ലക്ഷ്മീനന്ദനം: ഭാഗം 45

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ശേഖരനെ വിശ്വസിക്കാൻ നന്ദന് കഴിഞ്ഞില്ല.. അതുകൊണ്ട് തന്നെയാണ് രഹസ്യമായി യദുവിനെ അറിയിച്ചത്.. അവർ അയച്ച ലൊക്കേഷൻ ലക്ഷ്യമാക്കി പായുമ്പോഴും നന്ദന്റെ മനസിൽ നിറയെ ലച്ചുവിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു... എത്രയൊക്കെ വേദനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും തരിമ്പുപോലും തന്നെ അവിശ്വസിക്കാതിരുന്ന പെണ്ണാണ്... തന്റെ പാതി... അവരുടെ കൈയിൽ ലെച്ചുവിന്റെ അവസ്ഥ ഓർക്കുംതോറും നന്ദന്റെ കൈ പലപ്പോഴും പാളിപ്പോയിരുന്നു... നഗരത്തിൽനിന്നും വിട്ടുമാറി ഉള്ളിലായി പണി നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് ഫ്ലാറ്റിനു മുന്നിലാണ് നന്ദൻ എത്തിയത്... പുറത്തു പണിക്കാരെന്നു തോന്നിക്കുന്ന രണ്ടുപേർ മണൽ അരിച്ചുകൊണ്ട് നിൽപ്പുണ്ട്... പക്ഷേ കാറിൽനിന്നുമിറങ്ങിയ നന്ദനെ വീക്ഷിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി ശേഖരന്റെ ഗുണ്ടകളാണെന്ന്‌... ഒന്നു ചുറ്റും നോക്കിയ ശേഷം അവൻ മെല്ലെ സ്റ്റെപ്പുകൾ കയറി... അഞ്ചാമത്തെ നിലയിൽ എത്തിയപ്പോൾ ഒരുപാട് റൂമിനു മുന്നിൽ കസേരയിൽ ശേഖരനിരിക്കുന്നത് കണ്ടു...

ആ വരണം വാധ്യാരെ... എന്താ ഒരു വെപ്രാളം.. നീയെന്താടാ ഉവ്വേ പറക്കുവായിരുന്നോ ? കിതച്ചുകൊണ്ട് തങ്ങൾക്കു നേരെ വരുന്ന നന്ദനെ നോക്കി ശേഖരൻ ചോദിച്ചു.. ലെച്ചു എവിടെ...? എന്റെ ലെച്ചു എവിടെന്ന്‌ ? പറയെടോ ? അവിടമാകെ കണ്ണുകൾകൊണ്ട് പരതിക്കൊണ്ടു അവൻ തിരക്കി... ഓഹ്... പറയുംപോലെ അവള് നിന്റെ ഭാര്യയാണല്ലോ ? അവളെ എന്റെ മരുമകളായി കണ്ടുപോയോണ്ട് ഞാനതങ്ങു മറന്നു... അല്ലേലും അങ്ങനെ ആണല്ലോ വരേണ്ടത്... സാരമില്ല മോന് പറ്റിയ തെറ്റങ് തിരുത്താം... അതിനാണല്ലോ ഇങ്ങോട്ട് വരുത്തിയത്... ശേഖരൻ വഷളൻ ചിരിയോടെ പറഞ്ഞു... നിങ്ങളുടെ ഭ്രാന്ത്‌ കേൾക്കാനല്ല ഞാൻ ഇങ്ങോട്ട് വന്നത്... അവൾക്കെന്തെലും പറ്റിയാലുണ്ടല്ലോ മകന് കൂട്ടിനു ജയിലിലേക്കൊന്നും വിടില്ല... നേരെ മുകളിലേയ്ക്കു പറഞ്ഞയക്കും ഞാൻ... അയ്യോ മോനധികം പണിപ്പെട്ട ജോലിയൊന്നും ചെയ്യേണ്ട കേട്ടോ...

വന്നകാര്യം അനുസരണയോടെ ചെയ്തേച്ചു പോകാൻ നോക്ക് കൊച്ചനെ... ഡാ... മഹേഷേ ഇവന് അവളെയൊന്ന് കാണിച്ചുകൊടുക്ക്... അപ്പോഴേയ്ക്കും വേണ്ടതൊക്കെ ഒന്നു അടുക്കിപ്പെറുക്കി ഞാൻ വരാം.. ശേഖരൻ അടുത്തുനിന്ന ചെറുപ്പക്കാരനോട് പറഞ്ഞിട്ട് പോയി.. അകത്തേയ്ക്കുകയറിയ നന്ദൻ കണ്ടത് നിലത്തൊരു മൂലയിലായി ചാരിയിരിക്കുന്ന ലെച്ചുവിനെയാണ്... മുഖത്തൊക്കെ അടികൊണ്ട് വീര്ത്തപാടുകൾ... ചുണ്ടുപൊട്ടി ചോരയൊഴുകുന്നു... ലെച്ചു.... മോളേ... നന്ദൻ ലെച്ചുവിനടുത്തേയ്ക് ഓടിച്ചെന്നു... അവളേതാങ്ങി തന്റെ നെഞ്ചിൽ ചേർത്തിരുത്തി... നന്ദന്റെ ശബ്ദം കേട്ടപ്പോഴേ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു... നന്ദേട്ടൻ.... ഏട്ടാ... അവൾ പണിപ്പെട്ടു കണ്ണുകൾ വലിച്ചുതുറന്നു... മുഖത്തെ വേദന ഞരക്കമായി പുറത്തുവന്നു... അതുകേൾക്കേ നന്ദന്റെ ഉള്ളം പിടഞ്ഞു... അവൻ മെല്ലെ അവളുടെ അടികൊണ്ടുവീർത്ത കവിളിൽ തഴുകി... വേദനയോടെ നെറ്റിചുളിച്ചുകൊണ്ടവൾ ചോദിച്ചു.. നന്ദേട്ടാ... എന്തിനാ ഇങ്ങോട്ട് വന്നേ... അവര്....

അവര് എന്തേലും ചെയ്യും... നമ്മളെ പിരിക്കും... നീയെന്തൊക്കെയാ മോളേ ഈ പറയുന്നത്... ഒന്നുമില്ലെടാ... നിന്നെ കൊണ്ടു പോകാനല്ലേ നിന്റെ നന്ദേട്ടൻ വന്നത്... ഒത്തിരി ഉപദ്രവിച്ചല്ലേ ആ ദുഷ്ടൻ... അവളുടെ ഒഴുകിയിറങ്ങുന്ന മിഴിനീർ തുടച്ചുകൊണ്ടവൻ ചോദിച്ചു... ആരെ കൊണ്ടുപോകാൻ...? ഏഹ്... ഇവളെയോ ? അതെന്തായാലും നടക്കുന്ന കാര്യമല്ലല്ലോ മിസ്റ്റർ നന്ദഗോപൻ... അവിടേയ്ക്കു വന്ന വിശ്വൻ പറഞ്ഞു.. ഡോറിനടുത്തേയ്ക് നോക്കിയ നന്ദൻ വിശ്വനെക്കണ്ടു ഞെട്ടി... ഓഹ്... എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ലയല്ലെ... കാരണം നീയും നിന്റെ മറ്റേടത്തെ പോലീസുകാരനും കൂടി എന്നെ അങ്ങ് ആജീവനാന്തം ജയിലിൽ കിടത്താമെന്നു കരുതിയോ ? വെറുമൊരു പീറ പോലീസുകാരൻ വിചാരിച്ചാൽ നടക്കുന്നതിനപ്പുറം പിടിയുള്ള ആൾക്കാർ എനിക്കുണ്ട്... അതുകൊണ്ട് രഹസ്യമായി ചരടുവലിച്ചു... ദേ... ഇവളെ ഇങ്ങു പൊക്കാനായി... വിശ്വൻ വന്യമായ ചിരിയോടെ പറഞ്ഞു... അവനെക്കണ്ട ഭീതിയിൽ അവൾ ഒന്നുകൂടി നന്ദനെ ചേർന്നുനിന്നു... അപ്പോൾ കാര്യങ്ങൾ അധികം വളച്ചുകെട്ടില്ലാതെ പറയാം...

എനിക്ക് ഇവളെ വേണം... അതും എന്റെ ഭാര്യയായി... അതുകൊണ്ട് നീയായിട്ടു തന്നെ ഇവളെ എനിക്ക് വിട്ടുതരണം... വിശ്വൻ നന്ദനോടായി പറഞ്ഞു... നോ... നെവർ... എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം എന്റെ ലെച്ചുവിനെ ആർക്കും വിട്ടുകൊടുക്കില്ല... എന്റെ അവസാനശ്വാസം വരെ ഇവളെ ചേർത്തുപിടിക്കാനാണ് കൂടെ കൂട്ടിയത്... നന്ദൻ അവളെ മുറുകെചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... ഡാ... വിടെടാ അവളെ... വിശ്വൻ നന്ദനെതള്ളിമാറ്റി ലെച്ചുവിനെ പിടിയിലാക്കി... എതിർക്കാൻ വന്ന നന്ദനെ അവന്റെ കൂട്ടാളികൾ ഇരുവശത്തുമായി നിന്നു ശക്തിയിൽ പിടിച്ചുവച്ചു... നന്ദേട്ടാ... അയ്യോ നന്ദേട്ടനെ ഒന്നും ചെയ്യല്ലേ... പ്ലീസ്... ലെച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു... ഇല്ല... ഒന്നും ചെയ്യില്ല.. അല്ലെങ്കിലും ഇവനെ ഒന്നും ചെയ്യണമെന്നെനിക്കില്ലായിരുന്നു... പക്ഷേ എന്തുചെയ്യാം.. എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചല്ലേ ഇവൻ നിന്നെ സ്വന്തമാക്കിയത്... ആരെയും ദ്രിഷ്ടിപോലും നിന്നിലേൽക്കാതെ ഞാൻ കാത്തുവെച്ചതല്ലേ... എന്നിട്ടോ... ഇവൻ നിന്നെ... ഓർക്കുമ്പോൾ എനിക്കെന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല... പക്ഷേ... ഒന്നിന്റെ പേരിലും നീയെന്ന മോഹം ഈ വിശ്വൻ ഉപേക്ഷിക്കില്ല... വേണം.... എന്റെ കാൽക്കീഴിൽ നിന്നെയെനിക്ക്..

വിശ്വൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു... ടാ... വിടെടാ... അവളെ ഒന്നും ചെയ്യരുത്... നന്ദൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ടലറി.. നിങ്ങൾക്കെന്താ വേണ്ടത് സ്വത്തല്ലേ.. എല്ലാം തരാം... ഞങ്ങളെ വെറുതേ വിടണം... ലെച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.. ആഹ്... അതെന്തായാലും വേണം... പിന്നെ ഇവന്റെ എച്ചിലായ നിന്നെ കിട്ടാനാണോ ഞങ്ങളിത്ര കഷ്ടപ്പെട്ടത്... ശേഖരൻ അവിടേയ്ക്കു വന്നുകൊണ്ടു പറഞ്ഞു... കൈയിൽ എന്തോ പേപ്പറുകളുമുണ്ട്... ഇവന് നിന്നോടുള്ള ഭ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല... എനിക്ക് നിന്റെ പേരിലുള്ള കണക്കറ്റ സ്വത്തിലും... അത് കണ്ടിട്ട് തന്നാ ഞാൻ ഇവന് നിന്നെ കെട്ടാൻ അനുവാദം കൊടുത്തത്.. സ്വപ്നങ്ങളുടെ കോട്ട പണിതിട്ട് ഒരുനിമിഷം കൊണ്ടതൊക്കെ പൊളിച്ചുകളയാൻ പറഞ്ഞാല്... എന്നാ ചെയ്യാ... അതുകൊണ്ട് ഞാൻ പറയുന്നതുപോലെ കേൾക്കണം... ശ്രദ്ധിച്ചു കേട്ടിട്ട് തീരുമാനം പറഞ്ഞാൽ മതി... അതറിഞ്ഞിട്ട് തീരുമാനിക്കാം... വളർത്തണോ കൊല്ലണോയെന്ന്.. അതുകേട്ടു നന്ദൻ സംശയത്തോടെ അവരെനോക്കി...

അച്ഛൻ ഉദ്ദേശിച്ചത് ഞാൻ വ്യക്തമായി പറയാം... ലെച്ചുവിന്റെ പേരിലുള്ള സ്വത്തുക്കൾ ഇപ്പോൾ അവളുടെ ഭർത്താവായ നിന്റെ കൂടി പേരിലാണല്ലോ..? ആ സ്ഥിതിയ്ക്ക് നിങ്ങൾക്കെന്തെലും പറ്റിയാൽ അത് ചാരിറ്റബിൾ ട്രസ്റ്റിലേയ്ക്ക് പോകും... എനിക്കെന്തായാലും ഇവളെ വേണം... അപ്പോൾ തടസം നീയാണെന്നു അറിയാമല്ലോ...? അതുകൊണ്ട് രണ്ട് ഓപ്ഷൻ നിനക്ക് മുൻപിൽ വെയ്ക്കുന്നു.... വിശ്വൻ പറഞ്ഞത് കേൾക്കെ ലെച്ചുവിന്റെയുള്ളിൽ ഭീതിയുടെ അലകൾ ഉച്ചസ്ഥായിയിലെത്തി... നന്ദൻ ഒരിക്കലും തനിക്കു അപകടം വരുന്നതൊന്നും ചെയ്യില്ല... തന്നെ ഉപേക്ഷിക്കുകയുമില്ല... അത് അപകടത്തിലേയ്ക്കെ അവനെ തള്ളിവിടുകയുള്ളുവെന്നവൾക്കു മനസ്സിലായി... അപ്പോൾ ഒന്നാമതെ ഓപ്ഷൻ ഇതാണ്... നിന്റെ പേരിലുള്ള അവകാശം എനിക്കായി എഴുതിത്തരണം... ദാ.. ഈ മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷനിൽ സൈൻ ചെയ്യണം... ഇവൾ ഇപ്പോൾ എന്റെ കൂടെ വരും... നോ... ഒരിക്കലുമില്ല... ലെച്ചു എന്റെയാ... അവളില്ലാതെ ഈ നന്ദഗോപനില്ല...

പിന്നെ സ്വത്തുക്കൾ... അത് മുഴുവനും നിനക്ക് തരാൻ ഞാൻ തയ്യാറാണ്... നന്ദൻ കിതച്ചുകൊണ്ട് പറഞ്ഞു... ഏയ്യ്... കഴിഞ്ഞിട്ടില്ല... രണ്ടാമത്തെ ഓപ്ഷൻ കേട്ടോളു... നീ പറഞ്ഞപോലെ... ജീവനോടെയുള്ളപ്പോഴല്ലേ ഇവളെ വിട്ടുതരാൻ മടി... അപ്പോൾ ആ ജീവനങ്ങു എടുത്തേക്കാം... പിന്നെ ഇവൾ എനിക്ക് സ്വന്തം... എന്താ..? ഇതിലേതു വേണമെന്ന് നിനക്ക് തിരഞ്ഞെടുക്കാം... വിശ്വൻ നന്ദനോടായി പറഞ്ഞു... നന്ദന്റെ കണ്ണുകൾ ലെച്ചുവിളിക്കെത്തെ അവൾ വേണ്ടായെന്നു തലയാട്ടി കാണിച്ചു... വേണ്ട... നന്ദേട്ടനെ ഒന്നും ചെയ്യരുത്... ഞാൻ എന്തുവേണമെങ്കിലും കേൾകാം... അവൾ വിശ്വനോടായി പറഞ്ഞു.. കണ്ടില്ലേ... ഇവൾക്ക് കാര്യം മനസ്സിലായി... നിനക്കെന്താടാ കൊച്ചനെ ഒട്ടും വിവരമില്ലാതെ പോയത്..? ദാ... ഈ പേപ്പറിൽ സൈൻ ചെയ്തിട്ട് ഉള്ള ജീവനും കൊണ്ട് രക്ഷപ്പെടാൻ നോക്ക്... എന്തിനാ വെറുതേ മരണം ഇരന്നുവാങ്ങുന്നത്..? ശേഖരൻ നന്ദനോടായി പറഞ്ഞു... ഇല്ല ലെച്ചു... നിന്നെ ഇവർക്കുമുന്നിൽ ഇട്ടേച്ചു ഞാൻ രക്ഷപ്പെടണമെന്നാണോ പറയുന്നത്.. ഒരിക്കലും നടക്കില്ല... ജീവിക്കാനായാലും മരിക്കാനായാലും നമ്മൾ ഒരുമിച്ച് മതി... ഇവർ പറഞ്ഞപോലെ എന്നെ കൊന്നോട്ടെ.. അല്ലാതെ നിന്നെ ഒരിക്കലും എന്നിൽനിന്നും വേർപിരിക്കാനാകില്ല...

അവൻ ഉറക്കെ വിളിച്ചുപറഞ്ഞു... ഇടറുന്ന ശബ്ദത്തിൽ നിറഞ്ഞുനിന്ന വേദന ലെച്ചുവിന്റെ ഉള്ളിൽ ഒരായിരം കൂരമ്പുകൾ തറച്ച പ്രതീതി സൃഷ്ടിച്ചു... അപ്പോൾ നീ ചാകാൻ തന്നെ തീരുമാനിച്ചല്ലേ... ആയിക്കോട്ടെ... സ്വയം കൊലക്കയറു തേടുമ്പോൾ എന്തുപറഞ്ഞിട്ടെന്താ... അല്ലേടാ മോനെ? ശേഖരൻ വിശ്വനോടായി ചോദിച്ചു... പിന്നല്ലാതെ... അപ്പോൾ ഇനി യാത്ര പറയണ്ട... അല്ലേലും ഒന്നും വെച്ചുതാമസിപ്പിക്കുന്നതു എനിക്കൊട്ടുംഇഷ്ടമല്ല... അതുപറഞ്ഞു വിശ്വൻ മഹേഷിനെ നോക്കി കൈനീട്ടി... കൈയൊന്നയഞ്ഞപ്പോൾ ലെച്ചു അവന്റെ പിടിയിൽനിന്നും കുതറിയോടി നന്ദനെ വട്ടം പിടിച്ചു... മഹേഷ്‌ കൈയിലേക്ക് വച്ചു നൽകിയ തോക്ക് കൈകൊണ്ടൊന്നു തഴുകിയശേഷം അവൻ നന്ദന് നേർക്കുനീട്ടി... ലെച്ചു അതുകണ്ടിട്ടെന്നോണം അവനെ മുറുകെ കെട്ടിപ്പിടിച്ചു... പിടിച്ചുമാറ്റേടാ അവളെ... ശേഖരൻ മഹേഷിനോടായി ആക്രോശിച്ചു... മഹേഷവളെ പിടിച്ചുമാറ്റാൻ നോക്കി പക്ഷേ നന്ദനും ലെച്ചുവും മുറുകെ കെട്ടിപ്പിടിച്ചുനിന്നു... കൊന്നോളൂ.. ആദ്യം എന്നെ...

എന്നിട്ട് മതി എന്റെ നന്ദേട്ടനെ... എന്റെ നന്ദേട്ടനില്ലാതെ ഒരുനിമിഷം പോലും ഈ ലക്ഷ്മി ഇല്ല... അവൾ അവനെ മുറുകെ പിടിച്ചുകൊണ്ടു പറഞ്ഞു... ഇങ്ങു താടാ... എന്നിട്ട് പോയി അവളെ പിടിച്ചുമാറ്റൂ.. അവിടെയൊരു നന്ദേട്ടൻ... അവനിപ്പോൾ നിന്റെമുന്നിൽക്കിടന്നു പിടയും പ്രാണനുവേണ്ടി... വിശ്വനും മഹേഷും കൂടി ലെച്ചുവിനെ പണിപ്പെട്ടു പിടിച്ചുമാറ്റി... നന്ദൻ ലെച്ചുവിനെത്തന്നെ നോക്കിനിന്നു... കണ്ണിമയ്ക്കാതെ... ഉള്ളിൽ പ്രണയത്തിന്റെ ഒരായിരം അലയൊലികളുമായി... ഈ ജന്മം പ്രണയം കൊണ്ടു തന്റെ ജീവിതം നിറച്ചവൾ... ഹൃദയത്തിന്റെ തുടിപ്പായവൾ... താനില്ലാതെ അവളുണ്ടാകില്ലെന്നു വ്യക്തമായറിയാം... എന്നാലും ഒരുചെറിയ പ്രതീക്ഷയുണ്ട് യദുവിൽ... അവനുടനെ എത്തിയെങ്കിൽ... ലെച്ചുവെങ്കിലും രക്ഷപ്പെടും... ഈ ജന്മം എന്നിലെ പ്രണയം നിന്നിൽ നിറയ്ക്കാൻ ഇത്ര സമയം മാത്രമേ കിട്ടിയുള്ളൂ... വരും ജന്മം നിനക്കായാകട്ടെ... അവൻ ഉള്ളിൽ മൊഴിഞ്ഞു... ഒരുചെറു പുഞ്ചിരിയോടെ മരണത്തെ വരവേൽക്കാനായി നിന്നു... ലെച്ചുവിന് തന്റെ ജീവൻ ഇവിടെ നിലച്ചെങ്കിലെന്നാശിച്ചു...

പക്ഷേ ഒന്നറിയാം... തന്റെ ജീവനാണ് മുന്നിൽ അസ്തമിക്കാൻ പോകുന്നത്... ആ നെഞ്ചിടിപ്പിന്റെ താളം നിലയ്ക്കുന്നിടം മുതൽ ഈ ലക്ഷ്മിയുമില്ല... ശേഖരൻ പതിയെ ക്രൂരമായഭാവത്തോടെ വെടിയുതിർത്തു... നന്ദൻ നിശ്ചലനായി ലെച്ചുവിൽത്തന്നെ ദൃഷ്ടിയൂന്നിനിന്നു... കണ്ണടയുവോളം തന്റെ പാതിയെ ഉള്ളിൽ നിറയ്ക്കാൻ... ലെച്ചു കണ്ണുകൾ മുറുകെയടച്ചു ആ കാഴ്ച കാണാനാകാതെ... തന്റെ കൈയിലെ പിടുത്തം അയഞ്ഞപ്പോൾ അവൾ പിടഞ്ഞുകൊണ്ടു മാറി... നന്ദനെ നോക്കി... എന്നാൽ അവനപ്പോഴും തന്നെത്തന്നെ നോക്കി നിൽക്കുന്നു... മോനെ... വിശ്വാ... കാലിൽനിന്നും ചോരയൊലിച്ചുകൊണ്ടു നിലത്തേയ്ക് വീഴുമ്പോൾ ശേഖരൻ അലറിവിളിച്ചു... ശേഖരന്റെ കരച്ചിലാണ് നന്ദനെയും ലെച്ചുവിനെയും വിശ്വനിലേയ്ക് നോട്ടമെത്തിച്ചത്... നിലത്തുകിടന്നു പിടയുന്നവിശ്വൻ... നന്ദാ... യദുവിന്റെ ശബ്ദം കേട്ടിരുവരും പുറകിലേക്കു നോക്കി................ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story