ലക്ഷ്മീനന്ദനം: ഭാഗം 43

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നന്ദൻ... വർഷ... രണ്ടുപേരും ഓഫീസിലേയ്ക്ക് വരൂ... മാധവമേനോൻ അതുംപറഞ്ഞു നന്ദനെയും ലെച്ചുവിനെയുമൊന്നു നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു... ഒരു പരസ്യ വിചാരണ വേണ്ടായെന്നു കരുതിയാണയാൾ അവരെ വിളിപ്പിച്ചത്.. വർഷ അവരെ നോക്കി അമർഷത്തോടെ പ്രിൻസിപ്പൽ റൂമിലേയ്ക്ക് പോയി... പോകുംവഴി അർജുനെ ഇടംകണ്ണാൽ നോക്കാനും മറന്നില്ല... അവൻ ഗൂഢസ്മിതത്തോടെ അവളെ നോക്കി ആരും കാണാതെ തംസപ് കാണിച്ചു... അതൊരു പുഞ്ചിരിയായി വർഷയുടെ മുഖത്ത് തെളിഞ്ഞു... ഓരോരുത്തരായി നന്ദനെയും ലെച്ചുവിനെയും നോക്കി പിരിഞ്ഞുപോയി... ഒടുവിൽ അവിടെ അവർ മാത്രമായി... ലെച്ചു.... മോളേ... നിനക്ക് വയ്യെന്ന് കേട്ടപ്പോൾ വേറൊന്നുമോർത്തില്ല... ഓടിവന്നതാ... ചതിയുടെ മണമറിഞ്ഞപ്പോഴേയ്കും അകപ്പെട്ടുപോയിരുന്നു.... നന്ദൻ ലെച്ചുവിന്റെ മുഖത്ത് നോക്കാനാകാതെ തലതാഴ്ത്തിപ്പറഞ്ഞു.. നന്ദേട്ടാ.... അവൾ അരുതെന്നു തലകാട്ടി... എന്റെ നന്ദേട്ടൻ ഒരിക്കലും എനിക്കുമുന്നിൽ തലകുനിച്ചു നിൽക്കരുത്....

ഇപ്പോൾ ഇവിടെ നടന്നതൊക്കെ എനിക്ക് വ്യക്തമായറിയാം... അതോർത്തു ഒരിക്കലും വിഷമിക്കണ്ട... അവൾ നന്ദന്റെ മുഖം മെല്ലെയുയർത്തിക്കൊണ്ട് പറഞ്ഞു... ലെച്ചു... ഞാൻ... ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല മോളേ.. സ്വന്തം പുരുഷൻ ഇങ്ങനെയൊരു സാഹചര്യത്തിൽ എല്ലാവർക്കും മുൻപിൽ തലതാഴ്ത്തി നിൽക്കുന്നത്... നാണം കെടുത്തിയില്ലേ മോളേ നിന്നെ ഞാൻ... എന്നിട്ടും... അവൻ മുഖം തിരിച്ചു നിന്നു... നന്ദേട്ടാ... ദേ... ഇങ്ങോട്ട് നോക്കിയേ... ആരേലും കണ്ടാല് നാണക്കേടാട്ടോ... അവരുടെ ചൂടൻ നന്ദൻ സാറിങ്ങനെ കരയുന്നത്... ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു തരിമ്പുപോലും വിശ്വാസക്കുറവില്ല ഏട്ടനെ... പിന്നെ ഞാൻ നന്ദേട്ടൻ പറയരുതെന്ന് വിലക്കിയ കാര്യമാ അനുവാദം ചോദിക്കാതെ എല്ലാവരോടുമായി പറഞ്ഞത്... സോറി.... ഏയ്... ഇല്ല ലെച്ചു... നീ പറയേണ്ട സമയത്ത് തന്നെയാ അത് പറഞ്ഞത്... അതുകൊണ്ടാ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഞാൻ തലയുയർത്തി നിൽക്കുന്നത്.. എന്നാല് എന്റെ നന്ദേട്ടൻ ധൈര്യമായി പോയിട്ട് വാ...

സാറിന് ഏട്ടനെ മനസ്സിലാക്കാനാകും... ഇനി എന്തുണ്ടായാലും ഞാനുണ്ടാകും... അവളവന്റെ കൈയിൽ ചുണ്ടമർത്തിക്കൊണ്ട് പറഞ്ഞു... മ്മ്... അത് മാത്രം മതിയെനിക്ക്... ഞാൻ പറഞ്ഞിട്ടില്ലേ ലെച്ചു.. നിന്നെക്കാൾ വലുതായി മറ്റൊന്നുമില്ല ഈ നന്ദന്... ഈ ലോകം മുഴുവൻ ആവിശ്യസിച്ചാലും നിന്റെ കണ്ണുകളിൽ തെളിയുന്ന വിശ്വാസത്തിന്റെ തിളക്കം മാത്രം മതിയെനിക്ക്... ഞാൻ പോയിട്ട് വരാം ലെച്ചു... ശരി നന്ദേട്ടാ... നീതുവിനെ ക്യാന്റീനിൽ ഇരുത്തിയിട്ടാ വന്നേ... ഒരുപാട് നേരമായി.. പാവം എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും.. എന്നാല് പെട്ടെന്ന് ചെല്ല്... പിന്നേ.. ഇനിയെന്തായാലും ബാക്കി പ്രോഗ്രാമിനൊന്നും നിൽക്കാനുള്ള മനസ്സ് തോന്നുന്നില്ല.. മേനോൻ സാറിനെ കണ്ടിട്ട് എല്ലാം ആരേലും ഏല്പിച്ചിട്ട് ഞാൻ അവിടേയ്ക്കു വരാം... നന്ദൻ ലെച്ചുവിനോടായി പറഞ്ഞിട്ട് ഓഫീസിലേയ്ക്ക് പോയി... ലെച്ചു തന്റെ ബാഗ് ക്ലാസ്സിൽനിന്നെടുത്തു... മൊബൈലിൽ നീതുവിന്റെ ഒത്തിരി മിസ്സ്‌ കാൾ കണ്ടു... അതുകൊണ്ടുതന്നെ അവൾ പെട്ടെന്ന് ക്യാന്റീനിലേയ്ക് പോയി.. ലക്ഷ്മി....

വിളി കേട്ടുനോക്കിയ ലെച്ചു മുന്നിൽ കിരണിനെക്കണ്ടു എന്തായെന്ന അർത്ഥത്തിൽ നോക്കി... ലക്ഷ്മി..... താനിതെവിടെയായിരുന്നു... എന്തായാലും കൊള്ളാം ആ വയ്യാത്ത നീതുവിനെ ഒറ്റയ്ക്കാക്കിയിതെവിടെയാ പോയത്... എ.. എന്താ കിരണേട്ടാ... എന്താ കാര്യം.? ലെച്ചു ആധിയോടെ തിരക്കി ... പെട്ടെന്ന് പോയി വരാമെന്നു കരുതിയാണ് ക്ലാസ്സിലേയ്ക് പോയത്.. അപ്പോഴല്ലേ അവിടെ ഇങ്ങനൊക്കെ നടന്നത്...... ആ വെപ്രാളത്തിൽ നീതുവിന്റെ കാര്യം മറന്നു.. അതോർത്തപ്പോൾ അവളുടെ ടെൻഷൻ കൂടി.. ക്യാന്റീനിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ തലചുറ്റി വീണു... അയ്യോ.. എന്നിട്ട്.. അവളെവിടെ ? താൻ ടെൻഷൻ ആകണ്ട... നിങ്ങടെ ക്ലാസ്സിലെ പിള്ളേരവിടെ ഉണ്ടായിരുന്നു.. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല... അങ്ങനെ അവളുടെ വീട്ടിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്.. അവരെ കാത്തു ആ പാർക്കിംഗ് ഏരിയയിൽ നിൽക്കണ കണ്ടായിരുന്നു... കിരൺ ഒഴുക്കൻ മട്ടിൽ പറഞ്ഞു.. ആ... ശരിയെടോ... ഞാൻ പോകാ... താൻ പറ്റുവാണേൽ ഒന്നു ചെല്ല്... കൂടെ നിങ്ങടെ രണ്ട് ഫ്രെണ്ട്സ് ഉണ്ടായിരുന്നു..

അവര് പോയാല് അവള് തനിച്ചേ കാണുള്ളൂ... അവൻ പോകും മുന്നേ പറഞ്ഞു... ആ... ശരിയേട്ടാ.... അവൾ ആധിയോടെ പാർക്കിംഗ് ഏരിയയിലേയ്ക്ക് പോയി... പാവം.. എന്നെ കാണാതെ തിരക്കിയിറങ്ങിയതായിരിക്കും... എന്തായാലും അവളുടെ കൂടെ നിൽക്കാം... നന്ദേട്ടനെ വിളിച്ചു പറയാം ഇവിടേയ്ക്ക് വരാൻ... ഇപ്പോൾ പ്രിൻസിപ്പാൾ റൂമിലായിരിക്കും... ഒരു മെസ്സേജ് ഇട്ടേക്കാം... അവൾ മനസ്സിലോർത്തുകൊണ്ട് നടന്നു.. കോളേജിന്റെ ഇടതു സൈഡിൽ ഒരൊഴിഞ്ഞ സ്ഥലത്തായിരുന്നു കോളേജ് പാർക്കിംഗ് ഗ്രൗണ്ട്... അവിടെ നോക്കിയെങ്കിലും നീതുവിനെ കണ്ടില്ല... അവൾ എല്ലായിടത്തും ഒന്നുകൂടി നോക്കി... ഇനിയവൾ പോയി കാണുമോ ? എന്തായാലും ഒന്നു വിളിച്ചുനോക്കാം ലെച്ചു നീതുവിനെ വിളിച്ചുനോക്കി... എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... അപ്പോഴാണ് നന്ദന്റെ കാൾ വന്നത്.. അവൾ നന്ദനോട് കിരൺ പറഞ്ഞതും നീതുവിനെ കാണാത്തതുമൊക്കെ പറഞ്ഞു... പെട്ടെന്നാണ് ആരോ പുറകില്നിന്നും അവളുടെ വായപൊത്തിയത്...

കൈയിൽനിന്നും ഫോൺ ഊർന്നുവീഴുമ്പോൾ മറുതലയ്ക്കൽ നന്ദൻ ഇതൊന്നുമറിയാതെ അവളോട്‌ സംസാരിക്കുകയായിരുന്നു... വായപൊത്തി നേരെ അടുത്തുകിടന്ന കാറിന്റെ ബാക്‌സൈഡിലേക്കവളെ വലിച്ചിട്ടു... പിടിവിടുവിക്കാൻ ശ്രമിക്കുന്നതിനിടയിലവൾ കണ്ടു തന്റെ വായപൊത്തിപിടിച്ചിരിക്കുന്ന അർജുനെ... ഡ്രൈവർ സീറ്റിലിരുന്ന ഫസലിനെ നോക്കി വണ്ടിയെടുക്കാൻ ആംഗ്യം കാട്ടി... എന്താ... ലക്ഷ്മി... പേടിച്ചോ..? ഒത്തിരി മുന്നേ വീറോടെ നിന്നതാണല്ലോ ? ഞാനും അത്ഭുതപ്പെട്ടുപോയി മിണ്ടാപ്പൂച്ചയായ ലക്ഷ്മിയുടെ ശൗര്യം കണ്ട്... അല്ലേടാ ഫസലെ...? കൈമാറ്റി ലെച്ചുവിന്റെ വായ ഷാൾ എടുത്തു ചുറ്റിക്കെട്ടിക്കൊണ്ടവൻ ചോദിച്ചു.. അതേ.. ലക്ഷ്മി... നീയും നന്ദൻ സാറും എന്നാലും പണിപറ്റിച്ചല്ലോടി... ഭാര്യയും ഭർത്താവും കൂടി ഞങ്ങളുടെ മുന്നിൽ നാടകം കളിക്കുവായിരുന്നല്ലേ ? എന്നാലുമെന്റെ അർജുനെ... നീ കാത്തുവെച്ചതു നന്ദൻ സാർ കൊത്തിയല്ലോ ? ഫസൽ അർജുനെ കളിയാക്കിയിക്കൊണ്ട് ചോദിച്ചു... കെട്ടിവെച്ച വായും കൈയും സൃഷ്ടിയ്ക്കുന്ന തടസ്സങ്ങൾ ലെച്ചുവിനെ നിസ്സഹായയാക്കി...

അടുത്ത നിമിഷം എന്താകുമെന്ന ഭീതിയിൽ ഹൃദയം വിറങ്ങലിച്ചു... ഒന്നുപോടാ... ഇവളെ ആര് കെട്ടിയാലും എനിക്കൊരു ചുക്കുമില്ല... അന്നാദ്യമായി കണ്ടപ്പോൾ ഈ കൈയിലൊന്നു പിടിച്ചതിനു എന്തു ഷോയാടി നീ കാണിച്ചത്... അവളും അവളുടെ കെട്ടിയോനും കൂടി എന്നെ..... അന്ന് മനസിൽ കുറിച്ചിട്ടതാ ഇതുപോലൊരു ദിവസം... പിന്നെ... നീ അയാളുടെ ഭാര്യയാണെന്ന് കേട്ടപ്പോൾ ... ഉള്ളിൽ മഞ്ഞുവീണ അനുഭൂതിയാടി... നിന്നെയോർത്തു അയാള് ഇഞ്ചിഞ്ചായി വിഷമിക്കണം... ഈ അർജുന്റെ വഴിയിൽ തടസമായതോർത്തു സ്വയം പഴിക്കണം... അവൻ ഒരു ഭ്രാന്തനെപ്പോലെ അലറി... അതുകേൾക്കേ ലെച്ചുവിന്റെയുള്ളം ഭയത്താൽ നിറഞ്ഞു... ഏതുനിമിഷവും വന്നുചേരാവുന്ന ദുർവിധിയോർത്തു ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു... കരഞ്ഞോടി.... നിന്നെ എന്റെകൈയിൽ കിട്ടും... അതിനും മുൻപ് മോൾക്ക് നല്ലൊരു സർപ്രൈസ് ഉണ്ട്... അത് തരാനാണ് ഇപ്പോൾ കൊണ്ടുപോകുന്നത്.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

പണിതുതീരാത്ത ഒരു ഫ്ലാറ്റിന്റെ മുൻപിലാണ് കാർ വന്നു നിന്നത്... അർജുനിറങ്ങി അവളെ ബലമായി പിടിച്ചിറക്കി .. ഒരുപാട് നിലകളുള്ള ഒരു വലിയ കെട്ടിടം... കണ്ടാലറിയാം പണി പൂർത്തിയായിട്ടില്ല... അവർ അവളെയും കൊണ്ടു മുകളിലേക്കുള്ള സ്റ്റെപ് കയറി... കൈവരിയില്ലാത്ത സ്റ്റെപ് ആണ്... മുകളിൽ ഒരു റൂം തുറന്നു അതികനകത്തേയ്ക്കവളെ പിടിച്ചുതള്ളി... നീയിവിടെ കിടക്ക്.. സർപ്രൈസ് റെഡി ആകുമ്പോൾ തരാം... കേട്ടോ മിസ്സ്‌ ലക്ഷ്മി നന്ദഗോപൻ... അതുംപറഞ്ഞു ഡോർശക്തിയിൽ വലിച്ചടച്ചവൻ പോയി... പുറകെച്ചെന്നു വാതിൽ തള്ളിതുറന്നുപോകണമെന്നുള്ളം കൊതിച്ചെങ്കിലും അതിനു കഴിയാതവൾ നീറി... ഡോർ തുറക്കുന്ന ശബ്ദം കേട്ടു നിവർന്നുനോക്കിയ ലെച്ചു മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു സ്തബ്ധയായി... നെഞ്ചിൽ ആയിരം മുള്ളുകളൊരുമിച്ചു തറയുന്ന വേദനയിലവളുടെ ഉള്ളം ഭയത്താൽ മൊഴിഞ്ഞു... വിശ്വട്ടൻ............... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story