ലക്ഷ്മീനന്ദനം: ഭാഗം 34

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നന്ദൻ വർഷയെ ക്യാന്റീനിനു മുന്നിലുള്ള സിമെന്റ് ബെഞ്ചിൽ കിടത്തി... തന്റെ ബാഗിൽ നിന്നുതന്നെ വെള്ളമെടുത്തു കുടഞ്ഞു... കുറച്ച് കുടിപ്പിച്ചു... ബോട്ടിൽ ബാഗിൽ വെച്ചു നിവർന്ന നന്ദൻ കാണുന്നത് തന്നെത്തന്നെ നോക്കി നിറമിഴികളോടെ നിൽക്കുന്ന ലെച്ചുവിനെയാണ് ... അവളുടെ നിറഞ്ഞമിഴികൾ കാൺകെ അവന്റെ ഉള്ളം പിടഞ്ഞു... നിറഞ്ഞ പ്രണയത്തോടെയുള്ള നന്ദന്റെ നോട്ടം കണ്ടു ലെച്ചു നീതുവിനെ വലിച്ചുകൊണ്ടു ക്ലാസ്സിലേയ്ക് പോയി.. നന്ദന് നിസ്സഹയാനായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ... എന്നാലും ഇവൾക്കിതെന്ത് പറ്റി.... വർഷയെ തന്നോടൊപ്പം കാറിൽ കണ്ടതിനു ഇത്രയും ഇമോഷണൽ ആകാൻ വഴിയില്ല.. കാരണമറിയാതെ അവനുഴറി.. വർഷയെ ഫ്രണ്ട്സിനെ ഏൽപ്പിച്ചു അവൻ സ്റ്റാഫ്‌റൂമിലേയ്ക് പോയി.. പോകും വഴി ഫോൺ എടുത്തു ലെച്ചുവിനെ വിളിച്ചു.. പക്ഷേ അവൾ എടുത്തില്ല...

അപ്പോഴാണ് ഫോണിൽ ലെച്ചുവിന്റെ മിസ്സ്കാൾ കണ്ടത്... ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.... ശേ.... റിസർച്ച് പേപ്പേഴ്സ് ശരിയാക്കാനുള്ള ഓട്ടത്തിൽ ഫോൺ സൈലന്റിൽ ആയിരുന്നത് ശ്രദ്ധിച്ചില്ലല്ലോ.. അവൻ സ്വയം തലയ്ക്കു കൊട്ടി അമർഷം ഒതുക്കി... സ്റ്റാഫ്‌റൂമിലെ ജനാലയില്കൂടി ലെച്ചുവിന്റെ ക്ലാസ്സിലേയ്ക് നോക്കി... ഡെസ്കിൽ തലവെച്ചു കിടക്കുകയാണ്... ഇനിയുള്ള അവർ ലെച്ചുവിന്റെ ക്ലാസ്സിലാണ്... അതോർത്തപ്പോൾ കുറച്ചു ആശ്വാസമായി... ടേബിളിൽ നിന്നും ബുക്കും മാർക്കറുമെടുത്തു അവൻ ക്ലാസ്സിലേയ്ക് പോയി... നന്ദനെ കണ്ടു കുട്ടികളെല്ലാം എഴുന്നേറ്റ് വിഷ് ചെയ്തു.. ഡെസ്കിൽ തലവെച്ചു കിടക്കുകയായിരുന്ന ലെച്ചുവിനെ നീതു തട്ടി വിളിച്ചു... ക്ലാസ്സിലെത്തിയപ്പോൾ നന്ദന്റെ നോട്ടം ആദ്യം എത്തിയത് ലെച്ചുവിലായിരുന്നു... കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അവളെ കാൺകെ തന്റെ നെഞ്ച് പിടയുന്നതായവന് തോന്നി... ബോർഡിൽ ബെൻസിന്റെ സ്ട്രക്ച്ചർ വരച്ചു അതിന്റെ റിയാക്ഷന്സ് എക്സ്‌പ്ലൈൻ ചെയ്യുമ്പോഴും അവന്റെ കണ്ണുകൾ അവളിലേയ്ക് പാറിവീണുകൊണ്ടേയിരുന്നു... എന്നാൽ അബദ്ധത്തിൽ പോലും ലെച്ചു നോട്ടം നന്ദനിലെത്താതിരിക്കൻ പാടുപെട്ടു..

ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം എല്ലാവരോടും റെക്കോർഡ്‌സ് ലാബിൽ കൊണ്ട് കാണിക്കാൻ നിർദ്ദേശിച്ചു... ഉച്ചയ്ക്ക് ശേഷം ഫിസിക്സ്‌ ഡിപ്പാർട്മെന്റിൽ പ്രാക്ടിക്കൽ ആയിരുന്നു ലെച്ചുവിനൊക്കെ... അതിന്റെ ഓപ്പോസിറ്റ് ആയാണ് കെമിസ്ട്രി ലാബ്.. അതുകൊണ്ടുതന്നെ കുട്ടികളൊക്കെ പോകുംവഴി റെക്കോർഡ് കെമിസ്ട്രി ലാബിൽ കൊണ്ടുപോയി വെച്ചു.. തിരികെ പോരുമ്പോൾ എടുക്കാമല്ലോ... ലെച്ചുവിനെ കാണാമെന്ന പ്രതീക്ഷയിൽ നേരത്തെതന്നെ നന്ദൻ ലാബിൽ വന്നിരുന്നു... നന്ദന്റെ ക്ലാസ്സ്‌ കഴിഞ്ഞു ലെച്ചു കുറേ നേരം കൂടി ഡെസ്കിൽ ചാഞ്ഞു കിടന്നു... നീതു അവളുടെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നപോലെ വിളിക്കാനും പോയില്ല... ലഞ്ച് ബ്രേക്ക്‌ കഴിയാറായിട്ടും അനക്കമൊന്നുമില്ലാഞ്ഞപ്പോൾ നീതു അവളെ കഴിക്കാനായി വിളിച്ചു... എത്ര വിളിച്ചിട്ടും ഒന്നും കഴിക്കാൻ അവൾ തയ്യാറായില്ല... കുറച്ചുനേരം കൂടി അങ്ങനെ കിടന്നു.. എന്തിനാണ് ഇത്രയും സങ്കടം എന്നെത്ര ആലോചിച്ചിട്ടും ലെച്ചുവിന് പിടികിട്ടുന്നുണ്ടായിരുന്നില്ല.

നീതുവിന് ഒപ്റ്റിക്സ് എക്സ്പീരിമെന്റ് ആയതുകൊണ്ട് നേരത്തെ പോകണമായിരുന്നു.. അതുകൊണ്ടുതന്നെ ലെച്ചു അവളെ ഒരുവിധം ഉന്തിത്തള്ളി വിട്ടു.. കുറച്ചുനേരം കൂടി അങ്ങനെ കിടന്നു.. എന്തിനാണ് ഇത്രയും സങ്കടം എന്നെത്ര ആലോചിച്ചിട്ടും ലെച്ചുവിന് പിടികിട്ടുന്നുണ്ടായിരുന്നില്ല.. ഫസലും കൂട്ടുകാരും പറഞ്ഞത് കേട്ടിട്ടുള്ള സങ്കടമാണോ.? അതോ നന്ദേട്ടനൊപ്പം വർഷ ചേച്ചിയെ കണ്ടതുകൊണ്ടാണോ.. ? എത്ര ആലോചിച്ചിട്ടും അവൾക്കു തന്റെ വിഷമത്തിന്റെ കാരണം പിടികിട്ടിയില്ല.... അവരത്രയൊക്കെ പറഞ്ഞിട്ടും ഇതുവരെ ഒരു തരിമ്പുപോലും നന്ദേട്ടനോട് ദേഷ്യം തോന്നുന്നില്ല... അവിശ്വാസത്തിന്റ കരിനിഴൽ വീണിട്ടില്ല … എന്നാലും ഇപ്പോൾ നിറഞ്ഞൊഴുകുന്ന ഈ കണ്ണുകളും നീറുന്ന ഹൃദയവും നന്ദേട്ടനെ നഷ്ടപ്പെടുമോയെന്ന ഭയത്തിൽനിന്നും ഉരുത്തിരിഞ്ഞതല്ലേ …? അവൾ സ്വയം മനസിൽ വിശകലനം നടത്തി... മുഖം അമർത്തിതുടച്ചുകൊണ്ട് ബാഗില്നിന്നും ഫോൺ എടുത്തു സമയം നോക്കി. സമയം 1.35 ആയിരിക്കുന്നു.... അയ്യോ.... ലാബ് തുടങ്ങിക്കാണും...

ഇനി റെക്കോർഡ് കൊടുക്കാൻ നിന്നാൽ താമസിക്കും.... പെട്ടെന്ന് എക്സ്പീരിമെന്റ് കംപ്ലീറ്റ് ചെയ്തിട്ട് കൊണ്ട് കാണിക്കാം... ലെച്ചു മനസിൽ കണക്കുകൂട്ടി... മെല്ലെ ബാഗിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി.... ബാഗും റെക്കോർഡും എടുത്തു ഫിസിക്സ്‌ ലാബിലേയ്ക് നടന്നു.... കോളേജ് ഓഡിറ്റോറിയം കടന്നുവേണം ഫിസിക്സ്‌ ഡിപ്പാർട്മെന്റിലേയ്ക്കും കെമിസ്ട്രി ലാബിലേയ്ക്കും പോകേണ്ടത്... ഓഡിറ്റോറിയത്തിനടുത്തെത്തിയപ്പോൾ തന്നെ കണ്ടു ഒരു കൈയിൽ ലാബ് കോട്ടും മറുകൈയിൽ റെക്കോർഡും പിടിച്ചു കൂട്ടുകാർക്കൊപ്പം നിൽക്കുന്ന വർഷയെ.. കണ്ടെങ്കിലും കാണാത്ത പോലെ ലെച്ചു നടന്നു... അല്ല വർഷാ... നീയിന്നെന്താ താമസിച്ചത് ? വയ്യാതെയാണല്ലോ വന്നത് ? കൂട്ടുകാരിലാരോ വർഷയോടു ചോദിക്കുന്നുണ്ട്... ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലേ ഒട്ടും വയ്യാരുന്നടി... അതുകൊണ്ട് വരണ്ടാന്നു കരുതിയിരുന്നതാ.. എക്സാം ഫീയും അടയ്ക്കണമായിരുന്നു.. അപ്പോഴാ നന്ദൻ സർ കൂടെ വരാമെന്നു പറഞ്ഞത്....

അല്ലെങ്കിലും എല്ലാ സെമ്മിലും സാറാണല്ലോ എനിക്ക് എക്സാം ഫീ അടയ്ക്കുന്നത്.... അതുകൊണ്ടാ യൂണിവേഴ്സിറ്റിയിൽ പോയത്... പിന്നെ നന്ദൻ സാർ നിർബന്ധിച്ചപ്പോൾ കോളേജിൽ വരാമെന്നു കരുതി... ഫൈനൽ എക്സാം വരുവല്ലേ ലാബ് മിസ്സാക്കണ്ടെന്നു പറഞ്ഞു... അതുമല്ല ലാബ് ഉള്ളപ്പോഴല്ലേ കുറേ സമയം കാണാൻ പറ്റുന്നത്… അവൾ ഉറക്കെ പറഞ്ഞു.... അതുകേട്ടിട്ടും ലെച്ചു തിരിഞ്ഞു നോക്കാതെ നടന്നു.... എന്താടി വർഷേ...? ഇത്രയും കേട്ടിട്ടും അവളൊന്നു തിരിഞ്ഞുനോക്കിയ പോലുമില്ലല്ലോ... കൂട്ടുകാരി വർഷയോടു ചോദിച്ചു.... മ്… അതാ ഞാനും ചിന്തിച്ചേ…..? ആ… എന്തായാലും കുറച്ച് കരടോക്കെ അവളുടെ ഉള്ളിൽ വീണുകാണും.... രാവിലെ നന്ദൻ സർ ഞാൻ തലകറങ്ങി വീണപ്പോൾ പിടിച്ചുകൊണ്ടു വന്നില്ലേ... അപ്പോൾ കാണണമായിരുന്നു ഇവളുടെ മുഖം.. കണ്ണൊക്കെ നിറഞ്ഞു... മുഖമൊക്കെ ചുവന്നു... ഓഹ്.. എനിക്ക് ഓർക്കുംതോറും കുളിർന്നു കേറുവാ... അതുമതി... എന്റെ ഫസ്റ്റ് അറ്റംപ്റ് സക്സസ് ആയിന്നു ഉറപ്പിക്കാൻ...

വർഷ ലെച്ചുവിന്റെ പോക്ക് നോക്കി ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു... ഇതേസമയം നന്ദനും നോക്കിക്കാണുവായിരുന്നു ലെച്ചു ഫിസിക്സ്‌ ഡിപ്പാർട്മെന്റിലേയ്ക് കയറി പോകുന്നത്. റെക്കോർഡ് കൊണ്ടു വരുമ്പോഴെങ്കിലും ഒന്നു കണ്ടു സംസാരിക്കാമെന്നു കരുതിയാണ് ഊണ് പോലും കഴിക്കാതെ ഇവിടെ വന്നിരുന്നത്... എന്നിട്ടും എന്നോടുള്ള ദേഷ്യത്തിന് റെക്കോർഡ് പോലും വെയ്ക്കാണ്ട് പോകുന്ന കണ്ടില്ലേ... നന്ദൻ ഓർത്തു.. വർഷയ്ക്കു ഇന്നത്തെ സംഭവം തികച്ചും വീണുകിട്ടിയ ഗോൾഡൻ ചാൻസ് തന്നെയായിരുന്നു.. അതിനായിത്തന്നെയാണ് തലകറങ്ങി വീഴാൻ പോകുന്നതായി ഭാവിച്ചത് ... അത് കറക്റ്റ് ആയി ലക്ഷ്മി കാണുകയും ചെയ്തു... ഇങ്ങനെ ചെറിയ ചെറിയ കരട് മതി അവർ തമ്മിലുള്ള അകലം കൂട്ടാൻ... ആ അകലം തനിക്ക് നന്ദന്റെ ഹൃദയത്തിലേയ്ക്കുള്ള പാലമാണ്.. വർഷ പലവിധ ചിന്തകളിലൂടെയാണ് ലാബിൽ നിന്നത്... ഇടയ്ക്കിടെ നോട്ടം നന്ദനിലേയ്ക്കും പോയി... നന്ദൻ എങ്ങനെയെങ്കിലും ക്ലാസ്സ്‌ കഴിഞ്ഞു ലെച്ചുവിനെ കാണാൻ വെമ്പൽ കൊള്ളുകയായിരുന്നു... പലപ്പോഴും മനസ്സ് കൈവിട്ടു പോകുംപോലെ... സർ.... ഫിനോൾ സ്റ്റോക്ക് കഴിഞ്ഞു... ഇനി പുതിയ ബോട്ടിലിൽ നിന്നും കുറച്ച് പകർത്തിയൊഴിക്കണം...

ലാബ് അസിസ്റ്റന്റ് പ്രമീള അവനരികിൽ വന്നുനിന്നുകൊണ്ട് പറഞ്ഞു... ദാ... സ്റ്റോക്ക് റൂമിന്റെ ചാവി... പ്രമീള ചേച്ചി പോയി എടുത്തിട്ട് വാ.. നന്ദൻ സ്റ്റോക്ക് റൂമിന്റെ ചാവി അവരെ ഏല്പിച്ചുകൊണ്ട് പറഞ്ഞു... നന്ദൻ സാറേ.... ദാ.. ഈ ബോട്ടിൽ ഒന്നു ശരിക്കും പിടിക്കണേ..... ഞാൻ അതിലേയ്ക്ക് പകർത്താം... പ്രമീള പുതിയ ബോട്ടിലിൽനിന്നും ലാബ് കണ്ടെയ്നറിലേയ്ക് ഫിനോൾ ഒഴിച്ചു... അപ്പോഴാണ് ദൂരെ നിന്നും ലെച്ചു അവിടേയ്ക്കു വരുന്നത് നന്ദൻ കണ്ടത്... ഒരുനിമിഷം സന്തോഷത്താൽ കൈ ഒന്നയഞ്ഞു... ഫിനോൾ കൈയിലേയ്ക് വീണപ്പോഴാണ് നന്ദൻ ബോധത്തിലേയ്ക് വന്നത്... ആഹ്... വേദനകൊണ്ടു നന്ദൻ കൈ പുറകിലേക്കു വലിച്ചു... അയ്യോ... സാറേ... കൈ പൊള്ളിയല്ലോ ? പ്രമീള പെട്ടെന്ന് ബോട്ടിൽ അടച്ചശേഷം കൈ പിടിച്ചു നോക്കി.. അതേസമയം ലാബിൽ നിന്ന കുട്ടികളും അവരുടെ വിളി കേട്ടു അവിടേയ്ക്കു വന്നു.. നന്ദനെ കൈപ്പത്തി പെട്ടെന്ന് വെളുത്ത നിറമായി... നീറിയിട്ട് കണ്ണുകൾ നിറഞ്ഞു.. ലെച്ചു ആൾക്കൂട്ടം കണ്ടു അവിടേയ്ക്കു നോക്കോയപ്പോൾ കൈ കുടഞ്ഞു നിൽക്കുന്ന നന്ദനെയാണ് കണ്ടത്..

നിറമിഴികളോടെ അടുത്തേയ്ക്കു ഓടിയെത്തിയപ്പോഴേയ്കും നന്ദന്റെ കൈയിൽ വർഷ പിടിത്തമിട്ടു കഴിഞ്ഞിരുന്നു... മുന്പോട്ടുവെച്ച കാൽ പുറകിലൊട്ടെടുത്തോരു കാഴ്ചക്കാരിയായി നിൽക്കാനേ അവൾക്കായുള്ളു.. സാർ... നോക്കട്ടെ.. ഒരുപാട് പൊള്ളിയോ ? കൈ തിരിച്ചും പിടിച്ചും നോക്കി അവൾ ചോദിച്ചു... മ്മ്... കുറച്ച് പൊള്ളിയെന്നു തോന്നുന്നു.. നന്ദൻ അപ്പോഴും പുറത്തുനിൽക്കുന്ന ലെച്ചുവിനെ നോക്കി നിൽക്കുകയായിരുന്നു.. ലെച്ചുവിന്റെ അകൽച്ചയാണ് പൊള്ളലിനെക്കാളും അവനെ വേദനിപ്പിച്ചത്....... അയ്യോ സാറേ.. നല്ല വേദനയുണ്ടല്ലേ..? എന്തായിപ്പോ ചെയ്യുക ...? ഹോസ്പിറ്റലിൽ പോകാം... ഞാൻ ആരേലും വിളിക്കട്ടെ... പ്രമീള സങ്കടത്തോടെ ചോദിച്ചു... വേദനയൊക്കെയുണ്ട് ചേച്ചി... ഹോസ്പിറ്റലിൽ എന്തായാലും പോകണം... എല്ലാവരും പൊയ്ക്കോളൂ... നെക്സ്റ്റ് ഡേ ബാക്കി ചെയ്യാം... വർഷ ഇയാളും പൊയ്ക്കോളൂ.. അപ്പോഴും തന്റെ കൈയിൽ പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി നന്ദൻ പറഞ്ഞു. അത് സർ... ഈ ഒരവസ്ഥയിൽ സാർ ഒറ്റയ്ക്ക്... ഞാനും വരാം...

ഏയ്‌... അതിന്റെ ആവശ്യമൊന്നുമില്ല... പിന്നെ ഞാൻ ഒറ്റയ്ക്കല്ല ലക്ഷ്മിയുണ്ട്.. നന്ദൻ പുറത്തു നിൽക്കുന്ന ലെച്ചുവിനെ നോക്കി പറഞ്ഞു.. വർഷ മനസ്സില്ലാമനസ്സോടെ അതിലേറെ ദേഷ്യത്തോടെ ലെച്ചുവിനെ നോക്കി തിരിഞ്ഞു നടന്നു.. ചേച്ചി എനിക്കെന്തായാലും ഡ്രൈവ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല... നമ്മുടെ പിജി യിലെ അരുൺ മോഹനില്ലേ.. അയാളോട് ഒന്നു വരാൻ പറയൂ... അവൻ എന്റെ വീടിനടുത്താണ്.. അതാകുമ്പോൾ എന്നെ വീട്ടിൽ ആക്കിയ ശേഷം തിരികെ വീട്ടിൽ പോകാം അവന്... നന്ദൻ പ്രമീളയോടായി പറഞ്ഞു.. ശരി സാറേ... ഞാൻ ഇപ്പോൾ വിളിച്ചിട്ട് വരാം... ലെച്ചു അപ്പോഴും വാതിൽക്കൽ തന്നെ നന്ദനെ നോക്കി നിൽക്കുകയായിരുന്നു... ഇരുവരും പരസ്പരം കണ്ണുകൾകൊണ്ട് ഒരായിരം പരിഭവങ്ങൾ പറഞ്ഞു... അതിന്റെ പ്രതിഭലനമെന്നോണം കണ്ണുനീർ ഇടയ്ക്കിടെ കാഴ്ചയെ മറച്ചൊഴുകിക്കൊണ്ടിരുന്നു... നന്ദേട്ടാ.... ലെച്ചു ഉള്ളിലെ സങ്കടം അണപൊട്ടിയൊഴുകിയപ്പോൾ ഗദ്ഗദത്തോടെ വിളിച്ചു.. അതുകേൾക്കാൻ കാത്തിരുന്നെന്നപോലെ നന്ദൻ കൈകൾ വിരിച്ചവളെ ക്ഷണിച്ചു..

ശരവേഗത്തിൽ ആ മാറിലേയ്ക് മുഖം പൂഴ്ത്തിയവൾ ഇതുവരെയുള്ള ദുഃഖഭാരമഴിച്ചു.. കൈയുടെ വേദന മറന്നവൻ അവളെ നെഞ്ചോടുചേർത്തു നെറുകയിൽ ചുംബനം കൊണ്ടു മൂടി.. ഒരുനിമിഷം... അവന്റെ കരവലയത്തിൽ അമർന്നശേഷംഅവൾ പതിയെ മാറി അവന്റെ കൈപിടിച്ച് നോക്കി.. ചുണ്ണാമ്പ് തേച്ചപോലെ തൊലിയാകെ വെളുത്തു ചുളിഞ്ഞപോലെ.... അധികം നോക്കിനിൽക്കാനുള്ള ശക്തി ഇല്ലാതെ അവൾ കാഴ്ച്ച പിൻവലിച്ചു.. ശ്രദ്ധിക്കാഞ്ഞല്ലേ നന്ദേട്ടാ... ഇതെന്തൊരു വേദനയായിരിക്കും... ഓർക്കുമ്പോൾ എന്റെ നെഞ്ച് പൊടിയുന്നു.. അവൾ പറഞ്ഞു... കീറിമുറിഞ്ഞ ഹൃദയത്തിൽ വീണ്ടും കത്തികൊണ്ട് വരയുമ്പോൾ ഉണ്ടാകുന്ന പുളയുന്ന ഒരു നീറ്റലില്ലേ അതാണെന്റെ ഉള്ളിലിത്രയും നേരം... അതിനോളം വരില്ല ഈ വേദനയൊന്നും... അവൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു... നന്ദേട്ടാ... അതേ മോളേ... നീയെന്നെ അവഗണിച്ചില്ലേ.... നോട്ടം കൊണ്ടുപോലും വേദനിപ്പിച്ചില്ലേ അപ്പോഴൊക്കെ ഞാൻ അനുഭവിച്ച വേദന അതായിരുന്നു... എന്തിനാ എന്നോടങ്ങനെ പോയേ .? നിനക്ക് എന്നെ വിശ്വാസമില്ലേ ? ........ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story