ലക്ഷ്മീനന്ദനം: ഭാഗം 3

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

അതെ...... ക്ലാസിൽ തന്നെ തേടിയെത്തിയ അതേ കണ്ണുകൾ . നന്ദേട്ടൻ.... എന്തോ ഒരു മാന്ത്രിക ശക്തിയുണ്ട് ആ കണ്ണുകൾക്ക് .തന്റെ കണ്ണുകളെ ഉടക്കി നിൽക്കുന്ന ദൃഷ്ടിയിൽ അലിഞ്ഞ് നിൽക്കവെ പെട്ടെന്നാണ് ലീലാമ്മയുടെ ശബ്ദം കടന്നു വന്നത്. ലച്ചു'' '' ... മോളേ പെട്ടെന്നു കുളിച്ചിട്ട് വാ... ചായ കുടിക്കാം.. " താൻ നന്ദന്റെ കരവലയത്തിലാണെന്ന് മനസ്സിലാക്കാൻ അവൾക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. നന്ദനെ തള്ളി മാറ്റി ലക്ഷ്മി മുറിയിലേയ്ക്ക് പോയി.. ' ഇപ്പോഴും ആ ഒരു തരിപ്പ് ദേഹത്തുന്നു പോയിട്ടില്ല. ഒന്നും മിണ്ടാതെ തന്റെ കണ്ണുകളിലേ യ്ക്ക് നോക്കി നിൽക്കുന്ന നന്ദന്റെ രൂപം ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

എന്റെ ദേവി ഞാൻ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ.. പെട്ടന്ന് കുളി കഴിഞ്ഞ് ഡ്രെസ് അയയിൽ വിരിക്കാനായി അവൾ പുറത്തേക്കിറങ്ങി.. മുടിയിൽ തോർത്തു കെട്ടി കൈയിൽ നനഞ്ഞ തുണികളുമായി ടെറസ്സിലേക്കു പോയി. ടെറസ്സിൽ എത്തിയപ്പോൾ നന്ദൻ അവിടെ ചെടി നനയ്ക്കുകയായിരുന്നു. അവിടെ ചാക്കിലും മറ്റുമായി ഒരുപാട് പച്ചക്കറികൾ ഉണ്ടായിരുന്നു. വെണ്ടയും പാവലും അങ്ങനെ ഒരുപാട്. നാട്ടിൽ മുത്തശ്ശനും ഇതിലൊക്കെ വലിയ താല്പര്യമാണ്.... ഓരോന്നോർത്തു നിക്കുമ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന നന്ദനെ അവൾ ശ്രദ്ധിച്ചത്. അവൻ പുരികമുയർത്തി എന്താ എന്നു ചോദിച്ചു. അവൾ ഒന്നുമില്ല എന്ന് തോളനക്കി. എന്നിട്ട് അയയിൽ തുണി വിരിയിക്കാൻ തുടങ്ങി. തലയിൽ തോർത്തു കെട്ടിയിട്ടുണ്ട്. വെള്ളത്തുള്ളികൾ മുഖത്തും കഴുത്തിലും പറ്റിയിരിക്കുന്നു.

അത് അവളുടെ മുഖത്തിന്‌ സൗന്ദര്യം കൂട്ടുന്നതായി നന്ദന് തോന്നി. കണ്ണെടുക്കാതെ ലെച്ചുവിനെ തന്നെ നോക്കിനിന്നു. അപ്പോഴാണ് ഭാനു വന്നത്. ലെച്ചു... നീ ഇവിടെ നിക്കാർന്നോ ഞാൻ എവിടൊക്കെ നോക്കി പെണ്ണേ. ഭാനുവിന്റെ ശബ്ദം കേട്ടപ്പോഴാണ് നന്ദൻ ഓർമയിലേക്ക് വന്നത്. തനിക്കു ഇവളെ കാണുമ്പോൾമാത്രം എന്താണിങ്ങനെ? ഏട്ടനെന്താ സ്വപ്നം കാണാ? ഈ ലോകത്തൊന്നുമല്ലേ? ഭാനുവിന്റെ ചോദ്യം കേട്ടപ്പോൾ അവനാകെ പരുങ്ങി. ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയി. ലെച്ചുവിനെയും കൂട്ടി ഭാനു അമ്മയുടെ അടുത്തേയ്ക്കു പോയി. ആഹാ മോളു കുളിയൊക്കെ കഴിഞ്ഞോ? അതേ ലീലാമ്മേ.... ഞാൻ വിളക്ക് വെച്ചോട്ടെ ഇന്ന്? അതിനെന്താ മോളേ ഇന്നു മാത്രല്ല ഇനി മോളുതന്നെ ചെയ്തോളു. ഇപ്പോ വന്നു ചായ കുടിക്ക്... ഭാനു നന്ദനെ വിളിക്ക് മോളേ.... ഇത് കേട്ട ഭാനു നന്ദനെ വിളിക്കാനായി പോയി.

ചായകുടിച്ചു കഴിഞ്ഞ് ലെച്ചു വിളക്ക് കൊളുത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആദ്യം വിളക്ക് വൃത്തിയാക്കി എണ്ണ ഒഴിച്ചു തിരിയിട്ടു. പുറത്ത്‌പോയി തുളസിയും പൂക്കളും കൊണ്ട് മാലയാക്കി പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തി. ശേഷം വിളക്ക് കൊളുത്തി. വിളക്കിൽ നിന്നും തിരിയുമായി മുറ്റത്തെ തുളസിത്തറയിലേക്കു നടന്നു. തുളസിത്തറ വലം വെച്ചിട്ട് പ്രാർത്ഥിച്ചു. കൈ കൂപ്പി കണ്ണുകളടച്ചു തൊഴുതു നിൽക്കുന്ന ലെച്ചുവിനെ കണ്ണിമ ചിമ്മാതെ നോക്കി നിൽകുമ്പോൾ നന്ദനറിഞ്ഞു തന്റെ നെഞ്ചിൽ നിറഞ്ഞു തുളുമ്പുന്ന തിരയിളക്കം..... (തുടരും.... ) ************

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story