ലക്ഷ്മീനന്ദനം: ഭാഗം 42

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നന്ദൻ വർഷയെ മാറ്റിനിർത്തി ഡോറിനടുത്തേയ്ക് പോകാൻ നിന്നതുമവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു... വർഷയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ .... അവനാകെ അമ്പരന്നുപോയി.. പെട്ടെന്നാണ് ഡോർ തുറന്നത്... നോക്കുമ്പോൾ ടീച്ചേഴ്സും പിള്ളേരും കുറച്ചാളുകളുണ്ട്... അതിനേക്കാൾ അവന്റെ കണ്ണുകൾ പതിഞ്ഞത് തന്നിലേക്കു തറഞ്ഞിരിക്കുന്ന ലെച്ചുവിന്റെ മുഖമാണ്... ആൾക്കൂട്ടത്തിൽ പുറകിലായി നിശ്ചലയായി നിൽക്കുന്ന ലെച്ചുവിനെ.... ആഹ്... ഇതാരൊക്കെയാ..? ഇത്രയും വല്യ പ്രോഗ്രാം നടക്കുമ്പോൾ സാറുംകുട്ടിയും ഇവിടെ അതിലും വല്യ പരിപാടിയിലായിരുന്നല്ലേ ? കൂട്ടത്തിലൊരാൾ മുന്നോട്ട് വന്നുകൊണ്ടു ചോദിച്ചു... നന്ദൻ വർഷയെ ബലമായി പിടിച്ചുമാറ്റാൻ നോക്കി.. അപ്പോഴേയ്ക്കുംഅവൾ അവന്റെ മേലെ കുഴഞ്ഞുവീണിരുന്നു... പെട്ടെന്നവൻ അവളെ അടുത്തുള്ള ഡെസ്കിലേയ്ക് കിടത്തി...

അവളുടെ കൂട്ടുകാരും അപ്പോഴേയ്ക്കും അവിടെ എത്തിയിരുന്നു... ഫസൽ മുഖത്തേയ്ക്കു വെള്ളം തളിച്ചു.. കണ്ണുതുറന്ന വർഷ എല്ലാവരെയും കണ്ടു പതിയെ എഴുന്നേറ്റു ബെഞ്ചിലിരുന്നു.. എടി... വർഷേ... എന്താ പറ്റിയെ..? നെറ്റിയൊക്കെ മുറിഞ്ഞല്ലോ അതെങ്ങനാ ? ഫസൽ നന്ദനെയൊന്നു ചുഴിഞ്ഞു നോക്കി ചോദിച്ചു.. അതുകേട്ടതുമവൾ മുഖം പൊത്തി കരഞ്ഞു... എടി... ഇത്രയും നേരം ഞങ്ങടെ അടുത്തുണ്ടായിട്ടു പെട്ടെന്ന് ഇവിടെങ്ങാനാ വന്നേ ? എന്തായാലും പറയ്... കിരൺ അവളുടെ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ടു ചോദിച്ചു... ഞങ്ങളെ ആരോ ഇവിടെ പൂട്ടിയിട്ടതാ... അല്ലാതെ നിങ്ങൾ കരുതുംപോലെ ഒന്നുമില്ല... വർഷാ... താൻ ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തേലും പറയ്‌... നന്ദൻ തെല്ലു പരിഭ്രമത്തോടെ പറഞ്ഞു... അപ്പോഴും കണ്ണുകൾ ലെച്ചുവിൽ ആയിരുന്നു... അതേ എന്നെ ഇവിടെ പൂട്ടിയിട്ടതാ... വർഷ മെല്ലെ പറഞ്ഞു... ആര് ? താൻ തെളിച്ചു പറയടോ... പ്രിൻസിപ്പൽ മാധവമേനോൻ ചോദിച്ചു. കെമിസ്ട്രി ഡിപ്പാർട്മെന്റിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നറിഞ്ഞാണ് അയാൾ അവിടേയ്ക്കു അവിടേയ്ക്കു വന്നത്....

അത്... നന്ദൻ സാർ.... അവൾ വിക്കി വിക്കി പറഞ്ഞു... കേട്ടത് വിശ്വസിക്കാനാകാതെ നന്ദൻ ഞെട്ടിത്തരിച്ചു... ഇല്ല... ഈ കുട്ടി കള്ളം പറയുവാ... ഞാൻ ഇവിടെ വന്നപ്പോൾ..... ആരോ മനപ്പൂർവം ചെയ്തതാ... നന്ദൻ നിസ്സഹായനായി വാക്കുകൾക്കായി പരതിക്കൊണ്ടു പറഞ്ഞു... അല്ല സാർ.... രണ്ടുദിവസമായി സയൻസ് ഫെയറിന്റെ കാര്യങ്ങൾക്കായി ഓടിനടന്നു നല്ല ക്ഷീണമുണ്ടായിരുന്നു... അതാ തലവേദന തോന്നിയപ്പോൾ ഒന്നു മുഖം കഴുകി കുറച്ചു നേരം റസ്റ്റ്‌ എടുക്കാമെന്നുകരുതി ഈ ക്ലാസ്സിൽ വന്നിരുന്നത്... ആരോ ക്ലാസ്സിൽ കയറി വാതിലടയ്ക്കുന്ന ശബ്ദം കേട്ടുനോക്കിയപ്പോൾ മുന്നിൽ നന്ദൻ സാറിനെയാണ് കണ്ടത്... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായതുകൊണ്ട് കണ്ടപ്പോൾ പരിഭ്രമമൊന്നും തോന്നിയില്ല.. എന്നാൽ സാർ എന്നോട്.... അവൾ വാക്കുകൾ പൂർത്തിയാക്കാനാകാതെ ഷാൾ കൊണ്ടു മുഖം പൊത്തി... വർഷയുടെ നാവില്നിന്നും വീണ വാക്കുകളുടെ മുനയിൽ ഹൃദയം പൊടിഞ്ഞുനിൽക്കുകയായിരുന്നയവൻ മറുത്തൊന്നും പറയാനാകാതെ പിടഞ്ഞു.. എന്താ സാറേ മിണ്ടാത്തെ....

കുറച്ചുദിവസമായി നിങ്ങളെപ്പറ്റി പലതും കേൾക്കാൻ തുടങ്ങിയിട്ട്... നിങ്ങളെപ്പോലെ എഫിഷിൻറ് ആയ ഒരധ്യാപകൻ അങ്ങനൊന്ന് ചെയ്യില്ലെന്നുറപ്പുള്ളതുകൊണ്ടാണ് വിശ്വസിക്കാതിരുന്നത്... എന്നാൽ ഇപ്പോൾ... മേനോൻ നന്ദനോടായി ചോദിച്ചു.. ഇല്ല സാർ... ഞാനൊരിക്കലും അങ്ങനൊന്നും ചിന്തിക്കുകകൂടി ചെയ്തിട്ടില്ല... എന്റെ സ്റുഡന്റ്സിനെ തെറ്റായൊന്നു നോക്കിയിട്ടുകൂടിയില്ല... ഇവൾ നുണയാ പറയണേ... അവൻ വർഷയെ നോക്കി പറഞ്ഞു... ഓഹോ എങ്കിൽ പിന്നെ സാറെന്തിനാ അവിടെ നിന്നും ഈ തിരക്കിനിടയ്ക്കു ഇവിടേയ്ക്ക് ഓടിപ്പിടച്ചു വന്നത്..? അർജുൻ അവിടേയ്ക്കു വന്നുകൊണ്ടു തിരക്കി.. അത് ഞാൻ ലക്ഷ്മിയെ തിരക്കി വന്നതാ... ഇവരുടെ ക്ലാസ്സിലെ ലിനിയാ പറഞ്ഞേ അവളെന്നെ അന്വേഷിച്ചുവെന്നു... അവൻ പറയുമ്പോഴും ലെച്ചുവിനെ തന്നെ നോക്കി.. അവളും ആകെത്തകർന്നു നിൽക്കുവായിരുന്നു...

നന്ദേട്ടൻ തന്നെയല്ലാതെ ഒരു പെൺകുട്ടിയെ തെറ്റായി നോക്കുക കൂടിയില്ല.. ഇത്രയായിട്ടു കൂടി തന്നോട് തെറ്റായൊരു സ്പർശമോ നോട്ടമോ ഉണ്ടായിട്ടില്ല... അങ്ങനെയുള്ളൊരാൾ വര്ഷയെപ്പോലൊരു പെണ്ണിനെ... അവൾക്കത് കള്ളമാണെന്നത് നൂറു ശതമാനം ബോധ്യമുണ്ടായിരുന്നു... അല്ല.. സാർ... കള്ളം പറയുവാ... നോക്ക് എതിർക്കാൻ ശ്രമിച്ചപ്പോൾ എന്നെ ബലമായി പിടിച്ചുവച്ചു... കുതറിമാറിയപ്പോൾ പറ്റിയതാ ഇത്.. അവൾ ചോരപൊടിഞ്ഞിരിക്കുന്ന തന്റെ നെറ്റി കാട്ടി പറഞ്ഞു... എന്താ നന്ദാ ഇത്... തന്നെക്കുറിച്ചു ഞങ്ങളാരും ഇങ്ങനൊന്നും കരുതിയില്ല... സുമിത്ര ടീച്ചർ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു... ഇല്ല ടീച്ചറെ... ഞാൻ പറഞ്ഞില്ലേ... ലക്ഷ്മിയ്ക് വയ്യായെന്നും ക്ലാസ്സിലുണ്ടെന്നും കേട്ടപ്പോൾ ഓടി വന്നതാ... അല്ലാതെ ഈ കുട്ടി പറയുംപോലെ ഒന്നും നടന്നിട്ടില്ല... ദിസ്‌ ഈസ്‌ എ പ്ലാൻഡ് ട്രാപ്.. ആഹ്... വിശ്വസിച്ചു സാറേ... ലക്ഷ്മിക്ക് വയ്യെന്ന് കേൾക്കുമ്പോൾ ഓടി വരാൻ അവളെന്താ സാറിന്റെ ഭാര്യയാണോ ? അതോ... ഇത് പോലെ.... $$$$$$$ആണോ ? അർജുൻ വഷളൻ ചിരിയോടെ ചോദിച്ചു... ടാ... അനാവശ്യം പറയരുത്...

നന്ദൻ അർജുന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. അതേ... അദ്ദേഹത്തിന്റെ ഭാര്യയാണ്... പുറകില്നിന്നും കേട്ട ശബ്ദത്തിന്റെ ഉടമയെ തേടിയ കണ്ണുകൾ ചെന്നു നിന്നത് നിറമിഴികളോടെ നിൽക്കുന്ന ലെച്ചുവിലാണ്... എല്ലാരും കേട്ടത് വിശ്വസിക്കാനാകാതെ അവളെത്തന്നെ നോക്കിനിന്നു... ഞാൻ നന്ദൻ സാറിന്റെ ഭാര്യയാണ്... ആരൊക്കെ കുറ്റപ്പെടുത്തിയാലും അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തില്ല... സ്വന്തം ജീവനേക്കാൾ പ്രൊഫഷനെ സ്നേഹിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ നന്ദഗോപൻ ഒരിക്കലും തന്റെ സ്റ്റുഡന്റിനോട് അരുതാത്തതൊന്നും പ്രവർത്തിക്കില്ല... സ്വന്തം ഭാര്യയായ എന്നേക്കാൾ ഉറപ്പ് വേറാര്ക്കാണ് തരാൻ കഴിയുക... എല്ലാവരോടുമായി പറഞ്ഞുകൊണ്ടവൾ ക്ലാസ്സിലേയ്ക് വന്നു നന്ദനടുത്തായി നിന്നു... കനൽചൂളയ്ക്കകത്തുനിൽക്കുമ്പോൾ പേമാരി ചൊരിഞ്ഞാലുണ്ടാകുന്നൊരു ആശ്വാസം നന്ദന് തോന്നി... ഇത്രയും ആൾക്കാർക്കിടയിൽ നാണിച്ചു തലകുനിച്ചു നിൽക്കുമ്പോഴും കണ്ണുകൾ പാഞ്ഞിരുന്നത് പരതിയിരുന്നത്... തന്റെ ലെച്ചുവിന്റെ മുഖത്ത് അവിശ്വാസവും വെറുപ്പും നിറയുന്നുണ്ടോയെന്നാണ്...

കരയിൽ പിടിച്ചിട്ട മീൻ പോലെ പിടഞ്ഞ നെഞ്ചിലാണ് ലെച്ചുവിന്റെ ഉറച്ച വാക്കുകൾ കുളിർമഴ പൊഴിച്ചത്... ചുറ്റും കൂടിനിന്നവർക്കു പുതിയ അറിവ് അമ്പരപ്പാണുണ്ടാക്കിയതെങ്കിൽ വര്ഷയിലത് പകയും നിരാശയുമാണ് നിറച്ചത്... ഈ പ്ലേയിലൂടെ ലെച്ചുവിന്റെ മനസിൽ നന്ദനോടുള്ള വെറുപ്പ് നിറച്ചവനെ തന്റേതാക്കാമെന്ന സ്വപ്നമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നത്... അവളോർത്തു... കൊള്ളാം ലക്ഷ്മി.... നന്ദൻ സാറിനെ രക്ഷിക്കാൻ പുതിയ നമ്പറുമായിറങ്ങിയേക്കാല്ലേ ? നാണമുണ്ടോടി ഇങ്ങനെ ഒരു പെണ്ണിനൊപ്പം കണ്ടിട്ടും അയാളെത്തന്നെ വിശ്വസിച്ചു കടിച്ചുതൂങ്ങാൻ... എന്നാൽ കേട്ടോളു... സാറെന്നെ അപമാനിച്ചിട്ടു നിന്നെ കെട്ടുമെന്ന് കരുതേണ്ട.... എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ വിവാഹം കാണും... ഇല്ലെങ്കിൽ അറിയാല്ലോ... ഇന്ന് നടന്നതൊക്കെ ഞാൻ ഒരു കേസ് ആക്കി ഫയൽ ചെയ്യും... വർഷ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു... വർഷാ.... നന്ദൻ ദേഷ്യത്തിൽ വിളിച്ചു.. ദാ... ഈ നിൽക്കുന്നത് എന്റെ ഭാര്യയാണ്.. മിസ്സ്‌ ലക്ഷ്മി നന്ദഗോപൻ...

എന്റെ ജീവനും ജീവിതത്തിനും ഏക അവകാശി... നീയെന്നല്ല ആരെന്തു പറഞ്ഞാലും ചെയ്താലും ഞങ്ങളെ പിരിക്കാൻ പറ്റില്ല... നന്ദൻ ലെച്ചുവിന്റെ മിഴികളിലേയ്ക് നോക്കി പറഞ്ഞു... അതേ.... ചേച്ചി പറഞ്ഞില്ലേ ഇങ്ങനൊരുവസാഹചര്യത്തിൽ കണ്ടിട്ടും ഞാൻ സാറിനെ രക്ഷിക്കാൻ ശ്രമിക്കുവാണെന്നു... അതേ.... ഇനിയെന്തൊക്കെ സംഭവിച്ചാലും എനിക്കെന്റെ നന്ദേട്ടനെ വിശ്വാസമാണ്... ഈ ഒരു നിമിഷനേരത്തേക്കെങ്കിലും നിങ്ങളിൽ പലരുംഅദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കാം... എന്നാൽ ഒന്നു ഓർത്തുനോക്കിയാൽ മതി.... തന്റെ വിദ്യാർത്ഥികളെ എന്നും ഒരുപോലെ കാണുന്ന നന്ദൻ സാറിനെക്കുറിച്ചു... ഇത്രയും തെറ്റുകൾ ചെയ്തിട്ടും എപ്പോഴെങ്കിലും ക്ലാസ്സിൽ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ? പഠിപ്പിക്കുന്നതിൽ ഇഷ്ടക്കേടോ നീതികേടോ കിട്ടിയിട്ടുണ്ടോ ? ലെച്ചു അർജുനോടും ഫസലിനോടുമായി തിരക്കി ... സത്യമാണ്.... തമ്മിൽ പല കാര്യങ്ങളിലും ശത്രുത പുലർത്തിയിട്ടുണ്ടെങ്കിലും ക്ലാസ്സിൽ ഒരുതരത്തിലും വേർതിരിവ് കാട്ടിയിട്ടില്ല നന്ദൻ... അർജ്ജുനുംഫസലും അതുകൊണ്ടുതന്നെ മൗനമായി നിന്നു...

ഇല്ലല്ലേ... ഉത്തരം കാണില്ല... പിന്നെ ഈ ക്ലാസ്സിൽ ഞാനുണ്ടായിരുന്നു... നീതുവിന് വയ്യാന്നു പറഞ്ഞപ്പോൾ അവളെയും കൂട്ടി വന്നതാ... ദേ.. നോക്ക് എന്റെ ബാഗും ബുക്കുമൊക്കെ ഇവിടുണ്ട്... നീതുവിന് ഒരു ചായ മേടിച്ചുകൊടുക്കാൻ ക്യാന്റീനിൽ പോയതായിരുന്നു... പേഴ്സ് എടുക്കാൻ മറന്നതുകൊണ്ട് വന്നപ്പോഴാ ഇവിടെ ഇതൊക്കെ കണ്ടത്... കൂടിപ്പോയാൽ ഒരു പത്തുമിനിറ്റേ ആയിക്കാനുള്ളു ഞങ്ങൾ പോയിട്ട്... അതിനിടയ്ക്ക് ഇങ്ങനൊക്കെ പറഞ്ഞാൽ അത് കള്ളമാണെന്ന് വിശ്വസിക്കാതിരിക്കാൻ അത്ര വല്യ ബുദ്ധിയൊന്നും വേണ്ട... ലെച്ചു വർഷയെ നോക്കി മുഖം മാറ്റി പറഞ്ഞു... നന്ദൻ... വർഷ... രണ്ടുപേരും ഓഫീസിലേയ്ക്ക് വരൂ... മാധവമേനോൻ അതുംപറഞ്ഞു നന്ദനെയും ലെച്ചുവിനെയുമൊന്നു നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു... ഒരു പരസ്യ വിചാരണ വേണ്ടായെന്നു കരുതിയാണയാൾ അവരെ വിളിപ്പിച്ചത്........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story