ലക്ഷ്മീനന്ദനം: ഭാഗം 35

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ചുണ്ണാമ്പ് തേച്ചപോലെ തൊലിയാകെ വെളുത്തു ചുളിഞ്ഞപോലെ.... അധികം നോക്കിനിൽക്കാനുള്ള ശക്തി ഇല്ലാതെ അവൾ കാഴ്ച്ച പിൻവലിച്ചു.. ശ്രദ്ധിക്കാഞ്ഞല്ലേ നന്ദേട്ടാ... ഇതെന്തൊരു വേദനയായിരിക്കും... ഓർക്കുമ്പോൾ എന്റെ നെഞ്ച് പൊടിയുന്നു.. അവൾ പറഞ്ഞു... കീറിമുറിഞ്ഞ ഹൃദയത്തിൽ വീണ്ടും കത്തികൊണ്ട് വരയുമ്പോൾ ഉണ്ടാകുന്ന പുളയുന്ന ഒരു നീറ്റലില്ലേ അതാണെന്റെ ഉള്ളിലിത്രയും നേരം... അതിനോളം വരില്ല ഈ വേദനയൊന്നും... അവൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു... നന്ദേട്ടാ... അതേ മോളേ... നീയെന്നെ അവഗണിച്ചില്ലേ.... നോട്ടം കൊണ്ടുപോലും വേദനിപ്പിച്ചില്ലേ അപ്പോഴൊക്കെ ഞാൻ അനുഭവിച്ച വേദന അതായിരുന്നു... എന്തിനാ എന്നോടങ്ങനെ പോയേ .? നിനക്ക് എന്നെ വിശ്വാസമില്ലേ ? അവളുടെ നിറഞ്ഞു കവിയുന്ന മിഴിനീർകണങ്ങൾ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തുകൊണ്ടവൻ തിരക്കി....

ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ പരിഭവത്തിന്റെ കെട്ടഴിക്കുന്ന നന്ദനെ കാൺകെ ലെച്ചുവിന്റെ ഉള്ളം കുറ്റബോധം കൊണ്ടു നീറുകയായിരുന്നു... ഇല്ല നന്ദേട്ടാ... ഞാൻ പറഞ്ഞിട്ടില്ലേ.. എന്നേക്കാൾ വിശ്വാസമാണ് എനിക്കെന്റെ നന്ദേട്ടനെ... പിന്നെന്തിനാ മോളേ നീ എന്നെ അവഗണിച്ചത് ? നിറമിഴികളോടെ മുഖം തിരിച്ചു ക്യാന്റീനിൽ നിന്നു പോകുന്ന നിന്നെ കണ്ടിട്ട് സഹിക്കാൻ വയ്യാതെയാ ക്ലാസ്സിൽ വന്നത്... അപ്പോൾ അവിടെയും നീയെന്നെ അവഗണിച്ചു.. ഒരു നോട്ടം കൊണ്ടുപോലും.... ലെച്ചു നന്ദനെ ഒന്നും പറയാൻ സമ്മതിക്കാതെ അവന്റെ വായ പൊത്തി.. കണ്ണുകൾ കൊണ്ടു വേണ്ടായെന്നു കാണിച്ചു... അവളുടെ കണ്ണുകളുടെ യാചനയിൽ സ്വയം നിയന്ത്രിച്ചു നിന്ന അവനെ അവൾ പതിയെ ഡോറിനടുത്തേയ്ക് നീക്കിനിർത്തി... അവന്റെ മുഖം തന്റെ മുഖത്തിനടുത്തേയ്ക് കൈക്കുമ്പിളിൽ അടുപ്പിച്ചുകൊണ്ട് ഇരു കണ്ണുകളിലും മുത്തി.. ഒരിക്കലും നന്ദേട്ടനോടുള്ള അവഗണന ആയിരുന്നില്ല അത്... ദേഷ്യവുമായിരുന്നില്ല.... മെല്ലെ അവന്റെ മുഖത്തുനിന്നും കൈകൾ അടർത്തി ആ നെഞ്ചിലേയ്ക് ചാഞ്ഞുകൊണ്ടു ആ നെഞ്ചിടിപ്പു ശ്രവിച്ചുകൊണ്ടവൾ പറഞ്ഞു.. പേടിയാണ് നന്ദേട്ടാ...

അത് നന്ദേട്ടൻ വർഷ ചേച്ചിയെ സ്നേഹിക്കുമെന്നോ എന്നെ ചതിക്കുമെന്നോ ഉള്ള ഭയമല്ല... ഏട്ടനെന്തേലും പറ്റിയാലോയെന്നോർത്തുള്ള ആധിയാണ്.. ദാ.. ഈ നെഞ്ചിടിപ്പ് എപ്പോഴും എന്റെ ഉള്ളിൽ പ്രതിധ്വനിക്കുന്നുണ്ട്... ഏട്ടൻ അടുത്തില്ലെങ്കിൽ പോലും ഈ താളം നൽകുന്ന ശക്തിയാണ് എന്റെ ജീവൻ ... ഭയം ഉള്ളിൽ നിറയുമ്പോൾ എനിക്ക് അത് കേൾക്കാൻ കഴിയില്ല... ആ ടെൻഷനും സങ്കടവുമെല്ലാം ഏട്ടനെ കണ്ടപ്പോൾ പുറത്തേയ്ക്കു വന്നു... ഏട്ടന്റെ ഒരു നോട്ടം പോലും പിടിച്ചുവെച്ചിരിക്കുന്ന കെട്ടുവിട്ടു ആ സങ്കടത്തെ ഒഴുക്കും.. ഈ നെഞ്ചിൽ ഇതുപോലെ ചേർന്നുനിന്നു അതെല്ലാം ഒഴുക്കിവിടാതെ എനിക്ക് ഒന്നിനും കഴിയില്ല നന്ദേട്ടാ... അങ്ങനെ എന്റെ നിയന്ത്രണം പോകുമോയെന്ന് ഭയന്നിട്ടാണ് ഇത്രേം നേരം മുഖം തരാതെ നടന്നത്... അതിത്രേം എന്റെ നന്ദേട്ടനെ വേദനിപ്പിക്കുമെന്നു ഓർത്തില്ല.. എന്നോട് ക്ഷമിക്കൂ നന്ദേട്ടാ... കരച്ചിലിന്റെ ശക്തി കൂടിയപ്പോൾ അവൻ അവളെ മുറുകെ ചേർത്തുപിടിച്ചു... നെറുകയിൽ അമർത്തി ചുംബിച്ചു...

ഏതൊരു പെൺകുട്ടിയും ഇന്നത്തെ സാഹചര്യത്തിൽ കുറച്ച് അസൂയയും ദേഷ്യവും കൂട്ടി കുറച്ചേലും തന്നെ ആവിശ്യസിച്ചേനെ... എന്നാൽ ഇവൾ തന്റെ ജീവനെക്കുറിച്ചോർത്താണ് ഭയപ്പെട്ടതെന്നു കേട്ടപ്പോൾ നന്ദന് തന്റെ പാതിയെ ഓർത്തു അഭിമാനവും സന്തോഷവുമൊക്കെ തോന്നി... അതേ... രണ്ടാളുടെയും സ്നേഹപ്രകടനമൊക്കെ കഴിഞ്ഞു പിണക്കമൊക്കെ ഫുൾ സ്റ്റോപ്പ്‌ ഇട്ടെങ്കിൽ ഒന്ന് കണ്ണൊക്കെ തുടച്ചു നിന്നേ... ദേ... പ്രമീള ചേച്ചിയും അനീഷേട്ടനും വരുന്നുണ്ട്... അല്ലേല് അവരുടെ ഗൗരവക്കാരനായ കെമിസ്ട്രി വാധ്യാരുടെ മുഖം മുടിയൊക്കെ പൊട്ടി പാളീസാകും... വാതിൽക്കൽ പുറത്തേയ്ക്കു നോക്കി നിന്നു പറയുന്ന നീതുവിന്റെ ശബ്ദമാണ് അവരെ ബോധത്തിലേയ്ക് കൊണ്ടു വന്നത്... പെട്ടെന്ന് ലെച്ചു നന്ദന്റെ നെഞ്ചിൽനിന്നും മാറി കണ്ണൊക്കെ തുടച്ചിട്ട് തന്റെ ഷാൾ കൊണ്ടു അവന്റെ മുഖവും കഴുത്തുമൊക്കെ ഒപ്പിയെടുത്തു... ലെച്ചുവിനെന്തോ നീതുവിന്റെ മുഖത്തുനോക്കാൻ അൽപ്പം ജാള്യത തോന്നി.. അതവളുടെ മുഖത്തുനിന്നും നീതുവിനും മനസ്സിലായി...

അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞിരുന്നു.. അവർ കാണാതെ കണ്ണ് തുടച്ചുകൊണ്ട് അവരെ നോക്കിയവൾ ചോദിച്ചു.. ഞാൻ അകത്തോട്ടു വന്നോട്ടെ ? അതെന്താ നീതു ഇത് ഞങ്ങളുടെ ബെഡ്‌റൂമൊന്നുമല്ല.. കെമിസ്ട്രി ലാബ് ആണ്... നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് നിങ്ങൾക്കും ഓര്മയുണ്ടായാൽ മതി.. അതും പറഞ്ഞുകൊണ്ടവൾ അകത്തേയ്ക്കു കയറി... നീയെങ്ങനെ അറിഞ്ഞു ഞാൻ ഇവിടുണ്ടെന്ന് ? ലെച്ചു സംശയത്തോടെ ചോദിച്ചു... അതറിയാൻ എനിക്ക് മഷിയിട്ട് നോക്കുവൊന്നും വേണ്ട മോളേ... ലാബിൽ നിന്നു സൂപ്പര്ഫാസ്റ് പോലെ എസ്പീരിമെന്റും ചെയ്തു ഓടുന്ന കണ്ടപ്പോഴേ അറിയാരുന്നു എങ്ങോട്ടാണെന്ന് ... പിന്നെ നിങ്ങൾക്കിടയിൽ കട്ടുറുമ്പ് ആകേണ്ടെന്നു കരുതി പോകാൻ നിന്നപ്പോഴാ ... തേർഡ് ഇയർ പിള്ളേര് നന്ദൻ സാറിന്റെ കാര്യം പറഞ്ഞുകൊണ്ട് പോകുന്നത് കേട്ടത്.. അപ്പോൾ കാണാതെ പോകാൻ തോന്നിയില്ല... അതാ വന്നത്... അപ്പോഴിവിടെ തകർത്തു കണ്ണീര്മഴ പെയ്യുകയായിരുന്നല്ലോ ?

അതാ ആരേലും വരുന്നൊന്ന് നോക്കി ഞാൻ കാവൽ നിന്നത്... അതും പറഞ്ഞവൾ നന്ദന്റെ കൈ പിടിച്ചു നോക്കി വിഷമത്തോടെ ചോദിച്ചു.. നല്ല വേദനയുണ്ടല്ലേ സാറേ ? മ്മ്.. നല്ല നീറ്റലുണ്ട്... അതുപോലെ ഇപ്പോൾ ചെറുതായി ചൊറിച്ചിലുമുണ്ട്.. ഈ ഫിനോളിന്റെ സ്പെഷ്യലിറ്റി അതാ... ഇനി സ്കിൻ ഒക്കെ ചൊറിഞ്ഞടർന്നപോലെയാകും... അവൻ കൈ തിരിച്ചു കാട്ടിക്കൊണ്ട് പറഞ്ഞു.. ഇതൊക്കെ ലാബിൽ സാധാരണയാ ലെച്ചു.. ഇപ്പോഴേ ഇങ്ങനുള്ള കാര്യങ്ങൾക്കു കരയാൻ തുടങ്ങിയാല് എന്തു ചെയ്യാനാ... പിന്നെ നമ്മൾ മാക്സിമം സൂക്ഷിക്കണം... ഇതൊക്കെ പിള്ളേർക്ക് നാഴിക്ക് നൂറുവട്ടം പറഞ്ഞുകൊടുക്കണ ഞാൻ തന്നെ ഒരുനിമിഷം മനസ്സ് കൈവിട്ടു... നന്ദൻ താൻ പറഞ്ഞതുകേട്ട് വിതുമ്പി നിൽക്കുന്ന ലെച്ചുവിനെ നോക്കി പറഞ്ഞു.. അതുകേട്ടു നീതു ലെച്ചുവിനെ ചേർത്തുപിടിച്ചു..... അപ്പോഴേയ്ക്കും പ്രമീള അനീഷിനെ കൂട്ടി വന്നിരുന്നു.. അനീഷ് നന്ദന്റെ കൈയിൽ നിന്നും ചാവി വാങ്ങി കാർ എടുക്കാൻ പോയി.. ലാബ് പൂട്ടാനായി നന്ദനും ലെച്ചുവും നീതുവും പുറത്തേക്കിറങ്ങിക്കൊടുത്തു...

പ്രമീള അപ്പോഴേയ്ക്കും ലാബ് പൂട്ടി താക്കോൽ നന്ദനെ ഏൽപ്പിച്ചു യാത്ര പറഞ്ഞു പോയി.. ലെച്ചു... എന്നാൽ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ... നാലേകാലിനു ഒരു ബസ് ഉണ്ട്... ഇപ്പോഴേ നടന്നാല് അതിൽ കയറി ഇരിക്കാം.. സീറ്റ്‌ കിട്ടും... കോളേജ് ജംഗ്ഷനിൽ നിന്നു എടുക്കുന്നതാ.. നീതു ലെച്ചുവിനെയും നന്ദനെയും നോക്കി ചോദിച്ചു.. ഏയ്‌... ഞങ്ങൾ ബസ്റ്റോപ്പിൽ ആക്കാഡോ... ഇനി അങ്ങുവരെ നടക്കണ്ടേ... നന്ദൻ പറഞ്ഞു... അതേ നീതു... നിക്കെടി... ലെച്ചു താൻ ആഗ്രഹിച്ചത് നന്ദൻ പറഞ്ഞ സന്തോഷത്തിൽ അവളോട്‌ പറഞ്ഞു.. ഏയ്‌.. അത് സാരമില്ല സർ... വീട്ടിനടുത്തുള്ള ഒരു ചേച്ചിയുണ്ട്.. സെക്കന്റ്‌ ഇയർ മാത്‍സ്... ഞങ്ങൾ വൈകുന്നേരം ഒരുമിച്ചാ പോകണേ... ചേച്ചി അവരുടെ ഡിപ്പാർട്മെന്റിന്റെ ഫ്രണ്ടിൽ കാത്ത് നിൽക്കും.. അതുകൊണ്ടാ... ലെച്ചു... ഹോസ്പിറ്റലിൽ പോയിട്ട് വീട്ടിലെത്തുമ്പോൾ വിളിക്കണേ... പോട്ടേ സർ... നീതു യാത്ര പറഞ്ഞുകൊണ്ടു ലെച്ചുവിനെയൊന്നു ചേർത്തുപിടിച്ച ശേഷം തിരിഞ്ഞു നടന്നു... അപ്പോഴേയ്ക്കും അനീഷ് കാറുമായി വന്നു..

നന്ദൻ കോഡ്രൈവർ സീറ്റിലും ലെച്ചു പുറകിലും ആയി കയറി.. ലെച്ചുതന്നെയാണ് നന്ദന് കയറാൻ ഡോർ തുറന്നുകൊടുത്തതും അവന്റെ ബാഗ് എടുത്തതും... നീതു നടന്നു ഓഡിറ്റോറിയത്തിനടുത്തെത്തിയപ്പോൾ അവിടെ നിന്നു നന്ദനെയും ലെച്ചുവിനെയും നോക്കി നിൽക്കുവായിരുന്നു വർഷ... കൂടെ ഫസലും കിരണുമുണ്ട്.. അവരെ കണ്ടെങ്കിലും കാണാത്തപോലെയവൾ കടന്നുപോയി.. പക്ഷേ വർഷ അവളെ പുറകിൽ നിന്നും വിളിച്ചു നിർത്തി മുൻപോട്ട് ചെന്നു.. എന്താടി.... നിനക്ക് വിളിച്ചാൽ ഒന്നു നിൽക്കാൻ ഇത്രയും മടി... നീതുവിന്റെ തോളിൽ പിടിച്ചു തനിക്കുനേരെ നിർത്തിക്കൊണ്ട് വർഷ ചോദിച്ചു.. മടിയൊന്നുമുണ്ടായിട്ടല്ല ചേച്ചി... ഞാൻ ശ്രദ്ധിച്ചില്ല... നീതു അലസമായി മറുപടി പറഞ്ഞു.. എന്തു ഭാവിച്ചാടി ആ ലക്ഷ്മി നന്ദൻ സാറിന്റെ പുറകെ വീണ്ടും ചുറ്റിത്തിരിയുന്നത്...? ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു അറിഞ്ഞിട്ടും അവളെന്തിനാ വീണ്ടും സാറിനെത്തന്നെ ഒട്ടി നടക്കുന്നത് ? അതിന് കുട പിടിക്കാൻ നീയും.. വർഷ അമർഷത്തോടെ പറഞ്ഞു...

അല്ല ആര് തമ്മിൽ ഇഷ്ടത്തിലാണെന്നാ ചേച്ചി പറഞ്ഞേ ? ഞാൻ കേട്ടില്ല... നീതു തമാശയായി ചോദിച്ചു... നീയെന്താടി കളിക്കുവാണോ ? നീയൊക്കെ ഇവിടെ കാലുകുത്തും മുൻപേ ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയതാ... അതിനിടയ്ക്ക് വലിഞ്ഞുകയറി വന്നിട്ട്... വർഷ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.. നിങ്ങളല്ല ചേച്ചി... ചേച്ചി മാത്രം എന്നുപറ.... ചേച്ചി സ്നേഹിച്ചുവെന്നുകരുതി നന്ദൻ സാറിന് ഇഷ്ടമാകണമെന്നുണ്ടോ ? അതെന്താടി ഇന്ന് രാവിലെ ഞങ്ങൾ പറഞ്ഞിട്ട് നിനക്ക് വിശ്വാസം വന്നില്ലേ... അല്ലേൽ ഞങ്ങളെ വിശ്വസിക്കേണ്ട... രാവിലെ നേരിട്ട് കണ്ടതല്ലേ സാറിന് അവളോടുള്ള സ്നേഹം... എന്നിട്ടും അവൾക്കു വിശ്വാസം വന്നില്ലെന്ന് പറഞ്ഞാൽ.... മ്മ്.. ഇത് ശരിയായ റിലേഷൻ അല്ല കിരണേ... ഫസൽ കളിയാക്കിക്കൊണ്ട് പറഞ്ഞു.. ആ... രാവിലെയുള്ള ചേച്ചിയുടെ അഭിനയം സൂപ്പർ ആയിരുന്നുകേട്ടോ...? ഇത് യൂണിവേഴ്സിറ്റി ഫെസ്റ്റിൽ കാഴ്ചവെച്ചിരുന്നേൽ എന്തായാലും കലാതിലകപട്ടം നമ്മുടെ കോളേജിന് പോന്നേനെ... പിന്നെ ഇതുപോലുള്ള ഉടായിപ്പ് നംബറുകൊണ്ടോന്നും അവരെ പിരിയ്ക്കാൻ പറ്റില്ല...

അവളുടെ മനസിൽ സംശയമുണ്ടാക്കാനും കഴിയില്ല... കാരണം അവരുടെതെ നല്ല പത്തരമാറ്റ് പ്രണയമാ.. അല്ലാതെ ചേച്ചിയുടേതുപോലെ അട്ട്രാക്ഷൻ തോന്നുന്നതെന്തും കൈയടക്കാനുള്ള ത്വരയല്ല... ദേ... അങ്ങോട്ടൊന്നു നോക്കിയേ... ഒന്നു സൂക്ഷിച്ചു നോക്കിയേ അവര് തമ്മിലുള്ള ആത്മബന്ധം... നന്ദനെകാറിന്റെ ഡോർതുറന്നു അകത്തുകയറ്റുന്ന ലെച്ചുവിനെ ചൂണ്ടി കാട്ടിക്കൊണ്ടവൾ പറഞ്ഞു.. പിന്നെ അവൾക്കു കുട പിടിക്കണ കാര്യം.. അത് ഞാൻ തീരുമാനിച്ചോളാം കേട്ടോ... ചേച്ചി അധികം തലപുകയ്ക്കണ്ട... അതും പറഞ്ഞവൾ തന്റെ ചുമലിലിരിക്കുന്ന വർഷയുടെ കൈതട്ടിമാറ്റി മുന്നോട്ടു നടന്നു... നീതുവിന്റെ വാക്കുകളും അവൾ കാട്ടിയ കാഴ്ചയും വർഷയുടെ ഉള്ളിൽ പക ആളിക്കത്തിച്ചു... മ്മ്... മനപ്പൊരുത്തം കണ്ട് ആഹ്ലാദിച്ചോ നീ... ഇതിലും വലിയ കാഴ്ച്ച നിന്റെ കൂട്ടുകാരിക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്... അതിലേക്കുള്ള ചെറിയ ചെറിയ ഡോസുകളെ ഇപ്പോൾ ഞാൻ ഇറക്കുന്നത്... അത് കാണുമ്പോഴും ഈ വിശ്വാസം ഉണ്ടായാൽ മതി... തള്ളി പറഞ്ഞിരിക്കും... ലക്ഷ്മിതന്നെ നന്ദൻ സാറിനെ എനിക്ക് വിട്ടുതന്നിരിക്കും.. അടുത്തുനിൽക്കുന്ന ഫസലിനെയും കിരണിനെയും നോക്കി ഗൂഢസ്മിതത്തോടെയവൾ പറഞ്ഞു... അപ്പോഴേയ്ക്കും നന്ദന്റെ കാർ അവരെക്കടന്നു പോയിരുന്നു........ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story