ലക്ഷ്മീനന്ദനം: ഭാഗം 23

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

പെട്ടെന്നാണ് കുളപ്പുരയ്ക്കടുത്തായി എന്തോ ശബ്ദം കേട്ടപോലെ നന്ദന് തോന്നിയത്.. നിവർന്നുനോക്കിയപ്പോൾ ആരോ പുറത്തേക്കോടുന്നതാണ് കണ്ടത്.. നന്ദന്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.. ലെച്ചു... ലെച്ചു.. മോളേ... നന്ദൻ ഒട്ടും ആലോചിക്കാതെ അവിടേയ്ക്കോടി.. കുളപ്പുര വാതിൽക്കലെത്തിയപ്പോൾത്തന്നെ കണ്ടു... കുളത്തിനുനടുവിലായി മുങ്ങിത്താഴുന്ന ലെച്ചുവിനെ.... മുഖത്തുകെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കവർ കാഴ്ചയ്ക്കും ശബ്ദത്തിനുമൊപ്പം പ്രാണവായു കൂടി വിലക്കിയപ്പോൾ ..... നീന്തിത്തുടിച്ച ജലപ്പരപ്പിൽത്തന്നെ തന്റെ മരണം ലെച്ചു മുന്നിൽക്കണ്ടു... പ്രാണവായു കിട്ടാത്ത നിമിഷം ഒരു ജീവിയെസംബന്ധിച്ചിടത്തോളം ഓർക്കാൻ കഴിയില്ലല്ലോ ? ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് തന്നേ ആരോ എടുത്തുയർത്തിയതും മുഖത്തെ കവർ മാറ്റപ്പെട്ടതും അവൾ അറിഞ്ഞത്..

വെപ്രാളത്തോടെ അതിലേറെ ആശ്വാസത്തോടെ ശ്വാസം ആഞ്ഞുവലിച്ചു നോക്കിയപ്പോൾ തന്നേ ജലപ്പരപ്പിൽ ഉയർത്തി നിൽക്കുന്ന നന്ദനെയാണ് കണ്ടത്.. അപ്പോഴും ഇരുകൈകളും അവന്റെ ഷിർട്ടിൽ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു... ആകെത്തളർന്നതിനാൽ ലെച്ചു നന്ദന്റെ കൈകളിൽ വാടിവീണു... മോളേ ലെച്ചു... എഴുന്നേൽക്കടാ..... നന്ദൻ പേടിയോടെ വിളിച്ചു... ഉടനെത്തന്നെ നീന്തി കരയ്ക്കു കല്പടവിൽ കിടത്തി.... വയറ്റിൽ ശക്തിയായി അമർത്തി വെള്ളം പുറത്തുകളഞ്ഞു... ലെച്ചു ചുമച്ചുകൊണ്ട് കണ്ണുതുറന്നു... ന...ന്ദേട്ടാ.... ലെച്ചു പതിയെ വിളിച്ചു... ലെച്ചു..... നന്ദൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ഉമ്മകൾ കൊണ്ടു മൂടി... നഷ്ടപ്പെട്ടുവെന്ന് കരുതിയ നിധി തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു നന്ദന്... ലെച്ചു കൺതുറന്നപ്പോൾ മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു...

അടുത്തുതന്നെ നന്ദനും മുത്തശ്ശനുമുണ്ട്.... എന്താ മോളേ പറ്റിയെ ? നന്ദൻ മോളെ ഇങ്ങട്‌ കൊണ്ടുവരുമ്പോൾ ഞങ്ങൾ ആകെ പേടിച്ചുപോയി.... മുത്തശ്ശി കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു.. അതേ മോളെ... കുട്ടിക്കാലം മുതൽ നിനക്ക് പരിചയമുള്ള കുളത്തില്.. അതും നീന്തല് വശമുള്ള എന്റെ കുട്ടി വീണുന്നു പറഞ്ഞാല് എനിക്ക് വിശ്വസിക്കാൻ പറ്റില്ല.. മുത്തശ്ശൻ അവളുടെ അടുത്തായി വന്നിരുന്നു മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു... ലെച്ചു നന്ദനെ നോക്കി... ജനലിനരികിൽ കസേരയിൽ തന്നെത്തന്നെ നോക്കിയിരിക്കുന്നു... മുഖം കണ്ടാലറിയാം ആകെ ടെൻഷനടിച്ചിരിക്കാണ്.. മുത്തശ്ശാ.... അത്.... നന്നായിട്ട് എനിക്കും ഓർമകിട്ടുന്നില്ല... കുളപ്പുരയിലേയ്ക് കയറിയപ്പോൾ ആരോ ഒരാൾ...... മുഖത്തേയ്ക്കു എന്തോ കൊണ്ട് വരിഞ്ഞുകെട്ടിയതോർമയുണ്ട്... പിന്നെ ഓർക്കുമ്പോൾ ശ്വാസം കിട്ടാതെ വെള്ളത്തിൽ ഒന്നിനും കഴിയാതെ.... വാക്കുകൾ മുഴുമിപ്പിക്കാനാകാതെയവൾ കിതച്ചു... ലെച്ചു... അധികം സംസാരിക്കേണ്ട... റസ്റ്റ്‌ എടുത്തോളൂ....

എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.... അതും പറഞ്ഞു നന്ദൻ പുറത്തേയ്ക്കു നടന്നു.. നന്ദേട്ടാ... വേണ്ട... ഒന്നും പറ്റിയില്ലല്ലോ.. ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.. എനിക്ക് പേടിയാ... നന്ദന്റെ പോക്കുകണ്ട്‌ പേടിയോടെ ലെച്ചു വിലക്കി... അതേ മോനേ അവനോടു നേരിട്ട് ഒന്നിനും പറ്റില്ല... ദുഷ്ടനാ.. ഇതും അവന്റെ പണിയായിരിക്കും.. അവനുള്ളത്‌ ദേവി കൊടുത്തോളും... നന്ദന്റെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് മുത്തശ്ശൻ പുറത്തേയ്ക്കു പോയി.. മോള് കിടന്നോ ... മുത്തശ്ശി കാവിലേയ്ക് പോകാനുള്ളതൊക്കെ നോക്കട്ടെ.. പൂജയുള്ളതല്ലേ നേരത്തെ പോകണം.. മോള് നന്ദന്റെ കൂടെ വന്നാൽ മതി... മ്മ്... ശരി മുത്തശ്ശി... ലെച്ചു തലയാട്ടി സമ്മതിച്ചു.. നന്ദൻ തിരികെ ലെച്ചുവിനടുത്തായി വന്നിരുന്നു... അവളുടെ മുഖത്തുനോക്കാതെ ദൂരേയ്ക്ക് ദൃഷ്ടിയൂന്നിയിരുന്നു.. നന്ദേട്ടാ... ദേഷ്യപ്പെടാതെ .... ലെച്ചു പറഞ്ഞു.. എന്നാൽ നന്ദൻ ഇതൊന്നും ശ്രദ്ധിക്കാത്തപോലെയിരുന്നു .. നന്ദേട്ടാ.. ദാ ഇങ്ങോട്ട് നോക്കിയേ... ലെച്ചു മുഖം മെല്ലെ തന്റെ നേരെ തിരിച്ചു.. മിണ്ടാണ്ട് കിടക്ക് ലെച്ചു...

നന്ദൻ ശക്തിയിൽ കൈ തട്ടിമാറ്റി .... പിന്നെ പതിയെ ലെച്ചുവിന് നേരെ തിരിഞ്ഞിരുന്നവൻ പറഞ്ഞു.. മോളേ.... ഞാനെത്ര പേടിച്ചുന്നറിയോ ? ഒരുനിമിഷം എന്റെ ജീവൻ പോയപോലെ തോന്നി... നിനക്കെന്തെലും പറ്റിയിരുന്നേല്.. എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല... എന്നിട്ട് ഇത് അങ്ങനെ വിട്ടുകളയാൻ പറ്റുമോ ? അവൻ കരുതി ഇറങ്ങിയേക്കുവാ... ആദ്യം ആർദ്രമായ നന്ദന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകുന്നതവൾ കണ്ടു. അതല്ല നന്ദേട്ടാ... ഇതിന്റെ പുറകെപോയി... നന്ദേട്ടനെന്തേലും പറ്റുവൊന്നുള്ള പേടികൊണ്ടാ .. അല്ലാണ്ട് ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞല്ല... ലെച്ചു ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.. സോറി ലെച്ചു.. ഞാനും അപ്പോഴത്തെ ദേഷ്യത്തിൽ പോട്ടേ.... നന്ദൻ അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.. ലെച്ചു.. നീ കിടന്നോ... കുഴപ്പമൊന്നുമില്ലേല് സന്ധ്യയ്ക്കു കാവിൽ പോകാം.. നന്ദേട്ടാ....

എഴുന്നേൽക്കാൻ തുടങ്ങിയ നന്ദനെ അവൾ കൈയില്പിടിച്ചുനിർത്തി.. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്നപോലെയവൻ പറഞ്ഞു... യദുവിനോട് പറഞ്ഞിട്ടുണ്ട്.. കംപ്ലയിന്റ് കൊടുക്കണം... അവൻ വരാമെന്നു പറഞ്ഞിട്ടുണ്ട്... അല്ലാണ്ട് ഞാൻ നേരെ പോയി വിശ്വനിട്ടു പൊട്ടിയ്ക്കാനൊന്നും പോകണില്ല... കുസൃതിച്ചിരിയോടെ അതും പറഞ്ഞവൻ പുറത്തേയ്ക്കു പോയി... ലെച്ചുവിനെ ആശ്വസിപ്പിച്ചു നിർത്തിയെങ്കിലും ഇതുകൊണ്ടൊന്നും വിശ്വൻ അടങ്ങിയിരിക്കില്ലെന്നു നന്ദനറിയാമായിരുന്നു... യദുവിന്റെ നമ്പർ ഫോണിൽ ഡയൽ ചെയ്തു ചെവിയോട് ചേർത്തു നന്ദൻ തൊടിയിലേക്കിറങ്ങി... കഴിഞ്ഞുപോയ നിമിഷങ്ങളുടെ പ്രതിഭലനമെന്നോണം ഏറിവന്ന നെഞ്ചിടിപ്പ് അപ്പോഴും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.. ഇതേസമയം കളപ്പുരയ്ക്കൽ തറവാടിന്റെ ഉമ്മറത്തു കലിപൂണ്ടു നടക്കുകയായിരുന്നു വിശ്വൻ... സാബ്... അബദ്ധം പറ്റിപ്പോയി... ആ ചെറുക്കൻ വരുന്നകണ്ടാ കളപ്പുരയിൽ വാതിലിനു പുറകിൽ ഒളിച്ചുനിന്നെ..

പക്ഷേ വന്നത് ആ പെണ്ണായിരുന്നു... അവളാണേൽ എന്നെ കാണുകേം ചെയ്തു.. അപ്പോപ്പിന്നെ പെട്ടെന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിൽ പറ്റിപ്പോയതാ... രഘു പറഞ്ഞു... മിണ്ടിപ്പോകരുത്.... അവൾക്കെന്തെലും പറ്റിയിരുന്നേല് നിന്നെ നിന്നനില്പിൽ കത്തിച്ചേനെ ഞാൻ... കൈയിൽ മുറുക്കിയ ഇടിവളയോടെ രഘുവിന്റെ മൂക്കിന്‌നോക്കിയൊന്നു പൊട്ടിച്ചുകൊണ്ടവൻ പറഞ്ഞു.. വിശ്വാ..... പെട്ടെന്ന് ഘന ഗാംഭീര്യമുള്ളൊരു ശബ്ദം അവിടെ മുഴങ്ങി.. വിശ്വന്റെ അച്ഛൻ വിശ്വനാഥൻ..... വിശ്വാ... വിട്ടേക്കവനെ... അവൾക്കൊന്നും പറ്റിയില്ലല്ലോ ? അയാൾ കൂടെയുള്ള കാര്യസ്ഥൻ പണിക്കരുടെ കൈയിലെ വെറ്റിലച്ചെല്ലത്തിൽ ആഞ്ഞു തുപ്പിക്കൊണ്ട് പറഞ്ഞു.. ഇല്ലച്ഛാ.. അങ്ങനെ വിട്ടുകളയാൻ പറ്റില്ല.. നല്ല ഒരു അവസരമാണ് ഈ $$$$$ നശിപ്പിച്ചിട്ട് വന്നേക്കുന്നത്.. ആ നന്ദഗോപനെ ഒരു ഈച്ചപോലും അറിയാതെ കൊന്നുതള്ളാനുള്ള സുവർണാവസരമാണ് നശിപ്പിച്ചിട്ട് വന്നുനിൽക്കണേ... വിശ്വൻ രഘുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു..

ടാ.. നിന്നോടാ പറഞ്ഞേ അവനെ വിടാൻ... നിന്റെ അമർഷം എനിക്ക് മനസ്സിലാകും... ഒരുതവണ പിഴച്ചുന്നു വെച്ച് ഇങ്ങനെ ദേഷ്യപ്പെടാതെ... അങ്ങ് തിരുവനന്തപുരത്തുപോയി അവനെ തീർത്തു അവളേം പൊക്കിവരാമെന്നു കണക്കുകൂട്ടിയിരുന്ന നമുക്ക് മുന്നിൽ അവൻ ദേ ഇങ്ങോട്ട് വന്നു തലവെച്ചുതന്നേക്കല്ലേ... നമ്മുടെ നാട്ടിൽ ചാകാൻ വന്ന അവനെ ഇനി വെച്ചുപൊറുപ്പിക്കണോ? വിശ്വനാഥൻ ചാരുകസേരയിലേയ്ക്കിരുന്നുകൊണ്ടു ചോദിച്ചു.. അവൻ എന്റെ ലിസ്റ്റിലെ ഉണ്ടായിരുന്നില്ല... പക്ഷേ അന്ന് കണ്ടപ്പോൾ എന്റെ കൈയിൽ നിന്നും അവളെ തട്ടിപ്പറിച്ചു വെല്ലുവിളിച്ചിരിക്കുന്നു... ഈ വിശ്വനെ ആരും ഇതുവരെ എതിർത്തിട്ടില്ല... എതിർത്തവരെ വേരോടെ നശിപ്പിച്ചിട്ടുമുണ്ട്.. അപ്പോൾ തുടങ്ങിയ വാശിയാ അവനെ കൊന്നുതന്നെ അവളെ സ്വന്തമാക്കണമെന്ന്... ടാ.. വന്നുവന്ന് എന്റെ മോന് അവളോട് ദിവ്യപ്രേമം തുടങ്ങിയോ? വിശ്വനാഥൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. ദിവ്യപ്രേമമോ ? എനിക്കോ ?

അച്ഛൻ അവളുടെ സ്വത്തിൽ കണ്ണുവെച്ചില്ലേ അതുപോലെ ഒരു കണ്ണ് എനിക്ക് അവളിലുമുണ്ട്.... അച്ഛനറിയാല്ലോ കുഞ്ഞുനാളുമുതൽ ഞാൻ നോട്ടമിട്ടു വെച്ചേക്കണ പെണ്ണാ അവള്... ഈ വിശ്വൻ ഒരു പെണ്ണിനെ ആഗ്രഹിച്ചാൽ അവളെ സ്വന്തമാക്കിയിരിക്കും... എന്തുവിലകൊടുത്തും.... തീയാളുന്ന കണ്ണുകളിൽ അതുപറയുമ്പോൾ ഒരു ഗൂഢസ്മിതം വിരിഞ്ഞിരുന്നു .. ലക്ഷ്മി.... ഞാൻ ഇതുവരെ ആഗ്രഹിച്ചതിൽ ഏറ്റവും മുൻപിൽ.. ആഗ്രഹിച്ചത് ആ നിമിഷം നേടിയാണ് ശീലം.. പക്ഷേ ഇവിടെ അവളെ മാത്രം പോരല്ലോ ... അവളുടെ സ്വത്തു കിട്ടണമെങ്കിൽ വിവാഹം കൂടി കഴിക്കണ്ടേ.... കാക്കയ്കും കഴുകനും കൊടുക്കാതെ ആറ്റുനോറ്റ് ഞാൻ സൂക്ഷിച്ചതിനു പെട്ടെന്ന് ഒരു അവകാശിവന്നാൽ...

ഇല്ല.... സമ്മതിക്കില്ല ഈ വിശ്വൻ... ഇനി താമസിക്കില്ല.... അവളെ ഇന്നുതന്നെ ഞാൻ സ്വന്തമാക്കിയിരിക്കും.... അവന്റെ മുന്നിൽ എനിക്ക് ജയിച്ചുകാണിക്കണം... എടാ.. വിശ്വാ.. നീ എടുത്തുചാടി അബദ്ധമൊന്നും കാണിക്കരുത്... അറിയാല്ലോ ഒന്നും രണ്ടുമല്ല കോടിക്കണക്കിനു വകയാണ് ... അവൾക്കെന്നതേലും പറ്റിയാല് അറിയാല്ലോ ? അതും അവളെ നിയമപൂർവം വിവാഹം ചെയ്യണം.... അച്ഛനൊന്നടങ്ങു് ... എനിക്കറിയാം... ഒന്നും മിണ്ടാതെ അവളു തന്നെ ഈ വിവാഹത്തിന് സമ്മതിക്കും... അതുംപറഞ്ഞു വിശ്വൻ പുറത്തേയ്ക്കു പോയി................. (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story