ലക്ഷ്മീനന്ദനം: ഭാഗം 16

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

തേടിപ്പിടിച്ചതുമല്ല.... തേടിവന്നതുമല്ല............. വിധി നിന്നെ എന്നിലേയ്ക്ക് എത്തിച്ചതാണ്... മതിവരുവോളം സ്നേഹിക്കാൻ.... എന്നും എന്റെ പാതിയായി കാക്കാൻ.... തിളക്കമാർന്ന കൺകോണുകൾ പരസ്പരം സ്നേഹത്തിന്റെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു.... അന്നാദ്യമായി ഒറ്റയ്ക്കു കിടക്കുമ്പോൾ അവൾ ഇരുട്ടിനെ ഭയന്നില്ല.... സ്നേഹത്തിന്റെ വെളിച്ചം കരുതലായി തനിക്കുചുറ്റുമുണ്ടെന്നവൾക്കു തോന്നി.. പിറ്റേദിവസം കോളേജിലേയ്ക് പോകാനായി ഇരുവരുംഇറങ്ങിയപ്പോഴാണ് ഭാനു നൈറ്റ് ഷിഫ്റ്റ്‌ കഴിഞ്ഞ് വന്നത്.. അവൾ ലെച്ചുവിനെ ഒന്ന് നോക്കി.. വൈറ്റ് കളർ ടോപ്പിൽ റെഡ് ഫ്ലവർ വർക്ക്‌ ഉള്ള ഒരു സിംപിൾ ചുരിദാറും റെഡ് ലെഗ്ഗിൻസും ആയിരുന്നു അവൾ ഇട്ടിരുന്നത്.. നല്ല വൃത്തിയായി ഷാൾ പ്ളീറ്റ് എടുത്തു കുത്തിയിരിക്കുന്നു.. നെറ്റിയിൽ ഒരു കുഞ്ഞു ചുവന്ന വട്ടപ്പൊട്ടും ഭസ്മക്കുറിയും... മുഖത്ത് ഇതുവരെയില്ലാത്ത ഒരു പ്രസാദം അവൾ ശ്രദ്ധിച്ചു... ആണൊരുത്തൻ തുണയുണ്ടെന്ന വിശ്വാസമാകാം.. അതുപോലെതന്നെയായിരുന്നു നന്ദനും ആകെ ഒരു ഉന്മേഷം.

മുഖത്തെ ഗൗരവത്തിനു ഒരു അയവു വന്നിട്ടുണ്ട്. തന്റെ ഏട്ടന്റെ ഈ സന്തോഷം എന്നും നിലനിൽക്കണേയെന്നവൾ മനസിൽ പ്രാർത്ഥിച്ചു.. ലെച്ചു ഇനി ഒറ്റയ്‌ക്കൊന്നും വരാൻ നിക്കണ്ട കേട്ടോ? ഏട്ടൻ ഇല്ലെങ്കിൽ എന്നെ വിളിച്ചാൽ മതി. ഇപ്പോൾ എനിക്ക് നൈറ്റ് അല്ലേ ഞാൻ വന്നു കൂട്ടാം... ഭാനു പറഞ്ഞു.. അതുപറഞ്ഞുകഴിഞ്ഞാണ് അവളുടെ കൈയിൽ ഫോൺ ഇല്ലെന്ന കാര്യം ഭാനു ഓർത്തത്‌.. ഓഹ് ! നിന്റെ കൈയിൽ ഫോൺ ഇല്ലല്ലോ? ഞാൻ അതങ്ങു മറന്നുപോയി.. തലയ്ക്കു കൊട്ടിക്കൊണ്ടവൾ പറഞ്ഞു.. എന്നിട്ട് തിരിഞ്ഞു നന്ദനോടായി പറഞ്ഞു.. ഏട്ടാ നമുക്ക് സൺ‌ഡേ ഇവളെ കൂട്ടിപോയി ഒരു ഫോൺ മേടിച്ചുകൊടുക്കണം.. ഈ നൂറ്റാണ്ടിലും കൈയിൽ ഒരു ഫോൺ ഇല്ലന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ? ഭാനു ലെച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അയ്യോ ചേച്ചി എനിക്ക് ഇപ്പോൾ ഫോൺ ഒന്നും വേണ്ട. എന്തെങ്കിലും ഉണ്ടേൽ ഞാൻ നീതുവിന്റെൽ നിന്നും വിളിക്കാം.. ലെച്ചു പറഞ്ഞു. ആ അത് നമുക്ക് ആലോചിക്കാം ഇപ്പോൾ നീ വരുന്നുണ്ടേൽ വാ..

എനിക്ക് ഫസ്റ്റ് ഹൗർ യൂണിറ്റ് ടെസ്റ്റ്‌ ഉണ്ട്. അതും പറഞ്ഞു നന്ദൻ പുറത്തേയ്ക്കിറങ്ങി. ആഹ്ഹ ! ചെല്ല് ചെല്ല് വാധ്യാരെ ഹൈപ്പർ ആക്കണ്ട.. ഭാനു ചിരിച്ചുകൊണ്ട് ലെച്ചുവിനോട് പറഞ്ഞു. അവൾ യാത്ര പറഞ്ഞിറങ്ങി.. കാറില്കയറിയിട്ടും നന്ദൻ ഗൗരവത്തിൽ തന്നായിരുന്നു.. അതുകണ്ടപ്പോൾ ലെച്ചുവിന് തോന്നി ഇന്നലെ സ്നേഹത്തോടെ ചേർത്തുനിർത്തി സാഹിത്യം പറഞ്ഞ മുതലാണോ ഇതെന്ന്? ഒന്നുകൂടി നന്ദനെത്തന്നെ നോക്കിയശേഷം അവൾ തെല്ലൊരു പരിഭവത്തോടെ പുറത്തോട്ട് നോക്കിയിരുന്നു.. ഇപ്പോഴും പെണ്ണിന് എന്തോ ഒരു ഡിസ്റ്റൻസ് ഉള്ള പോലാണ്.. പലപ്പോഴും കോളേജിൽ ക്ലാസ്സിൽ കാണിക്കുന്ന മനോഭാവമാണ് എന്നോട്. ഇങ്ങോട്ട് എന്തെങ്കിലും ഒന്ന് മിണ്ടട്ടെയെന്നു കരുതിയാണ് ഇത്രയും നേരം ഒന്ന് വെയിറ്റിട്ട് ഇരുന്നത്. എന്നിട്ടും അവൾക്കൊരു മൈന്റുമില്ല. ഇതിപ്പോ എന്നേക്കാൾ മൂരാച്ചി ഇവളാണോ ആവോ? നന്ദൻ ഓർത്തു. അവൻ മെല്ലെ കാർ സൈഡിലേക്കൊതുക്കി. പുറത്തെകാഴ്ചകളിൽ കണ്ണുനട്ടിരുന്നപ്പോഴാണ്.. സീറ്റിൽ വച്ചിരുന്ന കൈകൾക്കുമേൽ നന്ദന്റെ കരസ്പർശം അറിഞ്ഞത്... ശരീരം ഒന്ന് വെട്ടി വിറച്ചു... അവളുടെ കൈകളുടെ വിറയൽ നന്ദന് തന്റെ കൈകളിൽ അറിയാൻ പറ്റി..

മെല്ലെ ആ കൈകൾ എടുത്ത് അവൻ തന്റെ കൈകൾക്കുള്ളിൽ വെച്ചു.. അവൾ ഞെട്ടി നന്ദനെ നോക്കി... ലെച്ചു... അവളുടെ കണ്ണുകളിൽ നോക്കിയവൻ വിളിച്ചു. മ്മ്...അവൾ ഒരു മൂളലിൽ ഒതുക്കി.. നിനക്കെന്തെലും ഇഷ്ടക്കുറവുണ്ടോ മോളേ ? എന്നെ അക്‌സെപ്റ് ചെയ്യാൻ വയ്യായ്ക എന്തേലും ഉണ്ടോ? എന്തുണ്ടെലും പറയൂ... ഞാൻ പറഞ്ഞില്ലേ ഒരിക്കലും ഒന്നിനും നിന്നെ നിര്ബന്ധിക്കില്ല... അവൻ പറഞ്ഞു. തന്റെ മുന്നിലിരിക്കുന്ന ഈ ചെറുപ്പക്കാരനാണ് തന്റെ എല്ലാമെന്ന് വിളിച്ചുപറയാൻ ഉള്ളൂ തുടിക്കുന്നുണ്ട്.. പക്ഷേ അത്യാഗ്രഹമാകുമോയെന്ന ഭയം, അവനെ തന്റെ സന്തോഷത്തിനു അപകടത്തിൽ ചാടിക്കുകയാണോയെന്ന ശങ്ക നാവിനു കടിഞ്ഞാണിട്ടു.. ഉത്തരം വൈകുംതോറും നിരാശ നിഴലിയ്ക്കുന്ന ആ കണ്ണുകളിൽ കള്ളംപറയാൻ അവൾക്കാകുമായിരുന്നില്ല.. നന്ദേട്ടാ.... അങ്ങനെയൊന്നും പറയല്ലേ... ഈ ഭാഗ്യം എന്നും ഉണ്ടാകണേയെന്ന പ്രാർത്ഥന മാത്രമേയുള്ളൂ എനിക്ക്... നന്ദേട്ടനെ എങ്ങനാ ഞാൻ വെറുക്കുക...

പറഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും സന്തോഷം ചുംബനമായി കൈയിലേയ്ക് പകർന്നിരുന്നു നന്ദൻ.. ഒന്നുകൂടി അവളുടെ മിഴികളിലേയ്ക് നോക്കിനിന്ന ശേഷം അവൻ വണ്ടിയെടുത്തു.. ഇനി ഇവനില്നിന്നൊരു തിരിച്ചുപോക്ക് ഇല്ലായെന്ന് തിരിച്ചറിയുകയായിരുന്നു ലെചുവപ്പോൾ.. പതിവിലും വിപരീതമായി നന്ദന്റെ കാർ തന്നെയും കൊണ്ട് കോളേജിനുള്ളിലേയ്ക് കയറിയപ്പോൾ ലെച്ചുവൊന്നമ്പരന്നു.. കോളേജ് പാർക്കിങ്ങിൽ കാർ പാർക്ക്‌ ചെയ്തു അമ്പരപ്പോടെ തന്നെ നോക്കിയിരിക്കുന്ന ലെച്ചിവിനെ നോക്കി നന്ദൻ പറഞ്ഞു.. ഇനി എന്നും എന്റെ കൂടെ വന്നു കൂടെ പോയാൽ മതി... അന്നെന്റെ ശ്രദ്ധ ഒരല്പം മാറിയിരുന്നെങ്കിൽ എനിക്കോർക്കാൻ വയ്യ മോളേ... നിന്നെക്കാളും വലുതല്ല ഒന്നും... ഇറങ്ങിക്കോ.. അതും പറഞ്ഞു നന്ദൻ പുറത്തേയ്ക്കിറങ്ങി. ലെച്ചുവും ഇറങ്ങിയ ശേഷം കാർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോഴാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ സൂര്യ ടീച്ചർ സ്കൂട്ടിയിൽ വന്നിറങ്ങിയത്... പതിവില്ലാതെ നന്ദനൊപ്പം ഒരു പെണ്കുട്ടിയെക്കൂടി കണ്ടപ്പോൾ തിരക്കി.. ഇതാരാ നന്ദൻ സാറേ ഈ കുട്ടി? അവർ ചോദിച്ചു.. എന്റെ കസിൻ ആണ് ടീച്ചർ... എന്റെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്....

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. ആഹാ.... പേരെന്താ കുട്ടിടെ? ഏതാ ഡിപ്പാർട്മെന്റ്? ലക്ഷ്മി.... കെമിസ്ട്രി ഫസ്റ്റ് ഇയർ ടീച്ചർ അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... സൂര്യ ടീച്ചർ പോയപ്പോൾ നന്ദൻ അവളോടായി പറഞ്ഞു... ആര് ചോദിച്ചാലും താൻ എന്റെ കസിൻ ആണ്.. എന്റെ വീട്ടിലാണെന്നു പറഞ്ഞോളൂ... പിന്നേ എന്തുണ്ടെലും എന്നോട് പറയണം.. ഇപ്പോൾ ക്ലാസ്സിലേയ്ക് പൊയ്ക്കോളൂ... എനിക്ക് ലൈബ്രറിയിൽ ഒന്ന് പോകണം... അവന്റെ നിർദേശങ്ങളിലെല്ലാം വാത്സല്യവും കരുതലും നിറഞ്ഞിരിക്കുന്നതവളറിഞ്ഞു.. തലകുലുക്കി സമ്മതിച്ചുകൊണ്ടവൾ തിരിഞ്ഞു നടന്നു.. പകയെരിയുന്ന രണ്ടു കണ്ണുകൾ ഇതെല്ലാം വീക്ഷിക്കുന്നതവരിരുവരുമറിഞ്ഞില്ല.. വർഷയുടെ..... ആദ്യത്തെ ഹൗർ ഇംഗ്ലീഷ് ലാംഗ്വേജ് ആയിരുന്നു... അതുകഴിഞ്ഞു ഒരു ഫ്രീ ഹൗർ കിട്ടിയപ്പോൾ നീതുവിനൊപ്പം അവൾ ലൈബ്രറിയിലേയ്ക് പോയി.. ഐഡി കാർഡ് ശരിയാകാത്തതുകൊണ്ടു വന്നിട്ട് ഇതുവരെ ലൈബ്രറിയിൽ കയറിയിട്ടില്ലായിരുന്നു.... ഇന്നുരാവിലെ അത് കൈയിൽ കിട്ടി ബോധിച്ചു.

അതുകൊണ്ട് തന്നെ നേരെ ലൈബ്രറിയിലേയ്ക് വച്ചുപിടിച്ചു.. ഏകദേശം നാലോ അഞ്ചോ കുട്ടികളെ അവിടുണ്ടായിരുന്നുള്ളു... eക്ലാസ്സ്‌ ടൈം ആയതുകൊണ്ടാകും അവളോർത്തു.. അറ്റെൻഡ്സ് രെജിസ്റ്ററിൽ പേര് എഴുതി ബുക്ക്‌ രാക്കുകൾക്കടുത്തേയ്ക് നടന്നു.. നീതുവിന് ഇതിൽ വല്യ ഇന്റെരെസ്റ്റ്‌ ഒന്നുമില്ലാത്തതുകൊണ്ടു റീഡിങ് ഏരിയയിൽ കിടന്ന മാഗസിനും നോക്കി അവിടിരുന്നു.. ഒന്നിൽ നിന്നും മറ്റൊരു പൂവിലേക്കെന്നപോലെ ലെച്ചു റാക്കുകൾ തോറും പരത്തി നടന്നു.. തന്നെ പിന്തുടരുന്ന കണ്ണുകളെ കാണാതെ.. ലൈബ്രറിയുടെ കിഴക്കേമൂലയിൽ ഏറ്റവുമറ്റത്തെ റാക്കിൽ നിന്നും കുമാരനാശാന്റെ ഒരു കൃതിയെടുത്തു മറിച്ചു നോക്കി അത് ഷെൽഫിൽ തിരികെ വച്ചു. അടുത്തത്തിലേയ്ക് കൈനീട്ടിയപ്പോഴാണ് ഒരു കൈവന്നതിൽ പിടുത്തമിട്ടത്...

കൈകൾക്കുടമയെ കണ്ടപ്പോൾ തെല്ലൊരു പരിഭ്രമം ലെച്ചുവിൽ മിന്നിമാഞ്ഞു. വർഷ ചേച്ചി... അവള്പതിയെ പറഞ്ഞു.. അതേടി വർഷതന്നെയാ.... ശബ്ദമടക്കി ചുറ്റും വീക്ഷിച്ചുകൊണ്ടു ഒച്ചതാഴ്ത്തിയവൾ പറഞ്ഞു.. ലെച്ചു എന്തുചെയ്യണമെന്നറിയാതെ കൈയിലെ പിടി മുറുകുംതോറും കൈവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു... നിനക്കെന്താ നന്ദൻ സാറുമായിട്ട് ഇടപാട്? ഒരുകാറിൽ വരുന്നത് കണ്ടല്ലോടി? തീപാറുന്ന കണ്ണുകളുമായവൾ ചോദിച്ചു.. ലെച്ചു ഒരുനിമിഷം എന്തുപറയണമെന്നറിയാതെ കുഴങ്ങി.. എടി.. പറയാൻ... അവൾ ലെച്ചുവിന്റെ കൈകൾ ശക്തിയിലമർത്തി പറഞ്ഞു.. ആഹ്ഹ് ! വേദന കൊണ്ടവൾ പുളഞ്ഞു . നന്ദൻ സാറിന്റെ അപ്പച്ചിയുടെ മകളാണ് ഞാൻ ചേച്ചി.. ഇവിടെ നന്ദൻ സാറിന്റെ വീട്ടിൽ നിക്കാണ്.. അതുകേട്ട വർഷയുടെ മുഖം കൂടുതൽ ചുവന്നു............ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story