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു. ആദ്യം എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. ശേഷം ഫ്രഷേഴ്‌സിന് ചെറിയ ചെറിയ ടാസ്കുകൾ നൽകിത്തുടങ്ങി... രസകരമായ പല ടാസ്കുകളും നടന്നു. നേരത്തെയുള്ള അനുഭവം കൊണ്ട് ലെച്ചുവിന് ഇതൊന്നും ആസ്വദിക്കാനായില്ല.. നീതുവിന് ഒരു ഡാൻസ് പെർഫോമൻസ് ആണ് കിട്ടിയത്. അവൾക്കു അത്യാവശ്യം ഡാൻസ് നമ്പരൊക്കെ അറിയാവുന്നതുകൊണ്ട് അതുവെച്ചു രക്ഷപ്പെട്ടു. അടുത്തത് തന്റെ ഊഴമായിരുന്നു.... ലോട്ട് എടുത്താണ് ടാസ്ക് തീരുമാനിച്ചത്. അതുകൊണ്ട് വർഷയ്ക്കും അർജുനും ഒന്നും ചെയ്യാനായില്ല.

സീറ്റിൽനിന്നും എഴുന്നേറ്റു സ്റ്റേജിലേയ്ക് പോകുമ്പോൾ അവളുടെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. എന്ത് ടാസ്ക് ആയിരിക്കും കിട്ടുകയെന്നോർത്തു. ലോട്ട് ലെച്ചുവിന്റെ കൈയിൽനിന്നും വാങ്ങി വർഷ വായിച്ചു.. ഞങ്ങൾ പ്ലേ ചെയ്യുന്ന ട്യൂണിനു പാട്ട് പാടുക... അതുൽ ആയിരുന്നു ലെച്ചുവിന് ഒപ്പം വയലിൻ വായിക്കാനായി വന്നത്... വർഷ എന്തോ അവന്റെ ചെവിയിൽ പറയുന്നത് ലെച്ചു കണ്ടു. തനിക്കുള്ള പണിയാണതെന്നു അവൾക്കു മനസ്സിലായി. പാട്ട് പഠിച്ചിട്ടുള്ളതുകൊണ്ടു ടാസ്ക് കേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത്. ഇതിപ്പോൾ അതുൽ ചേട്ടൻ ഏതു ട്യൂൺ ആയിരിക്കും വായിക്കുക. ലെച്ചു മനസ്സിലോർത്തു. അതുൽ വയലിനുമായി ലെച്ചുവിനടുത്തു ഒരു ചെയറിൽ ഇരുന്നു.. അവളെ നോക്കി ചെറുതായൊന്നു ചിരിച്ചു.. ശേഷം വായിക്കാൻ തുടങ്ങി.... ട്യൂൺ കേട്ടപ്പോഴേ പാട്ട് മനസ്സിലായി.. ഒന്നിൽകൂടുതൽ പാട്ടുണ്ടെന്നു തോന്നി. അവൾ പാടിത്തുടങ്ങി.... പിടയുന്നൊരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി നീയില്ലയെങ്കിൽ എന്നിലെ പ്രകാശമില്ലിനി... പാടിക്കൊണ്ട് നോക്കിയപ്പോൾ നന്ദനെയാണ് കണ്ടത്.. തന്നെത്തന്നെ നോക്കി വാതിൽക്കൽ നിൽക്കെയാണ്... മുഖത്ത് പഴയ ഗൗരവമല്ല .

ഒരു ചെറുപുഞ്ചിരിയുണ്ട് . ആ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾക്കൊപ്പം ബാക്കി പാടി.. മിഴിനീര് പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി....... പെട്ടെന്നാണ് അടുത്ത താളത്തിലേയ്ക്കു പോയത്.. അതുലിന്റ ആ മാന്ത്രിക വായനയിൽ അവളുടെ മധുര സ്വരം കൂടിയായപ്പോൾ എല്ലാവരും അതിൽ ലയിച്ചു. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ… അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.... കാറ്റോടു മേഘം മെല്ലേ ചൊല്ലീ സ്നേഹാർദ്രമേതോ സ്വകാര്യം.. മായുന്ന സന്ധ്യേ നിന്നെ തേടീ ഈറൻ നിലാവിൻ പരാഗം.. എന്നെന്നും നിൻ മടിയിലെ പൈതലായ് നീമൂളും പാട്ടിലെ പ്രണയമായ്.. നിന്നെയും കാത്തു ഞാൻ നിൽക്കവേ.. (എത്രയോ ജന്മമായ്) പാടി കഴിഞ്ഞപ്പോഴേയ്ക്കും ഹാളിൽ മുഴുവൻ കരഘോഷം നിറഞ്ഞു. എല്ലാവരെയും വണങ്ങി നിവർന്നുനോക്കിയപ്പോൾ തന്നെ തന്നെ നോക്കിയിരിക്കുന്ന നന്ദനെയാണ് കണ്ടത്. അവൾ മെല്ലെയിറങ്ങി സീറ്റിലേയ്ക് വന്നിരുന്നു.

ഫ്രണ്ട് റോയിൽ ലെച്ചുവിന്റെ സീറ്റിനു ഓപ്പോസിറ്റ് ആയാണ് നന്ദൻ ഇരുന്നിരുന്നത്. സീറ്റിലിരുന്നു ഇടയ്ക്കൊന്നു നോക്കിയപ്പോൾ ഒരു ചെറുചിരി സമ്മാനിച്ചു നന്ദൻ. അതുകണ്ടപ്പോൾ ലെച്ചുവിന്റെ ചുണ്ടിലും അതുപടർന്നു. നാണത്തോടെ തലതാഴ്ത്തുമ്പോൾ മറുവശത്തു നന്ദനെ മാത്രം വീക്ഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ജോഡി കണ്ണുകൾ കൂടിയുണ്ടായിരുന്നു.... വർഷയുടെ...... നന്ദൻ അവിടേയ്ക്കു വന്നപ്പോൾ മുതൽ വർഷ ഒരു നോട്ടത്തിനായി പ്രതീക്ഷയോടെ നിൽക്കയാണ്. അപ്പോഴാണ് നന്ദൻ ലെച്ചുവിനെ നോക്കി ചിരിക്കുന്നത് കണ്ടത്. ഇതുവരെ പ്രത്യേകിച്ച് ദേഷ്യമൊന്നും തനിക്കു ലെച്ചുവിനോട് ഇല്ലായിരുന്നു. അർജുന്റെ നിർദേശമനുസരിച്ചാണ് അതുലിനോട് മിക്സ്‌ അപ്പ്‌ ആയുള്ള ട്യൂൺ ഇടാൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ കുറച്ച് അസൂയയൊക്കെ തോന്നുന്നുണ്ട്. ഇത്രയും നാൾ താൻ പുറകെ നടന്നിട്ട് കിട്ടാത്തതാണ് അവൾ വന്നു

കുറച്ചുദിവസം കൊണ്ട് നേടിയത്. ദേഷ്യം കൊണ്ട് കണ്ണുകൾ കുറുകുമ്പോൾ തടസ്സങ്ങളെ വകഞ്ഞുമാറ്റാനുള്ള ഉപായങ്ങളായിരുന്നു മനസിൽ തേടിയത്. പ്രോഗ്രാം കഴിഞ്ഞ് ഫുഡും സീനിയർസ് തന്നെ ഒരുക്കിയിരുന്നു. നീതുവും ലെച്ചുവും ഫുഡ്‌ വാങ്ങി ഒഴിഞ്ഞ ഒരു ബെഞ്ചിൽ പോയിരുന്നു. ടീച്ചേഴ്സും ഹാളിൽ കുട്ടികൾക്കൊപ്പം ആഹാരം കഴിക്കാൻ കൂടി. കഴിക്കുന്നതിനിടയിലും നന്ദന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ലെച്ചുവിനെത്തേടി പൊയ്ക്കൊണ്ടിരുന്നു. നീതുവിനോട് കാര്യമായെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്... ... ഇന്നിനി ക്ലാസ്സൊന്നും ഇല്ലാത്തതിനാൽ എല്ലാവരും വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പാണ്. അധ്യാപകർക്ക് വൈകുന്നേരം വരെ ഡ്യൂട്ടി ഉണ്ടല്ലോ.. ലെച്ചുവിനെ തനിച്ചുവിടാനും പറ്റില്ല... നന്ദനും ആകെ വിഷമത്തിലായി..... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story