ലക്ഷ്മീനന്ദനം: ഭാഗം 20

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

എന്നെ കാരണം നിനക്ക് എന്തേലും പറ്റിയാൽ പിന്നെ ഈ നന്ദൻ ഇല്ല മോളേ... അവളുടെ മുടിയിൽ മുഖം പൂഴ്ത്തിക്കൊണ്ടവൻ പറഞ്ഞു.. ഒരു ചെറു മിഴിനീർക്കണം ഗദ്ഗദത്തോടൊപ്പം അവന്റെ മിഴിയിൽ നിന്നും അവളുടെ മുടിക്കുള്ളിലൊളിച്ചു... അവരുടെ പരിഭവങ്ങൾക്ക് സാക്ഷിയായി ചന്ദ്രൻ കൂടുതൽ ശോഭയോടെ തെളിഞ്ഞു... അവന്റെ നെഞ്ചിടിപ്പുപോലും തന്റെ ദുഖങ്ങളെ അലിയിക്കുന്നതായവൾക്കു തോന്നി... താങ്ങും തണലുമായി ഒരാള് കൂടെയുടെങ്കിൽ ....... എന്തുവന്നാലും നേരിടാനൊരു ശക്തിയൊക്കെ കിട്ടും.. പ്രത്യേകിച്ച് അത് നമ്മുടെ ജീവനേക്കാൾ വലുതാകുമ്പോൾ.... അവളോർത്തു.... ലെച്ചു.... അവളെ ഒന്നുകൂടിതന്നിലേയ്ക്ക് ചേർത്തുനിർത്തിക്കൊണ്ടവൻ വിളിച്ചു.... മ്മ്... ലെച്ചു പതിയെ തലയുയർത്തി അവന്റെ മുഖത്തേയ്ക്കു നോക്കി... എന്നോട് ദേഷ്യമുണ്ടോ ? എന്നെപ്പോലൊരാളെ തിരഞ്ഞെടുത്തത് തെറ്റായിപോയെന്നു തോന്നുന്നുണ്ടോ? ആ മിഴികളിൽ നോക്കിക്കൊണ്ടുതന്നെ ചോദിച്ചു... ചൂണ്ടുവിരലിനാൽ അവന്റെ ചുണ്ടുകളെ ബന്ധിച്ചുകൊണ്ട് ഇല്ലായെന്ന് തലയാട്ടി അവൾ അവന്റെ നെഞ്ചിൽ ചെവിയോർത്തുകൊണ്ടു പറഞ്ഞു...

ഇതുവരെ ഒരാളെ പ്രണയിച്ചിട്ടില്ല... ആദ്യം നന്ദേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും ആ വികാരം അത്രകണ്ട് തോന്നിയിട്ടില്ല.. എന്നാൽ ഇപ്പോൾ ഈ നെഞ്ചിടിപ്പിലാണ് എന്റെ ഹൃദയം തുടിക്കുന്നത് .. നിങ്ങളെനിക്ക് എന്തൊക്കെയോ ആണ്... അമ്മയെക്കണ്ട ഓർമയില്ല... ആ കരുതലും സ്നേഹവും ഞാൻ അറിയുന്നുണ്ട്.... എന്നെ ചേർത്തുപിടിക്കുമ്പോൾ.... കിട്ടാതെപോയ അച്ഛന്റെ വാത്സല്യം ആദ്യമായറിഞ്ഞത്... ഈ നിറഞ്ഞുതുളുമ്പുന്ന മിഴികളിലൂടാണ്... പിന്നേ... ഒരു കൂടപ്പിറപ്പിന്റെ.... നല്ലൊരു സുഹൃത്തിന്റെ... എങ്ങനാ പറയുക... എനിക്ക് നഷ്ടമായതും കൊതിച്ചതുമെല്ലാം അറിഞ്ഞുതരുന്നില്ലേ..... എന്റെ പ്രണയം നിന്നിൽതുടങ്ങി നിന്നിലവസാനിക്കുന്നു..... എന്റെ നന്ദേട്ടനെ എങ്ങനാ എനിക്ക് വേണ്ടാന്ന് തോന്നുക ? ലെച്ചു പറഞ്ഞു... അവളുടെ മനസിൽ തനിക്കിത്രയും സ്ഥാനങ്ങൾ.... നന്ദന് സന്തോഷം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ലെച്ചു.... മോളേ.... താഴെനിന്നും ലീലാമ്മ വിളിക്കുന്നത് കേട്ടപ്പോഴാണ് ഇരുവരും വിട്ടകന്നത്... ലെച്ചു താഴേയ്ക്കു പൊയ്ക്കോ... ഇല്ലേൽ അമ്മയിപ്പോ ഇങ്ങോട്ട് വരും...

ഒരുനിമിഷം കൂടി അവളെ മുറുകെ പുണർന്നു നെറുകയിൽ ചുണ്ട് ചേർത്തുകൊണ്ട് നന്ദൻ പറഞ്ഞു.. മ്മ്.. ശരി... സമ്മതം മൂളി തിരികെ നടക്കുമ്പോഴാണ് ടേബിളിലിരിക്കുന്ന കോഫീ അവൾ ശ്രദ്ധിക്കുന്നത്.. നന്ദേട്ടാ.... കോഫീ തണുത്തല്ലോ ? ഞാൻ വേറെ എടുത്തുവരാം? കപ്പ്‌ കൈയിലെടുത്തുകൊണ്ടവൾ പറഞ്ഞു. വേണ്ടടാ.... സാരമില്ല.. ഇങ്ങുതാ.... അവൻ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചുകൊണ്ട് കപ്പ്‌ തിരികെക്കൊടുത്തു.. സത്യത്തിൽ നിന്നെയൊന്നു കാണണമായിരുന്നു.. ഒന്നും പറയാതെ ഒരു വീർപ്പുമുട്ടലായിരുന്നു.. അതാ കോഫീ ചോദിച്ചേ... അമ്മയ്ക്ക് വയ്യാത്തോണ്ട് നീതന്നെ കൊണ്ടുവരുമെന്നറിയാമായിരുന്നു... തന്നെ നോക്കി നിൽക്കുന്ന ലെച്ചുവിന്റെ കവിളിൽത്തട്ടി പറഞ്ഞു.. ലെച്ചു ഒരു ചെറുചിരിയോടെ താഴേയ്‌ക്ക്‌പോയി... പുറകെ നന്ദനും ഇറങ്ങി വന്നു... ലീലാമ്മയോടൊപ്പം ലെച്ചുവും ചേർന്നു അത്താഴത്തിനുള്ളത് തീൻ മേശയിലേയ്ക് എടുത്തുവെച്ചു....

അപ്പോഴേയ്ക്കും നന്ദനും ചന്ദ്രനും ഇരുന്നുകഴിഞ്ഞിരുന്നു.... ലെച്ചുവും ലീലാമ്മയും അവർക്കു മറുവശം ഇരുപ്പുറപ്പിച്ചു... പരസ്പരം അത്താഴം പങ്കുവെച്ചുകഴിച്ചു തുടങ്ങി.... നന്ദാ..... നിനക്ക് കോളേജിൽ രണ്ടുദിവസം ലീവ് പറയാൻ പറ്റുവോ? ചപ്പാത്തി മുറിച്ചു കുറുമയിൽ മുക്കി വായിലേയ്ക്ക് വെയ്ക്കുന്നതിനിടയിൽ ചന്ദ്രൻ നന്ദനോടായി ചോദിച്ചു.... ക്ലാസ്സ്‌ തുടങ്ങിയല്ലേയുള്ളു അതുകൊണ്ട് ലീവ് എടുക്കാൻ വല്യ പ്രയാസമില്ല... എന്താ അച്ഛാ ? വേറൊന്നുമല്ല മുത്തശ്ശൻ വിളിച്ചിട്ടുണ്ടായിരുന്നു... നിങ്ങളെ ഒന്നുകണ്ടാൽ കൊള്ളാമെന്നു പറഞ്ഞു... ഈ ഒന്നാം തീയതിയല്ലേ കാവില് ഉത്സവം... ? എന്തോ വിശേഷാൽ പൂജകളൊക്കെ നിങ്ങളുടെ പേരിൽ നടത്തുന്നുണ്ട്.. അതിന്റെ അവസാനദിവസത്തെ പൂജയിൽ ഒരുമിച്ചു പങ്കെടുക്കണം... പാവം അവരുടെ ആഗ്രഹമല്ലേ മോനൊന്നു ലെച്ചുവിനെയും കൂട്ടി പോയിവാ... ലെച്ചുവിനെ നോക്കിക്കൊണ്ട് നന്ദനോടായി പറഞ്ഞു...

വീട്ടിൽ പോകുന്നകാര്യം കേട്ടപ്പോൾ മനസിൽ സന്തോഷം നിറഞ്ഞു.. എന്നാൽ വിശ്വന്റെ മുഖവും വാക്കുകളുമോർത്തപ്പോൾ അത് പതിയെ ഭയത്തിലേയ്ക് വഴിമാറി... അവളുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചെന്നോണം പേടിക്കണ്ടായെന്നവൻ കണ്ണടച്ചു കാണിച്ചു... അതുമതിയായിരുന്നു അവളുടെ മനസ്സിലെ ആധിയ്ക്കു ശമനം കിട്ടാൻ... അപ്പോൾ മാമയും ലീലാമ്മയുമൊന്നും വരണില്ലേ ? ലെച്ചു ചോദിച്ചു. ആഹ്ഹ് ! ഞങ്ങൾ പുറത്തെഴുന്നള്ളിപ്പിന് വരാം മോളേ.... ഭാനുവിന് ഞായറാഴ്ച മാത്രല്ലേ ലീവ് കിട്ടുള്ളു.. ലീലാമ്മ പറഞ്ഞു... ആഹ്ഹ് ! നന്ദാ അപ്പോൾ നാളെ രാവിലെ തിരിച്ചോളൂ കേട്ടോ ? നേരത്തെ തിരിച്ചാല് വൈകുന്നേരം കാവിലും തൊഴാം... കഴിച്ചെഴുന്നേൽക്കുന്നതിനിടയിൽ ചന്ദ്രൻ പറഞ്ഞു... ശരി അച്ഛാ..... നന്ദനും കഴിച്ചെഴുന്നേറ്റു.. അടുക്കളയിൽ ലീലാമ്മയെ സഹായിച്ച ശേഷം ലെച്ചു മുകളിലേയ്ക്കു ചെന്നപ്പോൾ ബാൽക്കണിയിലെ ഉഞ്ഞാലയിലിരിക്കുകയായിരുന്നു നന്ദൻ..

ഒന്നു നോക്കിയശേഷം റൂമിലേയ്ക്ക് തിരിഞ്ഞപ്പോൾ നന്ദന്റെ വിളി വന്നു.. ലെച്ചു.... ഇവിടേയ്ക്ക് വാ.... അവൾ തിരിഞ്ഞു അവിടേയ്ക്കു ചെന്നു.... അവൻ അവളുടെ കൈപിടിച്ച് അവനരികിലായിരുത്തി... ദാ.... ഇതുവെച്ചോ... ലെച്ചുവിന്റെ കൈയിലേയ്ക് ഒരു കവർ വെച്ചുകൊടുത്തുകൊണ്ടു പറഞ്ഞു... ഇതെന്താ നന്ദേട്ടാ... അവൾ കവറിനകത്തേയ്ക് കൈയിട്ടു പൊതി പുറത്തെടുത്തുകൊണ്ട് ചോദിച്ചു.. നോക്ക് പെണ്ണേ.... അല്ലാണ്ട് എങ്ങനെ അറിയാനാ... അവൾ പൊതിതുറന്നു നോക്കി.. ഒരു ബോക്സ്‌.... സ്മാർട്ഫോണിന്റെ.... പതിയെ അതുതുറന്നു നോക്കി.. ഒരു സ്മാർട്ഫോൺ ആയിരുന്നു പുതിയ മോഡൽ.... ലെച്ചു അത്ഭുതത്തോടെ നന്ദനെ നോക്കി.. എന്താടി ഉണ്ടക്കണ്ണി... നോക്കണേ ? നിനക്കാ.... കുറച്ചു നാളായി കരുതാണ് ഒന്നുമേടിച്ചു തരണമെന്ന്.... കോളേജിൽ വെച്ച് എന്തേലും ഉണ്ടെങ്കിൽ മെസ്സേജ് ചെയ്യുകയോ വിളിക്കുവോ ചെയ്യാല്ലോ ? ലെച്ചു അത് തിരിച്ചും മറിച്ചും നോക്കി.. എന്നാലും നന്ദേട്ടാ ഇപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ? ഉണ്ട്... ഇപ്പോൾ ആവശ്യമുണ്ട്.... സ്റ്റാഫ്‌റൂമിൽ ഇരിക്കുമ്പോൾ ഒരു നൂറുവട്ടം ക്ലാസ്സിലേയ്ക്കാ ഞാൻ നോക്കണേ.. ഇപ്പോൾ ആ വർഷവും കൂടി... പെട്ടെന്ന് അവളുടെ കാര്യം നാവിൽനിന്നുവീണപ്പോൾ അവൻ പറഞ്ഞുനിർത്തി... പേടിയാടി....

ലെച്ചു തന്നേ നോക്കുന്നതുകണ്ടു പറഞ്ഞു... എന്തിനാ പേടിക്കണേ നന്ദേട്ടാ... എനിക്കൊന്നും പറ്റില്ല... അവൾ ഉള്ളിലെ വേവലാതി മറച്ചുകൊണ്ട് അവനോട് പറഞ്ഞു... ഇപ്പോൾ ഇതിന്റെയൊന്നും ആവിശ്യമില്ലന്നെ പറഞ്ഞുള്ളു... അല്ലേല് ഒരു കുഞ്ഞു ഫോൺ പോരായിരുന്നോ ? ഇപ്പോൾ ഇത്രയും വിലകൊടുത്തു എനിക്കായി ഇത് വാങ്ങണമായിരുന്നോ ? ലെച്ചു അവനെ നോക്കി ചുണ്ടുകൂർപ്പിച്ചു.. നിന്നോളം വിലപ്പെട്ടതല്ല എനിക്കൊന്നും... അതേടി.... നിന്നോളം വിലപ്പെട്ടതല്ല എനിക്കൊന്നും.... അതുകൊണ്ട് മോളിനി ഒന്നും പറയണ്ട... പിന്നേ അവളൊന്നും പറയാൻ നിന്നില്ല... നന്ദേട്ടാ ഞാൻ ഇതുവരെ മൊബൈലൊന്നും ഉപയോഗിച്ചിട്ടില്ല... വീട്ടിൽ ലാൻഡ് ഫോണുണ്ട്... അതേ അറിയുള്ളു... ലെച്ചു നിഷ്കളങ്കമായി പറഞ്ഞു... അതൊന്നും സാരമില്ല... നീയിപ്പോ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.. ഒരു ഡിഗ്രി സ്റ്റുഡന്റ് അല്ലേ... ഒരുവട്ടം കാണുമ്പോൾ എല്ലാം മനസ്സിലാകും.. നോക്ക് ഞാൻ പറഞ്ഞുതരാം..

നന്ദൻ ഫോൺ കൈയിലെടുത്തു ഓരോന്നായി പറഞ്ഞു കൊടുത്തു.. ഒരുകൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെല്ലാം നോക്കിക്കണ്ടു... വളരെ സീരിയസ് ആയി ഓരോന്ന് പറഞ്ഞുകൊടുക്കുകയാണ് നന്ദൻ... ഇപ്പോൾ അവൻ തികച്ചും ഒരു അധ്യാപകനായെന്നു അവൾക്കുതോന്നി... ഒരുപാട് നേരം സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും റൂമിലേയ്ക്ക് പോയത്.. രാവിലെ വളരെ നേരത്തെതന്നെ ഇരുവരും പാലക്കാടേക് തിരിക്കാൻ തീരുമാനിച്ചു... ചായ കഴിഞ്ഞു പോകാനായിറങ്ങിയപ്പോഴേയ്ക്കും ഭാനു ജോലികഴിഞ്ഞു വന്നിരുന്നു... ലെച്ചു നാട്ടിലേയ്ക്ക് പോകുന്നതിനാൽ ദാവണിയാണ് ഇട്ടത്.. നന്ദൻ വഴക്കുപറയുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല.. ഒരുപാട് ദിവസങ്ങൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവരേ കാണാൻ പോകുന്നതിന്റെ സന്തോഷവും വിശ്വന്റെ കാര്യമോർത്തുള്ള പേടിയും ഒരേപോലെ മനസിൽ നിറഞ്ഞിരുന്നു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story