ലക്ഷ്മീനന്ദനം: ഭാഗം 29

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ആളെപ്പോലും നോക്കാതെ മോള് വിവാഹത്തിന് സമ്മതിച്ചല്ലോ ? എന്നെ മറക്കാൻ പറ്റാതെ വേറൊരാളെ വിവാഹം കഴിച്ചിട്ട് എന്തായിരുന്നു ഉദ്ദേശം...? ആ ഉദ്ദേശത്തിൽ എന്നെയും കെട്ടിക്കോ ? എന്താ ഇനിയും വിശ്വാസമില്ലേ എന്റെ സ്നേഹത്തിൽ ? ഞാൻ ചത്താലെങ്കിലും വിശ്വസിക്കുമോ ? അവൻ അവളെ കൂർപ്പിച്ചുനോക്കിക്കൊണ്ട് ചോദിച്ചു... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവളിലുള്ള നോട്ടം പിൻവലിക്കാതെതന്നെ അവൻ ഫോണെടുത്തു ചെവിയോട് ചേർത്തു.. 📞 ഹലോ നിങ്ങളാരാ..? എവിടെ ? ഞാൻ ഇപ്പോൾ സ്റ്റേഷനിലില്ല ... ലൊക്കേഷൻ സെൻറ് ചെയ്യൂ... ഞാൻ വരാം... അവൻ ഫോൺ വെച്ചു ഒരുനിമിഷം ആലോചിച്ചുനിന്നു... അപ്പോഴേ മോള് നന്നായൊന്നാലോചിക്ക്...... നിന്നെ നിര്ബന്ധിക്കാനുള്ള അർഹതയോ അധികാരമോ ഒന്നും എനിക്കില്ല.... പക്ഷേ..... ഒരു കാര്യം ഉറപ്പിച്ചു പറയാം.... ദാ..... ഈ നെഞ്ചിടിപ്പ് കേട്ടോ ? അതുള്ളിടത്തോളം കാലം ഈ യദുവിന് ഇനി ഒരു പെണ്ണേയുള്ളൂ.... അത് ഈ ഭാനുപ്രിയ ആയിരിക്കും.... അവളുടെ കൈകൾ തന്റെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.... താനെത്രയോ നാളുകൾ കൊതിച്ചിരുന്ന വാക്കുകളാണ്..... സ്വപ്നം കണ്ടിരുന്നതാണ്....

ഇപ്പോൾ യദുവേട്ടൻ പറഞ്ഞിരിക്കുന്നത്... സന്തോഷം മിഴിനീരായി കണ്ണുകൾ തഴുകിയിറങ്ങി.... കണ്ണെടുക്കാതെ അവന്റെ മിഴികളിലലിഞ്ഞു നിൽക്കുമ്പോഴാണ് നന്ദൻ കുളപ്പുരയിലേയ്ക്ക് യദുവിനെ അന്വേഷിച്ചുകൊണ്ടു വന്നത്... അതേ എനിക്കത്യാവശ്യമായി ഒരാളെ കാണാനുണ്ട്... അപ്പൊ ചേട്ടൻ പോയിട്ട് വരാം... പെട്ടെന്ന് നന്ദൻ കാണാതെ അവളുടെ കൈകളെ സ്വാതന്ത്രമാക്കിക്കൊണ്ടു ചെവിയോരം പറഞ്ഞു... തന്റെ മനസിൽ ഇതുവരെയുണ്ടായിരുന്ന സംശയങ്ങളും വ്യഥയുമൊക്കെ ഈ പ്രണയം നിറഞ്ഞ വാക്കുകളിൽ മാഞ്ഞുപോയതവളറിഞ്ഞു.. മനസ്സ് തുറന്നു തനിക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന് പറയാൻ നിന്നപ്പോഴാണ് പെട്ടെന്ന് നന്ദേട്ടൻ വന്നത്... ആഹ് !ഇന്നിവിടെയാണല്ലോ നിൽക്കുക... വരുമ്പോൾ പറയാം.. ഇപ്പോൾ കുറച്ചു ടെൻഷൻ അടിക്കട്ടെ.. എന്നെയും കണക്കിന് വിഷമിപ്പിച്ചതല്ലേ അവളോർത്തു.. എടാ നീയിതെങ്ങനെ കുളപ്പുരയിലെത്തി... തൊടിമുഴുവൻ തിരഞ്ഞു വിയർത്തു കുളിച്ചു... ഇനി വീണ്ടും കുളിക്കേണ്ടി വരും...

നന്ദൻ പറഞ്ഞുകൊണ്ട് അകത്തേയ്ക്കു വന്നു.. അപ്പോഴാണ് യദുവിനടുത്തായി നിൽക്കുന്ന ഭാനുവിനെയവൻ കണ്ടത്.. അയ്യോടാ ! കല്യാണക്കാര്യം പറഞ്ഞതേയുള്ളു.. അപ്പോഴേയ്ക്കും രണ്ടാളും തുടങ്ങിയോ ? വെറുതെയല്ല തൊടിയിൽ നിന്ന് മോൻ കുളത്തിലെത്തിയത്... അവൻ ആക്കി ചിരിച്ചുകൊണ്ട് യദുവിനോടായി പറഞ്ഞു... ഒന്നുപോടാ... ഞാൻ വെറുതേ തൊടിയിലൂടെ പോയപ്പോൾ പ്രിയയിവിടെ നിൽക്കുന്ന കണ്ടപ്പോൾ... വെറുതെയിങ്ങനെ ഒറ്റക്കല്ലേ കമ്പനി കൊടുക്കാമെന്നു കരുതിയപ്പോൾ.... യദു ചമ്മിയപോലെ പറഞ്ഞുകൊണ്ടിരുന്നു... നീയൊന്നും കിടന്നുരുളണ്ട ഞാനൊന്നും കരുതിയില്ല... പോരെ ? നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു... ഭാനുവും ഏട്ടൻ എന്തെങ്കിലും കേട്ടുകാണുമോയെന്ന സംശയത്തിൽ കുറച്ചുനേരം നിന്നശേഷം തറവാട്ടിലേയ്ക് പോയി... ഡാ... നമുക്കെന്നാൽ പോയാലോ ? നന്ദൻ ചോദിച്ചു.. സോറി ടാ... ഇപ്പോൾ എനിക്ക് അത്യാവശ്യമായിട്ടൊരാളെ കാണണം... ദാ... ഇപ്പോൾ അങ്ങ് വിളിച്ചു വച്ചതേയുള്ളു... അറിഞ്ഞില്ലെടാ... so.... . im really sorry man.... നമുക്ക് വന്നിട്ട് പോകാം... ഒരു ഹാഫ് ആൻ അവർ.... അതും പറഞ്ഞു നന്ദന്റെ കവിളിലൊന്ന് തട്ടിക്കൊണ്ടു യദുപോയി... ഇവന്റെയൊരു കാര്യം.... ആഹ് !

പിന്നേ.... പെട്ടെന്ന് വന്നേക്കണം... ഊണ് ഇവിടാണേ.... നന്ദൻ പുറകിന്നു വിളിച്ചു പറഞ്ഞു... ok... man... യദു കൈവീശി കാട്ടിക്കൊണ്ടു പോയി... തറവാട്ടിനുമുന്പിലെത്തി ബൈക്കിൽ കയറുമ്പോൾ തൂണിൽമറവിൽ നിൽക്കുന്ന ഭാനുവിലേയ്ക്കൊരുവട്ടം നോട്ടം പോയി... യദുവിന്റെ ബൈക്ക് അകന്നുപോയപ്പോൾ എന്തോ ഒരു വേദന തന്റെ നെഞ്ചിൽ നിറയുന്നതവളറിഞ്ഞു... തറവാടിന്റെ നടുത്തളത്തിൽ വെള്ളത്തിൽ നിറയെ ആമ്പൽ പൂക്കൾ നിറഞ്ഞു കിടക്കുകയാണ്... ലെച്ചുവും ഭാനുവും കാൽ വെള്ളത്തിലിട്ടു കഥപറഞ്ഞിരിക്കുകയാണ്... എന്താ.... ഇവിടൊരു ചർച്ച.... നിങ്ങള്ക്ക് രണ്ടിനും അടുക്കളയിൽ പണിയൊന്നുമില്ലേ ? അവിടേയ്ക്കു വന്ന നന്ദൻ ചോദിച്ചു... ഓഹ് ! വാധ്യാര് വന്നല്ലോ പഠിപ്പിക്കാൻ... ഇതേ തറവാടാണ്... ഇയാടെ കോളേജല്ല... ആകെ വല്ലപ്പോഴും കിട്ടുന്ന അവസരാ ഇതൊക്കെ... അപ്പൊ ജോലി ചെയ്തു അതിന്റെ സുഖം നശിപ്പിക്കാൻ പറ്റുവോ ? ഭാനു കെറുവിച്ചുകൊണ്ട് പറഞ്ഞു... ആഹ് ! ബെസ്റ്റ്.... ഇങ്ങനൊരു മടിച്ചിക്കോത... നീയോ മടിപിടിച്ചു..

ഇനിയെന്റെ പെണ്ണിനെക്കൂടി അങ്ങനാക്കോ ? അവൻ അവർക്കൊപ്പം ഇരുവർക്കും നടുവിലായിരുന്നുകൊണ്ട് തിരക്കി... ആഹഹാ ! അപ്പോൾ മോന് ഭാര്യ മടിച്ചിയാകുമോന്നാ പേടിയല്ലേ? പിന്നല്ലാതെ ആ പാവം യദുവിന്റെ യോഗം.. അല്ലാതെന്തു പറയാനാ...? അവൻ അവളെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു... ലെച്ചു രണ്ടുപേരുടെയും സംസാരം കേട്ട് ചെറുപുഞ്ചിരിയോടെ ഇരുന്നു... സത്യത്തിൽ അതൊക്കെ ആസ്വദിക്കുകയായിരുന്നു... അവൾക്കിതൊക്കെ പുതിയ അനുഭവമാണ്... അവിടെ വാക്കുകൾ പിന്നെ പതിയെ കയ്യാങ്കളിയിലേയ്ക് പോയപ്പോൾ ലെച്ചു ഇടപെട്ടു.... നന്ദേട്ടാ... വേണ്ട.... ചേച്ചി മതിയാക്കു... ഞാനിപ്പോൾ ലീലാമ്മയെ വിളിക്കും.. അവൾ രണ്ടുപേരോടുമായി പറഞ്ഞു... അയ്യോ... അമ്മ വന്നാല് പണി കിട്ടും... തേങ്ങ തിരുമ്മാൻ പറഞ്ഞപ്പോൾ പതിയെ ഇവളേം പൊക്കി വലിഞ്ഞതാ..... ഭാനു പിറുപിറുത്തു.... നന്ദനും പതിയെ വെള്ളത്തിലേക്കു നോക്കിയിരുന്നു.... തന്റെ കൈകൾക്കുമേൽ തണുതസ്പർശം വീണപ്പോൾ ലെച്ചുവിന് മനസ്സിലായി നന്ദൻ കൈകൾ പൊതിഞ്ഞുവെന്നു....

മിഴികൾ പരസ്പരം കോർത്തപ്പോൾ ഒരുനിമിഷം പരിസരം മറന്നു.... അതേ.... ഒരു പാവം ബാച്‌ലർ ഇവിടിരുപ്പുണ്ടെന്നു ഭാര്യയും ഭർത്താവുമൊർത്താൽ കൊള്ളാം.. ഭാനു പതിയെ ആരോടെന്നോപോലെ പറഞ്ഞു... അപ്പോഴാണ് ഇരുവരും പരിസരം ഓർത്തത്‌... ലെച്ചു പതിയെ നാക്കുകടിച്ചുകൊണ്ടു കുനിഞ്ഞിരുന്നു... നന്ദൻ താനൊന്നും അറിയാത്തപോലെ ഫോണെടുത്തു നോക്കി... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... 📞 അതേ മോനേ നന്ദാ.... ഇത് ഞാനാ ശേഖരൻ .. മനസിലായല്ലോ അല്ലേ ...? , 📞 മനസ്സിലാകാതിരിക്കാൻ എനിക്ക് ഓർമ്മയ്ക്ക് തകരാറൊന്നും വന്നിട്ടില്ല... അവൻ തീരെ താല്പര്യമില്ലാത്തപോലെ പറഞ്ഞു.. 📞 ഓഹ് ! ആയിക്കോട്ടെ... ഞാനിപ്പോൾ വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാനാ കേട്ടോ? ശേഖരൻ സന്തോഷത്തോടെ പറഞ്ഞു.. 📞 നീയും നിന്റെ ഒരു പോലീസ് കൂട്ടുകാരനും ചേർന്നു എന്റെ മോനെ അങ്ങ് പൂട്ടിയല്ലേ... ആ പയ്യനെ എനിക്ക് വല്ലാതങ്ങു ബോധിച്ചു... എന്നാ ബുദ്ധിയാടാ... അവനെ അമ്മാതിരിയല്ലേ പൂട്ടിയത്... ഒരു തുമ്പുപോലുമില്ല പുറത്തിറക്കാൻ.... അപ്പൊ അവന് എന്തേലും സമ്മാനം കൊടുക്കണ്ടേ... ഹേ.... അല്ലാ... അതല്ലേ അതിന്റെ ഒരു ശരി... അല്ലേ വാധ്യാരെ...?

ശേഖരന്റെ വാക്കുകൾ കൂരമ്പുപോലെയാണ് നന്ദന്റെ ചെവിയിൽ പതിച്ചത്... യദു... അവന്.... നന്ദൻ പെട്ടെന്ന് അയാളോടായി ചോദിച്ചു.. 📞 ടോ... താൻ യദുവിനെ എന്താ ചെയ്തേ.... ടോ... പറയാൻ... നന്ദൻ പേടിയോടെ ചോദിച്ചു... അതുകേട്ടു ലെച്ചുവും ഭാനുവും ഭയപ്പാടോടെ നോക്കി... ഏട്ടാ.. യദു ഏട്ടനെന്താ ? ആരാ.. വിളിക്കുന്നെ..? ഭാനു ആധിയോടെ ചോദിച്ചു... അവരെ ഒന്നു നോക്കിയശേഷം അവൻ വീണ്ടും ശേഖരന്റെ വാക്കുകൾക്കു കാതോർത്തു... 📞 ഞാൻ പറഞ്ഞില്ലേ സമ്മാനം കൊടുത്തുവിട്ടിട്ടുണ്ടെന്ന്... ഈ ശേഖരന് വാക്ക് ഒന്നേയുള്ളൂ... എന്റെ സ്നേഹം നല്ല രീതിയിൽ പ്രകടിപ്പിച്ചു അയച്ചിട്ടുണ്ട്... പിന്നെ നല്ല ഉശിരുള്ള ചെക്കനാ അതുകൊണ്ട് കുറെ പിടിച്ചുനിൽക്കാൻ നോക്കി... ഈ ശേഖരനോട് കളിക്കാൻ മാത്രം മുറ്റില്ല... പാവം.... കുറച്ചു നാളത്തേയ്ക്ക് എസ് ഐ സാറിന് റസ്റ്റ്‌ ആണ് കേട്ടോ.. ആഹ് ! പിന്നേ ആളെ കൈയോടെ നമ്മുടെ ടൌൺ ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്... അപ്പൊ ശരി എന്നാല്... കുടിലതയോടെ ശേഖരൻ പറഞ്ഞു... 📞 ടോ.... യദുവിനെന്തെങ്കിലും പറ്റിയാൽ മോന്റെതിനേക്കാൾ ദയനീയമായിരിക്കും നിങ്ങടെ അവസ്ഥ.. ഈ വയസാം കാലത്ത് ..

നന്ദനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ശേഖരൻ ഇടയ്ക്കു കയറി പറഞ്ഞു 📞 ഓഹ് ! കൂട്ടുകാരനെ തൊട്ടപ്പോൾ നൊന്തല്ലേ... എന്നാലേ ഇത് സാമ്പിൾ ആണ്... ഇതിലും ഭീകരമായിരിക്കും നിന്റെ അവസ്ഥ... ആദ്യം നിനക്കാ തരാനിരുന്നത്... പക്ഷേ എന്റെ മോനൊരു ആഗ്രഹം.... നിന്റെ അന്ത്യം അവന്റെ കൈകൊണ്ടാകണമെന്ന്... ആ ഒറ്റ കാരണം കൊണ്ടാ നീയിപ്പോൾ ജീവനോടെയിരിക്കുന്നത്... അതുകൊണ്ട് ഇപ്പോൾ സുഖിച്ചോ ? അവൻ... വിശ്വൻ പുറത്തിറങ്ങുംവരെയെ ഉള്ളൂ.. നിന്റെ ആയുസ്സ്... അതുകഴിഞ്ഞു നരകമായിരിക്കും അവളുടെ ജീവിതം... പറഞ്ഞേക്ക് നിന്റെ ഭാര്യ ലെക്ഷ്മിയോട്.... തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അയാൾ ഫോൺ വെച്ചു... എന്തുചെയ്യണമെന്നറിയാതെ നന്ദൻ ഒരുനിമിഷം നിന്നുപോയി... ഏട്ടാ... യദുഏട്ടനെന്താ പറ്റിയെ ? ആരാ വിളിച്ചേ ? എന്തെങ്കിലും ഒന്നുപറയൂ നന്ദേട്ടാ.. ഭാനു നന്ദന്റെ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു.. ലെച്ചുവിന്റെ ഉള്ളിൽ ഭയം കാഠിന്യത്തിൽ എത്തിയിരുന്നു... വിശ്വന്റെ ആളുകൾ എന്തിനും മടിക്കാത്തവരാണ്...

എന്തേലും ആപത്തുണ്ടായോയെന്ന ഭയം അവളിൽ നിറഞ്ഞു.. ഭാനുവിന്റെ കരച്ചിലും നന്ദന്റെ നിൽപ്പും കണ്ടപ്പോഴേ പേടിച്ചിട്ട് ശബ്ദം പോലും തൊണ്ടയിൽ കുടുങ്ങും പോലെ തോന്നിയവൾക്ക്.. അപ്പോഴേയ്ക്കും ബഹളം കേട്ടു നടുത്തളത്തിലേക്കെത്തിയിരുന്നു... ഭാനുവിന്റെ കരച്ചിലും നന്ദന്റെ നില്പിലും എന്തോ പന്തികേട് അവർക്കു തോന്നി... എന്താ മോനെ... എന്താ ഇവള് കരായണേ ? ചന്ദ്രൻ ചോദിച്ചു... വിശ്വന്റെ അച്ഛൻ ശേഖരനാ വിളിച്ചേ... യദുവിനെ അയാൾ... കഴിഞ്ഞ ദിവസത്തെ ദേഷ്യം തീർത്തതാ... ടൌൺ ഹോസ്പിറ്റലിലുണ്ട്... ബാക്കിയൊന്നുമറിയില്ല... ഞാൻ... ഞാൻ അങ്ങോട്ട് പോകുവാ... എത്തിയിട്ട് വിളിക്കാം... അച്ഛാ... അച്ഛനും കൂടി വാ... എനിക്ക് എന്തോ... പേടിയാകുന്നു.. അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു... യദു തന്നോട് പറഞ്ഞിട്ട് പോയ വാക്കുകൾ ഉള്ളിൽ അലയടിച്ചപ്പോൾ.... നന്ദന്റെ ചുമലിൽ നിന്നും കൈ അയച്ചവൾ നിലത്തേയ്ക്കൂർന്നു വീണു.. ലെച്ചുവും നന്ദനും പെട്ടെന്നവളെ താങ്ങിപ്പിടിച്ചു.......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story