ലക്ഷ്മീനന്ദനം: ഭാഗം 19

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നീ നോക്കിക്കോ ഇന്ന് എന്നെ നിങ്ങടെ മുന്നിലിട്ട് ഈ കോളേജിൽ വെച്ചു തല്ലിയില്ലേ... ഇതേ നിങ്ങടെ മുന്നിൽവെച്ചു നന്ദൻ സാർ തന്നേ പറയും എന്നെ കെട്ടിക്കോളാമെന്ന്... ഞാൻ പറയിക്കും.... ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന നന്ദനെ നോക്കി ഒരു ഗൂഢസ്മിതത്തോടെ കവിളിൽ തടവിക്കൊണ്ട് വർഷ പറഞ്ഞു.. വീട്ടിൽ എത്തിയിട്ടും നന്ദൻ ഒന്നും മിണ്ടാത്തതിൽ ലെച്ചുവിന് ഒരുപാട് വിഷമം തോന്നി.. വർഷയോട് ചോദിക്കാൻ പോയി വന്നപ്പോഴേ ആള് നല്ല ദേഷ്യത്തിലായിരുന്നു... ഉടനെത്തന്നെ കാർ എടുത്ത് ലാബിനടുത്തേയ്ക്കു കൊണ്ടുവന്നു.. കയറാൻ പറഞ്ഞു.. ആളുതന്നെയാണ് പിടിച്ചുകൊണ്ടുവന്ന് കാറിലാക്കിയത്.. വീട്ടിൽ ലാബിൽ വെച്ച് അപകടം പറ്റിയെന്നുമാത്രം പറഞ്ഞു... അപ്പോഴത്തെ ക്ഷീണത്തിൽ കിടന്നതുമാത്രം ഓർമയുണ്ട്... ഉറങ്ങിപ്പോയി.. സന്ധ്യ ആയപ്പോഴേയ്കും ലീലാമ്മയാണ് വന്നു വിളിച്ചത്... ചായ കുടിച്ചപ്പോഴേയ്ക്കും തെല്ലൊരാശ്വാസം തോന്നി..

ഇപ്പോൾ എങ്ങനെയുണ്ട് മോളേ? എന്തേലും വയ്യായ്കയുണ്ടോ? വാടിത്തളർന്നിരിയ്ക്കുന്ന ലെച്ചുവിനെനോക്കി അവളുടെ മുടിയിൽ തഴുകിക്കൊണ്ട് ലീലാമ്മ ചോദിച്ചു.. ഇപ്പോൾ കുഴപ്പമൊന്നുല്ല ലീലാമ്മേ.. പിന്നെ തലയ്ക്കൊരു ചെറിയ ഭാരം തോന്നുന്നുണ്ട്... നെറ്റിയിൽ തടവിക്കൊണ്ടവൾ പറഞ്ഞു... നല്ല വല്ലായ്ക ഉണ്ടേല് നമുക്ക് ഹോസ്പിറ്റലിൽ പോകാം മോളേ.... വേണ്ട ലീലാമ്മേ... ഇത്രേം നേരം കിടന്നെന്റെ ക്ഷീണം കൊണ്ടാകും... എങ്കില് മോള് പോയി കുളിച്ചേച്ചു വാ... അപ്പോൾ കുറച്ച് ഉന്മേഷം കിട്ടും... അതും പറഞ്ഞു ലീലാമ്മതന്നെ അവൾക്കു തലയിൽ എണ്ണ തേയ്ച്ചു കൊടുത്തു... ഷെൽഫിൽ നിന്നും മാറാനുള്ള ഡ്രെസ്സും തോർത്തും എടുത്തുകൊണ്ടവൾ ബാത്റൂമിലേയ്ക് പോയി.. മോളേ കുളികഴിഞ്ഞു താഴേയ്ക്ക് വാ കേട്ടോ? ഒന്നും കഴിച്ചില്ലല്ലോ? പോകുന്നവഴി ലീലാമ്മ വിളിച്ചു പറഞ്ഞു.. ആ.. വരാം.. ലെച്ചു മറുപടി കൊടുത്തു.. കുളിക്കാനായി ഡ്രസ്സ്‌ മാറുമ്പോൾ തുടയിൽ വട്ടത്തിനു ചുവന്നുകിടക്കുന്ന പാട് കണ്ടു.. ലേശം നീറ്റലുമുണ്ട്.. എങ്ങനേലും കുളിച്ചിറങ്ങി താഴെ ലീലാമ്മയുടെ അടുത്തേയ്ക്കു ചെന്നു. ഇറങ്ങാൻ നേരം നന്ദന്റെ റൂമിലേയ്ക്ക് നോക്കി..

പക്ഷേ ആളെ കണ്ടില്ല.. ലീലാമ്മ അടുക്കളയിൽ അത്താഴത്തിനുള്ള തയ്യാറെടുപ്പിലാണ്.. ലീലാമ്മേ ഇവിടാരെയും കാണുന്നില്ലല്ലോ? നന്ദനെക്കുറിച്ച് ചോദിക്കാനുള്ള നാണംകൊണ്ടു എല്ലാവരെയും എണ്ണ രീതിയിൽ തിരക്കി.. ഭാനുവിനു നൈറ്റ് ആല്ലേ മോളേ? അവള് കുറച്ച്നേരായി പോയിട്ട്.. മോള് ഉറക്കമായോണ്ട് വിളിച്ചില്ല.. പറയാൻ പറഞ്ഞു.. പിന്നെ ചന്ദ്രേട്ടൻ കവല വരെ പോയേക്കാ.. ഗോപി മാഷ് വന്നിരുന്നു.. അവര് കൂട്ടുകാർ വല്ലപ്പോഴുമല്ലേ കാണണേ അങ്ങനെ ഇറങ്ങിയതാ... രാത്രിയിലേക്കുള്ള കുറുമയ്ക് പച്ചക്കറി മുറിക്കുന്നതിനിടയിൽ ലീലാമ്മ പറഞ്ഞു.. അടുത്ത ആളെക്കുറിച്ചു കേൾക്കാൻ അവൾ കാതോർത്തു.. നന്ദൻ മോളേ കൊണ്ടാക്കിയേച് പോയതാ.. ഒന്നും പറഞ്ഞില്ല... ഇതുവരെ കണ്ടില്ലല്ലോ? ഇടയ്ക്കിങ്ങനെ ഉള്ളതാ.. ലീലാമ്മ പറഞ്ഞു.. ലെച്ചുവിന് ആകെ സങ്കടമായി.. വർഷ എന്തെങ്കിലും പറഞ്ഞു കാണും അതിന്റെ ദേഷ്യത്തിൽ പോയതായിരിക്കും..

അതിനു തന്നോടെന്തിനാ ദേഷ്യം കാണിക്കണേ.. തടഞ്ഞതിനായിരിക്കുമോ? ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ മനസിൽ പിടിവലി നടക്കുന്നതവളറിഞ്ഞു.. മോള് പേടിക്കണ്ട.. എത്ര പോയാലും ഏഴു മണി അതിനപ്പുറം പോകില്ല... ദാ.. സമയം ആറരയാകാറായി.. മോള് പോയി സന്ധ്യാദീപം കൊളുത്തിക്കോളൂ.. അപ്പഴേയ്ക്കും അവനിങ്ങെത്തും.. ലെച്ചുവിന്റെ മനസ്സറിഞ്ഞെന്നോണം അവർ പറഞ്ഞു... അവൾ പൂജാമുറിയിൽ പോയി വിളക്ക് കൊളുത്തി... ശേഷം ഒരുതിരി മൺചട്ടിയിലാക്കി പുറത്ത് തുളസിത്തറയിൽ കൊണ്ടുവച്ചു... തൊഴുതു... ചട്ടിയിൽ നിന്നും ഒരുനുള്ള് ഭസ്മമെടുത്തു നെറ്റിയിൽ വരച്ചു... മൺചട്ടിയിലെ തിരി ഒന്നുകൂടി നീട്ടിയിട്ടശേഷം നിവർന്നപ്പോഴാണ് നന്ദന്റെ കാർ ഗേറ്റ് കടന്നുവന്നത്.. തന്നെനോക്കി ഡോർ തുറന്നിറങ്ങുന്ന അവനെ ലെച്ചുവും ഒരുനിമിഷം നോക്കിനിന്നുപോയി. നീലയും ചുവപ്പും നിറത്തിലുള്ള ദാവണിയിൽ സന്ധ്യാദീപത്തിന്റെ ശോഭയിൽ അവളുടെ മുഖത്തിന്റെ ചുവപ്പ് ഒന്നുകൂടി തെളിഞ്ഞതായി നന്ദന് തോന്നി..

അലങ്കാരങ്ങളൊന്നുമില്ലാതെ വെറും ഭസ്മക്കുറിമാത്രമാണ് ആ മുഖത്തിന്റെ ഐശ്വര്യം കൂട്ടുന്നത്.. വീണ്ടും വീണ്ടും നോക്കിനിന്നുപോകുന്ന ആ മിഴികളുടെ അഗാധതയിൽ അലിഞ്ഞില്ലാതാകാൻ താനും കൊതിക്കുന്നുണ്ടെന്നവൻ ഓർത്തു.. ആ.. നീ വന്നോ? ഞാൻ മോളോട് പറഞ്ഞതേയുള്ളു നീ ഇപ്പോഴിങ്ങെത്തുമെന്ന്.. ലീലാമ്മ ഉമ്മറത്തേയ്ക് വന്നുകൊണ്ടു പറഞ്ഞു.. ലീലാമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഇരുവരും നോട്ടം പിൻവലിച്ചത്.. ഒന്നും മിണ്ടാതെ കാറിന്റെ പുറകിലത്തെ ഡോർ തുറന്ന് ഒരു കവറുമെടുത്തു അകത്തേയ്ക്കു നടന്നു... ഒരു കോഫീ വേണം.... ഞാൻ കുളിയ്ക്കുമ്പോഴേയ്ക്കും മുകളിലേയ്ക്കു കൊണ്ടുവാ... മുകളിലേയ്ക്കു പോകുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പോയി.. ഈ ചെറുക്കനിതെന്തുപറ്റി ? ചിലപ്പോഴിങ്ങനാ എന്തേലും ചെറിയ കാര്യം മതി ഇങ്ങനെ മിണ്ടാട്ടമില്ലാണ്ട് നടക്കും... ഇപ്പോൾ എന്താ ഉണ്ടായേ?

ലീലാമ്മ അടുക്കളയിലേയ്ക്ക് പോകുന്നതിനിടയിൽ പറഞ്ഞു.. ലെച്ചു നന്ദൻ പോയ വഴിയേ ഒന്നു നോക്കിയശേഷം ഒന്നുകൂടി ദീപം തൊഴുതു നെറുകിൽവെച്ചുകൊണ്ട് അകത്തേയ്ക്കു പോയി.. മോളേ ഈ കോഫി കൊണ്ടുപോയി അവന് കൊടുക്ക്.. എനിക്ക് വയ്യ സ്റ്റെപ് കയറാൻ.. നേരത്തെ കയറിയതിന്റെയാ മുട്ട് നല്ല വേദന.. അടുക്കളയിൽ തനിക്കരികിൽ സ്ലാബിളായി ഇരിക്കുന്ന ലെച്ചുവിനോട് ലീലാമ്മ പറഞ്ഞു. അവൾ കോഫി മേടിച്ചു മുകളിലേയ്ക്കു പോയി. സ്റ്റെപ് കയറുമ്പോഴും നന്ദന്റെ മൗനം അവളുടെ മനസിൽ ചോദ്യചിഹ്നമായിരുന്നു ... ഇതേസമയം നന്ദൻ കുളികഴിഞ്ഞു ജനാലയ്ക്കരികിൽ പുറത്തെ തെളിഞ്ഞുവരുന്ന ചന്ദ്രബിംബം നോക്കിനിൽക്കുവായിരുന്നു .. മനസിൽ കോളേജിൽ നടന്ന സംഭവവും ലെച്ചുവിന്റെ ബോധം മറയുന്ന മുഖവും... വർഷയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു... അവളിത്രയും അപകടകാരിയാണെന്നു കരുതിയില്ല...

അർജുനോടും ഗാംഗിനോടും ഇടപെട്ടപ്പോൾ പോലും തോന്നാത്ത പേടി ഇപ്പോൾ മുളപൊട്ടിയിരിക്കുന്നു ..അത് ലെച്ചുവിനെ ഓർത്താണ്.. .. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചതാണ് ആ പാവം.. ഓടിത്തളർന്നു അഭയത്തിനായാണ് തന്റെ മുന്പിലെത്തിയത്.. എന്നാൽ ഇന്ന് ആ ഞാൻ അവൾക്കൊരു ഭീഷണിയായാലോ? ഓർക്കുംതോറും തലയ്ക്കാകെ ഭ്രാന്തുപിടിക്കുന്നു... ഉള്ളിൽ നുരയുന്ന സ്നേഹക്കടൽ അവളെ ചേർത്തുപിടിക്കാൻ വെമ്പുന്നു ... ലെച്ചുവിനോട് എന്ത് പറയാനാണ്..? വർഷയുടെ ഭീഷണി അവളറിഞ്ഞാൽ തകർന്നുപോകും.. അതുകൊണ്ടാണ് ഇത്രെയും നേരം ഒഴിഞ്ഞു നടന്നത്.. കുറച്ചുനേരം കുന്നിൻചരുവിൽപോയി തനിച്ചിരുന്നപ്പോൾ മനസ്സൊന്നു ശാന്തമായി... ഇനിയും ഒഴിഞ്ഞു നടന്നാൽ അവൾക്കത് സഹിക്കാൻ പറ്റില്ല.. ഒരിക്കലും വിഷമിപ്പിക്കില്ലയെന്നു വാക്കുപറഞ്ഞു ചേർത്തുപിടിച്ചതാണ് .. എന്തുവന്നാലും ചേർത്തുതന്നെ പിടിക്കും.. ഏട്ടാ... കോഫീ..

ലെച്ചുവിന്റെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്.. മ്മ്... അവൻ കൈനീട്ടി കോഫീ വാങ്ങി.. ഒരു സിപ് എടുത്തു.. ലെച്ചു... ഏട്ടാ.... അവന്റെ വിളി കാതോർത്തിരുന്നെന്നപോലെ അവൾ വിളികേട്ടു. ആ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു... തന്റെ മൗനത്തിനു അവളുടെ ഹൃദയത്തിൽ ഇത്രയും വലിയ മുറിവുണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു... വാ.. അവൻ കോഫീ ടേബിളിലേയ്ക് വെച്ച ശേഷം അവളെ കൈനീട്ടി വിളിച്ചു.. ഒരുകൊച്ചു കുഞ്ഞിനെപ്പോലെ അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ ഏങ്ങലുകൾ നിശബ്ദതയെ ഭേദിച്ചുകൊണ്ട് പുറത്തുവന്നിരുന്നു.. ലെച്ചു.. മോളേ... സോറി... കരയാതെ... വലംകൈയിനാൽ മുടിയിൽ മെല്ലെ തഴുകിക്കൊണ്ടവൻ പറഞ്ഞു.. പക്ഷേ.. ഏങ്ങലിന്റെ ഒച്ച കൂടിവന്നതേയുള്ളു.. ലെച്ചു.. മതി...

എനിക്ക് എന്നോട് തന്നെ ദേഷ്യമായിരുന്നെടി.. ഒരുത്തന്റെ കയ്യിന്നു എങ്ങനേലും ഇങ്ങനെ ചിറകിനടിയിൽ ഒതുക്കിനിർത്തിട്ട് പരുത്തിനെറിഞ്ഞുകൊടുക്കുന്നപോലെ... എന്നെ കാരണം നിനക്ക് എന്തേലും പറ്റിയാൽ പിന്നെ ഈ നന്ദൻ ഇല്ല മോളേ... അവളുടെ മുടിയിൽ മുഖം പൂഴ്ത്തിക്കൊണ്ടവൻ പറഞ്ഞു.. ഒരു ചെറു മിഴിനീർക്കണം ഗദ്ഗദത്തോടൊപ്പം അവന്റെ മിഴിയിൽ നിന്നും അവളുടെ മുടിക്കുള്ളിലൊളിച്ചു... അവരുടെ പരിഭവങ്ങൾക്ക് സാക്ഷിയായി ചന്ദ്രൻ കൂടുതൽ ശോഭയോടെ തെളിഞ്ഞു... അവന്റെ നെഞ്ചിടിപ്പുപോലും തന്റെ ദുഖങ്ങളെ അലിയിക്കുന്നതായവൾക്കു തോന്നി... താങ്ങും തണലുമായി ഒരാള് കൂടെയുടെങ്കിൽ എന്തുവന്നാലും നേരിടാനൊരു ശക്തിയൊക്കെ കിട്ടും.. പ്രത്യേകിച്ച് അത് നമ്മുടെ ജീവനേക്കാൾ വലുതാകുമ്പോൾ.... അവളോർത്തു.... ......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story