ലക്ഷ്മീനന്ദനം: ഭാഗം 27

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

പ്രിയ.... ഒരുപാട് നാളുകൾക്കു ശേഷം കേൾക്കുകയാണ് ഈ വിളി... തന്നെ എല്ലാവരും ഭാനുവെന്നുവിളിക്കുമ്പോൾ ഭാനുപ്രിയയെ ഞാൻ പ്രിയയെന്നെ വിളിക്കുള്ളുന്നു പറഞ്ഞത് യദു തന്നാണ്... ഈ വിളിയിലൂടെയാണ് സൗഹൃദം നിറം മാറി പ്രണയമായി തന്റെയുള്ളിൽ നിറഞ്ഞത്.. അവളോർത്തു.. സുഖമാണോടോ? തലകുനിച്ചുതിരിഞ്ഞുനിൽക്കുന്ന അവളോടായവൻ ചോദിച്ചു... മ്മ്.. സുഖം... ഒറ്റവാക്കിൽ ഉത്തരം നൽകി.. തനിക്കെന്നോടൊന്നും ചോദിക്കാനില്ലേടോ ? മൗനമായി തനിക്കുമുന്പിൽ നിൽക്കുന്ന ഭാനുവിനോടായവൻ ചോദിച്ചു... താൻ എന്തു ചോദിക്കാനാണ് ? അവൾ മനസ്സിലോർത്തു.. യദു... മോനേ നീ എപ്പോൾ വന്നു ? ചന്ദ്രൻ തോർത്തുകൊണ്ട് മുഖം ഒപ്പിക്കൊണ്ട് ചോദിച്ചു.. കുറച്ചുനേരമായി ചന്ദ്രന്മാമേ..... യദു ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. ഏയ് ! ഇരിക്ക്... എഴുന്നേൾക്കൊന്നും വേണ്ട.. ഞാൻ പറമ്പിലേയ്ക്കൊക്കെ ഒന്നിറങ്ങിയതാ.. അവിടെയും രാവിലെ ഇത് പതിവാ... അതുകൊണ്ട് വെറുതെയിരിക്കാൻ തോന്നില്ല... യദുവിനടുത്തായി ചെറുപടിയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. അച്ഛാ... ചായയെടുക്കട്ടെ ? ഭാനു ചോദിച്ചു..

ആഹ് ! ശരി മോളേ... യദു... ഇന്നലെ നന്നായി പേടിച്ചു.. കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ.... എനിക്ക് ഓർക്കാൻ കൂടി വയ്യ... അയാൾ ആവലാതിയോടെ പറഞ്ഞു.. അതേ ചന്ദ്രാ... അവൻ എന്തൊക്കെയാ ഇവിടെവന്നു കാട്ടിക്കൂട്ടിയെന്നറിയോ ? എന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയിരുന്നേൽ ഈ വൃദ്ധജന്മം അവസാനിപ്പിച്ചേനെ... അവിടേയ്ക്കു വന്ന മുത്തശ്ശൻ പറഞ്ഞു.. മുത്തശ്ശൻ വിഷമിക്കാതെ ഒന്നും പറ്റിയില്ലല്ലോ..? ഇനി കുറച്ചുനാളത്തേയ്ക് അവന്റെ ശല്യം കാണില്ല.. ബാക്കിയൊക്കെ നമ്മൾക്ക് ശരിയാക്കാം... യദു ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.. അതേ.... അച്ഛൻ വിഷമിക്കാതിരിക്ക്... അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തോന്നിയത് ഭാഗ്യം.... ചന്ദ്രൻ പറഞ്ഞു.. ഇനി അവരുടെ താലികെട്ട് കൂടി കാണാനുള്ള ഭാഗ്യം കാവിലമ്മ തന്നാൽ മതിയായിരുന്നു.. മുത്തശ്ശൻ പ്രാർത്ഥനയോടെ പറഞ്ഞു.. എല്ലാം നടക്കും അച്ഛാ... ഭാനുവിന് കൂടി ഒന്നു ഒത്തുവന്നാൽ മതിയായിരുന്നു... ചന്ദ്രൻ വിഷമത്തോടെ പറഞ്ഞു.. അതുകേട്ടപ്പോൾ യദുവിന്റെ മുഖം കുനിഞ്ഞു. എന്താ ചന്ദ്രാ... മോൾക്ക് ഒന്നുമങ്ങു ഉറയ്ക്കാത്തത് ...

എന്തെങ്കിലും ദോഷം ഉണ്ടോ ജാതകത്തിൽ മുത്തശ്ശൻ തിരക്കി.. കഴിഞ്ഞ ആഴ്ച കൂടി ഒരു നല്ല ആലോചന വന്നതാ... അതുമാത്രമോ എത്രയെത്ര ആലോചനകളാ വന്നു പോയത്.. ഒക്കേത്തിനും അവൾക്കു എന്തേലും കാരണം കാണും... കുറച്ചുകൂടി കഴിയട്ടെന്നാ പറയണേ ? എന്തുചെയ്യാനാ അവളുടെ ഇഷ്ടമല്ലേ പ്രധാനം.. എല്ലാം ശരിയാകാൻ ദേവിക്ക് വഴിപാട് പറഞ്ഞേക്കാ ലീല... അതാ പിടിച്ചപിടിയാലേ ഇങ്ങു പോന്നത്.. ചന്ദ്രൻ വിഷമത്തോടെ പറഞ്ഞു... യദുവിന് ഇത് തികച്ചും പുതിയ അറിവായിരുന്നു.. അവളുടെ ഇഷ്ടം അന്ന് തള്ളിക്കളയുമ്പോൾ പറഞ്ഞവാക്കുകൾ ഇപ്പോഴും തന്റെ കാതുകളിൽ മുഴങ്ങുന്നതായവന് തോന്നി.. പ്രിയാ... എനിക്ക് നിന്നെ മനസ്സിലാകും... ഈ തോന്നുന്നതൊക്കെ പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ്... അതുകൊണ്ട് നീ ഇതോർതിരിക്കാതെ നന്നായി പഠിക്കാൻ നോക്ക്... പിന്നെ എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്... എനിക്കൊരു ജോലി ശരിയായശേഷം വിവാഹം ഉണ്ടാകും... തലയിൽ ഒരിരമ്പമായി സ്വന്തം വാക്കുകൾ അലയടിച്ചപ്പോൾ ഉള്ളിൽ അടങ്ങാത്ത കുറ്റബോധം നിറഞ്ഞുതുളുമ്പി..

ഭാനുവിന്റെ വിവാഹം നടത്തിയിട്ടുവേണം നന്ദന്റെ കാര്യം മുന്നോട്ട് നടത്താൻ... ചന്ദ്രൻ മുത്തശ്ശനോടായി പറഞ്ഞു... അച്ഛാ.... ഏട്ടന്റെ വിവാഹം നടത്തിക്കൂടേ... അതുകഴിഞ്ഞു പെട്ടെന്ന് തന്നെ എന്റെയും നടത്താമല്ലോ ? ചന്ദ്രന് ചായയുമായി വന്ന ഭാനു ഇതുകേട്ട് പറഞ്ഞു... അങ്ങനെയെങ്കിലും നന്ദന്റെ വിവാഹം മുന്നോട്ട് കൊണ്ടുപോകട്ടെയെന്നവൾ കരുതി... ഇല്ല മോളേ... അത് ശരിയല്ല... ആദ്യം പെങ്കുട്ട്യോളുടെ അതുകഴിഞ്ഞുമതി നന്ദന്റെ... മുത്തശ്ശൻ തറപ്പിച്ചുപറഞ്ഞു.. അല്ലെങ്കിലും ഞാൻ സമ്മതിക്കില്ല... നിന്നെ ഒരു സുരക്ഷിതമായ കൈയിൽ ഏൽപ്പിച്ചിട്ടു മതി എനിക്കൊരു ജീവിതം.. അവിടേയ്ക്കു ലെച്ചുവിനൊപ്പം അമ്പലത്തിലേയ്ക് പോകാനായി ഒരുങ്ങിവന്ന നന്ദൻ ഇതുകേട്ട് പറഞ്ഞു... ഏട്ടാ... ഭാനു ദയനീയമായി വിളിച്ചു... അച്ഛാ... എനിക്ക് വിവാഹത്തിന് സമ്മതമാണ്... ഇനി ഞാൻ ഒന്നിനും എതിരുനിൽക്കില്ല.. എല്ലാം അച്ഛനും ഏട്ടനും തീരുമാനിച്ചോളൂ...

അതുപറയുമ്പോൾ അറിയാതെ ഭാനുവിന്റെ കണ്ണുകൾ യദുവിലേയ്ക് ഒരുവേള സഞ്ചരിച്ചു... പറഞ്ഞുകഴിഞ്ഞപ്പോഴേയ്കും അവളുടെ കൺകോണിൽ പൊടിഞ്ഞ നീർമുത്തുകൾ നെഞ്ചിൽ ചോരപൊടിയ്ക്കുന്നതായി യദുവിന് തോന്നി... ഭാനു ഊറി വന്ന സങ്കടം ഒതുക്കാൻ പാടുപെട്ടുകൊണ്ടു തിരിഞ്ഞുനടന്നു.. ഭാനു.... നിന്റെ മുന്നിലെ തടസം എന്താണെന്നു ഞാൻ ചോദിക്കുന്നില്ല... കാരണം അത് പറയുമായിരുന്നെങ്കിൽ ഇതിനോടകം നീ പറഞ്ഞേനെ.. പക്ഷേ.... എന്നെയോർത്തു നിന്റെ മനസിൽ ഒന്നും അടിച്ചേൽപ്പിക്കരുത്.... നിന്റെ സന്തോഷത്തിനുവേണ്ടി കാത്തിരിക്കാൻ ഈ ഏട്ടൻ തയ്യാറാണ്.... അതിനി എത്ര നാൾ വേണമെങ്കിലും... തന്റെ തീരുമാനം പറഞ്ഞുകഴിയുമ്പോഴേയ്ക്കും ഭാനു അവനെ മുറുകെ ചുറ്റിപിടിച്ചു കഴിഞ്ഞിരുന്നു... തന്റെ നെഞ്ചിൽ ചേർന്നുനിന്നു വിങ്ങുന്ന പെങ്ങളെ ചേർത്തുപിടിക്കുമ്പോഴും തന്റെ തീരുമാനം ലെച്ചുവിനെ വിഷമിപ്പിച്ചോയെന്ന വേദന ഉള്ളിൽ നിറഞ്ഞു.. ലെച്ചുവിനെ നോക്കി കണ്ണുകൾ കൊണ്ടു മാപ്പ് ചോദിക്കുമ്പോഴേയ്ക്കും ലെച്ചു പുഞ്ചിരിയോടെ അവന് മൗനാനുവാദം നൽകി...

ഒരു നോട്ടം കൊണ്ടുപോലും തന്റെ മനസ്സിന്റെ സങ്കടങ്ങൾ അലിയിച്ചുകളയുന്ന ലെച്ചുവിന്റെ സ്നേഹത്തിനുമുന്നിൽ താൻ തീരെ ചെറുതായെന്നവന് തോന്നി... ഇല്ലയേട്ടാ.... എനിക്ക് സമ്മതമാണ്.. ഈ സ്നേഹത്തിന് മുൻപിൽ എങ്ങനെയാണ് തോൽക്കാതിരിക്കുക... അവളോർത്തു... എന്താ കുട്ടികളെ.... നല്ലൊരു ദിവസായിട്ട്...? പെട്ടെന്ന് ഇറങ്ങാൻ നോക്ക് മക്കളെ... പൂജ തുടങ്ങാറായിക്കാണും മുത്തശ്ശൻ ഓർമിപ്പിച്ചു.... നന്ദനും ലെച്ചുവും മുന്നിലും തൊട്ടുപുറകിലായി യദുവും ഭാനുവും നടന്നു.... യാധുവിനൊപ്പം നടക്കാൻ തെല്ലു മടിതോന്നിയിട്ടെന്നോണം ഭാനു നടത്തത്തിനു കുറച്ച് വേഗത കുറച്ചു... ലെച്ചു... ഞാൻ ഭാനുവിന്റെ കാര്യത്തിൽ അങ്ങനെയൊരു തീരുമാനം പറഞ്ഞപ്പോൾ നിന്നെ മറന്നുവെന്നു തോന്നിയോ ? നന്ദൻ ലെച്ചുവിനെ നോക്കി ചോദിച്ചു.. എന്താ ഏട്ടാ ? ഏട്ടന്റെ തീരുമാനത്തിൽ എനിക്ക് സന്തോഷമേയുള്ളൂ.... എത്ര നാള് വേണമെങ്കിലും എന്റെ ഏട്ടനായി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... നന്ദന്റെ കൈകളിൽ മുറുകെപിടിച്ചുകൊണ്ട് അവൾ പറഞ്ഞു... ഇതേസമയം യദുവിന് പുറകിലായി നടക്കുകയാണ് ഭാനു...

. പ്രിയാ... താനെന്താ വിവാഹത്തിന് സമ്മതിക്കാത്തെ ? ഞാൻ അങ്ങനൊക്കെ പറഞ്ഞിട്ടും വീണ്ടും മനസിൽ കൊണ്ട് നടക്കാണോ? യദു ചോദിച്ചു... പറഞ്ഞതൊക്കെ ഓർമയുണ്ട്... എന്നാലും മനസ്സിൽ മറ്റോരാൾക്ക് സ്ഥാനം കൊടുക്കാൻ ഇതുവരെ പാകമെത്തിയില്ല... ഭാനു പറഞ്ഞു... എന്നുവെച്ചു യദു ഏട്ടൻ പേടിക്കണ്ട.. നിങ്ങളുടെ ജീവിതത്തിൽ ഒരു തടസ്സമായി ഞാൻ വരില്ല... ഒരാളെക്കുറിച്ചോർക്കാൻ അയാളോട് അനുവാദം ചോദിക്കേണ്ടെന്നതാണ് ഭൂമിയിൽ ഏറ്റവും മനോഹരമായ അവകാശം... ആ അവകാശത്തിൽ ജീവിക്കുകയായിരുന്നു ഇത്രയും നാളും... പരാതിയില്ല.. പരിഭവവുമില്ല.... എന്നുവെച്ചു ഞാൻ വിവാഹം വേണ്ടന്നുവെച്ചു സന്യസിക്കൊന്നുമില്ല.... പിന്നെ പറഞ്ഞില്ലേ.... മനസ്സ്.... അത് കേൾക്കുന്നില്ല..... അതുകൊണ്ടാ പറഞ്ഞേ പൂർണമായും മനസ്സ് തയ്യാറാകുന്നതുവരെ വിവാഹം വേണ്ടാന്ന്.. എന്നാൽ ഇപ്പോൾ എന്റെ ഭ്രാന്തമായ തീരുമാനങ്ങൾക്ക് നന്ദേട്ടന്റെ ജീവിതം ഒരിക്കലും നൽകാൻ കഴിയില്ല... അതുകൊണ്ടാ.... അവൾ പറഞ്ഞുനിർത്തി.... യദു ഒരുനിമിഷം നിർവികാരനായി...

തന്നെ മനസ്സിലാക്കാത്തൊരുവൾക്കു വേണ്ടി ജീവനുതുല്യം തന്നെ സ്നേഹിച്ചവളെ വേദനിപ്പിച്ചതോർത്തു കണ്ണുനിറഞ്ഞു... അല്ല... യദു ഏട്ടൻ പറഞ്ഞില്ലല്ലോ വിശേഷങ്ങൾ... പെട്ടെന്ന് കണ്ടപ്പോൾ സങ്കടം സഹിക്കാനായില്ല അതാ അപ്പോളൊന്നും ചോദിക്കാഞ്ഞേ ? അശ്വതി ചേച്ചി എന്തുപറയുന്നു ....? ഏട്ടന് ജോലിയൊക്കെ കിട്ടിയല്ലോ ഇനി കല്യാണം ഉടനെ കാണുമല്ലേ ? ഉള്ളിലെ വിങ്ങൽ മറച്ചു പുറത്തുകാട്ടാതെയവൾ തിരക്കി.... എന്തുപറയാൻ... കല്യാണം കഴിഞ്ഞു സുഖമായി ജീവിയ്ക്കുന്നു... യദു ഒഴുക്കൻ മട്ടിൽ മറുപടി നൽകി... അത് മനസ്സിലാകാത്തതുകൊണ്ടു അവൾ അവനെത്തന്നെ ചോദ്യഭാവത്തിൽ നോക്കി... അതേടോ.... അവളുടെ വിവാഹം കഴിഞ്ഞു... പക്ഷേ പയ്യൻ ഞാനല്ലന്നു മാത്രം.... ഞാൻ കോളേജിലെ ഗസ്റ്റ്‌ പോസ്റ്റ്‌ മതിയാക്കി സീരിയസ് ആയി പി എസ് സി യിലേയ്ക്ക് തിരിഞ്ഞ സമയത്താണ് അവൾക്കു ഒരു വിദേശത്തുള്ള ഡോക്ടറുടെ ആലോചന വന്നത്... അപ്പോൾ തൂക്കം അവന്റെ ക്വാളിഫിക്കേഷനിലായത് കൊണ്ട് അവളതു തിരഞ്ഞെടുത്തു.... പിന്നൊരു വാശിയായിരുന്നു... അങ്ങനെ ഈ ജോലി കിട്ടി...

അവൻ തെല്ലു നിർത്തിക്കൊണ്ട് പറഞ്ഞു... നല്ല നാടൻ ഭാഷയിൽ പറഞ്ഞാല് നൈസ് ആയിട്ടങ്ങു തേച്ചു.... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു... അപ്പോൾ അനുഭവിച്ച ആ നീറ്റലുണ്ടല്ലോ ... അത് അറിഞ്ഞപ്പോഴാണ് തന്റെ വിഷമം എത്രത്തോളമാണെന്നറിഞ്ഞത്... പിന്നെ എനിക്കെന്നോടുതന്നെ ഒരുതരം അപകര്ഷതാബോധമായിരുന്നു... പേരിനു ഒരു ജോലിയോ കൂലിയോ ഇല്ലാത്ത ഞാൻ തന്റെ ജീവിതം കൂടി ഇല്ലാതാക്കേണ്ടല്ലോയെന്നു കരുതി ഒഴിഞ്ഞു നടന്നു... നന്ദനെ കാണാൻ പോലും വീട്ടിലേയ്ക്കുള്ള വരവ് കുറച്ചു... പ്രായത്തിന്റെ പക്വത ഇല്ലായ്മ..... അങ്ങനെയേ വിചാരിച്ചുള്ളു.. കാണാതെയും ഒന്നും അറിയാതെയുമിരിക്കുമ്പോൾ എല്ലാം മറക്കുമെന്നു കരുതി.... പക്ഷേ... പക്വത ഇല്ലാതെപോയതു എനിക്കാണല്ലേ പ്രിയ....? സ്വയം പുച്ഛിച്ചുകൊണ്ടവൻ ചോദിച്ചു... അതിന് ഏട്ടനോടുള്ള പ്രണയം അതൊരിക്കലും എന്റെ വെറുമൊരാഗ്രഹമായിരുന്നില്ല..... അത് മനസിൽ ദൃഢമാകുകയായിരുന്നു ഇത്രയും നാളും.... അല്ലെങ്കിലും ഒരാളെ സ്നേഹിക്കാനും സ്വപ്നം കാണാനുമൊന്നും ആർക്കും ആരുടേയും സമ്മതമൊന്നും വേണ്ടല്ലോ... അതും ഒരനുഭൂതിയാണ്..... പ്രേത്യേകിച്ചു വാഗ്ദാനങ്ങളോ.... നിബന്ധനകളോ ഒന്നുമില്ലാതെ സ്വപ്നങ്ങൾക്കും കല്പനകൾക്കുമൊപ്പം ഒരപ്പൂപ്പൻതാടി പോലെ ഒഴുകി നടക്കണം... അവൾ പറഞ്ഞു......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story